Hibon Chacko

Drama Romance Thriller

3  

Hibon Chacko

Drama Romance Thriller

L I E | ത്രില്ലെർ |ഭാഗം 1

L I E | ത്രില്ലെർ |ഭാഗം 1

4 mins
362



സമയം വൈകുന്നേരം ആറുമണിയോടടുക്കുന്നു. സൂര്യൻ ഉദ്ദേശം പൂർണ്ണമായും തന്നിലേക്ക് താഴ്ന്നു എന്നകണക്കെ ആ ഭാരം താങ്ങിയെന്നവിധം നിലകൊള്ളുകയാണ് ചുറ്റുമുള്ള അന്തരീക്ഷം! ഇതിനിടയിൽ തലയുയർത്തി നിൽക്കുകയാണ് ‘ലൈൻ’ എന്ന ഇരുപതുനില ഫ്ലാറ്റ്. സെക്യൂരിറ്റികളും ഇടവിട്ടുള്ള ചില കുട്ടികളുടെ ശബ്ദങ്ങളും, നിശബ്ദതയിൽ ആഴ്ന്നിരിക്കുന്ന ഫ്ലാറ്റിന്റെ പരിസരത്തിന് ബദലായി നിലനിൽക്കുകയാണ്. ജോലി കഴിഞ്ഞ് ആളുകൾ സ്വന്തം വസതിയിൽ തിരികെയെത്തിയതിന്റെ വലിയൊരു തെളിവായി ധാരാളം സ്വകാര്യവാഹനങ്ങൾ പാർക്കിംഗ് ഏരിയ മുഴുവനായും പതിവുപോലെയെന്നവിധം കയ്യേറിയിട്ടുണ്ട്. 


വളരെ സാവധാനം ഫ്ലാറ്റിലേക്ക് ഒരു ചെറിയ കാർ എത്തി, അത് തനിക്കുമാത്രം അവകാശപ്പെട്ടതെന്നവിധം ഒരു സ്ലോട്ടിൽ കൃത്യതയോടെ പാർക്ക്‌ ചെയ്യപ്പെട്ടു. കാർ ഡ്രൈവ് ചെയ്തിരുന്ന എംതിയ എന്ന ഇരുപത്തിനാലുകാരി തന്റെ അരികിലിരുന്നിരുന്ന ഇരുപത്തിയെട്ടുകാരൻ ഇമാമിനെ നോക്കി. തലമുടിയിഴകളെ മറയ്ക്കുവാൻ ഉപയോഗിക്കേണ്ട ഷോൾ അലസമായി, വിരുദ്ധമായി കഴുത്തിൽ ചുറ്റിയിരിക്കവേ അവൾ നോക്കിയ ആ നോട്ടത്തിന് തല്ക്കാലം പ്രത്യേകം അർത്ഥമൊന്നുമില്ലായിരുന്നു. തന്റെ മിഴികൾ എംതിയയുടേതുമായി ഉടക്കിച്ചശേഷം, അവൾ ഡോർ തുറന്നിറങ്ങിയതിനു പിന്നാലെ ഇമാം ഇറങ്ങി പിന്നിലെ ഡോർ തുറന്ന് സീറ്റിലിരുന്നിരുന്ന മൂന്നു ചെറിയ കവറുകൾ എടുത്ത് ഡോറുകൾ തിരികെയടച്ച് ഭദ്രത പ്രകടമാക്കി. അപ്പോഴേക്കും കൈയ്യിൽ കാറിന്റെ കീ മാത്രമായി, അവനെ കാത്ത് നിൽക്കുകയായിരുന്നു രണ്ടുമൂന്നടി അകലെ അവൾ. 


ഇരുവരും ഒന്നിച്ച് മുന്നോട്ട് നടന്നു, സെക്യൂരിറ്റി ക്യാബിനു നേർക്കായി. ഇതിനിടയിൽ സ്വയമറിയാതെയെന്നവിധം കാർ അവൾ റിമോട്ടിൽ ലോക്ക് ചെയ്തിരുന്നു. മാനസികമായി പാതി ആരോഗ്യം മാത്രമാണുള്ളതെന്നു തോന്നിക്കുംവിധമുള്ള അവരുടെ നടത്തം പതിവുപോലെ എന്നാൽ ഇമാമിനെ കണ്ടതിന്റെ ചിരികൂടി കലർത്തിയുള്ള സെക്യൂരിറ്റിയുടെ നിശബ്ദത കലർന്ന സ്വാഗതത്തിന് വഴങ്ങി മുന്നോട്ട് നീങ്ങി. 


ലിഫ്റ്റ് വഴി ഒൻപതാം നിലയിലെത്തിയ ഇരുവരും 3A നമ്പർ ഡോർ ലക്ഷ്യമാക്കി നടന്നു. 3A യുടെ ഡോർ ചൊരിയുന്ന ശാന്തതയെ പരിചിതമെന്നവിധം മറികടന്ന്, സ്വയമറിയാതെയെന്നവിധം എംതിയ കോളിങ് ബെൽ മുഴക്കി. എന്നാൽ പെട്ടെന്നടുത്തനിമിഷം തന്റെ കണ്ണുകളുടെ ആജ്ഞയെന്നവിധം അവൾ ഡോർ പതിയെ തള്ളി, അത് തുറന്നുപോയി! അകത്തേക്ക് കയറുംമുൻപായി അവൾ അർത്ഥമില്ലാത്തൊരു നോട്ടം തനിക്കുപിന്നിൽ മൂന്നു കവറുകളുമായി നിൽക്കുന്ന ഇമാമിനുനേരെ പായിച്ചു. അവൾ അകത്തേക്ക് കയറി, പിറകെ അവനും. 


 ഇരുവരും ഹാളിലേക്ക് എത്തിയതും അവിടേക്ക് ധൃതിയിൽ വസ്ത്രം നേരെയാക്കി ലൈജ എത്തി. ധൃതിയിൽത്തന്നെ ആദ്യം തന്റെ മകളെയും പിറകെ ഇമാമിനെയും കണ്ട അവർ ഞെട്ടിനിന്നു. 


“അമ്മാ, ഇത് ഇമാം.” 

തുടർന്ന് എന്തൊക്കെയോ പറയുവാനുള്ളത് സാഹചര്യത്തെ പരിഗണിച്ചെന്നവിധം എംതിയ ഇങ്ങനെ ഒതുക്കിപ്പോയി. 


 ലൈജ ഒരു നൽപ്പത്തിരണ്ടുകാരി മാതാവിന്റെ പക്വത പ്രകടമാക്കിയെന്നവിധം ഇമാമിനെ വീണ്ടും ഒരു നിമിഷത്തേക്ക് നോക്കി. ഒരു നിമിഷത്തേക്കുതന്നെ താഴ്ന്നിരുന്ന തന്റെ മുഖം എംതിയ ഉയർത്തിയപ്പോഴേക്കും പ്രത്യേകം ഭവമൊന്നും കൂടാതെ ഇമാം കൈയ്യിൽ കവറുകളുമായി നിലകൊള്ളുകയായിരുന്നു. ആകെ ഭയത്തോടെ ഞെട്ടിയിരിക്കുന്നു താനെന്ന ഭാവം ഒരുവിധം മറയ്ക്കുവാൻ ശ്രമിച്ച് തന്റെ ഏക മകളെ ലൈജക്ക് ഒരിക്കൽക്കൂടി അല്പനിമിഷം നോക്കിനിൽക്കേണ്ടിവന്നു. 


 എംതിയ, ഇമാമിന്റെ കൈയ്യിൽനിന്നും ആ മൂന്നുകവറുകൾ പിടിച്ചുവാങ്ങിച്ച് അടുത്തായിക്കണ്ട സോഫയിൽ വെച്ചശേഷം തന്റെ അമ്മയെ നോക്കി പറഞ്ഞു; 

“ഞങ്ങൾക്ക് കല്യാണം കഴിക്കണം! അത് സംസാരിക്കാനാ ഇമാം ഇപ്പോൾ ഇവിടേക്ക് വന്നത്.” 


ഇതുകേട്ട് ഒരുനിമിഷത്തെ നിശബ്ദതയ്ക്കുശേഷം വളരെ ഗാംഭീര്യത്തോടെ ഇമാമിനോട്‌ എന്തോ പറയുവാൻ തുടങ്ങിയ ലൈജ അതേ നിമിഷത്തിൽത്തന്നെ അത് ചൊവടേ വിഴുങ്ങി. അടുത്തനിമിഷം തന്നെ അവർ തന്റെ മകളെ നോക്കി. 


“പാതിരാത്രിയാണോടീ ഇവിടേക്ക് നീ ഇങ്ങനെയൊക്കെ കേറി വരുന്നത്...” 


 ആക്രോശത്തോടെയാണിത് പറഞ്ഞതെങ്കിലും എവിടെയൊക്കെയോ ലൈജയ്ക്ക് പൂർണ്ണതയില്ലാതാകുന്നുണ്ടായിരുന്നു. ഒരിക്കൽക്കൂടി, എന്തുചെയ്യണമെന്നതിനെക്കുറിച്ച് അറിവില്ലാത്തവിധം ഇരുവരെയും അവർ മാറി-മാറി നോക്കി. ശേഷം, എന്തോ പെട്ടെന്ന് തോന്നിയതിനെതുടർന്ന് ചാരിയിട്ടിരുന്ന മെയിൻ ഡോർ വേഗത്തിൽ ചെന്ന് ലോക്ക് ചെയ്തശേഷം ലൈജ തിരികെ പഴയ സ്ഥാനത്തേക്കെത്തി. 


“അമ്മ വെറുതെ എന്തിനാ അപ്സെറ്റ് ആകുന്നത്! ഇമാം എന്റെ കൂടെ വർക്ക് ചെയ്യുന്നതാ, ആറു മാസമായി നല്ല പരിചയത്തിലാ. വേറൊന്നുമില്ല, ഇവിടേക്കുതന്നെയല്ലേ ഞങ്ങൾ വന്നത്!?” 

അല്പംമാത്രം ശബ്ദത്തിൽ എംതിയ ഇങ്ങനെ പറഞ്ഞു. 

“ഇതൊരു ഫ്ലാറ്റ് ആണ്. ഒരുപാട് ആളുകൾ ഉള്ള സ്ഥലം... ബോധം വേണം നിനക്ക്.” 


 തന്റെ മകളെക്കാൾ അല്പംകൂടി ശബ്ദത്തിലായിരുന്നു ശരവേഗം ലൈജയുടെ മറുപടി. ഇമാം പഴയപടി ചലനമില്ലാതെ, ഇരുവരെയും പരിഗണിക്കുംവിധം നിലകൊള്ളുകയാണ്. 


 നിമിഷങ്ങൾക്കകം അവനെ എംതിയ നോക്കിയതും ഒരു അടയാളമെന്നകണക്കെ അവളുടെ കൈയ്യിൽ അവൻ മൃദുവായി പിടുത്തമിട്ടു. ഇത് ലൈജ ശ്രദ്ധിച്ചതും എംതിയയുടെ മറുപടിയും ഒരുമിച്ചായിരുന്നു; 

“അപ്പോൾ... ഈ സമയത്ത്, ഇവിടെ നിന്നും ഞങ്ങൾ പോകണമെന്നാണോ അമ്മ പറയുന്നത്!?” 


ദൃഢതയോടെ ലൈജയുടെ മുഖത്തേക്കുനോക്കി അവൾ നിലകൊണ്ടു. മൂന്നുനാല് നിമിഷങ്ങൾ തന്റെ മകളെ നോക്കി ലൈജ അനക്കമില്ലാതെ ഇടിക്കുന്ന ഹൃദയത്തോടെ നിന്നശേഷം ഇരുവരുടെയും പിണഞ്ഞിരിക്കുന്ന കൈകളിലേക്ക് നോക്കി. പെട്ടെന്ന് കോളിങ്ങ് ബെൽ മുഴങ്ങി! 


ഒന്നു ഞെട്ടിയശേഷം ഇരുവരേയും മാറി-മാറി നോക്കി ലൈജ പോയി മെയിൻഡോർ തുറന്നു. 

“നീയെന്താ...?” 


 ഒരു ഉറ്റസുഹൃത്തിനോടെന്നവിധം സ്വാതന്ത്ര്യത്തോടെ ദിൽജ, ഡോർ തുറന്ന ലൈജയെ നോക്കി ഇങ്ങനെ തുടങ്ങിയപ്പോൾ അകത്തു ഹാളിലായി എംതിയയും ഇമാമും നിൽക്കുന്നത് കണ്ടു. ആ കാഴ്ചകണ്ട് തെല്ലൊന്ന് അമ്പരന്നശേഷം അതേഭാവത്തിൽ ദിൽജ തന്റെ ഫ്ലാറ്റ്മേറ്റുകൂടിയായ ലൈജയോട് ശബ്ദം താഴ്ത്തി തുടർന്നു; 


“... ഞാൻ കുറേ തവണ നിന്റെ ഫോണിൽ വിളിച്ചു! എന്താ പരിപാടി, ദേ സമയം ആയി. മോളിന്ന് വരുന്ന ദിവസം ആയിരുന്നോ!? എന്താ...?” 


സംശയഭാവത്തോടെ, സാഹചര്യത്തെ മാനിക്കേണ്ടിവന്നെന്നവിധം ഇത്രയുമായപ്പോഴേക്കും ദിൽജ നിർത്തി. പാതി തലതിരിച്ചുപോയ ലൈജ എന്നാലത് പൂർണ്ണമാക്കി തന്റെ മകളെയും ഇമാമിനെയും നോക്കാതെ ശബ്ദവും മിഴികളും താഴ്ത്തി പറഞ്ഞു; 

“നീ സെറ്റിൽ ചെയ്തേക്കാമോ ഒന്ന്‌... ഞാൻ ബിസിയാ ഇ... ഇവിടെ! നമുക്ക് കാണാം...” 


തന്റെ വാചകങ്ങൾ ദിൽജ തല്ക്കാലം മുഖവിലയ്ക്കെടുക്കേണ്ടവിധം മെയിൻഡോർ അടച്ചു വീണ്ടും ലോക്ക്ചെയ്ത് പെട്ടെന്നുള്ളൊരു നിശ്വാസത്തോടെ ലൈജ തിരികെ അവർക്കരികിലേക്ക് എത്തി. സാമാന്യം വിയർത്തിട്ടുണ്ടായിരുന്ന ലൈജ അവർക്കരുകിൽ നിൽക്കുവാൻ പാടുപെട്ട് അല്പം മാറിക്കിടന്നൊരു സോഫയിൽ ഇരുന്നു, തലയ്ക്കു കൈകൊടുത്ത്. ഇത്തവണ എംതിയയും ഇമാമും ഒരുപോലെ പരസ്പരം നോക്കി. നിമിഷങ്ങൾക്കകം, ഇമാമിനോട് ഇരിക്കുവാൻ എംതിയ ആംഗ്യത്തിൽ പറഞ്ഞു. ആദ്യം അവൻ ഇരുന്നു, അവനടുത്തായി ലൈജക്ക് എതിർവശം അവളും ഇരുന്നു. 



ഹാളിലെ സാമാന്യം വലിയ ക്ലോക്കിനകത്ത് സൂചികൾ കുറച്ചുസമയം മുന്നോട്ട് ചലിച്ചു. ആ സമയത്തിനുള്ളിൽ ലൈജ പരമാവധി തന്നിലേക്കുതന്നെ ചുരുങ്ങിക്കൂടി പഴയപടിതന്നെ സോഫയിൽ ഇരിപ്പുറപ്പിച്ചിരുന്നു. ഇമാമും എംതിയയും പരിസരം മറന്നെന്നവിധം ചെറിയ കളിചിരികളിൽ ഏർപ്പെട്ടുതുടങ്ങിയിരുന്നു. ഒരുവേള ലൈജ വേഗത്തിലുള്ളൊരു നിശ്വാസത്തോടെ സോഫയിൽത്തന്നെ അല്പം വിടർന്ന്, നിവർന്നിരുന്നു. അടുത്തനിമിഷം തന്റെ മകളെ നോക്കിയ ലൈജ അതിനടുത്തനിമിഷം അവളുടെ ശ്രദ്ധ കൈപ്പറ്റി. 


“നീ അങ്ങോട്ടൊന്ന് വന്നേടീ, ഒരുകാര്യം പറയട്ടെ...” 


ദൃഢതയോടെ ധൃതികലർത്തി ഇത്രയും പറഞ്ഞശേഷം തന്റെ മകളുടെ മുഖത്തെ താങ്ങിയെന്നവിധം ലൈജ കിച്ചൺ ലക്ഷ്യമാക്കി എഴുന്നേറ്റുനടന്നു. ഉടൻ എത്താമെന്നഭാവം തന്റെ കാമുകന് സമ്മാനിച്ചശേഷം എംതിയ അമ്മയെ അനുഗമിച്ചു. കിച്ചണിലെത്തിയ ലൈജ, താൻ തയ്യാറാക്കിക്കൊണ്ടിരുന്ന ആപ്പിൾ ജ്യൂസ്‌- പാതിവഴിയിൽ തന്നെ ഉപേക്ഷിച്ചുപോയതിൽ വിരസത പ്രകടമാക്കി മിക്സിയുടെ ജാറിൽ കിടക്കുന്നത് കണ്ടനിമിഷം, നിന്ന് ശ്വാസമെടുത്തശേഷം അപ്പോഴേക്കും തന്റെ പിന്നിലെത്തിയിരുന്ന എംതിയയ്ക്കുനേരെ തിരിഞ്ഞു. 


“എന്താ നിന്റെ പ്ലാൻ? എന്താ നിന്റെ ഉദ്ദേശം എന്നറിഞ്ഞാൽ കൊള്ളാം...” 


വളരെ പതുക്കെയും എന്നാൽ, എവിടെയൊക്കെയോ ചോർന്നൊലിക്കുന്ന രൗദ്രതയും ചേർത്ത് ലൈജ ഉയർത്തിയ ഈ വാചകങ്ങൾക്ക് വളരെ ലാഘവത്തോടെ തന്നെ എംതിയ മറുപടി നൽകി; 

“അമ്മാ ഞാൻ വന്നപ്പോൾത്തന്നെ കാര്യം പറഞ്ഞല്ലോ! ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്, എനിക്കവനെ കല്യാണം കഴിക്കണം. ഇതിനപ്പുറം ഒരുദ്ദേശവുമില്ല എനിക്ക്.” 


മറുപടി കേട്ടയുടൻ ഒന്നുരണ്ടു നിമിഷത്തേക്ക് അവൾക്കുനേരെനോക്കി ധൃതിയിൽ പൊയ്ക്കൊണ്ടിരുന്ന തന്റെ ഹൃദയതാളത്തിനൊപ്പം ലൈജ പറഞ്ഞു; 

“നീ... ഒരുമ്പിട്ട് ഇറങ്ങിയേക്കുവല്ലേ...! ഞാൻ പപ്പാ വിളിക്കുമ്പോൾ സംസാരിക്കാം.” 


 തുടർന്ന് ചില വാചകങ്ങൾകൂടിയുണ്ടെന്ന് തോന്നിക്കുംവിധം തന്റെ മകൾക്കുനേരെതന്നെ നോക്കിനിൽക്കെയാണ് ലൈജ അവസാനിപ്പിച്ചത്! അതേ നാണയത്തിലെന്നപോലെ എംതിയയും പറഞ്ഞു; 

“ഇത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഇവിടെവന്നല്ലാതെ പിന്നെ ഞാൻ എവിടെയാ എന്റെകാര്യം പറയുക!” 


 ഇമാമിനടുത്തേക്ക് പോകാമെന്ന് അർദ്ധമായി ഭാവിച്ചുകൊണ്ട് ലൈജ തിരികെ ഹാളിലേക്ക് നടന്നുചെന്നു, പ്രത്യേക ലക്ഷ്യമില്ലാതെ കിച്ചണാകെയൊന്ന് ശ്രദ്ധിച്ചശേഷം എംതിയയും പിറകെയെത്തി. 


“അവളുടെ പപ്പയോട് സംസാരിക്കണം കാര്യങ്ങൾ... ഞാൻ... 

വാ.... ഫുഡ്‌ കഴിക്കാം.” 


 സോഫയിൽ അല്പം അലക്ഷ്യമായെന്നവിധം ഇരുന്നിരുന്ന ഇമാമിനെ നോക്കി, തന്റെ മകൾ ലീവ് സമയം ഹോസ്റ്റലിൽനിന്നും വരുംവഴി വാങ്ങിക്കുന്ന ഫുഡ്‌ കവർ- മൂന്നെണ്ണത്തെ മുൻനിറുത്തി ലൈജ ഇങ്ങനെ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും അമ്മയെ പിന്തുണച്ചെന്നവിധമുള്ള ഭാവവുമായി എംതിയ തന്റെ കാമുകനെ വരവേറ്റു. 


 ഫുഡ്‌ കഴിക്കുന്നസമയം പതിവിനുവിപരീതമായി എല്ലാ ജോലികളും ലൈജ തനിയെ വേഗത്തിൽ പരിസരം മറന്ന് ചെയ്യുന്നത് എംതിയ ചെറിയൊരു കൗതുകത്തോടെ നോക്കിയിരുന്ന് കണ്ടു. മകളോടും ഇമിനോടുമൊപ്പം എന്നാൽ അല്പം മാറിയിരുന്ന് ലൈജയും ഫുഡ്‌ കഴിച്ചു. മറ്റൊരു ധൃതിപിടിച്ച ലോകത്തില്ലെന്ന കണക്കെയായിരുന്നു ലൈജ, പരിസരം മറന്നുള്ള കുശലങ്ങൾ തുടർന്നിരുന്ന മറ്റിരുവരോടൊപ്പമായിരുന്നെങ്കിൽത്തന്നെയും. 


 ഫുഡ്‌ കഴിച്ച് അതിന്റെ ബാക്കിപത്രങ്ങൾ പോക്കിയശേഷം മൂവരും ഹാളിൽ എത്തപ്പെട്ടയുടനെ ലൈജ ക്ലോക്കിലേക്ക് അധികാരത്തോടെ നോക്കി -സമയം ഒൻപത് കഴിഞ്ഞിരിക്കുന്നു! ഇതുകണ്ട ഇമാം തന്റെ കാമുകിയെ നോക്കി. 


“പപ്പാ ഈ വീക്കിൽ വിളിക്കും. എന്തായാലും ഞങ്ങൾ സംസാരിക്കാം.” 


 അവകാശമെന്നകണക്കെ എംതിയ തന്റെ കാമുകന് ഇങ്ങനെ വാചകങ്ങൾ സമ്മാനിച്ചു. അർദ്ധമായി തലയാട്ടിയശേഷം പ്രത്യേകിച്ചൊന്നും പ്രകടമാക്കാതെ ഇമാം മെയിൻഡോറിനടുത്തേക്ക് നടന്ന്, തുറന്നശേഷം പുറത്തേക്കുപോയി. പിറകെ പതിയെ അനുഗമിച്ചിരുന്ന എംതിയ ഡോർ പഴയപടി ക്ലോസ് ചെയ്ത് ഭദ്രമാക്കി, തിരികെനടന്ന് ഹാളിലെത്തി ലൈജയെ ഒരുവട്ടം നോക്കിയശേഷം സ്വന്തം റൂമിലേക്ക്കയറി ഡോറടച്ചു. ലൈജ അല്പസമയം അനക്കംകൂടാതെ നിന്നിടത്തുതന്നെ നിന്നു. 


 നന്നേ വിയർത്തിരുന്ന ലൈജ വേഗം തന്റെ റൂമിലേക്കുകയറി ഡോറടച്ചശേഷം എ. സി. ഓൺ ചെയ്ത് ബെഡ്ഡിൽ മലർക്കെ കിടന്നു. ഇരുമിഴികളും ബലംപിടിച്ചെന്നവിധം അടച്ചശേഷം അവർ നിശ്വസിച്ചുകൊണ്ടിരുന്നു. ആകെയൊരു ശാന്തത കൈവന്നിരിക്കുന്നുവെന്ന് തോന്നിയനിമിഷം അവരുടെ മനസ്സ്‌, കാത്തിരുന്നെന്നവിധം പിന്നിലേക്ക് സഞ്ചരിച്ചുതുടങ്ങി. 


(തുടരും......) 


Rate this content
Log in

Similar malayalam story from Drama