ശുഷ്രൂഷ (ഭാഗം - 5)
ശുഷ്രൂഷ (ഭാഗം - 5)
കോളിംഗ്ബെൽ മുഴങ്ങുന്നത് കേട്ട് ഇന്ദ്രജൻ മെയിൻഡോർ തുറന്നു.
“ഹാഹ്... ലക്ഷ്മിക്കുട്ടിയോ! കേറി വാ... വഴി പിശകിയില്ലല്ലോ അല്ലേ...!?”
സന്തോഷംഭാവിച്ചു തന്റെ വീട്ടിലേക്ക് അയാൾ ലക്ഷ്മിയെ സ്വീകരിച്ചു.
“കുറച്ചൊന്നു കൺഫിയൂഷനായിപ്പോയി.. ഇപ്പോൾ എങ്ങനെയുണ്ട്?
ഞാൻ ഉച്ചവരെ ലീവെടുത്ത് വന്നതാ. ഹോസ്പിറ്റലിൽ ഒന്നാമത് നല്ല തിരക്കാ...”
അകത്തേക്ക് കയറുന്നതിനിടയിൽ അവൾ അയാളോടായി പറഞ്ഞു.
അയാൾ മറുപടിയൊന്നും കൂടാതെ അവളെ അകത്തെ ഡൈനിങ്ടേബിളിലേക്ക് നയിച്ച ശേഷം പറഞ്ഞു;
“ഇരിക്ക്... ഞാൻ പ്രിപ്പയർ ചെയ്തത് എടുക്കാം. പിന്നെ അസുഖം, അവൻ മറഞ്ഞിരിക്കുവല്ലേ...? എന്നെയും കൊണ്ട് പോവില്ലാന്ന് ആരു കണ്ടു!?
അവിടുന്ന് പോന്നിട്ടിപ്പോൾ ഒരാഴ്ചയായില്ലേ, ഇതു വരെ വലിയ കുഴപ്പമൊന്നുമില്ല.”
ഇതു പറഞ്ഞു കിച്ചണിലേക്ക് പോയ ഇന്ദ്രജൻ ഉടൻ തിരികെ വന്ന് പറഞ്ഞു, കൈയ്യിൽ ചില അടുക്കളയുപകരണങ്ങൾ എടുത്തു നിൽക്കേ;
“... ക്യാൻസറിനേക്കാൾ വലിയ കുഴപ്പമെന്തു വരാനാ...? ഹ, ഹ... ഞാനിനി കുഴപ്പമാണെന്ന് പറയുന്നതിന് ലക്ഷ്മിക്കുട്ടിക്ക് സങ്കടം വേണ്ട.”
ചിരിയോടെ അയാൾ വീണ്ടും കിച്ചണിലേക്ക് പോയി. മറുപടിയായി ലക്ഷ്മി തലയാട്ടി മന്ദഹസിച്ചതേയുള്ളൂ.
അല്പസമയത്തിനകം പ്രാതലുമായി ഇന്ദ്രജൻ വന്നു. അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു തുടങ്ങി.
“ഒരാഴ്ചയായല്ലോ, അപ്പോൾ എന്തായി എന്നറിയണം എന്നുണ്ടായിരുന്നു... അപ്പോഴാ എന്നെയിന്നലെ വിളിച്ചത്! അന്ന് നമ്പർ പറഞ്ഞപ്പോൾ ഓർത്തിരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല!”
കഴിക്കുന്നതിനിടയിൽ ലക്ഷ്മി അയാളെ നോക്കി പറഞ്ഞു. ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനിടയിൽ അയാൾ മറുപടി നൽകി;
“ലക്ഷ്മിയെ അങ്ങനെ മറക്കുവാൻ സാധിക്കുമോ! നമ്പരെല്ലാം കൃത്യമായി ഞാനോർത്തിരിപ്പുണ്ട്. ... എങ്ങനെയുണ്ട് എന്റെ പാചകം? വായിൽവെക്കാൻ കൊള്ളാമോ...? ഭർത്താവും കുട്ടികളുമൊക്കെ എന്ത് പറയുന്നു...!?”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു;
“ഇത്രയധികം ഒറ്റയടിക്കങ്ങു ചോദിച്ചാൽ ഞാനെങ്ങനെ കൃത്യമായി മറുപടി പറയും?!”
അയാൾ മന്ദഹാസത്തോടെ പറഞ്ഞു;
“ഈ വീട്ടിലൊരനക്കം, ഇതിപ്പോഴാ... ഞാനതിന്റെ ത്രില്ലിലാ. സാവധാനം... മറുപടി നൽകിയാൽ മതി.”
അവൾ മറുപടി നൽകി;
“പാചകം അസ്സലായിട്ടുണ്ട്. കുടുംബം സുഖമായിരിക്കുന്നു.”
എന്തോ മറന്നെന്നമട്ടിൽ ഇന്ദ്രജൻ നായർ ചോദിച്ചു;
“ലക്ഷ്മിയോ...?!”
മന്ദഹാസത്തോടെ, തെല്ലുനിമിഷത്തെ ആലോചനയിലാണ്ട് അവൾ മറുപടി നൽകി;
“ഞാനിവിടെ ചെയറിൽ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു.”
ഉടനെ അയാൾ മറുപടി നൽകി;
“ഹാ... എനിക്കത്രയും കേട്ടാൽ മതി.”
പ്രാതൽ കഴിഞ്ഞു ഇന്ദ്രജന്റെ വലിയ വീടൊക്കെയൊന്ന് കണ്ട്, കിച്ചനിൽ നിന്നും ഇറങ്ങവേ ലക്ഷ്മി ചോദിച്ചു;
“വല്ല ജോലിക്കാരെയും വെക്കരുതോ!?”
ഇന്ദ്രജൻ ഒരു നിശ്വാസത്തോടെ പറഞ്ഞു;
“പറ്റിയ ആരെ കിട്ടാനാ, ലക്ഷ്മിക്കുട്ടീ...?”
മറുപടിയില്ലാതെ അവൾ തലങ്ങും വിലങ്ങുമൊക്കെ കണ്ണുകൾ പായിച്ച് കുറച്ചു നിമിഷം അയാളുടെ മുൻപിൽ നിന്നു. തെല്ലൊരു നിമിഷം അവൾ അറിയാതെ സ്വന്തം വാച്ചിൽ നോക്കിയതും ‘ഒരു മിനിറ്റ്' എന്നു പറഞ്ഞു അയാൾ റൂമിലേക്ക് പോയി. ഒന്നുരണ്ടു മിനിറ്റുകൾ കഴിഞ്ഞപ്പോൾ കൈയ്യിലെന്തോ വെച്ചുകൊണ്ട് അയാൾ തിരികെയെത്തി.
“ഇതാ... ഞാൻ ഇവിടേക്ക് വിളിപ്പിച്ചത് പ്രധാനമായും ഇത് ഏൽപ്പിക്കണം, തരണം എന്നൊക്കെയോർത്താ...”
അവളുടെ കൈകളില്പിടിച്ച്, തന്റെ കൈയ്യിലിരുന്ന രണ്ടായിരംരൂപയുടെ ഒരു കെട്ടു ഏല്പിച്ചു കൊണ്ട് അയാളിങ്ങനെ പറഞ്ഞു.
അവൾ അമ്പരന്ന ശേഷം തിരസ്കരിക്കുവാൻ മുതിരവേ അയാൾ പണം അവളുടെ കൈകളിൽ കൂട്ടിപ്പിടിപ്പിച്ചു കൊണ്ട് പറഞ്ഞു;
“ഇത് നിനക്ക് അർഹതപ്പെട്ട പണമാണെന്ന് കൂട്ടിക്കോ. എനിക്ക് ആവശ്യത്തിലധികവും നിനക്കാവശ്യവും ഇതാണെന്ന് ഞാൻ മനസ്സിലാക്കിയതു കൊണ്ട് തരുന്നതു കൂടിയാണെന്ന് കൂട്ടിക്കോ! ... പിന്നെ എന്റെയൊരു സന്തോഷത്തിനും. ആരുമില്ലാതെ ക്യാൻസറുമായി ഞാനവിടെ വരുമ്പോൾ നീ എന്നെത്തേടി വന്നില്ലേ, അതു പോലെ ഞാനിതും തരുന്നെന്ന് കരുതിയാൽ പ്രശ്നം തീർന്നു.”
ഇത്രയും പറഞ്ഞു തന്റെ കൈകൾ അയാൾ പിൻവലിച്ചപ്പോഴേക്കും ലക്ഷ്‌മി തന്റെ കൈകളിലേക്കൊന്ന് നോക്കി. ശേഷം ഇന്ദ്രജനെ നോക്കി പറഞ്ഞു;
“എന്നാലും...”
ഉടനെ അയാൾ അല്പം ഗൗരവം ഭാവിച്ചു;
“ഇവിടെ ഒരു ഹോസ്പിറ്റലിൽ ഹെഡ്ഡ് നേഴ്സിന് എന്തു കിട്ടുമെന്ന് എനിക്കറിയാം. നിനക്ക് വയ്യാത്തൊരു ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.
ഇത് കുറഞ്ഞു പോയെങ്കിലേ ഉള്ളൂ...”
ഇത്രയും പറഞ്ഞ കൂട്ടത്തിൽ അയാൾ അവളുടെ ഇടതുകൈയ്യുടെ ഒരത്തിന്മേൽ തട്ടി. ഒരു തീരുമാനമെടുക്കുവാനാകാതെ കുഴഞ്ഞു അവൾ പണവുമായി അവിടെ നിന്നു.
ഉടനെ അയാൾ മന്ദഹാസത്തോടെ പറഞ്ഞു;
“ലീവ് ഇന്ന് മുഴുമിപ്പിച്ചാൽ എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ചൂടുചോറും കറികളും കൂട്ടി കഴിച്ചിട്ട് പോകാം... ലക്ഷ്മി എന്തു പറയുന്നു?!...”
അയാൾ ഡൈനിങ്ടേബിളിലെ സാമഗ്രഹികൾ മെല്ലെ ഒതുക്കിക്കൊണ്ട് പറഞ്ഞു. ആ നിമിഷം അവൾ വാച്ചിലേക്ക് നോക്കി മറുപടിയെന്ന പോലെ പറഞ്ഞു;
“അയ്യോ.. ഞാൻ പോകുവാണേ. സമയത്തൊക്കെ മരുന്ന് കഴിക്കണം... പറഞ്ഞതൊന്നും മറക്കേണ്ട.”
ധൃതിയിലിത്രയും പറഞ്ഞൊപ്പിച്ച് പണം തന്റെ ഹാൻഡ്ബാഗിലേക്കാക്കി അവൾ പുറത്തേക്ക് നടന്നു. തന്റെ സ്കൂട്ടറുമെടുത്തു, ഇന്ദ്രജനോട് യാത്ര പറഞ്ഞു അവൾ ഹോസ്പിറ്റൽ ലക്ഷ്യമാക്കി യാത്ര തുടർന്നു.
അവൾ ചിന്തിച്ചു പോയി;
“ഇത്രയധികം സൗഭാഗ്യം കിട്ടിയ ഒരു മനുഷ്യന്റെ ഗതി കണ്ടോ!?ഭാര്യയോ... മക്കളോ... ആരുമില്ല കൂടെ. എങ്ങനെ ജീവിക്കുന്നു ഈ പ്രായത്തിലും ഈ മനുഷ്യൻ...? ... മഹേഷ് വീണുപോയെങ്കിലും അവനുണ്ട്, അവന്റെ സ്വരം തന്റെ കാതോരത്തുണ്ട് എപ്പോഴും എന്നുള്ളതാണ് തന്നെപ്പോലും താങ്ങി നിർത്തുന്നത്! ... ഹോഹ്... ആലോചിക്കാനേ വയ്യ. നല്ലൊരു മനസ്സുള്ളോരു വ്യക്തിയെ അടുത്തറിയാൻ പറ്റി... ഈശ്വരൻ മുഖം കാണിച്ചു തുടങ്ങിയോ....”
>>>>>>
“ഹലോ... ആള് ജീവനോടെയുണ്ടോ!? രണ്ടു മൂന്നു ദിവസമായി വിളിയും വിവരവുമൊന്നും ഇല്ലാത്തതു കൊണ്ട് ഞാൻ വിചാരിച്ചു...”
ഡ്യൂട്ടിക്ക് പോകുവാനുള്ള രാവിലത്തെ തത്രപ്പാടിനിടയിൽ ലക്ഷ്മി, വന്ന ഇന്ദ്രജന്റെ ഫോൺകോളെടുത്ത് സംസാരിച്ചു.
“ഇതാ... ചേട്ടന്റെ കൂടി കൊടുത്തേക്ക്... വേഗം ചെല്ല്, സമയം പോയി മീനാ...,” ഒപ്പം പതിഞ്ഞ സ്വരത്തിൽ, സ്കൂളിൽ പോകുവാൻ റെഡിയായി വന്ന മീനയോട് അവൾ, രണ്ടു ലഞ്ച്‌ബോക്‌സുകൾ ചൂണ്ടിക്കാണിച്ച് അടുക്കളയിൽ നിൽക്കേ ഇങ്ങനെ പറഞ്ഞു.
അപ്പോഴേക്കും ഇന്ദ്രജൻ ഇങ്ങനെ മറുപടി നൽകിയിരുന്നു;
“ഹതു ശരി, എന്നെ ക്യാൻസറെടുത്തുവെന്ന് വിചാരിച്ചു കാണും...
കൊള്ളാം...”
അടുക്കളയിലെ മറ്റു പണികളൊക്കെ വേഗത്തിൽ ഒരുവശ്ശേ ഒതുക്കിക്കൊണ്ട് ലക്ഷ്മി മറുപടി നൽകി;
“ഏയ്യ്... അങ്ങനല്ല... കുറച്ചു ദിവസമായി വിളിയും അനക്കവും കാണാത്തതു കൊണ്ട് പറഞ്ഞതാ...”
മറുതലയ്ക്കൽ നിന്നും ഒരു മുരൾച്ചയ്ക്കു ശേഷം, തൊണ്ട ശരിയാക്കിയെന്ന പോലെ ഇന്ദ്രജൻ പറഞ്ഞു;
“ഞാനൊരു ഇൻപോർട്ടന്റ് കാര്യം പറയാൻ വിളിച്ചതാ. അതാ ഈ തിരക്കിനിടയിലും വിളിക്കാമെന്നു വെച്ചത്...” അയാൾ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ ലക്ഷ്മി ഇടക്കു കയറി;
“... ഊം?”
ഒരിക്കൽക്കൂടി തൊണ്ടയിലെ കരപ്പുമാറ്റാനെന്നപോലെ മുരളി അയാൾ തുടർന്നു;
തുടരും...

