നിണം - 3
നിണം - 3
സമയം ഏതാണ്ട് പന്ത്രണ്ടു കഴിഞ്ഞു കാണും... നട്ടുച്ച സമയം... പൊള്ളുന്ന വെയിലത്തും അയാൾ കാറിന്റെ എ.സി തണുപ്പിൽ ഉല്ലാസത്തോടെ വണ്ടിയോടിച്ചു വന്നിരുന്നു... റോഡിൽ നിന്നും ആരോ കൈ നീട്ടി.... കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ... അയാൾ മുഖം പോലും കറുത്ത തുണി കൊണ്ട് മറച്ചിരുന്നു.
"ഈ ചൂടത്ത് ഇയാൾക്ക് ഈ കറുപ്പും ഇട്ടോണ്ട് നിൽക്കാൻ വട്ടുണ്ടോ??" ചുറ്റിലും നോക്കിക്കൊണ്ട് അവൻ ഓർത്തു...
"കയറ്റണോ?? ഒന്ന് ചവിട്ടി നോക്കാം... ആരാന്നു കാണാലോ," അവൻ ഓർത്തു...
അധികം ആളുകളോ വണ്ടികളോ ഒന്നും വരാത്ത ഒരു ഓണം കേറാ മൂലയായിരുന്നു അത്. പെട്ടന്ന് അവൻ പോലും പ്രതീക്ഷിക്കാതെ അയാൾ വണ്ടിക്ക് കുറുകെ ചാടി... ഞൊടിയിടയിൽ വണ്ടി നിറുത്താൻ അവൻ നന്നേ പണിപ്പെട്ടു...
അവൻ വണ്ടി ഒതുക്കി കാറിന്റെ ചില്ല് താഴ്ത്തി.
"ഡോ... താൻ എന്താ ഈ കാണിച്ചേ?? തനിക്ക് ചവാൻ എന്റെ വണ്ടി മാത്രം ആണോ കിട്ടിയത്??" അവൻ അയാളോട് കയർത്തു... എന്നാൽ അയാൾ ആവട്ടെ... തെല്ലും കൂസലില്ലാതെ പതിയെ അവന്റെ അരികിലേക്ക് നടന്നു... എന്നിട്ട് കുറച്ചു സമയം അവനെ തന്നെ നോക്കി നിന്നു... അവന് എന്തോ പന്തികേട് തോന്നി... അവൻ വേഗം വണ്ടി സ്റ്റാർട്ട് ആക്കിയതും അയാൾ അവന്റെ തല പിടിച്ചു കാറിന്മേൽ ഇടിച്ചതും ഒറ്റ നിമിഷത്തിൽ ആയിരുന്നു...
ബോധം വരുമ്പോൾ അവൻ എവിടെ ആണെന്ന് അവന് മനസ്സിലായില്ല... തല ചുറ്റുന്നത് പോലെ അവന് തോന്നി... അവൻ ചുറ്റിലും നോക്കി... പിന്നീട് ആണ് അവന് മനസ്സിലായത്... പൂർണനഗ്നനായി തന്നെ ആരോ തല കീഴായി കെട്ടി ഇട്ടിരിക്കുകയാണ്... അവന്റെ കണ്ണുനീരിൽ രക്തം കലർന്നിരുന്നു... ശരീരമാകെ ചുട്ട് നീറുന്നണ്ട്... അസഹ്യമായ വേദന... അവന്റെ കൈ വിരലുകൾ മുറിക്കപ്പെട്ടിരുന്നു... നെഞ്ചിൽ അനേകം മുള്ളാണികൾ തറച്ചിരുന്നു... മുറിവുകളിൽ നിന്നും ചുടുരക്തം ഒഴുകിക്കൊണ്ടിരുന്നു... അവൻ സഹായത്തിനായി അലറി... പക്ഷെ അവിടെ എങ്ങും ആരെയും അവൻ കണ്ടില്ല... താൻ എവിടെ ആണെന്ന് പോലും അവന് മനസ്സിലായില്ല... അവന്റെ നിലവിളി അവിടെ എങ്ങും മുഴങ്ങിക്കൊണ്ടിരുന്നു...
പുറത്തെ മഞ്ഞു പുകയിൽ ഒരു അവ്യക്തരൂപം തെളിഞ്ഞു... അത് അവന്റെ അടുത്തെക്ക് നടന്നു വരികയായിരുന്നു... ആ കറുത്ത രൂപത്തിന്റെ കണ്ണുകൾ പൈശാചികമായി തിളങ്ങി... മാംസം കടിച്ചു കീറാൻ വരുന്ന ചെന്നായയുടെ വെറിയായിരുന്നു അതിന്... കയ്യിലെ കറുത്ത കയ്യുറകളിൽ രക്തത്തിന്റെ നനവുണ്ടായിരുന്നു അപ്പോഴും... അവന്റെ മുഖത്തു മരണഭീതി ആയിരുന്നു... അതുവരെ ഉണ്ടായിരുന്ന വേദനകൾ എല്ലാം മരവിച്ച പോലെ... ജീവൻ മാത്രം മതിയായിരുന്നു അവന്... അവൻ യാചിച്ചതും അത് തന്നെ ആയിരുന്നു...
പക്ഷെ അവന്റെ യാചനകൾക്ക് അയാളിൽ ഒരു ദയയും ഉണ്ടാക്കാൻ കഴിഞ്ഞില്ല... തന്റെ കൈവശം ഉണ്ടായിരുന്ന ആ ചെറിയ കത്തി അയാൾ പുറത്തേക്ക് എടുത്തു... ഒരിക്കൽ കൂടി അവന്റെ മുന്നിൽ കിടക്കുന്ന തന്റെ ഇരയുടെ കണ്ണുനീർ ആസ്വദിച്ചു കൊണ്ട് പെട്ടന്ന് ആയിരുന്നു അയാൾ അവന്റെ അടിവയറ്റിൽ ആഞ്ഞു കുത്തിയത്... അവൻ വേദന കൊണ്ട് കിടന്നു പുളഞ്ഞു... അയാൾ പതുക്കെ ആ കത്തി അവന്റെ നെഞ്ച് വരെ ഉയർത്തി, അവൻ ജീവനോടെ ഇരിക്കെ അവന്റെ ശരീരം നീളത്തിൽ കീറി... അപ്പോൾ അയാളുടെ കണ്ണിലേക്കു തെറിച്ച അവന്റെ ചോരതുള്ളികൾ അയാളുടെ കണ്ണുകളിലെ പൈശാചികത അതിഭയാനകമാക്കി...
മൂന്ന്
പതിവ് പോലെ നടക്കാനിറങ്ങിയതായിരുന്നു കൃഷ്ണദേവ്... ഹോസ്റ്റൽ മുറിയിൽ ഇരിക്കുന്നത്ര വെറുപ്പ് അവന് മറ്റൊന്നിനോടും ഇല്ല... ഹോസ്റ്റലിലെ ബഹളവും കോലാഹലങ്ങളും ഒന്നും അവനിഷ്ടമല്ല... ചിലപ്പോൾ അവന് നല്ലൊരു സുഹൃത്ത് ഇല്ലാത്തതിനാൽ ആയിരിക്കാം...
മരം കൊച്ചുന്ന തണുപ്പിൽ കൈകൾ രണ്ടും കെട്ടി അവൻ നടന്നു... പ്രധാന പാതയിൽ നിന്നും ഉള്ളിലോട്ടുള്ള വഴിയേ ആളൊഴിഞ്ഞ ആ മലഞ്ചെരിവിലെ കുളിരും ഏകാന്തതയും നിശബ്ദതയുമാണ് അവനിഷ്ടം... ചിലപ്പോൾ തെരുവ് നായകളുടെ കലപിലയോ ചീവിടുകളുടെ ശബ്ദമോ ഉണ്ടാവും... പക്ഷെ അത് ഹോസ്റ്റലിലെ അട്ടഹാസങ്ങളെക്കാൾ വളരെ നന്ന് എന്നാണ് അവന്റെ പക്ഷം...
അന്ന് കണ്ണുകൾ അടച്ചിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല. എവിടെ നിന്നോ ഒരു നായയുടെ കിതപ്പ് കേൾക്കാം... അത് കുരക്കുന്നുമുണ്ട്. ആ ശബ്ദത്തിൽ നിന്നും അത് ഒരു ചെറിയ നായ ആയിരിക്കും എന്ന് അവൻ ഊഹിച്ചു. ഉറക്കം വരാതെ ആയപ്പോൾ അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. അവന്റെ ഊഹം ശരി ആയിരുന്നു. അതൊരു ചെറിയ നായക്കുട്ടി ആയിരുന്നു... അല്ല, അത്ര ചെറുത് അല്ല... പക്ഷെ അവൻ അവിടെ കണ്ടിട്ടുള്ള ഭീകര നായകളെക്കാൾ ചെറുത്....
എന്തിലോ കാലു കുടുങ്ങി കിടന്നു മറിയുകയാണ് അവൻ. കൃഷ്ണദേവ് ഒരു നിമിഷം അത് നോക്കി നിന്നു. അവനെ കണ്ടപ്പോൾ ആ നായയും നിശബ്ദനായി നോക്കി നിന്നു. അതിന്റെ കണ്ണിന് വല്ലാത്ത ഒരു തിളക്കം തോന്നി അവന്.
സഹായിക്കാൻ അവന് മനസ്സ് വരാറില്ല... എങ്കിലും അവന്റെ ഉറക്കം നശിക്കുമല്ലോ എന്നോർത്തപ്പോൾ അവൻ മെല്ലെ അതിന്റെ അടുത്തേക്ക് നടന്നു. കാലിൽ കുടുങ്ങിയ വള്ളിചെടികളെ അവൻ ശ്രദ്ധയോടെ കാലിൽ നിന്നും വിടുവിച്ചു.
സ്വതന്ത്രനായപ്പോൾ ആ നായ വേഗം തന്നെ അവിടെ നിന്നും ഓടി... അത് കൃഷ്ണദേവിന്റെ കണ്മുന്നിൽ ഓടി നടന്നു.
"ഹും... നന്ദി ഇല്ലാത്ത സാധനം... മനുഷ്യനെ പോലെ തന്നെ," അവൻ സ്വയം പറഞ്ഞു. തിരിച്ചു അവന്റെ പുൽമെത്തയിലേക്ക് നടന്നു. നടു നിവർത്തി കണ്ണുകൾ അടച്ചു കിടന്നു.
"ഇനി ഒരു നായിന്റെ മോനും വരാതെ ഇരുന്നാൽ മതിയായിരുന്നു," അവൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ കാലിനടുത്ത് എന്തോ ഉള്ള പോലെ അവന് തോന്നി... അത് അനങ്ങുന്നുമുണ്ട്. പെട്ടന്ന് അവൻ ഞെട്ടി എഴുന്നേറ്റു.
"ഓഹ്... നീയോ?" അവൻ അതിനെ നോക്കി.
അത് തന്റെ യജമാനന്റെ ചൂടെറ്റ് കാലിനടിയിൽ കിടന്നു അവനെ നോക്കി... കൃഷ്ണദേവിന് അത് ഇഷ്ടമായില്ല എങ്കിലും അവൻ ഒന്നും ചെയ്തില്ല... കുറെ നേരം അതിനെ നോക്കി കിടന്ന ശേഷം അവൻ വിളിച്ചു.
"കിങ്!"
അന്ന് എന്തോ പതിവിലും നന്നായി ഉറങ്ങിയ പോലെ അവന് തോന്നി... എഴുന്നേറ്റ ശേഷം അവൻ നോക്കിയത് കിങ്ങിനെ ആയിരുന്നു... അവൻ കൃഷ്ണദേവിന്റെ കാലിന്റെ അടുത്ത് തന്നെയുണ്ട്... കിങിന്റെ കൂട്ട് അവന് കുറച്ചു കൂടെ നല്ലത് ആണെന്ന് അവന് തോന്നി... കൈനീട്ടി അതിന്റെ തലയിൽ തഴുകാൻ അവന് തോന്നി... പക്ഷെ എന്തോ അവൻ കൈ വലിച്ചു... ഉടനെ എഴുന്നേറ്റു വേഗം കാലു വലിച്ചു വച്ചു നടന്നു... ആ ഇടവഴി രണ്ടായി പിളരും വഴിവരെ കിങ് അവനെ പിന്തുടർന്നു... പക്ഷെ അവൻ അതിനോട് തിരികെ പോകാൻ കല്പിച്ചപ്പോൾ അത് അവിടെ നിന്നും അവൻ പോകുന്നതും നോക്കി നിന്നു...
" ടാ... നീ ഞാൻ അയച്ച പോസ്റ്റ് കണ്ടിരുന്നോ??" മനേഷ് വിക്ടറിനോട് ചോദിച്ചു...
വിക്ടർ മനേഷിനെ നോക്കി... പക്ഷെ ഒന്നും മിണ്ടിയില്ല...
"കണ്ടിട്ടും മിണ്ടാതെ ഇരിക്കാണ് ലെ?" മനേഷ് പറഞ്ഞു.
"അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല." വിക്ടർ പറഞ്ഞപ്പോൾ മനേഷ് അവനോട് കുറച്ചു കൂടി മയത്തിൽ ചോദിച്ചു, "നിനക്ക് ഇപ്പോഴും ദേഷ്യം ആണോ അവനോട്? ഒന്നും ഇല്ലെങ്കിലും ഞങ്ങൾ കാരണം അല്ലെ നിന്റെ പെങ്ങൾ ഇപ്പോൾ ജീവനോടെ...?" മനേഷ് പറഞ്ഞു തീർക്കും മുൻപ് വിക്ടർ അരിശത്തോടെ ചാടി എഴുന്നേറ്റു...
"ഒരു ജീവൻ ആണോ മറ്റൊരു ജീവന് പകരം?? എനിക്ക് എന്റെ പെങ്ങൾ വലുത് തന്നെയാണ്. പക്ഷെ..." വിക്ടർ പറഞ്ഞു വന്നത് മുഴുവൻ ആക്കിയില്ല... അതിന്മുൻപ് പപ്പൻ കയറി വന്നു...
"ടാ.... ആ ശ്യാം മിസ്സിംഗ് ആണെന്ന വാർത്ത ഉള്ളത് തന്നെ ആണാ??" അവൻ ചോദിച്ചു.
വിക്ടർ ഒന്നും മിണ്ടിയില്ല...
"നിന്റെ ചേട്ടന്റെ കട്ട ആയിരുന്നല്ലോ... നമ്മൾ അവരുടെ ജൂനിയർ ആയിരുന്നപ്പോൾ നീ ഒക്കെ അവരുമായി നല്ല കമ്പനി ആയിരുന്നു," പപ്പൻ പറഞ്ഞു
" ഹ്മ്മ്... ശ്യാം മിസ്സിംഗ് ആയിട്ട് കുറച്ചു ദിവസമായി... " മനേഷ് പറഞ്ഞു
" അവന്റെ കയ്യിലിരിപ്പ് വച്ചിട്ട് ആരെങ്കിലും തല്ലി കൊന്നത് ആവും... അവനൊന്നും അങ്ങനെ പെട്ടന്ന് ചത്തുകൂടാ," വിക്ടർ പറഞ്ഞു. മനേഷ് അവനെ നോക്കി ഇരുന്നതെയുള്ളൂ... കൂടുതൽ ഒന്നും പറയാൻ നിന്നില്ല...
തിരിച്ചു ഹോസ്റ്റലിൽ എത്തിയ കൃഷ്ണദേവ് തന്റെ മുറി തുറന്നു അകത്തേക്ക് കടന്നപ്പോൾ ഒന്നു ഞെട്ടി... താൻ അവിടെ നിന്ന് പോകുമ്പോൾ ഉള്ള പോലെ അല്ലായിരുന്നു മുറി അപ്പോൾ.... അവന്റെ പുസ്തകങ്ങൾ എല്ലാം നിലത്തേക്ക് വാരിയിട്ടിരിക്കുന്നു... നിലത്തു ചില്ല് വീണുടഞ്ഞിരുന്നു... മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പാത്രത്തിലെ നിക്ഷേപങ്ങൾ എല്ലാം മുറിയിൽ ചിതറി കിടന്നു....ആ പാത്രമാകട്ടെ പല കഷ്ണങ്ങളായി ചിതറികിടക്കുന്നു... പക്ഷെ അതൊന്നും അത്ര വലിയ കാര്യം അല്ലെന്ന പോലെ ആയിരുന്നു അവന്റെ നിൽപ്... അവന്റെ മുഖത്താകട്ടെ എപ്പഴും കാണാവുന്ന പുച്ഛം നിറഞ്ഞ ചിരി മാത്രം...
എന്തൊക്കെയോ ആലോചിച്ചു ക്ലാസ്സിൽ തനിച്ചിരിക്കുകയായിരുന്നു മായ. കുറച്ചു ദിവസങ്ങൾ ആയി വിക്ടർ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അവൾ എപ്പോഴും തനിച്ചായിരിക്കും... ജനലിലൂടെ അന്നും അവൻ കുറച്ചു സമയം അവളെ നോക്കി നിന്നു...
"വിക്കി!" ആരോ പിറകിൽ വന്നു കൈ പിടിച്ചു.
"ഹാ... നീനയോ??" വിക്ടർ അവളുടെ കൈ വിടുവിച്ചുകൊണ്ട് പറഞ്ഞു.
" നീ എന്താ ഇവിടെ ചെയ്യുന്നേ??? " നീന ചോദിച്ചു
" ചുമ്മാ... അയ്യോ നാല് മണി ആയി... ചെറിയ ഒരു പരിപാടി ഉണ്ട്," വിക്ടർ മെല്ലെ അവളിൽ നിന്നും വലിഞ്ഞു. നീനക്ക് അത് ശീലം ആയിരുന്നു... അവൾ മായയെ നോക്കി...
"അവൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുവാണ്... എന്റെ വഴിയിൽ വരാതിരിക്കട്ടെ!" നീന മനസ്സിൽ പറഞ്ഞു.
"ജീനമോളെയ്..." വിക്ടർ ജീനയുടെ മുടി പിടിച്ചു വലിച്ചുകൊണ്ട് നീട്ടിവിളിച്ചു.
" വിടടാ.... " ജീന അവന്റെ കയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു.
"ഇന്ന് നേരത്തെ ആണല്ലോ...!" ജീന.
" ഇപ്പോൾ അതാണോ കുഴപ്പം?? " വിക്ടർ.
"നീ ആ മാസ്ക് ഇട്ട കുട്ടിയുടെ അടുത്ത്ന്ന് അല്ലെ വരുന്നേ??" ജീന ചോദിച്ചു.
"ഹ്മ്മ്..." വിക്ടർ പറഞ്ഞു.
"അറിയാം... ഇനി ചോദിക്കാൻ പോകുന്നത് ആ ജാഡ തെണ്ടി ഇന്ന് വന്നിരുന്നോ എന്നല്ലേ??" ജീന.
"നിനക്ക് എന്നെ ശരിക്കും അറിയാം, " വിക്ടർ ചിരിച്ചു.
" നിനക്ക് വട്ടാണല്ലോ... വിചിത്രമായതെന്തിനോടും നിനക്ക് പണ്ടേ കൗതുകം കൂടുതൽ ആണ്," ജീന പറഞ്ഞു
" വിചിത്രമായതല്ലടി... സ്പെഷ്യൽ ആണ്... ഇത്രയും ഭംഗിയുള്ള കണ്ണുകൾ ഉള്ള അവൾ എന്തിനാ മാസ്ക് വക്കുന്നത് എന്ന് അറിയാൻ നിനക്ക് കൗതുകം ഇല്ലേ?? " വിക്ടർ.
"അവൾക്ക് വല്ല പകർച്ചവാദി ആവും... അടുത്തേക്ക് ഒന്നും പോണ്ട," ജീന പറഞ്ഞു.
" പോടീ... ഏഹ്ഹ്?? ഇനി ആവോ?? " വിക്ടർ.
"ഒന്ന് പോടാ... എന്തായാലും നിനക്ക് എന്തോ താല്പര്യം ഉണ്ട് ല്ലേ?" ജീന.
" എല്ലാർക്കും ഉള്ള ഒരു കൗതുകം, " വിക്ടർ.
"നിന്റെ അത്ര ഒന്നും ആർക്കും ഉണ്ടാവില്ല..." ജീന ചിരിച്ചു.
" എന്ത് പറയുന്നു നിന്റെ ഒറ്റയാൻ?? " വിക്ടർ ചോദിച്ചു.
" ഞാൻ ലൈബ്രറിയിൽ നിന്നും വരുമ്പോൾ കാലിന്മേൽ കാലും കയറ്റി വച്ചു ഇരിക്കുന്നുണ്ടായിരുന്നു," ജീന പറഞ്ഞു.
അവരുടെ സംഭാഷണം അല്പം മാറി നിന്നാണെങ്കിലും നീന കേൾക്കുന്നുണ്ടായിരുന്നു... അവളുടെ മുഖം ചുവന്നു തുടുത്തു. അവൾക്ക് മായയോട് വല്ലാത്ത ദേഷ്യം തോന്നി.
" നോക്ക്... നീ ആ കൃഷ്ണദേവിനോട് ഉടക്കിനൊന്നും പോണ്ടാട്ടോ," ജീന പറഞ്ഞു.
" ഞാൻ ഉടക്കിനൊന്നും പോണില്ല... ഇന്നലെ ഞാൻ അവന്റെ ഷൂ തുടക്കാൻ റൂമിൽ പോയിരുന്നു," വിക്ടർ പറഞ്ഞു.
"ഉടക്കിനൊന്നും പോവില്ലെന്ന് പറഞ്ഞിട്ട്?? എനിക്ക് അറിയാം നീ അവനെ അങ്ങനെ വിട്ട് കളയില്ലെന്ന്... ഇത്തവണ നീ ക്ഷമിക്ക്," ജീന പറഞ്ഞു.
" വിക്ടർ... നിന്നെ പ്രിൻസി വിളിക്കുന്നു... " അത് കോളേജ് ചെയർമാൻ നീരജ് ആയിരുന്നു
" ജീന, നീ ആ ഒറ്റയാനെ കണ്ടിരുന്നോ?? " അവൻ ചോദിച്ചു... ജീന ഇല്ലെന്ന് കൈ മലർത്തി.
" പ്രിൻസി ഇപ്പോൾ എന്തിനാ നിന്നെ വിളിക്കുന്നെ?? " ജീന ചോദിച്ചു...
പക്ഷെ വിക്ടറിന് കാര്യം എന്തെന്ന് മനസ്സിലായി.
"വിളിക്കട്ടെ... തെളിവ് ഒന്നും ഇല്ലല്ലോ!" വിക്ടർ മനസ്സിൽ ഓർത്തു...
തുടരും....

