Sreejith Janardanan

Comedy

4.6  

Sreejith Janardanan

Comedy

ഇറവറവ

ഇറവറവ

2 mins
500


ലേലം സിനിമ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഏറ്റവും മതിപ്പു തോന്നിയത് സോമൻചേട്ടൻ അവതരിപ്പിച്ച ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തോടായിരുന്നു. എന്നാപറഞ്ഞാലും സോമൻചേട്ടൻ നമ്മുടെ നാട്ടുകാരൻ അല്ലേ? സിനിമയിലെ ഒരു സീനിൽ "ഒറ്റപ്ലാമ്മൂട്ടിൽ ശോശ...അതായത് ഈ നിൽക്കുന്ന കുന്നേൽ ഔതക്കുട്ടിയുടെ കെട്ടിയോളുടെ തള്ള" എന്ന് തുടങ്ങി കത്തിക്കയറുന്ന സോമൻചേട്ടന്റെ ഡയലോഗ് കേട്ട് കുരുപൊട്ടിയ ബിഷപ്പ്(ജഗന്നാഥ വർമ്മ ) പറയുന്നുണ്ട് "യു ആർ ബട്ട് ടൂ ഇറവറന്റ് ആൻഡ് ഔട്സ്പോകൺ ".


അന്ന് കേട്ട ഇറവറൻസ് എന്ന വാക്കു എനിക്കിഷ്ടപ്പെട്ടു. കേൾക്കാൻ നല്ല സുഖമുണ്ട്. കേട്ട് നിന്ന പാപ്പിക്ക് (കൊല്ലം തുളസി) പോലും ആ വാക്ക് ഇഷ്ടപ്പെട്ടു. പിന്നീട് മുംബൈയിൽ എത്തി ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഉള്ള ആൾക്കാരെ പരിചയപ്പെടുകയും അടുത്ത് ഇടപഴകുകയും ചെയ്തപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ വാക്കിനു നമ്മൾ മലയാളികൾക്ക് ഒരുതരം ഉടമസ്ഥാവകാശം ഉന്നയിക്കാവുന്നതാണ്‌.

ദൈവംതമ്പുരാൻ അടക്കം ആരുടെയടുത്തും നമ്മുടെ ബഹുമാനത്തിൽ ഒരു ചെറിയ ശതമാനം ഇതുണ്ട്, ഇറവറൻസ്. വടക്കേഇന്ത്യക്കാർ ഏതൊരു ദൈവത്തെയും കുറഞ്ഞത് ഒരു ജി എങ്കിലും ചേർക്കാതെ വിളിക്കാറില്ല, വിളിയ്ക്കുന്നത് പോയിട്ട് അവരുടെ സംഭാഷണമദ്ധ്യേ പരാമർശിക്കാറുപോലും ഇല്ല. കഴിയുന്നതും ശ്രീരാമനെ ഭഗവാൻ ശ്രീരാമചന്ദ്രജി എന്നെ വിളിക്കും. നമ്മളാകട്ടെ അയലത്തെ ചേട്ടനെ വിളിക്കുന്ന ലാഘവത്തോടെ പേര് വിളിക്കും. ജി നഹി . അവരും നമ്മളെപ്പോലെ തന്നെ അല്ലെ എന്ന ഭാവം. അല്ലെങ്കിൽ നമ്മള് തമ്മിൽ ഈ ഔപചാരികത ഒക്കെ വേണോ എന്ന ഭാവം.


ഇനി കലാരംഗത്തെ ഹാസ്യത്തിൽ നല്ലൊരു പങ്കും ആക്ഷേപഹാസ്യം തന്നെ. എന്ന് വച്ചാൽ വല്ലവർക്കുമിട്ടു പണിയണം. നമ്പ്യാരുടെ തുള്ളൽ മുതൽ കലാഭവന്റെ മിമിക്രി വരെ ഈ ഇറവറൻസിന്റെ ഫലം ആണെന്നതിൽ സംശയം ഇല്ല. ഈ കലാരൂപങ്ങളിൽ ഇരയാക്കപ്പെടുന്നവരിൽ വലിപ്പച്ചെറുപ്പമില്ല. നമ്പ്യാർക്കിട്ടു പണിത ചാക്യാരിൽ തുടങ്ങി ലീഡറും ഉമ്മൻ ചാണ്ടി സാറും സഖാവ് അച്യുതാനന്ദനും സന്തോഷ് പണ്ഡിറ്റും രഞ്ജനി ഹരിദാസും വരെ ഈ കലാകാരന്മാർക്ക് ഇരകളായി. ഇവരൊടൊന്നും നമ്മൾക്ക് മതിപ്പില്ലാഞ്ഞിട്ടല്ല . വളരെ വേണ്ടപ്പെട്ടവർ ആണിവരൊക്കെ. അത് കൊണ്ടല്ലേ നമ്മൾ സ്വാതന്ത്ര്യം എടുക്കുന്നത്.


മുംബൈയിൽ എത്തിയതിനു ശേഷം ആണ് ഞാൻ മറ്റൊരു പുതുമ കണ്ടത്. വടക്കു നിന്നുള്ള ആൾക്കാർ മുതിർന്ന (ബുസുർഗ് ലോഗ് എന്ന് ഹിന്ദിയിൽ പറയും ) ആരെ കണ്ടാലും അപ്പോൾ കാലു തോട്ടുവന്ദിക്കും. എന്റെ ഏതെങ്കിലും സുഹൃത്തിന്റെ അച്ഛനമ്മമാർ വരുമ്പോൾ ബാക്കിയുള്ള സുഹൃത്തുക്കൾ കണ്ട പാടെ അവരുടെ കാലു തൊട്ടു വന്ദിക്കും. നമ്മളോ? സ്വന്തം അച്ഛന്റെയും അമ്മയുടെയും കാലു തൊടുന്നത് ആദ്യമായും അവസാനമായും സ്വന്തം കല്യാണത്തിന്റെ അന്നാണ്, പിന്നെയാണ് വഴിയേ പോകുന്ന ആൾക്കാരുടെ കാലു തൊടുന്നത്.


നമ്മുടെ കോളേജുകളിലും സ്കൂളുകളിലും ടീച്ചർമാർക്ക് ഏറ്റവും യോജിച്ച പേരുകൾ ഇടുന്നതിൽ നമ്മുടെ നാട്ടിലെ പിള്ളേരെക്കാൾ പ്രഗത്ഭർ വേറെയില്ല. ചോദിച്ചാൽ പിള്ളേർ പറയും അച്ഛനമ്മമാർ പേരിടുമ്പോൾ അവർക്കറിയാമോ കൊച്ച് എങ്ങനായിത്തീരും എന്ന് , അതുകൊണ്ടു അവരുടെ തനിക്കൊണം കണ്ടിട്ട് അവർക്കു യോജിച്ച പേരിടുവാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം നമ്മുടെയല്ലേ എന്ന് ? കുറ്റം പറയാൻ പറ്റുമോ ?


നിത്യജീവിതത്തിലും അധികാരപ്പെട്ടവർ എന്ത് പറഞ്ഞാലും പഞ്ചപുച്ഛം അടക്കി നിൽക്കാൻ പൊതുവെ നമ്മളെ കിട്ടില്ല. അതിനെ വേറെ ആളെ നോക്കണം. ലോക്ക് ഡൌൺ കാലത്തു പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞാൽ ഒറ്റയടിക്ക് അതങ്ങു അംഗീകരിക്കാൻ നമ്മളെ കിട്ടില്ല. ഇനി ഔദ്യോഗിക ജീവിതത്തിലും മേലധികാരിയെ ദൈവമായി കാണണം എന്ന് പറഞ്ഞാൽ? കുഴപ്പമില്ല. കാര്യം ദൈവവുമായി നമുക്ക് എടാപോടാ ബന്ധമാണല്ലോ പണ്ടേ. അതുകൊണ്ടെന്നാ? ചീഫ് സെക്രട്ടറി ആവേണ്ട ആൾ കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് ചെയർമാനായി സെർവീസിൽ നിന്നും വിരമിക്കും.

ഈപ്പച്ചൻ പറഞ്ഞപോലെ അതിന്റെ കൊറവ് ഈപ്പച്ചനങ്ങു സഹിച്ചു, പിന്നല്ല .


Rate this content
Log in

Similar malayalam story from Comedy