മാഞ്ഞുപോയ സ്നേഹം
മാഞ്ഞുപോയ സ്നേഹം


"സത്യേ, നീ ഒരുങ്ങിയില്ലെ?" അശോക് താഴെ നിന്ന് വിളിച്ചു.
"ദാ വരുന്നു. മോളെ നീ റെഡിയായോ?"
"ഞാൻ റെഡി." ആര്യ മറുപടി പറഞ്ഞു. മൂന്നുപേരും കതകു പൂട്ടി കാറിൽ കയറി.
"നമ്മൾ ലേറ്റ് ആകുമോ?"
"ഏയ് ഇല്ല. മൂന്ന് മണിക്കൂർ യാത്ര. പെട്ടെന്ന് അവിടെ എത്തും."
കാർ മുൻപോട്ട് നീങ്ങിയപ്പോൾ സത്യാ ഓർമ്മകളിലേക്കു ആഴ്ന്നു പോയി.
അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിക്കുമ്പോൾ സത്യയുടെ ഏട്ടൻ രുദ്രയ്ക്ക് 8 വയസ്സും സത്യക്ക് നാല് വയസ്സുമായിരുന്നു. പിന്നെ തറവാട്ടിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു താമസം. കുട്ടിക്കാലം മുതലേ പട്ടാളത്തിൽ ചേരണമെന്നായിരുന്നു ഏട്ടന്റെ ആഗ്രഹം. ബിരുദം പൂർത്തിയാക്കി അതിന്റെ പരിശീലനത്തിനായി പോകുകയും ചെയ്തു. അവിടെ വെച്ചാണ് അമൃതയെ പരിചയപെടുന്നത്. അടുത്ത ലീവിന് അമൃതയെ ഏട്ടൻ കൂടെ കൂട്ടി, പരിചയപെടുത്തി, വിവാഹത്തെ കുറിച്ച് സംസാരിച്ചു. അടുത്ത ലീവിന് ഇരു കൂട്ടരുടെയും സമ്മതത്തോടെ വിവാഹം നടത്തി. രണ്ട് വർഷത്തിന് ശേഷമാണ് ആര്യയുടെ ജനനം. പിന്നെ അവളുടെ കളിയും ചിരിയുമായി തറവാട് നിറഞ്ഞു . അച്ഛനും അമ്മയും അടുത്തില്ലാത്തതിന്റെ കുറവ് അറിയിക്കാതെ അവളെ വളർത്തി. കുറച്ചു നാളിന് ശേഷമാണ് എല്ലാം തകർത്ത ആ വാർത്ത വരുന്നത്. അതിർത്തിയിലുണ്ടായ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. ആ കൂട്ടത്തിൽ ഏട്ടനും ഏട്ടത്തിയും. പിന്നെ അവരുടെ ശവശരീരം ഇന്ത്യൻ പതാകയിൽ പുതപ്പിച്ച് മറ്റുള്ള 18 പട്ടാളക്കാരോടൊപ്പം ഔദ്യോഗിക ബഹുമതികൾ നൽകി സംസ്കരിക്കാൻ ബന്ധുക്കളും മറ്റു പട്ടാളക്കാരും മരിച്ച പട്ടാളക്കാരുടെ ബന്ധുക്കളും ഒത്തു കൂടിയപ്പോൾ ആര്യ മാത്രം എന്തിനാണ് എല്ലാവരും കരയുന്നത് എന്നറിയാതെ പരിഭ്രമിച്ച് നിൽക്കുകയാണ്. അന്ന് മുതൽ അവളായിരുന്നു ലോകം.
പക്ഷെ ഒരു ദിവസം മുത്തച്ഛൻ അവളോട് ചോദിച്ചു " മോളെ നിനക്കൊരു ജീവിതം വേണ്ടേ? ആര്യയെ നോക്കാൻ വേണ്ടി നീ നിന്റെ ജീവിതം ഇല്ലാതാക്കി കളയരുത്."
" മുത്തച്ഛാ, എന്റെ ഏട്ടൻ അച്ഛനും അമ്മയും ഇല്ലാത്ത കുറവറിയിക്കാതെയാണ് എന്നെ നോക്കിയത്. അപ്പൊ ഞാൻ ആ ഏട്ടന്റെ മോളെ അതുപോലെ നോക്കേണ്ടേ. ഇക്കാര്യത്തിൽ മാത്രം മുത്തച്ഛൻ എന്നെ നിർബന്ധിക്കരുത്."
ഒരാഴ്ച കഴിഞ്ഞ് മുത്തശ്ശിയും സത്യയെ കല്യാണകാര്യം ഓർമിപ്പിച്ചു.
"നിനക്ക് പറ്റിയ നല്ലൊരാലോചന വന്നിട്ടുണ്ട്. ഇവിടെ അടുത്തുള്ള പയ്യനാ, നീ ഒന്ന് കാണുകയെങ്കിലും ചെയ്യ്." മുത്തശ്ശിയുടെ നിർബന്ധപ്രകാരം അശോകിനെ തറവാട്ടിലേക്കു വിളിച്ചു. തീർത്തും കാഴ്ച്ചയിൽ സുന്ദരനും എല്ലാ സ്വഭാവഗുണങ്ങളുമുള്ള ചെറുപ്പക്കാരൻ.
"അശോക്, നിങ്ങൾ എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കും. ആര്യ എന്റെ മകൾ തന്നെയാണ്. അവളെ ഒഴിവാക്കികൊണ്ടുള്ള ഒരു ജീവിതത്തിന് ഞാൻ തയാറല്ല."
"എനിക്കും സത്യയെ ആര്യയില്ലാതെ സ്വീകരിക്കാൻ കഴിയില്ലെങ്കിലോ?"
അന്നത് വെറുതെയാണെന്നു തോന്നിയെങ്കിലും ഇന്ന് വരെ ആ വാക്ക് തെറ്റിച്ചിട്ടില്ല. രണ്ടാമതൊരു കുട്ടിയെപ്പറ്റി ചോദിച്ചവരോട് ആര്യക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ അതിനെ കുറിച്ച് ആലോചിക്കാമെന്നു പറഞ്ഞു. ഇപ്പോൾ ഈ യാത്ര ഏട്ടനെയും ഏട്ടത്തിയെയും കാണണം. ആര്യയുടെ എല്ലാ പിറന്നാളിനുമുള്ള പതിവാണ്.
"സത്യേ സ്ഥലമെത്തി. ഇറങ്ങിക്കോ." ആര്യക്കും അശോകിനുമൊപ്പം അവൾ ഏട്ടന്റെയും ഏട്ടത്തിയുടെയും കുഴിമാടത്തിനരികിലെത്തി. അച്ഛനുമമ്മയ്ക്കുമൊപ്പമാണ് അവരെ അടക്കിയിരിക്കുന്നത്. ഏട്ടൻ മുമ്പ് കളിയായി പറയുമായിരുന്നു, "സത്യേ നിന്നോട് ഞാനിതുവരെ ഒന്നും ചോദിച്ചിട്ടില്ല. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. ഞാനെങ്ങാനും അതിർത്തിയിൽ അപകടത്തിൽപ്പെട്ട് മരിച്ചാൽ എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്ത് അടക്കണം." അപ്പോൾ ഏട്ടത്തി പറഞ്ഞു, "ആഹാ! അപ്പൊ ഞാൻ മരിച്ചാൽ എന്നെ നിന്റെ ഏട്ടന്റെ അടുത്ത് അടക്കിയാൽ മതി." അന്ന് ചിരിച്ച് തള്ളിയെങ്കിലും ഇന്ന് അവരുടെ അടുത്ത് നിൽക്കുമ്പോൾ സത്യ മനസ്സിൽ പറഞ്ഞു, 'അച്ഛാ അമ്മേ നിങ്ങളുടെ കൊച്ചുമോൾ കാണാൻ വന്നിരിക്കുന്നു. ഏട്ടാ ഏട്ടത്തി ആര്യയെ ഞാൻ നന്നായി നോക്കുന്നുണ്ട്. എങ്കിലും നിങ്ങളുടെ കുറവ് എനിക്ക് ഒരിക്കലും നികത്താനാവില്ലല്ലോ.'
"അമ്മേ," ആര്യയുടെ വിളി അവളെ ചിന്തയിൽ നിന്നുണർത്തി.
"വാ സത്യ നമുക്ക് മുത്തച്ഛനെയും മുത്തശ്ശിയെയും കാണാം." അശോക് പറഞ്ഞു.
തിരിഞ്ഞു നടക്കുമ്പോൾ അറിയാതെ സത്യയുടെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ ഒരിളം കാറ്റ് അവരെ തഴുകി. അത് അവളുടെ ഏട്ടന്റെ സാന്ത്വനമാകാം. ഒരിക്കലും കുഞ്ഞനിയത്തിയുടെ കണ്ണുകൾ നിറയുന്നത് രുദ്രയ്ക്ക് സഹിക്കില്ലല്ലോ. അത് സത്യയുടെ മനസ്സിന് ഒരു സാന്ത്വനമായിരുന്നു. ഏട്ടനും ഏട്ടത്തിയും ആര്യയെക്കുറിച്ച് കണ്ട സ്വപ്നങ്ങളും അതിലധികവും നേടാൻ അവൾക്കു കഴിയണം. അതിനുവേണ്ടിയാണു ഇനി തന്റെ പരിശ്രമം.