നിണം-2
നിണം-2
"ബിറ്റ് വച്ചു പാസായ ഡിഗ്രിയും കൊണ്ട് ക്ലാസ്സ് എടുക്കാൻ വന്നാൽ ഇതേ ഉണ്ടാവൂ... അറിയുന്ന കാര്യമേ പറഞ്ഞു കൊടുക്കാൻ കഴിയൂ," കൃഷ്ണദേവ് അതും പറഞ്ഞു പുറത്തേക്ക് നടന്നു.
അവർ കുട്ടികൾക്കിടയിൽ അപമാനത്തോടെ നിന്നു... അവരുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... പലരുടെയും മുഖത്തു സഹതാപമായിരുന്നു.
"മിസ്സേ " ക്ലാസ്സിലെ മിടുക്കിയായ പെൺകുട്ടി ആയിരുന്നു അത്. പക്ഷെ എന്നും രണ്ടാമത് ആവാനെ അവൾക്ക് കഴിഞ്ഞുള്ളൂ.
"തെറ്റ് എല്ലാർക്കും പറ്റും... അവന് പ്രാന്താ!" ജീന പറഞ്ഞു.
"പക്ഷെ അവൻ ചെയ്തത് ശരിയാണ്," ഷീല പറഞ്ഞു.
"അങ്ങനെ അവൻ ചെയ്തത് മുഴുവൻ ശരിയാണ് എന്ന് എനിക്ക് തോന്നിയില്ല... ബോർഡിലെ കണക്ക് അല്ലല്ലോ ജീവിതം... പഠിപ്പിക്കുന്ന അധ്യാപികയെ ബഹുമാനിക്കാത്ത ഒരാൾ എത്ര വലിയ ബുദ്ധിമാൻ ആണെങ്കിലും അതിൽ കാര്യമില്ല." അവൾ ഷീലയുടെ കൈ പിടിച്ചു പറഞ്ഞു. ഷീല ചിരിച്ചു. അവളുടെ വാക്കുകൾ അവർക്ക് വളരെ ആശ്വാസമേകി...
കോളേജിൽ വരുന്നതിന് മുൻപ് ജീനയുടെ ജീവിതലക്ഷ്യം ഒരു ഡിഗ്രി എടുക്കുക, കോളേജ് അടിച്ചു പൊളിക്കുക എന്നത് മാത്രം ആയിരുന്നു. പക്ഷെ ഇന്നത് ഒരിക്കൽ എങ്കിലും അവനെ തോൽപ്പിക്കുക എന്നത് ആണ്. അതിനായി അവൾ ഒരുപാട് പരിശ്രമിക്കുന്നുമുണ്ട്. അവൾക്ക് ഒന്നേയുള്ളൂ, അവന്റെ അഹങ്കാരം ശമിപ്പിക്കുക... അവൻ ഇതുവരെയും പഠിക്കാത്ത ചില പാഠങ്ങൾ അവനെ പഠിപ്പിക്കുക...
കൃഷ്ണദേവ് പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ വിക്ടർ അതുവഴി വന്നു... ക്ലാസ്സിലെ അവന്റെ കലാപരിപാടി കണ്ടു നിന്നതായിരുന്നു വിക്ടർ... വിക്ടറിനെ അവൻ കണ്ടു എങ്കിലും ഗൗനിക്കാതെ നടന്നു പോയി...
രണ്ട്
"വിക്ടർ..? ഇവിടെ എന്താ ചെയ്യുന്നേ??" ഷീല പുറത്തേക്ക് വന്നപ്പോൾ ചോദിച്ചു.
"ഞാൻ സ്റ്റാഫ് റൂമിലേക്ക് പോവായിരുന്നു... " വിക്ടർ പറഞ്ഞു.
"ഹ്മ്മ്... അടുത്ത പീരിയഡ് എന്റെ ആണ്... എനിക്ക് നല്ല തലവേദന... നിങ്ങൾ സൈലന്റ് ആയി ഇരിക്കുമെങ്കിൽ ഞാൻ ആരെയും വിടുന്നില്ല," ഷീല പറഞ്ഞു
" ശ്ശെ... ഞങ്ങൾ നല്ല ഡീസന്റ് കുട്ടികൾ ആണ്." വിക്ടർ പറഞ്ഞു
"അതെനിക്ക് അറിയാം... " ഷീല അവനെ നോക്കി പറഞ്ഞു.
വിക്ടറിനെ കണ്ട ജീന പുറത്തേക്ക് വന്നു.
"ഹ്മ്മ്???" അവൾ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.
"ആ ജോസഫ് വിളിപ്പിച്ചിട്ടുണ്ട്... ഞാൻ പോയിട്ട് വരാം " അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.
സ്റ്റാഫ് റൂമിലെ ചൂട് പിടിച്ച ചർച്ചക്കിടയിൽ അവന്റെ പേര് വരുമ്പോൾ വിക്ടർ അവിടെ ഉണ്ടായിരുന്നു.
"ഇത്രയും ബ്രില്ല്യന്റ് ആയ ഒരു കുട്ടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ക്ലാസ്സിൽ കേറാനെ ഭയമാണ്. എന്തെങ്കിലും തെറ്റ് നമ്മുടെ ഭാഗത്തു നിന്നും വന്നാൽ തൊലിയുരിച്ചു കളയും ചെക്കൻ," ഷീല ടീച്ചർ തന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് പറഞ്ഞു. അല്പം മുൻപത്തെ തന്റെ അനുഭവവും അതിന്റെ അപമാനവും അവരുടെ മുഖത്തു വിളറി നിന്നു.
" ഇവിടെ നോക്ക്... വെറുതെ അവിടേം ഇവിടേം നോക്കി നിൽക്കാതെ," വിക്ടറിന്റെ കയ്യിൽ തട്ടി ജോസഫ് എന്ന അദ്ധ്യാപകൻ പറഞ്ഞു.
"ഇനിയെങ്കിലും കുറച്ചു കാലം അടങ്ങി ഒതുങ്ങി നടക്കാൻ നോക്ക്...അവസാനവർഷം ആണ്. എനിക്ക് കുറച്ചു സമാധാനം താ നീ... ഇനി നീ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ഡിസ്മിസ്സൽ ആവും," ജോസഫ് പറഞ്ഞു.
"എന്റെ പൊന്നു സാറെ... ഞാൻ എപ്പഴും കരുതും... ഈ വഴക്കും ബഹളവും ഒന്നും ഇല്ലാതെ അടങ്ങി ഒതുങ്ങി നടക്കാൻ... " വിക്ടർ പറഞ്ഞു.
"എന്നിട്ട് എന്താ സാർ നിർത്താത്തത്??" ജോസഫ് ചോദിച്ചു.
" എന്ത് ചെയ്യാനാ, കൂടെ നടക്കുന്ന കീടങ്ങൾ ഓരോ എടാകൂടത്തിൽ ചാടും. ഞാൻ എങ്ങനാ പിന്നെ നോക്കി നിൽക്കാ?? " വിക്ടർ പറഞ്ഞു.
" എന്നിട്ട് കഴിഞ്ഞ തവണ സസ്‌പെൻഷൻ കിട്ടിയപ്പോൾ നീ ഒറ്റക്ക് അല്ലെ ഉണ്ടായുള്ളൂ?"ജോസഫ് ചോദിച്ചു.
" സാർ ഉപദേശിച്ചു കഴിഞ്ഞെങ്കിൽ വിട്... " വിക്ടർ പറഞ്ഞു.
" ആ പൊക്കോ... നിനക്ക് വേണ്ടി വക്കാലത്തു പിടിക്കാൻ ഇനി നിന്റെ അപ്പനെ നോക്കിയാൽ മതി... കേട്ടല്ലോ?" ജോസഫ് പറഞ്ഞപ്പോൾ വിക്ടർ ജാള്യതയോടെ ചിരിച്ചു.
"ഒരു കാര്യോം ഇല്ലായിരുന്നു," വിക്ടർ തല ചൊറിഞ്ഞുകൊണ്ട് ഇറങ്ങി പോന്നു.
മായ തന്റെ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ അദ്ധ്യാപകൻ ക്ലാസ്സിൽ എത്തി കഴിഞ്ഞിരുന്നു. എല്ലാവരും അവളുടെ മുഖത്തെ മാസ്ക് ആയിരുന്നു ശ്രദ്ധിച്ചത്. ചിലർ കൗതുകത്തോടെ അവളെ നോക്കി... അവളുടെ കണ്ണുകൾ പരിഭ്രമത്തിൽ ചിമ്മിക്കൊണ്ടിരുന്നു.
"താൻ ആ ലേറ്റ് ആയി വന്ന അഡ്മിഷൻ അല്ലെ??" അദ്ധ്യാപകൻ ചോദിച്ചു.അവൾ തലയാട്ടി...
"ഹ്മ്മ്... ഞാൻ വിനോദ്... നിങ്ങളുടെ മെന്റർ ഞാൻ ആണ്... കയറി ഇരിക്കൂ," അയാൾ പറഞ്ഞു.
അവൾ ക്ലാസ്സിലേക്ക് കടന്നു... എല്ലാവരെയും നോക്കി... അവൾ തനിച്ചിരിക്കാൻ ആണ് ആഗ്രഹിച്ചത്... ക്ലാസിലെ ഒഴിഞ്ഞു കിടന്ന അവസാനബെഞ്ചിൽ അവൾ ഇരുന്നു... ക്ലാസ്സ് മുഴുവൻ അവളെ നോക്കി ഇരിക്കുകയാണ്... അവൾ തല താഴ്ത്തി ഇരുന്നതെയുള്ളൂ. അദ്ധ്യാപകൻ ക്ലാസ് തുടർന്നു... അവൾക്ക് അതൊന്നും താങ്ങാൻ ആയില്ല... ആൾക്കൂട്ടം അവൾക്ക് എന്നും ഭയം ആയിരുന്നു. ആരുടേയും മുഖത്തു പോലും നോക്കാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... പക്ഷെ അവളുടെ കണ്ണീരൊപ്പാനോ ചേർത്ത് പിടിക്കാനോ അവിടെ ആരും ഉണ്ടായിരുന്നില്ല...
" നീ എവിടെ?? ഞാൻ ഇവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് സമയം കുറെ ആയി," ജീന ഫോണിലൂടെ കയർത്തു...
"ഞാൻ ദാ വന്നുകൊണ്ടിരിക്കാ... എത്തിപ്പോയി," വിക്ടർ കാന്റീനിലേക്ക് ഓടി...
അതിനിടയിൽ ആയിരുന്നു അവൻ ആ ക്ലാസ്സ് മുറി കടന്നു പോയത്... അവൻ ഒന്ന് നിന്നു... തിരിച്ചു വന്നു ജനാലയിലൂടെ നോക്കി... അവിടെ ഒരു പെൺകുട്ടി തനിച്ചിരുന്നു കരയുന്നു... അവൾ കാണാൻ വളരെ സുന്ദരിയായിരുന്നു... എവിടെയോ കണ്ടു മറന്ന മുഖം പോലെ അവന് തോന്നി... അവൾ എന്താണ് തനിച്ചിരിക്കുന്നത് എന്ന് അവൻ അതിശയിച്ചു...
" ഡാ.... നീ വരുന്നുണ്ടോ??" ജീന അലറി.
"ആടി.... വരുവാ,"വിക്ടർ പറഞ്ഞു...
അവന്റെ ശബ്ദം കേട്ട ഉടൻ അവൾ മാസ്ക് എടുത്തു മുഖത്തിട്ടു... പക്ഷെ കൂടുതൽ സമയം നോക്കി നിൽക്കാൻ അവന് സമയം ഇല്ലായിരുന്നു.
ജീന ക്യാന്റീനിലെ മേശക്കു മുകളിൽ തലവച്ചു കിടന്നിരുന്നു... അവൻ മെല്ലെ വന്നു അവളുടെ കഴുത്തിൽ പിടിച്ചു...
"ജീനാ!" അവൻ അലറി...
"ഹമ്മേ... " ജീന കുതറി മാറി.
"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്... കഴുത്തിൽ പിടിക്കരുത് എന്ന്," ജീന പറഞ്ഞു.
"പേടിച്ചാ???" വിക്ടർ ചോദിച്ചു.
"ഇക്കിളി ആവുന്നടാ... " ജീന പറഞ്ഞപ്പോൾ വിക്ടർ ചിരിച്ചു.
"നിന്റെ കൂട്ടുകാരികൾ ഒക്കെ പോയോ??" വിക്ടർ ചോദിച്ചു.
" ഹ്മ്മ്... അവരെ കൊണ്ട് വരുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ... " ജീന പറഞ്ഞു.
"ഇല്ല... നമുക്ക് ഇടയിൽ നമ്മൾ മാത്രം മതി... ദിവസത്തിൽ ബാക്കി ഇരുപത്തി രണ്ട് മണിക്കൂറും നീ അവരുടെ കൂടെ അല്ലെ... എന്റെ കൂടെ ഉള്ളപ്പോൾ എന്റെ പെങ്ങൾക്ക് വേറെ ആരുടെയും ആവശ്യം ഇല്ല," വിക്ടർ പറഞ്ഞു.
" ഹ്മ്മ്... എനിക്ക് വിശക്കുന്നു," ജീന പറഞ്ഞു.
" കഴിക്കാം.... ടാ ശിവാ!" വിക്ടർ കാന്റീനിലെ പയ്യനെ വിളിക്കാനായി എഴുന്നേറ്റു.
പക്ഷെ പിന്നിൽ ആള് വരുന്നത് അവൻ ശ്രദ്ധിച്ചില്ല. അയാളുടെ കയ്യിലെ ഭക്ഷണം ദേഹത്തേക്ക് മറിഞ്ഞപ്പോൾ ആണ് അത് കൃഷ്ണദേവ് ആണെന്ന് മനസ്സിലായത്...
"ഹേയ്.... സോറി!" വിക്ടർ പറഞ്ഞു.
"വിക്കി... പൊള്ളിയോ??" ജീന വേഗം എഴുന്നേറ്റു വന്നു.
"കുഴപ്പം ഇല്ല," അവൻ തന്റെ ഷർട്ട് കുടഞ്ഞു കൊണ്ട് പറഞ്ഞു
"ഇത് വൃത്തിയാക്കുന്നില്ലേ??" അതുവരെയും ഒന്നും മിണ്ടാതെ നിന്ന കൃഷ്ണദേവ് ചോദിച്ചു. വിക്ടർ ആദ്യം ഒന്ന് പകച്ചു. പിന്നീട് പറഞ്ഞു...
"ഓഹ്... അത് സാരല്യ... ഹോസ്റ്റലിൽ പോയി കഴുകിക്കോളാം," വിക്ടർ തന്റെ ഷർട്ടിലേക്ക് നോക്കി പറഞ്ഞു.
" എന്റെ ഷൂ!" കൃഷ്ണദേവ് തെല്ലും കൂസലില്ലാതെ പറഞ്ഞപ്പോൾ വിക്ടറിന്റെ മുഖം ചുവന്നു.
പക്ഷെ നിമിഷനേരം കൊണ്ട് തന്നെ അവൻ ശാന്തനായി... കാരണം ജീനയുടെ കൈകൾ അവന്റെ കൈകളിൽ പതിഞ്ഞിരുന്നു...
" പെങ്ങൾ കൂടെ ഉണ്ട്... പിന്നീട് ആവാം... മോൻ ചെല്ല്... ഹോം വർക്ക് വല്ലതും കാണും. പഠിച്ചു മിടുക്കൻ ആവാൻ നോക്ക്," വിക്ടർ പറഞ്ഞു.
" എന്നാൽ പെങ്ങൾ ഇല്ലാത്തപ്പോൾ വന്നു തുടക്ക്... ഞാൻ ഇത് മാറ്റി വക്കണ്ട്," കൃഷ്ണദേവ് അവന്റെ കണ്ണട ഒന്ന് നേരെയാക്കി വിക്ടറിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. അപ്പോൾ അവന്റെ മുഖത്തു ആരെയോ ജയിച്ച ഭാവം ആയിരുന്നു. ക്യാന്റീനിന്റെ മൂലയിൽ നിന്നും ജോസഫ് എത്തി നോക്കുന്നത് വിക്ടർ കണ്ടു... അവൻ തന്റെ ദേഷ്യം കടിച്ചമർത്തി അവൻ പോകുന്നത് നോക്കി നിന്നു...
"ഔ... ന്റമ്മോ.... എന്ത് സാധനം ആണ് ഇത്??" വിക്ടർ തല പ്രാന്തമായി ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
" അതാണ് ഒറ്റയാൻ.. അതൊരു സംഭവം ആണ് മോനെ," ജീന പറഞ്ഞപ്പോൾ വിക്ടർ അവനെ നോക്കി നിന്നു.
വിക്ടറിന് അവന്റെ മുറിയിൽ ഇരിക്കപൊറുതി കിട്ടിയില്ല... അവൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... അവന്റെ നടത്തം നോക്കി കാര്യമറിയാതെ അന്തം വിട്ട് ഇരിക്കുകയാണ് മനേഷും പപ്പൻ എന്ന് വിളിപ്പേരുള്ള പ്രണവും.
" എന്താണ്?? "പപ്പൻ മനേഷിനെ നോക്കി.
"ഞാൻ ഒന്നും കാണിച്ചില്ല," മനേഷ് കൈ മലർത്തി.
"ഞാൻ അവന്റെ സീനിയർ അല്ലെ... ബഹുമാനം പോട്ടെ... എന്നോട് ഷൂ തുടക്കാൻ പറയുന്നോ??" വിക്ടർ ദേഷ്യത്തിൽ ചുമരിൽ ഇടിച്ചു.
" ആരാടാ ആ പന്ന മോൻ?? "പപ്പൻ ചാടി എഴുന്നേറ്റു...
" എന്നിട്ട് നീ അതും കേട്ട് മിണ്ടാതെ പൊന്നോ?? അതോ നീ അവൻ പറഞ്ഞത് പോലെ ചെയ്തോ??" മനേഷും ചൂടായി.
" ജീന ഉണ്ടായിരുന്നു കൂടെ... പോരാത്തേന് ആ ജോസഫും... " വിക്ടർ പറഞ്ഞു.
"ഏതാണവൻ??" മനേഷ് ചോദിച്ചു.
" എന്തോ ഒറ്റയാനോ മറ്റോ.... " വിക്ടർ പറഞ്ഞു.
"കൃഷ്ണദേവ് ഡി, ജീനയുടെ ക്ലാസ്സ് മേറ്റ്... അവളുടെ എതിരാളി... ശത്രു... ഹോസ്റ്റലിൽ നൂറ്റിരണ്ടാം മുറി... ആദ്യം ജോ എന്നൊരു ചെക്കൻ കൂടെ ഉണ്ടായിരുന്നു... ഇവനെ സഹിക്കാൻ പറ്റാത്തോണ്ട് മുറി മാറി... ഇപ്പോൾ അവൻ തനിച്ചേയുള്ളൂ..."പപ്പൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
"നിനക്ക് എല്ലാം അറിയാലോ?" മനേഷ് അതിശയത്തോടെ പറഞ്ഞു.
"ജീനയുടെ സ്പൈ ആണ് ഞാൻ... "പപ്പൻ പറഞ്ഞപ്പോൾ വിക്ടർ നേരെ വച്ചു പിടിച്ചത് കൃഷ്ണദേവിന്റെ മുറിയിലേക്ക് ആയിരുന്നു... നൂറ്റിരണ്ടാം മുറിയുടെ വാതിൽക്കൽ അവൻ നിന്നു... പക്ഷെ മുറി പൂട്ടിയിരുന്നു....
"അവൻ ഇവിടെ ഇല്ലടാ," മനേഷ് പിന്നാലെ ഓടി എത്തി...
വിക്ടർ എന്തോ അലോചിച്ചു... ശേഷം പപ്പന്റെ നീളൻ മുടിയിൽ നിന്നും സ്ലേഡ് പറിച്ചെടുത്തു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി കതക് തുറന്നു അകത്തേക്ക് കയറി...
"നീ ഇതെവിടെ നിന്ന് പഠിച്ചു??" മനേഷ് ചോദിച്ചു.
"ആശാൻ അല്ലെ കൂടെ ഉള്ളത്??" വിക്ടർ പപ്പനെ നോക്കി പറഞ്ഞു.
"ടാ?? എന്താ പരിപാടി??" മനേഷ് ചോദിച്ചു
വിക്ടറിന്റെ കണ്ണുകൾ ആദ്യം പോയത് മേശമുകളിലെ ഗോൾഡ് ഫിഷിലേക്ക് ആയിരുന്നു.... നിമിഷങ്ങൾക്കകം അത് താഴെ വീണുടഞ്ഞു...
തുടരും...

