നിണം - 7
നിണം - 7
നീന എന്തോ എഴുതുന്ന തിരക്കിൽ ആയിരുന്നു... ഹിമ പതുക്കെ അവളുടെ അടുത്ത് വന്നു നിന്നു... അവളുടെ സാമീപ്യം അറിഞ്ഞപ്പോൾ നീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഹിമ ഒന്നും മിണ്ടുന്നില്ല... നീന ഒരു നെടുവീർപ്പോടെ പുസ്തകം അടച്ചു വച്ചു അവൾക്ക് നേരെ തിരിഞ്ഞു...
"കഴിഞ്ഞോ നിന്റെ പിണക്കം???" നീന ചോദിച്ചു
"നിന്നോട് പിണങ്ങാൻ ഞാൻ എന്താ നിന്റെ കാമുകൻ ആണോ?? ന്റെ ദേഷ്യം മാറി..."ഹിമ പറഞ്ഞു.
"ഹ്മ്മ്... അല്ലെങ്കിൽ തന്നെ നീ എവിടെ പോകാനാ?" നീന ചിരിച്ചു...
"പിന്നെ... ഞാൻ ആ മായയെ കണ്ടിരുന്നു..." ഹിമ.
"ഹോ... ആരുടെയെങ്കിലും ദേഹത്തു തീർക്കണമല്ലോ ല്ലേ?" നീന.
"അതല്ല... അവൾക്ക് വിക്ടറിനെ ഇഷ്ടം ആണെന്ന് തോന്നുന്നു," ഹിമ പറഞ്ഞപ്പോൾ നീന സംശയഭാവത്തിൽ അവളെ നോക്കി...
"നീ വിശ്വസിക്കില്ല എന്നറിയാം... ദാ നോക്ക്... അന്ന് ഞാൻ അവളുമായി കശപിശ ഉണ്ടായപ്പോൾ അവളുടെ ഈ പുസ്തകം താഴെ വീണു... ജീന വലിച്ചു കൊണ്ട് പോയപ്പോൾ ഇതവൾ മറന്നു,"ഹിമ ആ പുസ്തകം നീനക്ക് നീട്ടി പറഞ്ഞു.
"ഇതിൽ ഇപ്പോൾ എന്താ??" നീന ചോദിച്ചു.
ഹിമ നീനയുടെ ഒരു പുസ്തകമെടുത്ത് അതിലെ അവസാനതാൾ നിവർത്തി വച്ചു... അതിൽ വിക്ടർ എന്ന് എഴുതിയിരുന്നു.
"ഇനി ഇതൊന്ന് നോക്ക്,"ഹിമ മായയുടെ പുസ്തകം നിവർത്തി വച്ചു...
അതിൽ ഒന്നല്ല... നിറയെ വിക്ടർ എന്ന് എഴുതിയിരുന്നു... അത് കണ്ട മാത്രയിൽ നീനയുടെ മുഖം മാറി...
"അവൾക്ക് അവനെ അറിയില്ലെന്ന് പറഞ്ഞിട്ട്??" നീന ഹിമയെ നോക്കി...
"പഠിച്ച കള്ളി ആണവൾ!" ഹിമ പറഞ്ഞപ്പോൾ നീനയും അത് ശരിവച്ചു...
ഏഴ്
സുഹൃത്തുക്കളോടൊപ്പം ക്ലാസ്സിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു വിക്ടർ... കോളേജിലേക്ക് ഉള്ള വഴിയിലേക്ക് തിരിയാൻ നേരം വിക്ടർ ഒന്ന് നിന്നു... അതുവരെയും അവരുടെ സംഭാഷണങ്ങളിൽ പങ്കുചേരാതെയിരുന്ന അവൻ പെട്ടന്ന് പറഞ്ഞു...
"നിങ്ങൾ വിട്ടോ... ഞാൻ വന്നോളാം."
"നീ എവിടെ പോവാ??" മനേഷിന്റെ ചോദ്യത്തിനു മറുപടി പറയാൻ നിൽക്കാതെ അവൻ ഓടി...
ഹോസ്റ്റലിലെ നൂറ്റിരണ്ടാം മുറിയുടെ വാതിൽക്കൽ അവൻ ഓടി എത്തുമ്പോഴേക്കും മുറി പൂട്ടി ഉടമസ്ഥൻ പോയിരുന്നു...
വിക്ടറിന്റെ മുഖത്തു വല്ലാത്ത നിരാശ നിറഞ്ഞു...
തിരിച്ചു ക്ലാസ്സിലേക്ക് നടക്കും വഴി അവൻ ജീനയെ വിളിച്ചു... ക്ലാസ്സിൽ ആയിരുന്നതിനാൽ ജീന ബെഞ്ചിനടിയിലേക്ക് കുനിഞ്ഞു...
"ഹലോ... നീ എത്തിയോ??" ജീന തന്റെ ഫോണിലൂടെ ചോദിച്ചു...
"ഞാൻ ഇന്നലെ രാത്രി എത്തി," വിക്ടർ പറഞ്ഞു.
"ക്ലാസ്സിൽ പോണില്ലേ?? ഇവിടെ ടീച്ചർ ഉണ്ട്," ജീന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"അവിടെ.... അവൻ ഉണ്ടോ???" വിക്ടർ ചോദിച്ചു.
"ആര്???" ജീന.
"മറ്റവൻ... കൃഷ്ണദേവ്," വിക്ടർ ചോദിച്ചപ്പോൾ ജീന തല ഉയർത്തി പിന്നിലേക്ക് നോക്കി...
"ഇല്ല... വന്നിട്ടില്ല... എന്താ??" ജീന.
"ചോദിച്ചതാ," വിക്ടർ പറഞ്ഞു.
"അതെ.... ഇനി പ്രശ്നം ഒന്നും ഉണ്ടാക്കേണ്ടട്ടാ. നമ്മൾ ഉദ്ദേശിച്ച അത്ര വെടക്ക് ഒന്നും ആവില്ല അവൻ," ജീന പറഞ്ഞു.
"ഏഹ്?? നീ ഇപ്പോൾ കൂറ് മാറിയോ??" വിക്ടർ ചോദിച്ചു.
"നീ ഇനി പ്രശ്നം ഒന്നും ഉണ്ടാക്കാതെയിരിക്കാൻ പറഞ്ഞതാ ഞാൻ," ജീന.
"മ്മ്... നീ അവനെ കണ്ടാൽ ഒന്ന് പറ... ശരി ന്നാ," വിക്ടർ ഫോൺ കട്ട് ചെയ്തപ്പോൾ ജീന ബെഞ്ചിന്റെ അടിയിൽ നിന്നും തല പൊക്കി... നേരെ മുന്നിൽ അധ്യപിക...
"ഹ്മ്മ്... തന്നേക്ക്," അവർ കൈ നീട്ടി പറഞ്ഞപ്പോൾ അവൾ മടിച്ചു മടിച്ചു ഫോൺ അവർക്ക് കൊടുത്തു...
വിക്ടർ അന്ന് ക്ലാസ്സിൽ കയറിയില്ല....നേരെ പോയത് ലൈബ്രറിയിലേക്ക് ആയിരുന്നു... അവൻ അവിടെ ഉണ്ടാകും എന്ന് വിക്ടർ വിശ്വസിച്ചു... പക്ഷെ അവിടെയും അവൻ ഉണ്ടായില്ല... അവന് വല്ലാത്ത നിരാശ തോന്നി... ചെറിയ ആശങ്കയും...
ജീനക്കും അന്ന് കൃഷ്ണദേവ് ഇല്ലാതെ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു... അവൾ ഇടയ്ക്കിടെ വെറുതെ എങ്കിലും പിറകിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു...
"എന്താ മോളെ... നിന്റെ എതിരാളിയെ മിസ്സ് ചെയ്യുന്ന പോലെ...?" അവളുടെ കൂട്ടുകാരി ലക്ഷ്മി ചോദിച്ചു.
"നിനക്ക് എന്താ?? അവൻ അങ്ങനെ മുടങ്ങാറില്ലല്ലോ അതാ ഒരു വല്ലാത്ത ഫീൽ," ജീന പറഞ്ഞു.
"അതെന്ത് ഫീൽ ആണ്??"ലക്ഷ്മി കളിയാക്കിക്കൊണ്ട് ചോദിച്ചു.
"നീ ഉദ്ദേശിച്ചത് അല്ല എന്തായാലും," ജീന ലക്ഷ്മിയെ തള്ളിക്കൊണ്ട് പറഞ്ഞു.
സൂര്യൻ തലക്ക് മുകളിൽ കത്തി നിൽക്കുന്ന സമയം. അതു വരെയും കുന്നിൻചെരുവിലേക്ക് അവൻ പോയിട്ടില്ല...
അവന് നടക്കാൻ വല്ലാത്ത പ്രയാസം തോന്നിയതിനാൽ ഒരു ഓട്ടോ പിടിച്ചാണ് അവൻ വന്നത്...
"ഇവിടെ നിർത്തിക്കോ," അവൻ ഓട്ടോക്കാരനോട് പറഞ്ഞപ്പോൾ പെട്ടന്ന് അയാളുടെ മുഖം ഒന്ന് മാറി.
"ഇവിടെയോ??"
"എന്തെ??" അവൻ ചോദിച്ചു.
"ഏയ്യ്... ഇവിടെ ആരും അങ്ങനെ വരാറില്ല... ആ പകൽ അല്ലെ..." അയാൾ തെല്ലു അശ്വസിക്കാൻ എന്നോണം പറഞ്ഞു
"അതെന്താ?? രാത്രി ഇവിടെ വരാൻ പാടില്ലേ?"കൃഷ്ണദേവിന്റെ അഹങ്കാരം കലർന്ന സ്വരം അയാൾക്ക് ഒട്ടും ദഹിച്ചില്ല, എങ്കിലും അയാൾ പറഞ്ഞു:
"ഈ വഴി നേരെ ചെന്നാൽ ഒരു കുന്നിൻ ചെരുവാണ്... അവിടെ എങ്ങോ കുറച്ചു വർഷം മുൻപ് ഒരു പെണ്ണ് മരിച്ചു കണ്ടു... പിന്നെ പിന്നെ ആരും അതുവഴി പോയിട്ടില്ല," അയാൾ പറഞ്ഞു.
"ഹോ... ആ പെണ്ണിന്റെ ആത്മാവ് അവിടെ ചുറ്റി നടക്കുന്നുണ്ടാവും ല്ലേ?"കൃഷ്ണദേവ് ചോദിച്ചു.
"അതെ.... തനിക്ക് അറിയോ ആ കഥ??" അയാൾ ചോദിച്ചു.
"മ്മ്... ചേട്ടൻ ആ കഥ പറഞ്ഞു വന്നപ്പോഴെ ഞാൻ ഊഹിച്ചു," കൃഷ്ണദേവ് അവിശ്വസനീയതയുടെ സ്വരത്തിൽ പറഞ്ഞു
"ഓഹ്... ദൈവം ഉണ്ടെങ്കിൽ പ്രേതവും ഉണ്ടെന്നാണ്... അത് മറക്കണ്ട," തിരിച്ചു പോകാൻ വണ്ടിയെടുത്തു കൊണ്ട് അയാൾ പറഞ്ഞു.
"ദൈവം ഉണ്ടെങ്കിൽ അല്ലെ...? ചേട്ടൻ വിട്ടോ," അവൻ അയാളുടെ താക്കീതുകളോ കഥകളൊ ഒട്ടും ഗൗനിക്കാതെ പറഞ്ഞു...
നീരസത്തോടെ അയാൾ വണ്ടിയെടുത്തു പോയി...
അവൻ ഇടവഴിയിലേക്ക് കയറി... കാലിലെ മുറിവ് അവനെ വല്ലാതെ നോവിച്ചു എങ്കിലും അവൻ അത് കാര്യമാക്കിയില്ല...
അവനെ കണ്ട വശം കിങ് ഓടി അവനരികിൽ എത്തി... കൃഷ്ണദേവ് അവനെയും ഗൗനിച്ചില്ല... കുന്നിൻ ചെരുവിൽ അഴിച്ചിട്ട അവന്റെ ചെരുപ്പുകളും ഇന്നലെ പട്ടികൾ കടിച്ചു കീറിയിരിക്കുന്നു... അവൻ ചുറ്റിലും പതുക്കെ നടന്നു... കൂടെ വാലാട്ടി കൊണ്ട് കിങ്ങും... കുറച്ചു രക്തക്കറകൾ മണ്ണിൽ പുരണ്ടതൊഴിച്ചാൽ മറ്റൊന്നും അവന് ലഭിച്ചില്ല. എങ്കിലും അവൻ പിന്നെയും അവിടെ തന്നെ കിടന്നു കറങ്ങി... എന്തെങ്കിലും കിട്ടാതെയിരിക്കില്ല എന്ന് അവന് തോന്നി...
പക്ഷെ അപ്പോഴും നിരാശ തന്നെ ആയിരുന്നു അവന് ലഭിച്ചത്.... കാല് ഒത്തിരി വേദനിച്ചപ്പോൾ അവൻ മൈതാനത്ത് ഇരുന്നു... കാലിലെ ഷൂ അഴിച്ചു... കാലിലെ മുറിവ് കൂടുതൽ മോശമായിരുന്നു... കാല് കഴുകി തത്കാലം ഒരു കനം കുറഞ്ഞ തുണി വച്ചു കെട്ടിയതെ ഉണ്ടായിരുന്നുള്ളൂ... അതിൽ നിന്നാകട്ടെ രക്തവും ഒലിച്ചിരുന്നു...
കയ്യിൽ കരുതിയ കുപ്പിവെള്ളം കൊണ്ട് അവൻ കാലു കഴുകി വൃത്തിയാക്കി... ആ തുണി വച്ചു തന്നെ പിന്നെയും കെട്ടി...
പതുക്കെ തിരിച്ചു പോകാൻ കൈകുത്തി എഴുന്നേൽക്കവേ കയ്യിൽ എന്തോ കുത്തി... മണ്ണിൽ എന്തോ പതിഞ്ഞു കിടക്കുന്നു... അവൻ അത് എടുത്തു മണ്ണ് തട്ടി നോക്കി... ഒരു വെള്ളി മോതിരം ആയിരുന്നു അത്... അവൻ അതിലേക്ക് തന്നെ നോക്കി കുറെ നേരം ഇരുന്നു... ഈ ഒരു മോതിരം മാത്രം വച്ചു എന്ത് ചെയ്യാൻ ആണെന്ന് അവൻ ഓർത്തു... എങ്കിലും അത് കളയാതെ അവൻ കീശയിലേക്ക് തിരുകി...
വൈകുന്നേരം നാല് മണി ആവുന്നേ ഉണ്ടായിരുന്നുള്ളൂ... വിക്ടർ കാന്റീനിലേക്ക് നടന്നു... അപ്പോൾ ആയിരുന്നു തൊട്ടടുത്ത ക്ലാസ്സിൽ ബഹളം കേട്ടത്... അവൻ അങ്ങോട്ട് എത്തി നോക്കി... ക്ലാസ്സ് കഴിഞ്ഞതിനാൽ കുറച്ചു പെൺകുട്ടികൾ മാത്രമേ ക്ലാസ്സിൽ കണ്ടുള്ളു....
"ആ മാസ്ക് അങ്ങ് മാറ്റ് മോളെ.... നിന്റെ മുഖം ശരിക്ക് ഒന്ന് കാണട്ടെ...??"
അത് നീന ആയിരുന്നു. അവർ സംഘം ചേർന്ന് ആരെയോ എന്തിനോ വേണ്ടി നിർബന്ധിക്കുകയായിരുന്നു, ചെറിയ റാഗിങ്ങ് എല്ലാം അവനും ചെയ്യുന്നതാണ്. അതിനാൽ തന്നെ അതിൽ ഇടപെടാൻ ആദ്യം അവന് തോന്നിയില്ല. പക്ഷെ അത് കൂടുതൽ കൈവിട്ട് പോകുന്നത് പോലെ അവന് തോന്നി.
"ഡീ... പറഞ്ഞത് ചെയ്യടി!" നീന അവളുടെ കോളറിൽ പിടിച്ചു വലിച്ചു.
അവളുടെ മാസ്ക് ബലം പ്രയോഗിച്ചു വലിച്ചെറിഞ്ഞു.
"നീന....!!!" വിക്ടർ ക്ലാസിലേക്ക് കയറി.
"വിക്ടർ?? നീ എന്താ ഇവിടെ??" നീന ചോദിച്ചു.
"മതി... നിർത്ത്," വിക്ടർ പറഞ്ഞു.
"അതെന്താ വിക്ടർ...? നിങ്ങൾ ആണ്പിള്ളേര് ഇതിലും അപ്പുറം ചെയ്യുന്നത് ആണല്ലോ...? ഞങ്ങൾ ഒരു മാസ്ക് അല്ലെ ഊരിയുള്ളു?" ഹിമ പറഞ്ഞപ്പോൾ വിക്ടർ ആ പെൺകുട്ടിയെ ആണ് നോക്കിയത്... അത് മായ ആയിരുന്നു. അവൾ ആ സമയം കൊണ്ട് അവളുടെ മാസ്ക് തപ്പിപിടിച്ചു എടുത്തു മുഖത്തു വച്ചു. വിക്ടർ അവൾക്കരികിലെക്ക് ചെന്ന് അവളെ എഴുന്നേൽപ്പിച്ചു.
"വാ," അവൻ അവളുടെ കൈ പിടിച്ചു അവിടെ നിന്നും കൊണ്ടു പോയി...
"വിക്ടർ,"ഹിമ അവനെ തടയാൻ തുനിഞ്ഞപ്പോൾ നീന അവളെ തടഞ്ഞു.
ക്ലാസിനു വെളിയിൽ എത്തിയപ്പോൾ തന്നെ അവന്റെ കൈവിട്ടു അവൾ മാറി നിന്നു.
"താൻ ഓക്കേ അല്ലെ??"വിക്ടർ ചോദിച്ചു.
"ഹ്മ്മ്..." അവൾ തലയാട്ടി...
വിക്ടർ ചിരിച്ചു.
"തന്റെ കൂട്ടുകാർ എവിടെ??? എല്ലാരും പോയോ??" വിക്ടർ.
"എനിക്ക് കൂട്ടുകാർ ഒന്നും ഇല്ല," അവൾ പറഞ്ഞു.
"അതെന്താ?? അല്ല... താൻ എന്തിനാ ഈ മാസ്ക് ഇട്ടിരിക്കുന്നെ??" അവൻ ചോദിച്ചു.
പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.
"പറയാൻ ഇഷ്ടം അല്ലെങ്കിൽ പറയണ്ട. നമുക്ക് ഒരു ചായ കുടിച്ചാലോ??" വിക്ടർ ചോദിച്ചു.
"ഞാൻ ചായ കുടിക്കാറില്ല,"അവൾ പറഞ്ഞു.
"അതെന്താ??" വിക്ടർ.
"ചായ കുടിക്കുമ്പോൾ മാസ്ക് ഊരേണ്ടി വരില്ലേ??" അവൾ അവനെ നോക്കിയപ്പോൾ അവന് ചിരി വന്നു.
"അത്രക്ക് മോശം ആണോ തന്നെ കാണാൻ??" അവൻ ചോദിച്ചു.
"അതെ," അവൾ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.
അവന് പെട്ടന്ന് അങ്ങനെ ചോദിക്കേണ്ടായിരുന്നു എന്ന് തോന്നി...
"എന്തായാലും നേരത്തെ കണ്ട ആ പെൺപുലികളെക്കാൾ ഭംഗിയുണ്ട് നിനക്ക്," വിക്ടർ പറഞ്ഞു.
"പെൺപുലികളോ??" അവൾ അവനെ നോക്കി.
"അവർ സ്വയം അങ്ങനെ ആണ് വിളിക്കാറ്... എല്ലാറ്റിനും രണ്ട് അടിയുടെ കുറവ് ഉണ്ട്," വിക്ടർ പറഞ്ഞു.
അവൾ ഒന്നും മിണ്ടിയില്ല...
"താൻ എന്നെ അറിയോ??" അവൻ ചോദിച്ചു.
അവൾ അറിയാം എന്ന് തലയാട്ടി...
"ഞാൻ പോവുന്നു..." അവൾ പറഞ്ഞു.
"ഒരു മിനിറ്റ്.... തന്റെ പേര് പറഞ്ഞില്ലല്ലോ?" വിക്ടർ.
"മായ," അവൾ പറഞ്ഞു.
"ആരെങ്കിലും ചോദിച്ചാൽ ഇനി കൂട്ടുകാർ ഇല്ലെന്ന് പറയണ്ട... എന്റെ ചങ്ക് ആണെന്ന് പറഞ്ഞോ... എന്ത് ആവശ്യം ഉണ്ടെങ്കിലും എന്റെ അടുത്ത് വരാം," അവൻ പറഞ്ഞു.
അവൾ മറുപടി ഒന്നും പറയാൻ നിൽക്കാതെ അവന്റെ അരികിൽ നിന്നും നടന്നു.
വിക്ടർ അവളെ നോക്കി അവിടെ നിന്നു... അവൻ വാച്ചിലേക്ക് നോക്കി... സമയം നാല് കഴിഞ്ഞിരുന്നു...
"അയ്യോ ജീന!" അവൻ വേഗം ക്യാന്റീനിലേക്ക് ഓടി....
തുടരും...

