അധോലോകം
അധോലോകം
നാട്ടിൽ നിൽക്കകള്ളിയില്ലാതെ ആയപ്പോഴാണ് കർത്താജി ബാംബെയ്‌ക്ക് ( ഇപ്പോഴത്തെ മുംബൈ ) വണ്ടി കയറിയത് . പുറപ്പെടുന്നതിനു മുൻപ് ആര്യൻ, ഇന്ദ്രജാലം , അഭിമന്യു എന്നീ പടങ്ങൾ കൂടാതെ ലേറ്റസ്റ്റ് ആയ ലൂസിഫർ വരെ ശ്രദ്ധയോടെ ആറു പ്രാവശ്യം വീതം കണ്ടു കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി .
നേരെ ബാംബെയയിൽ ചെല്ലുക, ഏതെങ്കിലും അധോലോക സംഘത്തിൽ ചേരുക . സംഗതി ക്ലിയർ .
ദാദർ സ്റ്റേഷനിൽ വണ്ടിയിറങ്ങി. തിരക്കൊഴിയട്ടെ എന്ന് കരുതി കാത്തുനില്കുമ്പോഴാണ് പ്ലാറ്റഫോമിൽ പെട്ടിയും തൂക്കി ചുറ്റിത്തിരിയുന്ന കഥാപാത്രത്തെ കണ്ടത്. നേരിയ മുഖപരിചയം. രണ്ടു ഡയലോഗ് ഫിറ്റ് ചെയ്തു കളയാം.
"മലയാളിയാണല്ലേ..?"
"അതേ. എങ്ങനെ മനസിലായി..?"
നെറ്റിയിൽ എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടല്ലോ.
കഥാപാത്രം ചിരിച്ചു .
"എന്താ ബാംബെയ്ക്ക്..?"
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കഥാപാത്രം ചുറ്റും നോക്കി. എന്നിട്ടു അടക്കിയ സ്വരത്തിൽ പറഞ്ഞു.
.
"സംഗതി സീക്രെട്ടാണ്. ഏതെങ്കിലും അധോലോക സംഘത്തിൽ ചേരണം. നാട്ടിലെ പണി കൊണ്ട് വലിയ മെച്ചമൊന്നുമില്ല."
കർത്താജി നടുങ്ങി . ദുഷ്ടൻ ഒരു കോംപെറ്റീഷന് തന്നെയാണ് ഭാവം .
ഉള്ളിൽ തികട്ടി വന്നതൊക്കെ പോക്കറ്റിൽ ഇട്ടിട്ട് വളരെ സൗമ്യനായി ചോദിച്ചു...
"നാട്ടിൽ എന്തായിരുന്നു പണി..?"
സിൽമാ നടൻ ആയിരുന്നു.
"പേരെന്തുവാ..?"
"ലാൽ..."