N N

Drama Inspirational

3  

N N

Drama Inspirational

തിളങ്ങുന്ന കണ്ണുകൾ

തിളങ്ങുന്ന കണ്ണുകൾ

2 mins
191


"വൈഗേ, എഴുന്നേൽക്ക് 7 മണി കഴിഞ്ഞു, ജോലിക്ക് പോകണ്ടേ?"

"കുറച്ചു കൂടി കഴിയട്ടെ അമ്മേ "

പുതപ്പു മൂടി പുതച്ചു അവൾ ചെരിഞ്ഞു കിടന്നു. ശാരദ പുതപ്പു വലിച്ചു മാറ്റി.

"സമയം 7 ആയെടി. എട്ടു മണിക്കിറങ്ങിയാലല്ലേ ഒമ്പതിനവിടെ എത്തുള്ളു".

വൈഗ ചാടി എഴുന്നേറ്റു.


"ഏഴോ! അമ്മയോട് ഞാൻ പറഞ്ഞതല്ലേ ആറരക്ക് വിളിക്കണമെന്ന്."

"എത്ര നേരമായെടി കൂകുന്നു, ഇപ്പോ എനിക്കായി കുറ്റം."

ശാരദ പിറുപിറുത്തുകൊണ്ടു അടുക്കളയിലേക്ക് പോയി. വൈഗ വേഗമെഴുന്നേറ്റു ബാത്റൂമിലേക്ക് പോയി.


ഫാർമസി പഠനം കഴിഞ്ഞു ഒരു പ്രൈവറ്റ് മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുകയാണ് വൈഗ. കൊറോണ കൂടിയതും, ലോക്ക് ഡൌൺ വന്നത് മൂലവും ധാരാളം ആളുകളുടെ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുമ്പോഴും ആതുരസേവന രംഗത്ത് ജോലി ചെയ്യുന്ന വൈഗക്ക് വീട്ടിലിരിക്കാൻ പറ്റാത്തതിൽ വിഷമം തോന്നി.


"ജോലിക്കു പോകേണ്ടാത്തവർ എന്ത് ഭാഗ്യവാന്മാരാ!"

വൈഗ നിരാശപെട്ടു കൊണ്ട് അടുക്കളയിലേക്ക് വന്നു.

"നിനക്കത് പറയാം, അന്നന്നു കിട്ടുന്ന പൈസ കൊണ്ട് കഴിയുന്നവരൊക്കെ ഇപ്പോ കഷ്ടപെടുന്നുണ്ടാവും. എന്റെ ദൈവമേ വേലയും കൂലിയും നഷ്ടപെടുന്നവരൊക്കെ എങ്ങനെ ജീവിക്കുന്നു! ആ പാവങ്ങൾക്ക് നീ തന്നെ ഒരു വഴി കാണിച്ചു കൊടുക്കണെ. "


"ഇന്നെന്താ അമ്മേ ബിരിയാണിയാണോ കൊണ്ടുപോകാൻ?"

ശാരദ ഇന്നലെ രാത്രി ഉണ്ടാക്കിയ ബിരിയാണി ഇഡലി ചെമ്പിൽ വെച്ച് ചൂടാക്കുന്നത് കണ്ട് വൈഗ ചോദിച്ചു.

"അതെ, ഞാൻ വേറൊന്നും ഉണ്ടാക്കിയില്ല. അല്ലെങ്കിൽ ഇതവസാനം കളയേണ്ടി വരും."

"എനിക്ക് ചോറ് മതി, അമ്മേ." അവൾ ചിണുങ്ങി.

"ബാക്കി വരുന്ന ഒന്നും കഴിക്കാൻ പറ്റത്തില്ല ഇവിടാർക്കും, ഇങ്ങനെ കളയാൻ പറ്റത്തില്ല ഇനിയിവിടെ. വേണെങ്കിൽ നീ കൊണ്ട് പോ".


വൈഗ ഒരു നിമിഷം ചിന്തിച്ചിട്ട് ആവേശത്തോടെ പറഞ്ഞു.

"എങ്കിൽ രണ്ട് പൊതി വേണമെനിക്ക്."

"കാമുകന് കൊടുക്കാനായിരിക്കും."

അടുക്കളയിലേക്ക് വന്ന വൈഗയുടെ അനിയത്തി ഗൗരി അവളെ ചൊടിപ്പിച്ചു.

"അതേടി, എന്റെ കാമുകനുണ്ട് ഷോപ്പിൽ. നിനക്കെന്താ പ്രശ്നം?"

"നിന്റെ ആർക്കു വേണേലും കൊണ്ട് കൊടുക്ക്, എനിക്കെന്താ പ്രശ്നം."

" ഒന്ന് നിർത്തുന്നുണ്ടോ! തുടങ്ങി രണ്ടാളും. കീരിയും പാമ്പിനെയും പോലെയാ രണ്ടെണ്ണം,എന്നാ ഇടയ്ക്കു ശർക്കരയും തേങ്ങയും പോലെയാ. നീ പോയൊരുങ്ങ് വൈഗേ, ഒരു പൊതി കൂടി എടുത്തേക്കാം".


 "എട്ടു മണി കഴിഞ്ഞു, നിന്റെ ഒരുക്കം തീർന്നില്ലേ?"

"ദാ വരുന്നു, അമ്മേ."


സ്കൂട്ടറിന്റെ ചാവി എടുത്ത് വൈഗ ഊണ് മുറിയിലേക്ക് വന്നു. അവളുടെ ചോറ്റ് പാത്രവും, ബിരിയാണി പൊതിയുമെടുത്തു ബാഗിൽ വെച്ചു. ഒരു കുപ്പി നന്നായി കഴുകി തിളപ്പിച്ചാറിയ വെള്ളവുമെടുത്തു.


"ആഹാ ചേച്ചി ഇന്നെന്താ വെള്ളമൊക്കെ എടുക്കുന്നത്?"

"എനിക്കെടുക്കാൻ പറ്റത്തില്ലേ?"

"ഏയ്‌ അതല്ല, അല്ലെങ്കിൽ വെള്ളം അവിടുണ്ട്, ഇവിടുണ്ട് എന്നൊക്കെ പറഞ്ഞു എടുക്കാറില്ലല്ലോ."

"ഇതെനിക്കല്ല എന്റെ കാമുകനാ, എന്ത്യേ?"

ഗൗരിയെ പരിഹസിച്ചു കൊണ്ട് അവൾ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.


ഇടവഴിയിലൂടെ കയറി കാവുംപടി കടന്നു മെയിൻ റോഡിലെത്തുന്ന എളുപ്പ വഴിയിലൂടെയാണ് വൈഗ എന്നും  പോകുന്നത്. എന്നത്തെയും പോലെ വൈഗ ഇടവഴിയിലേക്ക് കയറി. അവൾ തന്റെ സ്കൂട്ടർ നിർത്തി, വഴിയിൽ ഭിക്ഷക്കിരിക്കുന്ന അപ്പൂപ്പന്റെ അടുത്തേക്ക് ചെന്നു. ധാരാളം ഭിക്ഷക്കാരെ കാണാറുണ്ടെങ്കിലും ഈ അപ്പൂപ്പനോട്‌ അവൾക്കൊരു പ്രത്യേക സഹതാപം തോന്നിയിട്ടുണ്ട്. കഥകൾ പറയുന്നത്ര ആഴമുള്ള ക്ഷീണിതമായ കണ്ണുകൾ, എല്ലുന്തിയ ശരീരം, സങ്കടം സ്ഫുരിക്കുന്നതും, ദയയുള്ളതുമായ മുഖം, വികലാംഗനുമാണ്. റോഡിനോട് ചേർന്നൊരു ബോഗേൻ വില്ല മരമായി വളർന്ന് തണൽമരമായി തീർന്നിട്ടുണ്ട്. അതിന്റെ ചുവട്ടിലാണ് അപ്പൂപ്പൻ ഇരിക്കുന്നത്. രാവിലെയും വൈകിട്ടും വൈഗയുടെ കണ്ണുകൾ അപ്പൂപ്പനെ തിരയാറുണ്ട്. മറ്റുള്ളവർ ഭിക്ഷ ചോദിക്കുമ്പോൾ ഈ അപ്പൂപ്പൻ ആരുടെ മുന്നിലും കൈനീട്ടാറില്ല, ചോദിക്കാറുമില്ല, എന്നാൽ കൊടുക്കുന്നത് സ്വീകരിക്കും. പതിയെ പതിയെ എന്നും കടന്നു പോകുമ്പോൾ വൈഗ ചിരിക്കുവാൻ തുടങ്ങി.


"അപ്പൂപ്പൻ ചിക്കൻ കഴിക്കാറുണ്ടോ?"


സന്തോഷത്തോടെ അദ്ദേഹം തലയാട്ടി. സംസാരശേഷി ഇല്ലെന്നു തോന്നുന്നു, അവൾ താൻ കരുതിയ പൊതിയും വെള്ള കുപ്പിയും അപ്പൂപ്പന് നൽകി. വളരെയധികം ആഹ്‌ളാദത്തോടെ അദ്ദേഹം അവൾക്കു നേരെ കൈ കൂപ്പി. കഥകൾ പറയുന്ന കണ്ണുകളിൽ വല്ലാത്തൊരു തിളക്കവും ആഹ്‌ളാദവും അവൾ കണ്ടു.അവൾക്കെന്തോ സങ്കടം തോന്നി. വൈഗ ചിരിച്ചിട്ട് തിരികെ നടന്നു, വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോഴും അവളുടെ മനസ്സിൽ ആ തിളങ്ങുന്ന കണ്ണുകളായിരുന്നു. യാചകർക്ക് ചില്ലറത്തുട്ടുകൾ നൽകാറുണ്ടെങ്കിലും ജീവിതത്തിൽ ആദ്യമായാണ് ഭക്ഷണം നൽകുന്നത്. എത്രയധികം ഭക്ഷണമാണ് വീട്ടിൽ പാഴാക്കി കൊണ്ടിരിക്കുന്നത്. ഞങ്ങൾക്കൊന്നും തോന്നാത്ത വികാരമാണ് ഒരു പൊതി കിട്ടിയപ്പോൾ അദ്ദേഹത്തിൽ കണ്ടത്.


വല്ലപ്പോഴും കൊടുക്കുന്ന അഞ്ചുരൂപാ തുട്ടിനേക്കാൾ നല്ലത് നമ്മൾ കളയാൻ പോകുന്ന ഒരു നേരത്തെ ആഹാരം തന്നെയാണ്, കാരണം ചില്ലറ നൽകുമ്പോൾ കാണാത്ത ആഹ്‌ളാദവും,തിളക്കവും അന്നം കൊടുക്കുമ്പോൾ നമുക്ക് കാണാൻ സാധിക്കുമെന്ന് വൈഗക്ക് മനസ്സിലായി. അവളുടെ കണ്ണുകളറിയാതെ നിറഞ്ഞു.


Rate this content
Log in

Similar malayalam story from Drama