കരിക്ക്
കരിക്ക്


ഈയിടെ നാട്ടിൽ പോയപ്പോൾ അസുഖകരമായ ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു. പരിചയമുള്ള മുഖങ്ങൾ കുറഞ്ഞു വരുന്നു. ബാല്യകാലത്തെ സമ്പുഷ്ടമാക്കിയ പല പ്രമുഖ കഥാപാത്രങ്ങളും കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു . ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കായുള്ള ടൗൺഷിപ്പിൽ ജീവിക്കുന്ന നമ്മുടെ മക്കളുണ്ടോ അറിയുന്നു മനുഷ്യരിൽ എത്ര വൈവിധ്യം സാധ്യമാണെന്ന്.
പഴയ ഓർമ്മകളിലെ നിറപ്പകിട്ടുള്ള ഒരു കൂട്ടം ആൾക്കാർ ആയിരുന്നു പതിയാന്മാർ എന്ന് ഞങ്ങളുടെ നാട്ടിൽ വിളിച്ചിരുന്ന തെങ്ങുകയറ്റക്കാർ. അക്കൂട്ടത്തിലെ ഒരു താരം ആയിരുന്നു കുട്ടപ്പൻ. കുറച്ചു തരികിട ഒക്കെ ഉണ്ടെങ്കിലും ആള് ശുദ്ധൻ. വൈൽഡ് വെസ്റ്റ് സിനിമകളിലെ കഥാപാത്രങ്ങളേക്കാൾ വലിയ സ്ഥാനമായിരുന്നു ആകാശം മുട്ടെ നിൽക്കുന്ന കൊന്നതെങ്ങിൽ കയറി ഒറ്റക്കൈകൊണ്ടു ഓലയും തേങ്ങാക്കുലകളും വെട്ടിയിറക്കിയിരുന്ന ഇവർക്ക് ഞങ്ങളുടെ മനസ്സിൽ. വൈൽഡ്‌വെസ്റ് നായകന്മാരുടെ തോക്കിനു പകരം ഇവരുടെ അരയിലുണ്ടായിരുന്നത് പിടിയിൽ ചെമ്പുകെട്ടിയ, തേച്ചു മിനുക്കിയ അരിവാൾ ആയിരുന്നു. കൗബോയ് ഹാറ്റിനു പകരം തലയിൽ തെങ്ങുകയറാനുള്ള തയ്‌പ്പും (ഓലയുടെ വഴുക വൃത്താകൃതിയിൽ കെട്ടിയത്). ഇത് കാലിൽ ഇട്ടാണ് തെങ്ങു കയറിയിരുന്നത്. നേരം വെളുക്കുന്നതു മുതൽ കള്ളും, പിന്നെ പട്ട എന്നറിയപ്പെട്ടിരുന്ന ചാരായവും മോന്തിയിരുന്ന ഇവരൊക്കെ താരതമ്യേന അൽപായുസ്സുക്കളായിരുന്നു എന്നത് പിൽക്കാലചരിത്രം.
പറമ്പിൽ തെങ്ങും, തെങ്ങിൽ തേങ്ങയും ഉണ്ടായിരുന്ന ആ കാലത്തു അമ്പതു ദിവസത്തിൽ ഒരിക്കൽ നടന്നിരുന്ന ഒരു മഹാമഹം ആയിരുന്നു തേങ്ങയിടൽ. അച്ഛന്റെയും സഹോദരങ്ങളുടെയും പല പുരയിടങ്ങൾ ഉണ്ട് പല സ്ഥലങ്ങളിലായി. അവധിക്കാലത്തു ഈ മഹാമഹത്തിനു ഞങ്ങൾ പിള്ളേര്‌സെറ്റും കൂടും. വെട്ടിയിടുന്ന തേങ്ങകൾ പെറുക്കിക്കൂട്ടുക, കോട്ടയിലാക്കി ചുമട്ടുകാരുടെ തലയിൽ വെച്ച് കൊടുക്കുക ഇതൊക്കെയായിരുന്നു ഞങ്ങളുടെ പണി. കേൾക്കുമ്പോൾ എളുപ്പം എന്ന് തോന്നുമെങ്കിലും രണ്ടു മൂന്നു പതിയാന്മാർ ഒരുമിച്ചു തേങ്ങയിടുമ്പോൾ തെറിച്ചു പോകുന്ന തേങ്ങകൾ ഒന്നുപോലും വിടാതെ പെറുക്കി കൂട്ടാൻ, സുരേഷ് ഗോപി ഏതോ സിനിമയിൽ പറഞ്ഞ, സിക്‌സ്ത് സെൻസ് വേണം. ഇനി ഞങ്ങൾ മിസ് ചെയ്താലും പേരപ്പന്റെ (അച്ഛന്റെ ചേട്ടൻ) കൂർമദൃഷ്ടിയിൽ അത് പെടും. അതോടെ ഞങ്ങൾ പെടും.
ഇടയ്ക്കിടെ കിട്ടുന്ന കരിക്കായിരുന്നു ഞങ്ങൾക്കുള്ള ഇൻസെന്റീവ്. പണിയെടുത്തു ക്ഷീണിച്ചു നിൽക്കുമ്പോൾ കിട്ടിയിരുന്ന ആ കരിക്കിന്റെ effervescence (സമാനപദം മലയാളത്തിൽ ഉണ്ടോ ആവോ?) പിന്നീട് വാങ്ങിക്കുടിച്ച ഒരു കരിക്കിനും തോന്നിയിട്ടില്ല. തേങ്ങാ പെറുക്കിക്കൂട്ടുന്നതിനേക്കാളും കുട്ടക്കു പിടിച്ചു കൊടുക്കുന്നതിനേക്കാളും ബുദ്ധിമുട്ടായിരുന്നു കരിക്കിടാനുള്ള സമ്മതം പേരപ്പന്റെയും അച്ഛന്റെയും കയ്യിൽ നിന്നും വാങ്ങാൻ. രണ്ടു പേരും ഇന്നത്തെ IT കമ്പനികളിലെ HR നെ വെല്ലുന്ന തൊഴിലാളിവിരുദ്ധർ. സ്ഥിരം കേൾക്കാറുള്ളത് കൊണ്ട് മനോജ്‌ചെട്ടന്റെയും എന്റെയും വാക്കുകൾക്കു ഇവരിൽ പ്രത്യേകിച്ചൊരു ചലനവും ഉണ്ടാക്കാറില്ല. Familiarity breeds contempt എന്നാണല്ലോ. തിരുവനന്തപുരത്തു നിന്നും അവധിക്കെത്താറുള്ള ബിജു ആയിരുന്ന ഞങ്ങളുടെ തുറുപ്പുചീട്ട്. ബിജുവിന്റെ "പേരപ്പ പ്ളീസ്" വിളികേട്ടു സഹികെടുമ്പോൾ അവസാനം അച്ഛനോ പേരപ്പനോ കുട്ടപ്പനോട് പറയും, "കുട്ടപ്പാ, ഈ പിള്ളേർക്ക് ഓരോ കരിക്കിട്ടു കൊടുത്തേരെ" എന്ന്. അതോടൊപ്പം ഓരോ കരിക്കു കുട്ടപ്പനും കൂട്ടർക്കും ഉണ്ട്. അത് അലിഖിത നിയമം.
അങ്ങനെ ഒരു ദിവസം ഞങ്ങളുടെ നിരന്തര സമ്മർദത്തെ തുടർന്ന് അച്ഛൻ കരിക്കിടാൻ പറഞ്ഞപ്പോൾ കുട്ടപ്പൻ കൃത്യം മൂന്നു കരിക്കു മാത്രമേ ഇട്ടുള്ളൂ. കൂട്ടത്തിൽ മുതിർന്ന മനോജ്‌ചേട്ടൻ കുട്ടപ്പനോട് ചോദിച്ചു. അതെന്താ കുട്ടപ്പന് കരിക്കു വേണ്ടേ എന്ന്. അത് കേട്ട് കുട്ടപ്പൻ ഒരു തത്വചിന്തകന്റെ ഭാവത്തിൽ പറഞ്ഞു, "മക്കളെ, നിങ്ങൾ കുടിക്കുന്നത് കണ്ടു എന്റെ വയറും നിറഞ്ഞു”. കേട്ട് ഞങ്ങളും കുറച്ചു ഇമോഷണൽ ആയോ എന്ന് സംശയം. പക്ഷെ ഞങ്ങൾക്കറിയാത്ത ഒരു രഹസ്യം ഉണ്ടായിരുന്നു. പറമ്പിൽ ഒരു ഗൗളീഗാത്ര തെങ്ങുണ്ടായിരുന്നു. അതോ ഗൗരീഗാത്രമോ? എന്തെങ്കിലും ആവട്ടെ. നമുക്ക് ഗൗളീഗാത്രം എന്ന് വിളിക്കാം. അതല്ലേ കേൾക്കാൻ സുഖം? അതിലെ മഞ്ഞ നിറത്തിലുള്ള കരിക്കിന്റെ രുചി മറ്റൊരു തെങ്ങിലെ കരിക്കിനും ഉണ്ടായിരുന്നില്ല. അടുത്തതായി അതിൽ കയറിയ കുട്ടപ്പൻ ഒരു ഒന്നാംതരം കരിക്കിട്ടു കുടിച്ചു. കണ്ടു നിന്ന ഞങ്ങൾ എല്ലാം വാപൊളിച്ചു നിന്നു.
ഇപ്പോഴും നാട്ടിൽ ചുരുക്കമായി മാത്രം ഉള്ള ഗൗളീഗാത്ര തെങ്ങു കാണുമ്പോൾ ഞാൻ ഈ കഥ ഓർക്കും, എപ്പോഴും തെങ്ങിന്റെ ചൂരുണ്ടായിരുന്ന (മരമൂശ് എന്ന് പറഞ്ഞിരുന്നു എന്നാണോർമ്മ. ഉപയോഗിച്ചിട്ട് നാളുകളേറെയായി. പ്രയോഗം ശരിയാണോ എന്നറിയില്ല) കുട്ടപ്പനെയും.
മംഗളം.