സ്നേഹബന്ധനം
സ്നേഹബന്ധനം


രാവിലെ ഉണർന്നപ്പോൾ നല്ല ഉത്സാഹം തോന്നി. ചായയുമായി പത്രം വായിക്കാൻ വരാന്തയിൽ ചെന്നപ്പോൾ കണ്ടത് തലേന്ന് മകൾ തയ്യാറാക്കിവെച്ച അനുജന് വേണ്ടിയുള്ള രക്ഷാബന്ധൻ സമ്മാനമാണ്. അത് മെല്ലെ കൈയിലെടുത്ത് മകളുടെ മുറിയിലേക്ക് ചെന്നു.
അമ്മു കുളികഴിഞ്ഞു അമ്പലത്തിൽ പോകാൻ ഇറങ്ങുന്നു. ഈ സമ്മാനം അമ്മുവിനെ കാണിച്ചപ്പോൾ അവൾക്കു അത്ഭുതം.
"അമ്മക്ക് എവിടന്നു കിട്ടി?"
"അതൊക്കെയുണ്ട്. നിനക്ക് ഇതിനെക്കുറിച്ച് എങ്ങനെയറിയാം?"
"ഞങ്ങളുടെ പുസ്തകത്തിലുണ്ടമ്മേ."
" ഉണ്ണിയെ വിളിക്കുന്നില്ലേ?"
"ഉം, നോക്കട്ടെ."
താഴെ ചെന്ന് ഉണ്ണിയെ വിളിച്ചെണീപ്പിച്ചു. അമ്മു അമ്പലത്തിൽ പോയി വന്ന് ഉണ്ണിയുടെ കൈയിൽ രാഖി കെട്ടികൊടുത്തു. അവൻ അത് തിരിച്ചും മറിച്ചും നോക്കുന്നുണ്ട്. അപ്പോഴാണ് അവർ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് തോന്നിയത്.
വർഷങ്ങൾക്കു മുൻപുള്ള എന്റെ ഗ്രാമം. തറവാടിന്റെ മുകളിലെ കോലായിൽ നിന്ന് ദൂരെ പാടത്തേക്ക് നോക്കിയിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെ. വരമ്പത്തു കൂടി നടന്നുവരുന്ന എന്റെ കൂട്ടുകാരി ബിന്ദു. അവളെ കണ്ട് ഗോവണി വഴി ഇറങ്ങി വന്നപ്പോൾ കണ്ടത് അമ്മയുടെ വാടിയ മുഖം. ചേട്ടന്റെ പടത്തിന് മുൻപിൽ നിന്ന് കരയുകയായിരുന്നു അമ്മ. ബിന്ദുവിനെ കണ്ടതും അമ്മ കണ്ണ് തുടച്ചു.
"മോളെ കണ്ടിട്ട് കുറേ നാളായല്ലോ? നിങ്ങൾ സംസാരിച്ചിരിക്ക്."
" ആ ഫോട്ടോയിൽ കാണുന്നത് ആരാണ്?"
"എന്റേയേട്ടൻ. "
"ഞാനിതു വരെ കണ്ടിട്ടില്ലല്ലോ. നീയെന്നോട് പറഞ്ഞിട്ടുമില്ല." ഞാൻ ഓർത്തു. ശരിയാണ് പറഞ്ഞിട്ടില്ല. അവളോട് മാത്രമല്ല ആരോടും. അച്ഛന്റെയും അമ്മയുടെയും എന്റെയും തീരാ വേദനകളിലൊന്നാണത്. അത് ഞങ്ങളിൽ തന്നെ ഒതുങ്ങട്ടെ എന്ന് കരുതി.
എന്റെ ഏട്ടൻ, കൃഷ്ണകുമാർ. ഞാനും ഏട്ടനും തമ്മിൽ മൂന്ന് വയസ്സിന്റെ വ
്യത്യാസമുണ്ടായിരുന്നു. ഓരോ ചെറിയ കാര്യത്തിനും വേണ്ടി വാശിപിടിക്കുന്ന എനിക്ക് എന്തും സാധിച്ച് തരുന്ന എന്റെ ഏട്ടൻ. ഒരു രക്ഷാബന്ധൻ ദിവസം രാവിലെ ഉറക്കമുണർന്ന് കുളിച്ചിട്ട് അമ്പലത്തിൽ പോയി. അന്ന് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. മെല്ലെ വന്ന് ഏട്ടന്റെ കണ്ണുപൊത്തി കിടക്കയിൽ വെച്ച് തന്നെ രാഖി കെട്ടി. അമ്മ ഏട്ടനോട് കുളിച്ചു വൃത്തിയായി വരാൻ പറഞ്ഞു. അപ്പോൾ ഏട്ടന് ഒരേ നിർബന്ധം, ക്ഷേത്രകുളത്തിൽ കുളിക്കണമെന്ന്. അമ്മ എതിർത്തു. ഏട്ടന് വാശി. നല്ലൊരു ദിവസമായിട്ട് വിഷമിപ്പിക്കണ്ടാന്ന് പറഞ്ഞു അച്ഛൻ. വന്നിട്ട് ഒരു സമ്മാനം തരാമെന്ന് പറഞ്ഞിട്ടാണ് ഏട്ടൻ പോയത്. എറേനേരമായിട്ടും കണ്ടില്ല. അപ്പോഴാണ് പുറംപണിക്കായി വരാറുള്ള ചന്ദ്രൻ മാമൻ ഓടിവരുന്നത്. കിതക്കുന്ന മാമനെ കണ്ട് പേടിച്ച അമ്മ ചോദിച്ചു, "എന്ത് പറ്റി ചന്ദ്രാ? "
"ചേച്ചി ഇവിടുത്തെ ഉണ്ണി അമ്പലകുളത്തിൽ വീണു."
"അയ്യോ!"
അമ്മയുടെ നിലവിളി. പിന്നെ ബോധമില്ലാതെ ഏറെ നേരം. പിന്നീട് ഏട്ടനില്ലാതെ എത്രയോ രക്ഷാബന്ധൻ വന്നുപോയി. ജീവിതത്തിന്റെ പാതിവഴിയിൽ കൊഴിഞ്ഞുപോയ ആ സ്നേഹബന്ധത്തിന്റെ വില കണ്ണീരോടെ ഏറെ സന്ദർഭങ്ങളിൽ ഓർത്തു കരഞ്ഞിട്ടുണ്ട്.
ഏറെ താത്പര്യത്തോടെ, കൗതുകത്തോടെ കേൾക്കുകയാണ് അമ്മുവും ഉണ്ണിയും.
"മോനെ ഉണ്ണി, ചേച്ചി ഇന്ന് ഈ ചരട് കൈയിൽ കെട്ടിയത് എന്തിനാണെന്ന് അറിയാമോ? "
" ഉം. ഇന്ന് രക്ഷബന്ധനല്ലേ?"
"അതിന്റെ പ്രാധാന്യം എന്താണെന്നാൽ എന്ത് പ്രതിസന്ധി നിന്റെ ചേച്ചിക്ക് വന്നാലും അത് വലുതായാലും ചെറുതായാലും നീ അവളെ സംരക്ഷിക്കണം, സഹായിക്കണം ഒപ്പം നിൽക്കണം. "
അവന് അത് എത്രത്തോളം മനസ്സിലായിട്ടുണ്ടെന്നു അറിയില്ല. എങ്കിലും ഒരു പേടി മനസ്സിൽ ബാക്കിയാകുന്നു. നിർഭയയെ പിച്ചിച്ചീന്തിയവരുടെയും കൈകളിൽ ഒരിക്കൽ രാഖി കെട്ടിയിട്ടുണ്ടാവണം. പക്ഷെ അവർ സഹോദരിയേപ്പോലെ കാണേണ്ട ആ കുട്ടിയെ നശിപ്പിച്ചു. ഇനിയും അങ്ങനെ എന്തെങ്കിലും ഉണ്ടാകുമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കാൻ അവരുടെ സഹോദരന്മാർക്ക് കഴിയുമോ? കഴിയണം. അതാണ് ബന്ധത്തിന്റെ ആഴം, ബന്ധനത്തിന്റെയും.