അയാൾ
അയാൾ
അയാൾ
ജൂൺ മാസം എൻ്റെ പ്രിയപെട്ട മാസമായിരുന്നു എപ്പഴും. മഴയുള്ളതു കൊണ്ട് എന്ന് വേണം കരുതാൻ. രാവിലെ തന്നെ മഴയത്ത് കോളജിൽ പോകാനൊരു ചെറിയ മടി ഒണ്ടെങ്കിലും അത് മാറ്റിവെച്ചു ഞാൻ ഫോണിൽ Spotify ഓപ്പൺ ചെയ്ത് എൻ്റെ ഫേവറിറ്റ് ലിസ്റ്റില് ഒള്ള കൊറേ പാട്ടുകൾ മാറി മാറി പ്ലേ ചെയ്തൊണ്ടിരുന്നൂ.അല്ലേലും പാട്ട് കേട്ടുകൊണ്ട് ഒരുങ്ങാൻ എന്നും ഒരു രസമാ.പാട്ട് കേട്ട് സമയം പോകുന്നതും പിന്നെ അമ്മയുടെ വഴക്ക് കേക്കുന്നതും വേറെ ഒരു സുഖമാ.പിന്നെ എല്ലാം കഴിഞ്ഞ് ബസ്സിൽ കയറുമ്പോഴാണ് അതിലും രസം. കണ്ടക്ടറുടെ മൃദുല മനോഹാരിത തുളുമ്പുന്ന ഭാഷ ശൈലിയും ശബ്ദകോശങ്ങളും എൻ്റെ ചെവിയിൽ തൊട്ടും തലോടിയും അങ്ങനെ ഉലാത്തികൊണ്ടെയിരുന്നൂ. കോളജിലേക്കുള്ള വഴിയിൽ എന്നും അറിയുന്ന ആരെയെങ്കിലും കാണും സംസാരിക്കാനും തമാശ പറയാനുമായിട്ട്. ഒറ്റക് നടന്നു പോകാനും വളരെ ഇഷ്ടമാണ്.അതാകുമ്പോൾ പെട്ടന്ന് കോളേജിൽ ചെല്ലും. ഇടയ്ക്ക് ഇപ്പഴും ഓർക്കും ഒരു ചേട്ടൻ ഉണ്ടാർന്നെങ്കിൽ എന്നെ കൊണ്ടുവിടാനും കൊണ്ടുവരാനും വരുവായിരുന്നേൽ എന്ത് രസം ആയിരിക്കും എന്ന്.അങ്ങനെ അത് നടക്കത്തില്ല എന്ന വെഷമo ഉള്ളിൽ ഒതുക്കി ഞാൻ സ്റ്റെപ്പുകൾ കയറി ക്ലാസ്സിൽ ചെന്നു.ക്ലാസ്സിൽ ചെന്നു കഴിഞ്ഞാൽ പിന്നെ എനിക്ക് വളരെ സന്തോഷമാണ്.വീട്ടിൽ പോകാനേ തോന്നില്ല.ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടാൽ എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ് എന്നെ ഓടിച്ചിട്ട് അടിക്കും.പക്ഷേ അവരു ഒള്ളത് കൊണ്ടാണ് ഞങ്ങൾ എല്ലാം ഒരേപോലെ സന്തോഷിക്കുന്നത്. ഒരാളെ ഒരു ദിവസം കണ്ടില്ലെങ്കിൽ അന്നത്തെ ദിവസം ഏത്ര ബോർ ആയിരിക്കും എന്നത് എല്ലാർക്കും അറിയുന്ന കാര്യമാണ്.പിന്നെ ടീച്ചേഴ്സ് ക്ലാസ്സ് എടുക്കുന്ന സമയത്ത് അവരുടെ ഓരോ കോമെടികളും ഫ്രീകിട്ടുന്ന സമയങ്ങളിലെ ഉറക്കവും എല്ലാം അടിപൊളിയായി നടക്കുന്ന ക്യാമ്പസിൽ ഞാൻ പിന്നീട് എന്തിന് വരാതെ ഇരിക്കണം.പ്രത്യേകിച്ച് ഞാൻ എന്ന് വരാതെ ഇരിക്കുന്നോ അന്ന് എന്തെങ്കിലും ഒക്കെ സംഭവിചിട്ടുണ്ടാകും.ഉദാഹരണത്തിന്,ആരെങ്കിലും നല്ല ടേസ്റ്റ് ഒള്ള എന്തേലും ഭക്ഷണം കൊണ്ടുവന്നു കാണും അല്ലെങ്കിൽ ക്യാൻ്റീനിൽ എന്തെങ്കിലും സ്പെഷ്യൽ ആയിട്ട് വന്നിട്ടൊണ്ടാരിക്കും അതും അല്ലെങ്കിൽ ഞങളുടെ സാർ ക്ലീൻ ഷെയിവുചെയ്ത് വന്നു കാണണം. ക്ലീൻ ഷേവ് എന്നും എനിക്ക് ഒരു വീക്നെസ് ആണേന്ന് വൈകിയാണ് എൻ്റെ കൂട്ടുകാർ മനസ്സിലാക്കിയത്. പിന്നുടുള്ള ഇൻ്റർവെൽ സമയത്ത് മഴ തകർത്തു പെയ്യുമ്പോൾ എങ്ങനെയാ ഒരു കാപ്പി കുടിക്കാൻ തോന്നാത്തത്."മഴ, ജോൺസൺ മാഷ്, കട്ടൻ"അങ്ങനെ ആണല്ലോ എല്ലാ മലയാളികൾക്കും.അങ്ങനെ കുടയും പൈസയും എടുത്തു ഒറ്റ പോക്കല്ലെ കാൻ്റീനിലെ ചേട്ടൻ്റെ അടുത്തേക്ക്.അവിടെ ചെന്നു പൈസ കൊടുത്തു ഒരു ഗ്ലാസ് കാപ്പി പറയുന്ന സമയം അവിടെ ഇവിടെ ഒക്കെ നിക്കുന്ന ചില സുന്ദരൻമാരായ ആൺപിള്ളർ എന്നെ നോക്കുന്നുണ്ട് എന്ന് വേണം ഞാൻ കരുതാൻ.പക്ഷേ അതു വെറും തോന്നൽ ആണെന്ന് എനിക്ക് അല്ലെ അറിയൂ.കാപ്പി കുടിക്കുന്ന സമയവും ഞാൻ ആരെയൊക്കെയോ പരതുന്നുണ്ടായ്യിരുന്നൂ.അങ്ങനെ കാപ്പി കുടിച്ചു ഒരു 5 സ്റ്റാർ മിട്ടായി വാങ്ങി നുണഞ്ഞൊണ്ട് വരുമ്പഴാണ് ഞാൻ അയാളെ കാണുന്നത്. ഞങ്ങളുടെ കണ്ണുകൾ ആദ്യമേ ഉടക്കാൻ ശ്രമിക്കുന്നൂണ്ടായിരുന്നൂ.മിട്ടായി വായിൽ കടിച്ചു പിടിച്ചു നനഞ്ഞ കുട മടക്കി സ്റ്റെപ്പുകൾ കയറി വന്ന എന്നെ അയാള് ഒരു വികൃതി പിടിച്ച വട്ട് കൊച്ചു സ്‌റ്റെപുകൾ കയറി വരുന്നത് പോലെ കണ്ടുകാണുo എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.കാരണം അങ്ങനെ തന്നെ ആയിരുന്നു എൻ്റെ വരവും.അയാള് കൂട്ടുകാരികളുടെ കൂടെ താഴെ ക്യാൻ്റീൻലേക്ക് പോകുകയായിരുന്നൂ. അയാളോട് എന്തെങ്കിലും ഒന്ന് സംസാരിക്കണം എന്ന് എനിക്ക് ഒണ്ട്. പക്ഷേ ഞങ്ങൾ രണ്ടുപേരും മാത്രം ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടിയതെ ഇല്ല.തിരിച്ചു നടന്നു ക്ലാസിൻ്റെ വാതുക്ക്ൽ കുട നിവർത്തി വെച്ചിട്ട് ഞാൻ വീണ്ടും കാൻ്റീനിലെക്ക് നോക്കിനിന്നു. അയാളെ തന്നെ.
ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ജീവിതത്തിൽ ചെയ്യാനുണ്ട്. ജീവിതം എന്നത് ആർക്കോ വേണ്ടി തള്ളി നീക്കാന്നുള്ളതല്ല.ഓരോ ദിവസവും ആസ്വദിച്ചു മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കണം.എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന് പറഞ്ഞ പോലെ എന്തിനോ വേണ്ടി ഞാൻ ഇതൊക്കെ സ്വയം എന്നോട് തന്നെ പറഞ്ഞോണ്ട് ഇരുന്നു. ഇടയ്ക്ക് ഇടയ്ക്ക് ഇതൊക്കെ പറയുന്നത് വളരെ നല്ലതാണെന്ന് എനിക്ക് തോന്നി.അങ്ങനെ എൻ്റെ ജീവിതത്തിൽ എന്തൊക്കെ വെറൈറ്റി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് അലോചിച്ചിച്ച് ആലോചിച്ചു അവസാനം കാൻ്റീനിലെ കാപ്പി കുടിക്കുന്ന ആളിലേക്കു എൻ്റെ നോട്ടം പതിച്ചു. മഴ പെയ്തു ടൈൽസ് പാകിയ ഇരിപ്പിടങ്ങൾ എല്ലാം നനഞ്ഞിരുന്നു.അവിടെ പോയി ഇരുന്നു ചെറിയ ചാറ്റൽ മഴയിൽ കാപ്പി കുടിച്ചാൽ എങ്ങനെ ഇരിക്കുമെനുള്ള ദൃശ്യം ഞാൻ വെറുതെ മനസ്സിലൂടെ കടത്തിവിട്ടു. മഴയത്ത് പോയിരുന്ന് കാപ്പി കുടിക്കാൻ ഇതിന് എന്നാ തലക്ക് വട്ടാണോ വല്ല പനിയും പിടിപ്പിച്ച് വന്നാൽ ഇനി മേലാൽ മഴയത്ത് എറക്കില്ല എന്ന അമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ അത്രേം ഓർത്തതും ആ പ്ലാൻ അപ്പാടെ ഞാൻ ഉപേക്ഷിച്ചു. ഇങ്ങനെ ഒക്കെ പറയുമെങ്കിലും അമ്മക്ക് ഞങ്ങൾ കഴിഞ്ഞേ വേറെ ആരും ഒള്ളു. അല്ലേലും എല്ലാ മാതാ പിതാക്കന്മാർക്കും അവരുടെ മക്കൾ എന്ന് വെച്ചാൽ ജീവനല്ലേ.
മഴ മാറിയിട്ടും മേഘം ഇരുണ്ട് മൂടി തന്നെ കിടന്നു. അത് വല്ലാത്തൊരു സന്തോഷം തരുന്ന കാഴ്ചയായിരുന്നു.അടുത്തത് ആരുടെ ബോറിംഗ് ക്ലാസ്സ് ആയിരിക്കും എന്ന് ആകുലപെട്ട് ക്ലാസിലേക്ക് കയറാൻ തുടങ്ങിയ ഞാൻ അവിടെ ഒന്ന് നിന്നു.അതാ യുദ്ധം ജയിച്ചു വരുന്ന വീരശൂര പരാക്രമിയെ പോലെ തൻ്റെ വിജയം സ്നേഹിതയോട് പറയാൻ വരുന്ന ഒരു കാമുകനെ പോലെ എൻ്റെ അടുക്കലേക്ക് അയാളുടെ ശരീരം നടന്നു വന്നു. എൻ്റെയടുക്കലേക്ക് നടന്നു വരുന്ന ആള് ക്യാൻ്റീനിൽ കണ്ട അയാൾ തന്നെ എന്ന് ഞാൻ തിരിച്ചു അറിഞ്ഞു. തരി പേടി എൻ്റെ മനസ്സിൽ കടന്നു കൂടിയെങ്കിലും ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി.കണ്ണാടിയാൽ അലംകൃതമായ കണ്ണുകൾ,അലസമായി ചെറു നനവോടെകിടന്നിരിന്ന നീളൻ മുടികൾ അയാളുടെ നെറ്റി മറച്ചിരുന്നു. ഞാൻ ക്യാൻ്റീനിൽ പരതിയ അതേ ആൾ ,വീണ്ടും എൻ്റെ മനസ്സ് പറഞ്ഞു.ഇയാള് ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ എന്നുള്ള ചോദ്യം എൻ്റെ മനസ്സിൽ കിടന്നു ഡാൻസ് കളിക്കാൻ തുടങ്ങിയിരുന്നു. എന്തിനാ വന്നത് എന്ന് ഒരു ചോദ്യം ചോദിക്കാൻ തുടങ്ങിയതും എൻ്റെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിക്കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അയാള് എന്നോട് ചോദിച്ചു ;
തൻ്റെ ഇംഗ്ലീഷ് നോട്ട് ബുക്ക് ഒന്ന് തരാവോ എന്ന്. കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ വയ്യാത്തത് കൊണ്ടും കോളേജ് തുറന്ന് 10 മാസ കാലത്തിൽ ആദ്യമായി ചോദിക്കുന്ന ചോദ്യം ആയതുകൊണ്ടും എനിക്ക് അത് അവഗണിക്കാൻ തോന്നിയില്ല.എന്ത് പണ്ടാരം എങ്കിലും ആകട്ടെ എന്ന് കരുതി ഇപ്പോള് തരാം എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് പോയി. ബുക്ക് എടുക്കാൻ പോയ സമയം ഇതെല്ലാം കേട്ടുകൊണ്ട് നിന്ന എൻ്റെ സ്നേഹിതയായ കൂട്ടുകാരി അവളുടെ ബുക്ക് എടുത്തു അയാൾക്ക് കൊടുത്തു. കിട്ടിയ ബുക്കും കൊണ്ട് അങ്ങേരു ക്ലാസ്സിലും പോയി. അണ്ടി പോയ അണ്ണാനെ പോലെ ഇംഗ്ലീഷ് ബുക്കും കൈയിൽ പിടിച്ച് ഞാൻ എൻ്റെ ബെഞ്ചിലേക്ക് പതിയെ ഇരുന്നു. ഉചക്ക് ഇനി നീ എൻ്റെ പ്ലേറ്റിൽ കൈ ഇട്ടുവാരാൻ വാടി നിന്നെ ഞാൻ ഈ പരിസരതോട്ട് അടുപ്പിക്കില്ല എന്നൊക്കെ എൻ്റെ മനസ്സ് പറയുന്നത് എനിക്ക് കേക്കാമായിരുന്നൂ. അങ്ങനെ ആ ബോറിംഗ് ക്ലാസും കഴിഞ്ഞൂ.അടുത്തത് ലഞ്ച് ഇൻ്റർവെൽ അത് കഴിഞാൽ ഞങ്ങളുടെ എല്ലാവരുടെയും ഫേവറിറ്റ് ടീച്ചർ ആണ്.ലഞ്ച് കഴിക്കുന്നത് കല്യാണത്തിന് സദ്യ കഴിക്കുന്ന പോലെയാണ്.പല തരം വിഭവങ്ങൾ, ആരുടെ ചോറ്റുപാത്രങ്ങൾ ആണെന്ന് പോലും നോക്കാതെ എല്ലാവരും ഒരുപോലെ ആസ്വദിച്ചു കഴിക്കും.കഴിക്കുന്നതിൽ മുഴുകി ഇരുന്ന ഞാൻ അയാള് പിന്നേം ഞങ്ങടെ ക്ലാസ്സിൽ വന്നത് ശ്രദ്ധിച്ചിരുന്നില്ല. ചിക്കൻ പീസുകൾ മാക് മാക് എന്ന് അടിച്ചൊണ്ടിരുന്ന എൻ്റെ നേർക്ക് വന്നു കൂട്ടുകാരി പരിചയപ്പെടുത്തിയപ്പോൾ മാത്രമാണ് ഞാൻ അയാളെ മുഖമുയർത്തി നോക്കുന്നത്.
അയാള് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നൂ. ഇവന് എന്തേലും കഴിക്കാൻ കൊടുക്കുവോ എന്ന് തമാശക്ക് ആ കൂട്ടുകാരിപെണ്ണ് ഞങ്ങളോടായി ചോദിച്ചു.അത് കേക്കേണ്ട താമസം റിയ എന്ന് ഞങ്ങൾ വിളിക്കുന്ന മറിയ എൻ്റെ അപ്പവും ചിക്കൻ കറിയും അയാൾക്ക് എടുത്തു കൊടുത്തു. എൻ്റെ മുഖത്ത് ഒരുപാട് ഭാവങ്ങൾ മാറി മറിയുന്നത് കണ്ടാകണം അവള് ഒറ്റച്ചിരി. ആ ചിരിയിൽ ഞാനും കൂടെചിരിച്ചു. ചിക്കൻ കറി നല്ലതാണെന്ന് അയാള് കൈകൊണ്ട് ആംഗ്യം കാണിച്ചു. എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്ക് അപ്പോൾ തോന്നി. ഒരാളെപ്പോലും നിരാശപെടുത്താതെ എല്ലാവരുടെയും പാത്രത്തിൽ പോയി കൈയ്യിട്ട് വാരിക്കഴിക്കുന്ന അയാളെ ഞാൻ വളരെ അദ്ഭുതത്തോടെ വീക്ഷിചുകൊണ്ടേയിരുന്നൂ.
ഇനി കഥ മുൻപോട്ടു കൊണ്ടുപോകണോ അതോ ഇവിടം കൊണ്ട് നിർത്തണോ എന്ന് ആരുഷിക്ക് ഒരു ചെറിയ സംശയം ഉള്ളത് പോലെ അവൾ മുഖം കടുപ്പിച്ചു. കുഞ്ഞ് ഉറങ്ങുന്ന സമയങ്ങളിലാണ് ആരുഷി കഥ എഴുതാൻ സമയം കണ്ടെത്തിയിരുന്നത്. ഭർത്താവ് ജേക്കബ് ഒരു ബാങ്ക് മാനേജർ ആയതുകൊണ്ടും ജോലിയിൽ ഒരുപാട് സ്ട്രെസ്സ് എടുക്കേണ്ടി വരുന്നത്കൊണ്ടും അവൾ കഥയുമായി ചെന്നു ബുദ്ധിമുട്ടിപ്പികണ്ടയെന്ന് കരുതി. ജേക്കബ് ഇരുന്ന സോഫയിൽ ടിവി കണ്ടുകൊണ്ടിരുന്നു. എത്ര തിരക്ക് ആണെങ്കിലും ജേക്കബ് ആരുഷിയുടെ കഥകൾ വായിക്കാൻ സമയം മാറ്റിവച്ചിരുന്നൂ.പക്ഷേ ഇപ്പോൾ എഴുതിയ കഥ കാണിക്കാൻ അവൾക്ക് എന്തോ ചെറിയ ചമ്മൽ പോലെ തോന്നി.ഓരോ കഥ കഴിയുമ്പോഴും ജേക്കബ് എന്തെങ്കിലും അവൾക്ക് വാങ്ങിച്ചു കൊടുക്കണം.അതാണ് പതിവ് കാരണം ജേക്കബിൻ്റെ നിർബന്ധപ്രകാരമാണ് അവൾ നിർത്തിവച്ചിരുന്ന കഥ എഴുത്ത് വീണ്ടും തുടങ്ങിയത്. അതുകൊണ്ട് ഇച്ചായൻ കാര്യമായി തരുമ്പോൾ നമ്മൾ അങ്ങോട്ടും കാര്യമായി കൊടുക്കണം എന്നുള്ള പോളിസി അനുസരിച്ച് അവൾ മുറിയിലേക്ക് പോയി തൻ്റെ കാർഡ് ബോർഡിൽ പിൻ ചെയ്ത് വെച്ചിരുന്ന കുറച്ചു പേപ്പറുകൾ എടുത്തോണ്ട് വന്നു.
ഒന്നും പറയാതെ അവൾ അത് ജേക്കബിന് കൊടുത്തു.ജേക്കബ് അതുവാങ്ങി എന്താണെന്ന് നോക്കാൻ അതിലൂടെ കണ്ണോടിച്ചു എത്ര പേപ്പറുകൾ ഉണ്ടെന്ന് എണ്ണിനോക്കി. അവൾ ചെറുപുഞ്ചിരിയോടെ അവളുടെ ഇച്ചായനെ നോക്കി ഇരുന്നു. ഇച്ചായൻ ഓരോ വരികളും വളരെ ശ്രദ്ധയോടെ വായിക്കുനുണ്ടെന്ന് അവൾക്ക് മനസ്സിലായി. ടിവിയുടെ ശബ്ദം താഴ്ത്തി അവൾ കുഞ്ഞിൻ്റെ അടുക്കലേക്ക് പോയി. കല്യാണം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞാണ് കുഞ്ഞുവേണം എന്നൊരു തോന്നലിലേക്ക് എത്തിയത്. അതും പെൺകുട്ടി. ഇച്ചായന് പെൺകുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു.അതുപോലെ തന്നെ ഞങ്ങൾക്കും ഒരു പെൺകുട്ടിയെ മതിയെന്നായിരുന്നു. ദൈവം അത് കനിഞ്ഞുതന്നു. ദിയക്ക് ഇപ്പൊ 8 മാസം പ്രായം. കുഞ്ഞ് ഉറങ്ങുവാണെന്ന് ഉറപ്പ് വരുത്തി ആരുഷി ജേക്ക്ബിൻ്റെ അരികിലേക്ക് ചെന്നു.
ജേക്കബ് അത് വായിച്ചു തീരാറായിരിക്കുന്നൂ.ആരുഷിക്ക് എന്ത് പറയണം എന്നറിയില്ല. അവൾ വന്നതറിയാതെ അയാള് അവസാന താളിലേക്ക് മറിച്ചു.അല്പം നേരം കഴിഞ്ഞ് ഒരു ശബ്ദം ഉയർന്നു ;ഇച്ചായന് ഇഷ്ടമായോ? അവൾ ചോദിച്ചു. ബാക്കി എഴുതണോ? പറ ഇച്ചായ, അവൾ വീണ്ടും ചോതിച്ചൂ. ജേക്കബ് എഴുനേറ്റുചെന്നു അവൾ നിന്നിരുന്ന ബുക്ക് ഷെൽഫിൻ്റെ അരികിലായി അവൾക്ക് നേരെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി. കണ്ണട വെച്ച കണ്ണുകൾ, നീളൻ മുടി അലസമായി ഇട്ടിരിക്കുന്നു ,ജേക്കബ് ഇപ്പഴും ആ പഴയ കോളേജിൽ പഠിക്കുന്ന കുട്ടിയെ പോലെതന്നെ. ആദ്യമായി എന്നോട് ഇംഗ്ലീഷ് ബുക്ക് ചോദിച്ച അതേ ജേക്കബ് .
അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.....

