Sreejith Janardanan

Drama

4.8  

Sreejith Janardanan

Drama

ഗുരുസ്മരണകൾ

ഗുരുസ്മരണകൾ

2 mins
321


കല്ലിശ്ശേരി സെയിന്റ് മേരീസ് സ്കൂളിൽ തുടങ്ങി കല്ലിശ്ശേരി എബനേസർ, തിരുവല്ല എം ജി എം, ചങ്ങനാശ്ശേരി എസ് ബി കോളേജ് , കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് , ബി എ ആർ സി ട്രെയിനിങ് സ്കൂൾ വഴി ഐഐടി ബോംബെ വരെ ഇരുപത്തിയൊന്ന് വർഷങ്ങൾ നീണ്ട അദ്ധ്യയന കാലത്തിനിടെ പഠിപ്പിച്ച ഗുരുക്കന്മാരെ ഓർക്കുമ്പോൾ മുന്നിൽ വരുന്ന ചില മുഖങ്ങളുണ്ട്. 


ആദ്യം മനസ്സിൽ വരുന്ന മുഖം എസ്തേർഅമ്മ ടീച്ചറിന്റേതാണ്. ആറിലും ഏഴിലും വച്ച് ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്നത് ടീച്ചർ ആയിരുന്നു. ടീച്ചറിനെ ഇന്നും ഓർക്കാൻ ഒരു കാരണമുണ്ട് . ഒരു കണക്കുപരീക്ഷയിൽ മൾട്ടിപ്ലിക്കേറ്റിവ് ഇൻവെർസുമായി ബന്ധപ്പെട്ടുള്ള ഒരു ചോദ്യത്തിന് ഞാൻ ഉത്തരം എഴുതിയപ്പോൾ ഒരു തെറ്റ് വരുത്തി. ഓരോ നമ്പറിന്റെയും അതിന്റെ ഇൻവെർസിന്റെയും ഇടയ്ക്ക് സമാന ചിഹ്നം (=) ഇട്ടു. അക്ഷന്തവ്യമായ അപരാധം. ആ ചോദ്യത്തിന് പൂജ്യം മാർക്ക് ! ടീച്ചറിനോട് ചോദിച്ചപ്പോൾ പറഞ്ഞു, "കണക്കിലെ ഓരോ ചിഹ്നത്തിനും ഓരോ അർത്ഥമുണ്ട്. അത് തോന്നുംപടി എടുത്തു വീശാനല്ല". Case dismissed ! ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതുമ്പോൾ അതിലുണ്ടാവേണ്ട കൃത്യതയുടെ പ്രാധാന്യം എനിക്ക് ആദ്യമായി പഠിപ്പിച്ചു തന്നത് എസ്തേർഅമ്മ ടീച്ചർ ആണ്.


ഒൻപതാം ക്‌ളാസിൽ വെച്ച് മലയാളം പഠിപ്പിക്കാൻ എത്തിയത് സ്കറിയ സർ ആയിരുന്നു. തേച്ചു വടിപോലെ ആക്കിയ ഷർട്ടും മുണ്ടും. എണ്ണ തേച്ചൊതുക്കിയ പിന്നിലേക്ക് ചീകിയൊതുക്കിയ നല്ല കറുത്ത മുടി. മമ്മൂട്ടിയെ വെല്ലുന്ന ഗ്ലാമർ. ഘനഗംഭീരമായ ശബ്ദം. ഇതായിരുന്നു സ്കറിയ സർ. അക്കൊല്ലം മലയാളം ഉപപാഠ പുസ്‌തകമായിട്ടുണ്ടായിരുന്നത് ഊർമിള ആയിരുന്നു. ഹിന്ദിയിൽ നിന്നും തർജിമ ചെയ്ത കൃതിയായിരുന്നു എന്ന് തോന്നുന്നു. രാമായണത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട നായികയെ പറ്റിയും, വാല്മീകിയുടെ സ്ത്രീസങ്കൽപ്പത്തെ പറ്റിയും ഉള്ള സാറിന്റെ വാഗ്ധോരണിയിൽ മയങ്ങി ഇരുന്നത് ഇന്നും ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്നു. ഒരു വലിയ അളവുവരെ എന്റെ സാഹിത്യ ആസ്വാദനത്തെ രൂപപ്പെടുത്തിയത് സർ ആയിരുന്നു എന്ന് പറയാം.


അതുകഴിഞ്ഞു പ്രീഡിഗ്രിക്ക് എസ് ബിയിൽ എത്തിയപ്പോഴാണ് തോമസ് ജോസ് സർ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തുന്നത്. പാറപ്പുറത്തു ചിരട്ട ഉരക്കുന്നതിന് സമാനമായ ശബ്ദം. അടുത്തെത്തുമ്പോൾ വിൽസ് സിഗരറ്റിന്റെ കടുത്ത മണം. സർ അന്ന് പഠിപ്പിച്ചത് ഡോസ്റ്റോവ്സ്കിയുടെ കുറ്റവും ശിക്ഷയും ആയിരുന്നു. പതിറ്റാണ്ടുകൾ പഴക്കം ചെന്ന, ഓടുമേഞ്ഞ എസ് ബി കോളേജിലെ പ്രൗഡ്ഢമായ ആ ക്ലാസ്സ്‌ മുറിയിൽ വെച്ച് ആ അതുല്യകൃതിയുടെ അർത്ഥതലങ്ങൾ അദ്ദേഹം വിശദീകരിച്ചത് ഇന്നും ഓർമ്മിക്കുന്നു...


ടി കെ എമ്മിൽ പഠിപ്പിച്ചവരിൽ ഇന്നും ഓർക്കുന്ന പേരുകളാണ് പ്രൊഫ ഇ വി മാത്യൂസിന്റെയും പ്രൊഫ അഹമ്മദ് കുഞ്ഞിന്റെയും. എഞ്ചിനീയറിംഗ് ഗ്രാഫിക്‌സും ,മെഷീൻ ഡിസൈനും ആയിരുന്നു ഇവർ എടുത്തിരുന്നത്. മാത്യൂസ് സാറിന്റെ കയ്യിൽ നീളം കൂട്ടാവുന്ന ഒരു പേനയും കാണും. പ്രോജെക്ഷൻസ് പഠിപ്പിക്കുവാൻ ഈ മാന്ത്രിക വടിയുമായി നിൽക്കുന്ന സാറിന്റെ രൂപം ഇന്നും മനസ്സിലുണ്ട്. അഹമ്മദ് കുഞ്ഞു സാറിന്റെ ആയുധം ഡസ്റ്റർ ആയിരുന്നു. ഡിസൈൻ ക്ലാസ്സുകളിൽ പല തരം സ്‌ട്രെസ്സുകൾ വിശദീകരിക്കുന്നതിനിടെ സാറിന്റെ ഡസ്റ്റർ ഒരുപാട് ടോർഷനും ഷിയറും അനുഭവിച്ചു കാണും.


ഐ ഐ ടിയിൽ വച്ചാണ് ഞാൻ പ്രൊഫ ആർ പി വേദുല എന്ന ഋഷിതുല്യനായ അധ്യാപകനെ കാണുന്നത്. ധിഷണയിലും അധ്യാപനമികവിലും അദ്ദേഹത്തെ വെല്ലാൻ കഴിവുള്ളവർ ചുരുക്കം. എളിമയുടെയും ലാളിത്യത്തിന്റെയും പര്യായം. അദ്ദേഹത്തിന്റെ അഡ്വാൻസ്ഡ് ഹീറ്റ് ട്രാൻസ്ഫർ ക്ലാസ്സിൽ വച്ചാണ് നാടകാന്ത്യം കവിത്വം എന്ന് പറഞ്ഞ പോലെ എഞ്ചിനീറിങ്ങിന്റെ അന്ത്യം കണക്കിലാണെന്നു ഞാൻ തിരിച്ചറിഞ്ഞത്.

ഇവരൊക്കെ ഒരു തരത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ എന്റെ ചിന്തകളെ സ്വാധീനിച്ചത് എന്നെ ഹൈസ്കൂളിൽ ഫിസിക്സ് പഠിപ്പിച്ച കെ ഓ തോമസ് സർ ആണെന്ന് തോന്നുന്നു. ഒൻപതാം ക്‌ളാസ്സിലെ ആദ്യത്തെ ഫിസിക്സ് പീരിയഡിൽ സർ പറഞ്ഞ ഒരു വാചകം ഇന്നും ഓർക്കുന്നു. There is no other branch of science which is so much connected to our daily life.


തിരിഞ്ഞുനോക്കുമ്പോൾ, മേല്പറഞ്ഞ ഗുരുക്കന്മാരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തരാക്കിയ ഗുണം വിദ്യാർത്ഥികളിൽ അവർ പഠിപ്പിക്കുന്ന വിഷയത്തിൽ താല്പര്യം ജനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. എന്റെ അഭിപ്രായത്തിൽ ചോക്കും ഡസ്റ്ററും കയ്യിൽ എടുക്കുമ്പോൾ ഓരോ അധ്യാപകനും ഓർക്കേണ്ടതും ഇത് തന്നെ.

#ThankyouTeacher


Rate this content
Log in

Similar malayalam story from Drama