Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Hibon Chacko

Drama Romance


3  

Hibon Chacko

Drama Romance


ഉപേക്ഷ (ഭാഗം-3)

ഉപേക്ഷ (ഭാഗം-3)

4 mins 123 4 mins 123

അവളെ നോക്കി ഒന്ന് പല്ലിറുമ്മിയ ശേഷം പതിവു പോലെ ഡോർ വേഗത്തിൽ തുറന്നടച്ചു അയാൾ റൂമിൽ നിന്നും പോയി. കുളികഴിഞ്ഞു ക്ഷീണത്താൽത്തന്നെ ചില ദിവസങ്ങളിലെ പതിവു പോലെ നന്ദന എല്ലാവർക്കുമായി ഭക്ഷണം വിളമ്പി. മക്കൾ പരസ്പരം ഓരോന്ന് പറഞ്ഞും തർക്കിച്ചും ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ, ആ സമയം തനിക്ക് വിളമ്പപ്പെട്ട ഭക്ഷണവുമായി ഹരികൃഷ്ണൻ ടി.വി. യിൽ ന്യൂസ്‌ കാണുവാൻ തുടങ്ങി- പതിവ് സ്വഭാവമനുസരിച്ച്.

   

ഡൈനിങ് ടേബിളിൽ ഏകദേശം ആഹാരാവശിഷ്ടങ്ങളും കാലിയായ പാത്രങ്ങളും മാത്രമായപ്പോൾ, കിച്ചണിലിരുന്ന് മെല്ലെ കഴിക്കുകയായിരുന്ന നന്ദന അത് മതിയാക്കി ഡൈനിങ് ടേബിളിലേക്കെത്തി. ക്ഷീണത്തിന്റെ ആധിക്യത്തോടെ തന്നെ ഓരോന്നും പതിയെ ക്ലിയർ ചെയ്തു ടേബിൾ പഴയപടിയാക്കിയ ശേഷം നന്ദന കിച്ചണിലേക്കെത്തി. താൻ ബാക്കിയാക്കിയ ഭക്ഷണം ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് മുഴുവൻ കഴിക്കുവാൻ തോന്നി. ഒരു ലഖു ആത്മവിശ്വാസത്തോടെ ഭക്ഷണം മുഴുവൻ കഴിച്ചുതീർത്ത അവൾ, വെള്ളം കുടിച്ചശേഷം മുടിയാകെ ഒന്നഴിച്ചിട്ട്, മെല്ലെ ലൈറ്റുകൾ ഓരോന്ന് ഓഫ് ചെയ്തു തന്റെ റൂമിലേക്ക് കയറി. റൂമിലാകെ ഇരുട്ടായിരുന്നു, സാധ്യമായ കാഴ്ചകളുടെ സഹായത്തോടെ നന്ദന, തന്നെ മനഃപൂർവം ഒഴിവാക്കിയമട്ടിൽ കിടന്നിരുന്ന ഭർത്താവിന്റെ അടുത്തായി അല്പം മാറി, തനിക്കെതിരെ കിടക്കുന്ന അയാളുടെ എതിരേയായി കിടന്നു ചുരുണ്ടു കൂടി, തന്റേതായ മനസികമണ്ഡലത്തിലേക്ക് പ്രവേശിച്ചു. 


>>>>> 

  

ഭിത്തിയിലെ എൽ.സി.ഡി. ടിവിയിൽ ഒരു പഴയ ഹിന്ദിഗാനം ചലിച്ചു കൊണ്ടിരിക്കുന്നതിൻ പുറത്ത് നന്ദനയുടെ മനസ്സ് തന്റെ സാഹചര്യങ്ങളെ വിശകലനം ചെയ്ത് അവളെ സ്വയം നോവിക്കുകയായിരുന്നു. അപ്പോഴേക്കും കിച്ചനിൽ നിന്നും ചായയുമായി ജയന്തി എത്തി. 

“ഇവിടിരുന്ന് പോയോ! മടുത്തല്ലേ...?”

ചായ എടുത്ത് നീട്ടവേ ജയന്തി നന്ദനയോട് പറഞ്ഞു. 

മറുപടിയായി, ക്ഷീണമാണെന്ന ഭാവം അവൾ പ്രകടിപ്പിച്ചു. ടി. വി യിലേക്ക് ഒന്ന് നോക്കിയ ശേഷം ജയന്തി, നന്ദനയുടെ അടുത്തായി അല്പം മാറിയിരുന്ന് ഓരോ ഇറുക്ക് ചായ മെല്ലെ രുചിച്ചു തുടങ്ങി തുടർന്നു;

“നിന്നെ സമ്മതിച്ചിരിക്കുന്നു കേട്ടോ നന്ദന, എത്ര ക്ഷീണമായാലും... നീ പിടിച്ചു നിൽക്കും... നിന്റെ കരുത്ത് സമ്മതിക്കാതെ വയ്യ!”

   

ക്ഷീണത്തോടെയിരുന്നു ഒരിറുക്ക് ചായ കുടിച്ചിറക്കിയതല്ലാതെ നന്ദന മറുപടിയൊന്നും പ്രകടമാക്കിയില്ല. പിന്നീട് അല്പസമയം ടി.വി.യിലെ ശബ്ദങ്ങൾ മാത്രമായി അവർക്കിടയിൽ.

“നിന്റെ കയ്യിൽ കുടയുണ്ടോ!?”

നിശബ്ദത മുറിച്ചു ജയന്തി ചോദിച്ചു. 

സംശയരൂപേണ നന്ദന ജയന്തിയെ നോക്കി. അപ്പോൾ അവൾ പറഞ്ഞു;

“മഴക്കാർ നല്ലവണ്ണം കേറിയിട്ടുണ്ട്! താമസിയാതെ പെയ്യുന്ന ലക്ഷണമാണ്...!”

തുറന്നിട്ടിരിക്കുന്ന മെയിൻഡോറിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ജയന്തി പറഞ്ഞു നിർത്തി. മിച്ചമുള്ള ചായ വേഗം കുടിച്ചു തീർത്ത ശേഷം തന്റെ കൈവശം കുടയുണ്ടെന്നത് നന്ദന ഉറപ്പുവരുത്തി.


“ഏട്ടനും പിള്ളേരും ഇപ്പോൾ ഒരുമിച്ചാ വരവ്. പുള്ളി ജോലി കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും അവരുടെ ക്ലാസ്സ്‌ കഴിയും മിക്കവാറും. വൈകാതെ എത്തും... അതു കഴിഞ്ഞു പോകാം എന്നാൽ.”

മറുതലച്ചവിധം തലയാട്ടി നന്ദന എഴുന്നേറ്റു, ജയന്തിയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി. 

“ഞാൻ പോയേക്കുവാ, ചെന്നില്ലേൽ പുകില് അറിയാമല്ലോ!? പിന്നെ...മഴയും വരുന്നുണ്ടല്ലോ!?”

പോകാനിറങ്ങും വഴി തിരിഞ്ഞു നിന്ന് ഇങ്ങനെ പറഞ്ഞ നന്ദനയോടു ജയന്തി പറഞ്ഞു;

“സാരമില്ലെടീ, നീ ഇവിടേക്കൊക്കെ വന്നിട്ട് നാള് കുറെയായല്ലോ... ഇപ്പോഴൊന്ന് കണ്ടകേട്ട് പോകാനൊത്തില്ലേ!?”

മുറ്റത്തേക്കിറങ്ങിയതോടെ അല്പം ഊർജ്ജം തോന്നിയ നന്ദന, തന്റെയൊപ്പം മുറ്റത്തേക്കു വന്ന ജയന്തിയോടായി പറഞ്ഞു;

“നാളെതൊട്ട് ഒരാഴ്ച നല്ല പണിയായിരിക്കും! ഞാൻ പോകുവാ, രാവിലെ വിളിച്ചേക്ക് നീ...”

   

തലയാട്ടിയ ശേഷം ജയന്തി ഒന്ന് പുഞ്ചിരിച്ചു, നന്ദന നടന്നകന്നു തുടങ്ങി. പത്തു മിനിറ്റോളം ഉദ്ദേശം നടന്നപ്പോഴേക്കും മാനം കറുത്തു വന്നു നല്ലൊരു മഴ തുടങ്ങി. ഒന്നുരണ്ടുമിനിട്ടിനകം ഇടിമിന്നലും കാറ്റും മഴയോടൊപ്പമെത്തി. ഒരു കയ്യിൽ കുടയും മറുകയ്യാൽ സാരി ഒതുക്കിപ്പിടിച്ചും ഒരു ഇറക്കം ഇറങ്ങി വന്ന നന്ദനയ്ക്ക്, വശത്തു നിന്നുമാരോ തന്നെ വിളിക്കുന്നതു പോലെ തോന്നി. കോരിച്ചൊരിയുന്ന ആ മഴയിൽ ശബ്ദം കേട്ടിടത്തേക്ക് അവളൊന്ന് നോക്കിപ്പോയി. 

“ഇവിടേക്ക് കയറി നിന്നോ... ദേ... എല്ലാവരുമുണ്ട്.”

   

ഏതോ പരിചയക്കാരന്റെ സ്വാതന്ത്ര്യത്തോടെ ആരോ കൈകൊട്ടി വിളിക്കുന്നതിനൊപ്പം ഇങ്ങനെ പറയുന്നതാണ് അവൾക്കാദ്യം മനസ്സിലായത്. അടുത്ത നിമിഷം ഉടമയെ അവൾക്കേകദേശം പിടികിട്ടി- ഒരു പക്ഷെ പ്രവീൺ. അപ്പോഴേക്കും ഒരു നല്ല കാറ്റുവീശി മഴ ചരിഞ്ഞു പെയ്യുവാൻ തുടങ്ങി. ബുദ്ധിമുട്ടാണെന്ന് തന്റെ ചുറ്റും നോക്കി മനസ്സിലാക്കിയ നന്ദന തന്നെ വിളിച്ചിടത്തേക്ക് ചുവടുകൾ വെച്ചു പോയി. അതൊരു സാമാന്യ വലുപ്പമുള്ള ഷീറ്റുപുര ആയിരുന്നു. അവിടെ പ്രവീണും ഭാര്യയും രണ്ടു കുട്ടികളും ചിരിയോടെ അവളെ വരവേറ്റു. നന്ദന, പ്രവീണിനെത്തുടങ്ങി ഏവരെയും തന്റെ മന്ദഹാസം കാണിച്ച ശേഷം കുടമടക്കി മുടിയിലും സാരിയിലും അവിടിവിടായി ഉണ്ടായിരുന്ന വെള്ളത്തിന്റെ അംശങ്ങൾ തട്ടിമാറ്റിയശേഷം സാരിത്തുമ്പിനാൽ വയറുമറച്ചു ഒതുങ്ങിനിന്നു.


“നല്ല മഴയും ഇടിയുമാ, ഇനീമുണ്ട് നടക്കാൻ ബസ് സ്റ്റോപ്പിലേക്ക്... ജയന്തിച്ചേച്ചിയുടെ വീട്ടിൽ വന്നതാവും! അല്പം തോരുമോ എന്നു നോക്കിയ ശേഷം പോകുന്നതാ ബുദ്ധി!”

മഴയുടെ ശബ്ദത്തെ തോല്പിച്ചു കൊണ്ട് നന്ദനയോട് പ്രവീൺ പറഞ്ഞു. ഒപ്പം, ശരിവച്ചതു പോലുള്ള ചിരിഭാവവുമായി പ്രവീണിന്റെ ഭാര്യ നന്ദനയെ നോക്കി. വലിയ പ്രായവ്യത്യാസം കാണിക്കാത്ത രണ്ടു കുട്ടികൾ മഴയുടെ ശക്തിയിൽ ആശ്ചര്യപ്പെടുന്ന കണക്കെ തങ്ങളുടെ മാതാപിതാക്കളോട് ചേർന്നു നിന്നു. പെട്ടെന്നു വലിയൊരു ഇടിമുഴക്കം സംഭവിച്ചു. 

“ഞങ്ങൾ പറമ്പിലല്പം പണിയായിരുന്നു. തൊട്ടപ്പുറത്താ വീട്, കുറച്ചപ്പുറത്ത് ഒരു വീട്ടിൽ നിന്നും, കുറേ തേങ്ങാ വീട്ടിലേക്ക് കൊണ്ടു വരാൻ ഉണ്ടായിരുന്നു. അതു കൂടി കഴിഞ്ഞു വീട്ടിൽ കേറാമെന്നോർത്തതാ! വണ്ടിയെടുക്കാൻ വേണ്ടി വന്നവഴി ദേ മഴ...പിന്നെ പിള്ളേരും ഉണ്ടല്ലോ!?”

   

ചെറു മന്ദഹാസത്തോടെ ഈ വാചകങ്ങൾ കേട്ടു നിന്നിരുന്ന നന്ദനയ്ക്ക് മറുപടിയായെന്ന പോലെ ഒന്നും പറയാതിരിക്കുവാൻ കഴിഞ്ഞില്ല.

“ഇന്ന് വർക്ക്‌ കഴിഞ്ഞ് നേരെ ജയന്തിയുടെ വീട്ടിലാണ് വന്നത്. ഇവിടേക്ക് ഒരെളുപ്പവഴി പോരുംവഴി ഉണ്ടായിരുന്നു.”

ഒന്ന് നിർത്തിയശേഷം അവൾ ചോദിച്ചു എല്ലാവരോടുമായി;

“നന്നായി പോകുന്നോ!?”

പ്രവീണൊഴികെ എല്ലാവരും ചിരിയോടെ തലയാട്ടി. അവൻ തന്റെ കുടുംബത്തെനോക്കി പുഞ്ചിരിച്ചു നിന്നു. ഒന്നു രണ്ടു നിമിഷങ്ങൾ കടന്നു പോയപ്പോഴേക്കും ഏവരും പൂർണ്ണനിശ്ശബ്ദരായി മഴയ്ക്കും മറ്റിനും വഴിമാറി.


പ്രവീൺ പുഞ്ചിരിയോടെതന്നെ പുറത്തേക്കുനോക്കിനിന്നു. അല്പസമയംകഴിഞ്ഞു അവൻ ചോദിച്ചു;

“ചേച്ചി, ഞങ്ങൾക്ക് ചെറിയരീതിയിൽ എന്തെങ്കിലുമൊരു കൃഷി, ഉള്ള ചെറിയ പറമ്പിൽ തുടങ്ങിക്കളയാമെന്നുണ്ട്. ഡ്യൂട്ടി കഴിഞ്ഞു മിക്ക ദിവസങ്ങളിലും ഞാൻ നേരത്തേ എത്തും. ഇതു പോലെ പറമ്പിലേക്ക് ഇറങ്ങാമെന്നുവെച്ചാ പ്രായം പത്തുമുപ്പത്തഞ്ചു ആണെങ്കിലും പിള്ളേരിപ്പോൾ കേറി വരും. എന്തേലും ചെയ്തുവെക്കേണ്ടേ!?”

നന്ദന ഭാവത്തോടെ ഒന്നാലോചിച്ച ശേഷം പറഞ്ഞു;

“ഞാൻ ഒന്നന്വേഷിക്കട്ടെ. സർക്കാരിന്റെ ഭാഗത്തു നിന്നും വല്ലതുമുണ്ടെൽ ഞാൻ ജയന്തിയോട് പറഞ്ഞേൽപ്പിക്കാം.”

നന്ദി ഭാവത്തോടെ ഏവരും പുഞ്ചിരിച്ചു, മറുപടിയെന്നവണ്ണം.

   

അല്പസമയം കൂടി കടന്നു പോയതോടെ മഴ കനത്തു വന്നു, കൂടാതെ മിന്നലും കാറ്റും. അപ്പോൾ പ്രവീൺ ഭാര്യയോടായി പറഞ്ഞു;

“കുറയുന്ന ലക്ഷണം കാണുന്നില്ല! ഞാൻ പോയി കുടയെടുത്തു വരാം...”

ഭാര്യ മറുപടിയായി പറഞ്ഞു, ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്ന ശേഷം;

“പോയി എടുത്തു വാ എന്നാൽ.”

ഒരു കൈപ്പത്തി തലയ്ക്കു ചൂടി പ്രവീൺ വേഗത്തിൽ മഴയിലേക്കിറങ്ങി നടന്നു പോയി. അപ്പോഴേക്കും ഒരു നിമിഷം സ്തംഭിച്ച നന്ദനയെ നോക്കി പ്രവീണിന്റെ ഭാര്യ പറഞ്ഞു;

“ഇപ്പോ വരും... ഇവിടെ അടുത്താ.”

ഒരു പുഞ്ചിരി അപ്പോഴും അവരുടെ മുഖത്തുണ്ടായിരുന്നു. നന്ദന തന്റെ ചുണ്ടുകളെ പരസ്പരം അകത്തേക്ക് മടക്കിപ്പിടിച്ച്, പുറത്തേക്ക് നോക്കി നിന്നു.

   

അല്പം കഴിഞ്ഞു പ്രവീൺ തന്റെ അമ്മയോടൊപ്പം കുടകളുമായെത്തി. പ്രായമേറെ ആയിട്ടും ആരോഗ്യം വിട്ടു മാറിയിരുന്നില്ല അവന്റെ അമ്മയെ. കുട്ടികളിൽ ഒരാളെ ഒക്കത്തെടുത്ത ശേഷം താഴെ നിന്ന മുതിർന്ന കുട്ടിക്ക് ചെറിയൊരു കുട നൽകി അമ്മ. ഒരു കുടയിൽ ഒരുമിച്ചു പോകുവാൻ തുടങ്ങുന്ന പ്രവീണിനെയും ഭാര്യയെയും ഒന്ന് നോക്കിയ ശേഷം, താഴെ നിൽക്കുന്ന കുട്ടിയെ നയിച്ചു കൊണ്ട് അമ്മ വീട്ടിലേക്ക് നടന്നു. ഭാര്യയെ കുടയ്ക്കുള്ളിലാക്കി അവളുടെ ഷോൾഡറിൽ വട്ടം തന്റെ ഇടതുകൈ പിടിച്ചു തന്നോട് ഒതുക്കുന്നതിനിടയിൽ അവൾ ചിലത് തന്റെ ഭർത്താവിനോട്, സ്വകാര്യമായി പറഞ്ഞു. ശേഷം, നന്ദനയോട് മുഖംതിരിച്ചു അവൻ, മഴയുടെ ശബ്ദത്തെ വെല്ലുവിളിച്ചു പറഞ്ഞു;

“ഞാനിപ്പോൾ വണ്ടിയുമായി വരാം. ചേച്ചിയെ കൊണ്ടെ വിടാം ബസ്സ്റ്റോപ്പിൽ. ഞാൻ കടയിലേക്ക് പോകുന്നുണ്ട്.”

നിരസിക്കും വിധം അറിയാതെ ഒരു നിമിഷത്തെ ഭാവം കൈവരിച്ച ശേഷം നന്ദന ഒന്ന് മന്ദഹസിക്കുക മാത്രം ചെയ്തു, മറുപടിയായി. നനഞ്ഞു കുതിർന്ന പ്രവീൺ തന്റെ ഭാര്യയെ ചേർത്തു പിടിച്ച് നടന്നകലുന്നത് അവൾ അറിയാതെ നോക്കി നിന്നു പോയി. താൻ വളരെ തളർന്നിരിക്കുന്നതായി ആ നിമിഷം അവൾക്ക് തോന്നി. മിഴികൾ അടയാറാകും വിധം അവൾ വീണ്ടും തിമിർത്തു പെയ്യുന്ന മഴയെ നോക്കി നിന്നു.

   

അല്പസമയത്തിനകം തന്റെ മാരുതിയുമായി പ്രവീൺ എത്തി. പാതി നനഞ്ഞു നന്ദന കാറിനകത്തായി. 

“ബോറടിച്ചോ ചേച്ചിക്ക്...?”

മഴയുടെ കരുത്തിനാൽ പതിയെ കാർ മുന്നോട്ടു ചലിപ്പിക്കുന്നതിനിടയിൽ പ്രവീൺ ചോദിച്ചു. മറുപടിയായി നന്ദന പുഞ്ചിരിയോടെ മനസ്സിലാകാത്ത ഭാവം പ്രകടമാക്കി. അപ്പോൾ ചെറുചിരിയോടെ അവൻ പറഞ്ഞു;

“ഞാൻ വൈഫും മക്കളും വീടുമൊക്കെയായി ഒരുപാട് അറ്റാച്ഡ് ആണ്. ആ വന്നത് അമ്മയാണ്, ഇപ്പോഴും ഞങ്ങളെന്നാൽ ജീവനാ. എനിക്ക് മുകളിൽ ഏഴുപേരാ അമ്മയ്ക്ക്...”

ഇത്രയും പറഞ്ഞു കൊണ്ടിരിക്കെ നന്ദനയെ നോക്കി ഒരു നിമിഷം, പ്രവീൺ തുടർന്നു;

“നിങ്ങളെപ്പോലെ സാമൂഹ്യ ഇടപെടലുകാർക്ക് ചിലപ്പോൾ ഇത്തരം സന്ദർഭങ്ങളൊക്കെ നല്ല ബോറായിരിക്കും!”

ഒന്ന് പുഞ്ചിരിച്ച ശേഷം അവനെ നോക്കി നന്ദന പറഞ്ഞു;

“ഓരോന്ന് ആലോചിച്ചു കൂട്ടേണ്ട... പ്രവീൺ ഞാനങ്ങനൊന്നും ചിന്തിച്ചിട്ടേയില്ല. എല്ലാവരെയും കാണാനൊത്തപ്പോൾ സന്തോഷം തോന്നി.”

വീട്ടുകാര്യങ്ങളും മറ്റു വിശേഷങ്ങളും പറഞ്ഞിരിക്കെ നന്ദനയ്ക്ക് ഇറങ്ങേണ്ട ബസ്‌സ്റ്റോപ് എത്തി. അവൾ ഡോർ തുറന്നു ഇറങ്ങുമ്പോഴേക്കും അവൻ പിരിയുംവിധം പറഞ്ഞു;

“എന്റെ കൃഷിയുടെ കാര്യം മറക്കരുത്...”

‘ഇല്ല’ എന്ന് ചിരിയോടെ മറുപടി പറഞ്ഞു നന്ദന ബസ്‌സ്റ്റോപ്പിലേക്ക് കയറി, അവൻ തിരികെ വണ്ടി ചലിപ്പിച്ചു. അപ്പോഴേക്കും മഴയൊന്ന് തോരുന്ന ലക്ഷണം പ്രകടമാക്കി.


തുടരും...


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama