Hibon Chacko

Drama Romance

3  

Hibon Chacko

Drama Romance

ഉപേക്ഷ (ഭാഗം-8)

ഉപേക്ഷ (ഭാഗം-8)

4 mins
184


പെട്ടെന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്! അവളുടനെ പരിസരം മനസ്സിലാക്കി, വൈകുന്നേരം കഴിഞ്ഞിരിക്കുന്നുവെന്ന ഓർമയിൽ അവനെ മാറ്റി എണീറ്റു- അവന്റെ മുണ്ടു കൊണ്ട് മേനിമറച്ച്‌. 


“അമ്മേ, അച്ഛൻ വിളിക്കാൻ പറഞ്ഞു.” 

കോൾ എടുത്തപ്പോഴേ കാർത്തികയുടെ ശബ്ദം അവളുടെ ചെവിയിലെത്തി. 

“... അമ്മ വന്നുകൊണ്ടിരിക്കുവാടാ. ഇപ്പോ എത്തും.” 


നന്ദന ഒരു നിമിഷം നിശ്ചലയായ ശേഷം ഇങ്ങനെ മറുപടി പറഞ്ഞതും ‘ആം’ എന്നു പറഞ്ഞു കാർത്തിക കോൾ കട്ട്‌ ചെയ്തു. അപ്പോഴേക്കും ഒന്ന് ശ്വാസം പിടിച്ച ശബ്ദവുമായി പ്രവീൺ എഴുന്നേറ്റു. അവനെ ശ്രദ്ധച്ചു അവൾ പറഞ്ഞു; 

“ഒരുമിനിറ്റ്, മുഖമൊന്നു കഴുകട്ടെ ഞാൻ.” 


അവൾ ബാത്രൂമില്പ്പോയി തിരികെ വന്ന് അവന് മുണ്ട് കൈമാറി. അതുടുത്ത ശേഷം അവൻ റൂമിൽ നിന്നും ഡോറടച്ചു ഇറങ്ങി പോയി. അവളാകട്ടെ, പതിവു പോലെ മെല്ലെ തന്റെ വസ്ത്രങ്ങൾ ഓരോന്നായി പെറുക്കിയെടുത്ത് ധരിച്ചു തുടങ്ങി. 


>>>>> 


തന്റെ നെറ്റിയിലാരോ ചുംബിക്കുന്നതു പോലെ തോന്നി നന്ദന ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ഉത്തരവാദി തന്റെ ഭർത്താവ് ഹരികൃഷ്ണൻ ആണെന്ന് സ്വയം അംഗീകരിക്കുവാൻ അവൾക്കല്പം സമയം വേണ്ടി വന്നു. റൂമിലെ അരണ്ടവെളിച്ചത്തിൽ തന്നെ നോക്കി കിടക്കുന്ന അയാളെ അല്പനിമിഷം സ്വയമറിയാതെ നോക്കിപ്പോയി. ദ്രുതഗതിയിലായിരുന്ന ശ്വസോച്ഛാസം സ്വയം അമർത്തിപ്പിടിച്ചു അവൾ വീണ്ടും ബെഡ്‌ഡിലേക്ക് ഒതുങ്ങി കിടന്നു, തന്റെ ഭർത്താവിന് എതിരായി -പതിവു പോലെ. അല്പസമയം കടന്നു പോയിട്ടും അവൾക്ക് തന്റെ കണ്ണുകൾ അടയ്ക്കുവാനായില്ല. 


ഒരുനിമിഷം, ഒരിക്കൽക്കൂടി അവളുടെ മനസ്സ് ഞെട്ടി -ഹരികൃഷ്ണന്റെ വലതുകരം അവളുടെ ഷോൾഡറിൽ പതിഞ്ഞപ്പോൾ. 

“നിനക്ക്... വിഷമമുണ്ടോ എന്നോട്...?” 


പതിഞ്ഞ സ്വരത്തിൽ, സ്വാതന്ത്ര്യത്തോടെ അയാൾ ഇങ്ങനെ ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല, കണ്ണുകൾ തുറന്നു പിടിക്കുന്നതിൽ ശ്രദ്ധയൂന്നി കിടന്നു. അല്പനിമിഷത്തെ ഇടവേളക്കു ശേഷം അയാൾ തുടർന്നു; 

“... പലരും എന്നെ ഉപദേശിക്കുകയും കുറ്റപ്പെടുത്തുകയും ഒക്കെ 

ചെയ്യുന്നുണ്ട്, നിന്റെ മുഖം വാടിയിരിക്കുന്നതിന് ഞാനാണ് 

ഉത്തരവാദിയെന്നൊക്കെപ്പറഞ്ഞു... ഫ്രണ്ട്സ്... പിന്നെ അച്ഛനും അമ്മയും പോലും!” 


ഒന്നുനിർത്തി ശ്വാസമെടുത്ത് അയാൾ തുടർന്നു; 

“അത്രയ്ക്കുമൊക്കെ ഞാൻ നിനക്ക് വിഷമമായിരുന്നോ!? ഞാൻ സ്നേഹമില്ലാത്തതു കൊണ്ട് പറയുന്നതാ എന്നൊക്കെ നീയും കരുതുന്നുണ്ടോ നന്ദന!?” 

ഇത്രയും പറഞ്ഞു നിർത്തുന്നതിനിടയിൽ അവളുടെ ഷോൾഡറിൽ അയാൾ പതിയെ തടവി, രണ്ടുമൂന്നു തവണ. 


അയാൾ തുടർന്നു; 

“പക്ഷെ എനിക്ക്, നേരെ തിരിച്ചാ... കഴിഞ്ഞ ഒരു വർഷമായിട്ട് നിനക്ക് ആകെയൊരു മാറ്റം എനിക്ക് തോന്നുന്നുണ്ട്... ഇല്ലേ, പഴയതുപോലെ വലിയ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഇല്ല... സഹിച്ചു മടുത്തതാണോ നന്ദന നീയെന്നെ...!?” 

അവളുടെ ശ്വാസത്തിന്റെ വേഗത വർദ്ധിച്ചു വന്നു. 

അയാൾ തുടർന്നു; 

“എല്ലാം നിലനിൽക്കെയും... എല്ലാം നിലനിർത്തിക്കൊണ്ടും നീ, 

എന്താ ഇങ്ങനെ മാറിപ്പോയത്!” 


ഇത്രയും പറഞ്ഞ ശേഷം ഒരു മറുപടിയ്‌ക്കെന്ന പോലെ അയാൾ തന്റെ കൈ അവളുടെ തോളിൽ നിന്നുമെടുക്കാതെ കിടന്നു. അല്പസമയമങ്ങനെ കടന്നുപോയി, അയാൾ കൈ പിൻവലിക്കുമെന്നു തോന്നിയപ്പോൾ അവൾക്ക് മറുപടി നല്കാതിരിക്കുവാനായില്ല; 

“എനിക്ക് യാതൊരു മാറ്റവുമില്ല. എന്ത് മാറ്റമാണ് എനിക്കുണ്ടായത്...? ജോലി ചെയ്യുന്നു... ഇവിടെ ജീവിക്കുന്നു!” 


ഉടനെ അവളുടെ ഷോൾഡറിൽ തടവാനാരംഭിച്ചു അയാൾ പറഞ്ഞു; 

“ഞാൻ നിന്നെ വേദനിപ്പിച്ചെങ്കിൽ... എന്നോട് ക്ഷമിക്ക്.” 

ഇത്രയുമായതോടെ അവൾക്ക് കാരണമില്ലാത്ത വല്ലാത്തൊരു അസ്വസ്ഥത തോന്നി. അല്പസമയം ആലോചിക്കുവാൻ എടുത്തെന്ന വണ്ണം പിന്നീട് അയാൾ പറഞ്ഞു; 

“നന്ദന, നമുക്ക് നമ്മുടെ കുടുംബവും കുട്ടികളും മാത്രമല്ലെ ഉള്ളൂ, നമ്മളല്ലേ ഉണ്ടാകൂ...? ഇതിനിടയിൽ പരസ്പരം നമ്മളിങ്ങനെ പോരടിച്ചു പോയാൽ ഒന്നും ആരും എവിടെയും എത്തില്ല. കുറച്ചു മാസങ്ങളായി ഞാനിതെല്ലാം... നിന്നെക്കുറിച്ചും ചിന്തിക്കുന്നു!” 


ഒന്നുനിർത്തി അയാൾ കൂട്ടിച്ചേർത്തു; 

“ഞാൻ നിന്നോട് പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം ശരിയ്ക്കു വേണ്ടിയെന്നിരിക്കലും അതിനുള്ളിൽത്തന്നെ ഞാനല്പം അതിരുവിട്ടൂ എന്നൊരു വിഷമം എന്നെ അലട്ടുന്നു, നന്ദന. ആ അലട്ടൽ നിന്നോടുള്ള സ്നേഹം മാത്രമായിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോവുകയാണ്.” 

ഒരിക്കൽക്കൂടിയൊന്ന് നിർത്തി അയാൾ പറഞ്ഞു പോയി; 

“ക്ഷമിക്ക് നീ നന്ദനാ... നമ്മുടെ ജീവിതം ഒരുമിച്ചുള്ളത്, കുടുംബം അത്... 

ഇങ്ങനെ ചിലവഴിച്ചു കളയുവാനുള്ളതല്ല. പിള്ളേർക്കു വരെ ആകെയൊരു വല്ലായ്കയാ എപ്പോഴും... കാരണമോ, നമ്മളും! നിന്റെയൊരു മറുപടി മാത്രം മതി, എന്റെയെല്ലാ അല്ലലുകളും അകന്നു പോകുവാൻ... നിന്റെ ഹരിയേട്ടനല്ലേ പറയുന്നത്... നന്ദനാ?” 


ഇത്രയും പറഞ്ഞു തീർക്കേ അയാൾ തന്നോടവളെ ചേർത്തു കെട്ടിപിടിച്ചു. വർദ്ധിച്ച ഹൃദയമിടിപ്പോടെ പ്രതികരണശേഷിയാകെ നഷ്ടമായവിധത്തിൽ അവൾ തന്റെ ഭർത്താവിന്റെ വലയത്തിൽ അമർന്നു. അവളുടെ കണ്ണുകൾ രണ്ടും തുറന്നിരിക്കെത്തന്നെ അയാൾ, അവളുടെ മുഖവും മുടിയിഴകളുമാകെ മെല്ലെ തഴുകിത്തുടങ്ങി. 


>>>>> 


വർക്ക് കഴിഞ്ഞു ജയന്തിയെ പിരിഞ്ഞ ശേഷം, നന്ദന ബസ് സ്റ്റാൻഡിൽ തന്റെ ബസ് കാത്തു നിൽക്കുകയായിരുന്നു. പെട്ടെന്ന് പ്രവീൺ തന്റെ കാറുമായി അവിടെയെത്തി വലിഞ്ഞു വന്നു ഡോർ തുറന്നിട്ടു -അവൾക്കായി. ഒരു നിമിഷമൊന്ന് പകച്ചതു പോലെ നിന്നശേഷം അവൾ, ഇടം-വലം നോക്കാതെ വേഗത്തിൽ കാറിൽ കയറി. അല്പദൂരം കാർ മുൻപോട്ടു പോകുന്നതുവരെ ഇരുവരും മൗനംപാലിച്ചുവന്നു. താൻ പാലിക്കുന്ന മൗനത്തിന്റെ ഫലം കാറിന്റെ സ്പീഡിൽ പ്രവീൺ കാണിച്ചു വന്നു -പതിവിലേറെ വേഗത്തിൽ. അവളാകട്ടെ, പരിസരം മറന്നുള്ള നിശ്ചലാവസ്ഥയിൽ നിലകൊണ്ടു. 


“രണ്ടുമൂന്നു ദിവസമായി ഒന്ന് വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്തില്ലല്ലോ...?” 

അവളെ ശ്രദ്ധിക്കാത്തമട്ടിൽ അവൻ മൗനം മുറിച്ചു. 

മറുപടിയൊന്നും പറയാതെ തലയല്പം കുനിച്ചതേയുള്ളൂ നന്ദന. അപ്പോഴേക്കും ഒരു നിമിഷം അവളെ നോക്കി, പിന്നെ പഴയപടി ഡ്രൈവിംഗ് തുടർന്നു അവൻ പറഞ്ഞു; 


“ഒഹ്... അന്ന് നിങ്ങൾ വീട്ടിൽ വന്നപ്പോൾ അവൾ കാണിച്ച 

ചില മൗനപ്രഹസനങ്ങൾ കൊണ്ടാകും അല്ലേ...?” 

ഒന്നു നിർത്തി അവനീ വാചകം പൂർത്തിയാക്കി; 

“അതിതുവരെ തലയിൽനിന്നും കളഞ്ഞില്ലേ!” 


അവൾ തന്റെ മേൽചുണ്ട് അകത്തേക്ക്‌ വലിച്ചു കടിച്ചു കൊണ്ട് ഒന്ന് നിശ്വസിച്ചതല്ലാതെ മറുപടിയെന്നവണ്ണമൊന്നും അവർക്കിടയിലേക്ക് രൂപപ്പെട്ടുവന്നില്ല. അല്പം കഴിഞ്ഞതോടെ ഡ്രൈവിങ് തുടർന്നിരിക്കെത്തന്നെ അവൻ തുടങ്ങി; 

“അവളൊരു ഭാര്യയല്ലേ, നിങ്ങള് സ്വാതന്ത്ര്യത്തോടെ എന്റെയടുത്ത് 

വിലസുന്നത് അവൾക്കങ്ങു പിടിച്ചുകാണില്ല... അത്, അതൊരു വലിയ കാര്യമാണോ- പൊതുവായ കാര്യമല്ലേ...?” 


ഇത്രയുമായപ്പോഴേക്കും നന്ദന മൗനം വെടിഞ്ഞു; 

“അതിന് അവളൊന്നും പറഞ്ഞില്ലല്ലോ ഞങ്ങളോട്...? ഒന്നും ചെയ്തുമില്ല!” 


ചെറിയൊരു മന്ദഹാസം വന്നുപോയതല്ലാതെ അവന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. കാർ വഴിമാറി ചലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും എവിടെനിന്നോ വന്നൊരു മടി അവളെ മൗനത്തിലാഴ്ത്തി ഇരുത്തി. കുറച്ചു ഇടവഴികൾ താണ്ടി, വിജനമായതും എന്നാൽ താഴ്ന്നതുമായൊരു പ്രദേശത്ത് പ്രവീൺ കാർ നിർത്തി. അവൾ ചലനമില്ലാതെ പഴയപടി ഇരുന്നു. അവൻ അല്പസമയം, മുന്നോട്ടു തന്നെ നോക്കി ചലനമറ്റിരിക്കുന്ന നന്ദനയെത്തന്നെ നോക്കിയിരുന്നു. 


അല്പംകൂടി സമയം കഴിഞ്ഞതോടെ അവനൊന്നു നിശ്വസിച്ച ശേഷം തന്റെ ഇടതുകരത്താൽ അവളുടെ വലതുചെവിയിലെ കമ്മലിൽ പിടുത്തമിട്ട് മെല്ലെ അവിടമാകെ തടവി. ചലിക്കുവാൻ ഉദ്ദേശമില്ലാത്തവണ്ണം അവളങ്ങനെ പഴയപടി ഇരുന്നു. അവനാകട്ടെ, അവളിൽ നിന്നുമൊരു മറുപടി വരുന്നതും കാത്ത് തന്റെ പ്രവർത്തി തുടർന്നുവന്നു. 


“പ്രവീൺ, വീട്ടിലേക്ക് പോകേണ്ടേ?!” 

അല്പസമയം കടന്നുപോയതോടെ അവൾ നേരെനോക്കിയിരിക്കെത്തന്നെ പറഞ്ഞു. 


പക്ഷെ, അവളെ പാതി കേട്ടെന്നവണ്ണം അവൻ തന്റെ കൈയ്യാൽ അവളുടെ പിൻകഴുത്തിലും മുടിയിഴകളിലും തഴുകിക്കൊണ്ടിരുന്നു. ഒരു നിമിഷം അവന്റെ കൈ അവളുടെ മാറിടത്തിന് മറയായി പോകുന്ന സാരിയിൽ പിടുത്തമിട്ടപ്പോൾ, അവളവന്റെ കൈയും സാരിയും കൂടി കൂട്ടിപ്പിടിച്ചു അവനെ നോക്കി പറഞ്ഞു; 

“പ്രവീൺ നേരം ഒരുപാടായത് കണ്ടില്ലേ...? വണ്ടി തിരിക്ക്...” 


അല്പം അതിരു കടന്ന ഗാംഭീര്യം കാണിച്ച നന്ദനയുടെ മുന്നിൽ അവന്റെ കൈ അയഞ്ഞു. അവൾ തന്റെ കൈ കൊണ്ട് അവന്റെ ഇടതുകരത്തെ അവനിലേക്ക്തന്നെ തിരികെ വിട്ടു. അവൻ വേഗത്തിൽ കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ ഇങ്ങനെ സ്വയം പറഞ്ഞു; 

"ഓ... ചേച്ചി ഇത്രയും ചൂടായിരുന്നു എന്ന് അറിഞ്ഞില്ല... പോയേക്കാം...” 


മിക്കവാറും, ഒരുമിച്ചുള്ള യാത്രകളിൽ നന്ദനയെ, അവളുടെ വീടിനൽപ്പം അകലെയുള്ള സ്ഥലത്തായി ഡ്രോപ്പ് ചെയ്യുന്നതു പോലെ അന്നും സംഭവിക്കുംവരെ ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. ഡോർ തുറന്ന് ഇറങ്ങിയ ശേഷം പെട്ടെന്ന് തിരിഞ്ഞു നിന്ന്, അല്പം കുഞ്ഞിഞ്ഞു കൊണ്ട് കാറിലേക്ക് നന്ദന പറഞ്ഞു; 

“പ്രവീൺ, ഞാൻ വിളിച്ചോളാം...” 


ഇത്രയും പറഞ്ഞു മറുപടിയ്ക്ക് കാത്തുനിൽക്കാതെ അവൾ തന്റെ ഷോൾഡറിൽ ഹാൻഡ്ബാഗ് ഉറപ്പിച്ചു നടന്നുതുടങ്ങി. പ്രവീണാകട്ടെ, മെല്ലെ തന്റെ കാർ തിരിച്ചു- പിന്നെ ഓടിച്ചകന്നു. നടക്കുന്നതിനിടയിൽ ഒരു നിമിഷം തന്റെ സാരിയും, പ്രത്യേകം മാറിടഭാഗവും കൃത്യമാണോ എന്നവളാകെയൊന്ന് ശ്രദ്ധിച്ചു. ഒരു ആശ്വാസത്തിനെന്ന പോലെ എല്ലായിടവും വളരെ വേഗത്തിലൊന്നവൾ മിനുക്കുവാൻ മറന്നില്ല. 


അടുത്തനിമിഷം അവളുടെ ഫോൺ ശബ്ദിച്ചു. അപ്പോഴാണ് നേരം ഇരുട്ടിയിരിക്കുന്നുവെന്നതവൾ ഗൗനിച്ചത്! 

“നന്ദൂ, എവിടെയായി നീ...? വണ്ടിയുമായി വരണോ ഞങ്ങൾ...?” 

കോളിൽ ഹരികൃഷ്ണന്റെ ശബ്ദമായിരുന്നു. 

“ഇല്ല, ഞാൻ ദേ എത്താറായി. വണ്ടി എടുക്കുന്ന നേരം മതിയെന്നേ.” 


അവൾ നടത്തം വേഗത്തിലാക്കി മറുപടി പറഞ്ഞു, തനിക്കെതിരെ നടന്നുമാറുന്ന ആളുകളെ ഗൗനിക്കുവാൻ സാധിക്കാതെ. താൻ വല്ലാതെ നനഞ്ഞിരിക്കുന്നതായി അവൾക്ക് അപ്പോഴാണ് അനുഭവപ്പെട്ടു തുടങ്ങിയത്. 


തുടരും...


Rate this content
Log in

Similar malayalam story from Drama