Hibon Chacko

Drama Romance Thriller

4  

Hibon Chacko

Drama Romance Thriller

ബോൺ (Part 7)

ബോൺ (Part 7)

3 mins
267



“എന്താ മോളെ സംഭവിച്ചത്...

എന്തെങ്കിലുമൊന്ന് പറയുവാൻ പറ്റുമോ?”

   ഒന്നുരണ്ടുനിമിഷം ഹണി അവശഭാവത്തിൽത്തന്നെ ജിനിയെ തിരികെ നോക്കി കിടന്നു, മുഖത്തുനിന്നും കണ്ണുകളെടുക്കാതെ. ശേഷം തീരെ മെല്ലെ പറഞ്ഞു;

“വീട്ടീന്ന്... രജിസ്റ്റർ ചെയ്യാൻ... ഇറങ്ങി... വന്നതാ...

അതിന്... കുറച്ച്... കുറച്ച് പ്രശ്നങ്ങൾ... ഉണ്ടായി...”

   ഇത്രയും പറഞ്ഞപ്പോഴേക്കും കുറച്ചു ബുദ്ധിമുട്ടിലായി ഹണി. അതുകണ്ട് ജിനി അവളുടെ മുഖത്ത് തടവിയശേഷം ‘സാരമില്ല, ഉറങ്ങിക്കോ’ എന്നുംപറഞ്ഞു എഴുന്നേറ്റു. ശേഷം ശബ്ദമുണ്ടാക്കാതെ ഒന്നുനിശ്വസിച്ചശേഷം പുറത്തേക്കു വന്നു. ഹിബോൺ തല കുനിയ്ക്കാതെ കുനിച്ചങ്ങനെ നിൽക്കുകയായിരുന്നു.

“നിനക്ക് അതുപോലെയൊരു ഷൂസ് ഇടമായിരുന്നില്ലേടാ...

ചെരിപ്പ് മാത്രമായിട്ടെന്താ മാറ്റിക്കളഞ്ഞത്...!”

   അവന്റെ നഗ്നമായ പാദങ്ങളിലേക്കും, അഴിച്ചിട്ടിരിക്കുന്ന ചെരുപ്പിലേക്കും മാറി-മാറി നോക്കിയശേഷം ജിനി ഇങ്ങനെ, പരിഹാസരൂപേണ പറഞ്ഞു. അവൻ മറുപടിയായി ജിനിക്കുനേരെ നിൽക്കെ, തന്റെ ചെരുപ്പിലേക്കും അവളുടെ മുഖത്തേക്കും ഒരുപോലെ നോക്കാതെ നോക്കി നിന്നതേയുള്ളു. ഒന്നുരണ്ടുനിമിഷം ജിനി അവന്റെ മുഖത്തേക്കുതന്നെ നോക്കിനിന്നു. ശേഷം വേഗത്തിൽ അവന്റെ കൈയ്യിലിരിക്കുന്ന ഫുഡ്‌ വാങ്ങിച്ചുപിടിച്ചശേഷം മുഖം കറുപ്പിച്ചവൾ പറഞ്ഞു;

“പിന്നെ, ഇവിടെ എന്റെ കൊച്ച് ഉറങ്ങിക്കൊണ്ടിരിക്കുവാ...

ഇവിടെ സി. സി. ടി. വി. യും ഉണ്ട്... ഓർമ്മവേണം നിനക്ക്,,”

   അവളുടെ മുഖത്തേക്ക് തറപ്പിച്ചുനോക്കാതെയവൻ മറുപടിയായി മെല്ലെ തലയാട്ടിപ്പോയി. അപ്പോഴേക്കും പൊടിമഴ, എല്ലാത്തിനെയുമൊന്ന് നനച്ച് അവസാനിച്ചിരുന്നു. ഒന്നുകൂടി അവനെയൊന്ന് തറപ്പിച്ചു നോക്കിയശേഷം അവൾ താഴേക്ക് തിരിഞ്ഞിറങ്ങിപ്പോയി. വെറുംകൈയ്യോടെയെന്നപോലെ, എന്തോ ഭാരം നഷ്ടമായവിധം അവനങ്ങനെ നിന്നുപോയി. ജിനി താഴെയെത്തി വാഹനത്തിൽ കയറി, വന്നതുപോലെ -വാഹനം തിരിച്ച് സ്റ്റേഷൻ ലക്ഷ്യമാക്കിയെന്നവിധം പോകുന്നത് ശ്രദ്ദിക്കാതെ ശ്രദ്ദിച്ചവൻ കണ്ടു.

   പുറത്തുനിന്നാകെ രാത്രിയുടെ ശാന്തത മാത്രം. എന്നാൽ പുറത്തെ മഞ്ഞവെളിച്ചം തന്റെ മനസ്സിന്റെ അപ്പോഴത്തെ പ്രതിബിംബമാണെന്നവന് തോന്നിപ്പോയി. അല്പസമയംകൂടി കടന്നുപോയതോടെ അവനല്പമൊന്നയയേണ്ടിവന്നു. ഹണി അകത്തുകിടന്നുറങ്ങുന്നത് അവനൊരുനിമിഷം നോക്കി. മുന്നിലുള്ള മെയിൻ ഡോർ ക്ലോസ് ചെയ്യുവാൻ അവനൊരു മടി തോന്നി. തന്റെ, തോൽചെരുപ്പിനെ ഓർമ്മിപ്പിക്കുന്ന പാദരക്ഷ നിലത്തുനിന്നുമവൻ കൈകളിലെടുത്തു. അതിന്റെ പുതുമ മണിക്കൂറുകൾക്കൊണ്ട് മങ്ങിയിരിക്കുന്നതായി അവന് കാണുവാൻ സാധിച്ചു. മെല്ലെ അതിന്റെ പിന്നിലെ കെട്ടുകളിൽ ഒരുകൈയുടെ വിരലുകൾ കൊളുത്തിപ്പിടിച്ചവൻ, തന്റെ പിന്നിലേക്ക് പിടിച്ചുകൊണ്ട് -പിന്നിൽ മറ്റേ കൈ അതിനോട് കൊളുത്തിയിട്ടു. ഒപ്പം തിരിഞ് തന്റെ മുന്നിലേക്ക്, മഞ്ഞ വെളിച്ചത്തിന്റെ മുന്നിലേക്ക്, ക്വാർട്ടേഴ്സിന്റെ പുറത്തേക്ക്, രാത്രിയുടെ വിജനതയിലേക്ക് നോക്കി നഗ്നപാദനായി തുടർന്നുനിന്നു.

   ഒരുവേള അവൻ ശ്രദ്ധിച്ചു ആ നിൽപ്പിൽ -മുന്നിലെ വഴി വിജനമാണ് തീർത്തും. ഇതുവരെ നടന്ന സംഭവങ്ങൾ ഓരോന്നായി, പടിപടിയായി അവൻ ഓർത്തെടുത്തു വീണ്ടും. ആത്മഹത്യ ചെയ്യുവാൻ റെയിൽവേ ട്രാക്ക് അന്വേഷിച്ച് ചെന്ന താനാണ്... അവിടേക്ക് ഹണി രക്ഷപെടുവാനെത്തി... അവിടെനിന്നുമുള്ള രക്ഷപെടൽ... ഇരുവരുടെയും കഥകൾ... പോലീസുകാരുടെ സമീപനം... ഡോക്ടർ... ഒരുവശം തനിക്ക് എന്തുചെയ്യണമെന്നറിയാതെ വരുമ്പോൾ അതേ മറുവശം താൻ എന്തുചെയ്തിട്ടും ഫലമില്ലെന്നറിയിക്കുന്നത്... കറുത്ത പാന്റ്സ്, ഹാഷ് കളർ, ചെരുപ്പും ഷൂസും -അവന്റെ ചുണ്ടിൽ മന്ദഹാസം പൊഴിഞ്ഞുപോയി.

   മുന്നിൽ ശാന്തമായ, വിജനമായ അർദ്ധരാത്രിയും പിന്നിൽ സോഫയിൽ കിടന്നുറങ്ങുന്ന ഹണിയും... നടുവിലായി അവനങ്ങനെ നിൽക്കുകയാണ്, മുന്നിലെ മഞ്ഞവെളിച്ചത്തിന്റെ അകമ്പടിയിൽ. തനിക്കുൾപ്പെടെ കൈകാര്യം ചെയ്യുവാൻ സാധിക്കാതെവന്ന അവസരങ്ങളിൽ കൃത്യതയോടെ ഓരോന്ന് സംഭവിച്ചതോർത്തു അവൻ വീണ്ടുമെന്നപോലെ. തന്റെ പ്രവർത്തികൾക്ക് അതിയായ വിധത്തിലും, തനിക്ക് മുന്നോട്ടുപോകുവാൻ സാധിക്കുമെന്നവൻ ചിന്തിച്ചുപോയി. എത്രയെത്ര ചോദ്യങ്ങളിനി പരസ്പരം ബാക്കി -ഹിബോൺ ഹണിയെപ്രതി ഓർമ്മിച്ചു, എത്രയെത്ര ഉത്തരങ്ങളും... എന്തൊക്കെ സംഭവിച്ചു, ഇനി എന്തൊക്കെ സംഭവിക്കുവാനിരിക്കുന്നു...

   ഒരു ചെറിയ തണുത്ത കാറ്റേറ്റതോടുകൂടി ആ നിൽപ്പിന് വിരാമമിടുവാൻ അവൻ ആഗ്രഹിച്ചുപോയി. കാരണം ക്ഷീണം തന്റെ അവസാന ആയുധം അവനിൽ പ്രയോഗിച്ചിരുന്നു. അവൻ തിരിഞ്ഞു കൈയ്യിലെ ചെരുപ്പ് പഴയ സ്ഥാനത്തിട്ടശേഷം അകത്തേക്ക് കയറി ഡോർ മെല്ലെ അടച്ചു. മഞ്ഞവെളിച്ചം മറഞ്ഞപാടെ പിന്നെ കാണേണ്ടത് ഹണിയെയാണ്. ഒരു ടേബിൾ ലാമ്പിന്റെ മാത്രം വെളിച്ചമായിരുന്നു അപ്പോഴവർക്കിടയിൽ ഉണ്ടായിരുന്നത്. അവനവളുടെ അടുത്തേക്ക് ചെന്നുപോയി. അവൾ സുരക്ഷിതയായവിധം ഉറക്കത്തിലാണ് എന്നവന് തോന്നി. തനിക്കുനേരെ ചരിഞ്ഞുകിടക്കുന്ന അവളുടെ പിൻകഴുത്തിലൊരിടത്തായി ഒരു നക്ഷത്രം ടാറ്റൂ ചെയ്തിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ട്രിപ്പ് അവസാനിപ്പിക്കാറായെന്ന് മനസ്സിലാക്കി അവൻ, അതിന്റെ ബന്ധം വിഛേദിച്ചശേഷം സോഫയ്ക്കടുത്തായി നിലത്ത് ഭിത്തിയോട് ചാരിയിരുന്ന് കണ്ണുകളടച്ചു.

9

   മെല്ലെ കണ്ണുകൾ തുറന്നുപോകുന്ന ഹിബോൺ കാണുന്നത് പുറത്തുനിന്നും മെയിൻ ഡോറിലൂടെ പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ ഹാളിലേക്ക് പതിച്ചുനിൽക്കുന്നതാണ്. അതിനൊരു വെള്ളിനിറമുണ്ടെന്നവന് തോന്നിപ്പോയി. അതിനപ്പുറത്തുനിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടുതുടങ്ങി, ആദ്യം മുറിഞ്ഞു-മുറിഞ്ഞും പിന്നീട് നിർത്താതെയും. അമ്മ അശ്വസിപ്പിക്കുവാൻ ശ്രമം തുടരുകയാണ്. താൻ രാത്രി വെളുക്കുംനേരം ഇരിപ്പുറപ്പിച്ചിടത്ത്, അതുപോലെ തന്നെയാണ് എന്നവൻ മനസ്സിലാക്കിയനിമിഷം സോഫയിലെ ഹണിയെ നോക്കി. എന്നാൽ അവളവിടെ ഇല്ലായിരുന്നു. പകരം പക്ഷെ അവളുടെ ഷൂസും ലേഡീബാഗും സോഫയുടെ അടുത്തായുള്ള ചെറിയ ടേബിളിൽ താഴെയും അടുത്തുമായി യഥാക്രമം ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഇത്തവണ ട്രിപ്പ്‌ ഇട്ടതിന്റെ ബാക്കിപത്രങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.

   അപ്പോൾ തന്റെ മുന്നിലേക്കെന്നതുപോലെ ജിനി, രാത്രിയിലെ അതേഭാവത്തിൽ -യൂണിഫോമിൽത്തന്നെ കിച്ചണിൽനിന്നും എന്തോ തിരക്കിട്ട ജോലിക്കുശേഷം വരികയാണ്. ഹിബോൺ അവളെക്കണ്ട് നോക്കിയതും, അവളത് ശ്രദ്ധിച്ച് പൊടുന്നനെ ധൃതിഭാവിച്ച് പറഞ്ഞു;

“വേഗം ദാ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് സ്റ്റേഷനിലേക്ക് വാ...

സുഖമായിട്ട് ഉറങ്ങിയതൊക്കെ മതി... മതി,,”

   വശത്തേക്ക് ആംഗ്യം കൂടികാട്ടിയാണവളിത് പറഞ്ഞത്. ഒരുനിമിഷമൊന്ന് നിർത്തി അതേപടിയിൽ അവൾ തുടർന്നുപറഞ്ഞു;

“ഞാനും എന്റെ കെട്ടിയോനും ഇതുവരെ

ഒരുപോള കണ്ണടച്ചിട്ടില്ല,, അറിയാമോ... വേഗം, വേഗം...”

   അതിന്റെ ഊർജ്ജത്തിലവൻ എഴുന്നേൽക്കുവാൻ തുടങ്ങിയപ്പോഴേക്കും സോഫ ലക്ഷ്യമാക്കി, ഒന്നു ഫ്രഷായവിധം ഹണി മെല്ലെ എത്തി, നഗ്നപാദയായി. അവൻ എഴുന്നേൽക്കുന്നതിനിടയിൽ അവളെയൊന്ന് നോക്കി, ഭാവമൊന്നുംകൂടാതെ. അവളവനെ ഒരുനിമിഷം നോക്കിപ്പോയശേഷം പിന്നിലായി ഇരുവരേയും വീക്ഷിച്ചുനിന്നുപോയിരുന്ന ജിനിയെ ഒന്ന്‌ തലതിരിച്ചുനോക്കി.

തുടരും...



Rate this content
Log in

Similar malayalam story from Drama