Venugopal Kartha

Comedy Others

5.0  

Venugopal Kartha

Comedy Others

അവസാനിക്കാത്ത കാത്തിരുപ്പ്

അവസാനിക്കാത്ത കാത്തിരുപ്പ്

5 mins
748


മറിയം കാത്തിരുന്നു.

 

മനുഷ്യപുത്രന്‍ എന്നെങ്കിലുമൊരിക്കല്‍ വരാതിരിക്കില്ല എന്നവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. 'നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും' എന്നാ ബൈബിള്‍ വാക്യത്തിലായിരുന്നു അവള്‍ തന്റെ ഉറപ്പിന്റെ കുറ്റിയടിച്ചത്. മനുഷ്യപുത്രന്‍ അവള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്, 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ' എന്ന് പറയുന്ന ആ അനര്‍ഘ നിമിഷങ്ങളെ കുറിച്ചോര്‍ത്ത് അവള്‍ കോള്‍മയിര്‍ കൊള്ളാറുണ്ടായിരുന്നു.

 

മറിയം ദീര്‍ഘദൃഷ്ടിയുള്ളവളും ബുദ്ധിമതിയുമായിരുന്നു. എന്തുകൊണ്ടെന്നാല്‍, ദൈവപുത്രന്‍ ഓര്‍ക്കാപ്പുറത്തെങ്ങാന്‍ കയറിവന്നാല്‍, പെട്ടെന്ന് തന്നെ തിരിച്ചറിയാനുള്ള ഒരു മുന്‍കരുതലെന്ന നിലയ്ക്ക്, അദേഹം ഈസ്റ്റ്‌ മാന്‍ കളറില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പടം അവള്‍ കഴിഞ്ഞ കൊല്ലം കടമറ്റം പള്ളി പെരുന്നാളിന് പോയപ്പോള്‍ സംഘടിപ്പിച്ചിരുന്നു. അതിനുള്ള പണം അവള്‍ക്ക് കൊടുത്തതോ, ഒരു തികഞ്ഞ ദൈവഭക്തനും ദാനശീലനും ഉദാരമനസ്കനും പൊതുജന സേവകനുമായ ചാക്കോച്ചനും. (ഒരു നാള്‍ ചാക്കോച്ചന്‍ മറിയത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവള്‍ തന്‍റെ ഹൃദയം തുറന്ന് അയാളെ കാണിച്ചതും അവളുടെ ഇംഗിതമറിഞ്ഞ് ദാനശീലനായ ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞതും അയാളുടെ മടിയിലിരുന്ന പണം ഒരു ഹൈ ജംപ് നടത്തി മറിയത്തിന്റെ ബ്ലൌസിനുള്ളില്‍ മറഞ്ഞതും അവര്‍ക്കിരുവര്‍ക്കും പിന്നെ ദൈവത്തിനും മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്.) മനുഷ്യപുത്രന്‍റെ ഫോട്ടോ കൂടാതെ, അദേഹത്തിന് ധരിക്കാന്‍ വേണ്ടി സ്വയം തുന്നിയ ഒരു പട്ടുകുപ്പായവും അവള്‍ കരുതി വച്ചിരുന്നു.

 

ആയിടക്കാണ് മറിയം അടുത്തുള്ള പള്ളിയിലെ സുവിശേഷ മഹായോഗത്തിനു പോയത്. യോഗത്തില്‍ ഒരച്ചന്‍ പ്രസംഗിച്ചു : മനുഷ്യപുത്രന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് എങ്ങനെ വേണമെങ്കിലും കടന്നു വരാം. വൃദ്ധനായിട്ടോ യുവാവായിട്ടോ ബാലനായിട്ടോ വരാം. പിച്ചക്കാരനയിട്ടോ പണക്കാരനയിട്ടോ വരാം.

 

അത് കേട്ടപ്പോളാണ് മറിയത്തിന് തനിക്ക് പറ്റിയ അമളി മനസ്സിലായത്. അപ്പോള്‍ ഫോട്ടോ കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല..

 

അച്ചന്‍ പറഞ്ഞു: അവന്‍ ഏതു രൂപത്തിലും എപ്പോള്‍ വേണമെങ്കിലും വരാം. അവനായി നിങ്ങള്‍ നിങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുക.

 

ആ വേല മനസ്സിലിരിക്കട്ടച്ചോ... ഇപ്പൊ കള്ളന്മാരുടെ ശല്യം കൂടുതലുള്ള കാലമാ... വാതില്‍ അടച്ചൂന്നുവച്ചിട്ടെന്താ..? ഒന്ന് മുട്ടിയാപ്പോരെ..?

 

മറിയം മനസ്സില്‍ പറഞ്ഞു.

 

ഒരു ദിവസം വാതില്‍ക്കല്‍ മുട്ട് കേട്ട് മറിയം വാതില്‍ തുറന്നു. ഖദര്‍ കുപ്പായത്തില്‍ പൊതിഞ്ഞ ഒരു ദേഹം. ഒരു നിമിഷത്തേക്ക് അവള്‍ സ്തബ്ധയായി നിന്നുപോകുകയും സന്തോഷാധിക്യത്താല്‍ കണ്ണുകളില്‍ ജലം നിറയുകയും ചെയ്തു. പെട്ടെന്ന് പരിസര ബോധം വീണ്ടെടുത്ത് കുരിശു വരക്കുകയും, ചിരകാലമായിട്ടുള്ള തന്‍റെ ആഗ്രഹം സാക്ഷാല്‍ക്കരിച്ചതിനാല്‍ കടമറ്റം പള്ളിയില്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കാമെന്ന് നേരുകയും ചെയ്തു.

 

"അകത്തേക്ക് വരാമോ..?"

 

ആഗതന്‍ ചോദിച്ചു.

 

തീര്‍ച്ചയായും. ഞാന്‍ അങ്ങയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അങ്ങേക്ക് വേണ്ടി മാത്രം ഒരുക്കിയതാണീ വഴി.

 

മറിയം ഗദ്ഗദസ്വരത്തില്‍ പറഞ്ഞു.

 

തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മനുഷ്യപുത്രന്‍ തന്നെയാണെന്ന കാര്യത്തില്‍ മറിയത്തിനു സംശയമേതും ഉണ്ടായിരുന്നില്ല. മുട്ടിപ്പായ പ്രാര്‍ത്ഥന ഫലം തരാതിരിക്കില്ല എന്നവള്‍ക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. അദേഹത്തില്‍ നിന്നും പുറപ്പെടുന്ന വില കൂടിയ അത്തറിന്റെ ഗന്ധം സ്വര്‍ഗത്തിലെ പൂക്കളുടെ സുഗന്ധം പോലെയും ഖദര്‍ കുപ്പായത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തില്‍ ചുറ്റുമുള്ള ഇരുളെല്ലാം എങ്ങോ പോയി മറഞ്ഞത് പോലെയും ആ തേജോമയമായ കണ്ണുകളുടെ വശ്യ ശക്തിക്ക് താന്‍ അടിമയായത്‌ പോലെയും അവള്‍ക്കു തോന്നി.

 

മറിയം അദേഹത്തെ തന്‍റെ മുറിയിലേക്കാനയിച്ചു. പൂക്കള്‍ വിതറിയ മെത്തയിലിരുത്തി. തന്റെ പരമമായ ആഗ്രഹം അറിയിച്ചു.

 

"സകല പാപങ്ങളില്‍ നിന്നും മുക്തി നേടി, മോക്ഷം നേടി സ്വര്‍ഗരാജ്യം നല്‍കേണമേ... ആമേന്‍..."

 

"മകളേ... നിന്റെയും നമ്മുടെയും ആഗ്രഹങ്ങള്‍ ഒന്നാണ്. ലക്ഷ്യങ്ങള്‍ ഒന്നാണ്. സ്വര്‍ഗ്ഗം. എന്നാല്‍ അവിടേക്കെത്തിച്ചേരാനുള്ള വഴികളെ പറ്റി നമ്മള്‍ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. നമ്മള്‍ വലതു പക്ഷ ഇടതു പക്ഷ പിന്തിരിപ്പന്‍ ചേരികളില്‍ നിന്നൊഴിഞ്ഞ് , തീവ്രവാദി പ്രസ്ഥാനങ്ങളുമായി കൂട്ടുചേരാതെ തികച്ചും ജനാധിപത്യപരവും സോഷ്യലിസ്റ്റ്‌ പരവുമായ വഴികളില്‍ക്കൂടി മുന്നേറിയാല്‍ മാത്രമേ നമുക്ക് ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയുകയുള്ളൂ എന്ന കാര്യത്തില്‍ സംശയമേതുമില്ല. അതിനാദ്യമായി വേണ്ടത് നമ്മള്‍ ഒന്നാകുകയാണ്. ഒന്നായിച്ചേരുമ്പോള്‍ നമുക്കിടയില്‍ വസ്ത്രങ്ങളുടെ പോലും മറ പാടില്ല, മകളേ..."

 

ഇത് പറഞ്ഞ് അദേഹം മറിയത്തിന്റെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അദേഹത്തിന്‍റെ അനര്‍ഗളമായ വാക്ധോരണിയില്‍ മയങ്ങി നിന്ന മറിയമാകട്ടെ, അതൊട്ടറിഞ്ഞതുമില്ല.

 

അതിനു ശേഷം അദേഹം തികച്ചും ജനാധിപത്യവിധി പ്രകാരം അവളെ സ്വര്‍ഗ്ഗത്തിലേക്ക് നയിച്ചു.

 

ഇവിടെയാണ് നമ്മുടെ മറിയത്തിന് ഏറ്റവും വലിയ അബദ്ധം പിണഞ്ഞത്. എന്ത് സാധനത്തിന്റെയും ഡ്യൂപ്ലിക്കേറ്റ്‌ കിട്ടുമെന്നും, മനുഷ്യപുത്രനുപോലും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാവാമെന്നുള്ളതും മറിയം മറന്നേ പോയി. പറഞ്ഞിട്ടു കാര്യമില്ല. ഇതവള്‍ക്ക് ജന്മനാല്‍ ഉള്ള സ്വഭാവമാണ്. ആദ്യം കാണുന്നതെന്തും അപ്പടിയങ്ങു വിശ്വസിക്കുക. പിന്നെ കുറച്ചു കഴിയുമ്പോഴാണ് ബോധോദയം ഉണ്ടാവുക. അപ്പോഴേക്കും സമയം കഴിഞ്ഞിരിക്കും.

 

ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. വന്നത് സാക്ഷാല്‍ മനുഷ്യപുത്രനാണെന്ന് തന്നെ അവള്‍ ധരിച്ചു. എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് മറിയത്തിനു ബോധോദയം ഉണ്ടായി. എവിടെയോ എന്തോ കുഴപ്പമുണ്ട്. കുറെയേറെ നേരം സഞ്ചരിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ എത്തുന്നില്ല. അപ്പോഴാണവള്‍ക്ക് താന്‍ തുന്നി വച്ചിരിക്കുന്ന, കടമറ്റത്ത്‌ കത്തനാര്‍ (ജൂനിയര്‍) വാഴ്ത്തിത്തന്ന പട്ടു കുപ്പായത്തെ കുറിച്ചോര്‍മ്മ വന്നത്. ( അന്ന് കത്തനാര്‍ പറഞ്ഞിരുന്നു: ഈ ഉടുപ്പ് മനുഷ്യപുത്രനല്ലാതെ വേറെ ആരെങ്കിലുമാണിടുന്നതെങ്കില്‍ ദുര്‍ന്നിമിത്തങ്ങള്‍ ഉണ്ടാകും.)

 

മറിയം വേഗം പോയി പട്ടു കുപ്പായമെടുത്തുകൊണ്ടുവന്ന് മനുഷ്യപുത്രന്‍റെ നേരെ നീട്ടി. ആദ്യം ഒഴിവുകഴിവുകള്‍ പറഞ്ഞു രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, മറിയത്തിന്റെ ദൃഡനിശ്ചയത്തിന് വഴങ്ങാതിരിക്കാന്‍ നിവര്‍ത്തിയില്ലെന്ന് മനസ്സില്ലാക്കി മനുഷ്യപുത്രന്‍ ഒരു വിധത്തില്‍ കുപ്പായത്തില്‍ കയറിപ്പറ്റി.

 

അത്ഭുതം...!!

 

ആശ്ചര്യം...!!

 

പിന്നീടവിടെ നടന്നത് സുപ്രസിദ്ധ യുക്തിവാദികളായ എ.ടി.കോവൂരോ, ഇടമറുകോ, ജോണ്‍സന്‍ ഐരൂരോ കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ യുക്തിവാദി പ്രസ്ഥാനത്തിന്റെ കൂമ്പടയുകയും, വിശദീകരിക്കാനാവാത്ത സംഭവമെന്ന പേരില്‍ കോട്ടയത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ഒരു മകാര വാരികയില്‍ അവര്‍ ഒരു ലേഖന പരമ്പര തന്നെ ആരംഭിക്കുകയും ചെയ്യുമായിരുന്നു. (ദൈവ കൃപയാലും ‘യുക്തിവാദി’ മാസികയുടെ വരിക്കാരുടെ ഭാഗ്യം കൊണ്ടും അതുണ്ടായില്ല.) കുപ്പായത്തിനുള്ളില്‍ കയറിയ ഉടന്‍ അയാള്‍ ഞെരിപിരി കൊള്ളുകയും പഴുതാര, തേള്‍, കട്ടുറുമ്പ് തുടങ്ങിയ ഹിംസ്ര ജന്തുക്കളുടെ പേര് ഉറക്കെ വിളിച്ചു പറയുകയും, ‘അയ്യോ, അമ്മേ, കടിക്കുന്നേ’ എന്നിങ്ങനെ ആര്‍ത്തനാദം പുറപ്പെടുവിക്കുകയും നിലത്തു കിടന്നുരുളുകയും മേലോട്ടും കീഴോട്ടും ചാടുകയും ഒടുവില്‍ എങ്ങനെയോ ആ അത്ഭുത കുപ്പായത്തില്‍ നിന്നും രക്ഷപ്പെട്ട് താന്‍ പരിപൂര്‍ണ്ണ നഗ്നനാണെന്നുള്ള വസ്തുത പോലും മറന്ന് ഇടം വലം നോക്കാതെ ഓടുകയും ചെയ്തു .

 

ഇതെല്ലം കണ്ട മറിയമാകട്ടെ, മുട്ടിന്മേല്‍ നിന്നു കുരിശു വരക്കുകയും ഡ്യൂപ്ലിക്കേറ്റ്‌ മനുഷ്യപുത്രന്‍ ഉപേക്ഷിച്ചു പോയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന ചില്ലറയും കറന്‍സിയും കൃത്യമായി എണ്ണി ബൈബിളിന്റെ താളുകള്‍ക്ക് ഇടയില്‍ വച്ച് കാല്‍പ്പെട്ടിയുടെ അടിയിലേക്ക് പൂഴ്ത്തുകയും ചെയ്തു. പാപത്തിന്റെ കനിയാണിതെന്ന് ഒരുള്‍വിളി ഉണ്ടാകയാല്‍ , 'പാതി പള്ളിക്ക്' എന്ന് ഉറക്കെ ആത്മഗതം ചെയ്യാനും അവള്‍ മറന്നില്ല.

 

മറിയം കാത്തിരുപ്പ് തുടര്‍ന്നു.

 

ഒരു ദിവസം കടും ചുവപ്പ് നിറത്തിലുള്ള ഒരു ലാന്‍ഡ്‌ റോവര്‍ വണ്ടി മറിയത്തിന്റെ വീട്ടുപടിക്കല്‍ വന്നു നിന്നു. അരിവാള്‍ കൊണ്ട് മീന്‍ വെട്ടിക്കൊണ്ടിരുന്ന മറിയം, ആയുധം പോലും താഴെ വെക്കാതെ അതേ വേഷത്തില്‍ പുറത്തേക്കോടിചെന്നു. അരിവാള്‍ കണ്ട മാത്രയില്‍ കാറില്‍ നിന്നിറങ്ങിയ മാന്യ വ്യക്തിയുടെ നെറ്റിയില്‍ എന്തോ ഓര്‍മ്മിച്ചെടുക്കുന്നതുപോലെ ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ‘അതെന്താണ് ‘ എന്ന് വളരെ രഹസ്യമായി കൂടെയുള്ള ശിങ്കിടികളോട് ചോദിക്കുകയും ചെയ്തു. അതിന്റെ പേര് അരിവാളെന്നാണെന്നും അത്യാവശ്യം മീന്‍ വെട്ടാനും, ചിലപ്പോള്‍ കൊയ്യാനും ഉപയോഗിക്കുമെങ്കിലും, സാധാരണയായി ചുവപ്പു കൊടികളില്‍ വയ്ക്കാനാണ് ഉപയോഗിക്കുന്നതെന്നും, നമ്മുടെ കാറിന്റെ മുന്‍പിലും ഇത്തരമൊരു കൊടി ഉണ്ടെന്നും ആ കൊടിയിലെ അരിവാള്‍ നനഞ്ഞു തുരുമ്പിച്ചു പോയെന്നും മറ്റുമുള്ള ചരിത്ര സത്യങ്ങള്‍ ശിങ്കിടി തന്‍റെ കക്ഷത്തിലിരുന്ന ചുവന്ന ഡയറി തുറന്ന് മാന്യ ദേഹത്തെ പരമ രഹസ്യമായി വായിച്ചു കേള്‍പ്പിച്ചു. അത് കേട്ട്, 'ഓ... ഇപ്പൊ പിടി കിട്ടി' എന്നുള്ള അര്‍ത്ഥത്തില്‍ അദ്ദേഹം തല കുലുക്കുകയും 'അരിവാല്‍... അരിവാല്‍ ' എന്ന് അമേരിക്കന്‍ ആക്സെന്റില്‍ ആവര്‍ത്തിച്ചുച്ചരിച്ച് അത് ഹൃദ്യസ്ഥമാക്കാൻ  ശ്രമിക്കുകയും ചെയ്തു.

 

മറിയം അദേഹത്തെ സന്തോഷപൂര്‍വ്വം സ്വീകരിച്ചാനയിച്ചു. ഇത്തവണ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് അവള്‍ ഉറപ്പിച്ചു. എന്തുകൊണ്ടെന്നാല്‍ അദേഹം, 'ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്‌ പോലെയാണ് ഫ്യൂഡലിസ്റ്റുകളും ബൂര്‍ഷ്വാസികളുമടങ്ങിയ സമ്പന്ന വര്‍ഗ്ഗം സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് ' എന്ന ബൈബിള്‍ വാക്യം ഉദ്ധരിക്കുക മാത്രമല്ല, 'ഞാനിതാ എന്‍റെ രക്തവും മാംസവും നിനക്കു തരുന്നു; സ്വീകരിക്കാനൊരുങ്ങിക്കൊള്‍ക' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഭക്തിപരവശയായ മറിയം ചട്ടയും മുണ്ടുമെല്ലാം പറിച്ചെറിഞ്ഞ് ആ തിരുവചനങ്ങളെ ഉള്‍കൊള്ളാന്‍ തയ്യാറായി.

 

പക്ഷെ, വിധിയെന്നല്ലാതെ എന്ത് പറയാന്‍..! ജന്മനാ ഉള്ള (ദു)സ്വഭാവം മറിയത്തെ വീണ്ടും തുലച്ചു. രക്തത്തിനു പകരം പാലൊഴുകിയപ്പോഴാണ്‌ അവള്‍ക്ക് അക്കിടി മനസ്സിലായതും ദിവ്യ കുപ്പായത്തെ കുറിച്ച് ഓര്‍ത്തതും.

 

കുപ്പായം കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍ ഇടപ്പെട്ടു.

 

വീണ്ടും അത്ഭുതം..!!

 

കുപ്പായത്തിനകത്ത് പൊടുന്നനെ ഒരു സ്ഫോടനം ഉണ്ടായി. ശബ്ദം കേട്ട് ഓടി വന്ന ശിങ്കിടി തന്‍റെ നേതാവിന്റെ ദാരുണമായ അന്ത്യം കണ്ട്, കുത്തക മുതലാളിത്ത രാഷ്ട്രങ്ങളുടെ, പ്രത്യേകിച്ച് സിഐഎയുടെ കുല്‍സിതവും നീചവുമായ പ്രവൃത്തിയാണിതെന്ന് ആരോപിക്കുകയും ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക്ക് മിസൈല്‍ ആയി അമേരിക്കയെ ലാക്കാക്കി പാഞ്ഞു പോവുകയും ചെയ്തു. തങ്ങള്‍ക്കു നേരെ വരുന്ന വിപത്തിനെ മുന്‍കൂട്ടി കണ്ട് അമേരിക്കന്‍ സെനറ്റ് അടിയന്തിര യോഗം കൂടി. ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവാനുള്ള സാദ്ധ്യത മണത്തറിഞ്ഞ മൂന്നാം ലോകരാഷ്ട്ര തലവന്മാര്‍ പെട്ടെന്ന് ചേരിചേരാ സമ്മേളനം വിളിച്ചു കൂട്ടുകയും മേന്മയേറിയ തണ്ടൂരി ചിക്കന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രബന്ധമവതരിപ്പിക്കുകയും കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ താരാട്ടു പാടി ഉറക്കുകയും ചെയ്തു.

 

അന്ന് രാത്രി ഉറക്കത്തില്‍ മറിയം കറുത്ത കുതിരകളെ പൂട്ടിയ വണ്ടികളെയും സിമിത്തേരികളെയും ചൂലുകള്‍ ഉയര്‍ത്തിപ്പിടിച്ച കൈകളെയും സ്വപ്നം കണ്ടു.


Rate this content
Log in

Similar malayalam story from Comedy