വൈഗ വസുദേവ്

Drama Romance

3  

വൈഗ വസുദേവ്

Drama Romance

ഇതൾകൊഴിഞ്ഞ കനവ് - ഭാഗം പത്ത്

ഇതൾകൊഴിഞ്ഞ കനവ് - ഭാഗം പത്ത്

4 mins
313


എൻ്റെ പ്രിയ മിലിക്ക്...


ബാക്കി വായിക്കാതെ കത്ത് ആരെഴുതിയതെന്നറിയാൻ അവസാന ഭാഗത്ത് നോക്കി.


എന്ന്

നിൻ്റെ വീണ  


എപ്പോഴും കൂടെയുള്ള തന്നോട് നേരിട്ട് പറയാതെ കത്ത് എഴുതാൻ എന്താവും കാരണം? ആദ്യം മുതൽ വായിക്കാൻ തുടങ്ങി.


എൻ്റെ പ്രിയ മിലിക്ക് ...


    ഇങ്ങനെയൊരു കത്ത് കാണുമ്പോൾ നിനക്ക് ആകാംക്ഷയും അമ്പരപ്പും തോന്നിക്കാണും. രാപകൽ കൂടെയുണ്ടായിട്ടും പറയാതെ എന്തിനു കത്തെഴുതി എന്നല്ലേ... നീയിപ്പോൾ ചിന്തിക്കുന്നത്?


നേരിട്ട് പറയാൻ പറ്റില്ല മോളെ. ഓപ്പറേഷൻ സക്സസ് ആയില്ലെങ്കിൽ ... എന്തോ എൻ്റെ മനസ് അങ്ങനെ പറയുന്നു. പെട്ടെന്ന് ഞാൻ നിന്നെ വിട്ടു പോയാൽ നിനക്കത് താങ്ങാനാവില്ലെന്ന് എനിക്കറിയാം.  തിരികെ ഞാൻ വന്നാൽ നീ ആഗ്രഹിക്കുന്നുണ്ടോ ഇപ്പോഴുള്ള ഇതേ സ്നേഹത്തിൽ മുന്നോട്ടും ജീവിക്കുമെന്ന്. ആഗ്രഹിച്ചാൽ തന്നെയും വീണ്ടും നമ്മളെ കഴിഞ്ഞകാര്യങ്ങൾ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കും. കുറ്റബോധവും അപകർഷതയും എന്നും കൂട്ടായി നമുക്കിടയിൽ ഉണ്ടാവുകയും ചെയ്യും. അങ്ങനെ നീറി നീറി ജീവിക്കുന്നതിലും നല്ലതല്ലേ പരസ്പരം മനസിലാക്കി പരസ്പരം കാണാതെ ഈ ലോകത്തിൻ്റെ ഏതെങ്കിലും കോണിൽ ഓർമ്മകളെ മറവിയുടെ ആഴങ്ങളിൽ വാശിയാകുന്ന പാശത്താൽ ബന്ധിച്ച് അടക്കം ചെയ്തു  ജീവിക്കുന്നത്.


നന്ദി കേടല്ല മിലീ... എന്നാലും നമ്മൾ പിരിയാതിരുന്നാൽ നിൻ്റെ ജീവിതം എന്നിൽ ചുരുങ്ങും. അതു പാടില്ല . നിനക്ക് നല്ലൊരു ഭാവി, നല്ലൊരു ജീവിതം ഉണ്ടാവണം. അത് എനിക്കു വേണ്ടി നീ കളയും .


എൻ്റെ ലക്ഷ്യം എൻ്റെ നാട്ടിൽ തന്നെ ജോലി ചെയ്യണം എന്നാണ്. അവിടെ എൻ്റെ നാട്ടിൽ എനിക്ക് ജീവിക്കണം. എന്നാൽ നീ എവിടെ ആണെന്ന് ഒരിക്കലും ഞാൻ അറിയാൻ ഇടവരരുത്. എന്നെ ഒരിക്കലും അന്വേഷിക്കുകയോ തിരക്കി വരികയോ ചെയ്യുകയുമരുത്. എൻ്റെ അപേക്ഷയാണ്.   


നിനക്ക് വിഷമം ആയല്ലേ...? കണ്ണു നിറഞ്ഞിട്ട് വായാക്കാൻ പറ്റുന്നില്ല അല്ലേ...?


സാരമില്ല നീ ബോൾഡാവണം.  നമുക്ക് വാശിയോടെ ജീവിക്കണം... മനസ്സിൽ നിറയെ സ്നേഹത്തോടെ എന്നെ പറഞ്ഞയയ്ക്കണം. ഞാൻ രക്ഷപെട്ടു വന്നാൽ.


മറ്റൊന്ന്... എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞുജീവനെ രക്ഷിക്കാൻ ആയാൽ ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കണം.  ഒരിക്കൽ പോലും ആ മുഖം എന്നെ കാണിക്കരുത്... ഏതനാഥാലയമെന്ന് എനിക്ക് അറിയേണ്ട. മമ്മി പറഞ്ഞു എഴുപത് ശതമാനം പോലും കുഞ്ഞിൻ്റെ കാര്യത്തിൽ പ്രതീക്ഷയില്ലെന്ന്. 


 എനിക്കും പ്രതീക്ഷയില്ല. അച്ഛൻ ആരെന്ന് അറിയില്ലെങ്കിലും എൻ്റെ കുഞ്ഞല്ലേ? ആ കുഞ്ഞു മുഖം ഒരുനോക്കു കാണാതെ ഉപേക്ഷിക്കുന്ന എന്നെ എന്തു പേരു വിളിക്കണം അല്ലേ...? എൻ്റെ കുഞ്ഞ് അനാഥാലയത്തിൽ വളരുന്നത് എനിക്ക് ചിന്തിക്കാൻ പോലും ആവില്ല.  എന്നാലും ഇങ്ങനെയൊരു തീരുമാനം എടുത്തേ പറ്റൂ. നീ കരുതും ഞാൻ ഇത്രക്രൂരയോ എന്ന്. ക്രൂരയായിട്ടല്ല, ഒരു തവണയെങ്കിലും ആ കുഞ്ഞുമുഖം കണ്ടുപോയാൽ എനിക്ക് ആ കുഞ്ഞില്ലാതെ മുന്നോട്ടു ജീവിക്കാൻ പറ്റാതാവും ... 


ബാക്കി വായിക്കാൻ ആവാതെ മിലി ആ കത്ത് മടക്കി കവറിൽ ഇട്ടു.

തലയ്ക്ക് കൈതാങ്ങി ഇരുന്നു...കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ മിലി പാടുപെട്ടു.


ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാൻ... അവളുടെ കുഞ്ഞല്ലേ... അവളുടെ രക്തം? താൻ എന്തു തീരുമാനം എടുക്കും...? അവളുടെ ആഗ്രഹം പോലെ നടക്കട്ടെ ...


അപ്പോഴേക്കും മാലതി കടന്നു വന്നു.


"മമ്മീ... വീണ..."

"കുഴപ്പമൊന്നുമില്ല ഒബ്സർവ്വേഷനിൽ... നിനക്ക് സന്തോഷം ആയല്ലോ അല്ലേ...?"

"കുഞ്ഞിൻ്റെ കാര്യം ...?"

"അവളടെ അച്ഛനും അമ്മയും തീരുമാനിക്കട്ടെ. നമുക്ക് എന്തുചെയ്യാൻ പറ്റും?"


"മമ്മീ... അവർ അറിയാൻ പാടില്ല മമ്മീ ..."

"ഞാൻ ആകെ ടയേഡാണ് മോളൂ... നീയെൻ്റെ തലവേദന കൂട്ടാതെ..."


"മമ്മീ... ഇത് വീണ എനിക്ക് എഴുതി വെച്ച ലറ്റർ ആണ്, അവൾക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന്. ഓപ്പറേഷൻ സക്സസ്സ് ആകും എന്നോ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്നോ അവൾക്ക് പ്രതീക്ഷ ഇല്ലായിരുന്നു. അതുകൊണ്ട് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചാൽ അവളുടെ വീട്ടുകാർക്ക് കൊടുക്കരുതെന്ന്. ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കണം എന്ന്. അഥവാ അവൾ തിരിച്ചു വന്നാലും കുഞ്ഞിനെക്കുറിച്ച് അവൾക്ക് അറിയേണ്ടെന്ന്. ഒരിക്കൽ പോലും കാണുകയും വേണ്ടെന്ന്."


"ആ കുഞ്ഞിൻ്റെ ഉത്തരവാദിത്വം അവളുടെ വീട്ടുകാർക്കല്ലേ മോളൂ...? അവർ എന്തുവേണേൽ തീരുമാനിക്കട്ടെ..."

"നോ. പാടില്ല മമ്മീ... അവൾ ഗർഭിണിയായ കാര്യം അവർ അറിയരുത്. വയറ്റിൽ വേദനയാണ്, ചെറിയ ഒരു സിസ്റ്റുണ്ട് എന്നേ അവർക്കറിയൂ..." 


"മമ്മീ വീണയ്ക്ക് ബോധം തെളിയുമ്പോൾ സിസ്റ്റേഴ്സ് ആരെങ്കിലും അവളോട് കുഞ്ഞു ജീവനോടെയുണ്ടെന്നു പറഞ്ഞാലോ...? അവരോട് പറയണം കുഞ്ഞിനെ രക്ഷിക്കാൻ ആയില്ല എന്ന് പറയണം എന്ന്."

"എൻ്റെ മോളൂ ... ആ കുഞ്ഞ് ഇപ്പോഴും ഇൻകുബേറ്ററിലാണ്. വളർച്ചക്കുറവുണ്ട്. നിനക്കറിയില്ലേ? രക്ഷിക്കാൻ ശ്രമിക്കുകയാണ്."


"അറിയാം മമ്മീ ... കുഞ്ഞിനെ രക്ഷിക്കാൻ ആയില്ല അങ്ങനയേ അവൾ അറിയാവൂ. കുഞ്ഞ് അവൾക്കൊരു ബാദ്ധ്യത ആവരുത്." 

അത് പറയുമ്പോൾ മിലിയുടെ ശബ്ദം ഉറച്ചതായിരുന്നു.

മാലതി മറുപടി ഒന്നും പറഞ്ഞില്ല.


"മാഡം ഈ കോഫി കുടിക്കൂ..." സിസ്റ്റർ ശ്രുതി മാലതിയുടെ മനസ് അറിഞ്ഞപോലെ ഒരു കപ്പ് കോഫി മാലതിയുടെ മുന്നിൽ വച്ചു. 

"മമ്മീ... വീണയെ എനിക്കൊന്നു കാണണം. "

"അവൾക്കടുത്ത് ഞാനിരിക്കാം."

"ഓക്കെ ..."


~~~


പാവം മിലി വീണയുടെ നെറ്റിയിൽ വിരലോടിച്ചു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണയ്ക്ക് ബോധം വീണു. ഒരു ഞരക്കം കേട്ടാണ് മിലി ഓർമ്മയിൽ നിന്ന് ഉണർന്നത്.


"വീണേ...വീണേ..." മിലി കവിളിൽ തട്ടി വിളിച്ചു.

"ഉംം..." നേരിയ ശബ്ദത്തിൽ വീണ വിളികേട്ടു.

"കണ്ണുതുറക്കൂ..."

വീണ പതിയെ കണ്ണു തുറന്നു.


"മിലി..."

"നോക്കൂ അച്ഛനും അമ്മയും വന്നിട്ടുണ്ട് ."

വീണ തന്റെ അടുത്തു നിൽക്കുന്നവരെ നോക്കി. തൻ്റെ അടുത്ത് എല്ലാവരും ഉണ്ട്. 


"അച്ഛാ..."

"എന്താ മോളെ ..."

"അമ്മേ... എനിക്ക് ..."

"ഒന്നും സംസാരിക്കേണ്ട മോളേ... എല്ലാം ഈ മോളു പറഞ്ഞു." മിലിയെ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു.

വീണ്ടും വീണ മയങ്ങിപ്പോയി.


"ഇനിയിപ്പോൾ പേടിക്കാനൊന്നുമില്ല. ഇവിടെ ഞാനും കല്യാണിയമ്മയും ഉണ്ടല്ലോ? അമ്മയ്ക്ക് വയ്യാത്തതല്ലേ? വീട്ടിൽ പൊക്കോളൂ..." മിലി വീണയുടെ അമ്മയോട് പറഞ്ഞു.

എന്നാലും രണ്ടു ദിവസം അവർ വീണയുടെ അടുത്തു നിന്നു.


 ഇതിനിടയിൽ ഒരിക്കൽ പോലും വീണ കുഞ്ഞിനെക്കുറിച്ച് ചോദിച്ചില്ല.


~~~


"മിലീ... നാളെയല്ലേ ഡിസ്ചാർജ്?" കല്യാണിയമ്മ പുറത്തേക്ക് പോയ അവസരത്തിൽ വീണ ചോദിച്ചു.

"അതെ... ഇപ്പോൾ നിനക്ക് പതിയെ നടക്കാം..." വീണയെ റൂമിൽക്കൂടി കൈപിടിച്ച് നടത്തുകയായിരുന്നു മിലി. 

"അതെ വീട്ടിൽ ചെന്നാലും അമ്മയല്ലേ ഉള്ളൂ..."


"വീട്ടിലേയ്ക്കാണെന്നു തീർച്ചപ്പെടുത്തിയോ...?"

"ഉംം... നാളെ നമ്മൾ പിരിയും... ഇനിയൊരിക്കലും കണ്ടില്ലെന്നും വരും..." 

"നിനക്കുപകരം മറ്റൊരാൾ ഉണ്ടാവില്ല ഈ ജീവിതത്തിൽ. എന്നാലും രണ്ടു വഴിക്ക് പോയേ പറ്റൂ..." 


"നിൻ്റെ സന്തോഷം ഞാൻ ആഗ്രഹിക്കുന്നു വീണേ... അതുകൊണ്ട് മാത്രം നീ പറഞ്ഞത് ഞാൻ അനുസരിക്കുന്നു. നാളെ കഴിഞ്ഞാൽ നമ്മൾ കാണില്ല." മിലിയുടെ ശബ്ദം ഒന്നിടറി.

"ഞാൻ എൻ്റെ നാട്ടിൽ തന്നെ ഉണ്ടാവും ... വലിയ സ്വപ്നങ്ങളൊന്നും എനിക്കില്ല മിലീ.. നീ വിവാഹം കഴിക്കണം. കഴിഞ്ഞതൊക്കെ എന്നോ കണ്ട ദുസ്വപ്നമായി കരുതി മറക്കണം."


"ഉംം... മറന്നുകൊണ്ടിരിക്കുന്നു. അല്ല ശ്രമിക്കുന്നു. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല വീണേ... നീയും... നീയും സേഫായി വീട്ടിൽ എത്തിക്കഴിഞ്ഞാൽ ഞാൻ ഫ്രീ ആയി. മമ്മിയും ഡാഡിയും തീരുമാനിക്കുന്ന പോലെ."  

"അവരുടെ നല്ല മോളായി വേണം ഇനിയുള്ള ജീവിതം. നീയും അങ്ങനെ വേണം ..."


"എന്താ രണ്ടുപേരും കൂടി പറയുന്നത്? ഏന്തോ ഗൗരവമുള്ള വിഷയമാണല്ലോ...?"

 മുറിയിലേയ്ക്ക് കടന്നു വന്ന വീണയുടെ അച്ഛൻ ചോദിച്ചു.


"ഏയ് ഒന്നുമില്ല അച്ഛാ... വീട്ടിൽ ചെന്നാൽ നന്നായി റസ്റ്റ് എടുക്കണമെന്ന് പറഞ്ഞതാ. ഇതുവരെയും ഞാനുണ്ടായിരുന്നു കൂടെ ... നാളെ ഡിസ്ചാർജ് അല്ലേ...? ഓരോന്നും ഓർമ്മിപ്പിക്കുകയായിരുന്നു..."

"എൻ്റെ മക്കളെ.നിങ്ങൾ എന്നും ഇങ്ങനെ ആയിരിക്കണം. ഈ സ്നേഹവും പരസ്പരമുള്ള കരുതലും എന്നും ഉണ്ടാവണം." അദ്ദേഹം രണ്ടുപേരുടേയും തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു. 


രാത്രിയിൽ കഴിക്കാനുള്ള മരുന്നുകഴിച്ചിട്ടു വീണ കിടന്നു.


ഇന്നൊരു രാത്രി കൂടി കഴിഞ്ഞാൽ ഈ വീണ മിലിയിൽ നിന്നും എന്നെന്നേക്കുമായി അകലും. താൻ അവൾക്കായി എഴുതിയ ലറ്റർ വായിച്ചിട്ടുണ്ടാവുമോ...?  ലറ്റർ വായിച്ചോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ല. തൻെറ കുഞ്ഞിനെ എവിടാവും ഏൽപ്പിച്ചത്? തന്നോട് പറയും എന്നുകരുതി. മോനാണോ മോളാണോ ... ഒന്നുകാണാൻ ... വേണ്ട. ഇത്രയും ദിവസമായി കുഞ്ഞിനെപ്പറ്റി താൻ ഒന്നും ചോദിച്ചില്ല. ജീവനോടെ ഉണ്ടോ...? ഈശ്വരാ എന്നോട് ക്ഷമിക്കണേ... സ്വന്തം കുഞ്ഞിനെ കാണാനോ... അറിയാനോ ആഗ്രഹിക്കാത്ത അമ്മ. വീണയ്ക്ക് ഒന്നു പൊട്ടിക്കരയണം എന്നുതോന്നി. പാടില്ല. താൻ കരയാൻ പാടില്ല. മിലി കാണരുത് തൻ്റെ കണ്ണുനീർ. ഇനിയുള്ള ജീവിതം എങ്ങനെ ...


നിനക്കറിയില്ല മിലീ.... നിനക്കുവേണ്ടി മാത്രമാണ് ഞാൻ എൻ്റെ കുഞ്ഞിനെ ഒഴിവാക്കിയത്. നിനക്ക് മാത്രം അവകാശപ്പെട്ടതാണ് എൻ്റെ കുഞ്ഞ്. നിൻ്റെ മനസ്സിൽ ഒരു കടലോളം ദുഖം ഉണ്ടെന്ന് എനിക്കറിയാം. എന്നോട് പറയാനാവാതെ നീ ഒളിപ്പിച്ചു വെച്ച ആ രഹസ്യം ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ ഒരു പക്ഷേ ... 


"ഉറങ്ങിയില്ലേ... വീണേ...?"

മിലിയുടെ ചോദ്യം വീണ കേട്ടില്ലെന്നു നടിച്ചു. താൻ ഉറങ്ങിയെന്നു കരുതട്ടെ...

വീണകണ്ണുകൾ ഇറുക്കി അടച്ചു.   


തുടരും...


Rate this content
Log in

Similar malayalam story from Drama