Hibon Chacko

Drama Romance

3.4  

Hibon Chacko

Drama Romance

നിശബ്ദത (ഭാഗം-8)

നിശബ്ദത (ഭാഗം-8)

5 mins
467


ബിലീന ഇങ്ങനെ തുടർന്നപ്പോഴേക്കും അനുപമ ചോദിച്ചു; 

"നിനക്കിപ്പോൾ ഇത്തിരി അത്ഭുതവും... ഓർമയുമൊക്കെ കൂടും. പ്രായമിതല്ലേ മോളെ...?" 

ഇതു പറഞ്ഞു അവൾ ചിരിച്ചതും ബിലീന പെട്ടെന്ന് പറഞ്ഞു; 

"ആ...എടീ... ഇന്ന് ഞായറാഴ്ചയല്ലായിരുന്നോ, കുർബാന കഴിഞ്ഞു പോരുംവഴി ഞങ്ങൾ അവനെ കണ്ടു." 

താല്പര്യാഭാവത്തോടെ അനുപമ ചോദിച്ചു; 

"എന്നിട്ടോ...?" 


ആത്മവിശ്വാസത്തിന്റെ നെറുകയിൽ നിന്നെന്ന പോലെ അവൾ മറുപടി നൽകി; 

"ആളെ മമ്മിക്ക് ബോധിക്കുവൊക്കെ ചെയ്തു. പക്ഷെ, തരം കിട്ടിയാൽ മമ്മി കൈകഴുകും!" 

ചിരിയോടെ തന്നെ അനുപമ മറുപടി നൽകി; 

"നമ്മള് മോശമല്ലായിരിക്കും ഈ കാര്യത്തിൽ...?" 

ഉടനെ വന്നു മറുപടി; 

"ഒന്ന് പോടീ... എടീ...നിനക്കറിയാമല്ലോ, റൂബൻ ഉള്ളതു കൊണ്ട് എനിക്കവന് അത്ര ഫ്രീഡം കൊടുക്കാനാവില്ല. പാവം... എനിക്കവനെ ഒത്തിരി ഇഷ്ടമാടീ... എന്ത് ചെയ്യാനാ ഞാനിപ്പോൾ?" 


കാത്തുവെച്ചിരുന്നെന്ന പോലെ അനുപമയുടെ മറുപടിയെത്തി; 

"കുറച്ചിങ് അടുപ്പിക്ക്... അടുപ്പിച്ച് നിർത്ത്. പിന്നേയ്, സുന്ദരൻ ചെറുക്കനെ വേറെ പെണ്ണുങ്ങള് വല്ലതും നോട്ടമിട്ടാൽ തീർന്നു.." 

ഉടനെ വന്നു മറുപടി; 

"പിന്നേയ്... അങ്ങനാണേൽ അവൻ പോട്ടെന്നുവെക്കും ഞാൻ." 

ഒന്നുനിർത്തിയ ശേഷം അവൾ തുടർന്നു; 

"...എന്നാൽപ്പിന്നെ കുറച്ച് അടുപ്പിക്കാം ഇനിയും. അല്ലേടീ...?" 

അനുപമ മറുപടി പറഞ്ഞു; 

"നിന്റെ ഇഷ്ടംപോലെ ചെയ്യ് എന്താന്നാ..." 


തണുത്ത വാചകങ്ങളുമായി പിറകെയെത്തി ബിലീന; 

"എന്താടീ നിനക്കൊരു വൈക്ലബ്യം?" 

ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു; 

"നീയല്ലാതെ എനിക്കാരാടീ ഉള്ളത്...?" 

കൊഞ്ചൽ കലർന്നുള്ള ഈ വാചകങ്ങൾക്ക് മറുപടിയായി അനുപമ പറഞ്ഞു; 

"ബോധിച്ചിരിക്കുന്നു." 

സുഖിപ്പിക്കുന്നവിധം അവൾ പറഞ്ഞു; 

"നിന്നെയെനിക്ക് ഭയങ്കര ഇഷ്ടമാ. നീ വേണ്ടാത്ത കാര്യത്തിലൊന്നും തലയിടില്ല. നല്ല കുട്ടി..." 

ഇരുത്തംവന്ന മറുപടി വന്നു തിരികെ; 

"മോളേ..., ഊം..." 


അല്പനിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ബിലീന പറഞ്ഞു; 

"ഡെറിൻ, എന്റെ ബോയ് കൊള്ളാം എന്തായാലും. ഒറ്റയടിക്ക് എന്നെയും എന്റെ വീട്ടുകാരെയും അവൻ കറക്കിയെടുത്തില്ലേടീ..." 

ധൃതിയിലായതു പോലെ അനുപമ മറുപടി നൽകി; 

"വേഗം കെട്ടിക്കോടി ബില്ലീ... എന്നാൽ. ...ആ എടീ, ഇത്തിരി ബിസിയാ... ഞാൻ വിളിക്കാം." 

ബിലീന എന്തെങ്കിലും പറയും മുന്പേ അനുപമ കോൾ കട്ടാക്കിയിരുന്നു. 


19 


 രാവിലെ ആദ്യത്തെ അവർ നടന്നു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് സ്റ്റാഫ് ഗൈഡ് ക്ലാസിനു വാതിൽക്കലേക്കെത്തി. പഠിപ്പിച്ചിരുന്ന ടീച്ചർ അടുത്തേക്കു ചെല്ലും വരെ അവർ അവിടെത്തന്നെ നിന്നു. കുറച്ചുസമയം പരസ്പരം പതിഞ്ഞസ്വരത്തിൽ സംസാരിച്ചതിനു ശേഷം ഗൈഡ് ടീച്ചർ ബിലീനയെ ക്ഷണിച്ചു. അവൾ ക്ലാസ്സിൽ നിന്നും മെല്ലെ കാര്യമറിയാൻ എത്തിയതും ടീച്ചിങ് തുടരുവാൻ ടീച്ചർ തിരിഞ്ഞവഴി, അവളെ ഗൗരവത്തോടെ കാര്യമായൊന്ന് നോക്കി. 


"എന്റെ പിറകെ വാ... കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്." 

ഗൗരവം വിടാതെ ഗൈഡ് അവളോടായി ഇങ്ങനെ പറഞ്ഞു കൊണ്ട് 

ഡിപ്പാർട്മെന്റിലേക്കെന്നപോലെ നടന്നു. കാര്യമെന്താകുമെന്ന് ആർജിച്ച അവൾ ടീച്ചറെ അനുഗമിച്ചു.


ഡിപ്പാർട്മെന്റിൽ അവിടിവിടായി കുറച്ച് ടീച്ചേഴ്സും സാറന്മാരും ഇരിപ്പുണ്ടായിരുന്നു. ചിലർ പരസ്പരം കുശലം പറഞ്ഞും മറ്റു ചിലർ തങ്ങളുടെ സ്വന്തം പ്രവർത്തികളിൽ മുഴുകിയും സമയം കളഞ്ഞിരിക്കെ അല്പം പ്രൈവസി കിട്ടുന്നതൊരിടത്ത് ചെയറിൽ ടീച്ചർ ഇരുന്ന ശേഷം മുന്നിലെ ടേബിളിനോട് ചേർന്നുള്ള ചെയറിലിരിക്കുവാൻ ബിലീന ആജ്ഞാപിക്കപ്പെട്ടു. 


"നിനക്ക് എത്ര വയസ്സുണ്ട്?" 

ടീച്ചർ ഗൗരവത്തോടെ ചോദിച്ചു. 

"ഇരുപത്തിയൊന്ന് ആകാറാകുന്നു." 

ടീച്ചറിന് എതിർവശത്തായിരുന്ന അവൾ മറുപടി നൽകി. 


"മിനിഞ്ഞാന്ന്, ടൂറിന്റെ വിശേഷങ്ങളൊക്കെ എന്റെ ചെവിയിലെത്തിയിരുന്നു. വല്ലതും അറിഞ്ഞു കാണുമോ...?" 

ചെറിയൊരു കാരണമില്ലാത്ത ഭയത്തോടെ പതിഞ്ഞ സ്വരത്തിൽ അവൾ ടീച്ചറുടെ ഈ വാചകങ്ങൾക്ക് മറുപടി നൽകി; 

"...ഇല്ല..." 

'ഊം' എന്നൊരു ഭാവത്തോടെ പുച്ഛം കലർത്തി ടീച്ചർ തലയാട്ടി. 


"മിനിഞ്ഞാന്ന്, അതായത് ശനിയാഴ്ച്ച... കൃത്യം പറഞ്ഞാൽ വെളുപ്പിന്... 

നീ ദാനശീലയായെന്ന് ക്ലാസ്സിലെ ചില സ്റ്റുഡന്റസ് എന്നെ അന്നും ഇന്നലെയുമൊക്കെ വിളിച്ചു പറഞ്ഞു. ഞാൻ അന്വേഷിച്ചപ്പോൾ കാര്യം ശരിയാ... അവന് സാറന്മാർ വേറെ വച്ചിട്ടുണ്ട്." 


ഇതുകൂടി കേട്ടതോടെ ബിലീന ഇരുന്നു കൊണ്ടു തന്നെ വിയർക്കുവാനും, ഹൃദയത്തിന്റെ വേഗതയെ വരുതിയിലാക്കാനാവാതെവരികയും ചെയ്തു. ടീച്ചർ തുടർന്നു; 


"എന്റെ മോളേ... എത്രയൊക്കെ അലമ്പന്മാർ ഉള്ള ക്ലാസ്സാ നമ്മുടേത്! എന്നിട്ട് ഇത്തരമൊരു മോശം... എന്താ ഞാനിപ്പോൾ അതിന് പറയുക...? 

ഇങ്ങനെയൊരു വൃത്തികേട് കാണിക്കുവാൻ നിനക്കെങ്ങനെ തോന്നിയെടീ... നിനക്കു മാത്രം!" 

അവളറിയാതെ തന്നെ, മുഖം വിളറിയതുകണ്ട ടീച്ചർ തുടർന്നു; 

"...ബാക്കി പിള്ളേരൊക്കെ എത്ര നല്ലവരാണെന്ന് ഇപ്പോളാ ഞങ്ങൾക്ക് മനസ്സിലായത്.." 

ഇതു പറഞ്ഞു കൊണ്ട് രണ്ടു ടേബിൾ അകലത്തിലിരുന്നൊരു ടീച്ചറെ വിളിച്ചു കൊണ്ട് അവർ തുടർന്നു; 

"...അല്ലേ ടീച്ചറെ!?" 

മറുപടിയായി അവർ പുശ്ചത്തോടെ തലയാട്ടി, ചിരികലർത്തി. 


"ഡിപ്പാർട്മെന്റിൽ എല്ലാവരും അറിഞ്ഞു, ക്ലാസ്സിലും പാട്ടായി. എന്റെ ക്ലാസ് അല്ലേ, നാണക്കേട് എനിക്കും!" 

ഇത്രയും ടീച്ചർ തുടർന്നു പറഞ്ഞപ്പോഴേക്കും ബിലീന മുഖംപൊത്തി ശബ്‌ദം കുറച്ചു കരഞ്ഞു പോയി. കുറച്ചു സമയം, അവളുടെ കരച്ചിലടങ്ങട്ടെയെന്നവണ്ണം ടീച്ചർ അവളെ നോക്കി നിശബ്ദമായിരുന്നു. 

"...മോളേ, ഇനിയിപ്പോൾ നീ കരഞ്ഞിട്ടെന്താ കാര്യം!? വല്ല കാര്യവുമുണ്ടോ...?" 


ഇങ്ങനെ പറഞ്ഞൊന്നു നിർത്തിയ ശേഷം ടീച്ചർ തുടർന്നു; 

"...എനിക്കിപ്പോൾ നിന്റെ ഇരട്ടിയിലധികം പ്രായമുണ്ട്. എന്റെയൊക്കെ ഈ പ്രായത്തിൽ ഇങ്ങനൊക്കെ ചിന്തിക്കുവാൻ വരെ ഞങ്ങൾ ഭയപ്പെട്ടിരുന്നു." 

ഇത്രയുമായപ്പോഴേക്കും അവളുടെ കരച്ചിലിന്റെ ആഴം കൂടി. 

"പറഞ്ഞാൽ കൂടിപ്പോകും... അതു പിന്നെ വേറെ പ്രശ്നമാകുമെന്നുവെച്ച് 

ഞങ്ങളാരുമൊന്നും മിണ്ടാതിരിക്കുന്നതാ. പറയുന്നത് മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു..." 

അവളുടെ കരച്ചിലല്ലാതെ മറ്റൊന്നും, ടീച്ചറുടെ ഈ വാചകങ്ങൾക്കുശേഷം കുറച്ചുസമയത്തേക്കുണ്ടായില്ല. 


"കാണാനും കൊള്ളാം... പഠിക്കുകയും ചെയ്യും... ഇത്ര പ്രശ്‌നമാണേൽ വേഗം കെട്ടിച്ചുവിടാൻ വീട്ടിൽ പറയ്‌. അതോ... ഞങ്ങൾ വിളിച്ച് പറയണോ...?" 

ഒന്ന് നിർത്തിയ ശേഷം ടീച്ചർ തുടർന്നു; 

"വേണോടീ...?" 

അവൾ കരച്ചിൽ തീവ്രതയോടെ തുടരുകയല്ലാതെ മറ്റൊന്നും മറുപടിയായുണ്ടായിരുന്നില്ല. 


"...മോളേ, തോന്നിവാസം കാണിക്കാതെ പഠിച്ച് വല്ലതും ആയി കല്യാണമൊക്കെ കഴിച്ച് അന്തഃസ്സായി ജീവിക്കുവാൻ നോക്ക്. അല്ലാതെ 

ഇതു കൊണ്ടൊന്നും എവിടെയും എത്തില്ല... എല്ലാവരും എല്ലായ്‌പ്പോഴും കേൾക്കുന്നതും പറയുന്നതുമെ എനിക്കും പറയുവാനുള്ളൂ... ഈ കാലഘട്ടത്തിൽ ജീവിക്കുന്നൊരുത്തിയോട് പ്രത്യേകിച്ചൊരു ഉപദേശത്തിന്റെ ആവശ്യമില്ല. പിന്നെ, അഹങ്കാരം കൊണ്ട് തോന്നിവാസം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടാൽ ഇതിനേക്കാൾ ഭീകരമായി കൊണ്ട് പഠിക്കും. അത് വേണോ...? അത്രയുമൊക്കെ പോകണോ 

എന്നൊക്കെ ചിന്തിക്ക്..." 


ഒന്ന് നിർത്തിയ ശേഷം ടീച്ചർ ചോദിച്ചു; 

"...എന്ത് പറയുന്നു ബിലീന ലൂക്കോസ്...?" 

മറുപടിയില്ലാതെ കരഞ്ഞു കൊണ്ടിരുന്ന ബിലീനയെ നോക്കിത്തന്നെ ടീച്ചർ തുടർന്നു; 

"ഈ കോളേജിന് ഇത്തിരി അച്ചടക്കം ഉണ്ട്. ഇല്ലേൽ ഇത്തരം വേലകളൊക്കെ കണ്ടില്ലെന്ന് വെക്കാമായിരുന്നു. വിട്ടാൽ, എവിടെയേലും പോയി നശിച്ചോളുമായിരുന്നു. ഞങ്ങൾക്കെന്താ...? അവനവന്റെ അന്തസ്സ്‌, സംസ്കാരം, ഭാവി..." 


അപ്പോഴേക്കും ടീച്ചറിന്റെ ഫോൺ റിങ് ചെയ്തു. അവർ ഫോണെടുത്ത് നോക്കിയപ്പോഴേക്കും കോൾ കട്ട് ആയിരുന്നു. അല്പനിമിഷം അതിലെക്കെന്തോ ടച്ച് ചെയ്തശേഷം അവർ തുടർന്നു; 

"...ഇതൊക്കെയുണ്ടല്ലോ... പൊന്നുമോളേ, പുറത്തു നിന്നും കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെയാ... എത്രമാത്രം വൃത്തികേടാണെന്ന് മനസിലാകൂ. സ്വന്തം മാതാപിതാക്കളുടെയും 

കുടുംബത്തിന്റെയും കാര്യമൊക്കെയൊന്നോർക്ക്..." 

അല്പം ഗൗരവമയച്ചു ടീച്ചർ ഇങ്ങനെ പറഞ്ഞു. മുഖം പൊത്തിപ്പിടിച്ച് കരഞ്ഞിരുന്ന അവൾ മുന്നിലെ ടേബിളിലേക്ക് ചായ്ഞ്ഞു. 


"...എനിവെയ്, എനിക്ക് നോന്നോടിത്തിരി ഇഷ്ടക്കൂടുതലുണ്ടായിരുന്നത് പോയി, നീ കളഞ്ഞു. ഇനിയേലും നന്നായിട്ട് ജീവിക്കുക." 

ഇതും പറഞ്ഞു ടീച്ചർ ഫോണുമായി എഴുന്നേറ്റു. പുതിയ ചലനങ്ങളൊന്നും 

അവളിൽ കാണാതെ വന്നതോടുകൂടി അവർ തുടർന്നു; 

"ഇത്രയുമായി... ഇനിയിപ്പോൾ ഇവിടിരുന്ന് കരഞ്ഞു എല്ലാവരെയും കൂടുതൽ അറിയിക്കേണ്ട. വേഗം എഴുന്നേറ്റ് ക്‌ളാസ്സിൽ പോയ്‌ക്കോ. 

ലിസ്റ് ഇയർ കഴിയാറായി. പഠിച്ച് വല്ലതും വാങ്ങി പോകാനുള്ള പണി നോക്കിയാൽ കൊള്ളാം. വേണേൽ മതി..." 

ഇത്രയും പറഞ്ഞു കൊണ്ട് ടീച്ചർ അവളെ എഴുന്നേൽപ്പിച്ചു. ശേഷം, പറഞ്ഞതിന്റെ ബാക്കിപത്രവുംപേറി ബിലീന ക്ലാസ്സിലേക്ക് നടന്നു. 


20 


ഒരു ദിവസം കോളേജ് കഴിഞ്ഞ സമയം ഡെറിൻ കാൺകെ ബിലീന അനുപമയോടൊപ്പം ജങ്ഷനിലായുള്ള വലിയൊരു ബേക്കറിയിലേക്ക് കയറി. അവൻ മെല്ലെ അല്പം അകലത്തിൽ അവരെ അനുഗമിച്ചു. അവൾ തിരക്കൊഴിഞ്ഞൊരു കോണിൽ നിന്നും രണ്ടാമത്തെ ടേബിളിൽ ഇരുന്നു. ഉടനെ, പിറകെയായി ഡെറിൻ അതിന്റെ ആദ്യത്തെ ടേബിളിന്റെ കോണോട് ചേർന്ന് തനിക്കുനേരെയിരിക്കുന്ന ബിലീനയ്ക്ക് മുഖാഭിമുഖമായി ഇരുന്നു. 


വെയ്റ്റർ വന്നു, അവർ കോഫിയും സ്‌നാക്‌സും ഓർഡർ ചെയ്തു. അവനും അവരെ അനുകരിച്ചു. അനക്കം കൂടാതെ മുഖത്തോടുമുഖം നോക്കിയിരിക്കുന്ന ഡെറിനും ബിലീനക്കുമിടയിൽ, അവളുടെ എതിരെ-കോണിലെ കവറിലിരുന്ന് അനുപമ തന്റെ ഫോണിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. 


ഒരുവേള ബിലീന അനുപമയോട് ചോദിച്ചു; 

"എടീ, ഷാർലറ്റും ഇവനും തമ്മിലെന്താ ബന്ധം?" 

പെട്ടെന്ന് ഫോണിൽ നിന്നും തലയുയർത്തിയൊന്ന് ഞെട്ടിക്കൊണ്ട് അനുപമ പറഞ്ഞു; 

"ആ... ഇവന്റെ ഫ്രണ്ടിന്റെ പെങ്ങളെങ്ങാണ്ടുമാ... എന്നാ അവൾ അന്ന് പറഞ്ഞത്..." 


അവസാനവാചകം അല്പം ധൃതിയിൽ അനുപമ പറഞ്ഞപ്പോഴേക്കും അവർ ഓർഡർ ചെയ്തവ എത്തി. അപ്പോഴും അവൻ അവളുടെ മുഖത്തു നിന്നും കണ്ണുകളെടുക്കാതെ, മറ്റൊന്നും ശ്രദ്ധിക്കാതെ, അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അല്പസമയത്തിനകം അവന്റെ ഓർഡറും എത്തി. 


അവൻ അവളെ നോക്കിത്തന്നെ കോഫി സിപ് ചെയ്യുവാനാഞ്ഞു. അവനോടുള്ള നോട്ടത്തിൽ അവൾ കുറച്ചുകൂടി ശ്രദ്ധാലുവായി. ബിലീനയുടെ മുഖഭാവം ശ്രദ്ധിക്കാനിടയായ അനുപമ ഉടനെ ചെറിയ അമ്പരപ്പോടെ ചോദിച്ചുപോയി; 

"എന്തുവാടീ...ഇതൊക്കെ!?" 


ഇതിനിടയിൽ ചുണ്ടുപൊള്ളി, കോഫി തിരികെ ടേബിളിൽ വെക്കുന്ന ഡെറിനെ കണ്ട് ബിലീന തന്റെ മന്ദഹാസം കടിച്ചമർത്തി മറുപടി നൽകി; 

"അല്പം സൊയിര്യം തരാമോ...? പ്ളീസ്, ഞങ്ങൾ പരസ്പരം പല പേർസണൽ കാര്യങ്ങളും കൈമാറിക്കൊണ്ടിരിക്കുവാ. അതാണേ..." 

ഉടനെ തമാശകലർന്ന ഗൗരവത്തിൽ അനുപമ പറഞ്ഞു; 

"ഓ...ഹോ... ഞാൻ പോയിത്തരണോ ആവോ..!" 

അവനെ വീണ്ടും നോക്കിക്കൊണ്ട് ബിലീന പറഞ്ഞു; 

"ഏയ്... തൽക്കാലം വേണ്ട." 


മറുപടിരഹിതയായി അനുപമ അവളെ നോക്കിയിരുന്നു പോയതേയുള്ളൂ. അല്പനിമിഷം കഴിഞ്ഞില്ല, ബിലീന ചിരിയമർത്തി തന്റെ പിന്നിലെ മുടിയെടുത്ത് ഇടത്തെ ഷോൾഡറിലൂടെ താഴേക്കിട്ടു. ശേഷം, തലയല്പം ഇടത്തേക്ക് ചരിച്ച് ഇടതുകൈയ്യിലെ രണ്ടു വിരലുകളാൽ ഇടത്തെ കവിളിൽ ബലംകൊടുത്തു ഇരുന്നു. 


ഉടനെ അവൻ കോഫി ഒരു സിപ് നുകർന്നു. അപ്പോഴേക്കും അവർ സ്നാക്സ് ചെറിയ രീതിയിൽ കഴിച്ചു തുടങ്ങിയിരുന്നു. ഒരുവേള തന്റെ വലതുപാദത്തിലെ ചെരുപ്പ് മാറ്റി നഗ്നമായ പാദം അവനു മാത്രം കാണാനാവുന്നവിധം അവൾ വെച്ചു. അവളുടെ പ്രവർത്തനങ്ങൾ മുഖത്തു നിന്നും വായിച്ചെടുത്തെന്ന വിധം അനുപമ ശബ്ദം താഴ്ത്തി പറഞ്ഞു; 


"എടീ, ഇങ്ങനെയും മിറ്റെ...ഇളകല്ലേ. അവൻ ഇവിടെ വച്ചു നിന്നെ വല്ലതും ചെയ്യും!" 

'ശ്രദ്ധിക്കുന്നില്ല' എന്നമട്ടിൽ മറുപടി നൽകി അവൾ അവനെ നോക്കി ഇരുന്നു. ശേഷം അവന്റെയൊപ്പം കോഫി സിപ് ചെയ്തു തുടങ്ങി. 

"എന്റെ സ്നേഹം സത്യമാണേൽ തൽക്കാലം ഇത്രയും ചാർജ് മതി അവന്. വാ പോകാം..." 


എല്ലാം കഴിഞ്ഞു അവൾ വേഗം എഴുന്നേറ്റു കൊണ്ട് അനുപമയോട് പറഞ്ഞു. 'ഒന്നും തൽക്കാലം മനസ്സിലായില്ല' എന്ന ഭാവത്തോടെ അനുപമ ആദ്യമായി ഡെറിനെ അവിടെവച്ച് നോക്കിപ്പോയി, ബിലീന ബിൽ പെയ് ചെയ്യുന്ന സമയം. അപ്പോൾ അവനാകട്ടെ, തന്റെ ഫോണിൽ എന്തൊക്കെയോ ചെയ്യുകയായിരുന്നു, ബിലീനയെ ഇടയ്ക്കിടെ വല്ലാത്തൊരു മുഖഭാവത്തോടെ നോക്കിക്കൊണ്ട്. 


21 


"എനിക്കിന്ന് സംസാരിക്കുവാനൊരു മൂഡില്ല." 

രാത്രി കോൾ എടുത്തപാടെ ബിലീന റൂബനോട് പറഞ്ഞു. 

"നീ ഇങ്ങനെ ഫെഡ്-അപ് ആകാതെ..." 

അവൻ ധൈര്യം സംഭരിച്ചെന്ന പോലെ മറുപടിയായി പറഞ്ഞു. 

"ഇന്നുണ്ടായത് എന്താണെന്നറിയാമോ...?" 

ദേഷ്യഭാവത്തിൽ അവൾ ചോദിച്ചു. 


തുടരും...


Rate this content
Log in

Similar malayalam story from Drama