നിണം - 5
നിണം - 5
അർദ്ധരാത്രിയുടെ ഭയാനകമായ ഇരുട്ടിൽ ആ ചെറിയ മുറിയിലെ അരണ്ട ചുവന്ന വെളിച്ചം അതിലും ഭീകരമായി തോന്നും... രക്തം ഒലിച്ചിറങ്ങിയ നിലത്ത് കൈകലുകൾ ബന്ധിച്ചു ചെവിയും വിരലുകളും തലമുടിയും ഇല്ലാത്ത ഒരു വന്യജീവിയെ പോലെ അവൻ കിടന്നു...
തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അവന്റെ മുഖം വികൃതമായിരുന്നു... നിലത്തു നിശ്ചലമായി കിടന്ന അവനെ ഉറ്റു നോക്കികൊണ്ട് ആ പഴയ മരക്കസേരയിൽ ആയാൾ ഇരുന്നു...
പെട്ടന്ന് അവനിൽ ഒരു ചെറു അനക്കം ഉണ്ടായി... അത് അയാൾ പ്രതീക്ഷിച്ചതല്ല... ഇനിയും മരണം അവനിൽ എത്തിയിട്ടില്ല എന്ന് ബോധ്യമായ അയാൾ തന്റെ കയ്യിലെ വലിയ ചുറ്റിക തന്നെ എടുത്തു...
അത് അയാൾ അവന്റെ നേരെ ആഞ്ഞു വീശി.
അഞ്ച്
"ജീനാ... ജീനാ,"വിക്ടറിന്റെ കരുതലോടെയുള്ള വിളികേട്ട് അവൾ കണ്ണ് തുറന്നു. ചുറ്റിലും നോക്കി അത് ആശുപത്രി ആണെന്ന് അവൾക്ക് മനസ്സിലായി...
വിക്ടറിന്റെ കൈ മുറുകെ പിടിച്ചു അവൾ ചോദിച്ചു,"പേടിച്ചോ??"
വിക്ടർ ഒന്ന് ചിരിക്കുക മാത്രം ചെയ്തു... അവന്റെ ആ പുഞ്ചിരിയിൽ അവൻ എത്ര മാത്രം വിഷമിച്ചു എന്നത് അവൾക്ക് കാണാമായിരുന്നു.
"എന്താ ഉണ്ടായത്??" വിക്ടർ ചോദിച്ചു.
"അറിയില്ല... പെട്ടന്ന് എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി... ഹൃദയമിടിപ്പ് കൂടി... എന്റെ നെഞ്ച് ഇപ്പോൾ നിലച്ചു പോവും എന്ന പോലെ... തല കറങ്ങുന്ന പോലെ..." ജീന പറഞ്ഞു
"ഇപ്പോൾ എങ്ങനെ ഉണ്ട്??"വിക്ടർ ചോദിച്ചു.
"അവൾക്ക് ഒരു കുഴപ്പവും ഇല്ലടോ... താൻ ഇങ്ങനെ വേവലാതിപെടാതെ.... അല്ലെ ജീന?" ഡോക്ടർ അലക്സ് മുറിയിലോട്ട് കയറി വരികെ പറഞ്ഞു.
ജീന ചിരിച്ചു.
"എന്താ നിനക്ക് ഇതിന് മാത്രം ടെൻഷൻ? ബിപി കൂടിയതാണ്... ഞാൻ പറഞ്ഞിട്ടില്ലേ കൂടുതൽ മാനസികസമ്മർദ്ദം ഒന്നും പാടില്ല എന്ന്?? ശ്രദ്ധിക്കണം ട്ടോ," അലക്സ് പറഞ്ഞു.
"എനിക്ക് ടെൻഷൻ ഒന്നും ഇല്ല... അപ്പോൾ എന്താ അങ്ങനെ പറ്റിയെ ആവോ?" ജീന പറഞ്ഞു
"ഹ്മ്മ്... നന്നായി റസ്റ്റ് എടുക്ക്... നല്ല ഉറക്കം... നല്ല ഭക്ഷണം... അത് രണ്ടും പ്രത്യേകം ശ്രദ്ധിക്കണം," അലക്സ് പറഞ്ഞപ്പോൾ അവൾ തലയാട്ടി...
"ഹാ... പിന്നെ നീ പോയത് എന്തായി??" ജീന ചോദിച്ചു.
"സസ്‌പെൻഷൻ... ഇരുപത് ദിവസം," വിക്ടർ പറഞ്ഞപ്പോൾ ജീനയുടെ മുഖം കടുത്തു.
"എനിക്ക് ആകെ കൂടെ ഉള്ള ടെൻഷൻ നിന്നെ കുറിച്ച് ആണ്," ജീന പറഞ്ഞു.
വിക്ടർ ചിരിച്ചു.
"നീ നാട്ടിൽ പോവണോ എന്നിട്ട്??" ജീന ചോദിച്ചു.
"നിന്നെ ഇവിടെ ഇട്ടിട്ട് ഞാൻ എങ്ങനെ പോവും?" വിക്ടർ.
"അത് ആദ്യം ഓർക്കണമായിരുന്നു... എനിക്ക് കുഴപ്പം ഒന്നും ഇല്ല... എന്തായാലും നീ നാട്ടിൽ പൊക്കോ..." ജീന പറഞ്ഞു.
"നിനക്ക് ഉറപ്പാണോ???" വിക്ടർ.
"അതെന്ന്," ജീന പറഞ്ഞു.
വിക്ടറിന്റെ മുഖത്ത് അപ്പോഴും അവളെക്കുറിച്ചുള്ള വേവലാതി ഉണ്ടായിരുന്നു.
~
ഹോസ്റ്റലിൽ നിന്നും തത്കാലം വേണ്ട സാധനങ്ങൾ മാത്രം എടുത്ത് വിക്ടർ യാത്രക്ക് ഇറങ്ങി... കൃഷ്ണദേവിന്റെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ പെട്ടന്ന് ആയിരുന്നു അവൻ മുറിയിൽ നിന്നും പുറത്തേക്ക് വന്നത്... അവർ മുഖത്തോട് മുഖം നോക്കി നിന്നു...
"നീ അത് നോക്ക്," പപ്പൻ മനേഷിനോട് പറഞ്ഞു.
"ഇവന്മാർക്ക് ഇതെന്തിന്റെ കേടാ??" മാനേഷ് പറഞ്ഞു.
"ടാ... എന്താണ്?? ഇങ്ങനെ കണ്ണും കണ്ണും നോക്കി നിൽക്കാൻ ഇവൻ എന്താ നിന്റെ കാമുകിയോ??" പപ്പൻ ചോദിച്ചു.
പക്ഷെ അവർ ഇരുവരും അതൊന്നും ശ്രദ്ധിച്ചതെ ഇല്ല...
"നീ കാത്തിരുന്നോ... നിനക്ക് ഉള്ള പണി വരുന്നുണ്ട്," വിക്ടർ പറഞ്ഞു.
"അതിന് നീ ഇവിടെ ഉണ്ടെങ്കിൽ അല്ലെ...? അക്കാദമിക്സിൽ മാത്രം അല്ല... സ്പോർട്സിലും ഇനി മുതൽ കോളേജിലെ ചാമ്പ്യൻ ഞാൻ ആണ്... പിന്നെ നീ ഇവിടെ ഉണ്ടാവില്ല... പണി കിട്ടാൻ പോവുന്നത് നിനക്ക് ആണ്," കൃഷ്ണദേവ് പറഞ്ഞു.
"കാണാം," വിക്ടർ.
"കാണാടാ," കൃഷ്ണദേവ്.
"എനിക്ക് ഇതൊന്നും കാണാൻ വയ്യേ... നീ ഇങ്ങട് വന്നേ," പപ്പൻ വിക്ടറിന്റെ കൈ പിടിച്ചു വലിച്ചു.
"ശരിക്കും??" ജീന ഫോണിലൂടെ അലറി.
"എന്തുവാടി???" പപ്പൻ ആയിരുന്നു മറു തലക്കൽ...
"അപ്പോൾ ഇനി എനിക്ക് റസ്റ്റ് എടുക്കാം... അവന്റെ പതനം അടുത്തു മോനെ," ജീന.
"എന്താ ഇത്ര ഉറപ്പ്?? നിന്റെ ഏട്ടൻ തോറ്റാലോ?"പപ്പൻ.
"എന്റെ ചേട്ടൻ ഏതെങ്കിലും ഇവന്റിൽ ഇന്നേവരെ തോറ്റിട്ടുണ്ടോ??" ജീന.
"അതിപ്പോ അവനും അങ്ങനെ തന്നെ അല്ലെ??"പപ്പൻ.
"ഒന്ന് പോടാ... എന്റെ ഏട്ടൻ തന്നെ ജയിക്കും... അവന്റെ അഹങ്കാരം അതോടെ തീരും... അപ്പോൾ എനിക്ക് കുത്തിയിരുന്നു പഠിക്കേം വേണ്ട," ജീന പറഞ്ഞു.
"അല്ലെങ്കിൽ തന്നെ നിനക്ക് എന്താ അവനെ തോൽപ്പിക്കാണ്ട്?? ഉള്ള സമയം കോളേജ് അടിച്ചു പൊളിക്കാതെ,"പപ്പൻ.
"അതിപ്പോ എന്റെ ചേട്ടൻ എന്നും എന്നോട് പറയുന്നതാണ്... അവനോട് ജയിക്കാൻ പറ... അന്ന് ഞാൻ എന്റെ ഈ മത്സരം അവസാനിപ്പിക്കും," ജീന പറഞ്ഞു...
"എന്താവും എന്ന് കണ്ട് തന്നെ അറിയാം," പപ്പൻ ചിരിച്ചു.
ഇതിനോടകം തന്നെ വിക്ടറും കൃഷ്ണദേവും തമ്മിൽ ഉള്ള പന്തയം കോളേജിൽ പാട്ടായിരുന്നു....
"എന്താ സംശയം വിക്ടർ തന്നെ ജയിക്കും... ആ പീക്കിരി ചെക്കൻ എന്ത് കാണിക്കാൻ ആണ്??" നീന പറഞ്ഞപ്പോൾ ഹിമ അത് വല്ലാതെ ഗൗനിക്കാൻ നിന്നില്ല...
"പീക്കിരി ചെക്കനോ?? നീ ആ ഗ്രോണ്ടിൽ പോയി നോക്ക്..." അവർക്കിടയിലേക്ക് കയറി വന്നു കൊണ്ട് സിതാര പറഞ്ഞു.
"ഗ്രൗണ്ടിൽ എന്താ??"ഹിമ ചോദിച്ചു
"നീ പറഞ്ഞ ആ പീക്കിരി ചെക്കൻ നല്ല പരിശീലനത്തിൽ ആണ്... ചെക്കൻ നല്ലോം കഷ്ടപ്പെടുന്നുണ്ട്.... കണ്ടിട്ട് അവൻ ഒട്ടും മോശം അല്ല... ഇത് തകർക്കും!" സിതാര പറഞ്ഞു
"ഓ... അവൻ ഇത്തിരി വിയർക്കും!" നീന പുച്ഛത്തോടെ പറഞ്ഞു.
"ടീ വിക്ടർ സ്ഥലത്ത് ഇല്ലാത്തതല്ലേ... നമുക്ക് ആ പെണ്ണിനെ പിടിച്ചാലോ?" ഹിമ ചോദിച്ചു.
"അത് അന്ന് കൊടുത്തതല്ലേ...?" നീന.
"പേടിപ്പിച്ചു നിർത്തുന്നത് നല്ലതല്ലേ...? റെക്കോർഡ് വരയ്ക്കാനും മറ്റും നല്ലൊരു അടിമ ആണവൾ," ഹിമ പറഞ്ഞു.
"വേണ്ടടി... ജീന അറിഞ്ഞാൽ അത് വിക്ടർ അറിയും..." നീന പറഞ്ഞപ്പോൾ ഹിമയുടെ മുഖം പിന്നെയും വീർത്തു...
"അവന് നിന്നെ വേണ്ടടി, പുല്ലേ... നീ പിന്നെ എന്ത് മണ്ണാങ്കട്ടക്ക് ആണ് പട്ടിയെ പോലെ പിന്നാലെ നടക്കുന്നത്??"ഹിമ ദേഷ്യത്തിൽ ചോദിച്ചു.
"ടീ... നീ അതിരു വിടുന്നു ഹിമ," നീന.
"ഉള്ളതല്ലേ പറഞ്ഞത്...? വേറെ ആൺപിള്ളേരെ കിട്ടാഞ്ഞിട്ട് ആണോ...? ഒരാൾക്ക് ഇഷ്ടം അല്ലെങ്കിൽ അല്ലെന്ന് ആണ് അർത്ഥം... കട്ട ചങ്ക് ആയിരുന്നല്ലോ നിങ്ങൾ... പിന്നെ എന്ത് പറ്റി?? ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ അവൻ വലിഞ്ഞു... ഇപ്പോൾ ചങ്കും അല്ല... കരളും അല്ല," ഹിമ.
"ഞാൻ എന്താ വേണ്ടേ??" നീന.
"വിട്ടു കള... അവൻ ഇല്ലേൽ വേറെ ഒരുത്തൻ. അവൻ ഇത്രയും അകലം പാലിക്കുന്നത് തന്നെ നീ അവനെ മറക്കാൻ വേണ്ടിയാണ്..." ഹിമ.
"അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ മറ്റൊരാൾ എന്ന് ചിന്തിക്കാൻ എനിക്ക് പറ്റില്ല... അവന് എന്നെ ഇഷ്ടം അല്ലായിരിക്കാം... പക്ഷെ എനിക്ക് അവനെ മാത്രം ആണ് ഇഷ്ടം... എനിക്ക് അവന്റെ ഹൃദയത്തിലേക്ക് കയറാൻ ഒരു പഴുതും ഇല്ലെന്ന് പറയാൻ ഇപ്പളും പറ്റില്ല... ഞാൻ കാത്തിരിക്കും," നീന പറഞ്ഞു.
"ഹോ... ഇത്രയും പുണ്യവതി ആണ് നീ എങ്കിൽ പിന്നെ എന്തിനാ ആ പെണ്ണിനെ ഭീഷണിപ്പെടുത്തിയെ?? ചിലപ്പോൾ അവന് ഇഷ്ടം അവളെ ആയിരിക്കും... നിനക്ക് എന്താ ചെയ്യാൻ പറ്റാ??? അതിന് അവളെ ഉപദ്രവിച്ചിട്ട് എന്ത് നേടി???" ഹിമ ചോദിച്ചു.
"ഞാൻ ആണോ അതൊക്കെ ചെയ്തേ?? അന്ന് എനിക്ക് ശരിക്കും അസൂയ തോന്നി... എന്തോ അങ്ങനെ ഒക്കെ തോന്നിപ്പോയ്... പക്ഷെ അവളെ ഒന്ന് പേടിപ്പിച്ചു നിർത്തണം എന്നെ ഞാൻ പറഞ്ഞുള്ളു... എല്ലാം ചെയ്തത് നീ അല്ലെ??" നീന ഉറക്കെ ചൂടായി...
ഹിമയുടെ കണ്ണുകൾ രണ്ടും ചുവന്നു വന്നു...
"ആടി... ഞാൻ തന്നെയാ... നീ വലിയ മാലാഖ,"ഹിമ ദേഷ്യത്തിൽ അവിടെ നിന്നും പോയി...
"ഹിമാ..." അതുവരെയും അവരുടെ വഴക്ക് കണ്ട് മിണ്ടാതെ നിന്ന സിതാരയുടെ നാവ് ഉയർന്നത് അപ്പോൾ ആയിരുന്നു...
"നിനക്ക് അറിയുന്നതല്ലേ അവളുടെ സ്വഭാവം...? ഇന്ന് ഇനി അത് ആരുടെ നെഞ്ചത്താണാവോ തീർക്കുന്നത്!" സിതാര പറഞ്ഞപ്പോൾ നീന ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്നു...
"ഇപ്പോൾ തെറ്റും കുറ്റവും മുഴുവൻ എനിക്ക് മാത്രം..." നിലം ചവിട്ടി മെതിച്ചു നടക്കുന്നതിനിടയിൽ ഹിമ പിറുപിറുത്തു...
അവൾ കയറി ചെന്നത് ബാത്‌റൂമിലേക്ക് ആയിരുന്നു... അവിടെ വച്ചു അവൾ പിന്നെയും മായയെ കണ്ടുമുട്ടി... ഹിമയുടെ മുഖം കണ്ട മാത്രമേ അവളുടെ കൃഷ്ണമണികൾ പിടച്ചു...
"നിന്നെ എന്താ ഇവിടെ കുഴിച്ചിട്ടേക്കുവാണോ?"ഹിമ ചോദിച്ചു.
"സോറി," മായ തലകുനിച്ചു പറഞ്ഞു.
"ആർക്കു വേണം നിന്റെ സോറി??"ഹിമ പിന്നെയും അവളോട് തട്ടികയറാൻ നിന്നു... പക്ഷെ അവൾ മൗനം പാലിച്ചു നിന്നതെയുള്ളൂ.
"എന്താടി?? സീനിയർ ചോദിച്ചാൽ മറുപടി പറയണം എന്ന് അറിയില്ലേ?? ഏഹ്???" ഹിമയുടെ കൈകൾ ആദ്യം വീണത് അവളുടെ മുടിയിൽ തന്നെ ആയിരുന്നു.
പെട്ടന്ന് ആയിരുന്നു പുറകിൽ നിന്നും ആരോ വന്നു ആ കൈകൾ ശക്തമായി വിടുവിച്ചത്. ഒന്ന് ഞെട്ടി എങ്കിലും ഹിമ അരിശത്തോടെ അവളെ നോക്കി...
"മുടിയിൽ പിടിച്ചു വലിച്ചാൽ നല്ല വേദന കാണും... ഇനി അത്രക്ക് മോഹം ഉണ്ടെങ്കിൽ സ്വന്തമായിട്ടുള്ളത് പിടിച്ചാൽ മതി," അത് ജീന ആയിരുന്നു.
"നീയോ?? നിനക്ക് അല്ലെങ്കിലും രണ്ട് എല്ലു കൂടുതൽ ആണ്... ഞാൻ നിന്റെ സീനിയർ ആണെന്ന് മറക്കണ്ട,"ഹിമ പറഞ്ഞു.
"സീനിയർ ആണെന്ന് വച്ച്?? എന്ത് തോന്ന്യാസവും കാണിക്കാം എന്നാണോ?? മേലാൽ ഇവളെ തൊട്ടു എന്ന് ഞാൻ അറിഞ്ഞാൽ..." ജീന അത് പറയുമ്പോൾ അല്പം പോലും പതറിയില്ല...
"നീ എന്ത് കാണിക്കുന്നാ???"ഹിമ തന്റെ കൈകൾ മായയുടെ തോളിൽ വച്ചു കൊണ്ട് ചോദിച്ചു.
"തൊട്ട് പോവരുതവളെ..." ജീനയുടെ പെട്ടന്ന് ഉള്ള ക്ഷോഭത്തിൽ ഹിമ ഒന്ന് പതറിപ്പോയി...
"സീനിയർ ആണെന്ന് ഒന്നും ഞാൻ നോക്കില്ല... നീ വാ," ജീന മായയുടെ കൈകൾ പിടിച്ചു അവിടെ നിന്നും പുറത്തേക്ക് നടന്നു...
ഹിമക്ക് അവരെ തടയാൻ കഴിഞ്ഞില്ല... അവർ പോയിക്കഴിഞ്ഞു ഹിമ അവിടെ നിന്നും ഉറക്കെ അലറി...
"കാണിച്ചു താരാടി നിനക്ക്," ഹിമ സ്വയം പറഞ്ഞു.
ജീനയുടെ മുഖം ശരിക്കും ചുവന്നിരുന്നു... കണ്ണുകളിൽ അപ്പോളും ആളികത്തുന്ന കോപം... എന്നിട്ടും അവളുടെ കൈകളിൽ അപ്പോഴും മായയുടെ കൈകൾ ഉണ്ടായിരുന്നു... വല്ലാത്ത ഒരു സുരക്ഷിതത്തം മായ്ക്കും തോന്നി... പക്ഷെ അവൾക്ക് കൈകൾ നോവുന്നുണ്ടായിരുന്നു....
"ചേച്ചി..." മായ പതുക്കെ വിളിച്ചു...
പെട്ടന്ന് ജീന നിന്നു... അവളെ തിരിഞ്ഞു നോക്കി...
"ഹ??" ജീന
"എന്റെ കൈ... കൈ നോവുന്നു," മായ പറഞ്ഞപ്പോൾ പെട്ടന്ന് തന്നെ ജീന അവളുടെ കൈകൾ സ്വാതന്ത്രമാക്കി...
"സോറി... വേദനിച്ചോ നിനക്ക്??" ജീന ചോദിച്ചു.
"കുഴപ്പം ഇല്ല," മായ പറയുമ്പോൾ ജീന അവളുടെ കൈകൾ പതുക്കെ തലോടികൊണ്ടിരുന്നു... അവളുടെ കൈതണ്ടയിൽ ചുവന്ന പാട് ഉണ്ടായിരുന്നു... അവൾക്ക് എന്തോ അത് സഹിക്കാൻ കഴിയാത്ത പോലെ...
ഫോൺ ബെൽ അടിച്ചപ്പോൾ ആണ് ജീന അവളിലേക്ക് തിരിച്ചു വന്നത്... വിക്ടറിന്റെ കാൾ...
അവൾ എടുക്കാൻ മടിച്ചു...
"ഞാൻ എന്തിനാണ് ഇവളുടെ കാര്യത്തിൽ ഇത്രയും ടെൻഷൻ ആവുന്നത്???"ജീന സ്വയം ചോദിച്ചു...
തുടരും...

