സ്വപ്നച്ചിറകുകൾ
സ്വപ്നച്ചിറകുകൾ


"ഇക്കൊല്ലത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ ശാലിനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്." അധ്യക്ഷനായ ദേവദാസ് സംസാരിച്ചു തുടങ്ങി.
ശാലിനിയുടെ അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അത് കൊണ്ട് തന്നെ ശാലിനിയുടെ ആഗ്രഹം അധ്യാപികയാവാനായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന ശാലിനി അധ്യാപകർക്ക് പ്രിയങ്കരിയായിരുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് അവൾക്കു ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചു കൊടുത്തു. പക്ഷെ ഒരു കാറപകടത്തിന്റെ രൂപത്തിൽ വിധി അവളുടെ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്ത്തി. തിരുപ്പതി ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്നവഴിക്ക് ഉണ്ടായ അപകടത്തിൽ അച്ഛനും അമ്മയും നഷ്ട്ടപെട്ട് ബോധമില്ലാതെ ആറു മാസം ആശുപത്രിക്കിടക്കയിൽ. ഒടുവിൽ ബോധം വന്നപ്പോൾ ഒരിക്കലും നടക്കാൻ പറ്റാത്ത വിധം കാലുകൾക്കു മുറിവേറ്റു എന്ന സത്യം വേദനയോടെ തിരിച്ചറിഞ്ഞു. കരഞ്ഞില്ല. പകരം തന്റെ സ്വപ്നമായിരുന്ന അധ്യാപനം എന്ന ജോലി സ്വന്തമാക്കാൻ തീരുമാനിച്ചു. ആ പരിശ്രമത്തിന് താങ്ങും തണലുമായി പ്രിയപ്പെട്ട അധ്യാപകരും കൂട്ടുകാരും ഉണ്ടായിരുന്നു. ഒടുവിൽ താൻ പഠിച്ച സ്കൂളിൽ തന്നെ ജോലി കിട്ടിയപ്പ
ോൾ ഉണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
കുട്ടികളെ ഏറെ ഇഷ്ടമായിരുന്നതുകൊണ്ടും അവരോടുള്ള പെരുമാറ്റം കൊണ്ടും അധികം വൈകാതെ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രീതി സമ്പാദിക്കാൻ ശാലിനിക്ക് കഴിഞ്ഞു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിയാതെ കുടുംബം പോറ്റാൻ കൂലിപ്പണി ചെയ്യുന്ന കുട്ടികളെപ്പറ്റി അറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ മനസ്സ് പറഞ്ഞു; ചെയ്തു. ആ കുട്ടികൾ ആദ്യമായി സ്കൂളിൽ പോകുന്ന ദിവസം അനുഗ്രഹം വാങ്ങാൻ വന്നതും, പഠിച്ചു നല്ല നിലയിൽ എത്തി കുടുംബത്തെ സംരക്ഷിക്കുമെന്ന് പറഞ്ഞപ്പോൾ അറിയാതെ തന്റെ കണ്ണ് നിറഞ്ഞതുമെല്ലാം ഒരു ചടങ്ങിനിടെ പറഞ്ഞതായി ഓർക്കുന്നു. എല്ലാം അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം, പ്രാർത്ഥന.
"ഇനി ശാലിനിയെ രണ്ടു വാക്ക് സംസാരിക്കാൻ ഈ വേദിയിലേക്ക് സ്നേഹത്തോടെയും അഭിമാനത്തോടെയും ക്ഷണിക്കുന്നു." അധ്യക്ഷന്റെ വാക്കുകൾ ശാലിനിയെ ചിന്തകളിൽ നിന്നുണർത്തി. സംസാരിക്കാൻ ഏറെയുണ്ടെങ്കിലും വാക്കുകൾ കിട്ടാത്തപ്പോലെ. ക്രച്ചസിന്റെ സഹായത്തോടെ എഴുന്നേറ്റപ്പോൾ തന്റെ കൈപിടിച്ച് നടത്താൻ കുട്ടിക്കാലത്തിലെന്നപോലെ അച്ഛനും അമ്മയും ഉള്ളതായി ശാലിനിക്ക് തോന്നി.