മാസ്ക്
മാസ്ക്
ചിലപ്പോൾ ഒക്കെ വിരസത തോന്നുമ്പോൾ പാർക്കിൽ പോകും. മക്കളും ഭർത്താവും, സൈക്കിൾ ചവിട്ടലും വർക്ഔട്സ് ഒക്കെ ചെയ്യുമ്പോൾ ഞാൻ അവിടെത്തെ ബെഞ്ചിൽ ഒന്നും ചെയ്യാതെ ഇരിക്കും, അതും ഒരു ആശ്വാസമാണ്. കാലത്തു നേരെത്തെ എണീറ്റു “ഹൗസ് വൈഫ്” എന്ന തലക്കെട്ടോടെ ചെയ്യുന്ന ജോലികൾ ചില്ലറ അല്ല. അദ്ധ്യാപിക എന്ന നല്ലൊരു പദവിയിൽ നിന്നും “ഒന്നിനും കൊള്ളാത്തവൾ” എന്ന തലക്കെട്ടു ഭരമേൽപ്പിക്കപെട്ടതാണ്. ചിന്തകൾ പലതായി ചിന്നി ചിതറി.
അൽ വർഖ പാർക്ക് നല്ല വലിയ പാർക്ക് ആണ്. കുറെ മരങ്ങൾ, പൂച്ചെടികൾ. ഇത് വിന്റർ തുടക്കമായത് കൊണ്ട് എല്ലാരും ബാർബിക്യു ചെയ്യാനുള്ള തിരക്കിലും ആണ്. ജമന്തിയും ചെറിയ നിത്യകല്യാണിയും കൊണ്ട് പാർക്ക് നിറഞ്ഞിരിക്കുന്നു. നാട്ടിലെ ഓര്‍മ വരുന്നത് ഈ ആര്യവേപ്പ് മരങ്ങൾ കാണുമ്പോൾ ആണ്.
ഞാൻ ഇരുന്നു ഇരുന്നു മയങ്ങി പോയി. തൊട്ടപ്പുറത്തു ബെഞ്ചുകളിൽ ആരുമില്ല. എല്ലാവിടേം സോഷ്യൽ ഡിസ്റ്റൻസിങ് ബോർഡ് വച്ചിട്ടുണ്ട്, സാനിറ്റൈസർ എല്ലാ കോർണറിലും ഉണ്ട്.
എന്റെ ഡയഗണലി ഓപ്പോസിറ്റ് രണ്ടു ആഫ്രിക്കൻ യുവതികൾ വെളുത്ത ഒരു ചെറുപ്പക്കാരനേം കൊണ്ട് ഇരിക്കുന്നു.
എല്ലാവരും മാസ്ക് ധാരികൾ ആണെന്ന് എടുത്തു പറയേണ്ടതില്ലലോ. അയാൾ എന്തൊക്കെയോ പറയുന്നുണ്ട്, കുറെ അകലെ ആയതു കൊണ്ട് ഒന്നും വ്യക്തമല്ല. എന്തെങ്കിലും വശപിശകെന്നു കരുതി ഞാൻ അവിടേക്കു നോക്കിയില്ല.
എനിക്ക് നല്ല പുറം വേദന ആണ്. ഗൂഗിൾ നോക്കിയപ്പോൾ “റോംബോയ്‌ഡ് മസിൽ” കൂടുതൽ പണി എടുത്തിട്ടാണ് എന്നാ കണ്ടേ, എന്തായാലും പണി ചെയ്യാതെ പറ്റില്ലാലോ? പണിപുലർച്ചെ തുടങ്ങി അന്തമില്ലാതെ നീളുന്നു. ഇതിനിടയിൽ നാട്ടിലെ വിശേഷം അറിയാൻ കൊതി ആണ്. എന്റെ വീട്, എന്റെ അച്ഛൻ,അമ്മ, അനിയത്തി… എന്നാൽ ഫോൺ ചെയ്താൽ എല്ലാവരും തിരക്കിലാ... വര്‍ഷങ്ങളായി ഞാൻ “ഒരു നേഗ്ലെക്ടഡ് ചൈൽഡ്” ആണ്. ആരും എന്നെ കാണാൻ ഈ മരുഭൂമിയിലേക്ക് വന്നിട്ടില്ല. ഹൃദയത്തിന്റെ ഭാഷ ആർക്കും മനസിലാവില്ലായിരിക്കും. അവരൊക്കെ വര്‍ഷങ്ങള്‍ക്കു മുൻപേ “മാസ്ക്” ധരിച്ചിരിക്കുന്നു.
ഈ ബെഞ്ചും ഇവിടെത്തെ ചൂടുകാറ്റും എനിക്കു തെല്ലൊന്നല്ല ആശ്വാസം തരുന്നത്. മക്കൾ സൈക്കിൾ സപ്പോർട്ട് വീൽ ഇല്ലാതെ ചവിട്ടാൻ പഠിച്ചു.
“എണീറ്റു നടന്നൂടെ, ഇങ്ങനെ പോയാൽ 100 കിലോ കടക്കും, ഈ ഇരിപ്പു തുടങ്ങിട്ടു മുപ്പതു മിനിറ്റായി.”
“എനിക്ക് വയ്യ ചേട്ടാ …”
അദ്ദേഹം നല്ല മോട്ടിവേഷൻ ആണ്. എനിക്കാണെങ്കിൽ വേദനകൾ മാറി മാറി വരുന്നത് കൊണ്ട് എക്സർസൈസ് ചെയ്യാനൊന്നും പറ്റില്ല. കാലിലെ ഫ്രാക്ചർ, പിന്നെ സൈനസൈറ്റിസ്,പുറം വേദന … വേദനാ സംഹാരികൾ ആണ് വീട്ടിൽ കൂടുതൽ...
എന്തായാലും ഈ വര്‍ഷം കൊറോണ ആയതോണ്ട് നാട്ടിൽ പോയില്ല. അല്ലെങ്കിൽ അവിടെ നിന്നും “തടിച്ചി” എന്ന വിളികൾ കേൾക്കേണ്ടി വന്നേനെ. എന്തൊക്കെ അനുഭവിച്ചു ഭഗവാനെ... മതിയായി ... ഞാൻ ഒരു “ തടിച്ചി” അല്ല എന്ന് സ്ഥാപിക്കേണ്ടത് ഭർതൃവീട്ടുകാരുടെ മുൻപിലാകുമ്പോൾ വെല്ലുവിളികൾ ഏറെ ആണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ 'അമ്മ” തന്നെ ആണ് എനിക്ക്. പക്ഷെ അവർക്കു ഞാൻ മകൻറെ ഭാര്യ ആണ്. കിട്ടുന്ന സന്ദർഭം ഒന്നും അവർ പാഴാക്കിയില്ല.
അദ്ദേഹത്തിന്റെ ചെറിയച്ഛന്റെ വീട്ടിൽ മരത്തിൽ ഒരു മരവാഴ വളരുന്നുണ്ടായിരുന്നു. എല്ലാരും അതിന്റെ ചുറ്റി പറ്റി വർത്തമാനം പറഞ്ഞു കൊണ്ട് നിന്നു.
ചെറിയമ്മ പറഞ്ഞു, “എന്തെ ചേച്ചി ഈ മരവാഴ വണ്ണം വെക്കാതെ നില്കുന്നെ?”
“വണ്ണം വച്ചിട്ടെന്തിനാ ഇതുപോലെ ( എന്നെ ചൂണ്ടി കാട്ടി ) ഓരോ സ്തൂപങ്ങൾ ആയി മാറും,” അദ്ദേഹത്തിന്റെ അമ്മ ഒരു ചരിത്രകാരിയുടെ ലാഘവത്തിൽ പറഞ്ഞു. എനിക്കും ഒരു മനസ്സുണ്ടെന്ന കാര്യം അവർ പലപ്പോഴും മറന്നു.
പിന്നീട് ഓരോ ബന്ധു വീടുകളിൽ പോകുമ്പോഴും എന്റെ തടി, ജോലി ഇവ ആണ് സംസാര വിഷയം. അപ്പോഴൊക്കെ ഞാനും ഒരു മാസ്ക് ധരിച്ചു. “മൗനം”.
പലരുടേം “മാസ്ക്”പലതാണ്. അതെ സന്ദർഭത്തിനനുസരിച്ചു അതെടുത്തു അണിയേണ്ടി വരുന്നു. ഈ മുഖാവരണം മനുഷ്യ മനസുകളിലെ വികാര ദർപ്പണത്തെ അപ്പാടെ മൂടി കളഞ്ഞു. കണ്ണുകൾ മാത്രമാണ് ഇപ്പോൾ കഥ പറയുന്നത്. ചേതോ വികാര പ്രകടനം ദുർലഭമായേ ഉള്ളു. ഒരു സൂക്ഷ്മാണു വരുത്തിയ മാറ്റങ്ങൾ ...
ആർക്കും ആരേം മനസ്സിലാക്കാൻ നേരമില്ലായിരുന്നു. ഇപ്പൊ ഈ ലോക്ക് ഡൌൺ ചില പാഠങ്ങൾ പഠിപ്പിച്ചു എല്ലാരേം...
എല്ലാം ഞാൻ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പൊ ഇവർക്കെല്ലാംമനസിലാകുന്നു… ശരിക്കും… എന്റെ ഒറ്റമുറി ജീവിതവും… വിരസതയും... ആർക്കും ആർക്കും മനസ്സിലാവില്ലായിരുന്നു... നാട്ടിൽ പോകുമ്പോൽ ഞാൻ അണിയേണ്ട “ മാസ്ക്:”
“ ചിരി”
“ആഢ്യത്വം“
പിന്നെ “ പരിപൂർണ സംതൃപ്‌തി “...
എല്ലാം എടുത്തണിയാം …കുത്തു വാക്കുകൾ മാത്രം സഹിക്കാനാകില്ല,... എന്തായാലും മനസ്സമാധാനം ഉണ്ട് ഇവിടെ … എല്ലാരും സന്തോഷത്തോടെ ഇരിക്കട്ടെ … മുഖാവരണവും മനസിന്റെ ആ വരണങ്ങളും മാറട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥന…
ബൊഗൈൻ വില്ല ചെടികൾ തലയാട്ടി കൊണ്ടിരിക്കുന്നു. ഒപ്പം പേരറിയാത്ത കുറെ ചെടികളും... ഈ കാറ്റും, ചൂടും തണുപ്പും, ആണെന്റെ ജീവിതം ...
സമയം പോയതറിഞ്ഞില്ല …കുറെ ആളുകൾ പോകുന്നു … കുറെ ആളുകൾ വരുന്നു... പല രാജ്യം, പല വർണം, പല ശരീര ഘടന ആർക്കും പരാതി ഇല്ല. പരിഭവങ്ങൾ ഇല്ല. ജീവിതം ജീവിക്കാൻ വേണ്ടി ആണെന്നും ബന്ധങ്ങൾ ബന്ധിക്കപ്പെടേണ്ട ഒന്നെല്ല എന്നും മനസ്സിലാക്കണമെങ്കിൽ ആദ്യം ഈ “മാസ്ക് “ ഉപേക്ഷിക്കണം … അതെ മനസിന്റെ ആവരണങ്ങൾ എല്ലാം.
“ അയ്യേഈ,.... ആയെ അയീ”
എന്റെ മുൻപിൽ ഇരുന്ന ആ മനുഷ്യൻ ആണ് ഈ അരോചക ശബ്‌ദം ഉണ്ടാക്കുന്നത് … ഞാൻ പറഞ്ഞില്ലേ …? ജീൻസും, വെളുത്ത ടീ ഷർട്ടും ഇട്ട ആഫ്രിക്കകാരികൾ അവർക്കിടയിൽ അയാളാണ്, അതെ അയാൾ തന്നെ ആണ് ഈ ശബ്ദം ഉണ്ടാക്കുന്നത് … നീല ഷോർട്സ്, പച്ച ടീ ഷർട്ടും ആണ് വേഷം …
അയാൾ എന്താണ് ചെയ്യുന്നത് …? നല്ല ഉയരം, കാണാൻ നല്ല ഭംഗി പിന്നെ എന്താണ് …? അയാൾക്ക് ...
ഓടാൻ ശ്രമിച്ച അയാളെ അവർ പിടിച്ചു നിർത്തി. അവരെന്താണ് ചെയുന്നത് എന്ന് ഞാൻ നോക്കി … അയാൾക്കു ഒരു ചെറിയ കുട്ടിയുടെ മനസാണ് എന്ന് മനസ്സിലായി. ആ യുവതികൾ അയാളുടെ കെയർ ടേക്കർസ് ആണ്. അകലെ ഇരുന്നു ഞാൻ തെറ്റായി വിചാരിച്ചതിൽ ഖേദം തോന്നി. പാവം അയാളുടെ മാസ്ക് പറന്നു പോയി, അതെടുത്തു തരാൻ ആണ് അയാൾ പറഞ്ഞത്. അത് പറന്നു പോകുന്നത്തിനു പിന്നാലെ അയാൾ ഒരു കുഞ്ഞിനെ പോലെ ഓടി … പിന്നാലെ അവരും …
ആര്യവേപ്പ് മരങ്ങളുടെ ഇടയിലൂടെ പോയി അവർ മറഞ്ഞു.
ഞാൻ എനെറെ മാസ്ക് നോക്കി. മുഖത്തു തന്നെ ഉണ്ട് … മാസ്ക് പലതരം ഉണ്ട്. മുൻപേ തന്നെ എടുത്തണിയേണ്ടവ ആണ് പലതും. ചിലതു വീണ്ടും ഉപയോഗിക്കാൻ ആകും. ചില മാസ്ക് ഒരു പ്രാവശ്യമേ ഉപയോഗിക്കാൻ ആകൂ …
ജീവിതത്തിൽ ഞാൻ ഉപയോഗിച്ച മാസ്കുകൾ പലതും ബന്ധങ്ങളിൽ വിള്ളൽ വരാതിരിക്കാൻ ആയിരുന്നു. പലരും അത് നന്നേ മുതലെടുത്തു. നമ്മൾ എപ്പോഴും പോസിറ്റിവിറ്റി ആഗ്രഹിക്കുന്നു. . എന്നാൽ മുന്നിൽ വരുന്നവർ എല്ലാം പുതിയമാസ്കുകൾ കണ്ടുപിടിക്കുകയും നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്നു.
ഇതിൽ എടുത്തു പറയേണ്ടത് ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്തെ ഏറ്റവും പ്രിയപെട്ടവരായ സഹപ്രവർത്തകരാണ്.
സാന്ദർഭികമായി പക്ഷംചേരാൻ അവർ ഉപയോഗിച്ച “മാസ്ക്”, “റീയൂസബിൾ” തന്നെ അവർക്ക്.
ഈ കുളിർകാറ്റിനു എന്റെ തിക്താനുഭവം എന്ന മാസ്ക്കെടുത്തു മാറ്റാൻ കഴിഞ്ഞെങ്കിൽ … ഇല്ല … അനുഭവങ്ങൾ അലക്കി തേച്ച മാസ്ക് പോലെ ആണ്... ചിലതെല്ലാം ചെളിക്കുഴികൾ തിരിച്ചറിയാൻ കൂടി ആണ്.
“ഇന്നത്തെ കഴിഞ്ഞു, ഇനി പോകാം … എണീക്കു... നിന്റെ അമ്മ തടിച്ച മടിച്ചി ആണ്.“ അദ്ദേഹം മക്കളോട് പറഞ്ഞു.
ഞാൻ എന്റെ “മാസ്ക്” തൊട്ടു നോക്കി... “ സുരക്ഷിതം.“
“പോകാം” ഞാൻ പറഞ്ഞു …
മുഖത്ത് ചിരിച്ചെന്ന ഭാവം വരുത്തി …
“ഞാൻ തടിച്ചിയോ മടിച്ചിയോ അല്ല,” മനസ്സിൽ ഉറക്കെ പറഞ്ഞു...
“ ബാഗിൽ ഇഷ്ടം പോലെ മാസ്കുണ്ട്.
ആവശ്യത്തിനു അനുസരിച്ചു ധരിക്കാൻ.”