Hibon Chacko

Drama Crime Thriller

3  

Hibon Chacko

Drama Crime Thriller

സംരക്ഷണം (ഭാഗം - 6)

സംരക്ഷണം (ഭാഗം - 6)

4 mins
186


"അർജ്ജുൻ... നിനക്കൊരു ജോലിയുണ്ട്. നിന്റെ ഏരിയയിൽത്തന്നെ കുറച്ചുമാറി ഒരു മിസിസ് പാർവ്വതിയുടെ കേസ് ഒന്ന് നോക്കണം. ഒഫീഷ്യലായി നോക്കിക്കോ, പക്ഷെ എനിക്കുവേണ്ടിയായിരിക്കണമെന്നു മാത്രം! കമ്മീഷണർക്കും മറ്റുമൊക്കെ... എന്നുവേണ്ട, എനിക്കു തന്നെ വേണ്ടപ്പെട്ടൊരു കേസാ. ജസ്റ്റ് നീയൊന്നു നോക്ക്... ബാക്കി ഡീറ്റെയിൽസ് എല്ലാം സ്റ്റേഷനിൽ റെഡിയാക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. എത്രയുംവേഗം എല്ലാം കഴിച്ച് എനിക്ക് റിപ്പോർട്ട് തരണം നീ."

എല്ലാം ശ്രദ്ധയോടെ കേട്ടശേഷം അർജ്ജുൻ മനസ്സിൽ ചിരിച്ചു കൊണ്ട് മറുപടി നൽകി;

"ഓക്കേ സാർ."

മറുപടി കേട്ടയുടൻ ഐ.ജി. അങ്ങേത്തലയ്ക്കൽ കോൾ കട്ട് ചെയ്തു. അവൻ ഒരുനിമിഷമൊന്നാലോചിച്ചുനിന്നശേഷം പെട്ടെന്ന് കിച്ചണിലേക്കു ചെന്നു.


"എന്താ...? എന്തുപറ്റി... വീണേ...?"

കിച്ചണിലെത്തി അമ്മയെയും വീണയെയും മാറി മാറി നോക്കി അവൻ നെറ്റി ചുളിപ്പിച്ചു ഇങ്ങനെ ചോദിച്ചു. ജോലി തുടർന്നിരുന്ന ഭവാനിയമ്മയുടെ ഭാഗത്തു നിന്നും മറുപടിയൊന്നുമില്ലെന്നു കണ്ടതോടെ അവൾ ശബ്ദിച്ചു;

"പ്ളേറ്റ് കൊഞ്ചം ഉടൻജ്ജെ...,യേതും യില്ളേ."

അവൻ ഫ്ലോറിലേക്കു നോക്കിയപ്പോൾ അവിടെയായി ചിതറിയ പ്ളേറ്റുകഷണങ്ങൾ കിടക്കുന്നതു കണ്ടു. അത് എടുത്തുകളയുവാനായി അവൻ തുനിഞ്ഞപ്പോഴേക്കും ഭവാനിയമ്മ അല്പം ഉച്ചത്തിൽ, തന്റെ ജോലി തുടരെത്തന്നെ പറഞ്ഞു;

"വേഗം റെഡിയായി ഡ്യൂട്ടിക്ക് പോകുവാൻ നോക്ക്. അത് ഞാൻ വാരിക്കളഞ്ഞുകൊള്ളാം."

അവൻ അവളുടെ മുഖത്തേക്ക് ചെറുചിരിയോടെ നോക്കി. അവളും ചിരിയടക്കികൊണ്ടു പറഞ്ഞു;

"ശീക്രം കൊഞ്ചം റെഡിയാ വാ..."

   

അവൻ റെഡിയായി ബ്രേക്‌ഫാസ്റ് കഴിക്കുമ്പോഴേക്കും ഭവാനിയമ്മ ചിതറിയ പ്ളേറ്റിൻകഷണങ്ങൾ ക്ലിയർ ചെയ്തിരുന്നു. കോൺസ്റ്റബിൾ രാമചന്ദ്രൻ പതിവുപോലെ എത്തിയതോടെ ലഞ്ചുവെച്ച ഹാൻഡ്ബാഗ് വീണയുടെ കൈയിൽനിന്നും വാങ്ങി, അവളുടെ ചെവിയിലൊരു 'ഐ.ലവ്.യൂ' പറഞ്ഞു, വീടുകേൾക്കെയൊരു യാത്രപറഞ്ഞവൻ ഇറങ്ങി, അർജ്ജുൻ. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടു ഭവാനിയമ്മ ചെറുദേഷ്യം ഭാവിച്ചു എന്നമട്ടിൽ ഡൈനിങ്ടേബിൾ ക്ലിയർ ചെയ്യുകയായിരുന്നു.

"സ്റ്റേഷനിൽ ഫയൽ വല്ലതും റെഡിയായോ ചേട്ടാ?"

ബൊലേറോ വഴിയിലേക്കിറങ്ങിയതോടെ അർജ്ജുൻ ചോദിച്ചു.

"എസ്‌.ഐ. യും കൂടെ രണ്ടുപേരും എന്തെല്ലാമോ തട്ടിക്കൂട്ടുന്നത്‌ കണ്ടു കുഞ്ഞേ. പലയിടത്തു നിന്നും പലതരം വിളികൾ 

ഇതിനിടയ്ക്ക് വരുന്നത് കണ്ടു."

രാമചന്ദ്രന്റെ ഈ മറുപടി കേട്ടശേഷം നീട്ടിയൊരു ചിരിയോടെ അവൻ പറഞ്ഞു;

"ആസ് യൂഷ്വൽ."

   

തിരക്കേറിയ റോഡുകളും കവലകളും പിന്നിട്ട് വാഹനം സ്റേഷനിലെത്തും വരെ നിശബ്ദത മുറിയ്ക്കുവാൻ അർജ്ജുനോ രാമചന്ദ്രനോ സാധിച്ചിരുന്നില്ല. തന്റെ ക്യാബിനിലെത്തിയതും ടേബിളിൽ ഉണ്ടായിരുന്ന പുതിയ ഫയൽ തുറന്നു നോക്കുവാൻ അവൻ അമാന്തിച്ചില്ല. ആദ്യമായി അതിലൊരു റിപ്പോർട്ട് ആയിരുന്നു ഉണ്ടായിരുന്നത്. അവൻ വേഗമത് വായിച്ചു തീർത്തു. അടുത്തതായി കേസുമായി ബന്ധപ്പെട്ട ചില ഹിസ്റ്ററി നോട്സും പരാതിക്കാരുടെയും സാക്ഷികളുടേതുമൊക്കെ അടങ്ങുന്ന ചില പേപ്പേഴ്സ് ആയിരുന്നു. അവയെല്ലാമൊന്ന് ഓടിച്ചു നോക്കിയ ശേഷം വലിയ ശബ്‍ദത്തോടെ അർജ്ജുൻ ആ ഫയൽ ടേബിളിലേക്കിട്ടു. ഒന്ന് നിശ്വസിച്ചശേഷം ബെൽ റിങ് ചെയ്തു അവൻ.

"എന്തായിരുന്നു സാർ?"

ചോദ്യത്തോടെ എ.എസ്‌.ഐ കയറിവന്നു ക്യാബിനിലേക്ക്.

"ആ... ലതച്ചേച്ചിയോടു ഒന്ന് റെഡിയാകുവാൻ പറയ്‌. കുറച്ചുപേരെ കാണുവാനുണ്ട്. വേറെയാരും വേണമെന്നില്ല... വേഗം വേണം."

തന്റെ ചെയറിലേക്കിരുന്നുകൊണ്ടു അവൻ മറുപടി നൽകി.

"ശരി സാർ."

   

മറുപടിയോടെ എ.എസ്‌.ഐ. ക്യാബിൻ വിട്ടു. അപ്പോഴേക്കും ടേബിളിലെ ടെലിഫോൺ റിങ് ചെയ്തു;

"ഫയൽ എല്ലാം കണ്ടല്ലോ അല്ലെ...?"

ഫോണിൽ ഐ.ജി. ആണ്.

"സാർ, കണ്ടു. ഞാനുടൻ ഇറങ്ങും..."

അർജ്ജുൻ മറുപടി നൽകി.

"ഒന്നും മറക്കുവാൻ നിൽക്കേണ്ട. ഒന്ന്...പോയി വാ. ബാക്കി പിന്നെ,"

ലാഘവംകലർന്ന ആജ്ഞയോടെ മറുപടി നൽകി ഐ.ജി. കോൾ കട്ട് ചെയ്തു.

   

അപ്പോഴേക്കും കോൺസ്റ്റബിൾ ലതാകുമാരി ക്യാബിനിൽ ഹാജരായി. 'പോകാം' എന്ന അർഥത്തിൽ ആംഗ്യംകാണിച്ചുകൊണ്ടു അർജ്ജുൻ പറഞ്ഞു;

"ഒരു കേസ് ഉണ്ട്. അറ്റൻഡ് ചെയ്‌താൽ മതി. എ-റ്റു-സ്ഡ് ഫയലിലുണ്ട്...വാ."

രാമചന്ദ്രൻ ബൊലേറോ സ്റ്റാർട്ട് ചെയ്യുന്ന കൂട്ടത്തിലവൻ പറഞ്ഞു;

"വഴിയിലേക്കിറങ്ങി ജങ്ഷനിൽച്ചെന്നു റൈറ്റ്."

'ശരി' എന്ന അർഥത്തിൽ തലയാട്ടി അയാൾ വാഹനം ചലിപ്പിച്ചു.


ജങ്ഷനിലെ ട്രാഫിക്കിൽ കുരുങ്ങിയസമയം അർജ്ജുൻ പറഞ്ഞു;

"ഒരുകണക്കിന് തലയ്ക്കുമുകളിൽ പ്രഷർ ഉള്ളത് എന്തു കൊണ്ടും നന്നായി. ഇല്ലേൽ തലപുകഞ്ഞു പിറകെ പോകണം. ഇവിടെ ചാർജ് എടുത്തപ്പോൾതൊട്ട് ഞാൻ ഹാപ്പിയാ ഒരുതരത്തിൽ.."

 ഉടനെ ട്രാഫിക് ഒതുങ്ങി. ഹോൺ മുഴക്കി വാഹനം റൈറ്റിലേക്കെടുക്കുമ്പോൾ രാമചന്ദ്രൻ പറഞ്ഞു;

"അതു ശരിയാ സാർ."

ഇതോടൊപ്പം ലതാകുമാരിയും ഒന്ന് മന്ദഹസിച്ചു. ഉടനെ അവൻ പറഞ്ഞു;

"പക്ഷെ, എനിക്കാണേൽ തലയ്ക്കുമേലെ പ്രഷർ വന്നാൽ തലപുകയും. അതുകൊണ്ട്‌... അത്രയ്ക്കങ്ങു രസം തോന്നുന്നില്ല തൽക്കാലം. രാമചന്ദ്രൻ... നേരെ പോകട്ടെ."

വാഹനത്തിനു വഴികാണിച്ചു അവൻ തന്റെ വാചകങ്ങൾ അവസാനിപ്പിച്ചു. റോഡിലെ തിരക്ക് കുറഞ്ഞതോടെ ബൊലേറോ ചീറിപ്പാഞ്ഞു.


» » »

   

കോളിംഗ്ബെൽ മുഴങ്ങുന്നതു കേട്ടു കിച്ചണിൽ ജാനമ്മയോടൊപ്പമായിരുന്ന പാർവ്വതി വന്നു ഡോർ തുറന്നു.

"മിസ്റ്റർ ഹരി നാരായൺ ഉണ്ടോ?"

തന്നോളം പോന്ന മറ്റൊരു യുവതിയായിരുന്നു വാതിൽക്കൽ. മോഡേൺ വേഷധാരിയായിരുന്ന ആ യുവതിയോട് എന്തു പറയണം എന്ന് ചിന്തിക്കുവാനാഞ്ഞപ്പോൾ പിന്നിൽനിന്നും ഹരി ശബ്ദിച്ചു;

"ഹേയ്... ഡിയർ, കേറി വാ..."

അനുവാദം കിട്ടിയതു പോലെ ചിരിച്ചു കൊണ്ട് യുവതി പാർവ്വതിയെ മറി കടന്നു അകത്തേക്കു കയറി. അവൾ ഹാളിലേക്ക് തിരിഞ്ഞതും ജാനമ്മ ചിരിച്ചുകൊണ്ട് യുവതിയുടെയും ഹരിയുടെയും ഇടയിലേക്ക് എത്തി.

"കൂൾ ആയിട്ടെന്തേലും വേഗം എടുക്കു..."

   

ഹരി ജാനമ്മയോടു പറഞ്ഞു. അവർ അനുസരണയോടെ കിച്ചണിലേക്കു പോയി. എന്തുചെയ്യണമെന്നറിയാതെ വാതിൽക്കൽത്തന്നെ നിന്നുപോയ പാർവ്വതിയെ ഗൗനിക്കാതെ ഹരിയും യുവതിയും മുകളിലെ നിലയിലേക്ക് നടന്നുകയറി. തന്റെ കണ്ണുകളടഞ്ഞു പോകും പോലെയായി അവൾക്ക്‌. രക്ഷയില്ലാതെ തന്റെ ടാബ്ലറ്റ്സിനായി അവൾ പരതി നടന്നു. ടാബ്ലറ്റ്സ് കഴിച്ചശേഷം തളർച്ചയോടെ അവൾ ഹാളിലെ സോഫയിലിരുന്നു പോയി. മെല്ലെ തന്റെ കണ്ണുകൾ അടഞ്ഞു പോകുമ്പോഴേക്കും രണ്ടു ഗ്ലാസ്സുകളിൽ ജ്യൂസുമായി ജാനമ്മ സ്റ്റെയർകേസ് കയറുന്നത്‌ അവൾ കണ്ടു.

   

പിന്നീടവൾ കണ്ണുതുറക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. ഉച്ചകഴിഞ്ഞതോടെ ഉറങ്ങിയിരുന്ന അവൾ എഴുന്നേറ്റവഴി സർവശക്തിയും സംഭരിച്ചു ഹരിയെ തേടി സ്റ്റെയർകേസ് കയറി. തന്റെയും ഹരിയുടെയും കിടപ്പറ അകത്തുനിന്നും ലോക്ക് ചെയ്തതായി കാണപ്പെട്ട അവൾ ഡോറിൽ ശക്തിയോടെ കൊട്ടി. അല്പസമയശേഷം ഉറക്കത്തിൽനിന്നെന്നപോലെ ഹരി എഴുന്നേറ്റു വന്നു ഡോർ തുറന്നു. ഒരു ഷീറ്റുമാത്രം ഉടുത്തിരുന്ന അവന്റെ പിറകിൽ റൂമിലേക്ക് അവൾ ഒന്നേ നോക്കിയുള്ളൂ- ഉച്ചയോടെ എത്തിയ ആ യുവതി അർധനഗ്നയായി ഉറങ്ങുകയായിരുന്നു ബെഡിൽ.

   

'ബാസ്റ്റേർഡ്' എന്ന് അലറിക്കൊണ്ട് പാർവ്വതി അവനെ ഉന്തിമാറ്റി റൂമിലേക്ക് കയറി ബെഡ്‌ഡിൽനിന്നും യുവതയെ പിടിച്ചുവലിച്ചു താഴെയിട്ടു. 'വാട്ട്' എന്ന അർത്ഥത്തിൽ ഉറക്കച്ചടവോടെ നെറ്റിചുളിച്ച യുവതിയുടെ മുഖത്ത് അവൾ തന്റെ വലതുകരം പ്രയോഗിച്ചു. അടിയേറ്റു യുവതി ശബ്‌ദം പോലും ഉണ്ടാക്കാനാവാതെ നിലത്തേക്ക് വീണു.

   

ഇത്രയുമായതോടെ ദേഷ്യം കയറിയ ഹരി വേഗത്തിൽ വന്നു പാർവ്വതിയെ ഉന്തി നിലത്തിട്ടു. ശേഷം, നിലത്തുനിന്നും യുവതിയെ കോരിയെടുത്തു ബെഡിൽ കിടത്തി. ബോധരഹിതയായി കാണപ്പെട്ട യുവതിയെപ്രതി അവൻ പാർവ്വതിക്കുനേരെ തിരിഞ്ഞു. തന്റെ നാണം മറച്ചിരുന്ന ഷീറ്റ് ഊരിയെടുത്ത്, അതുപയോഗിച്ചു അവൻ അവളുടെ കഴുത്തിനുചുറ്റി ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നപ്പോഴേക്കും ബഹളം കേട്ടെന്നവണ്ണം ജാനമ്മ ഓടി റൂമിലേക്കെത്തി അവനെ ഒരുവിധത്തിൽ പിടിച്ചുമാറ്റി.

   

നിലത്തു കിടന്നു ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുമ്പോഴും 'ചീറ്റർ...ബാസ്റ്റേർഡ്...' എന്നിങ്ങനെ അവൾ നിലവിളിച്ചു ശബ്ദിച്ചുകൊണ്ടിരുന്നു. മുഖമാകെ രൗദ്രതയും പകയും നിഴലിപ്പിച്ചു കൊണ്ടു ഹരി ജാനമ്മയോടൊപ്പം നിൽക്കുകയായിരുന്നു ഈ നേരം. പാർവ്വതി എഴുന്നേൽക്കുവാൻ ശ്രമിക്കുന്നതു കണ്ട്‌ അവൻ വേഗത്തിൽച്ചെന്ന് അവളുടെ ഇരുകരണങ്ങളിലും തലങ്ങും വിലങ്ങും തല്ലി നിലത്തേക്കു വീഴ്ത്തി അവളെ. വായിലൂടെ അൽപാൽപമായി രക്തം ഒലിപ്പിച്ചു അവശയെപ്പോലെ അവൾ വീണിടത്തു കിടന്നു.

   

ദേഷ്യംതീരാതെ, പകയോടെ തുടർച്ചയായി അസഭ്യവാക്കുകൾ പറഞ്ഞുകൊണ്ട് ഹരി യുവതിയെ ബെഡ്‌ഡിൽ നിന്നും കോരിയെടുത്തു കൊണ്ടു റൂമിനു വെളിയിലേക്കു നടന്നു, ജാനമ്മയും. അവളുടെ മുഖത്തുകൂടി കണ്ണുനീരാകെ വാർന്നൊഴുകിത്തുടങ്ങി. താമസിയാതെ വലിയ വായിൽ നിലവിളിച്ചു തുടങ്ങി അവൾ. ഈ സമയം, പാർവ്വതിയെ ഗൗനിക്കേണ്ടെന്ന നിർദ്ദേശം ജാനമ്മക്കുനല്കി യുവതിയെയുംകൊണ്ട് തന്റെ കാറിൽ അവൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പുറപ്പെട്ടിരുന്നു.


» » »


"സാർ, പാർവ്വതിയും ഞാനും വളരെ ചെറുപ്പം മുതലേ ഫ്രണ്ട്സ് ആണ്. ഒരുമിച്ചു പഠിച്ചു എല്ലാം പങ്കുവെച്ചു വളർന്നു വന്നവരാ ഞങ്ങൾ."

തന്റെ മുന്നിലിരിക്കുന്ന സർക്കിൾ ഇൻസ്‌പെക്ടർ അർജ്ജുനോടും കോൺസ്റ്റബിൾ ലതാകുമാരിയോടുമായി സ്റ്റെഫി പറഞ്ഞു തുടങ്ങി. അവൾ തുടർന്നു;

"ചെറുപ്പം മുതലെ അവൾ വിഷാദത്തിനു അടിമയായിരുന്നു. അത് തിരിച്ചറിഞ്ഞു ഞാനവളെ സ്നേഹിച്ചു കെയർ ചെയ്തു

പോന്നിരുന്നതിനാൽ എനിക്ക്... ഞങ്ങൾക്കിടയിൽ അതൊരു പ്രശ്നമായിരുന്നില്ല. അവൾക്കെന്നെ പണ്ടേ വളരെ ഇഷ്ടമാണ്."

അപ്പോൾ അർജ്ജുൻ ചോദിച്ചു;

"ഹരിനാരായണന്റേയും പാർവ്വതിയുടേയും വിവാഹത്തേക്കുറിച്ചു എന്താണ് പറയുവാനുള്ളത്!?"

കാത്തിരുന്നെന്ന വ്യാജേന അവൾ മറുപടി പറഞ്ഞു തുടങ്ങി;

"സാറിനു അറിയാമായിരിക്കുമല്ലോ, അവളുടെ പേരന്റ്സ് രണ്ടുപേരും ഗവണ്മെന്റ് സർവ്വീസിലായിരുന്നു. ചെറുപ്പം മുതലെ ഇവളെ മനസ്സിലാക്കുന്നതിൽ അവർ വളരെ പിന്നോക്കമായിരുന്നു. അതിന്റേതായ പ്രശ്‍നങ്ങൾ അവൾക്കെപ്പോഴും ഒരുപാടുണ്ടായിരുന്നു. ഒരു വിവാഹത്തിന് ഒരുക്കമല്ലാതിരുന്ന അവളെ എതിർപ്പ് നോക്കാതെ നിർബ്ബന്ധപൂർവം ഹരിയെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു."


ഇത്തവണ ചോദ്യമുന്നയിച്ചതു ലതാകുമാരിയായിരുന്നു;

"അതിനുശേഷം എങ്ങനെയായിരുന്നു... നിങ്ങൾ തമ്മിലുള്ള അടുപ്പം!? മറയില്ലാതെ എല്ലാം പറഞ്ഞു കൊള്ളുക."

സ്റ്റെഫി പറഞ്ഞു തുടങ്ങി;

"അവൾക്കു നീതി ലഭിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നൊരാളാ ഞാൻ. ഒറ്റമകളായിരുന്നിട്ടും, എന്റെയത്രയും ആത്മാർത്ഥത അവളുടെ പേരന്റ്സിനു അവളോടുണ്ടാകുമെന്നു ഞാൻ ഒരിയ്ക്കലും കരുതുന്നില്ല. അവരുമായി സാർ 

സംസാരിച്ചെങ്കിൽ കൃത്യമായതു മനസ്സിലായിക്കാണുമെന്നു ഞാൻ വിചാരിക്കുന്നു. ഞങ്ങൾ ആദ്യം കാണുമ്പോൾ മുതൽ നല്ല സുഹൃത്തുക്കളാണ്, ഒരുപക്ഷെ അതിലേറെ.."

 പറഞ്ഞുവന്നവഴി അവളുടെ കണ്ണുകൾ നിറഞ്ഞു. പെട്ടെന്നു തന്നെ അവ കൈകളാൽ തുടച്ചുകൊണ്ട് അവൾ തുടർന്നു;

"വിവാഹജീവിതത്തിലവൾ ഒരിയ്ക്കലും സാറ്റിസ്‌ഫൈഡ് ആയിരുന്നില്ല. ഹരി അവളെയൊരു മൃഗമായാണ് കണ്ടിരുന്നതെന്നും, ഒരിയ്ക്കലും സ്നേഹമോ ഇഷ്ടമോ മനസ്സിലാക്കലോ ഒരു ഭർത്താവെന്ന നിലയിൽപ്പോലും കാണിക്കാതെ അവളെ ലൈംഗികമായി സ്വയം ചൂഷണം ചെയ്തിരുന്നുവെന്നും തെളിവുകളോടെ എപ്പോഴുമവൾ 

എന്നോട് പരാതി പറയുമായിരുന്നു. അവൻ തികച്ചുമൊരു കാമഭ്രാന്തനും അതിന്റെ ശമനത്തിനായി ജീവിതം 

ചിലവഴിക്കുന്ന ആളുമായിരുന്നുവെന്നു പറഞ്ഞാലും തെറ്റില്ല."

സ്റ്റെഫി പറഞ്ഞുനിർത്തിയതും അർജ്ജുൻ ചോദിച്ചു;

"പാർവ്വതിയുടെ കണ്ടീഷൻ എങ്ങനെയായിരുന്നു... അസ് എ ഡോക്ടർ, നിങ്ങൾക്ക്‌ പറയാനുണ്ടാകുമല്ലോ!"

ഒരിക്കൽക്കൂടി കണ്ണുകളാകെ കൈകളാൽ തുടച്ചുകൊണ്ട് സ്റ്റെഫി മറുപടി തുടർന്നു;


തുടരും...


Rate this content
Log in

Similar malayalam story from Drama