നിണം - 6
നിണം - 6
വെയിലാറിയ ഒരു സായാഹ്നമായിരുന്നു അത്... ക്ലാസ്സ് കഴിഞ്ഞു വിദ്യാർത്ഥികൾ എല്ലാം കോളേജിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു... എന്നിട്ടും അവൻ തന്റെ പരിശീലനം മുടക്കിയില്ല...അവന്റെ ദേഹം മുഴുവൻ വിയർത്തു കുളിച്ചിരുന്നു... കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് കണങ്ങൾ അവന്റെ കാഴ്ച മറച്ചു കൊണ്ടിരുന്നു... തീരെ അവശനായപ്പോൾ അവൻ ഗ്രൗണ്ടിലേക്ക് കിതച്ചു വീണു... ആകാശം നീലയും ചുവപ്പും കലർന്നു കണ്ടു... മാനത്തേക്ക് നോക്കി അവൻ കിടന്നു... വല്ലാത്ത ദാഹം തോന്നിയിരുന്നു അവന്... പക്ഷെ കയ്യിൽ അതില്ല താനും...
പതുക്കെ എഴുന്നേറ്റിരുന്നപ്പോൾ ആയിരുന്നു അവന്റെ മുന്നിലേക്ക് ഒരു കുപ്പി വെള്ളം നീട്ടിയത്... തല ചെരിച്ചു നോക്കിയപ്പോൾ ജീനയാണ്...
"നിനക്ക് ഇത് വേണം എന്ന് എനിക്ക് അറിയാം. വലിയ ഷോ ഇറക്കാണ്ട് വാങ്ങിച്ചോ,"ജീന പറഞ്ഞു.
"എനിക്ക് ഒന്നും വേണ്ട... എന്നെ തകർക്കാൻ നീ അതിൽ വല്ലതും ചേർത്തു കാണും,"കൃഷ്ണദേവ് പറഞ്ഞപ്പോൾ അവൾക്ക് ചിരിയാണ് വന്നത്...
"വേണ്ടെങ്കിൽ വേണ്ട... നിനക്ക് ഇനി വല്ലോം കലക്കി തന്നിട്ട് വേണമല്ലോ എന്റെ ഏട്ടന് നിന്നെ തോൽപ്പിക്കാൻ?"ജീന പറഞ്ഞു. അവൾ അവന്റെ അരികിൽ ഇരുന്നു...
"മ്മ്..."ശരിയാണെന്ന പോൽ അവൻ മൂളി...
"ഹേ?? നീ അത് അംഗീകരിച്ചോ??"ജീന അമ്പരപ്പോടെ ചോദിച്ചു.
"അവൻ അത്രയും മികച്ചതല്ലായിരുന്നു എങ്കിൽ ഞാൻ ഇത്രയും കഷ്ടപ്പെടോ??"കൃഷ്ണദേവ് പറഞ്ഞപ്പോൾ ജീനക്ക് എന്തോ വലിയ അഭിമാനം തോന്നി... മാത്രമല്ല മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയാത്ത ആളല്ല അവൻ എന്നും അവൾക്ക് മനസ്സിലായി...
"പക്ഷെ... അവൻ എന്റെ മുന്നിൽ തോൽക്കും. എന്നിട്ട് അവനെ ഇവിടെ നിന്നും പുറത്താക്കാൻ ഉള്ള വഴി ഞാൻ തന്നെ ഉണ്ടാക്കും... ഒരു കാരണത്തിന് ആണോ ബുദ്ധിമുട്ട്??"കൃഷ്ണദേവ്.
"നീ ആദ്യം ജയിക്ക്... എന്റെ ചേട്ടന്റെ ഐറ്റം വോളിബാൾ ആണ്... പക്ഷെ നീ എന്തിനാ 100 മീറ്റർ തിരഞ്ഞെടുത്തത്?? എന്താ ധൈര്യം പോരെ നിനക്ക്??"ജീന ചോദിച്ചു.
"നിന്റെ ഏട്ടന്റെ ടീമിൽ കളിക്കാൻ ആയിരം പേര് വരും... ഞാൻ വിളിച്ചാൽ ഇവിടെ ഏതെങ്കിലും ഒരുത്തൻ വരോ??"കൃഷ്ണദേവ് ചോദിച്ചു
"പിന്നെ ഞാൻ വരും,"ജീന പറഞ്ഞപ്പോൾ കൃഷ്ണദേവ് അവളെ നോക്കി...
"വേറൊരു കോണിൽ നോക്കിയാൽ മത്സരിക്കും മുൻപ് നീ എന്റെ ചേട്ടനോട് തോറ്റു എന്ന് തന്നെയാണ് അർത്ഥം,"ജീന പറഞ്ഞു.
"എനിക്ക് ആരെയും വിശ്വാസം ഇല്ല... ഇതിപ്പോൾ ഞാൻ മാത്രം വിചാരിച്ചാൽ മതിയല്ലോ?"കൃഷ്ണദേവ് പറഞ്ഞു.
"ഓഹ്... അങ്ങനെ... എനിക്ക് സത്യം പറഞ്ഞാൽ അത്ഭുതം തോന്നുന്നു," ജീന.
"എന്തിന്??"
"പരീക്ഷക്ക് പോലും ഒരു പുസ്തകം മറിച്ചു നോക്കാത്ത നീ ആണ് ഇപ്പോൾ ഇങ്ങനെ കഷ്ടപ്പെടുന്നെ... അതും എന്റെ ഏട്ടനെ തോല്പിക്കാൻ... ഞാൻ ഒക്കെ പരീക്ഷ സമയത്ത് ടെൻഷൻ അടിച്ചു നടക്കുമ്പോൾ നീ ഒരു കൂസലും കൂടാതെ എങ്ങോട്ടോ നോക്കി ഇരിപ്പുണ്ടാവും," ജീന പറഞ്ഞു.
"നിങ്ങൾ ഒക്കെ പരീക്ഷ വരുമ്പോൾ ടെൻഷൻ അടിക്കാറുണ്ടോ???"കൃഷ്ണദേവ് ചെറിയ അമ്പരപ്പൊടെ ആയിരുന്നു അത് ചോദിച്ചത്... ജീന തലചൊറിഞ്ഞു പോയി...
"ഓ... അതൊന്നും നിന്നെ ബാധിക്കത്തില്ലല്ലോ?" ജീന പറഞ്ഞു.
"പക്ഷെ അതിലും അത്ഭുതം എന്താന്ന് അറിയോ??" ജീന അവനെ നോക്കി ചോദിച്ചു.
അവൻ എന്താണ് എന്ന ഭാവത്തിൽ അവളെ നോക്കി...
"ആദ്യം ആയിട്ടാ നീ ഒരാളോട് ഇത്രയും സംസാരിക്കുന്നത്... അതും ഇത്രയും മയത്തിൽ... സത്യം പറ എന്നോട് ആണോ നീ ഈ കോളേജിൽ ആദ്യമായി നല്ലപോലെ സംസാരിച്ചത്??" ജീന ചോദിച്ചു.
"സാധാരണ ഇതു പോലെ ആരും എന്റെ അടുത്ത് വന്നു സംസാരിക്കാറില്ലല്ലോ?"കൃഷ്ണദേവ് പറഞ്ഞപ്പോൾ ജീന അവനെ നോക്കി ഇരുന്നു... അങ്ങനെ ഒരു വശം അവനുണ്ട് എന്ന് അവൾ കരുതീല... അവൾ ഒന്നും മിണ്ടിയില്ല... ഒരിക്കൽ കൂടി ആ കുപ്പി വെള്ളം അവന് നീട്ടി... ഇത്തവണ അവൻ അത് വാങ്ങികുടിച്ചു... ജീനയുടെ മുഖം അപ്പോൾ സുര്യനെ പോലെ പ്രകാശിച്ചു... ഒരു ചിരിയോടെ അവൾ അവനെ നോക്കി ഇരുന്നു... അവനും ഉള്ളിൽ എവിടെയോ ഒരു ചെറു പുഞ്ചിരി തെളിഞ്ഞു മാഞ്ഞു പോയി...
ആറ്
ഇന്നത്തോടെ വിക്ടറിന്റെ സസ്‌പെൻഷൻ തീരും... കൃഷ്ണദേവിന് മുറിയിൽ ഇരിക്കപൊറുതി ഇല്ലായിരുന്നു... വിക്ടറിന്റെ മുന്നിൽ തോൽക്കുന്നതിനെക്കുറിച്ച് അവന് ഓർക്കാൻ പോലും വയ്യായിരുന്നു... ദിവസങ്ങൾ ആയി അവൻ രാത്രി പുറത്തു പോകാറില്ലായിരുന്നു.... പക്ഷെ ഇന്ന് അവന് പോണമെന്നു തോന്നി... മുറി അടച്ചു അവൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പപ്പനും മനേഷും നടന്നു വരുന്നത് കണ്ടത്...
"ആരാപ്പോ ഇത്...! എന്തായി നിന്റെ ഓട്ടം ഒക്കെ കഴിഞ്ഞോ???" മനേഷ് ചോദിച്ചു.
"ഇന്ന് ഞങ്ങടെ ചെക്കൻ വരും... ആള് എത്തീട്ടുണ്ട്... തത്കാലം ഇവിടെ ഇല്ലെന്നേ ഉള്ളു..."പപ്പൻ പറഞ്ഞു.
അവൻ മറുത്തൊന്നും പറഞ്ഞില്ല...
"നിനക്ക് വേണമെങ്കിൽ ഇപ്പോൾ പിന്മാറിക്കൊ... നട്ടെല്ല് ഇല്ലെന്നേ വരൂ... അവന്റെ കൂടെ വെറുതെ ഓടി നിന്റെ ശരീരം വിയർക്കേണ്ട," മനേഷ് പറഞ്ഞു
അപ്പോഴും അവന്റെ മുഖത്തു ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ല...
"നീ എന്താ പൊട്ടനാ??"പപ്പൻ ചോദിച്ചു.
കൃഷ്ണദേവിന് അത് ഒട്ടും ഇഷ്ടം ആയില്ല... അവന്റെ കൈകൾ തരിച്ചു... പെട്ടന്ന് മനേഷിന്റെ ഫോൺ ശബ്‌ദിച്ചു...
"വിക്ടർ ആണ്... നീ വാ... ഇവനെ പിന്നെ എടുക്കാം," മനേഷ് പറഞ്ഞു.
അവർ അവിടെ നിന്നും പോയതിന് ശേഷം കൃഷ്ണദേവ് പുറത്തേക്ക് നടന്നു...
എപ്പോഴും പോകാറുള്ള കുന്നിൻചെറുവിലേക്ക് തന്നെ ആയിരുന്നു അവൻ പോയത്....വളരെ ശാന്തമായിരുന്നു അപ്പോൾ അവിടം... അവന്റെ ചൂട് പറ്റി കിങ് അവനരികിൽ കിടന്നു. സമയം ഏറെ വൈകിയാണ് അവൻ ഒന്ന് കണ്ണടച്ചത്...
പതിവിന് വിപരീതമായി നായകളുടെ കടിപിടി ശബ്ദവും കുരയും അവന്റെ ഉറക്കം കെടുത്തി. കണ്ണ് തുറന്നു നോക്കിയപ്പോൾ കിങ് അടുത്തില്ല. അവൻ ചുറ്റിലും നോക്കി... ഒരുകൂട്ടം പട്ടികൾ കുറച്ചകലെ എന്തോ വലിച്ചു കീറുന്നു.
"എന്താ ഈ നായകൾക്ക്?? എല്ലാം കൂടി ഇതിപ്പോ എവിടെ നിന്നും വന്നു??" അവൻ പതുക്കെ എഴുന്നേറ്റു...
പട്ടികൾ മാത്രമല്ലായിരുന്നു... ഒരു കറുത്ത രൂപം... അതൊരു മനുഷ്യൻ തന്നെയാണോ എന്ന് അവൻ സംശയിച്ചു. അയാൾ എന്തോ അവക്ക് എറിഞ്ഞു കൊടുക്കുന്നു. കയ്യിൽ കറുത്ത കയ്യുറകൾ... അതിൽ നിന്നും എന്തോ ഇറ്റി വീഴുന്നുണ്ട്. കാലിലെ കറുത്ത ബൂട്ടും നീളൻ റൈൻകോട്ടും. അവൻ അയാളെ സൂക്ഷിച്ചു നോക്കി. അതിനിടയിൽ രണ്ട് നായകൾ കടിപിടി കൂടി അവന്റെ മുന്നിലേക്ക് വന്നു. അവ കടിച്ചു പറിക്കുന്ന മാംസകഷ്ണങ്ങളിൽ അപ്പോഴും രക്തം ഒലിച്ചിറങ്ങി...
അവനൊന്നും മനസ്സിലായില്ല... അവനു അതെല്ലാം വിചിത്രമായി തോന്നി... അവൻ വീണ്ടും അയാളെ നോക്കി... പക്ഷെ അയാൾ അപ്രത്യക്ഷമായിരിക്കുന്നു... അവൻ ഒരു നിമിഷം ശരിക്കും ഞെട്ടി.... ചുറ്റിലും നോക്കി.... നെറ്റിയിൽ നിന്നും വിയർപ്പ് പൊടിയാൻ തുടങിയിരുന്നു.
പെട്ടന്ന് ആരോ ഇരുട്ടിൽ ഓടി മറയുന്നത് അവൻ കണ്ടു. അവൻ ഒന്നും ആലോചിക്കാൻ നിന്നില്ല... അയാളുടെ പിറകെ ഓടി... പക്ഷെ അയാൾ അപ്പോഴേക്കും ഇരുട്ടിൽ മറഞ്ഞിരുന്നു... അവൻ ഓടി തളർന്നിരുന്നു... വാച്ചിൽ സമയം മൂന്ന് കഴിഞ്ഞു. അവൻ തളർച്ചയോടെ ആ മരച്ചുവട്ടിൽ ഇരുന്നു... പുറത്തേക്ക് ഉള്ള വഴിയിലേക്ക് തെരുവ് വെളിച്ചം വീണു കിടന്നു. തിരിച്ചു പോണോ വേണ്ടയോ എന്നായിരുന്നു അവൻ ചിന്തിച്ചത്.
"മതി.... തിരിച്ചു പോവാം," അവൻ തീരുമാനിച്ചു.
അവൻ നെറ്റിയിലെ വിയർപ്പ് തുടച്ചു. പക്ഷെ കൈകളിൽ പതിഞ്ഞത് രക്തക്കറയായിരുന്നു. നെറ്റിയിൽ പിന്നെയും എന്തോ വീഴുന്ന പോലെ. അവൻ പെട്ടന്ന് മുകളിലേക്കു നോക്കി. മരത്തിന്റെ മുകളിൽ അവനെ നോക്കിയിരിക്കുന്ന രണ്ട് കണ്ണുകൾ... അയാളുടെ കയ്യുറകളിൽ നിന്നുമാണ് അത് മുഖത്തു വീണത്.
"ഏയ്യ്?? ആരാ നീ??"അവൻ ഉറക്കെ ചോദിച്ചു.
പക്ഷെ ഉത്തരം പറയാൻ നിൽക്കാതെ അയാൾ നിഷ്പ്രയാസം മരത്തിൽ നിന്നും താഴേക്കു ചാടി. അവൻ പകച്ചു നിന്നു പോയി. അയാൾ അവന്റെ മുന്നിലൂടെ മിന്നൽ വേഗത്തിൽ ഓടി മറഞ്ഞപ്പോൾ പിന്തുടരാനുള്ള ഊർജം അവനില്ലായിരുന്നു... നേരെയുള്ള വഴിയിലൂടെ പോകാതെ ആ ഇടിഞ്ഞ മതിൽ ചാടിയാണ് അയാൾ പോയത്.
"ഇയാൾക്ക് എന്താ പ്രാന്ത് ഉണ്ടോ?? അയാൾ എന്താണ് ആ നായകൾക്ക് ഇട്ട് കൊടുത്തത്??" അവൻ ഓർത്തു.
സത്യമറിയാൻ ഉള്ള ജിജ്ഞാസയും അയാളോട് തോന്നിയ കൗതുകവും സഹിക്കാൻ കഴിയാതെ അവൻ മതിലിനടുത്തെക്ക് വച്ചു പിടിപ്പിച്ചു. മതിലിനു മുകളിൽ കയറിയപ്പോഴേക്കും അവിടം ശൂന്യമായിരുന്നു...
"ആരായിരിക്കും അത്??" അവൻ ഓർത്തു.
നിലത്തേക്ക് ചാടാൻ വേണ്ടി കുതിക്കവേ കാതിൽ എത്തിയ താക്കീത് പോലും മറന്ന് അവൻ എടുത്തു ചാടി...
"ചാടല്ലേ... അവിടെ കുപ്പി ചില്ല്... ണ്ട്," പറഞ്ഞു തീരും മുൻപ് അവൻ എടുത്തു ചാടി.
ഉറങ്ങാൻ കിടന്നപ്പോൾ തന്റെ ചെരുപ്പ് കുന്നിൻചേരുവിൽ അഴിച്ചിട്ടത് അപ്പോൾ ആണ് അവൻ ഓർത്തത്. കാലിൽ തറഞ്ഞു കയറിയ ചില്ലുകളിൽ നിന്നും ചുടുരക്തം ഒഴുകി. കയ്യിലും പോറലുകൾ വീണിരുന്നു.
"വല്ലതും പറ്റിയോ??"അയാൾ ഓടി വന്നു ചോദിച്ചു.
"നീയോ?? നീ എന്താ ഇവിടെ??"കൃഷ്ണദേവ് ചോദിച്ചു...
അത് വിക്ടർ ആയിരുന്നു...
"അത് ഞാൻ അല്ലെ ചോദിക്കേണ്ടത്?" അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് വിക്ടർ ചോദിച്ചു.
"ഹൗ..." അവൻ വേദനകൊണ്ട് പുളഞ്ഞു.
"നിക്ക്... നിക്ക്... ഞാൻ എടുത്തു തരാം."
"വേണ്ട... വേണ്ട," അവൻ കുതറി.
"അനങ്ങാതെ നിൽക്ക്... അല്ലെങ്കിൽ വേദനിക്കും."
"ഓ പിന്നെ... അല്ലെങ്കിൽ നല്ല സുഖം ആണല്ലോ?" അവൻ പറഞ്ഞു.
ആ സമയം കൊണ്ട് അവന്റെ കാലിൽ നിന്നും അവൻ കുപ്പിചില്ല് വലിച്ചെടുത്തു...
"ആഹ്..." അവൻ വേദനകൊണ്ട് അലറി.
"ഈ നേരത്ത് നീ ഇവിടെ എന്ത് ചെയ്യുവായിരുന്നു??"വിക്ടർ ചോദിച്ചു.
"അതൊന്നും നീ തിരക്കണ്ട... എനിക്ക് നിന്റെ സഹായവും വേണ്ട," അവൻ പറഞ്ഞു.
"ആശുപത്രിയിൽ പോണോ?? "
"വേണ്ട."
"എന്നാൽ വാ... ഹോസ്റ്റലിൽ പോവാം."
"ഞാൻ തനിയെ പൊയ്ക്കോളാം... താൻ പൊക്കോ!"
"ഉറപ്പാണോ?? "
"ഹ്മ്മ്..." അവൻ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു.
"എന്നാൽ ഓക്കേ... ഞാൻ പോണു," അയാൾ പറഞ്ഞു.
വന്ന വണ്ടി എടുത്തു പോവാൻ ഒരുങ്ങവേ അവൻ ചോദിച്ചു:
"ഇതുവഴി ആരെങ്കിലും പോവുന്നത് കണ്ടിരുന്നോ?? "
വിക്ടർ അവനെ നോക്കി. എന്നിട്ട് പറഞ്ഞു.
"ഞാൻ കണ്ടില്ല... എന്തേയ്?? ആരെങ്കിലും പോയിരുന്നോ?? "
"ഒന്നുല്ല്യ," അവൻ പറഞ്ഞു.
വിക്ടർ തിരിച്ചു ഒന്നും ചോദിക്കാൻ നിൽക്കാതെ പോയി.
അവൻ മെല്ലെ എഴുന്നേറ്റു. കാലിൽ നിന്നും അപ്പോഴും ചോര വന്നിരുന്നു. ഹോസ്റ്റൽ വരെ എങ്ങനെ നടക്കും എന്ന് പോലും അവനറിയില്ല. ചെരുപ്പ് ഇല്ലാത്തതിനാൽ മുറിവിൽ മണ്ണ് പറ്റിയിരുന്നു. വല്ലാത്ത നീറ്റലുണ്ടായിരുന്നു അവന്. അപ്പോൾ ആണ് ദൈവത്തെ പോലെ ഒരു ഓട്ടോ വന്നത്. അവൻ അതിന് കൈ നീട്ടി.
"ചേട്ടാ... ഹോസ്റ്റൽ വരെ ഒന്ന് പോണം," അവൻ പറഞ്ഞു.
"ഹ്മ്മ് കേറിക്കോ," അയാൾ പറഞ്ഞു.
"ഇത്ര പെട്ടന്ന് സമ്മതിച്ചോ?? സാധാരണ ഈ സമയത്ത് ഓട്ടോ കിട്ടുന്നത് വല്ല്യേ പാട് ആണല്ലോ"അവൻ ഓർത്തു
"കേറുന്നില്ലേ?? "
"ഹാ..."അവൻ കൂടുതൽ ഒന്നും ആലോചിക്കാതെ വണ്ടിയിൽ കയറി....
തുടരും...

