സംരക്ഷണം (ഭാഗം - 10)
സംരക്ഷണം (ഭാഗം - 10)
ഒട്ടും താമസം വന്നില്ല, അർജ്ജുന്റെ കയ്യിലെ ഗൺ പ്രവർത്തിച്ചു. തലയിലേക്ക് ബുള്ളറ്റ് തറഞ്ഞു കയറി ബന്ധൻ താഴെ വീണു. ഗണ്ണുമായി റൂമിലേക്ക് കയറിയ അർജ്ജുൻ ഞെട്ടി; തന്റെ മുന്നിലതാ പാർവ്വതി കൈയ്യിൽ ഗണ്ണുമായി നിൽക്കുന്നു! പരസ്പരം അവർ തമ്മിൽ അല്പനിമിഷം നോക്കി നിന്നു പോയി, ഞെട്ടൽ അവസാനിപ്പിച്ചൊരു തിരിച്ചറിവിലേക്കെത്തുവാനായി. ഉടനെ അവൾ തന്റെ കയ്യിലെ ഗൺ അവനെ നോക്കിത്തന്നെ അവന്റെ മുന്പിലേക്കിട്ടു. ശേഷം വേഗം ബന്ധനടുത്തെത്തി മരണം സ്ഥിരീകരിച്ചു, പ്രത്യേകിച്ചൊരു പരീക്ഷണവും നടത്താതെ തന്നെ.
» » »
"ആ ഗണ്ണിങ് തന്നിട്ട് വേഗം പൊയ്‌ക്കോ..."
ദൃഢതയോടും കൃതജ്ഞതയോടും കൂടി പാർവ്വതി ശാന്തമായി അർജ്ജുനോട് ഇങ്ങനെ പറഞ്ഞു. റൂമിലെ ചെയറിലിരുന്നു പോയ അവൻ മറുപടിയായി എഴുന്നേറ്റു. ശേഷം അവിടെ നിന്നു. അപ്പോൾ, ബെഡ്‌ഡിൽ ഇരുന്നിരുന്ന അവൾ തുടർന്നു;
"നിങ്ങൾ എന്തിനിങ്ങനെ ചെയ്തുവെന്നെനിക്കറിയില്ല. പക്ഷെ, ഒന്നെനിക്കു മനസ്സിലാകും- നിങ്ങൾക്ക് എന്നെപ്പോലൊരാളെ നന്നായറിയാം! നിയമത്തിനു മുന്പിൽ ഞാനൊരു ഭ്രാന്തിയാണ്... ഭ്രാന്തന്മാരായ ചിലരുടെ ഭ്രാന്തിനു ഇരയായതു കൊണ്ടു മാത്രം! ഞാനിശ്ചിച്ചതു നിങ്ങൾ ചെയ്തു. എന്നെ ശിക്ഷിക്കുവാൻ നിയമത്തിനാവില്ല. അതുകൊണ്ട്... ആ ഗൺ എനിക്ക് തന്നേക്കൂ... എന്നിട്ടു വേഗം ഇവിടെ നിന്നും പൊയ്ക്കൊള്ളുക. ഈ പരിസരത്തേക്ക് ആരും അങ്ങനെ ഉണ്ടാവില്ല, വിധി എന്ന ശിക്ഷയെ ഞാനേറ്റു വാങ്ങി ജീവിച്ച സ്ഥലമാ ഇത്. എനിക്കിവിടം നന്നായറിയാം."
അവൻ ഒന്നും മിണ്ടാതെ തന്റെ കയ്യിലെ ഗണ്ണുമായി റൂമിൽ നിന്നും പോയി. ഹരിനാരായൺ മരിച്ചു കിടക്കുന്ന സ്ഥാനത്തെത്തി തലങ്ങും വിലങ്ങും അയാളുടെ ശരീരത്തിൽ ബുള്ളറ്റുകൾ ഉതിർത്ത ശേഷം അവൻ തിരികെ വരുന്നത് റൂമിലെ വിൻഡോ വഴി അവൾ നോക്കി നിന്നു കണ്ടു, തന്റെ 'പഴയ' ഭർത്താവിനെ ഒരു നോക്കു കാണുവാൻ പോലും അവൾക്കു താല്പര്യമില്ലായിരിക്കെത്തന്നെ. അർജ്ജുൻ റൂമിൽ തിരികെയെത്തിയ ഉടൻ പാർവ്വതിയുടെ കയ്യിലെ ഗൺ വാങ്ങി ബന്ധന്റെ ശരീരത്തിലാകെ വെടിയുതിർത്തു, ഗണ്ണിനെ നിശ്ശബ്ദനാക്കിയ ശേഷം.
അല്പനിമിഷമവൻ തനിക്കുനേരെ നോക്കി നിന്നിരുന്ന പാർവ്വതിയുടെ മുഖത്തേക്കൊന്നു നോക്കി. പിന്നെ ഇരു ഗണ്ണുകളും അവളെ ഏൽപ്പിച്ചു, നിശബ്ദമായ ഗണ്ണിനെ ശബ്ദമാനമാക്കിയ ശേഷം.
"നേരെ ഇറങ്ങി, വന്നതുപോലെ തിരികെ വീട്ടിലേക്കു പൊയ്‌ക്കൊള്ളുക. ആരുടേയും പിടിയിലകപ്പെടുമെന്ന വിചാരം വേണ്ട. ഈ റൂമും ഇപ്പോൾ താങ്കളാൽ എനിക്കായികൊലചെയ്യപ്പെട്ട ആളുകളും ഈ വീടും- ഇനിയെനിക്കൊന്നും നല്കാനില്ല."
പാർവ്വതി ശാന്തതയോടെ ധൃതിയില്ലാതെ തന്നെ അവനോട് പറഞ്ഞു. അവൻ പതിയെ റൂമിൽ നിന്നും ഇറങ്ങി, ഒരിക്കൽക്കൂടി അവളെ നോക്കിയ ശേഷം. തന്റെ കണ്മുന്പിൽ നിന്നും അവൻ ഒഴിവായതിൻ പുറത്ത് മെല്ലെ അവൾ ബെഡ്‌ഡിലേക്ക് ഇരുന്ന ശേഷം വീണു. മെല്ലെ മെല്ലെ ചെറിയൊരു പുഞ്ചിരി അവളുടെ മുഖത്തു വിടർന്നു വന്നു തുടങ്ങി. അതൊരു ഭ്രാന്തമായ ചിരിയിലേക്ക് കടന്നു പോകാതെ അവൾ സ്വയം വേഗം നിയന്ത്രിച്ചു. പിന്നെ ഗണ്ണുകൾ ഓരോന്നെടുത്ത് ഉപയോഗിക്കുന്നതു പോലെ, ഉപയോഗിച്ചു കൊണ്ട് അവയുമായി തന്റെ കൈകളെ പഴകിച്ചു. അധികം വൈകാതെ മെല്ലെ തന്റെ കണ്ണുകളടച്ചവൾ കിടന്നു.
താമസമെന്യേ സ്റ്റെഫി അവളുടെ മനസ്സിലേക്കെത്തി. ഇരുട്ടിലായ കണ്ണുകൾക്കകത്തായി തന്റെ പ്രിയ സുഹൃത്തിനെ ദർശ്ശിച്ചതോടെ അവളുടെ മനസ്സിൽ പുഞ്ചിരി ഉരുവിട്ടു. കണ്ണുകൾ തുറക്കാതെ തന്നെ തന്റെ മുടിയിഴകളെയാകെ അവൾ അലോസരമാക്കിയിട്ടു. കൂടെ മുഖമാകെ കൈകളാൽ വികൃതഭാവത്തിലാക്കുവാനും മറക്കാതെ. ഒന്ന് സുഖമായി ഉറങ്ങണമെന്ന് ഉണർവ്വ് സംഭരിച്ച് പാർവതി ചിന്തിച്ചു. അവൾ തന്റെ കൺപോളകൾ തമ്മിൽ ഒരിക്കൽക്കൂടി പരസ്പരം അമർത്തി.
» » »
താറിൽ കയറിയശേഷം അർജ്ജുൻ സ്റ്റാർട്ട് ചെയ്തു. മെല്ലെ വാഹനം തിരിച്ചു വന്ന വഴിയെ സ്റ്റിയറിങ് ചലിപ്പിച്ചു തുടങ്ങി. ഇതിനിടയിൽ അവന്റെ മനസ്സ് മറ്റു വഴികളിലേക്ക് കയറി സഞ്ചരിച്ചു തുടങ്ങിയിരുന്നു;
'ഏൽപ്പിക്കപ്പെട്ട കേസ് ഭംഗിയായി അവസാനിപ്പിച്ചിരിക്കുന്നു. സ്വയം എരിഞ്ഞുതീർന്ന അവസരങ്ങൾ വിധിയെന്ന
ശിക്ഷയായായി സ്വീകരിക്കേണ്ടി വന്ന വീണ, എരിയുന്ന മറ്റൊരാൾക്ക് ആശ്വാസമായി മാറിയിരിക്കുന്നു..'
ഇത്രയും ചിന്തിച്ചപ്പോഴേക്കും അവന്റെ ശ്രദ്ധ പെട്ടെന്ന് വാഹനത്തിന്മേലായി. ആ ശ്രദ്ധയിൽ ലയിച്ചു തന്നെ വീണ്ടും അവന്റെ മനസ്സ് മറ്റുവഴിയിലേക്ക് കയറി;
'വീണയെ ഭാര്യയായി സ്വീകരിച്ചു ജീവിതം മുന്നോട്ടു നയിച്ചപ്പോൾ, ഇങ്ങനൊരു അവസരത്തിലൂടെ തന്റെ കടമ
തന്നിലൂടെ തന്നെ നിർവ്വഹിക്കപ്പെട്ടിരിക്കുന്നു...'
അവൻ താറിന്റെ ഗിയർ ചേഞ്ച് വേഗത്തിലാക്കി സഞ്ചാരം. അതോടൊപ്പം തന്നെ അവന്റെ മനസ്സിന്റെ സഞ്ചാരവേഗതയും രൗദ്രമായി;
'ഭൗതികമായ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാനുള്ള ധ്വര മനസ്സിലെവിടെയോ കുഴിച്ചുമൂടപ്പെട്ടിടിക്കുന്നു... വാക്കുകളും വാചകങ്ങളുമെല്ലാം ഉത്തരങ്ങളെന്ന പോലെ തന്നാൽത്തന്നെ പ്രവർത്തികളായി... കർമ്മമായി... കർത്തവ്യമായി...
സംരക്ഷണമായി മാറിയിരിക്കുന്നു.'
ഉടനേതന്നെ അവന്റെ മൊബൈൽ റിങ് ചെയ്തു. രാമചന്ദ്രന്റെ കോൾ ആയിരുന്നു അത്. അവൻ കോളെടുത്തു;
"ചേട്ടാ, ഞാൻ വിളിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിങ്ങൾ ചെയ്തു പോന്ന മഫ്തിക്ക് വിരാമമായിരിക്കുന്നു. വേഗം നിങ്ങൾ ഹരിനാരായൺന്റെ വീട്ടിലെത്തുക. എത്തിയയുടൻ എസ്.ഐ.യെ ഫോൺ ചെയ്യുക. സംശയാസ്പദമായി ആ വീട് നിങ്ങൾ ഡ്യൂട്ടിക്കിടെ ഒന്ന് വാച്ചുചെയ്യേണ്ടി വന്നു. അവിടെ രണ്ടു കൊലപാതകങ്ങൾ നടന്നിരിക്കുന്നു, പ്രതി ഭ്രാന്തിയായ പാർവ്വതി ക്രൈം സൈറ്റിൽ. ബാക്കി നോക്കേണ്ടവർ നോക്കിക്കൊള്ളും... വേഗം അവിടെയെത്തുക ആദ്യം!"
ഉറപ്പാർന്ന വാചകങ്ങൾക്കു മറുപടിയായി രാമചന്ദ്രൻ പറഞ്ഞു;
"മോനെ, നിനക്കുവേണ്ടി എന്തെങ്കിലും ചെയ്തു തന്നില്ലെങ്കിൽ ഈ കാക്കി ഇത്രയും വർഷം ഇട്ടതുകൊണ്ട് യാതൊരു
വിലയുമില്ലാതായിപ്പോകും. അതു കൊണ്ടു തന്നെയാ മോൻ എന്നോട് ആ തെമ്മാടികളെ വാച്ച് ചെയ്യുവാൻ പറഞ്ഞപ്പോൾ എനിക്കതിനു സാധിച്ചത്... കൃത്യം പോലെ എനിക്കാ പ്രദേശം ഡ്യൂട്ടി കിട്ടുകയും ചെയ്തല്ലോ... ഇതിനെല്ലാമൊരു പ്രതിഫലം ഉണ്ടാകുമെന്നു എനിക്ക് നല്ല വിശ്വാസം ഉണ്ട്. എനിക്കെന്റെ മകനാ നീ അർജ്ജുൻ സാർ... ഞാനിപ്പോൾത്തന്നെ വേണ്ടത് ചെയ്യാം."
ദൃഢമാർന്ന സന്തോഷത്തോടെ അർജ്ജുൻ മറുപടി നൽകി;
"ഒരുപാടുപേരുടെ നന്ദിയുണ്ടാകും നിങ്ങൾക്ക് രാമൻചേട്ടാ. എന്നെപ്പോലെതന്നെ നിങ്ങളും ഈ നിമിഷം മുതൽ ഒരു കാക്കി ധരിച്ച പോലീസുകാരനാകട്ടെ."
'മനസ്സിലായി മോനെ' എന്ന് മറുപടി നല്കി രാമചന്ദ്രൻ കോൾ കട്ട് ചെയ്തു.
ഒരിക്കൽക്കൂടി മൊബൈലിലേക്കു നോക്കിയ ശേഷം അത് മാറ്റിവെച്ചു ഡ്രൈവിംഗ് തുടർന്നു അവൻ. തന്റെ വീണയുടെ മുഖം അവന്റെ മനസ്സിലാകെ നിറഞ്ഞു നിന്നു. ആ നിറവ് അവസാനിച്ചത് വീടിന്റെ പോർച്ചിൽ താർ പാർക്ക് ചെയ്തപ്പോഴാണ്. തന്റെ ഭാര്യയെ ഒന്ന് നിർവൃതിയോടെ ആലിംഗനം ചെയ്യുവാനുള്ള കൊതിയോടെ അവൻ താർ ലോക്ക് ചെയ്തുവന്നു മെയിൻ ഡോറിൽ മുട്ടി. അകത്തു നിന്നും ശബ്ദങ്ങളോ ചലനങ്ങളോ ഉണ്ടാകുന്നതായി അറിയുവാൻ താമസം നേരിട്ടേക്കുമെന്നറിയാമായിരുന്നിട്ടും അവനവിടെ വീണയെ കാത്തുനിന്നു.
» » »
എസ്.ഐ. ഉൾപ്പെടുന്ന പോലീസ് സംഘം പെട്ടെന്നു തന്നെ സ്റ്റെയർകേസ് കയറി പാർവ്വതി കിടന്നിരുന്ന റൂമിലേക്കെത്തി. കുറച്ചു പോലീസുകാർ മരിച്ചു കിടക്കുന്ന ബന്ദനെ നോക്കിയതും എസ്.ഐ.യും മറ്റും പാർവ്വതിയെ നോക്കിപ്പോയി. അവൾ സുഖമായി ഉറങ്ങുകയായിരുന്നു, ഒരു ഭ്രാന്തിയെന്നപോലെ. എസ്.ഐ. മൗനമായി കൈമാറിയ ആജ്ഞയനുസരിച്ചു കൂടെ വന്നിരുന്ന വനിതാപോലീസുകാർ അവളെ പിടിച്ചെഴുന്നേല്പിച്ചു വിലങ്ങണിയിച്ചു. അവൾ ചിരിച്ചു കൊണ്ട് ഒരു ഭ്രാന്തിയുടെ ചേഷ്ടകൾ കാണിച്ചുതുടങ്ങി.
"താഴേക്ക് കൊണ്ടുപൊയ്ക്കൊള്ളൂ. സാനിറ്റോറിയത്തിൽ നിന്നും വണ്ടി ഇപ്പോളെത്തും."
തൊണ്ടിമുതലെന്നു തോന്നിച്ച ഗണ്ണുകൾ ഒരു ടവ്വലാൽ എടുത്തു കൊണ്ടു എസ്.ഐ. വനിതാപൊലീസുകാരോട് പറഞ്ഞു. അവർ പാർവ്വതിയേയും കൊണ്ട് റൂമിൽ നിന്നും പുറത്തേക്കു നടന്നു, അപ്പോഴേക്കും ബന്ധന്റെ ശവശരീരത്തെ മറ്റു പോലീസുകാർ പരിഗണിച്ചു തുടങ്ങിയിരുന്നു.
താഴെ ഹരിനാരായൺന്റെ ബോഡിക്കടുത്ത് പോലീസുകാർ തകൃതിയിൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെ, സാനിറ്റോറിയത്തിൽ നിന്നുമുള്ള വാഹനം എത്തുന്നതും കാത്ത് കുറച്ചു സമയം പാർവ്വതിയേയും കൊണ്ട് വനിതാപൊലീസുകാർ നിന്നപ്പോഴേക്കും സംഭവമറിഞ്ഞെന്നവണ്ണം അർധരാത്രിയോടടുത്ത ഈ വേളയിലും ആളുകൾ എത്തിക്കൂടിത്തുടങ്ങി. വേഗം തന്നെ പോലീസുകാരിൽ ചിലർ അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരുന്നു.
അപ്പോഴേക്കും വാഹനം എത്തി. അതിലുണ്ടായിരുന്ന വനിതകളോടൊപ്പം വനിതാപോലീസുകാർ പാർവ്വതിയേയും കൂട്ടി കയറിയിരുന്നു. രണ്ടു പോലീസുകാർ എസ്‌കോട്ടായെന്ന പോലെ അവരോടൊപ്പം ചേർന്നു. വാഹനം ചലിച്ചു തുടങ്ങിയപ്പോൾ അവൾ പതിയെ അടുത്തിരിക്കുന്ന പോലീസുകാരിയുടെ തോളിലേക്ക് ചായ്ഞ്ഞു. ചെറിയ ചേഷ്ടകളും മറ്റും കാണിക്കുമ്പോഴും അവളുടെ മനസ്സ് ശരീരത്തോട് താൽക്കാലികമായി വിടപറഞ്ഞതുപോലെയായി;
'തന്റെ മനസ്സിനേറ്റ വലിയ മുറിവ് ഇനി ഉണങ്ങുവാൻ തുടങ്ങും; ഇങ്ങനൊരു ആശ്വാസം മനസ്സിലാകെ പരന്നിരിക്കുന്നതായി അനുഭവിക്കുവാൻ സാധിക്കുന്നു. താൻ വിജയം കൈവരിച്ചിരിക്കുന്നു. ചെയ്യാനുദ്ദേശിച്ചിരുന്ന
കൊലപാതകങ്ങൾ... അല്ല, അതിനെ അങ്ങനെ വിളിച്ചു തള്ളുവാനാകില്ല. തന്റെ ജീവിതത്തെ തടഞ്ഞു മനസ്സിനെ ഇഞ്ചിഞ്ചായി കൊന്ന രണ്ടു കൊലപാതകികളെ അമർച്ച ചെയ്യുവാൻ തനിക്കായിരിക്കുന്നു... പാതകികൾ അമർച്ച ചെയ്യപ്പെട്ടിരിക്കുന്നു! സർവ്വത്തിനുമുപരിയായി, തനിക്ക് ജീവിക്കുവാനുള്ള അർഹത നേടിത്തരപ്പെട്ടിരിക്കുന്നു...0'
ചിന്തകൾ സഞ്ചരിച്ചിരിക്കെത്തന്നെ വാഹനം വേഗത്തിൽ സാനിറ്റോറിയത്തിലെത്തി. അവിടെ ഐ.ജി. ഉൾപ്പെടെ കുറെയധികം പോലീസുകാർ ഉണ്ടായിരുന്നു. പാർവ്വതിയെ വാഹനത്തിൽ നിന്നും ഇറക്കി സാനിറ്റോറിയത്തിലേക്ക് കൊണ്ടു വന്ന് കയറ്റിയതും ചെറിയ നിലവിളിയെന്ന പോലെ ശബ്ദങ്ങൾ പുറപ്പെടുവിച്ച് അവളുടെ പേരന്റ്സ് കൂട്ടത്തിലൂടെ എത്തി. അവർ പരിസരം മറന്ന് തന്റെ മകളെ മാറിമാറി ചേർത്ത് പുണരുവാനും ഉത്തരം തേടാത്ത ചോദ്യങ്ങൾ നിർത്താതെ പുലമ്പുവാനും തുടങ്ങി. പാർവ്വതിയുടെ മനസ്സ് സന്തോഷത്താൽ ചിരിച്ചു. ഉടൻ തന്നെ കുറച്ചു പോലീസുകാർ ചേർന്ന് അവരെ നിയന്ത്രിച്ചു കൊണ്ട് അവളെ അകറ്റിമാറ്റി. പാർവ്വതിയെ തൽക്കാലം സെല്ലിലാക്കുമ്പോഴേക്കും ഐ.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അവളെക്കുറിച്ചും അവൾ ചെയ്ത പാതകത്തെക്കുറിച്ചും ഫലമില്ലാത്ത ചർച്ചകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
» » »
ചിന്തകളിങ്ങനെ കടന്നു പോയതോടെ അർജ്ജുൻ തന്റെ വർത്തമാനകാലത്തിലേക്ക് ശ്രദ്ധിച്ചു. 'നേരം ഉദ്ദേശം വെളുക്കാറായിക്കാണണം' എന്ന ചിന്തയോടെ അവനൊന്നു കോട്ടുവായയിട്ടു. അപ്പോൾ വലിയ ഉറക്കക്ഷീണം അവനെയാകെ പിടിമുറുക്കി. അവന്റെ കണ്ണുകൾ വേഗം അടഞ്ഞുപോയി, ക്ഷമനശിച്ചെന്നമട്ടിൽ.
രാവിലെ സ്റ്റേഷനിൽ ചാർജ് എടുക്കാനായി എത്തിയപ്പോൾ ഐ.ജി.യുടെ ഫോൺ എത്തി- ഓഫീസിലേക്ക് അർജ്ജുൻ പുറപ്പെട്ടു.
"അർജ്ജുൻ, ഞാനൊരു കേസ് നിന്നെ ഏൽപ്പിക്കുകയാ. സാനിറ്റോറിയത്തിൽ നിന്നും ആ ഭ്രാന്തി ചാടിയതൊക്കെ അറിഞ്ഞു കാണുമല്ലോ!? അവളിന്നലെ കമ്മീഷണറുടെ മകനെയും അവളുടെ ഭർത്താവിനെയും കൊലപ്പെടുത്തി. നാടു മുഴുവൻ അതിശയപ്പെട്ടിരിക്കുവാ... ഭ്രാന്തിയായതു കൊണ്ട് കേസൊന്നും ഏശില്ല അവളെ... എന്നാലും ഒന്നന്വേഷിക്കണം... റിപ്പോർട്ട് എന്നെ ഏൽപ്പിക്കണം. ഇതിപ്പോ... എല്ലാം കൊണ്ടും എന്റെ തലയിലാ... വേഗം ചെല്ല്... ബാക്കിയൊക്കെ പിന്നീടാകാം. താൻ തുടങ്ങിക്കോ..."
ഒറ്റശ്വാസത്തിൽ ഐ.ജി. തന്റെ മുന്നിലിരുന്ന അർജ്ജുനോട് ഇങ്ങനെ പറഞ്ഞുനിർത്തി.
തിരികെ ബൊലേറോയിൽ പോരുമ്പോൾ രാമചന്ദ്രനും അർജ്ജുനും ഐ.ജി.യെക്കുറിച്ച് പറഞ്ഞു ചിരിച്ചു, ഒരുപാട്. അവന്റെ നിർദ്ദേശമനുസരിച്ച് രാമചന്ദ്രൻ സാനിറ്റോറിയത്തിൽ വാഹനമെത്തിച്ചു.
"പാർവ്വതി കൊലപ്പെടുത്തിയതിന്റെ കേസ് ഞാനാണ് അന്വേഷിക്കുന്നത്."
തന്റെ മുന്നിലിരിക്കുന്ന ഡോക്ടർ സ്റ്റെഫിയോട് അർജ്ജുൻ പറഞ്ഞു.
"വെൽക്കം ബാക്ക് സർക്കിൾ ഇൻസ്‌പെക്ടർ. സാറിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കണമെന്ന്
കരുതിയിരിക്കുകയായിരുന്നു..."
ചിരിയോടെ മറുപടിയായി സ്റ്റെഫി പറഞ്ഞു. മറുപടിയായി അവനൊന്നു ചിരിച്ചതേയുള്ളൂ.
"ചുറ്റുമാരുമില്ലാത്തതു കൊണ്ട് ഞാൻ പറയാം... പാർവ്വതിക്ക് സമനില തെറ്റുകയോ വട്ടായിപ്പോവുകയോ ഒന്നും ചെയ്തിട്ടല്ല അവൾ ഇവിടേയ്ക്ക് പോരാൻ തീരുമാനിച്ചത്. അവളെ ഒന്ന് രക്ഷപെടുത്തിയെടുക്കണം എന്ന എന്റെ ആഗ്രഹത്തിന്, വിധി അവളെ ശിക്ഷിച്ചപ്പോൾ ഒരു ഭ്രാന്തിയായി അഭിനയിച്ച് സുരക്ഷിതമായി തന്റെ എതിരാളികളെ അവൾ കൊലപ്പെടുത്തി... അല്ലേ!!! പാർവ്വതിയുടെ ഒരൊറ്റ ഫോൺകോൾ കൊണ്ട്- ഹരിയെ ചതിച്ച് അവളെ വീണ്ടും പ്രാപിക്കാൻ മണ്ടൻ ബന്ധൻ തയ്യാറായി- ഹരിയുമായി ഒത്തുകൂടുന്ന... പാർവ്വതി ഉപയോഗിക്കപ്പെട്ട അതേ സ്ഥലത്ത്. എല്ലാക്കാര്യങ്ങൾക്കും ഞാനാണവൾക്കൊപ്പം നിന്നത്. നിങ്ങൾക്ക് അരവിന്ദ് ഗൺ സമ്മാനിച്ചപ്പോൾ എന്റെ ഭർത്താവ് കൗതുകത്തിന്റെ പേരിൽ നിങ്ങളുടെ അതേ ഗണ്ണിന്റെ ഉടമസ്ഥനിൽ നിന്നും ഒരെണ്ണം വാങ്ങിച്ചുവെച്ചിരുന്നത് എനിക്കുപകാരപ്പെട്ടു. കുട്ടികൾക്ക് കളിപ്പാട്ടമെന്ന പോലെ ഗണ്ണുകൾ നിർമ്മിച്ച് സൂക്ഷിക്കുന്ന ആ ഉടമസ്ഥനെ
പിടികൂടുവാനാവില്ല. ഒരു പോലീസുകാരനോട് ഇതിലധികം ഞാൻ സംസാരിക്കേണ്ടതില്ലല്ലോ..."
സ്റ്റെഫി അവനോടിങ്ങനെ പറഞ്ഞുനിർത്തിയതും പാർവ്വതിയെ ഒരുനോക്ക് കാണണമെന്ന് അർജ്ജുൻ ആവശ്യപ്പെട്ടു.
"പോലീസുകാരന്റെ ജോലി കഴിഞ്ഞു, ആത്മാർത്ഥ സുഹൃത്തിന്റെയും, നിങ്ങളുടെയും... വക്കീലിനൽപ്പം ജോലികൂടി ബാക്കിയുണ്ട്..."
എന്തിനെന്നില്ലാതെ, സെല്ലിനകത്തു നിൽക്കുന്ന പാർവ്വതിയോട് ഒതുക്കത്തോടെ അർജ്ജുൻ പറഞ്ഞു.
"എനിക്കിപ്പോളൊരു വിശ്വാസമുണ്ട്... എന്നെ മനസ്സിലാക്കുവാൻ ഇഷ്ടമുള്ളൊരാൾ തരുന്ന സ്നേഹത്തിന് പ്രത്യുപകാരം ചെയ്ത് ജീവിക്കാമെന്ന്."
പാർവ്വതി ഇത്രയും പറഞ്ഞതേയുള്ളു, ഒരക്ഷരംപോലും മറുപടിയായി പറയാതെ അർജ്ജുൻ തിരിച്ചു നടന്നു- ഐ.ജി. രാധാകൃഷ്ണന് സമ്മാനിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്- അലസമായ മനസ്സുമായി... എല്ലാവരും ഏറെക്കുറേ ഉത്തരങ്ങളേ തിരിച്ചറിയുന്നുള്ളൂ; മുന്നോട്ടുള്ള ചോദ്യങ്ങളാണ് പിന്നിലുള്ള ഉത്തരങ്ങളെക്കാൾ ആവശ്യം.
അവസാനിച്ചു.
