ഉപേക്ഷ (ഭാഗം-10)
ഉപേക്ഷ (ഭാഗം-10)
“വയ്യെടീ... റസ്റ് റൂമു കൊണ്ടൊന്നും ഒന്നുമാവില്ല! തല്ക്കാലം നീയിവിടെ ഇത്തിരി ഇരിക്ക്... ഞാനുടനെ എണീക്കില്ല ഇവിടുന്ന്!”
ഉടനെ ജയന്തി പറഞ്ഞു;
“ഒരു കാര്യം ചെയ്യ്... ഞാനെന്റെ ബാഗ് എടുത്തു കൊണ്ടു വരാം. അതിൽ വെള്ളം ഉണ്ട്, അതിത്തിരി കുടിക്ക്. ഞാനും ഇരിക്കാം.”
ജയന്തി ബാഗെടുക്കുവാനായി മെല്ലെ നടന്നകലുന്നത് നന്ദന നോക്കിയിരുന്നു.
>>>>>
അവശനിലയിൽ പ്രവീൺ കിടന്നു കൊണ്ടു തന്നെ തന്റെ കുട്ടികളെ കൈകാട്ടി അടുത്തു വിളിച്ചു. ഭാര്യ അവരെ പതിയെ മുന്നോട്ട് തള്ളിവിട്ടു. ആ ഹോസ്പിറ്റൽ റൂമിന്റെ ശാന്തതയിലൂന്നി അവൻ തന്റെ വിരലുകൾ മക്കളുടെ മ്ലാനമായ മുഖത്തു കൂടി ഓടിച്ചു, ശേഷം അവരെ നോക്കി മന്ദഹസിച്ചു. ചിറകറ്റ പക്ഷികളെപ്പോലെ ഇരുകുട്ടികളും നിന്നു പോയി. മന്ദഹാസം കൈവിടാതെ അല്പസമയം കഴിഞ്ഞു ഓരോ കുട്ടിയേയും അവൻ മാറി ചുംബിച്ചു, കണ്ണുകളിൽ നിന്നും തുള്ളികൾ വീഴ്ത്തിക്കൊണ്ട്. ശേഷം, ശ്വാസമൊന്ന് വലിച്ച് അവൻ തന്റെ ഭാര്യയെ നോക്കി.
“സമയമില്ല... മോള് ഇവരെയൊന്ന് പുറത്തേക്ക് നിർത്തി വാ...”
പതിഞ്ഞസ്വരത്തിൽ സാവധാനം പ്രവീൺ ഇങ്ങനെ പറഞ്ഞതിൻ പുറത്ത് അവന്റെ ഭാര്യ തന്റെ ഭർത്താവിനെ അനുസരിച്ചു.
“പുറത്ത് എല്ലാവരും ഉണ്ടോ...?”
തിരികെ റൂമിലേക്കു വന്ന ഭാര്യയോട് അവൻ ചോദിച്ചു. ‘ഉണ്ട്’ എന്ന അർത്ഥത്തിൽ മ്ലാനമായി അവൾ തലയാട്ടി.
“നീയിവിടെ അടുത്ത് വാ...”
അവൻ അവളെ കൈകാട്ടി വിളിച്ചു.
_
”എടീ... പ്രവീൺ മരിച്ചു. നിനക്കെങ്ങനെയുണ്ട്, വരാൻ പറ്റുമോ!?”
“എനിക്ക് എണീക്കാൻ വയ്യെടീ, നല്ല പൊള്ളുന്ന പനിയാ... ചേട്ടനിവിടെ ഉള്ളതാ ആകെയൊരു ആശ്വാസം!”
_
”മോളേ, നിന്നെയും പിള്ളേരെയും സ്നേഹിച്ചതു കൂടാതെ ഞാനൊന്നു കൂടി നിങ്ങളോട് ചെയ്തിട്ടുണ്ട്. വൈദ്യശാസ്ത്രം മണിക്കൂറുകൾ മാത്രം ബാക്കി തന്നിരിക്കുന്ന എനിക്കിനി ഇത് ചുമക്കുവാൻ വയ്യ... നിന്റെ മുന്നിൽ എല്ലാം ഇറക്കിവെച്ചിട്ടു വേണം എനിക്ക് പോകുവാൻ... എന്നെക്കുറിച്ചുള്ള ഓർമ നിന്നെ മുന്നോട്ട് ജീവിക്കുവാൻ പ്രേരിപ്പിക്കണം എന്നും... നീവഴിയെ കുട്ടികളും മുന്നോട്ട് പോവുകയുള്ളൂ ഇനി,”
ഇത്രയും പറഞ്ഞു കൊണ്ട് അവൻ തന്റെ ഭാര്യയുടെ ഇടതുകൈയിൽ പിടുത്തമിട്ട് മെല്ലെ തന്നോടവളെ അടുപ്പുച്ചു നിർത്തി. അവളുടെ കണ്ണിൽ നിന്നും നീരുകൾ പൊടിഞ്ഞു തുടങ്ങിയിരുന്നു.
“മോളേ, നീയെന്നോട് ക്ഷമിക്കണം...”
പ്രവീൺ തന്റെ ഭാര്യയുടെ മുഖത്തേക്ക് നിസ്സഹായനെപ്പോലെ നോക്കി പറഞ്ഞു.
ശേഷം തുടർന്നു;
“നിന്നോടും പിള്ളേരോടുമൊക്കെയുള്ള സ്നേഹം എന്നെ കൊണ്ടെത്തിച്ചത്... മറ്റൊരാൾക്ക് അർഹതപ്പെട്ട സ്നേഹം
മോഷ്ടിച്ചെടുക്കുന്നതിലേക്കാണ്. ഞാൻ... ഞാൻ വളരെ വലിയ തെറ്റ് നിന്നോട് ചെയ്തുപോയി മോളേ! എന്നോട് ക്ഷമിക്ക് നീ...”
ഭാര്യ ശബ്ദമില്ലാതെ കരഞ്ഞു കൊണ്ട് ഇടതുകരം അവന്റെ നെറ്റിയിലും വലതുകരം അവന്റെ ഇരുകൈപ്പത്തികളിലും ചേർത്തു, അവന്റെ നെഞ്ചിലായി വെച്ചു.
_
തങ്ങളുടെ റൂമിലെ അരണ്ടവെളിച്ചത്തിൽ കണ്ണുംനട്ട് അർദ്ധരാത്രി ആയിട്ടും മലർക്കെ കിടക്കുകയായിരുന്നു നന്ദന. അവളുടെ മനസ്സാകെ ചിന്തകളുമായി തളംകെട്ടിക്കിടക്കുന്ന ആ സമയത്തിലൊരു നിമിഷം ഹരികൃഷ്ണൻ നന്ദനയെ വട്ടം കെട്ടിപ്പിടിച്ചു തന്നോടു ചേർത്തു. പതിവില്ലാത്തൊരു കുളിരും ചൂടും മാറി-മാറി അവൾക്ക് ആ സമയം അനുഭവപ്പെട്ടു തുടങ്ങി. ഒരു യുവാവിനെപ്പോലെ ഹരികൃഷ്ണൻ തന്റെ ഭാര്യയുടെ മുഖമാകെ ചുംബിച്ചു തുടങ്ങി. അയാളുടെ സ്നേഹത്തിന്റെ ആധിക്യത്താൽ പല ചുംബനങ്ങളും ലക്ഷ്യംമാറി പതിച്ചു കൊണ്ടിരുന്നു. നന്ദനയാകട്ടെ തന്റെ കണ്ണുകൾ അടച്ചുപിടിച്ചു ഭർത്താവിന്റെ ചുംബനങ്ങളെ സ്വീകരിച്ചു കൊണ്ടിരുന്നു. ചുംബനം നൽകി ശ്വാസംമുട്ടി അയാൾ ഒന്നമാന്തിച്ചു കിടന്നപ്പോൾ നല്ലൊരു മഴയിൽ നനഞ്ഞു കുതിർന്ന അനുഭവമായി നന്ദനയ്ക്ക് സ്വയം. അവളുടെ കണ്ണുകളിൽ നിന്നും ആനന്ദക്കണ്ണുനീർ ഒഴുകുവാൻ അധികനിമിഷം വേണ്ടി വന്നില്ല.
നന്ദനയുടെ ഇടതുകരം ചെറിയൊരു വിറവലോടെ തന്റെ ഭർത്താവിന്റെ മുഖം തേടിപ്പിടിച്ചു ലക്ഷ്യമില്ലാതെ പരതിത്തുടങ്ങി. അടുത്തനിമിഷം അയാൾ ആ കൈ പിടിച്ചെടുത്ത് തന്റെ ചുണ്ടുകളോട് ചേർത്തമർത്തിത്തുടങ്ങി.
“നന്ദനാ...”
അയാൾ ഘാംഭീര്യത്തോടെ വിളിച്ചു.
മറുപടിയായി അവൾ മൂളി.
“ഒരിടത്തും ഒരിയ്ക്കലും അകലുവാനാകാത്ത വിധം നമുക്കിനിയും ചേർന്നലിയണം...”
അയാളുടെ ഈ വാചകത്തിനും അവൾ ചിന്തിക്കാതെയെന്ന പോലെ മറുപടിയായി ഒന്ന് മൂളി.
ഹരികൃഷ്ണന്റെ കൈകൾ നന്ദനയുടെ തലമുടിയിഴകളിൽ തഴുകി കഴുത്തിനൊരു വശം പറ്റി ഊർന്നിറങ്ങി. അവളുടെ കൈകളാവട്ടെ, അയാളുടെ മുടിയിഴകളിൽ സ്വാതന്ത്ര്യത്തോടെ പരതിക്കൊണ്ടിരുന്നു. അയാളുടെ കാല്പാദം പതിയെ ചലിച്ചു, അത് അവളുടെ നൈറ്റിയുടെ അവസാനഭാഗത്തെ, അവളുടെ കാൽമുട്ടിലേക്ക് ഇരച്ചു കയറ്റി. ഒന്ന് പിടഞ്ഞു കൊണ്ട് നന്ദന ബെഡ്‌ഡിൽ മലർന്നു പോയി. അയാൾ മെല്ലെ അവളിലേക്ക് ഇഴഞ്ഞു കയറി -അവളിലലിഞ്ഞില്ലാതാകുവാൻ.
അവസാനിച്ചു.

