Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

സംരക്ഷണം (ഭാഗം - 5)

സംരക്ഷണം (ഭാഗം - 5)

4 mins
226


"എന്തുപറ്റി?"

അന്ധകാരവൃതമായ റൂമിൽ തലയല്പം ഉയർത്തിപ്പിടിച്ചു അവൻ ചോദിച്ചു.

"ഉൻ പൊന്നു കൊഞ്ചം തിമിര്... ഒന്നുല്ലേ..."

   

ഉറക്കം തെളിഞ്ഞ മട്ടിൽ വീണ മറുപടി നൽകി. ചെറുചിരിയോടെ അവൻ വീണ്ടും പഴയപടി, തലതാഴ്ത്തിവെച്ചു കിടന്നു. അവളുടെ നിറവയറിലൊരു ചുംബനം നൽകുവാൻ തനിക്കായില്ലല്ലോ എന്ന നഷ്ടബോധം അവന്റെ മനസ്സിലേക്കെത്തി, മെല്ലെ. ഇനിയിപ്പോൾ ശല്യമാകുമെന്നാലോചിച്ചു അവൻ തന്റെ മനസ്സിനെ സമാധാനിപ്പിച്ചു. അധികം താമസിയാതെതന്നെ അവൻ തന്റെ കൺപോളകൾ പതിയെ അടച്ചു. ചിന്തകൾ സഞ്ചരിച്ചിരുന്ന സംഭവവികാസങ്ങളിലേക്കു വീണ്ടും തിരികെ പോകുവാൻ വീണ അവനെ സമ്മതിച്ചില്ല.


അവൻ ചിന്തിച്ചു;

'വീണ ആഗ്രഹിച്ചു തന്നോട് പറഞ്ഞതെന്തോ താനത് സാധിച്ചുകൊടുത്തിരിക്കുന്നു. അത് തന്റെ കർമ്മമായിരുന്നുവെന്നതു കൂടി ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. കർമ്മവും കർത്തവ്യവും കഴിഞ്ഞു ലഭിക്കുന്ന വലിയ സമാധാനം നൽകുന്ന സന്തോഷത്തോടെ നാളെ തിരികെ ഡ്യുട്ടിയിൽ ജോയിൻ ചെയ്യാം. സസ്‌പെൻഷനിലായിരുന്ന കഴിഞ്ഞ ഇരുപതു ദിവസങ്ങൾ തന്റെ ഇത്രയും കാല ജീവിതത്തിനു സമമായി തോന്നുന്നു ഇപ്പോൾ...'

   

അർജ്ജുൻ തന്റെ മനസ്സിനെ ഒന്ന് നിശബ്ദമാക്കുവാൻ ശ്രമിച്ചുനോക്കി. പരാജയഭാരത്തോടെ അവൻ അവൾക്കെതിരെ തിരിഞ്ഞുകിടന്നുപോയി.അവൻ ആലോചിച്ചു;

'അനാഥയായി വളർന്നു ശാരീരികമായി അനാഥത്വം വരിക്കേണ്ടി വന്നവളാണ് തന്റെ ഭാര്യ വീണ. അനാഥമായ ആ രണ്ടു അവസ്ഥകളും ചേർന്നു അവളുടെ മനസ്സിനെക്കൂടി തനിച്ചാക്കാതിരിക്കുവാനാണ് താനവളെ സഖിയാക്കിയത്. അമ്മയെ 

തെറ്റുപറയുവാനാവില്ല, അമ്മയുടെ വിശ്വാസത്തിന്റെ അടയാളമായാണ് ഞാൻ അമ്മയ്ക്കു മുന്പിൽ ജീവിച്ചു പോന്നത്. പക്ഷെ നിലനിർത്താതെ നിലനിൽക്കുക എന്നൊരവസ്ഥയിലേക്കു അമ്മ എത്തേണ്ടിയിരിക്കുന്നു. തന്നോടുള്ള സ്‌നേഹം കൊണ്ടും അമ്മയോടും കുടുംബത്തോടുമുള്ള ബഹുമാനംകൊണ്ടും അവൾ എല്ലാം സഹിക്കുന്നുണ്ട്... ക്ഷമിക്കുന്നുണ്ട്... മറക്കുന്നുണ്ട്... താൻ കൂടെയുള്ളത് അവളെ മറ്റെല്ലാ മുറിവുകളിൽനിന്നും എപ്പോഴും സ്വതന്ത്രയാക്കിപ്പോരുന്നു. തന്റെ മോളോ അവളുടെ മോനോ വരുമ്പോഴേക്കും കുറച്ചുകൂടി അർത്ഥവത്താകും തന്റെ കുടുംബവും ജീവിതവും...'

   

ഇത്രയുമായപ്പോഴേക്കും ഉറക്കത്തെ ഭേദിക്കുംവിധം അവന്റെ ചിന്തകൾ, സഞ്ചരിച്ചിരുന്ന സംഭവവികാസങ്ങളിലേക്കു കടന്നു തുടങ്ങി. തന്റെ കൺപോളകൾ പതിയെ അടക്കുവാൻ അവൻ ശ്രമം നടത്തിയെങ്കിലും ചിന്തകളുടെ ഭാരം അവനെ അതിനായി സമ്മതിക്കുവാൻ ഉദ്ദേശിക്കുന്നില്ലാത്തതുപോലെയായിരുന്നു.അവൻ ചിന്തിച്ചു;

'ചിന്തകൾ മനസ്സിനെ തേടിയെത്തിയാൽ അതിനെ മറികടക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവയെയെല്ലാം ചിന്തിച്ചു തീർക്കുക എത്രയും വേഗം എന്നതാണ്...'


» » »

   

കിച്ചണിൽ ബാക്കിവന്ന ജോലികളെല്ലാം തീർത്തശേഷം മുകളിലെ തന്റെ റൂമിലേക്ക് വന്നതായിരുന്നു പാർവ്വതി. റൂമിൽ ഇരുട്ടായിരുന്നതിനാൽ അവൾ ലൈറ്റിന്റെ സ്വിച്ച് പരതിയപ്പോഴേക്കും പെട്ടെന്ന് ആരോ പിന്നിൽനിന്നും അവളെ ചേർത്തുപിടിച്ചു.

"കിച്ചണിൽ ഒരുപാട് ജോലി ഉണ്ടായിരുന്നോ...?"

ഹരിയുടെ സ്വരം ശ്രവിച്ചതോടെ അവളുടെ ഹൃദയചലനം വേഗത്തിലായി.

"അറിയാവുന്നതല്ലേ, ജോലിക്കാരി ഉണ്ടായിട്ടും ഞാൻ ലോങ്ങ് ലീവെടുത്തു എന്റെ വീട്ടിൽ തങ്ങേണ്ട കാര്യമുണ്ടെങ്കിൽ..."

പാർവ്വതിയുടെ മറുപടിയോടൊപ്പം അവന്റെ വലതുകരം അവളുടെ വലതുപിൻഭാഗത്തിലമർന്നു മുൻഭാഗത്തേക്കെന്നവണ്ണം ചലിച്ചു. അവൻ ചോദിച്ചു;

"അവരവിടെ എന്തുപണിയാ ഇപ്പോൾ?"

അവൾ ഉടനടി തന്റെ വലതുകൈയ്യാൽ അവന്റെ കരത്തിന്റെ സഞ്ചാരത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു;

"അവർ താഴെ കിച്ചണിലുണ്ട്. എന്തോ പണിയുന്നു."

 അപ്പോൾ, അവളുടെ വയറിനു കുറുകെ പിടിച്ചിരുന്ന അവന്റെ ഇടതുകരം മെല്ലെ മുകളിലേക്ക് സഞ്ചരിച്ചു. ഇതിനിടയിൽ അവൻ പറഞ്ഞു;

"കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നാകുന്നു. ഒരു കൊച്ചു വേണ്ടേ... ചിലരൊക്കെ ഓരോന്ന് ചോദിച്ചു തുടങ്ങി.."

   

അവൾ വേഗം അവനില്നിന്നും കുതറിമാറി. ശേഷം റൂമിലെ ലൈറ്റ് ഇട്ടുകൊണ്ട് അവനെ നോക്കി പറഞ്ഞു;

"കൊച്ചിനെ ഉണ്ടാക്കുവാനുള്ള പണിയൊന്നും ഇതുവരെ ഞാൻ കണ്ടില്ല. ഇനി, ഇങ്ങനെ ഉണ്ടായാൽത്തന്നെ ശരിയാകത്തുമില്ല. തൽക്കാലം നമ്മൾ രണ്ടുപേരും മതി. ഇങ്ങനെ പോകുമോന്ന് നോക്കട്ടെ!"

അവളുടെ മറുപടി കേട്ടതോടെ അവനു ദേഷ്യം ഇരച്ചുകയറിവന്നു. 'ഓഹോ' എന്നുച്ചരിച്ച് മനസ്സിലായെന്നമട്ടിൽ അവൻ തലയാട്ടി.

"ദേഹമാകെ നാറുന്നുണ്ട്. ചെന്ന് വേഗം കുളിച്ചു വാ... അതിനു കുഴപ്പമില്ലല്ലോ...!?"

പല്ലുകടിച്ചുകൊണ്ടു തന്റെ മൊബൈലും കൈയിലെടുത്ത് അവൻ പറഞ്ഞു.

"ജനിപ്പിച്ചവരുടെ കാശുകൊണ്ട്, കുളിച്ചു മിടുക്ക് കാണിച്ചു വെറുതെ വീട്ടിലിരിക്കലല്ല എനിക്കിപ്പോൾ പണി."

   

ദേഷ്യത്തോടെ ഇങ്ങനെ മറുപടി നൽകിയശേഷം അവൾ ഫ്രഷാകുവാനായി ബാത്റൂമിലേക്കു കയറി. അവൻ തന്റെ മൊബൈലുമായി സിറ്റ്-ഔട്ടിലേക്കു പോകുന്നതിനു മുന്പായി റൂമിലെ ലൈറ്റ് ഓഫ് ആക്കി ഡോർ ലോക്ക് ചെയ്തു. സിറ്റ്-ഔട്ടിലെത്തി മൊബൈലിൽ പരതി പുതിയതായി കിടന്ന പോൺ വീഡിയോ പ്ലേയ് ചെയ്തു കൊണ്ട് അവിടെയുള്ള സോഫയിൽ അവൻ ഇരുന്നു. അപ്പോഴേക്കും അവനൊരു കോൾ വന്നു;

"ബന്ദൂ... നിന്റെ കാര്യം ആലോചിച്ചിരിക്കുവായിരുന്നു. നിന്റെ സൃഷ്ടിയുടെ മകുടത്തിലിരുന്നാ ഞാനീ സംസാരിക്കുന്നത്‌..."

കോൾ എടുത്തയുടൻ ഹരി പറഞ്ഞു.

"ഓഹോ...എന്താ പരിപാടി... പാറു എവിടെ...നിന്റെ ഭാര്യ...?"

മറുപടി വന്നു, ഇങ്ങനെ അങ്ങേത്തലക്കൽനിന്നും.

"പോരെടാ മച്ചാ, അവളെയ്... ആണുങ്ങളെ ശരിക്കുമൊന്നു അറിയുവാനുണ്ട്."

ദേഷ്യത്തിൽ നിന്നുരുത്തിരിയുന്ന ആനന്ദത്തോടെ അവൻ മറുപടി നൽകി.

"ഹ്... എന്തുവാടാ ഹരി, നീയിതുവരെയൊന്നും അങ്ങ് അറിയിച്ചില്ലെന്നോ... എന്തുപറ്റി, വേഗം അവളെ പോയി അറിയിക്കാനുള്ളതൊക്കെ അറിയിക്ക്... അയ്യേ..."

ലാഘവംകലർന്ന പുശ്ചത്തോടെയുള്ള വാചകങ്ങൾ അങ്ങേ തലയ്ക്കൽനിന്നും എത്തി.

"അവളെ ഞാൻ അറിയിക്കുന്നുണ്ട്, താമസംകൂടാതെ...."

ചെറിയൊരു തീരുമാനത്തിന്റെ തുടക്കമെന്നപോലെ അവൻ മറുപടി നൽകി.

"വർക്ക് കുറഞ്ഞു... ഞാൻ ഫ്രീയാ. പെണ്ണുമ്പുള്ളേം പ്രാരാബ്ധവും വലിച്ചു തലയിൽ കേറ്റാത്തതിനാൽ നമ്മള് ഹാപ്പിയാ.

നിന്റെ വീട്ടിൽ നിന്നും കുറച്ചകലെത്തന്നെ ഞാനുണ്ട്. ബില്ഡറല്ലേ... ഇടയ്ക്കൊന്നു തലകാണിക്കണം എല്ലായിടത്തും. ഇടയ്‌ക്കൊന്നങ്ങോട്ടിറങ്ങാം... അവളുണ്ടാകുമല്ലോ അവിടെ! എല്ലാത്തവണയും ഞങ്ങൾ വരുമ്പോൾ അവൾക്കു പല്ലുകടിയാ. അവളുടെ ദുഃശ്ശീലങ്ങളൊക്കെയൊന്ന് മാറ്റിയെടുക്കേണ്ടേ നമുക്ക്..."

അങ്ങേ തലയ്ക്കലെ ദൃഢമായ വാചകങ്ങൾക്കു മറുപടിയായി ഹരി ഇങ്ങനെ പറഞ്ഞു;

"ഹാ... വാ നീ. അവൻമാരും കാണും ചിലപ്പോൾ. എല്ലാത്തിനെയും വിളിച്ചോ..."

അപ്പോഴേക്കും അവനൊരു വാട്സപ് മെസ്സേജ് വന്നു. അതുകണ്ടു അവൻ തുടർന്നു;

"...ബന്ദൂ, ഞാൻ വിളിക്കാം നിന്നെ. ബൈ..."


മറുപടി തിരികെ ലഭിക്കുംമുമ്പേ ഹരി കോൾ കട്ട് ചെയ്തശേഷം ഇരുപത്തിയഞ്ചു മിനിറ്റ് ശിഷ്ടമുള്ള ആ മെസ്സേജ് പ്ലേയ് ചെയ്തു. മൊബൈൽ തന്റെ മടിയിലേക്ക്‌വെച്ചു അവൻ സോഫയിൽ പിറകിലേക്ക് ചാരിക്കിടന്നു, തന്റെ കണ്ണുകളടച്ച്.

   

സിറ്റ്-ഔട്ടിലേക്കുള്ള ഡോറിനു പിറകിലായി നിൽക്കുകയായിരുന്ന പാർവ്വതി, തന്റെ ഭർത്താവിന്റെ ശരീരശാസ്ത്രം പച്ചയോടെ ഒരു സ്ത്രീശബ്ദം വിവരിക്കുന്നതു കേട്ടു തളർന്നു പോയി. അവളുടെ ദേഹമാകെ മെല്ലെ വിയർപ്പുപൊടിഞ്ഞു. വർദ്ധിച്ച ഹൃദയമിടിപ്പിന്റെ അകമ്പടിയോടെ അവളതു കേട്ടു നിന്നു പോയി. ഹരി റൂമിലെ ലൈറ്റ് വീണ്ടും ഓഫ് ആക്കിയെന്നു തോന്നി ബാത്റൂമിൽ നിന്നും, കുളിയ്ക്കുംമുമ്പേ ഇറങ്ങിയതാണ് അവൾ. തന്റെ ഊഹം ശരിയായതോടെ അവന്റെ അടുത്തേക്കൊന്നു വന്നു നോക്കുവാൻ എത്തിയതായിരുന്നു അവൾ. പതിയെ വിവരണം ഒരു സ്ത്രീയുടെ ശരീരശാസ്ത്രത്തിലേക്കു കടന്നു. ഇരുട്ടുപരന്ന റൂമിൽ നിന്നു കൊണ്ട് അവൾ കൂടുതൽ ഇരുട്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു. വിവരണം ഹരിയുടെയും സ്ത്രീയുടെയും സമ്മിശ്രിതമായതോടെ സമനില തെറ്റും പോലെയായി അവൾക്ക്‌. കരയാറായ മുഖത്തോടെ വേഗമവൾ റൂം വിട്ട് താഴേക്കു ചെന്ന് ഡ്രോയറിൽ നിന്നും തനിക്കു സ്റ്റെഫി നിർദ്ദേശിച്ച ടാബ്ലറ്റ്സുകൾ വിഴുങ്ങി വെള്ളത്തിനായി പരതി നടന്നു.

   

കിച്ചണിൽനിന്നും ജോലിക്കാരി ജാനമ്മയുടെ സഹായത്തോടെ വെള്ളം കുടിച്ചിറക്കുമ്പോഴേക്കും അവളാകെ തളർന്നതും തകർന്നതുമായിത്തീർന്നിരുന്നു. ഒരു മഗ്ഗിൽ വെള്ളമെടുത്തു കൊടുത്തശേഷം ഒന്നും ഉരിയാടാതെ തന്റേതായ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു ജാനമ്മ. അവശയെപ്പോലെ പാർവ്വതി ഹാളിലെ ഡൈനിങ് ‌ടേബിളിൽ വന്ന് പരസ്പരം പിണച്ച കൈവിരലുകളിൽ തലകുമ്പിട്ടിരുന്നു. തന്റെ ബോധം പതിവു പോലെ പൂർണ്ണമായും മറയുന്നതുപോലെ തോന്നി അവൾക്ക്‌. അപ്പോഴേക്കും മുകളിൽനിന്നും സ്റ്റെയർകേസ് ഇറങ്ങി വന്ന ഹരി അവളെ നോക്കി പറഞ്ഞു;

"ആദ്യം നീ, ഞാൻ പറയുന്നതനുസരിക്കുവാൻ പഠിക്ക്. ഇല്ലെങ്കിൽ ഈ വീട്ടിൽ നീ താമസിച്ചിട്ടു നിനക്ക് ഗുണമുണ്ടാകുവാനോ നീ രക്ഷപെടുവാനോ പോകുന്നില്ല പാർവ്വതി മേനോൻ."

   

അവൾക്ക്‌ അനങ്ങുവാനോ മറുപടി പറയുവാനോ പറ്റുമായിരുന്നില്ല. പാർവ്വതിയെ ഒട്ടും ഗൗനിക്കാതെ തന്റെ കയ്യിലെ മൊബൈലുമായി അവൻ ആ ഫ്ലോറിലെ ബാത്റൂമിലേക്കു കയറി. അവശയായിരുന്നെങ്കിലും കണ്ണുനീർ ധാരയായി ഒഴുകിത്തുടങ്ങിയിരുന്നു അവളുടെ കണ്ണുകളിൽനിന്നും.


» » »

   

രാവിലെ കിച്ചണിൽ തകൃതിയായി ജോലിയിലായിരുന്നു ഭവാനിയമ്മയും പറ്റാവുന്നവിധത്തിൽ വീണയും. ചില പ്ളേറ്റുകൾ എടുക്കുന്ന തിരക്കിൽ അവളുടെ കയ്യില്നിന്നുമൊരെണ്ണം താഴെവീണു വലിയ ശബ്ദത്തോടെ ഉടഞ്ഞു. ശബ്ദത്തിനൊപ്പം വന്ന വർദ്ധിച്ച ദേഷ്യത്തോടെ ഭവാനിയമ്മ ചെയ്തിരുന്ന ജോലിയിൽനിന്നും പിന്തിരിഞ്ഞു താഴെ ഗ്രാനൈറ്റിൽ ചിതറിക്കിടക്കുന്ന കഷണങ്ങൾ നോക്കി നിന്നു. അപ്പോഴേക്കും ഇരുകൈകളും തന്റെ വയറിനെ പൊത്തിവെച്ചു കണ്ണുകളും കാതുകളും ഇറുക്കിയിരുന്നു വീണ.

   

ശബ്ദംകേട്ട് കിച്ചണിലേക്കു എത്തുവാൻ തുനിഞ്ഞ അർജ്ജുന്റെ മൊബൈൽ റിങ് ചെയ്തു. ഐ.ജി. എന്ന് സ്‌ക്രീനിൽ കണ്ടതോടെ അവൻ കോൾ എടുത്തു;

"അർജ്ജുൻ... നിനക്കൊരു ജോലിയുണ്ട്. നിന്റെ ഏരിയയിൽത്തന്നെ കുറച്ചുമാറി ഒരു മിസിസ് പാർവ്വതിയുടെ കേസ് ഒന്ന് നോക്കണം. ഒഫീഷ്യലായി നോക്കിക്കോ, പക്ഷെ എനിക്കുവേണ്ടിയായിരിക്കണമെന്നു മാത്രം! കമ്മീഷണർക്കും മറ്റുമൊക്കെ... എന്നുവേണ്ട, എനിക്കുതന്നെ വേണ്ടപ്പെട്ടൊരു കേസാ. ജസ്റ്റ് നീയൊന്നു നോക്ക്... ബാക്കി ഡീറ്റെയിൽസ് എല്ലാം സ്റ്റേഷനിൽ റെഡിയാക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. എത്രയും വേഗം എല്ലാം അന്വേഷിച്ചു എനിക്ക് റിപ്പോർട്ട് തരണം നീ."


തുടരും...


Rate this content
Log in

Similar malayalam story from Drama