കാവ്യ സുകൃതം ❣️
കാവ്യ സുകൃതം ❣️
എന്തെങ്കിലുമൊക്കെ എഴുത്താതിരിക്കാൻ മനസ്സനുവദിക്കുന്നില്ല. ഓർമ്മകളുടെ കുത്തൊഴുക്ക് ഇന്നലെ തൊട്ടെന്നെ വീർപ്പുമുട്ടിക്കുന്നു. എം.ടി. അച്ഛച്ഛൻ ഞങ്ങളുടെ കുട്ടിക്കാലം തൊട്ടൊഴിച്ചുകൂടാനാവാത്ത ഒരു അദ്ധ്യായം തന്നെയാണ്.
ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ലെങ്കിലും തുഞ്ചൻ പറമ്പിലെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ഭയത്തോടെയും ബഹുമാനത്തോടെയും കയറുമ്പോൾ അദ്ദേഹത്തിൻ്റെ നോട്ടത്തിലും മുഖത്ത് വിടരുന്ന നിഷ്കളങ്കമായ ഭാവദേദങ്ങളിലും വാത്സല്യം തുളുമ്പാറുണ്ട്. 'ആാ' എന്ന ശബ്ദത്തിൽ എല്ലാം വ്യക്തമാണ്.
നിൽക്കുവെന്ന് സ്നേഹത്തോടെ പറഞ്ഞു കൊണ്ട് തന്നെ തൻ്റെ പ്രിയപ്പെട്ട ശേഖരണത്തിൽ നിന്നൊരു പേന എനിയ്ക്കായി സമ്മാനിച്ചത് എന്തു കൊണ്ടാവാം എന്നൊർക്കുന്നത് ഇന്നും കൗതുകമാണ്.
കുടുംബത്തിലെ കുട്ടികളെയൊക്കെ എഴുത്തിനിരുത്തിയിട്ട് എന്നെ മാത്രം കുഞ്ഞാവുമ്പോൾ അദ്യാക്ഷരം കുറിച്ചത് എം.ടി. അച്ഛച്ഛൻ അല്ലല്ലോയെന്ന കുഞ്ഞു മനസ്സിലെ സങ്കടം ( ആ വിജയദശമിയ്ക്ക് അദ്ദേഹം ജർമ്മനിയിലായിരുന്നു) മാറ്റി കൊണ്ട് അഞ്ചാം ക്ലാസുകാരിയുടെ വിദ്യാരംഭം. വലിയ നോവലുകളും പുസ്തകങ്ങളും ഇഷ്ടപ്പെടാതെ ബാലസാഹിത്യ ലോകത്തെ തൊട്ടുയൊരുമ്മിനിന്ന ഞാൻ ആദ്യമായി വായിച്ചത് 'നിൻ്റെ ഓർമ്മയ്ക്ക്'.
കരുതലോടെ എൻ്റെ കൈ പിടിച്ച് ലാളിച്ച അമൂല്യ നിമിഷം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചേരുന്ന സന്തോഷം അറിയിച്ചപ്പോൾ മനസ്സറിഞ്ഞ് അനുഗ്രഹിച്ച തുഞ്ചൻ ഉത്സവം ഇന്നലെ കഴിഞ്ഞതുപോലെ.
എഴുത്താണി എഴുന്നള്ളിപ്പിൻ്റെ താലവുമായി പതിയെ നടന്നു നീങ്ങുന്ന ദൃശ്യ ചാരുതയെ നോക്കി കണ്ടു കൊണ്ട് വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ദിനങ്ങൾ.
തുഞ്ചത്താചാര്യൻ്റെ അനുഗ്രഹീതവേദിയിൽ പൂച്ചെണ്ട് നൽകാൻ കഴിഞ്ഞ നിമിഷങ്ങൾ ഇന്നും പ്രിയപ്പെട്ടവയാണ്. ‘കുട്ട്യേടത്തി' വായിച്ചപ്പോൾ വാക്കുകൾക്കിടയിൽ ഞാൻ തൊട്ടറിഞ്ഞ അദ്ദേഹത്തിൻ്റെ രചനാശൈലിയിലെ മാന്ത്രികത ഹൃദയസ്പർശിയാണ്.
അനുഗ്രഹീത കഥാകാരൻ്റെ ചെറിയ ഭാഗമാവാൻ കഴിഞ്ഞതു തന്നെ ഭാഗ്യം.
വാക്കുകളിലുണ്ട് എല്ലാം.
സുലോചന എം കൃഷ്ണ
