STORYMIRROR

Venugopal Kartha

Drama Tragedy Others

4  

Venugopal Kartha

Drama Tragedy Others

പാവം ജനം അഥവാ പാവം ഗോപി

പാവം ജനം അഥവാ പാവം ഗോപി

2 mins
163

ഗോപിക്ക് ജോലി കിട്ടി; ഒരു മന്ത്രിയുടെ ഡ്രൈവറായിട്ട്.


കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.


കഷ്ടം..! തന്തയോട് കൂറില്ലാത്ത കഴുവേറി. ആ പാവം കുട്ടന്‍ ചത്തതെങ്ങന്യാന്നോര്‍ക്കുമ്പോ-


ആ ഓര്‍മ്മ അവരുടെ ഞരമ്പുകളില്‍ തീ പടര്‍ത്തി. പാവം കുട്ടന്‍..! പനി പിടിച്ചു വിറച്ചു കിടന്നപ്പോള്‍ ഒന്നു മുറുക്കാന്‍ ചവക്കണമെന്നു തോന്നി. അതിനാണ് വയ്യെങ്കിലും വേച്ച് വേച്ച് റോഡിലേക്ക് ഇറങ്ങിയത്‌. എതിര്‍വശത്തുള്ള നാരായണന്റെ പെട്ടിക്കടയുടെ അടുത്തെത്താന്‍ റോഡ്‌ മുറിച്ചു കടക്കുവാന്‍ ഭാവിക്കുകയായിരുന്നു. പെട്ടെന്നാണത് സംഭവിച്ചത്.


ചീറിപ്പാഞ്ഞുവന്ന ഏതോ ഒരു മന്ത്രിയുടെ കാര്‍ കുട്ടനെ തട്ടിത്തെറിപ്പിച്ചു.


കുട്ടന്‍ വീണിടത്ത് കിടന്ന് ഒന്ന് പുളഞ്ഞു, ഒന്ന് ഞരങ്ങി. കഴിഞ്ഞു.


എന്താണ് സംഭവിച്ചതെന്നന്വേഷിക്കാതെ, ഒന്ന് നിറുത്തുക പോലും ചെയ്യാതെ ജനപ്രതിനിധികളും പരിവാരങ്ങളും കാറോടിച്ചു പോയി.


അന്ന് ദേശത്തെ ജനങ്ങളുടെ രോഷം ആളിക്കത്തി. പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു. യോഗത്തില്‍ കക്ഷിഭേദമേന്ന്യേ നേതാക്കള്‍ പ്രസംഗിച്ചു.


അന്ന് ഗോപിക്ക് തോന്നി... പാവം ജനം!


ഓരോ ദിവസവും വരുന്ന പുതിയ പുതിയ അപകടങ്ങളുടെ രസമുള്ള വാര്‍ത്തകളും ചിത്രങ്ങളും, തെരഞ്ഞെടുപ്പും, കോലാഹലങ്ങളും കുട്ടനെ മെല്ലെ മറവിയുടെ ചതുപ്പിലേക്ക് താഴ്ത്തി.


ഇപ്പൊ ദേ, നിനച്ചിരിക്കാതെ ഗോപി ചതുപ്പിലാണ്ട കുട്ടനെ പൊക്കിയെടുത്തിരിക്കുന്നു...


ചിലരൊക്കെ നേരിട്ട് ഗോപിയോട് ചോദിച്ചു:


"നെനക്ക് വേറെ പണിയൊന്നും കിട്ടീല്ലേ..? ഇത് നിന്‍റെ അച്ചന്‍റെ ആത്മാവ് കൂടി പൊറുക്കില്യാട്ടോ..."


അപ്പോഴും ഗോപിക്ക് തോന്നി: പാവം ജനം!


കുറഞ്ഞ ദിവസങ്ങള്‍ക്കകം ഗോപി മന്ത്രിയുടെ പ്രിയപ്പെട്ട ഡ്രൈവെറായി മാറി. മന്ത്രി കാണുന്നവരോടെല്ലാം പറഞ്ഞു:

"സ്മാര്‍ട്ട്‌ പയ്യന്‍... മിടുക്കന്‍... കേറീരുന്നാപ്പിന്നെ നൂറ്റീരുപതീന്നു തൂശി കീഴോട്ടില്ല. മേലോട്ട്ന്നെ... റഷ്വോന്നും ഒരു പ്രശ്നം അല്ല."


ഒരു ദിവസം ചെറിയൊരു അബദ്ധം പറ്റി. വിമാനത്തിലെന്ന പോലെ ആ വിദേശകാറിലിരുന്ന് മന്ത്രി ചെറുതായൊന്ന് മയങ്ങുകയായിരുന്നു. പെട്ടെന്നുണ്ടായ ഒരു കുലുക്കത്താല്‍ അദ്ദേഹത്തിന് മയക്കം വിട്ടുണരേണ്ടി വന്നു. നോക്കിയപ്പോള്‍ എന്താ കഥ..?


ഒരു സൈക്കിളുകാരന്റെ മേത്ത് കാറിടിച്ചിരിക്കുന്നു.


ഗോപി നോക്കി. സൈക്കിളുകാരന്‍ ചോരയില്‍ കിടന്നു പിടയുന്നു. ടാറിട്ട റോഡിലടിച്ച തല പൊട്ടി രക്തം പുഴ പോലെ ഒഴുകിപ്പരക്കുന്നു. തലച്ചോര്‍ റോഡില്‍ ചിന്നിച്ചിതറി കിടക്കുന്നു.


ചുറ്റും കൂടിയ ജനങ്ങള്‍ വല്ലപ്പോഴും കാണുന്ന ഒരു സര്‍ക്കസ്സെന്നപോലെ വീര്‍പ്പടക്കി നോക്കി നില്‍ക്കുന്നു. ഒരുത്തനും ഒന്നും മിണ്ടുന്നില്ല.


മന്ത്രി പുറകെ എസ്കോര്‍ട്ട് വന്ന പോലീസുകാരോട് പറഞ്ഞു:


"എന്താന്ന് വച്ചാ ചെയ്തേര്..."


തിരിഞ്ഞ് ഗോപിയോട് നിര്‍ദ്ദേശിച്ചു: "വിട്ടോ."


ഗോപി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. തിരിഞ്ഞൊന്നു കൂടി നോക്കി. ഒറ്റയൊരുത്തനും അനങ്ങുന്നില്ല. പാവങ്ങള്‍!

സംഭവത്തെപ്പറ്റി പോലീസിന്റെ അന്വേഷണറിപ്പോര്‍ട്ട്‌ വന്നു. സൈക്കിളുകാരന്‍ വലതു വശത്തുകൂടെയാണ് സഞ്ചരിച്ചിരുന്നത്. റോങ്ങ്‌ സൈഡ്... യു നോ..?


മന്ത്രി ചിരിച്ചു.


വീണ്ടും ഗോപി നൂറ്റന്പതു നൂറ്ററുപത് കിലോമീറ്റര്‍ സ്പീഡില്‍ കാറോടിച്ചു. മന്ത്രി പായുന്ന കാറിലിരുന്ന് പകല്‍ സ്വപ്‌നങ്ങള്‍ കണ്ടു.


പിന്നീട് കുഴപ്പം കാണിച്ചത് ഒരു വഴിക്കച്ചവടക്കാരനാണ്. ഫുട്പാത്തിലിരുന്നു കച്ചവടം പാടില്ല എന്ന് നിയമമുള്ളതാണ്. നിയമത്തെ അനുസരിക്കാന്‍ ഓരോ പൗരനും  ബാദ്ധ്യസ്ഥനാണ്.


"നിയമം ലംഘിച്ചേന്റെ ശിക്ഷയാന്ന് കൂട്ട്യാ മതി, ല്ലേ ഗോപീ..?"


മന്ത്രി ഒരു സിഗരറ്റ് കത്തിച്ച് പുകയുടെ വട്ടങ്ങളുണ്ടാക്കി കളിച്ചു രസിച്ചു.


ഗോപി ഓര്‍ത്തു: റോഡില്‍ ഇളകി കിടക്കുന്ന മെറ്റല്‍ കഷണങ്ങള്‍ ഉണ്ടായിരുന്നല്ലോ... അപ്പുറത്ത് കൂട്ടിയിട്ടിരിക്കുന്ന മരക്കഷണങ്ങള്‍ ഉണ്ടായിരുന്നല്ലോ... ഒറ്റയൊരുത്തനും... ങ്ഹും... പാവം ജനം..!


സ്കൂള്‍ വിട്ട സമയമായിരുന്നു. മുന്നില്‍ പച്ചയും വെള്ളയും ഇടകലര്‍ന്ന നിറങ്ങളുടെ പ്രളയം. ഗോപി ബ്രേക്കില്‍ ആഞ്ഞു ചവിട്ടി.


നോക്കിയപ്പോള്‍ മുന്‍ചക്രം തലയില്‍ കയറിയിറങ്ങിക്കഴിഞ്ഞിരിക്കുന്നു. കടും ചുവപ്പു നിറമുള്ള പപ്പടം പോലെ, റോഡില്‍ പറ്റിയിരിക്കുന്ന തലയോടുള്ള ബന്ധം വിടാറായ ഉടല്‍ അപസ്മാരം വന്ന പോലെ പിടക്കുന്നു. ചുറ്റും രക്തമയം.


ഇനി രക്ഷയില്ല.


ഗോപി ബ്രേക്കില്‍ നിന്ന് കാലെടുത്ത് ആക്സിലേറ്ററില്‍ ചവിട്ടി.


മന്ത്രി ചോദിച്ചു:


"എന്തെങ്കിലും കൊഴപ്പോണ്ടോ... ഗോപീ..?"


"എന്തോന്ന് കൊഴപ്പാ സാര്‍... ജനങ്ങളെല്ലാം പെട്ടെന്ന് മറക്കും. എല്ലാരും പാവങ്ങളാ... അതാ അവരുടെ കൊഴപ്പം."


"തിരിച്ച് ആ വഴിയേ തന്നെ പോകാവോ..?"


"പിന്നേ... ആ വഴിയേ തന്നെ പോണം...


തിരിച്ചു വരുന്ന വഴി ചീറിയെത്തുന്ന കാറിന് മുന്നിലേക്ക്‌ കത്തുന്ന കണ്ണുകളും ചുരുട്ടിയ മുഷ്ടികളും കരിങ്കല്‍ ചീളുകളും കുറുവടികളുമായി ജനം ഇരമ്പിക്കയറി.


അവസാനം... അങ്ങനെ അവസാനം...


ഗോപിയുടെ കണ്ണുകള്‍ വിടര്‍ന്നു. ചുണ്ടുകള്‍ എന്തോ പറയാനായി വിതുമ്പി. കാറിനുള്ളില്‍ മന്ത്രിയും കൂടിയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ അവനൊന്നു ചിരിച്ചു. എന്നിട്ട് കത്തിക്കാളുന്ന രോഷത്തിന്റെ മടിയിലേക്ക്‌ ഒരു കുറിഞ്ഞിപൂച്ചയെ പോലെ ഒതുങ്ങി കൊടുത്തു.


പക്ഷേ, അപ്പോഴേക്കും എസ്കോര്‍ട്ട് വന്ന പോലീസുകാരുടെ രക്ഷാവലയത്തിനുള്ളിലായിക്കഴിഞ്ഞിരുന്നു മന്ത്രി എന്ന വിവരം അവന്‍ അറിഞ്ഞിരുന്നില്ലല്ലോ...


പാവം ഗോപി...!!


Rate this content
Log in

Similar malayalam story from Drama