വിനോദ് കെ എ

Classics

2.4  

വിനോദ് കെ എ

Classics

ദേശാടനം‍

ദേശാടനം‍

4 mins
183


"സലാം സാബ്......"

പാന്‍മസാല കുത്തിനിറച്ചു ചോപ്പിച്ച വായില്‍ നിന്നും തുപ്പലും പുഞ്ചിരിയും തെറിപ്പിച്ച്, എനിയ്ക്ക് സലാം തന്ന്, അവര്‍ പാടത്തേയ്ക്ക് കുനിഞ്ഞിറങ്ങുകയായിരുന്നു.

അവര്‍ ഇറങ്ങിപ്പോകുന്നത് എന്റെ കണക്കുപുസ്തകത്തിന്റെ താളുകളിലൂടെയാകുന്നു.

വരിവരിയായി....

എറുമ്പുകളേപ്പോലെ...

ഞാനെണ്ണി.

ഒന്ന്..... രണ്ട്...... മൂന്ന്...…

ഒരെറുമ്പ്..... രണ്ടെറുമ്പ്...... മൂന്നെറുമ്പ്..…

ഒരേക്കര്‍ നിലം നടുവാനെത്ര എറുമ്പുകള്‍!

അന്യദേശത്തുനിന്നും വന്നവരാണവര്‍.

ഉറ്റവരുടെ വിശപ്പാറ്റുവാന്‍ അന്നം തേടിപ്പോന്നവര്‍.

പാടത്തിറമ്പത്ത്, വെയില്‍ ചിറകുകള്‍ക്ക് എത്തിപ്പിടിയ്ക്കാന്‍ പറ്റാത്തൊരിടത്ത് ഞാനിരുന്നു.

താഴെ, ദേശാടനക്കിളികള്‍ വീണ്ടും പറന്നു വന്നിരുന്നു. ചക്രവാളച്ചെരുവില്‍ നിന്നും പറന്നു വന്നിറങ്ങിയ ആ ഗഗനചാരികള്‍ ചേറില്‍ ചിക്കിച്ചികഞ്ഞ്, പരല്‍മീനുകളെയും ഞണ്ടുകളെയും പെറുക്കി അലസം നടക്കുവാന്‍ തുടങ്ങി, ചിരപരിചിതങ്ങളായ ഇടങ്ങളിലെന്നപോലെ. ഒരു പക്ഷേ അവര്‍ പരമ്പരകളായി ഇവിടെ വന്നു പോകുന്നവരായിരിയ്ക്കാം.

ഋതുക്കളുടെ ആ വിരുന്നുകാരെയും നോക്കി ഞാനിരിയ്ക്കുന്നു.

എന്റെ മൃദുലമായ ചര്‍മ്മത്തില്‍ വെയില്‍ നാളങ്ങള്‍ തുളഞ്ഞിറങ്ങുന്നു.

ഈ ഇളവെയിലില്‍ പോലും ഞാന്‍ കരിഞ്ഞുപോകുന്നുവോ?

എന്റെ ചര്‍മ്മം മൃദുലവും സുന്ദരവുമാകുന്നു.

എനിയ്ക്ക് വെയില്‍ കൊണ്ടുകൂടാ.

വെയില്‍നാളങ്ങള്‍ എന്നെ കുത്തിനോവിയ്ക്കുന്നു.

"ഭായ് സാബ് ......"

പിറകില്‍ നിന്നും നേര്‍ത്ത, ആ ശബ്ദത്തിന്റെ ഉടമ എന്നെ തെല്ലൊന്നമ്പരപ്പിക്കാതിരുന്നില്ല.

"ഭായ് സാബ്,....... കുച്ച് കാം മിലേഗാ …... ?"

എന്തെങ്കിലും ജോലി തരപ്പെടുമോ ?

ചോദ്യവുമായി മുന്നില്‍ വന്നു നിന്നതൊരു കിളുന്തു പയ്യന്‍.

ശബ്ദം പോലെത്തന്നെ രൂപവും.

നേര്‍ത്ത്, മെലിഞ്ഞ്.

ചുരുള്‍ മുടി. ഇരുനിറം.

ദൈന്യത, നിസ്സംഗഭാവം.

മേല്‍ച്ചുണ്ടിനു മുകളില്‍‍ പൊടിച്ചിറങ്ങുന്ന ചെമ്പിച്ച രോമരാജികള്‍.

കൌമാരം വിട്ടു പോകാന്‍ മടിച്ചു നില്ക്കുന്നു.

"നാം ക്യാ ഹേ തേരാ ….. ?"

നിന്റെ പേരെന്താകുന്നു....... ?

"രാജ് ബിഹാരി, സാബ്....... "

ബിഹാരി ഏത് നാട്ടുകാരനാണ് ?

ബീഹാറിയോ?

ഉത്തരപ്രദേശുകാരനോ?

ആരുമാകട്ടെ, എനിയ്ക്കവന്‍ എന്റെ കണക്കുപുസ്തകത്തിലെ ഒരു അക്കം മാത്രമാകുന്നു. 

ഒന്ന്..... രണ്ട്...... മൂന്ന്......

ഒരെറുമ്പ്..... രണ്ടെറുമ്പ്...... മൂന്നെറുമ്പ്.....

പേരും നാടും വയസ്സുമെല്ലാം തികച്ചും അപ്രസക്തം. അക്കങ്ങള്‍ പൂജ്യത്തില്‍ നിന്നു തുടങ്ങി ഒമ്പതില്‍ ഒടുങ്ങുന്ന അചേതനവസ്തുക്കളത്രേ. ഇവിടെ സ്ഥാനങ്ങള്‍ മാത്രം പ്രസക്തമാകുന്നു.

"ഭായ് സാബ് ......."

അവന്‍ ആശയോടെ എന്നെ നോക്കി.

"മേരാ ദോസ്ത് ബോലാ കി ആപ് ബഡാ ആദ്മീ ഹേ....... ആപ് മേരാ മദദ് കരേഗാ......"

താങ്കള്‍ നല്ല മനുഷ്യനാണെന്നും എന്നെ സഹായിയ്ക്കുമെന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു.

ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവന്റെ കുരുന്നു മുഖം എന്റെ കണക്കുപുസ്തകത്തില്‍ ഒരു അക്കമായി തെളിഞ്ഞു വന്നു.

അവന്റെ വിയര്‍പ്പ് ഞാന്‍ വിലയ്ക്കു വാങ്ങിയ്ക്കുവാന്‍ പോകുന്നു.

അവന് താമസിയ്ക്കുവാന്‍ ഞാനിടം കൊടുക്കും.

അവന് വിയര്‍പ്പൊഴുക്കുവാന്‍ ഞാന്‍ നിലം കൊടുക്കും.

പകരം ഞാനവന്റെ വിയര്‍പ്പ് നിങ്ങള്‍ക്ക് വില്പനയ്ക്കായി വയ്ക്കും.

വരേണ്യരായ നിങ്ങള്‍ക്ക് ചേറിലിറങ്ങേണ്ടതില്ല.

മൃദുലമായ നിങ്ങളുടെ മേനിയില്‍ വെയില്‍ കത്തിക്കാളുകയില്ല.

നിങ്ങള്‍ക്കുവേണ്ടി അവന്‍ വിതച്ചുകൊള്ളും.

ഞാറ് നട്ടുകൊള്ളും.

കള പറിച്ചുകൊള്ളും

കൊയ്യുകയും മെതിയ്ക്കുകയും ചെയ്തുകൊള്ളും.

നിങ്ങള്‍ ഒന്നും തന്നെ ചെയ്യേണ്ടതില്ല.

നിങ്ങള്‍ക്കുവേണ്ടി അവന്‍ വിയര്‍പ്പൊഴുക്കട്ടെ.....

വിയര്‍പ്പ് പാടത്ത് പച്ചപ്പായി നിറയട്ടെ.....

വിയര്‍പ്പിന്റെ പങ്ക് എന്റെ കണക്കുപുസ്തകത്തില്‍ അക്കങ്ങളായി, സ്ഥാനക്രമത്തില്‍ നിറയട്ടെ.........

അക്കങ്ങളെ ഊറ്റിയൂറ്റി എന്റെ കുഞ്ഞുങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും കുടിച്ചുന്മദിയ്ക്കട്ടെ...

"ഗര്‍ മേ കോന്‍ കോന്‍ ഹേ ….... ?"

വീട്ടില്‍ ആരൊക്കെയുണ്ട് സഹോദരാ ?

"ഗര്‍ മേ മാ അകേലാ ഹേ......"

വീട്ടില്‍ അമ്മ ഒറ്റയ്ക്കാണ്.

ദൂരെ ചേറില്‍ ചിക്കിച്ചികയുന്ന ദേശാടനക്കിളികളെ നോക്കി അവന്‍ നെടുവീര്‍പ്പിട്ടു.

"ബാബൂജി ബഹുത്ത് ദിനോം സെ ലാപതാ ഹേ ….. "

അച്ഛനെ കാണാതായിട്ട് ഒരുപാട് നാളായി.

അവരുടെ കുടുംബം പരമ്പരകളായി ദേശാടകരാകുന്നു.

ഓരോരോ നാടുകളില്‍ അന്നം തേടിപ്പോകുന്നവര്‍. പിറന്ന നാട്ടില്‍ പണിയില്ലാത്തവര്‍. പണിയെടുത്തിട്ടും കൂലി കിട്ടാത്തവര്‍. മാടുകളേപ്പോലെ പുല്ലിനും തീറ്റയ്ക്കുമായി പണിയെടുത്തു് മടുക്കുന്നവര്‍. അവരെ നമ്മള്‍ക്ക് പ്രവാസികള്‍ എന്ന് ഓമനപ്പേരിട്ട് വിളിയ്ക്കാം. ദേശദേശാന്തരങ്ങളില്‍, പാടത്തും പറമ്പിലും പണിയെടുത്ത് അവര്‍ അഷ്ടിയ്ക്ക് വക സ്വരുക്കൂട്ടുന്നു.

ഉറ്റവര്‍ക്കായി ഇരുണ്ട ഭൂഖണ്ഡങ്ങളില്‍ അന്നം തേടിപ്പോകുന്നവരത്രേ പ്രവാസികള്‍. അവര്‍ തങ്ങളുടെ വിയര്‍പ്പെല്ലാം കിട്ടിയ കാശിന് വില്ക്കുന്നു, സ്വപ്നങ്ങള്‍ കണ്ടു മയങ്ങുന്നു, സ്വപ്നങ്ങള്‍ തന്നെ കണ്ടുറങ്ങുകയും ഉണരുകയും ചെയ്യുന്നു.

പ്രവാസത്തിന്റ നോവും വിയര്‍പ്പും സ്വപ്നങ്ങളുടെ ഉണ്മയും കലര്‍ന്ന നാളുകളില്‍ അവര്‍ കൂട്ടമായി വന്ന് പാടത്തും പറമ്പിലും ചേറില്‍ ചിക്കിച്ചികയുന്നു.

ബിഹാരിയുടെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനുമൊക്കെയും പ്രവാസികളായിരുന്നു. ഒരോ ഋതുക്കളും അവര്‍ ഓരോ നാടുകളിലായലഞ്ഞു. ഓരോരോ നാടുകളില്‍ മെയ്യനക്കാന്‍ വയ്യാത്തവര്‍ക്കുവേണ്ടി വിതച്ചു, ഞാറ് നട്ടു, കൊയ്തു, കളകള്‍ പറിച്ചു, മെതിച്ചു, കാറ്റത്തിട്ടു, വൈക്കോലുണക്കി.

എന്നിട്ടും ബിഹാരിയുടെ അമ്മ ഇപ്പോഴും ബഡാ സാബിന്റെ പശുത്തൊഴുത്തിനരികിലെ ചായ്പ്പില്‍ താമസിയ്ക്കുന്നു. ബഡാ സാബിന്റെ അടുക്കളയിലെ പാത്രങ്ങള്‍ കഴുകിക്കൊടുക്കുന്നു, മുറ്റമടിയ്ക്കുന്നു, ചാണകം കോരുന്നു. പശുവിനെ കുളിപ്പിയ്ക്കുന്നു.......

ലേക്കിന്‍ ഭഗവാന്‍‍ കേ കൃപാ സേ മാ ബില്‍ക്കുല്‍ ഠീക്ക് ഹേ.......

എങ്കിലും ഭഗവാന്റെ കൃപകൊണ്ട് അമ്മ വളരെ സുഖമായിരിയ്ക്കുന്നു…..

പ്രവാസത്തിന്റ ഇരുളില്‍നിന്നും അച്ഛന്‍ ഇടയ്ക്കൊക്കെ വെളിപ്പെട്ടു വരുമ്പോള്‍ കുഞ്ഞുബിഹാരിയും അമ്മയും ഒരു നക്ഷത്രലോകത്ത് വിരുന്നിനെത്തിയവരെ പോലെയായിരിയ്ക്കും.

പശുത്തൊഴുത്തില്‍ മിന്നാമിനുങ്ങുകള്‍ ഇമചിമ്മിപ്പറക്കും.

കൊതുകുകള്‍ മൂളക്കമിടും.

വേച്ചുവേച്ച് , കൈനിറച്ചും പണവുമായി, ഏതൊക്കെയോ കൂരിരുള്‍ക്കാടുകളില്‍ നിന്നും വലിയ ബിഹാരി പ്രത്യക്ഷനാകുന്നു.

പണക്കിഴി കയ്യില്‍ വച്ച് അയാള്‍ ബീവിയുടെ കാതില്‍ മൊഴിയും.

"ബസന്തീ, യേ രഖ്നാ......"

ബസന്തീ, നീയിത് വച്ചുകൊള്ളുക. ഈ പണം നമ്മള്‍ക്കൊരു കൊച്ചു വീടു് പണിയുവാനായി നീ സൂക്ഷിച്ചു വയ്ക്കുക.

ഒരു കൊച്ചുമാടം.

തീരെ ചെറുത്.

ചെറുതെങ്കിലും സ്വന്തം.

തുരുമ്പിച്ച മേല്‍ക്കൂരയ്ക്കിടയിലൂടെ നക്ഷത്രങ്ങള്‍ സ്വപ്നങ്ങളായി പെയ്തിറങ്ങുകയായി.

ഒരു കൊച്ചുമാടം, തീരെചെറുത്, ചെറുതെങ്കിലും സ്വന്തം.

എച്ചില്‍ പാത്രങ്ങള്‍ നീരൂറ്റിയെടുത്ത ബസന്തിയുടെ ശുഷ്കിച്ച കൈവിരലുകള്‍ തലോടി, അയാള്‍ ആ മിഴികളില്‍ മിഴി നട്ടിരിയ്ക്കും.

"ബസന്തീ, ….. ആജ് തും ബഹുത്ത് ഖൂബ്സൂരത്ത് ലഗ്തീ ഹോ........"

നീയിന്ന് ഏറെ സുന്ദരിയായിരിയ്ക്കുന്നു.

ചോര വറ്റിയ കണ്‍തടങ്ങളില്‍ നാണത്തിന്റെ തിരയിളക്കം കണ്ട് അയാളിരിയ്ക്കുന്നു. ഉറങ്ങണമെന്നില്ലാതെ ഉറങ്ങി ഉണരുമ്പോള്‍ അയാളുടെ കൈകള്‍ വിറയാര്‍ന്നിരിയ്ക്കും.

ബസന്തീ, നിന്റെ പണക്കിഴിയൊന്നു തുറക്കുക. ഇന്നത്തേയ്ക്കുമാത്രം. എന്റയീ കൈകളുടെ ഈ നാശം പിടിച്ച വിറയൊന്നു മാറ്റുവാന്‍ മാത്രം. ഒരല്പം മദ്യം. ഇന്നിത് അവസാനത്തേതായിരിയ്ക്കും.

നിര്‍ത്തി. ഇന്നത്തോടെ ഇതെല്ലാം നിര്‍ത്തി.

നമ്മുടെ മകനെ പഠിപ്പിച്ച് വലിയ ആളാക്കണ്ടേ?

ങ്ഹാ....

സ്വന്തമായൊരു കൊച്ചുമാടം പണിയേണ്ടേ ?

വേണം....

ബസന്തി തലയാട്ടുന്നു. ഓരോ ദിവസവും ബസന്തി തലയാട്ടുന്നു. അവളുടെ തലയ്ക്കാമ്പുറത്തെ തുരുമ്പെടുത്ത തകരപ്പെട്ടിയിലെ പണക്കിഴി ശുഷ്കമാകുന്നു. ശൂന്യമായ പണക്കിഴി നോക്കി അയാള്‍ നെടുവീര്‍പ്പിടും.

ഇനിയും അയാള്‍ക്ക് പോകണം. അയാളുടെ പ്രിയപ്പെട്ട പണിയിടങ്ങളിലേയ്ക്ക്. പോകാതെ തരമില്ല. ദൂരെ കേരളക്കരയില്‍ വെള്ളമൊഴിഞ്ഞ പാടശേഖരങ്ങള്‍ അയാളെ കാത്തിരിയ്ക്കുകയാണ്. വിത്തുകള്‍ മുള പൊട്ടി വിതുമ്പി നില്ക്കുകയാണ്.

ബിഹാരിയ്ക്ക് ഇനി നാട്ടില്‍ നിന്നുകൂടാ.

ദേശാടനക്കിളികള്‍ക്ക് നില്ക്കാന്‍ നിയോഗമില്ല. കാലചക്രത്തിന്റെ സമയ സൂചികകള്‍ക്കൊത്ത് അവരുടെ സ്ഥാനം മുന്‍നിശ്ചയിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പോകാതിരിയ്ക്കാനാവില്ല.

കുഞ്ഞുബിഹാരിയെ അമ്മ എന്നും താരാട്ടുപാടിയുറക്കി.

ബഡാ സാബിന്റെ പശുത്തൊഴുത്തില്‍ നിന്നും കൊതുകുകള്‍ കാതുകൂര്‍പ്പിച്ചു നിന്നു.

സോജാ, മേരാ ലാഢലാ.....

ഉറങ്ങുക നീയെന്റെ പൊന്നുമകനേ.

കൈനിറയെ കളിപ്പാട്ടങ്ങളുമായി ഒരുനാള്‍ നിന്റെ ബാബൂജി തിരിച്ചുവരും, ഇപ്പോള്‍ നീയുറങ്ങിക്കൊള്ളുക...

ബാബൂജി തിരിച്ചു വന്നില്ല.

പ്രവാസത്തിന്റ ഇരുളാര്‍ന്ന കാരാഗൃഹത്തിലകപ്പെട്ടുവോ?

ദിക്കറിയാതെ പ്രപഞ്ചത്തിന്റെ മറുകരയിലകപ്പെട്ടു പോയോ ?

ബാബൂജി മകന് കളിപ്പാട്ടങ്ങളുമായി വന്നില്ല.

ബസന്തിയുടെ മുന്നില്‍ വേച്ചുവേച്ച് പണക്കിഴിയുമായി വീണ്ടുമൊരിക്കല്‍ കൂടെ വന്നു നിന്നില്ല.

ബാബൂജി ഒരിയ്ക്കലും തിരിച്ചു വന്നില്ല.

മുതിര്‍ന്നപ്പോള്‍ കൊച്ചുബിഹാരി പറഞ്ഞു.

"അബ് മേ ആദ്മി ബന്‍ ഗയാ ഹൂം …... മേ കേരളാ ജായേഗാ....."

ഇപ്പോള്‍ ഞാന്‍ ഒരു ആണൊരുത്തനായിരിയ്ക്കുന്നു, എനിയ്ക്ക് കേരളത്തിലേയ്ക്ക് പോകണം. ബാബൂജിയ്ക്ക് ഇഷ്ടപ്പെട്ട പണിയെടുക്കണം. ബാബൂജിയെ തിരിച്ചു കൊണ്ടു വരണം.

ബാബൂജിയ്ക്കേറ്റവും പ്രിയപ്പെട്ട കേരളത്തിലെ ഏതെങ്കിലും നടവഴികളില്‍, ഏതെങ്കിലും വയല്‍വരമ്പുകളില്‍‍, എതെങ്കിലും കുന്നിന്‍ ചരിവുകളില്‍ നിന്നും ഞാന്‍ അച്ഛനെ വീണ്ടെടുത്തു കൊണ്ടുതരും അമ്മയ്ക്ക്.

"മുജേ ഡര്‍ ലഗ് രഹാ ഹേ ബേട്ടാ........തൂ ബീ........."

അമ്മയ്ക്ക് പേടിയാകുന്നു മോനെ. ബാബൂജിയേപ്പോലെ നീയും......

"ഡരോ മത്ത്, മാ....."

ഒന്നും വരില്ല, അമ്മ ധൈര്യമായിരിയ്ക്കുക.

ഇപ്പോള്‍ എന്റെ മുന്നില്‍ വന്നു നില്ക്കുന്നത് രാജ് ബിഹാരി.

ആദ്മി ബന്‍ ഗയാ ഹേ വോ.......

വളര്‍ന്ന് ഒരാണൊരുത്തനായിരിയ്ക്കുന്നു.

അവന്‍ എന്റെ മുന്നില്‍ വിയര്‍പ്പു വില്ക്കാനായി വന്നു നില്ക്കുന്നു.

അവന്റെ വിയര്‍പ്പ് എന്റെയും നിങ്ങളുടേയും അന്നമാകുന്നു.

അന്നം ദൈവമാകുന്നു.

പാടത്തിറമ്പത്ത്, പൊള്ളുന്ന വെയില്‍ച്ചിറകുകള്‍ക്ക് എത്തിപ്പിടിയ്ക്കാനാവാത്തയിടത്ത് ഞാനിരിയ്ക്കുകയാണ്.

താഴെ, ബിഹാരിമാര്‍ പാട്ടുപാടി, ഞാറ് നട്ടു. അവരെ തൊട്ടും തലോടിയും ദേശാടനക്കിളികള്‍ അലസമായി ചേറില്‍ ചിക്കിച്ചികഞ്ഞു നടക്കുന്നുണ്ടായിരുന്നു.

അങ്ങു ദൂരെ, ബിഹാരിയുടെ കൊച്ചു ഗ്രാമത്തില്‍, ബഡാ സാബിന്റെ പശുത്തൊഴുത്തിനരികെ, ചായ്പ്പില്‍, ബസന്തിയുടെ നെഞ്ചില്‍ തെള്ളി ഉണര്‍ന്ന താരാട്ടിന്റെ ഈണങ്ങളില്‍ ശോകഛവി കലര്‍ന്നിരുന്നു.

ലൌട്ടാ മേരേ ലാഢലാ..... ലൌട്ടാ.......

മടങ്ങി വരിക എന്റെ പൊന്നുമകനേ.……

© വിനോദ്Rate this content
Log in

More malayalam story from വിനോദ് കെ എ

Similar malayalam story from Classics