N N

Drama Children

3  

N N

Drama Children

പള്ളിക്കൂടവും മരവും

പള്ളിക്കൂടവും മരവും

1 min
497


മരങ്ങളും ബാല്യക്കാലവും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്. എന്റെ ബാല്യത്തിന്റെ സുന്ദര ഓർമ്മകളിൽ രണ്ടു മരങ്ങളാണ് ഇന്നും കായ്ച്ചു കൊണ്ടിരിക്കുന്നത്. തല്ലി തേങ്ങയും, പഞ്ചസാരപ്പഴവും. മറ്റ് സ്ഥലങ്ങളിൽ വേറെ പേരുകളുണ്ടോ ഈ മരങ്ങൾക്കെന്നൊന്നും എനിക്കറിയില്ല.


കാലങ്ങൾക്ക് ശേഷം ഞാനണിഞ്ഞ വസ്ത്രങ്ങളിൽ ഏറ്റവും സുന്ദരമായ വസ്ത്രം സ്കൂൾ യൂണിഫോം ആണെന്നും, ഏറ്റവും സുന്ദരമായ വഴികൾ പള്ളിക്കൂടത്തിലേക്കുള്ള വഴിയാണെന്നും, ഏറ്റവും വലിയ നഷ്ടം ആ ദിനങ്ങളാണെന്നും മനസ്സിലാക്കിയ യാഥാർഥ്യം പോലെ മറ്റൊരു യാഥാർത്ഥ്യമായിരുന്നു, ഞാൻ കഴിച്ചിട്ടുള്ള ഫലങ്ങളിൽ ഏറ്റവും രുചിയേറിയ രണ്ട് ഫലങ്ങൾ പഞ്ചസാരപ്പഴവും തല്ലി തേങ്ങയും തന്നെയായിരുന്നു എന്നത്. മറ്റു പഴങ്ങൾ രുചി മാത്രം നൽകുമ്പോൾ ഇവ രണ്ടും രുചിയോടൊപ്പം ഓർമ്മകളിലേക്കുള്ള ഏടുകൾ കൂടിയായിരുന്നു നൽകിയിരുന്നത്.

ഇന്റർവെൽ ബെല്ലടി കേൾക്കുമ്പോഴേ കൂട്ടമായി ഓടിയെത്തുകയും, കൊഴിഞ്ഞുവീണ തല്ലിതേങ്ങ പെറുക്കി തല്ലിപ്പൊട്ടിച്ചു തിന്നുകയും, ചാഞ്ഞുകിടക്കുന്ന മരക്കൊമ്പിൽ എത്തിപ്പിടിച്ചും, മരത്തിൽ കയറിയും പഴുത്ത പഞ്ചസാര പഴങ്ങൾ ശേഖരിച്ച്‌ ടീച്ചർ കാണാതെ ക്ലാസ്സിലിരുന്ന് തിന്നുകയും, വിചിത്രങ്ങളായ മത്സരങ്ങൾ വച്ച് വിജയിക്കുന്ന ആൾക്ക് മുഴുവൻ തല്ലിതേങ്ങയും പ്രഖ്യാപിച്ചു അവ സ്വന്തമാക്കാനായി കാട്ടുന്ന പോരാട്ടങ്ങളും ഒടുവിൽ ലോകം കീഴടക്കിയ ആഹ്ളാദത്തിൽ മറ്റുള്ളവരെ കൊതിപ്പിച്ചു നിർവൃതിയോടെ തിന്നുകയും, ചേട്ടന്മാരുടെയും, ചേച്ചിമാരുടെയും ഹൈസ്കൂൾ പ്രണയത്തെ തല്ലിതേങ്ങയുടെ മറവിലിരുന്ന് ഒളിച്ചു വീക്ഷിക്കുകയും അവരെക്കാളെറെ നാണവും കള്ളച്ചിരികളും അനുഭവിച്ചതും.... അങ്ങനെ എത്രയെത്ര ഓർമ്മകളാണ് മനസ്സിലിന്നും കായ്ച്ചു കൊണ്ടിരിക്കുന്നത്.


 ഇന്ന് സ്കൂൾ കാലവും കോളേജ് കാലവും പിന്നിട്ട് ജോലിത്തിരക്കിന്റെ ഓട്ടത്തിനിടയിലും ചില പള്ളിക്കൂടത്തിൽ പഞ്ചസാര പഴം  നിൽക്കുന്നത് കാണുമ്പോൾ ആ ഓർമ്മകളിലേക്ക് മനസ്സ് സഞ്ചരിക്കുകയാണ്. ഇപ്പോഴും കണ്ണുകൾ പരതുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ സ്കൂൾ കാലം കഴിഞ്ഞ് ഇന്നേവരെ തല്ലിതേങ്ങയെ കണ്ടിട്ടില്ല. അന്യം നിന്നു പോയോ, വംശനാശം സംഭവിച്ചോ, അതോ ഇന്നും പലരെയും കാത്ത് ഏതെങ്കിലും പള്ളിക്കൂടത്തിൽ നിലനിൽക്കുന്നുണ്ടോ... ഒന്നുമറിയില്ല. ചിന്നിച്ചിതറിയ എൽ.പി സെക്ഷനിലെ കൂട്ടുകാർ പോലും ആ വഴികൾ മറന്നിട്ടുണ്ടാകും.


നമ്മൾ ഓരോരുത്തരിലൂടെയും കടന്നുപോകുന്ന നിസ്സാര കാര്യങ്ങൾക്കാകും പിന്നീട് ഏറ്റവും വലിയ വില നൽകേണ്ടി വരുന്നത്. കേവലം മരങ്ങളായി ചിലർ കരുതുന്ന അതേ സമയം തന്നെ വെറും മരങ്ങൾക്കപ്പുറം എന്തോ ഒരു ആത്മബന്ധം ഉടലെടുത്ത ചിലരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ നമ്മളിലേറെ ആ മരങ്ങളും പള്ളിക്കൂടവും തമ്മിലൊരു ആത്മബന്ധമുണ്ട്. കാരണം പള്ളിക്കൂടങ്ങൾക്ക് മാത്രം സ്വന്തമാണ് ഈ രണ്ട് മരങ്ങളും.  മറ്റ് സ്ഥലങ്ങളിൽ വളരെ അപൂർവമായി പഞ്ചസാര പഴം ആരെയോ കാത്തിരിക്കുന്നുണ്ടെങ്കിലും തല്ലിതേങ്ങ ഇന്നും പള്ളിക്കൂടത്തിന്റെ ഏതോ മൂലയിൽ കുട്ടികൾക്ക് തണലേകാൻ മാത്രം നിലനിൽക്കുന്നുണ്ടാകും.


Rate this content
Log in

Similar malayalam story from Drama