Hibon Chacko

Drama Romance

3.7  

Hibon Chacko

Drama Romance

നിശബ്ദത (ഭാഗം-1)

നിശബ്ദത (ഭാഗം-1)

3 mins
234



"എന്റെ അമ്മേ, എൻറെ ഈശോയെ... അവൾക്ക് നല്ലൊരു ഭാവി... നല്ലൊരു ചെറുക്കനെ അങ്ങ് കൊടുത്തേക്കണമേ! അങ്ങേ ഉള്ളൂ എനിക്ക്... അറിയാമല്ലോ..!?"

ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്കു ശേഷം, ദൈവാലയത്തിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനു മുന്പായി ജെസ്സി മുട്ടിന്മേൽ നിന്ന് ചുണ്ടുകളനക്കി- ചെറിയ ശബ്ദത്തോടെ- കണ്ണുകളടച്ചു ഇത്രയും ഉരുവിട്ട ശേഷം മുഖത്തു നിരാശ പടർത്തി തുടർന്നു;

"നല്ലകാലത്തു എന്നില്നിന്നുമുണ്ടായ തെറ്റുകളൊന്നും എന്റെ മകൾക്ക് വന്ന് ഭവിക്കുവാൻ അങ്ങൊരിക്കലും 

അനുവദിക്കരുതേ... യേശുവേ, ഞാനങ്ങയിൽ വിശ്വസിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട...!"

   

അനുഭവപ്പെട്ട ആത്മീയ നിർവൃതിയുടെ കരുത്തോടെ സാവധാനം വിശുദ്ധ കുരിശ്ശ് വരച്ച ശേഷം ജെസ്സി എഴുന്നേറ്റ് ഈശോയെ കുമ്പിട്ട് ദൈവാലയത്തിനു പുറത്തേക്കിറങ്ങി. വിശുദ്ധ കുർബാനയ്ക്കു ശേഷം ആളുകൾ പിരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ആ സമയം. തനിക്ക് ചുറ്റുമുള്ളവരിലേക്ക് വേഗത്തിലൊന്ന് കണ്ണോടിച്ച ശേഷം അപരിചിതമായ ആ മുഖങ്ങൾ വിട്ടെറിഞ്ഞു മുന്നോട്ട് വേഗം നടക്കാനൊരുങ്ങിയതും പിറകിൽ നിന്നും ഒരു വിളി എത്തി;

"ജെസ്സീ...."

 അവർ തിരിഞ്ഞു നോക്കിയതും തന്റെ സുഹൃത്ത് ആനിയെ കണ്ട് പുഞ്ചിരിയോടെ അവിടെ നിന്നു.

"എങ്ങോട്ടാ ഇത്ര ധൃതിയിൽ...?!"

   

ഇതുംപറഞ്ഞു ആനി ചിരിയോടെ തന്റെ അടുക്കലേക്കെത്തിയതും ജെസ്സി മറുപടി നൽകി;

"കുറച്ചു കഴിയുമ്പോഴേക്കും എന്റെ ആങ്ങള ജോയിച്ചനും കുടുംബവും വരുമെടീ. അവർ കഴിഞ്ഞയാഴ്ച നാട്ടിലേക്ക് വന്നതാ. വല്ലതും വെച്ചുണ്ടാക്കി വെക്കേണ്ടെ!"

ധൃതിയാർന്ന ഈ മറുപടി കേട്ടയുടൻ അംഗീകാര ഭാവത്തോടെ ആനി ചോദിച്ചു;

"പിള്ളേരുണ്ടോടീ വീട്ടില്... അവരെന്നാ പറയുന്നു...? ലൂക്കോച്ചനോ?"

ജെസ്സി മറുപടി നൽകി;

"പിള്ളേര് ഉണ്ടെടി. ഞാൻ കുർബ്ബാന കഴിഞ്ഞു ചെല്ലുമ്പോഴേക്കും പറ്റാവുന്നതൊക്കെ ചെയ്തു വെക്കാൻ അവളോട് 

പറഞ്ഞിട്ടുണ്ട്. ഞാൻ ചെന്നിട്ട് വേണം ലൂക്കോച്ചനും അവർക്കു രണ്ടു പേർക്കും അടുത്ത കുർബ്ബാനയ്ക്ക് പോരുവാൻ!"

ചെറുതായി തലയാട്ടിക്കൊണ്ട് ആനി പറഞ്ഞു;

"എന്നാൽ ഞാനായിട്ട് നിന്റെ സമയം കളയുന്നില്ല. മറ്റന്നാൾ വെച്ചിരിക്കുന്ന പ്രയർ മീറ്റിങ്ങിന് കാണാം. വരുമല്ലോ അല്ലെ...?"


ജെസ്സി മറുപടി നൽകി;

"നാളെകഴിഞ്ഞു കാണാമെടി. എന്നാൽ ഞാനങ്ങു പോകുവാ കേട്ടോ... എല്ലാവരും സുഖമായിട്ടിരിക്കുന്നല്ലോ!?"

ചോദ്യഭാവത്തോടെ മറുപടി അവസാനിപ്പിച്ച അവർ ആനിയുമായി പിരിഞ്ഞു. ദൈവാലയത്തിൽ നിന്നും പോകുന്നവഴി മറ്റു പരിചയക്കാരെയൊക്കെ തന്റെ പരിചയംഭാവിക്കുന്ന ചിരിയുടെ അകമ്പടിയോടെ ധൃതിയിലാണെന്നറിയിച്ച്‌ അവർ മുന്നോട്ടുള്ള ചുവടുകൾ വെച്ചുകൊണ്ടിരുന്നു.



"ഒന്നാം വർഷം പകുതിയായതേയുള്ളൂ... ഇനിയും കിടക്കുന്നു രണ്ടര വർഷം ഡിഗ്രി കഴിയാൻ. സീനിയേഴ്സ് ആകാൻ പറ്റിയിരുന്നേൽ..."

തെല്ല് തമാശകലർന്ന നിരാശ പ്രകടമാക്കിക്കൊണ്ട് അനുപമ പറഞ്ഞു, ഫ്രീ അവറിൽ. അപ്പോൾ, അവളെ ശ്രവിച്ചിരുന്നിരുന്ന ബിലീന അല്പംകൂടി അവളോട് ചേർന്നിരുന്നു കൊണ്ട് മറുപടി നൽകി;

"കോളേജ് ലൈഫല്ലേ, എന്ജോയ് ചെയ്യടി... ദാ, എടിപിടീന്ന് വർഷമങ്ങു പോകും! നീയെന്താ ഒരുമാതിരി കൊച്ചു പിള്ളേരെപ്പോലെ...!?"

കൂസലന്യേ, വലിയ കോൺഫിഡൻസോടെയുള്ള ഈ മറുപടി ബിലീന ലൂക്കോസ് എന്ന പത്തൊന്പതുകാരിയിൽ നിന്നും കേട്ടതോടെ 'തൃപ്തിയായി' എന്ന സഹതാപഭാവത്തോടെ അനുപമ ജോൺസൻ മുഖം താഴ്ത്തിക്കളഞ്ഞു.

   

അല്പസമയം, ക്ലാസ്സിലെ മറ്റ് വിദ്യാർത്ഥിനി-വിദ്യാർത്ഥികളുടെ മുറുമുറുപ്പിന്റെയും മറ്റ് പ്രവർത്തനങ്ങളുടേയുമൊക്കെ കലപില ശബ്ദങ്ങൾ അവർക്കിരുവർക്കുമിടയിലേക്ക് കയറി വന്നു.

"ഒരു ചേട്ടൻ നിന്നെ കുറച്ചു ദിവസങ്ങളായി ടൂൺ ചെയ്യാൻ നടപ്പുണ്ടല്ലോ...ഊം!?"

പെട്ടെന്ന്, ബോധോദയം സംഭവിച്ച പോലെ അനുപമ അവളോട് ചോദിച്ചു.

"എന്റെയെടീ... അവനെ കണ്ടാൽത്തന്നെ ഒരു വശപിശകു ലക്ഷണമാ..."

വാചകം മുഴുമിപ്പിക്കാതെ, ബിലീന അവളുടെ മുഖത്തേക്ക് നോക്കിയിരുന്ന ശേഷം തുടർന്നു;

"...അവനെപ്പോലെയുള്ളവനൊക്കെ തലവെച്ചു കൊടുക്കുന്നതിലും ഭേധം... എനിക്ക് വയ്യാ! ഇങ്ങനെയുള്ളവന്മാരുടെ ശല്യം 

എനിക്ക് വയസ്സറിയിച്ചപ്പോൾ തൊട്ടുള്ളതാ... നീ വേറെ വല്ലതും പറ!"

മറുപടിയായി 'കൊള്ളാം' എന്ന സഹതാപഭാവത്തോടെ അനുപമ തുടർന്നു;

"അപ്പോൾ എന്നെപ്പോലെ, അപ്പനും അമ്മയും കാണിച്ചുതരുന്ന ചെറുക്കനെ... അല്ല, ചെറുക്കന് തലവെക്കാനാണോ നിന്റെ പ്ളായീൻ?!"

   

തമാശകലർന്ന ഈ വാചകങ്ങൾക്കു മറുപടിയായി പ്രസാദം കലർന്ന മുഖത്തോടെ ബിലീന ഒന്ന് മന്ദഹസിച്ചു. പിന്നെ അല്പനേരം ആലോചനയിലാണ്ടു. ശേഷം തുടർന്നു;

"പപ്പാ എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. ഞാനല്ലേ മൂത്തത്... അവനു പത്തിൽ പഠിക്കാനുള്ള പ്രായമല്ലേയുള്ളൂ! ഞങ്ങൾ മൂന്നാൾക്കും വേണ്ടിയാ പപ്പാ വർഷങ്ങൾ ഞങ്ങളെ വിട്ട് പുറത്തു ജോലി നോക്കിയത്.എല്ലാംവിട്ടു പപ്പാ തിരിച്ചുവന്നപ്പോഴാ 

എനിക്ക് സന്തോഷമായത്... ഞങ്ങൾക്കെല്ലാം. മമ്മിയുടെ കാര്യമറിയാമല്ലോ, ഇതിലും നല്ല മമ്മി സ്വപ്നങ്ങളില്മാത്രം! അനങ്ങാൻ പോലും സമ്മതിക്കത്തില്ല, എന്തൊരു വളർത്തലാ ഇത്...!?"


വളരെ ഗൗരവമായി തുടങ്ങിയ മറുപടി തമാശകലർത്തിയ സൊയ്‌ര്യമില്ലായ്‌മ പ്രകടമാക്കി നിർത്തിയ ശേഷം അവൾ തുടർന്നു;

"...എന്നെ സ്നേഹിച്ചു എന്റെ ഇഷ്ടത്തിന് നിൽക്കുന്ന ഒരുത്തനെ മതിയെനിക്ക്. അതിനു പകരമെന്താന്നാ ഞാൻ കൊടുത്തു കൊള്ളാം..."

അവൾ പറഞ്ഞു നിർത്തിയതും അനുപമ ചിരികലർന്ന സന്തോഷ ഭാവത്തോടെ പറഞ്ഞു;

"ദേ... സൂപ്പർമാർക്കറ്റു പോലെയാ. എവിടെച്ചെന്നുനോക്കിയാലും ഇഷ്ടമുള്ളത് എടുക്കാം ബില്ലീ."

തലയും കണ്ണുകളുമുപയോഗിച്ച് ചുറ്റുമൊന്നു കറക്കംവിട്ടു കൊണ്ടുള്ള അനുപമയുടെ ഈ വാചകങ്ങൾ കേട്ടു കൊണ്ടു തന്നെ തന്റെ വലതുകാൽ അനക്കിക്കൊണ്ട് വലതുകരം ടേബിളിൽ ചലിപ്പിച്ചു ചുണ്ടുകളെ സ്വാതന്ത്ര്യത്തോടെ വിട്ട് ബിലീന മന്ദഹസിച്ചു. അപ്പോഴേക്കും അവർ കഴിഞ്ഞതായുള്ള ബെൽ മുഴങ്ങി.



"എന്താ കോൾ എടുക്കാൻ ഇത്ര താമസിച്ചത്!"

ഇരുട്ടു പരന്ന തന്റെ റൂമിലെ ബെഡിൽ കിടക്കുകയായിരുന്ന ബിലീനയുടെ ഫോണിൽ നിന്നും ഹെഡ്‌സെറ്റിലൂടെ ശബ്ദം അവളുടെ ചെവികളിലേക്കെത്തി.

"മമ്മി കുറച്ചു മുൻപാ ഉറങ്ങാൻ കിടന്നത്! പപ്പാ പിന്നെ അല്പം നേരത്തെ ഉറങ്ങി, ഞാൻ ടെക്സ്റ്റ് ചെയ്തിരുന്നല്ലോ നിനക്ക്...?"

ലൈറ്റണച്ചതിന്റെ അന്ധകാരം ശക്തമാണെങ്കിലും തന്റെ കണ്ണുകളാൽ ചുറ്റും റൂമൊന്നു പരിശോധിച്ച ശേഷം വളരെ പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി.

"സൗണ്ട് വളരെ കുറവാണല്ലോ... ഞാൻ തന്ന ഹെഡ്‌സെറ്റ് ഉപയോഗിക്കത്തില്ലേ!?"

   

അല്പം കോൺഫിഡൻസ് ലെവൽ ഉയർത്തിപ്പിടിച്ചെന്നപോലെ മറുപടി വന്നു;

"അതിലാ... ഹാ... ഞാനിപ്പോൾ സംസാരിക്കുന്നത്! എനിക്കിത്തിരി ഇളക്കം കൂടുതലാണെന്നും പറഞ്ഞു മമ്മി മൂന്നുനാലു വർഷമായി പിറകേയാ... പപ്പക്ക് പിന്നെ അത്രയും ഇല്ല. ഉച്ചഭാഷിണി പോലെ സംസാരിച്ചാലേ, മമ്മി എന്നെ അടുപ്പത്തിട്ട് കറിവെക്കും!"

 ഈ വാചകങ്ങൾക്കു മറുപടിയായി ഹെഡ്‌സെറ്റിലൂടെ അവളുടെ ചെവികളിലേക്കു ചിരി മുഴങ്ങിയെത്തി;

"മമ്മി അത്രയ്ക്കും ഭയങ്കരിയാ...?"

മന്ദഹാസത്തോടെ അവൾ മറുപടി നൽകി;

"ഞാനൊരു ദിവസം പരിചയപ്പെടുത്താം. മതിയോടാ...?"

'ഊം' എന്ന മൂളലോടെ അവൻ മറുപടി നൽകി;

"എന്നാലങ്ങനെയാകട്ടെ. ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതാ.."


അല്പസമയത്തേക്ക് ഇരുവരും നിശബ്ദമായി.

"പിന്നെ എന്തൊക്കെയുണ്ട്... അനുപമയൊക്കെ എന്തുപറയുന്നു...?"

നിശബ്ദതയെ മുറിച്ചുകൊണ്ട് അവന്റെ ശബ്ദമെത്തി.

"റൂബൻ തന്നതാണെന്നും പറഞ്ഞു ഈ ഹെഡ്‌സെറ്റ് തന്നു. വേറൊന്നും പറഞ്ഞില്ല... എന്താ!"

അവൾ ശബ്ദം താഴ്ത്തിത്തന്നെ ചോദിച്ചു.


തുടരും...


Rate this content
Log in

Similar malayalam story from Drama