Binu R

Tragedy Others

3  

Binu R

Tragedy Others

മനസാക്ഷി മരവിച്ചവർ.

മനസാക്ഷി മരവിച്ചവർ.

3 mins
248


അഖിലേഷും അഖിലയും വരികളിലാണ്. വരികളുടെ ഇങ്ങേയറ്റം. മുമ്പിൽ ഇരുനൂറോളം പേർ.ആംബുലൻസുകളിൽ തങ്ങളുടെ ഊഴവും കാത്ത്, ശ്മശാനത്തിലേക്കുള്ള വഴിയിൽ.   അഖിലേഷിന്റെയും അഖിലയുടെയും അച്ഛനും അമ്മയും നാലുസഹോദരങ്ങളും പോളിത്തീൻ ബാഗുകളിൽ പൂട്ടിക്കെട്ടി ഈ ആംബുലൻസിൽ അടുക്കിയടുക്കി വച്ചിരിക്കുന്നു, പല ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ, ഈ വണ്ടിയിൽ അടുക്കിവച്ചു കൊണ്ടുവരുവാൻ ഈ വണ്ടിയുടെ ഡ്രൈവർ മനമില്ലാമനസ്സോടെ സമ്മതിച്ചു, മറ്റൊരു ട്രിപ്പിന്റെ പൈസയും കൊടുക്കാമെന്ന വാക്കിനാൽ..


  അഖില ഗ്രാമത്തിലെ വിദ്യാഭ്യാസമുള്ള വളരെ ചുരുക്കം ഗ്രാമീണ പെൺകൊടികളിൽ ഒരാളാണ്. അഖിലേഷ് അഖിലയുടെ ചേട്ടനും.അവർ ഉത്തരേന്ത്യയിലെ വഴിസൗകര്യങ്ങൾ പോലും അപൂർവമായ ഒരു ഗ്രാമത്തിൽ താമസിക്കുന്നു. ഗ്രാമത്തിലെ കോളനിയിൽ കോവിഡ് തേർവാഴ്ച തുടങ്ങിയിട്ട് നാളുകളേറെയായി. കോവിഡ് തുടങ്ങിയ ആദ്യ നാളുകളിൽ പുറത്തിറങ്ങുന്ന ഓരോ രോഗിയെയും അധികൃതർ ഓടിച്ചിട്ടുപിടിച്ചു നിരീക്ഷണ കേന്ദ്രങ്ങളിൽ ആക്കുമായിരുന്നു. അവർക്ക്, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേക ശ്രദ്ധയും പരിചരണവും ഉണ്ടായിരുന്നു. ഏവർക്കും ഏറ്റക്കുറച്ചിലില്ലാതെ ഭക്ഷണത്തിൽ മികവും, താമസിക്കുന്ന ഓരോ മുറിയിലും ടീവി യും മറ്റു സമയം കൊല്ലാനുള്ള സാമഗ്രികളും ഉണ്ടായിരുന്നു.


      ഇപ്പോൾ കാര്യങ്ങളെല്ലാം തിരിഞ്ഞുമറിഞ്ഞു കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.രോഗികളുടെ എണ്ണം കൂടുകയും, ശ്രദ്ധാകേന്ദ്രങ്ങളിലെ സൗകര്യങ്ങൾ അസൗകര്യങ്ങളാവുകയും ചെയ്തപ്പോൾ, അധികൃതർ മനപ്പൂർവം കാര്യങ്ങളിൽ അലസരായി. കോവിഡ് മഹാമാരി ഗ്രാമങ്ങളിലെല്ലാം താണ്ഡവമാടുകയാണിപ്പോൾ. മൊബൈൽ ഫോണിൽ വാക്സിൻ ബുക്ക് ചെയ്താൽ മാത്രം വാക്സിൻ ലഭിക്കും, അല്ലാത്തവർ ഒന്നുകിൽ പാർട്ടിക്കാരായിരിക്കണം, അല്ലെങ്കിൽ ആതുരാലയത്തിലെ ആരോഗ്യപ്രവർത്തകരുടെ ബന്ധുവായിരിക്കണം, ഒന്നുമല്ലെങ്കിലും പഞ്ചായത്ത് മെമ്പറുടെ ഇഷ്ടക്കാരെങ്കിലുമായിരിക്കണം. ഇതൊന്നുമൊരിക്കലുമുണ്ടായിരിക്കാത്ത തങ്ങൾ അവിടെയും തഴയപ്പെട്ടു.


   ആംബുലൻസിന്റെ വാതിൽ ആരോ തുറന്നു. അഖില ഓർമയിൽ നിന്നും പുറത്തു വന്നു. അവളുടെ ചേട്ടൻ അഖിലേഷ് ആയിരുന്നു. അയാൾ ശ്മശാനത്തിലേ വിവരങ്ങൾ അറിയാൻ പോയിരിക്കുകയായിരുന്നു. 

അയാൾ നിസ്സംഗനായി പറഞ്ഞു….


' ഓരോ വണ്ടിയിലും രണ്ടോ മൂന്നോ ജഡങ്ങളുണ്ട്. ശ്മശാനത്തിൽ ആകെ പത്ത് ചൂളകളേയുള്ളു. '


അവൾ എഴുന്നേറ്റു പുറത്തേയ്ക്കു വന്നു. നെടുനീളത്തിൽ കാഴ്ചകൾക്കപ്പുറവും വണ്ടികൾ. അവൾ നെടുവീർപ്പിട്ടു. അയാൾ തുടർന്നു.

'കർമ്മങ്ങളൊന്നും ചെയ്യാൻ കഴിയില്ല. കൊണ്ടുചെല്ലുന്നവരെ, കത്തിതീരാറായ ചൂളകളിൽ രണ്ടും മൂന്നുമൊക്കെ വച്ച് കത്തിക്കുന്നു… കണ്ടു നിൽക്കാൻ പറ്റില്ല. ' അവളുടെ കണ്ണുകളിൽ നീർ വന്നു വറ്റിക്കൊണ്ടേയിരുന്നു… അവൾ പറയാൻ തുടങ്ങിയപ്പോൾ, കരച്ചിലിന്റെ ബാക്കിയെന്നവണ്ണം ഒരേങ്ങലടി പുറത്തുവന്നു.


 'എത്ര ദിവസം ഇങ്ങനെ..? '


അയാൾ റോഡിൽ കുന്തിച്ചിരുന്നു, പിന്നെ മുഖം ഉയർത്താതെ പറഞ്ഞു…


' ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം കൂടി വേണ്ടിവരുമായിരിക്കും.'അവളുടെ ഏങ്ങലടി കരച്ചിലായി രൂപാന്തരപ്പെട്ടു. അയാൾ എഴുന്നേറ്റ് അവളെ ആവുന്നതൊക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു. ആ തലയിൽ തഴുകിക്കൊണ്ടയാൾ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു…'നമ്മൾ പലയിടത്തും പോയി നോക്കിയതല്ലേ. ഇനിയെല്ലാം ഇവിടെ തന്നെ മതി. ആ ഡ്രൈവർ പറഞ്ഞത്… എല്ലാ ശ്മശാനത്തിലും ഇതാണ് സ്ഥിതിയെന്ന്. '

അവൾ വീണ്ടും തങ്ങളുടെ വേണ്ടപ്പെട്ടവരുടെ അടുക്കൽ പോയി ഇരുന്നു.അവളുടെ ഓർമ്മകൾ പിന്നെയും പിറകിലേക്ക് പോയി. 

    

 അച്ഛനും അമ്മയ്ക്കും അസുഖം മൂർച്ഛിച്ചപ്പോൾ ആശുപത്രിലേക്ക് എടുത്തുകൊണ്ടോടുകയായിരുന്നു ചേട്ടന്മാർ. ഗ്രാമത്തിനു പുറത്തുള്ള ഏക ആശുപത്രിയിൽ കിടത്താൻ പോലും സ്ഥലമില്ലാതെ വന്നപ്പോൾ... മഴയിലും തണുപ്പിലും ചേട്ടന്മാർക്കും പനിയും ശ്വാസം മുട്ടലും അധികമായപ്പോൾ...പട്ടണത്തിലെ വലിയ ആശുപത്രിയിൽ എത്തിക്കാൻ അഖിലേഷ് ആംബുലൻസ് തേടി എങ്ങും അലഞ്ഞു… ആംബുലൻസുമായി വന്നപ്പോൾ, അധികൃതർ കെട്ടിപ്പൂട്ടിയ ഈ സഞ്ചികളാണ് തന്നത്. അപ്പോഴാണ് താനും അറിഞ്ഞത്, അവർ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടകന്നകാര്യം…. 

     

 രണ്ടു രാത്രി കൊഴിഞ്ഞുപോയി. അഖിലേഷ് എവിടുന്നോ കൊണ്ടുതന്ന റൊട്ടിയും വെള്ളവും കുടിച്ച് രണ്ടാം പകലും തീരാറായി. ഇപ്പോൾ ആംബുലൻസ് ശ്മശാനത്തിലേക്ക് ചെന്നു കയറി.മൃതദേഹങ്ങൾ രാപ്പകലില്ലാതെ ദഹിപ്പിക്കപ്പെട്ടിട്ട് പരിസരമാകെ ചൂളപോലെ, ഘനീഭവിച്ച്. തന്റെ ഊഴവും കാത്ത് അവർ നിന്നു.  ശ്മശാനം സൂക്ഷിപ്പുകാരൻ ഒരാൾ അവരുടെ അടുത്ത് വന്ന് ചോദിച്ചു…


'എത്ര പേരാണ് '? അഖിലേഷ് തന്റെ നിറംവറ്റിപ്പോയ തോർത്തുകൊണ്ട് നിറം വറ്റിപ്പോയ മുഖം അമർത്തിത്തുടച്ചുകൊണ്ടു പറഞ്ഞു.


' ആറ്. ഒരു സ്ത്രീയും അഞ്ചു പുരുഷന്മാരും'.അയാൾ ആംബുലൻസിന്റെ തുറന്നുകിടക്കുന്ന വാതിലിലൂടെ അകത്തേക്ക് നോക്കി, പിന്നെ തിരിഞ്ഞു ചോദിച്ചു…


 'മകളാണല്ലേ, അവൾ.' അഖിലേഷ് പുറത്തേക്കിറങ്ങിവന്ന അഖിലയെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു…


 'ഇനി ഞങ്ങൾ രണ്ടുപേർ മാത്രം. എന്റെ ഇളയ അനുജത്തി, ഇവൾ.'ആംബുലൻസിനുള്ളിലേക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു…


 'അച്ഛനും അമ്മയും, ഞങ്ങൾക്കിടയിലും ഉള്ളവർ. 'അയാൾ എവിടെനിന്നോ ഒരു വെളിപാട് വന്നതുപോലെ പ്രതി വചിച്ചു…


'ചൂളകൾക്ക് താഴെ പുഴ ഒഴുകുന്നുണ്ട്. കരയിൽ കിണ്ടികൾ കിടപ്പുണ്ടാവും. പുഴയിൽ ഒന്നു മുങ്ങി നിവർന്ന് കിണ്ടിയിൽ വെള്ളവുമായി വരൂ.. കർമ്മങ്ങൾ ചെയ്ത് ചൂളയിലേക്ക് വയ്ക്കാം. ഞാൻ ചൂള അടുക്കട്ടെ…'


അവർ പുഴക്കരയിലേക്ക് നടന്നു. കരയിൽ നെടുനീളത്തിൽ ഇടവിട്ട് നാല് കോൺക്രീറ്റ് തൂണുകളിൽ താങ്ങി നിറുത്തപ്പെട്ട കൂരകളിൽ ശ്മശാന ചൂളകൾ. അതിനു സമീപം സാമാന്തരമായി അടുക്കിവയ്ക്കപ്പെട്ട പിളർന്ന മുട്ടി വിറകുകൾ... ചൂളകളിൽ ചിലത് എരിഞ്ഞു തീരാറായിരിക്കുന്നു. ചിലത് ആളികത്തുന്നു. സമീപം പല പ്രവൃത്തികളിൽ വ്യാപൃതരായിരിക്കുന്ന ശ്മശാന ജോലിക്കാർ.


അഖിലേഷും അഖിലയും കത്തിയമർന്ന രണ്ടു ചൂളകൾക്കിടയിലൂടെ പുഴയിലിറങ്ങി മുങ്ങി നിവർന്നു കിണ്ടിയിൽ വെള്ളവുമായി മടങ്ങി. അവർ തന്ന അരിയും പൂവും ചന്ദനവും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാഗുകളിൽ നൽകി അയാൾ ചൂണ്ടിക്കാണിച്ച ചൂളകളിൽ എടുത്തുവച്ചു. എല്ലാം എടുത്തു വച്ചുകഴിഞ്ഞപ്പോൾ, അഗ്നി കൊളുത്തിക്കഴിഞ്ഞപ്പോൾ അഖിലയുടെ വരണ്ട കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു നിലത്തുവീണു.

      


Rate this content
Log in

Similar malayalam story from Tragedy