നിശബ്ദത (ഭാഗം-10)
നിശബ്ദത (ഭാഗം-10)
'അങ്ങനെ വിശ്വസിക്കാം' എന്നമട്ടിലുള്ള മുഖഭാവവുമായി റൂമിലെ ബെഡ്‌ഡിൽ നിന്നും അവളിറങ്ങി ഹാളിലേക്ക് നടന്നു, പിറകെ അനുപമയും. വൈകുന്നേരം ശീലമുള്ള ചായ കുടിച്ചു കൊണ്ട് ലൂക്കോസ് അവിടെ ടി.വി. കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
25
ഡെറിൻ തന്റെ ബുള്ളറ്റിൽ ബിലീനയുടെ വീട്ടിലെത്തി. വെറുതെയൊന്ന് ചുറ്റുപാടും നോക്കിപ്പോയ ശേഷം അവൻ ഡോറിൽ മുട്ടി. അപ്പോൾ അനുപമ ഡോർ തുറന്നു. മൂന്നു വർഷങ്ങൾക്കു ശേഷം പരസ്പരം കാണുന്ന അവർ തമ്മിൽ മന്ദഹസിച്ചു. അവൻ അകത്തു കയറിയതും അവൾ ഡോർ അടച്ച് ലോക്ക് ചെയ്ത ശേഷം, ബിലീനയുടേതെന്ന് അവനു തോന്നിക്കുന്നൊരു റൂമിലേക്ക് നടന്നു- അവൻ തന്നെ അനുഗമിക്കുവാനായി.
റൂമിലേക്ക് അവൻ എത്തിയതോടെ ബെഡിൽ ഇരുന്നിരുന്ന ബിലീന എഴുന്നേറ്റു. 'ഓക്കേ' എന്ന മുഖഭാവത്തോടെ അനുപമ റൂമിന്റെ ഡോർ വെളിയിൽ നിന്നും അടച്ചു.
"ഞാനാ അനുപമയെക്കൊണ്ട് നിന്നെ വിളിപ്പിച്ചത്..."
ഇങ്ങനെ പറഞ്ഞു കൊണ്ട് അവൾ തന്റെ മുഖം അവന്റെ നെഞ്ചിലമരും വിധം, അവനെ കെട്ടിപ്പിടിച്ചു. അവനാകട്ടെ, മൂന്നു വർഷങ്ങൾക്കു ശേഷം അവളെ കണ്ട സന്തോഷത്തിലായിരുന്നു. ചലനം കൂടാതെ തന്റെ മാറോടു ചേർന്നിരിക്കുന്ന ബിലീനയെ അവൻ മെല്ലെ കെട്ടിപ്പിടിച്ചു. കുറച്ചു സമയം ഇരുവരും ചലനമറ്റവരായി നിന്നു അങ്ങനെ.
"എന്താ എന്റെ കൊച്ചിന് വേണ്ടത്!?"
അവളെ തനിക്കു നേരെ നിർത്തിയ ശേഷം അവൻ ചോദിച്ചു.
"എനിക്ക് നിന്നെ വേണം... നിന്റെ സ്നേഹം വേണം..."
ഇത്രയും മറുപടി പറഞ്ഞശേഷം അവൾ അവനോടു ചേർന്ന്, തന്റെ പാദങ്ങളിലൂന്നി ഉയർന്ന് അവന്റെ ചുണ്ടിലൊരു മുത്തം നൽകി. മറുപടിയായി അവൻ തന്റെ കരവലയത്തിൽ അവളെ ചേർത്ത് നെറുകയിൽ ചുംബിച്ച ശേഷം പറഞ്ഞു;
"ഞാൻ നിന്റേതല്ലാതെ വേറെ ആരുടേതാടീ...ബില്ലീ...!"
ഉടനെ അവളെ ഡെറിൻ കോരിയെടുത്ത് അവിടെയുണ്ടായിരുന്ന ടേബിളിൽ തനിക്കുനേരെ ഇരുത്തി. ശേഷം അവളുടെ കാലുകളെ അകത്തി അവളോട് ചേർന്നു. ഉടനെ തന്റെ കാലുകളാൽ അവനെ വലയംചെയ്ത് കൈകളാൽ അവനെ തന്റെ മാറോടു ചേർത്തു അവൾ. പിന്നെ മെല്ലെ അവന്റെ തലമുടിയിൽ മൃദുവായൊന്ന് ചുംബിച്ച ശേഷം വിരലുകളാൽ മുടിയിഴകളെ തഴുകി.
"എനിക്ക് നിന്നെ ഇഷ്ടമായിരുന്നു... ജീവനായിരുന്നു എന്നൊക്കെ
അറിയാമായിരുന്നില്ലേ നിനക്ക്...? എത്ര തവണ... ആയിരം തവണ
പറയാതെ ഞാൻ പറഞ്ഞതല്ലേ നിന്നോട്...? എനിക്ക് നിന്നെ വേണമെന്ന്!"
ഗൗരവം കലർന്നിടറിയ, അവളുടെയീ വാചകങ്ങൾക്ക് മറുപടിയായി മാറിൽ തലചായ്ച്ചിരിക്കെത്തന്നെ അവൻ പറഞ്ഞു;
"അതെ. എനിക്കറിയാം നിന്നെ."
മറുപടിയ്ക്കു ശേഷം അവൻ നിശ്ശബ്ദനായപ്പോൾ അവൾ പറഞ്ഞു;
"എന്നിലുള്ള സ്നേഹത്തിന്റെ... അഹങ്കാരത്തിന്റെ പുറത്ത് ഞാനൊരുത്തന് എന്റെ മേൽ അധികാരം കൊടുത്തു പോയി... പറ്റിപ്പോയി എനിക്ക്... ഞാനെന്തു ചെയ്യാനാ...? പക്ഷെ, അപ്പോഴും
എനിക്ക് നിന്നെ ജീവനായിരുന്നു."
ഇത്രയുമായപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ അവന്റെ തലമുടിയിഴകളിലേക്ക് വീണു തുടങ്ങി.
"നമ്മൾ തമ്മിൽ പരസ്പരം സ്നേഹം കണ്ണുകളിലൂടെ കൈമാറിയതും, ഞാൻ എന്നെ... നിന്നെ ഏൽപ്പിച്ചതും... നീ എന്നെ തിരഞ്ഞതും... എല്ലാം,
എല്ലാമെനിക്ക് തിരിച്ചു വേണം..."
കരച്ചിലോടു കൂടി അവൾ പറഞ്ഞു നിർത്തിയ ശേഷം അവന്റെ തലമുടിയിൽ ഒരിക്കൽക്കൂടി ചുംബിച്ചു. അവളുടെ മാറിൽ ചായ്ഞ്ഞിരിക്കെ തന്റെ കണ്ണുകൾ മെല്ലെയടച്ചു കൊണ്ട് അവൻ പറഞ്ഞു;
"നിന്നോടടുത്തിരിക്കുവാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു... നിന്നോട് സംസാരിക്കുവാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു... നിന്റെ പാദം മുതൽ തലവരെ ചുംബിക്കുവാൻ,"
ഒരു നിമിഷം നിർത്തിയ ശേഷം, അവൻ തന്റെ മുഖം അവളുടെ മാറിലമർത്തിക്കൊണ്ട് പറഞ്ഞു;
"...ബില്ലീ, എനിക്ക് നീയില്ലാതെ പറ്റില്ലെടീ..."
ഇടറിപ്പോയ അവന്റെ ശബ്ദത്തോടൊപ്പം തന്റെ കഴുത്തിനു താഴെ നെഞ്ചിൽ ചെറിയ നനവുണ്ടായതായവൾ അറിഞ്ഞു.
"എന്റെ മനസ്സിലൂടെ ശരീരം നിനക്ക് കൈമാറിത്തന്നിട്ടില്ലേ ഡെറീ... പറ,
നിന്നെ വിട്ടുതരില്ലായെന്ന് പറഞ്ഞതല്ലേ വീണ്ടും ഞാൻ... നീയില്ലാതെ പറ്റില്ലായെന്ന് വീണ്ടും വീണ്ടും പറഞ്ഞതല്ലേ ഞാൻ..."
ഇത്രയും അവനോടവൾ പറഞ്ഞൊപ്പിച്ചപ്പോഴേക്കും തന്റെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ണുനീർത്തുള്ളികൾ പാടെയകറ്റി. അപ്പോഴേക്കും അവന്റെ മനസ്സിലൂടെ, താൻ ഒരിക്കൽ ഒരു പെൺകുട്ടിയെ പ്രായത്തിൻപുറത്ത് കവർന്നെടുത്ത ശേഷം അവളെ എന്നെന്നേക്കുമായി തന്നിൽ നിന്നുമകറ്റിയത് കടന്നു പോയി.
"കഴിഞ്ഞ മൂന്ന് വർഷം നിന്നെ കാണാതെ എനിക്ക് പറ്റില്ലായിരുന്നു... എന്റെ കുറ്റബോധം മാത്രമാണ് എന്നെയിത്രയും നാളവിടെ നിർത്തിയത്... ഒരുപാട് മനസ്സിലാക്കി താഴ്ന്നു പോയ എന്റെമേൽ
ഇപ്പോൾ നിനക്കേ അധികാരമുള്ളൂ... മറ്റുള്ളതെല്ലാം... മറ്റുള്ളവയെല്ലാം...
നിനക്കു വേണ്ടിയെനിക്ക് വലിച്ചെറിയേണ്ടി വന്നു. ഡെറീ... എനിക്കിനി നിന്നെ മതി... നിന്നെ മാത്രം മതി... ഐ ലവ് യൂ, ഐ ലവ് യൂ... ഐ ലവ് യൂ..."
ഇത്രയും പറഞ്ഞ ശേഷം അവൾ അവന്റെ മുഖം കൈകളിലെടുത്ത് ആകെ ചുംബനങ്ങൾ നൽകിത്തുടങ്ങി. അവളുടെ ചുണ്ടുകളുടെ ചൂടറിഞ്ഞു കൊണ്ടിരിക്കുമ്പോൾ അവൻ ചിന്തിച്ചു;
'ചെയ്ത തെറ്റിന് പ്രായശ്ചിത്തവുമായിരിക്കുന്നു... ബില്ലിയെ ഒരു നിമിഷത്തേക്കു പോലും നഷ്ടപ്പെടുത്തുവാനാവില്ല...അവളെന്റെ സ്വന്തം, എന്റെ മാത്രം... സ്നേഹിച്ച പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു,
സ്നേഹം കൊടുക്കുവാനെനിക്ക് സമ്മതവും.'
ഒരുവേള ചുംബനമവസാനിപ്പിച്ചു അവൾ പറഞ്ഞു;
"എനിക്കിങ്ങനെയൊക്കെ നിന്നോട് വേണമായിരുന്നു. അതാ... അതാ ഞാൻ അവളെക്കൊണ്ട് ഇവിടെ ആരുമില്ലാത്ത സമയം വന്നപ്പോൾ
നിന്നെ വിളിപ്പിച്ചത്. ഇനിയിപ്പോൾ ആര് വന്നാലും കണ്ടാലും...
എനിക്കൊന്നുമില്ല."
പതിഞ്ഞസ്വരത്തിൽ ഇങ്ങനെയവൾ അവസാനിപ്പിച്ച് അവന്റെ ഇരുകവിളുകളിലും താഴെ കഴുത്തിനിരുവശവും ചുംബിച്ച ശേഷം, അവനെ അകറ്റി നിലത്തേക്കിറങ്ങി നിന്നു. അല്പസമയം പൂർണ്ണനിശ്ശബ്ദനായി അവനവളെ നോക്കി നിന്നു. ശേഷം തന്റെ കരങ്ങളാൽ അവളുടെ കവിളുകൾക്കിരുവശവുമെടുത്ത്, ചുണ്ടുകൾക്കിടയിലേക്ക് ചുണ്ടുകൾ ചേർത്തു. അവൾ മെല്ലെ തന്റെ കരങ്ങൾ അവന്റെ കരങ്ങളിലേക്ക് പിടുത്തമിട്ടതും ചുണ്ടുകൾ പരസ്പരം ഗാഢമായും തീവ്രമായും പോരടിച്ചു തുടങ്ങി.
പരസ്പരം കണ്ടുമുട്ടിയ സ്നേഹത്തിന്റെ ഊർജ്ജം തീരുംവരെ അവരുടെ ചുണ്ടുകൾ വിശ്രമിച്ചില്ല. ശേഷം, മനസ്സില്ലാമനസ്സോടെ അവളുമായി റൂമിൽ നിന്നും അവൻ ഇറങ്ങിവന്നപ്പോഴേക്കും, അവിടെ നിന്നിരുന്ന അനുപമയെ കെട്ടിപ്പുണർന്ന് ബിലീന അവളുടെ കവിളിലൊരു മുത്തം കൊടുത്തു. അനുപമ മന്ദഹാസമമർത്തിപ്പിടിച്ച് നിറഞ്ഞു വന്ന കണ്ണുകളെ തടഞ്ഞു നിർത്തി.
ഡെറിൻ തന്റെ ബുള്ളറ്റിൽ തിരികെ പോന്നു. അവന്റെ മനസ്സു നിറയെ ചിന്തകളെത്തി വികസിച്ചിരുന്നു;
'ഒരു പെണ്ണിന്റെ സ്നേഹം വാങ്ങിച്ചെടുക്കുവാൻ... അവളെ നേടുവാൻ... അവളിലലിയുവാൻ... എത്രമാത്രം നഷ്ടമായിരിക്കുന്നു. ഇത്രയും കാലം പണയംവെച്ച ഭാവിയും വർത്തമാനവും ഭൂതവുമെല്ലാം ഈ നിമിഷം മുതൽ തിരികെ നേടിത്തുടങ്ങണം...ഞങ്ങൾക്കിരുവർക്കുമായി...'
വികസിച്ചു വന്ന ചിന്തകൾ അവനെ കൂടുതൽ നിശ്ശബ്ദനാക്കിക്കൊണ്ടിരുന്നു.
26
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിവാഹം കൊഴുത്തു കൊണ്ടിരിക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ടവരെല്ലാം ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഡെറിനും ബിലീനയും നവദമ്പതികളായി സ്റ്റേജിൽ ചിരിയോടെ റിസപ്‌ഷൻ നേരിടുന്ന തിരക്കിലാണ്. വിവിധ ബന്ധങ്ങളിൽ നിന്നും ആളുകൾ സ്റ്റേജിലെത്തി നവദമ്പതികളെ കാണുകയും സംസാരിക്കുകയും പലതരം സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകുന്ന തിരക്കിലാണ്. ഇതിനോടൊപ്പം ക്യാമറകൾ രംഗങ്ങളെല്ലാം ഒപ്പിയെടുത്തു കൊണ്ടിരുന്നു.
ഒരുവേള ബിലീനയുടെ മുഖം തണുത്ത് വാടി- സ്റ്റേജിലേക്ക് കൈയ്യിലൊരു ഗിഫ്റ്റുമായി റൂബൻ പീറ്റർ ചിരിയോടെ കയറി വന്നു. എന്തു ചെയ്യണമെന്നറിയാതെ അവൾ സ്തംഭിച്ചു നിന്നു. അവൻ നവദമ്പതികൾക്ക് മാറിമാറി ഷേക്-ഹാൻഡ് നൽകിയ ശേഷം ഡെറിന്റെ കൈയ്യിൽ ഗിഫ്റ് ഏൽപ്പിച്ചു- നവദമ്പതികളോടൊപ്പം ക്യാമറക്കണ്ണുകൾക്ക് അവസരം നൽകുകയും ചെയ്തു.
പിരിയുവാൻ തുടങ്ങവേ റൂബൻ ഡെറിനോട് പറഞ്ഞു :
"കൺഗ്രാജുലേഷൻസ്... മൂന്ന് വർഷമേ ആയുള്ളൂ ഞാൻ മാറിയിട്ട്...
സൂപ്പറാ...,"
ഇത്രയും പറഞ്ഞു കൊണ്ട് അവൻ ഡെറിനു നേരെ, കബളിപ്പിക്കുന്ന മുഖഭാവത്തോടെ ചിരിച്ചു കൊണ്ട് നിന്നു. ഉടനെ അവനെ പുണർന്നു കൊണ്ട്, അവന്റെ ചെവിയിലായി ഡെറിൻ എന്തോ പറയുന്നത് ബിലീന കണ്ടു. മുഖത്തെ ചിരി മായ്ഞ്ഞു അവൻ തിരികെ പോകുന്നതും അവൾക്കു കാണുവാൻ സാധിച്ചു. ഉടനെ അവൾ പരിസരം മറന്ന് ഡെറിനോട് ചോദിച്ചു;
"എന്താ ഡെറീ അവനോട് പറഞ്ഞത്...?"
മറുപടി പറയുവാൻ അവൻ തുനിഞ്ഞതും പെട്ടെന്ന് ജെസ്സി ചില റിലേട്ടീവ്‌സിനെയും കൂട്ടി അവരുടെ മുന്നിലെത്തി. അവർ തമ്മിൽ പരസ്പരം കുശലങ്ങൾ പറയുന്നതിനിടെ ചില വാചകങ്ങൾ ഉയർന്നു കേട്ടു;
"...അമ്മയുടെ കൂടെയുള്ളപ്പോൾ ധൈര്യമുണ്ടല്ലോ...!"
"മോനെ ഈശോയായിട്ട് അമ്മയ്ക്ക് കൊടുത്തതാ കേട്ടോ...?"
ചുറ്റുപാടും നിശബ്ദമായെന്നപോലെ അവർക്കിടയിൽ ചില കൂട്ടചിരികൾ ഉയർന്നു താണിരുന്നു. ഇതിനിടയിൽ ഒരു നിമിഷം ഡെറിന്റെ കണ്ണുകൾ ബിലീനയുടെ കണ്ണുകളുമായി ഉടക്കി അവ പരസ്പരം മന്ദഹാസം കലർന്ന നിശബ്ദത കൈമാറി.
അവസാനിച്ചു.

