ബെല്ല
ബെല്ല
നേരം പുലരാൻ ഇനി രണ്ട് മണിക്കൂർ കൂടിയെ ബാക്കിയുള്ളു.പാതി ചാരി ഇട്ടിരുന്ന കർട്ടൻ്റെ ഇടയിലൂടെ ബെല്ല തൻ്റെ ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ തിരുമ്മികൊണ്ട് നോക്കി. മനുഷ്യൻ്റെ ഉള്ളിലെ ആത്മാവിനെ വരെ വെളിയിൽ കൊണ്ടുവരാൻ രീതിയിൽ കെല്പുള്ള അലാറം ഒരു ദാക്ഷണ്യവും ഇല്ലാതെ അടിക്കുന്നത് കേട്ടാണ് അവൾ ഞെട്ടി എഴുന്നേറ്റത്. ദൈവമേ നേരം വെളുക്കല്ലെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവള് അലാറം നോക്കി, സമയം 3:15. അലാറം വെച്ചത് മാറിപ്പോയ സന്തോഷത്തിൽ അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി നീങ്ങി.അല്ലേലും അലാറം നിർത്തി കുറച്ചു നേരം കൂടി കിടക്കാൻ കിട്ടുന്ന സമയത്തിൻ്റെ സുഖം അത് വേറെ തന്നെയായിരിക്കും.പകൽ അകുന്നതിൻ്റെ വെളിച്ചം ജനലിലൂടെ അവളെ പുണരുന്നുണ്ടായിരുന്നൂ.രാത്രി ഒരുപാട് താമസിച്ചു കെടന്നാൽ പിന്നെ എഴുന്നേക്കുന്ന കാര്യം കൊറച്ച് പാടായിരിക്കും.എന്നാല് നേരത്തെ കെടക്കാൻ തീരുമാനിച്ചാൽ അതിനും വയ്യ.
തലേ ദിവസം കണ്ട സിനിമയുടെ ഡയലോഗുകൾ ഓരോന്നോരോന്നായി അവളുടെ തലയിൽ ഉറക്കെ വിളിച്ചു പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു. മൂലംകുഴിയിൽ സഹദേവനും തൊരപ്പൻ കൊച്ചുണ്ണിയും പീതാംബരൻ സാറും എല്ലാവരും ഉണ്ടായിരുന്നു. പിന്നീടാണ് അതിൻ്റെ കൂട്ടത്തിൽ തൻ്റെ മമ്മിയുടെ ഡയലോഗ് കൂടി വരുന്നുണ്ടെന്ന് അവൾ മനസ്സിലാക്കിയത്.കോഴി കൂവുന്നുണ്ട് നേരം വെളുത്തു.
ഇത്ര പെട്ടന്നോ, കെടന്നത് മാത്രേ ഓർമയുള്ളു. ആ കോഴിയെ തട്ടി പ്ലേറ്റിൽ ആക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലിസി ആൻ്റിയോട് പറഞ്ഞതാ ആ പരട്ട കോഴിയെ കൊടുക്കാൻ അല്ലെ കറി വെക്കാൻ. നാടൻ കോഴിയെ അങ്ങോട്ടു നല്ല മസാല പെരട്ടി വറുത്തു കറി വെച്ചു കഴിച്ചാൽ സ്വർഗം കപ്പ കൂടി ഉണ്ടെങ്കിൽ കിടു. ഞാൻ എന്നെ തന്നെ ഒന്ന് പുകഴ്ത്തി. ഓഫ് ആകിയ അലാറം വീണ്ടും ഒന്നുടെ വെക്കാൻ അവള് മറന്നു പോയിരിക്കുന്നൂ. എന്തൊരു മറവിയായിത്.നാശം പിടിക്കാനായിട്ട് ഇന്ന് നല്ല മഴക്കാറുമുണ്ട്.ഏതു നേരത്താണോ ദൈവമേ ഈ പരട്ട അലാറം എടുത്തു വെക്കാൻ തോന്നിയത് എടുത്തു എറിയാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും വൈകിട്ട് വീണ്ടും ഇതിൽ തന്നെ അലാറം വെക്കണം എന്ന് ഓർത്തതുകൊണ്ട് ബ്രഷ് എടുത്തു വാതിൽ തുറന്നു മമ്മിയുടെ അടുത്തേക്ക് ചെന്നു.മമ്മിയുടെ വഴക്കു കേൾക്കാതിരിക്കാൻ വേണ്ടി മുൻകൂർ ആയിട്ട് തന്നെ അവൾ മമ്മിയെ കെട്ടി പിടിച്ചു. അതിൽ മമ്മി വീഴും എന്ന് ഉറപ്പുള്ളത് കൊണ്ട് രക്ഷപെട്ടു.ബെല്ല എഴുനേക്കുനതിന് മുമ്പേ തന്നെ മമ്മി ഏഴുന്നേറ്റിരിക്കും.തലേ ദിവസംരാത്രി തന്നെ ചോദിക്കും എല്ലാർക്കും എന്താ കഴിക്കാൻ വേണ്ടതെന്ന്. ഏത് ഐറ്റത്തിന് അണോ കൂടുതൽ വോട്ട് ലഭിക്കുന്നത് ആ വിഭവം വളരെ രുചികരമായി ബെല്ലയുടെ മമ്മി ഉണ്ടാക്കും.പിന്നെ എല്ലാം ശട പടെ ശട പടെ എന്നാണല്ലോ.ചിട്ടി റോബോട്ട് പോലും മാറി നിൽക്കും.
കൂടെ ചെറിയ സഹായവുമായിട്ട് അമ്മച്ചിയുമുണ്ട്. അമ്മച്ചിയോട് ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞാലും ചെറിയ രീതിയിൽ എങ്കിലും അമ്മച്ചിയുടെ കൈമുദ്ര അടുക്കളയിൽ പതിപ്പിച്ചില്ലെങ്കിൽ ഒരു സമാധാനവും കിട്ടുകേല എന്ന രീതിയ. അതുകൊണ്ട് മമ്മി പറച്ചില് നിർത്തി. മമ്മി കഴിഞ്ഞാൽ പിന്നെ വല്യമ്മച്ചി ആണ് അവളുടെ അടുത്ത ഇര.ഞെക്കി പിടിച്ച് ശ്വാസം മുട്ടിച്ചു നമ്മുടെ സുരേഷ് ഗോപി പറയുന്ന പോലത്തെ ഒരു ഉമ്മ കൊടുത്തില്ലെങ്കിൽ അവൾക്ക് ഒരു സമാധാനവും ഇല്ല. മമ്മിയുടെ മോള് ആണെങ്കിലും വല്യമ്മച്ചി കഴിഞ്ഞേയുള്ളു അവൾക്ക് വേറെ ആരും.പിന്നെ കുരിശു വരച്ചു പ്രാർത്ഥന കഴിഞ്ഞ് കോളേജിൽ പോകാൻ ഒരേ തെരക്കാകും.
കോളേജിൽ പോകാനുള്ള ധൃതിയിൽ തൻ്റെ കൊച്ചുമകൾ ഒരുങ്ങുന്നത് അവളുടെ അമ്മച്ചി വളരെ സന്തോഷത്തോടെ നോകിയിരിക്കും.വയസ്സ് എഴുപ്പത്തി മ്മൂന്നിൽ എത്തി നിൽക്കുമ്പോഴും കൊച്ചു കുട്ടികളെ പോലെയാണ് അമ്മച്ചിയുടെ പെരുമാറ്റം. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം അമ്മച്ചി. ഏത്ര താമസിച്ചാലും അമ്മച്ചിയുടെ സ്പെഷ്യൽ ഉമ്മ വാങ്ങാതെ അവൾ കോളേജിൽ പോകാറില്ല.തൻ്റെ അമ്മച്ചിയെ പോലെ വേറെ ആരും ഇല്ലെന്ന അവള് പറയുന്നെ. ബെല്ലയുടെ നെറ്റിയിൽ വല്യപ്പച്ചൻ്റെ മണമുണ്ടെന്ന് അമ്മച്ചി എപ്പഴും പറയും.ഉമ്മയുടെ കൂട്ടത്തിൽ അതും അമ്മച്ചിയുടെ വീക്നെസ്സായി മാറി.
കോളേജിൽ കൊണ്ടു വിടാൻ പപ്പ വരാന്ന് പറഞ്ഞാർന്നൂ. പപ്പ ഹോസ്പിറ്റലിൽ നിന്ന് ഒത്തിരി late ആയിട്ട് ആണ് ഇന്നലെ എത്തിയത്. കാരിത്താസ് ഹോസ്പിറ്റലിലെ cardiologist ആണ് പപ്പ.ഒരുപാട് ജോലി തിരക്ക് കാണും എന്നുള്ളത്കൊണ്ട് ഞാൻ പപ്പയെ അതികം force ചെയ്യാറില്ല ഒന്നിനും.
പക്ഷേ പപ്പ കൊണ്ടിവിടുന്നത് വലിയ സന്തോഷമായിരുന്നു. കാറിൽ ചെന്നു കോളേജിൽ എറങ്ങിയാൽ പപ്പയുടെ സ്ഥിരം ചോദ്യങ്ങളുണ്ട്.
1)വൈകിട്ട് കൊണ്ടുവരാൻ വരണോ?
2) കാശ് വല്ലതും വേണോ?
ഒന്നുമില്ലെങ്കിലും ബസിൽ തൂങ്ങി പോകുന്നതിനെ കാട്ടിലും നല്ലതല്ലേ പപ്പയുടെ കൂടെ പോകുന്നത്. At Least ഈ ചോദ്യങ്ങലെങ്കിലും കേൾക്കാമ്മല്ലോ. മാത്രവുമല്ല കൊറച്ച് ചിക്കിലി കിട്ടുന്ന കേസ് ആയതുകൊണ്ട് നമ്മൾ എന്തിനു വേണ്ടാന്നു പറയണം.
അപ്പനും മകളും തമ്മിൽ ഒരുപാട് കാര്യങ്ങളിൽ സാമ്യമുണ്ട്. ഏത് സിനിമ ഇറങ്ങിയാലും അത് രണ്ടുപേരും കാണാൻ പോയിരിക്കും.രണ്ടുപേർക്കും 'Thalapathy' വിജയ് എന്ന് വെച്ചാൽ ജീവനാണ്.അപ്പൻ 'തുള്ളാത് മനമും തുള്ളും' കണ്ട് കരയുമെങ്കിൽ മകൾ വിജയിയുടെ 'തെരി' കണ്ട് കരയും.ഇതിൽ ഒന്നും പെടാതെ ബെല്ലയുടെ മമ്മി തൻ്റെ രോഗികളെയും കുടുംബത്തെയും നോക്കി സമയം ചെലഴിക്കുന്നു. മമ്മൂട്ടി ഫാൻ ആണെങ്കിലും ഒരു സിനിമ ഒറ്റ പ്രാവശ്യം മാത്രമെ കാണത്തൊള്ളു.പിന്നീട് എവിടേലും വെച്ചു അത് കണ്ടാൽ മമ്മിയുടെ സ്ഥിരം ഡയലോഗ് പൊറത്തെടുക്കും ; ഈ പടം നമ്മൾ നേരത്തെ കണ്ടതല്ലേ. വേറെ പടം എന്തെങ്കിലും ഒണ്ടെങ്കിൽ വെക്ക്.വെച്ചു കഴിയുമ്പഴോ എന്തേലും പണി ആയിട്ട് മമ്മി ഇറങ്ങും.
Allergy and Immunology വിഭാഗം ഡോക്ടറാണ് മമ്മി.ആഴ്ചയിൽ 3 ദിവസം പോയാൽ മതി മമ്മിക്ക് ഹോസ്പിറ്റലിൽ. രണ്ടുപേരും ഒരേ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.മമ്മിക്ക് 3 ദിവസം പോയാൽ മതിയുള്ളത് കൊണ്ട് പപ്പക്ക് ചെറിയ തോതിലെങ്കിലും മമ്മിയോട് ജെലസി തോന്നാറുണ്ട്.
പപ്പ പറയും എനിക്കും അങ്ങനെ തന്നെ ആയിരുന്നെങ്കിൽ ഫ്രീ ടൈമുകളിൽ എത്ര സിനിമകൾ കണ്ട് തീർക്കാമായിരുന്നു.
വെറുതെ ഇങ്ങനെ ഇരുന്നു സിനിമ കാണാൻ ഇങ്ങേർക്ക് ഒരു മടിയുമില്ലേന്ന് മമ്മി ചോദിക്കുമ്പോഴും അതും കണ്ട പടം തന്നെ വീണ്ടും കാണുന്നതിൽ ഒരു മടിയും കാണിക്കാതെ തന്നെ തല ആട്ടുന്ന ടീംസാണ് പപ്പയും മോളും.
മകൾ എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കാൻ റെഡിയായി നിക്കുന്ന അപ്പൻ.മകൾ ചോദികാത്ത പ്രശ്നമേയുള്ളു.എത്ര ബിസി ആണെങ്കിലും മകളെ കൊണ്ട് വിട്ടിട്ടെ അപ്പൻ ഹോസ്പിറ്റലിൽ പോകത്തൊള്ളു. കാറിൽ ആണെങ്കിലും സന്തോഷം ബൈക്കിൽ ആണെങ്കിലും സന്തോഷം.
പപ്പ എന്ന് വെച്ചാൽ അവളുടെ എല്ലാമാണ്. പപ്പയും മകളും എല്ലാത്തിനും തലക്കെ കാണും. ഒറ്റ മകളല്ലെ അതുകൊണ്ട് മകൾ പറയുന്നതിനെന്തിനും അപ്പൻ കൂട്ട് നിക്കണമ്മല്ലോ.എന്നതാണ് ഡേവിഡിൻ്റെ പോളിസി.ഒറ്റമകൾ എന്ന ഹാഷ്ടാഗ് എവിടെ ചെന്നാലും കിട്ടും. സ്കൂളിൽ, കോളേജിൽ, പള്ളിയിൽ ചെന്നാൽ അവിടുത്തെ ചില അമ്മച്ചിമാരുടെ വക.അതുകൊണ്ട് പള്ളിയിൽ പോകാതെ ഞായറാഴ്ച്ച വീട്ടിൽ ഇരിക്കാൻ ഒരു കാരണം അവരായിട്ട് ഒണ്ടാക്കിതരും. പക്ഷേ പള്ളിയിൽ പോകാൻ ഇഷ്ടമുള്ള കാര്യങ്ങളുമുണ്ട്.അച്ഛൻ്റെ പ്രസംഗത്തിൻ്റെ മത്തിൽ ഇരിക്കുമ്പോൾ എടക് എടക്ക് അവിടെ ഇവിടെ ഒക്കെ നിക്കുന്ന ചില കണ്ടിട്ടില്ലാത്ത മുഖങ്ങൾ ഏതാണെന്ന് തപ്പി എടുക്കാനും,കൈയിലെ നെയിൽ പ്പോളിഷ് ചെരണ്ടി കളയാനും,തലക്ക് മീതെ കറങ്ങുന്ന ഫാനിന് സ്പീഡ് പോരാന്നും ഉറക്കം തൂങ്ങാനുമോക്കെ തോന്നാറുണ്ടെങ്കിലും പള്ളിയിൽ ഇരുന്നു പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന സുഖം,അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.മനസ്സിന് ഒത്തിരി ആശ്വാസം തോന്നാറുണ്ട് ഇടക്കെങ്കിലും.
പിന്നീട് വീട്ടിൽ ചെന്നാൽ മലയാളികളുടെ എല്ലാമെല്ലാമായ കള്ളപ്പവും ബീഫ് ഉലത്തിയതും ഇല്ലാതെ ഒരു ഞായറാഴ്ചയെയും ഞങ്ങൾ കടത്തി വിടാറില്ല. മമ്മിയുടെ സ്പെഷ്യൽ അപ്പവും ചിക്കൻ കറിയും, മട്ടൻ കറിയും, എല്ലും കപ്പയും ഇല്ലാതെ എന്ത് ആഘോഷം.
ഇടക്ക് ആഘോഷം കൂടാൻ കുടുംബത്തിലെ എല്ലാവരും വരും.മമ്മിയുടെ അപ്പച്ചനും അമ്മച്ചിയും ആൻ്റിയും അങ്കിളും അവരുടെ പിള്ളാരും ഒക്കെ ആയിട്ട് അങ്ങനെ ഒരു ആഘോഷം.അവരു വന്നാലെ ഒരു പെരുന്നാള് കൂടുന്നത് പോലെയ.പക്ഷേ എല്ലാവരും പോയികഴിയുമ്പോൾ ബെല്ല വീണ്ടും ഒറ്റക്കാകും. ആവുന്നത്ര പിള്ളാരെ ഇവിടെ തന്നെ നിർത്തും. അവർക്കാണേലും പോകാൻ താൽപര്യം ഉണ്ടായിട്ടല്ല,പിന്നെ സ്കൂളും കോളജുമൊക്കെ ഒരു കാരണമാകുന്നതാണ്.
ഇസബെല്ല സമാറ ഡേവിഡ് എന്ന ബെല്ല, ഡേവിഡ് ജോൺ കൊട്ടാരത്തിൽൻ്റെയും സാറാ എലിസബത്തിൻ്റെ എക മകളാണ്.
അപ്പൻറെ അമ്മെടെയും സ്വത്ത്.കോട്ടയത്ത് തന്നെയാണ് താമസവും.എല്ലാവരും വലിയ കൂട്ടുകുടുംബം പോലെയായിരുന്നു കഴിഞ്ഞിരുന്നത് പിന്നീട് അപ്പച്ചൻ മരിച്ചപ്പോൾ കൊറച്ച് പേര് വയനാട്ടിലേക്ക് മാറി താമസിക്കാൻ പോയി.അപ്പൻ അപ്പാപ്പൻമാരയിട്ട് ബിസിനസ്സ് കൈകാര്യം ചെയ്യുന്ന കുടുംബമായിരുന്നു അവരുടേത്.പക്ഷേ ഡേവിഡ്ൻ്റെ ചെറുപ്പം ആയാൾ തൻ്റെ രോഗികൾക്ക് വേണ്ടി മാറ്റി വെച്ചു..പഠിക്കുന്ന കാലത്തെ തന്നെ വലിയ വിദ്യാർത്ഥി സഖാവായിരുന്നൂ.അപ്പൻറെ കമ്മ്യൂണിസ്റ്റ് ചോരയും വീര്യവും അതേപടി മകൻ്റെ പ്രവർത്തികളിലും കാഴ്ചപ്പാടുകളിൽ പ്രതിഫലിച്ചിരുന്നൂ.അമ്മച്ചിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു സഖാവായിട്ട് മകനെ വഴി നീളെ പ്രചാരണത്തിന് വിടുന്നതിൽ പക്ഷേ അപ്പച്ചനെ പേടിച്ചിട്ട് അമ്മച്ചി ഒന്നും പറയില്ലായിരുന്നൂ.അപ്പച്ചൻ പറയും ;അവൻ ഒരു ആണല്ലേടി ജീവിതത്തിൽ എന്തെങ്കിലും ഒക്കെ നേടണം എന്നൊക്കെ ഒരു ആഗ്രഹം ഒണ്ടാക്കി എടുക്കട്ടെയെന്ന്. പണ്ടത്തെ ഓരോ കഥകളും കാര്യങ്ങളും അമ്മച്ചി ബെല്ലക്ക് പറഞ്ഞു കൊടുക്കുമായിരുന്നു.അപ്പച്ചൻ പണ്ട് ഇരട്ട തോക്കുമായി കാട്ടിൽ പോയതും,പന്നിയെ വെടിവെച്ചു കൊണ്ട് വന്നതും, മുറ്റത്ത് അടുക്കളയുടെ വശത്തായി അടുപ്പ് കൂട്ടി പന്നിയെ ചുട്ടതും,പിന്നെ ഷാപ്പിലെ പനംകള്ള് അമ്മച്ചിയെ കുടിപ്പിച്ചതും അങ്ങനെ ഒത്തിരി കഥകൾ ബെല്ലക്കു മനപ്പാഠമായിരുന്നൂ. അമ്മച്ചി പ്രസവിക്കാൻ നേരം ഒത്തിരി ബഹളങ്ങൾ ഉണ്ടായിരുന്നു.കൊച്ച് നഷ്ടപ്പെടും എന്നുവരെ തോന്നിപോയ നിമിഷങ്ങൾ. അപ്പഴാണ് ആദ്യമായി അപ്പച്ചൻ്റെ കണ്ണിൽ കൂടി ഒരിറ്റു നീര് ഒഴുകുന്നത് അമ്മച്ചി കണ്ടത്.ഇപ്പഴും അമ്മച്ചി അത് പറയും.ഒറ്റ തവണയെ കണ്ടിട്ടൊള്ളു.എൻ്റെ ഇച്ഛായൻ എന്ന് അമ്മച്ചി ഇപ്പഴും പറയുമ്പോൾ ആ കണ്ണിലെ സന്തോഷം അത് മറക്കാൻ പറ്റാത്തതായിരുന്നൂ. അതുകൊണ്ട് തന്നെ തൻ്റെ മകൻ ഒരു ഡോക്ടർ ആകണം എന്ന് പറഞ്ഞാലും അപ്പച്ചന് സന്തോഷമായിരുന്നു. അപ്പച്ചൻ്റെ ആഗ്രഹപ്രകാരം അല്ലെങ്കിലും ഡേവിഡിന് ഒരു ഡോക്ടർ എന്ന നിലയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ആയിരുന്നു താൽപര്യം. കൂടെ പഠിച്ചിരുന്ന ഒരു സുന്ദരിയായ ചെറുപ്പക്കാരിയിലും ചെറിയൊരു താൽപര്യം ഉണ്ടെന്ന് മനസ്സിലാക്കിയ വല്യപ്പച്ചൻ പോൾ അവരുടെ കെട്ട് അങ്ങ് നടത്തി. അധികം പ്രേമിച്ചു നടക്കാൻ അപ്പച്ചൻ വിട്ടുകൊടുത്തില്ല.വേറെ ആലോചന കൊണ്ടുവന്നു അപ്പച്ചൻ കൊഴപ്പിചിരുന്നൂ എങ്കിൽ നീ എന്ത് ചെയ്തേനെ എൻ്റെ ഡേവിയെ എന്ന് അമ്മച്ചി തമാശ രീതിയിൽ ചോദിക്കും അപ്പയോട്. ചിരിച്ചു കൊണ്ട് അപ്പ മമ്മിയെ നോക്കുന്നത് നല്ല രസമുള്ള ഒരു കാഴ്ചയാണ്.
ഒറ്റ നോട്ടത്തിൽ ഡേവിഡ്ൻ്റെ കണ്ണുകളിൽ പതിഞ്ഞ ആ ക്നാനായക്കാരി അച്ചായത്തിയാണ് ഇന്ന് ബെല്ലയുടെ മമ്മി സാറാ. അദ്യം ജനിച്ച കുഞ്ഞ് പെണ്ണ് ആയതുകൊണ്ടോ എന്തോ ഡേവിഡ് ഉം സാറയും ഒരു കുഞ്ഞു മതിയെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.വല്യപ്പച്ചൻ്റെം വല്യമ്മച്ചിയുടെയും മൂത്ത കൊച്ചുമകൾ. വല്യപ്പച്ചൻ്റെ സാം കുട്ടി.
കുഞ്ഞായിരിക്കുമ്പോൾ തന്നെ വല്യപ്പച്ഛൻ്റെ ആളായിരുന്നു അവൾ. വൈകുന്നേരത്തെ ജോഗിങ്ങിനും വല്യപ്പചൻ കൊണ്ടുപോകുമായിരുന്നൂ. വല്യപ്പാ എന്നായിരുന്നു സ്ഥിരം വിളി. അത് വല്യയപ്പച്ചൻ എന്ന് മുഴുക്കെ വിളിക്കാൻ ശ്രമിക്കുമ്പോഴും പാളിപോകുന്ന ഓരോ വിളികളെയും പിന്നീട് മാറ്റി വല്യപ്പാ എന്ന് ആക്കി.വർഷം ഇത്രെയും കഴിഞ്ഞിട്ടും വല്യപ്പച്ചാന്ന് മുഴുപ്പിച്ച് വിളിക്കാൻ തോന്നിയിട്ടില്ല.എല്ലാ തരത്തിലും ഒരു അപ്പൻ കൂടിയായിരുന്നു ബെല്ലക്ക്.
പക്ഷെ വളർന്നു വന്നപ്പോൾ ബെല്ല ഒറ്റകായ പോലെ അവൾക്ക് തോന്നി തൊടങ്ങി. കസിൻസ് ഒക്കെ വന്നാലും എപ്പഴും അവർക്ക് ബെല്ലയോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചെന്നുവരില്ലല്ലോ.
അപ്പച്ചൻ്റെ മരണവും ഒരു കാരണമായിരുന്നു.
ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഒരു ചെറിയ വേദന കെടപ്പൊണ്ടെന്ന് അവൾക്ക് അറിയാർന്നൂ.
പിന്നെയുള്ള എക ആശ്വാസം അവളുടെ കൂട്ടുകാരി പൂജ ആണ്. എപ്പഴും വീട്ടിൽ വരും.രണ്ടുപേരും അടുത്തു തന്നെയാണ് താമസം. ചെറുപ്പം മുതലേ രണ്ടുപേരും ഒരുമിച്ചായതുകൊണ്ട് അവസാനം രണ്ടും ഒരേ കോളേജിൽ തന്നെ ചേർന്നു. വീട്ടുകാര് അറിയാതെ അത്യാവശ്യം തല്ലു കൊള്ളിതരം കാണിക്കാനൊക്കെ രണ്ടും മിടുക്കികളാണ്. രണ്ടുപേരും സിനിമ ഇഷ്ടപെടുന്ന ആൾക്കാരാണ്. സിനിമ ഡയലോഗുകളെ വെല്ലാൻ ഇവരെ കഴിഞ്ഞേ ഒള്ളു ആരും. ചില സിനിമകൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരാത്ത രീതിയിൽ മനസ്സിനെ കീഴടക്കും.ഇടക് ക്ലാസ്സിൽ ഇരുന്നു കോമഡി പറഞ്ഞു ചിരിക്കാൻ കിട്ടുന്ന ഒരു അവസരവും ഇവർ പാഴാക്കാറില്ല.
സിനിമ ബെല്ലയുടെ ജീവിതത്തിലും കൊറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നൂ.
പൂജ ആയിരുന്നു അവളുടെ ഏറ്റവുമടുത്ത കൂട്ട്.ബാക്കിയുള്ളവരുമായി നല്ല സൗഹൃദം ഉണ്ടെങ്കിലും പൂജ അവളുടെ എല്ലാമായിരുന്നു. ക്ലാസിൽ രണ്ടുപേരും പഠിക്കാൻ മിടുക്കികകളാണ്. ആവശ്യത്തിന് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെടും.അതിനു വലുതല്ലാത്ത ഒരു ചെറിയ കാരണവും ഉണ്ടായിരുന്നു.കൂട്ടുകാരികൾ പൊതുവേ ഒന്നും മറച്ചു വെക്കാത്ത പ്രകൃതമാണല്ലോ.എന്ത് കാര്യം നടന്നാലും അങ്ങോട്ടും ഇങ്ങോട്ടും പറയുന്ന പോലെ.കോളേജിൽ പൊതുവേ ഒരുപാട് കാമുകി കാമുകന്മാരെ കാണാൻ സാധിക്കുന്ന ഒരു സ്ഥലം കൂടിയായത് കൊണ്ട് തന്നെ ക്ലാസിൻ്റെ വരാന്തയിൽ മാത്രം ഒതുങ്ങി നിൽക്കുമായിരുന്നു അവരുടെ വർത്തമാനങ്ങളും.ബെല്ലക്കും പൂജക്കും പൊതുവേ അങ്ങനെ ആരെയും ഇഷ്ടമില്ലാരുന്നൂ.ഒരാൾക്ക് ഒരാളെ മാത്രം ഒഴിച്ച്.
സ്വന്തം അപ്പനും അമ്മയും പ്രേമിച്ചു കെട്ടിയിട്ടു മകൾക്ക് മാത്രം പ്രേമത്തിനോട് ഭയങ്ങര പുച്ഛം. Best! ഇവൾ എന്താണ് ഇങ്ങനെ. പൂജ അവളോട് ആയി പറഞ്ഞു.
ഇവിടെ മരുന്നിന് പോലും ഒരുത്തനെ കണി കാണാൻ കിട്ടുന്നില്ല.അതങ്ങനെയല്ലെ, കാണാൻ കൊള്ളാവുന്ന ഏതേലും ചെറുക്കൻമാരുണ്ടെങ്കിൽ ഒന്നുങ്ങിൽ committed അല്ലെങ്കിൽ ഒന്നാന്തരം പഠിപ്പി.പക്ഷേ ബെല്ലയുടെ മനസ്സിൽ ഒരാൾ കടന്നു കൂടിയിട്ടുടെങ്കിലും അവൾ അത് ആരോടും പറഞ്ഞിരുന്നില്ല.പൂജയോട് പോലും. പക്ഷേ പൂജക്ക് ചെറിയ തോതിൽ ആരെയൊക്കെയോ മനസ്സിൽ തോന്നാൻ തുടങ്ങിയിരുന്നു. ബെല്ല കഴിവതും ഒഴിഞ്ഞു മാറാൻ ശ്രമിക്കും.
ഒരു സുന്ദരനായ ചെറുപ്പകാരൻ തരകേടില്ലാത്ത പൊക്കം.കാണാൻ നല്ല രസമൊക്കെയുണ്ട്.
എല്ലാവരോടും വർത്തമാനം പറഞ്ഞു നടക്കും.കോളേജ് കുമാരൻ ഒന്നുമല്ല. എല്ലാവരെും പോലെ അവളും വിചാരിച്ചു അവളോട് വന്നു കൂട്ടുകൂടുമെന്ന്. സാധാരണ അവസ്ഥയിൽ ആൺ കുട്ടികളാണല്ലോ കൂടുതൽ അടുക്കുന്നത്.പക്ഷേ ഇവരുടെ കാര്യത്തിൽ ഭാഗ്യത്തിന് അങ്ങനെ ഒന്നും തന്നെ സംഭവിച്ചില്ല.രണ്ടു പേരും നേരിട്ട് കണ്ടാൽ അപ്പോ മാറിക്കളയും.ഒന്നും തുറന്നു സംസാരിച്ചിട്ടില്ല.
പക്ഷേ പല സന്ദർഭങ്ങളിലും അയാളും എന്തേലും മനസ്സിലാക്കിയിട്ടുണ്ടെന്ന് അവൾക്കും തോന്നി. ഒരുപക്ഷെ ഇതുവരെ അല്ലെങ്കിൽ ഒരിക്കലും തുറന്നു പറയാൻ പറ്റാത്ത വണ്ണം എന്തോ ഒരു സംഗതി. Eyes talk എന്നൊരു സംഭവം ഉണ്ടല്ലോ.വാക്കുകൾക്ക് കഴിയാത്തത് കണ്ണുകൾ പറയുന്നത്. അതായിരുന്നു പിന്നീട് അവിടെ നടന്നത്. അതിനും വെറും സെക്കൻഡുകളുടെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ.അതായിരുന്നു ഒരു രസവും just കണ്ണിലോട്ട് ഒന്ന് നോക്കി അടുത്ത സെക്കൻഡിൽ തന്നെ തിരിയണം.
പൂജ സമയം കിട്ടുമ്പോഴെല്ലാം ബെല്ലയോട് ചോദിക്കും.
എടി ഒന്ന് പറയെടി ആരാ അത്? ആരോടും പറയില്ല എന്നൊക്കെ.ആരേലും ഉണ്ടോ അതോ വെറുതെ ഇങ്ങനെ പറഞ്ഞു കളിയാക്കുന്നത് ആണോ?
എന്തൊക്കെയോ ആയിരുന്നു അവളുടെ പ്രശ്നങ്ങൾ.
ഒരിക്കൽ ആ പേര് പറയാം, ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത്. എന്ന് മാത്രം ഞാൻ പറഞ്ഞു.
പക്ഷേ പ്രേമിക്കാനൊന്നും ബെല്ലയെ കിട്ടത്തില്ല എന്ന് പൂജക്ക് നന്നായിട്ട് അറിയാം.
ബെല്ലക്ക് അത് എന്തുകൊണ്ടാണ് തുറന്നു പറയാൻ പറ്റാത്തതെന്ന് അറിഞ്ഞൂട.അതിപ്പോ ഇത്ര വലിയ കാര്യം ഒന്നും അല്ലല്ലോയെന്നാണ് അവൾക്ക്.പക്ഷേ അവളുടെ വല്ല്യമ്മച്ചിയോട് അവള് എല്ലാം പറയും. വല്യമ്മച്ചിയുടെ suggestions കൂടി കേൾക്കാമല്ലോ.
വല്യമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുമ്പോൾ കിട്ടുന്ന സുഖമൊന്നും വേറെ എവിടെ കെടന്നാല്ലും കിട്ടില്ല.അതൊരു സ്പെഷ്യൽ ഐറ്റം തന്നെയാ.
ഏത്ര പ്രായമായാലും ഈ കെട്ടിപ്പിടിത്തം മാത്രം മാറില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.ബെല്ലയെ സംബന്ധിച്ച് രാത്രിക്ക് പൊതുവേ രണ്ടു പ്രത്യേകതകളാണുള്ളത്.ഒന്ന് പ്രകൃതിയുടെ ഇരുട്ട് എന്ന സൗന്ദര്യവും രണ്ടാമത്തെത് അമ്മച്ചിയുടെ കൂടെയുള്ള ഉറക്കവും.ഇരുട്ടിൻ്റെ ആഴത്തിൽ നിൽക്കുമ്പോളാണല്ലോ പല ചിന്തകളുടെയും വാതിൽ നമ്മൾ തുറക്കുന്നത്. വീണ്ടും അടുത്ത ദിവസം പുലരാൻ വേണ്ടിയുള്ള തയ്യാറെടുപ്പിൽ ബെല്ല തൻ്റെ അലാറം സെറ്റ് ചെയ്ത് 5:15 എന്ന് തന്നെ സെറ്റ് ചെയ്തു. ഒന്നൂടെ ഉറപ്പ് വരുത്തി അവൾ അലാറം ടേബിളിൽ വെച്ചു.
അമ്മച്ചിയുടെ മരുന്നും സാധനങ്ങളും എല്ലാം ബെല്ലയാണ് കൈകാര്യം ചെയ്യുന്നത്.അവൾക്ക് അറിയാം ഏത് മരുന്നാണ് കൃത്യം കൊടുക്കേണ്ടത് എന്ന്. അതുകൊണ്ട് വല്യമ്മച്ചിക്ക് കൊച്ചുമകളെ നല്ല വിശ്വാസമാണ്.മരുന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒരു കാല് തിരുമ്മൽ കൂടിയുണ്ട്.കാൽപാദം മാത്രം തിരുമ്മികൊണ്ടിരുന്ന ബെല്ലയോടു കുറച്ചൂടെ മുകളിലായി മുട്ടിൻ്റെ ഭാഗത്ത് തിരുമ്മാൻ വല്യമ്മച്ചി പറഞ്ഞു.ബെല്ല എന്തൊക്കെയോ മനസ്സിൽ ചിന്തിക്കുന്നുണ്ടാവണം. വല്യമ്മച്ചിക്ക് തോന്നി.
എന്തുവാ കുഞ്ഞേ നീ അലോചിക്കുന്നേ; ആരാ മറ്റെയാ ചെറുക്കനെ കുറിച്ച് ആണോ.
എന്തുവാ വല്യമ്മച്ചി, പിന്നെ കണ്ട ചെറുക്കന്മാരെ ഒക്കെ ഞാൻ അങ്ങ് വിചാരികുവല്ലെ.ഈ അമ്മച്ചിക്ക് ഇത് എന്തൊന്നാ;
ബെല്ല ചെറു പുഞ്ചിരിയോടെ അമ്മച്ചിയെ നോക്കി.
ആരാണെങ്കിലും കൊള്ളാം എന്തേലും നടക്കുവോടിയേ, അമ്മച്ചി ചോദിച്ചു.
ബെല്ല പൊട്ടിച്ചിരിച്ചു. ഈ അമ്മച്ചിയുടെ ഒരു കാര്യം ഒന്നും നടക്കാൻ പോകുന്നില്ല എനിക്ക് അങ്ങനെ ഒന്നും ഇല്ല അമ്മച്ചി.
നിനക്ക് അങ്ങനെ ഒന്നും ഇല്ലെന്ന് എനിക്ക് അറിയാമെടി കുഞ്ഞേ പക്ഷേ എങ്ങാനും ഒരാളെ കണ്ടാൽ പെട്ടന്ന് ചെന്നു ഒന്നും പറഞ്ഞേക്കരുത്. ആദ്യം നമ്മൾ അയാളെ മനസ്സിലാക്കണം.രണ്ടു വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുമ്പോൾ ആദ്യം മനസ്സിലാക്കാനാണ് പഠിക്കേണ്ടത്.പിന്നീട് പരസ്പരം ബഹുമാനിക്കാനും. നിൻ്റെ വല്യപ്പാ അങ്ങനെ അല്ലാർന്നോ.അമ്മച്ചിയോട് എന്തൊരു സ്നേഹമായിരുന്നു. എവിടെ പോയിട്ട് വരുമ്പോഴും എനിക്ക് ഇഷ്ടപെട്ട എന്തെങ്കിലും ഒന്ന് നിൻ്റെ വല്യപ്പാടെ കൈയിൽ കാണും. പിന്നെ വന്നു കഴിഞ്ഞാൽ എൻ്റെ കൈയിന്ന് ഒരു ചൂട് കട്ടൻ കുടിച്ചാലെ അതിയാന് സമാധനമാകുമായിരുന്നുള്ളു.
സ്നേഹിക്കണം മക്കളെ, സ്നേഹിക്കുന്നവരെ നമ്മൾ ഒരിക്കലും ചതിക്കത്തില്ല.അത് ഏത്ര വലിയ ബന്ധമായാലും.
മനസ്സിലായോടിയെ; ബെല്ലയെ നോക്കി വല്യമ്മച്ചി പറഞ്ഞു.
ഓഹ്..മനസ്സിലായി എൻ്റെ സുന്ദരി പെണ്ണേ. അപ്പോൾ കൊട്ടാരത്തിൽ അന്ന കൊച്ചിനും ഒരു പ്രേമം ഒണ്ടായിരുന്നല്ലെ നമ്മുടെ അപ്പച്ചനോട്. ബെല്ല അമ്മച്ചിയെ നോക്കി. ഇപ്പഴും ആ സന്തോഷം കണ്ടില്ലേ;
എൻ്റെ അന്ന കൊച്ചേ I love you; ബെല്ല വല്യമ്മച്ചിയെ മുറുക്കെ കെട്ടി പിടിച്ചു.
ഇങ്ങനെ എന്നെ സ്നേഹിച്ചു കൊല്ലാതെടി കുഞ്ഞേ, എൻ്റെ കർത്താവേ ഇവൾ എന്നെ ഇന്ന് കൊല്ലും. ചെറു പുഞ്ചിരി വരുത്തി വല്യമ്മച്ചി പറഞ്ഞു.
ഒന്ന് പോയെ അമ്മച്ചി, കെട്ടിപിടിച്ചത് ഒന്ന് ചെറുതായി അയച്ചിട്ട് അവൾ മടിയിലേക്ക്ത്താഴ്ന്ന് കിടന്നു.
ബെല്ലയുടെ നെറ്റിയിലേക്ക് ഒരു ഉമ്മ കൊടുത്തിട്ട് അമ്മച്ചി പറഞ്ഞു; വല്യപ്പച്ചൻ്റെ അതേ മണം.
ബെല്ല അന്ന കൊച്ചിനെ നോക്കി ചിരിച്ചിട്ട് കൈയിലേക്ക് ഒരു ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു;
ഞാൻ വല്യപ്പാടെ മോളല്ലെ അമ്മച്ചി.

