Hibon Chacko

Drama Romance

3  

Hibon Chacko

Drama Romance

ഉപേക്ഷ (ഭാഗം-5)

ഉപേക്ഷ (ഭാഗം-5)

3 mins
154


പഠിച്ചും എഴുതിയുമൊക്കെയിരുന്ന കാർത്തിക്കും കാർത്തികയും അവയെല്ലാം വിട്ടു ഹാളിലേക്ക് മെല്ലെയെത്തി. അച്ഛനും മകനും കൂടി സല്ലാപങ്ങൾ പങ്കിട്ടു തുടങ്ങിയപ്പോഴേക്കും കാർത്തിക മെല്ലെ കിച്ചണിലേക്ക് എത്തി. അപ്പോൾ, പാകമാക്കി വെച്ചിരുന്ന കറികൾ ഓരോന്നുമെടുത്ത് ചലനമില്ലാതെ, തന്റെ മനസ്സിനെ എവിടേക്കോ അയച്ചെന്ന പോലെ, നന്ദന മകളുടെ കൈകളിലേക്ക് നൽകുവാൻ തുടങ്ങി. കാർത്തിക ഓരോ വിഭവവും മെല്ലെ ഡൈനിങ് ടേബിളിലേക്ക് എത്തിച്ചു തുടങ്ങി.


>>>>>


“പ്രവീൺ, എങ്ങനെയുണ്ട്?”

ഷോൾഡറിൽ ഇട്ടിരിക്കുന്ന ഹാൻഡ്ബാഗിൽ വലതുകൈ പിടുത്തമിട്ട്, പ്രവീണിനെ കണ്ടയുടൻ ധൃതിയിൽ നന്ദന ചോദിച്ചു. 


 ഓപ്പറേഷൻ തീയേറ്ററിന് മുന്നിലായി ഇരുകൈകളും കെട്ടി, വിജനമായ ചുറ്റുപാടിൽ ആലോചനയിലാണ്ടു ഇരിക്കുകയായിരുന്ന പ്രവീൺ പൊടുന്നനെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു;

“ഓപ്പറേഷൻ കഴിഞ്ഞു. കുറച്ചു കഴിഞ്ഞേ ഇറക്കൂ...”


ധൃതിയിൽ നടന്നു വന്ന കിതപ്പ് മറച്ചു പിടിച്ചു അവൾ പറഞ്ഞു;

“വർക്ക് തീരുവാൻ താമസിച്ചു. പിന്നെ, ഇന്ന് ഒഴിവാകുവാനും സാധിച്ചില്ല പ്രവീൺ.”

മന്ദഹാസം ഭാവിച്ചു പ്രവീൺ പറഞ്ഞു;

“ഹാഹ്... സാരമില്ല. ഇവിടിപ്പോൾ ഞാൻ മാത്രം മതി! അമ്മ പിള്ളേരെയും കൂട്ടി താഴെ മെഡിക്കൽ കോളേജിന്റെ തന്നെ ക്യാന്റീൻ ഉണ്ട് – അവിടേക്ക് പോയതാ. ഇപ്പോൾ വരും!”


പഴയപടി നിൽക്കെ, ദേഹം അവിടിവിടായി ചലിപ്പിച്ചശേഷം പറഞ്ഞു;

“ഇരിക്ക്... ഡോക്ടർ ഓപ്പറേഷൻ കഴിഞ്ഞു വന്നിരുന്നു. വയറിലെ മുഴ ഓപ്പറേറ്റ് ചെയ്തു കളഞ്ഞു! ഇനി കുഴപ്പമൊന്നുമില്ലെന്നാ പറഞ്ഞത്... പിന്നെ, കുറച്ചു റസ്റ്റ് വേണ്ടി വരും!”


 ഇത്രയും നന്ദനയെ നോക്കി പറഞ്ഞു കൊണ്ട് അവൻ, ഇരുന്നിരുന്ന ചെയറിൽ മെല്ലെ ഇരുന്നു -കൈകൾ കെട്ടിത്തന്നെ. അനുപാതമായി അവളും അവനെതിരായുള്ള ചെയറിൽ ഇരുന്നു. 

“ഇവിടേക്ക് വരുവാൻ ബുദ്ധിമുട്ടിയോ!? ഈ സമയം മെഡിക്കൽ കോളേജിലേക്ക് വന്നവരൊക്കെ ഒരുപാട് വലഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. ഭയങ്കര തിരക്കുള്ള സമയമല്ലേ... ഇത്‌.”

ചെറുമന്ദഹാസത്തോടെ, ഷോൾഡറിലെ ഹാൻഡ്ബാഗ് എടുത്ത് മടിയിൽവെച്ചു, ഇരുകൈകളും അതിന്മേൽ പിടുത്തമിട്ട് അവൾ മറുപടിയായി പറഞ്ഞു;

“പ്രവീണേയ്, ഇതൊക്കെയൊരു ബുദ്ധിമുട്ടാണോ... നാളെ ആർക്കായാലും ഇതുപോലെ വരാം. പിന്നെ, എന്നെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടേയല്ല... കുറച്ചൊക്കെ ഞാൻ പറയാതെ തന്നെ അറിയാമല്ലോ...”


മന്ദഹാസത്തോടെ തന്നെ, വാചകം അവസാനിപ്പിച്ച ശേഷവും അവൾ തുടർന്നിരുന്നു. പ്രവീൺ മുഖംതാഴ്ത്തി ഒന്ന് മന്ദഹസിച്ചപ്പോഴേക്കും അമ്മ കുട്ടികളുമായി എത്തി. നന്ദന ചിരിയോടെ എഴുന്നേറ്റു. 

“ഹാ... മോളേ, ഇരിക്ക്... ഇരിക്ക്. ഞാനിവർക്ക് ചായ വാങ്ങിച്ചു കൊടുക്കാൻ കൊണ്ടു പോയതാ...”


ഇത്രയും അവളോടായി പറഞ്ഞശേഷം മുഖം അമ്മ പ്രവീണിലേക്കാക്കി;

“എന്തേലും ഉണ്ടോടാ, ഡോക്ടർ വന്നോ പിന്നെ?”

കുട്ടികളെ മാറിമാറി കുറുമ്പുകാട്ടി അവരുടെ ചിരി നന്ദന വാങ്ങിക്കുമ്പോഴേക്കും പ്രവീൺ എഴുന്നേറ്റ ശേഷം മറുപടി നൽകി;

“ഇല്ലമ്മേ... പിന്നേയ്, ഞങ്ങളെന്നാൽ താഴെവരെയൊന്നു പോയി 

ചായകുടിച്ച്‌ വരാം.”


അമ്മ സമ്മതം ഭാവിച്ചപ്പോഴേക്കും അവനെ നോക്കി സ്വയമറിയാതെ തന്നെ, ചെറിയൊരു മന്ദഹാസത്തിൽ ചാലിച്ച് നെറ്റി ചുളിപ്പിച്ചു കൊണ്ട് നന്ദന തിരസ്കാരം പ്രകടമാക്കി. സ്നേഹത്തോടെയുള്ള ആ തിരസ്കാരം മുതലെടുത്ത് അവൻ പറഞ്ഞു;

“ക്ഷീണിച്ച് ഇവിടെവരെ വന്നിട്ടൊരു ചായ കുടിക്കാതെ എങ്ങനെയാ... 

ഞാനും ഒന്നും കഴിച്ചിട്ടില്ല... വാ.”

സാഹചര്യത്തിനൊത്ത ആ നിർബന്ധത്തിനു വഴങ്ങി നന്ദന പ്രവീണിനെ അനുഗമിച്ചു. മെല്ലെ ഓരോ കുശലങ്ങൾ പറയുന്നതിനിടയിൽ അവർ ക്യാന്റീനിലെത്തി, ഇരുന്നു. 


“എന്താ വേണ്ടത് എന്ന് പറ... എനിക്ക് നല്ല വിശപ്പുണ്ട്.”

പ്രവീൺ ആധികാരികമായി അവളോട് പറഞ്ഞു. 

“ഒന്നും വേണ്ട പ്രവീൺ, ഒരു ചായ... അതും നിർബന്ധമില്ല.”

നന്ദനയുടെ ഈ മറുപടിയ്ക്ക് ചെറുതായൊന്നു കണ്ണുരുട്ടിക്കാണിച്ചു അവൻ പറഞ്ഞു;

“അതു പറ്റില്ല, പറഞ്ഞില്ലേൽ ഞാനങ്ങു പറയും. അത് പിന്നെ ഇവിടിരുന്ന് കഴിക്കേണ്ടിവരും!”

അവൾക്ക് നിരസിക്കുവാനായില്ല. പുഞ്ചിരിയോടെ, മെനു -കാർഡ് അവൾ എടുത്ത ശേഷം തുറന്നു. 


“ജയന്തിക്ക് ഇന്ന് അവളുടെ വീട്ടിലൊന്ന് പോകണമായിരുന്നു. ഇല്ലേൽ വന്നേനെ...”

ഓർഡർ വന്ന്, കഴിക്കുന്നതിനിടയിൽ നന്ദന പറഞ്ഞു. അപ്പോൾ അവളെ നോക്കി മറുപടിയായി പ്രവീൺ പറഞ്ഞു;

“ആഹ്... ഇന്നലെ അവര് രണ്ടാളും ഇവിടെ വന്നിരുന്നു.”

ഒന്നുരണ്ടു നിമിഷത്തെ ഇടവേള ഇട്ടശേഷം അവൾ പറഞ്ഞു;

“നല്ല ഫുഡ്‌ ആണല്ലേ...?”

‘കൊള്ളാം’ എന്ന ഭാവത്തോടൊപ്പം നെറ്റിചുളുപ്പിച്ചു പ്രവീൺ. 


വീണ്ടും കുറച്ചു നിമിഷങ്ങൾ, ക്യാന്റീനിലെ മറ്റു ശബ്ദങ്ങൾ മാത്രമായിരുന്നു അവർക്കിടയിൽ നിലനിർത്തിയത്. 

“ഹൊഹ്... ഞാൻ വല്ലാത്ത ടെൻഷനിലും വീർപ്പുമുട്ടിലും ആയിരുന്നു കേട്ടോ! ശരിക്കും ഇപ്പോഴാ ഒന്നാശ്വാസമായത്!”

പ്രവീണിന്റെ ഈ വാചകങ്ങൾക്ക് പ്രത്യേകമൊരു മറുപടിയുടെ ആവശ്യം അവൾക്ക് തോന്നിയില്ല. നിമിഷങ്ങൾക്കകം അവൻ തുടർന്നു;

“ഒരറ്റം ഒന്ന് കൂട്ടിമുട്ടിക്കാൻ നോക്കുമ്പോൾ... ഹൊഹ്... തളർന്നു പോകുവാ...”


ഭക്ഷണം പതുക്കെയാക്കി അവളവനെ നോക്കിക്കൊണ്ടിരുന്നു, മറുപടിയായി. അല്പസമയത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല. 

“എങ്ങനെയാ ഞാനിപ്പോൾ പ്രവീണിനെ ആശ്വസിപ്പിക്കുക!? എനിക്ക് പ്രവീണിനെയും പ്രശ്നങ്ങളെയുമൊക്കെ മനസ്സിലാകുന്നുണ്ട്. ഇതു പോലെയല്ലെങ്കിലും ഇതിന്റെ മറുവശമാണ് ഞാനെന്നും പറയാം... 

അപ്പോൾ... ഞാനെന്തെങ്കിലും ആശ്വാസം പറഞ്ഞാൽ പോലുമത്... 

അത് വളരെ കുറഞ്ഞു പോകും പ്രവീൺ, വളരെ ചീപ്പായി പോകും. 

ആ ഒരു സങ്കടത്തിലാ ഞാൻ.”


സഹതാപവും സ്നേഹവും കലർത്തിയ, നന്ദനയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി അവൻ പറഞ്ഞു;

“ഞാൻ പറഞ്ഞു പോകുന്നതാ... ഞാൻ പറഞ്ഞിട്ടില്ലേ, വീട്ടിൽ ആരോടും, 

അവളോടു പോലും ഞാനിങ്ങനൊന്നും പറയാറില്ല. എന്റെ തളർച്ച കേട്ട് അവരുകൂടി ദുഖിച്ചാൽ ഞാൻ ഒന്നു കൂടി തളർന്നു വീഴും...”


അപ്പോഴേക്കും ഇരുവരും കഴിച്ചുകഴിഞ്ഞിരുന്നു. ചായ കുടിക്കുന്ന സമയം പ്രവീൺ ദുഖിതനായിരിക്കുന്നത് നന്ദനയ്ക്ക് ശ്രദ്ധിക്കുവാതിരിക്കുവാൻ കഴിഞ്ഞില്ല. അവന്റെ ഭാഗത്തു നിന്നും അനക്കമൊന്നും കാണാത്തതിനാൽ അവൾക്കും പ്രത്യേകിച്ചൊന്നും പറയുവാനുണ്ടായിരുന്നില്ല. ബിൽ പേ ചെയ്ത ശേഷം ഇരുവരും പുറത്തേക്കിറങ്ങി. എവിടേക്കാണെന്നറിയാതെ അവൾ അവനെ അനുഗമിച്ചു. അധികം തിരക്കൊഴിഞ്ഞൊരു വരാന്തയിലെത്തിയപ്പോൾ മൗനം മുറിയ്ക്കണമെന്ന് അവൾക്ക് തോന്നി. അവൾ, നടന്നുകൊണ്ടിരിക്കെ പ്രവീണിന്റെ വലതുകൈപ്പത്തിയിൽ തന്റെ ഇടതുകൈ പിടുത്തമിട്ട ശേഷം പറഞ്ഞു; 


“ഞാനെന്നാൽ പൊയ്ക്കോട്ടേ, സമയം ഒരുപാട് വൈകി. ഇനി മുകളിലേക്കില്ല...”

കൈകൾ പിരിയാതെയിരിക്കെ അവൻ നടത്തം നിലപ്പിച്ച് ചെറുചിരിയോടെ പറഞ്ഞു;

“ഹോഹ്... സോറി, ഞാൻ... ഞാനല്പം ചിന്തിച്ചങ്ങു വല്ലാണ്ടായി. വാ, തിരികെയാണ് വഴി... ഞാൻ വഴിവരെ വരാം ഏതായാലും.”

ഇങ്ങനെ പറഞ്ഞു കൊണ്ട് പ്രവീൺ തിരിയാൻ ഭാവിച്ചപ്പോഴേക്കും മറുപടിയായി അവൾ പുഞ്ചിരിയോടെ അവന്റെ കൈകളെ സ്വതന്ത്രമാക്കി.


തുടരും...


Rate this content
Log in

Similar malayalam story from Drama