Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

Hibon Chacko

Drama Crime Thriller


4  

Hibon Chacko

Drama Crime Thriller


അന്വേഷകൻ (ഭാഗം---6)

അന്വേഷകൻ (ഭാഗം---6)

10 mins 156 10 mins 156

‘ഇനി സമയമില്ല’ എന്ന ഭാവം എല്ലാവരെയും അറിയിച്ചു കൊണ്ട് ഒരുവൻ തന്റെ കൈയ്യിലെ കഠാര എടുത്തു. ബഞ്ചമിനെ കുത്തുവാൻ അയാൾ കഠാര ഓങ്ങി, മങ്ങൽ മാറിയ ഒരു നിമിഷം തന്റെ മുന്നിൽ ആരോ ചാരി നിൽക്കുന്നത് ബഞ്ചമിന് അനുഭവപ്പെട്ടു- എഗ്ഗിൾ പോലൊരു ശബ്ദത്തോടെ. മഴയിൽ നനഞ്ഞു കുതിർന്ന മുടിയിഴകൾ ശ്രദ്ധിച്ചു എല്ലാം മറന്നവൻ ആ രൂപത്തെ തിരിച്ചു നിർത്തി- കണ്ണുകൾ മിഴിച്ച് ചുണ്ട് അല്പം തുറന്ന് മറഞ്ഞു പോകുന്ന ബോധത്തെ പിടിച്ചു നിർത്തുവാൻ വെമ്പൽ കൊണ്ട് നിൽക്കുകയാണ് തന്റെ കാമുകി. അവൻ, അവളെയാകെയൊന്ന് നോക്കിപ്പോയി- വയറിൽ തറഞ്ഞു കയറിയിരിക്കുന്ന കഠാര! രക്തം കഠാരയിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നതിന്റെ കൂടെ അവന്റെ വായ പൊളിഞ്ഞു, അതിനൊത്ത ശബ്ദം പിറകെ എത്തി. രംഗം വഷളായെന്നു കണ്ട ഗുണ്ടകൾ വന്ന വണ്ടിക്കു തന്നെ ഇതിനോടകം വേഗം കയറി രക്ഷപെട്ടു. ഉള്ള ജീവൻ വെച്ചെന്ന കണക്കെ തന്റെ അവസാന ആഗ്രഹം എന്നവണ്ണം അവൾ ബഞ്ചമിനെ ചുമ്പിക്കുവാനാഞ്ഞു, സാധിക്കാതെ അവന്റെ വലതുകൈ വിറച്ചു വിറച്ചു തപ്പിയെടുത്ത് ചുമ്പിച്ചു കൊണ്ട് ചലനമറ്റ് അവന്റെ താങ്ങിൽ നിന്നു. ശക്തിയായി ചൊരിയുന്ന മഴയെയും മറ്റ് കോലാഹലങ്ങളെയും മറികടന്ന്, അവളെ ചേർത്തു നിർത്തിയുള്ള അവന്റെ അലർച്ച അവിടെയാകെ പൊടുന്നനെ വിറകൊള്ളിച്ചു.


19


അഞ്ജന മെല്ലെ തന്റെ കണ്ണുകൾ തുറന്നു. അവളെ വരവേൽക്കുവാൻ കാത്തിരുന്നെന്നവണ്ണം പ്രഭാതം പ്രഭചൊരിഞ്ഞു അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പൂർണ്ണമായും ബോധം വരുന്നതിനു മുന്പേ അവൾ തന്റെ കണ്ണുകൾ ചുറ്റുപാടും പായിച്ചു. മലർന്നു കിടന്ന് ശാന്തനായി ഉറങ്ങുന്ന ബഞ്ചമിനെ കണ്ടതോടെ അവളുടെ കണ്ണുകൾ ആശ്വാസത്തിന്റെ നേർത്ത ചില കിരണങ്ങൾ, അവളുടെ മനസ്സിലേക്ക് വീശിച്ചു. രാത്രിയിൽ അവന്റെ കഥ ഒരു പഴുതു പോലും വിടാതെ കേട്ടതിനു ശേഷം, തളർന്നുറങ്ങിപ്പോയ അവനെ കുറച്ചു സമയം നോക്കിയിരുന്നതാണ് അവളുടെ മനസ്സിൽ നിന്നും സ്വയം കണ്ടെത്തുവാൻ അവൾക്ക് സാധിക്കുന്നത്. അപ്പോഴേക്കും താൻ ചാരിക്കിടന്നിരുന്ന കട്ടിലിന്റെ ഒരു വശത്തായി, പഴയപടി ഇരിക്കെത്തന്നെ ഇരുകൈകൾക്കൊണ്ടും അഴിഞ്ഞലസമായിരുന്നിരുന്ന മുടിയിഴകൾ അവൾ കെട്ടിവെച്ചു കഴിഞ്ഞിരുന്നു. ഉറങ്ങിക്കിടക്കുന്ന ബഞ്ചമിനെ അവളൊന്നു നോക്കി, പെട്ടെന്നുണ്ടായൊരു ഊർജ്ജത്തിൻ പുറത്ത്. കുറച്ചു നിമിഷങ്ങൾ, അവന്റെ മുഖത്തു നിന്നും വല്ലാത്തൊരു സൗന്ദര്യം തന്നെ ആകർഷിച്ചടുപ്പിക്കാൻ ശ്രമിക്കുന്നതായി അവൾക്ക് തോന്നി. മുഖത്ത് പെട്ടെന്നൊരു പുഞ്ചിരി അവൾക്കപ്പോൾ വന്നു പോയി. അതിന്റെ മാധുര്യം നുകരും വിധം ബെഡ്‌ഡിൽ നിന്നും അനക്കംകൂടാതെ എഴുന്നേറ്റ് ചാരിക്കിടന്ന ഡോർ തുറന്ന് അവൾ പുറത്തേക്ക് പോയി.


പ്രഭാതകർമ്മങ്ങൾക്ക് പുറമെ നല്ലൊരു കുളിയും കഴിച്ച് അഞ്ജന കിച്ചണിലേക്ക് ചെന്ന് ജോസഫ് ചേട്ടനോടും ഭാര്യയോടും ഒപ്പം ബ്രേക്ക്ഫാസ്റ്റിനുള്ള പരിപാടികൾ തുടങ്ങി. അല്പം കഴിഞ്ഞതോടെ അനുജത്തി അഞ്ജലി കൂടി കിച്ചണിലേക്ക് എത്തി ഏവരോടുമൊപ്പം ചേർന്നു. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയമുറയ്ക്ക് അഞ്ജന മുകളിലെ നിലയിലേക്ക് ചെന്നു, ബഞ്ചമിന്റെ കണ്ടീഷൻ അറിയുവാൻ. അവൾ റൂം തുറന്നതും കുളികഴിഞ്ഞു ഇറങ്ങിവരുന്ന അവനെയാണ് കണ്ടത്! ബ്രേക്ക്ഫാസ്റ്റിന്റെ കാര്യം അറിയിച്ച ശേഷം അവന് സ്വാഗതവും ആശംസിച്ച് സ്റ്റെയർകെസ് ഇറങ്ങി അവൾ തിരികെ പോന്നു. ഒരുതോളിലായി കുളിക്കുവാനുപയോഗിക്കുന്ന ടർക്കി ഇട്ടുനിന്നിരുന്ന അവന്റെ രൂപം ഇതുവരെയെക്കാളും വ്യത്യസ്തമായൊരു തരത്തിൽ അവളുടെ മനസ്സിൽ അനുഭവപ്പെട്ടു തുടങ്ങി.


ബഞ്ചമിൻ ഉൾപ്പെട്ട ബ്രേക്ക്ഫാസ്റ്റ് സമയത്ത് ആരും പരസ്പരം പ്രത്യേകിച്ചൊന്നും മിണ്ടിയില്ല, ചില അപൂർവ്വമായ പ്രാഥമിക സംഭാഷണങ്ങൾ ഒഴിച്ച്. അധികം താമസം വരുത്താത്തവണ്ണം മൂവരും കൂടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. 


അവിടെ രാത്രികാലങ്ങളിൽ ലീനയെ ശുശ്രൂഷിച്ച നേഴ്‌സുമാരുമായി സംസാരിച്ച ശേഷം മെല്ലെ ഡോർ തുറന്ന് അവർ ലീനയുടെ റൂമിലേക്ക് കയറി. അവിടെ ഒരു കോണിലായി ലീനയെ നോട്ടമിട്ടു കൊണ്ട് ഇരുകൈകളും കെട്ടി അരുൺ നിൽക്കുകയായിരുന്നു, ദീർഘസമയത്തെ പ്രതിനിധീകരിച്ചെന്നവണ്ണം. ലീനയാകട്ടെ, എന്തൊക്കെയോ സംഭാഷണങ്ങൾ ബുദ്ധിമുട്ടി പൂർത്തീകരിച്ച വിധം കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു. വളരെ വലിയൊരു ആക്സിഡന്റിനെ ഓർമ്മപ്പെടുത്തും വിധം ലീനയുടെ കിടപ്പും ചുറ്റുപാടും, ലീന തന്നെ ആ റൂമിൽ നിറഞ്ഞു നിന്നുവരുന്നു.


അഞ്ജനയും അനുജത്തി അഞ്‌ജലിയും ലീനയെ, ചേട്ടന് വിട്ടു കൊടുക്കുംവിധം അവളെയൊന്ന് ചിരിച്ചു കാണിച്ച ശേഷം അരുണുമായി കുശലസംഭാഷണങ്ങളിലേക്ക് കടന്നു. ബഞ്ചമിൻ മെല്ലെ തന്റെ പെങ്ങളുടെ അടുത്തെത്തി അവളെ ആകെയൊന്ന് നോക്കി. അവൾ സ്വന്തം ചേട്ടനെ വീക്ഷിക്കും വിധം, സ്വന്തം കണ്ണുകൾക്ക് മാത്രം അനുഭവിക്കുവാൻ സാധിക്കുന്ന സ്വാതന്ത്ര്യത്തിൽ കിടന്നു.


“മോളേ, നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്!?”

ഒരു ചെയർ അവിടെ ഒരിടത്തു നിന്നും എടുത്തു കൊണ്ടു വന്ന് ലീനയുടെ അരികിലേക്ക് ഇട്ട് അതിൽ മെല്ലെയിരുന്ന ശേഷം വളരെ സാവധാനത്തിൽ അവൻ ചോദിച്ചു.


വേദനയും അവശതയും കടിച്ചമർത്തിയെന്ന പോലെ അവൾ വളരെ പതുക്കെയും സാവധാനത്തിലും മറുപടി പറഞ്ഞു;

“എന്റെ ഏട്ടാ, നല്ല വേദനയുണ്ട് ശരീരം മുഴുവൻ! ഇതെല്ലാം സഹിച്ചു കൊണ്ട് ഇവിടെയിങ്ങനെ കിടക്കാൻ മാത്രം പറ്റും തല്ക്കാലം. നേഴ്‌സുമാർ ഗുളിക തരുമ്പോഴും ഡോക്ടർ എത്തി ചില ഇഞ്ചക്ഷൻസ് നൽകുമ്പോഴും തെല്ലുനേരത്തേക്ക് നേരിയ വേദന കുറയും. അപ്പോഴേക്കും നല്ല മയക്കം വരും... പിന്നെ കണ്ണുതുറക്കുമ്പോൾ പ്രതികാരം എന്ന പോലെ പഴയപടി നല്ല വേദനയായിരിക്കും!”


സമയമെടുത്ത് ഒരുവിധം അവൾ ഇത്രയും പറഞ്ഞൊപ്പിച്ചപ്പോഴേക്കും അവൻ അവളെത്തന്നെ നോക്കിയിരിക്കെ മനസ്സിനെ മറ്റൊരിടത്തേക്ക് പറഞ്ഞുവിടുംവിധം തുടർന്നു.

“എല്ലാ ഹെൽപ്പിനും ഇവിടെ നേഴ്‌സുമാർ ഉണ്ട്. ടെൻഷനൊന്നും വേണ്ട ചേട്ടാ... ഇങ്ങനെ എത്രനാൾ കിടക്കേണ്ടിവരും എന്നോർത്തിട്ടാ...!

പപ്പയുടെയും മമ്മിയുടെയും സ്വർഗത്തിൽ ഇരുന്നുള്ള പ്രാർത്ഥനയായിരിക്കാം ഞാനിപ്പോഴും ജീവനോടെ ഏട്ടന്റെ മുൻപിൽ കിടക്കുവാൻ കാരണമായത്. മറ്റെല്ലാ അപകടങ്ങളിൽ നിന്നും എന്നെ രക്ഷിച്ച് ഇവിടെ ഇങ്ങനെ കിടത്തിയിരിക്കുന്ന അവരുടെ പ്രാർത്ഥന

ഞാൻ എണീറ്റ് പഴയ ലീനയായി തീരും വരെ ഉണ്ടായാൽ മതിയായിരുന്നു!

ഇത്രയേ ഉള്ളൂ എന്റെ മനസ്സിലിപ്പോൾ...”


അവൾ വളരെ സാവധാനത്തിൽ പഴയപടി തന്നെ ഇത്രയും കൂടി പറഞ്ഞൊപ്പിച്ചപ്പോഴേക്കും ഇവ ശ്രവിച്ചു വന്ന ബഞ്ചമിൻ എന്തൊക്കെയോ തന്റെ പെങ്ങളോട് പറയുവാൻ തക്കവിധം ഒരുങ്ങി- എന്നാൽ ഉചിതമല്ലാത്ത സാഹചര്യത്തെപ്രതി എല്ലാം മുഖത്ത് ഒതുക്കി നിർത്തിക്കൊണ്ടിരുന്നു.


“പിന്നെ ഏട്ടാ, ഇന്ന് എപ്പോഴേലും പള്ളിയിൽ പോകണം! എല്ലാ തവണത്തെയും പോലെ സെമിത്തേരിയിൽ ചെന്ന് പപ്പയെയും മമ്മിയെയും കാണണം. എന്റെ കാര്യമോർത്ത് ഒന്നും, ഒരു കാര്യവും മുടക്കിയേക്കരുത്. ഡോക്ടർ പറഞ്ഞിരിക്കുന്നത്, കുറച്ചു നാളത്തെ

റസ്ററ് മാത്രം മതി എന്നാണ്!”


മാതാപിതാക്കളുടെ മരണദിവസത്തിന്റെ ആലോചനയിലേക്ക്

തെല്ലൊരു നിമിഷം ആണ്ടു നിൽക്കുന്ന ബഞ്ചമിനോട് ലീന സാവധാനത്തിൽ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു. മറുപടിയായി വളരെ സാവധാനത്തോടെ അവൻ തലയാട്ടി.


“പിന്നേ, ഇത് അരുൺ. ഞാൻ... പിന്നെ പരിചയപ്പെടുത്താം. ആഹ്... നല്ല ക്ഷീണം ചേട്ടാ... ഞാനൊന്ന് ഉറങ്ങട്ടെ!?”


അഞ്ജനയോടും തന്റെ ക്ലാസ്സ്‌മേറ്റിനോടും വളരെ പതിഞ്ഞ സ്വരത്തിൽ വർത്തമാനം പറഞ്ഞു നിന്നിരുന്ന അരുണിനെ കണ്ണുകളാൽ ചൂണ്ടിക്കാണിക്കുവാൻ പോലുമുള്ള കെൽപ്പ് നഷ്ടമായവിധം ലീന പതിഞ്ഞ സ്വരത്തിൽത്തന്നെ തന്റെ ചേട്ടനോടിങ്ങനെ പറഞ്ഞു നിർത്തി.


ചലനം കൂടാതെ ശരിയെന്ന അർത്ഥത്തിലാകെ ഒരു മന്ദഹാസം പൊഴിച്ചു കൊണ്ട് അവൻ അവളെ നോക്കിയിരിപ്പ് തുടർന്നു. അവളാകട്ടെ, പുതിയൊരു പ്രകാശം തന്റെ ചേട്ടനിൽ നിന്നും ദർശ്ശിച്ചെന്ന പോലെ- എന്നാൽ ഗാഡമായ അവശതകലർന്ന ഉറക്കത്തിന്റെ പിടിയിലമർന്ന് സ്വന്തം കണ്ണുകളെ പൂട്ടിക്കിടന്നു. അവൻ തന്റെ പൂർണ്ണമായ ശ്രദ്ധയും ലീനയിലേക്ക്, അവളുടെ മുഖത്തേക്ക് ഊന്നി അടക്കിവെച്ചിരിക്കുന്ന വലിയ ഭാരങ്ങളുടെ കെട്ടുകൾ ഓരോന്നായി മുറുക്കിത്തുടങ്ങി- ഭദ്രമായി അടുത്തു തന്നെ അവയോരൊന്നും തുറന്നു നോക്കുവാനായി.


20


തന്റെ രക്ഷിതാക്കളുടെ കല്ലറയിങ്കൽ കൈകൂപ്പി നിൽക്കുകയാണ് ബഞ്ചമിൻ. അടഞ്ഞിരിക്കുന്ന അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റിറ്റു വീണു കൊണ്ടിരുന്നു. ഇതിൽ അലിവ് പൂണ്ടെന്ന വണ്ണം സായാഹ്നം തന്റെ എല്ലാത്തരം രൗദ്രഭാവങ്ങളെയും മാറ്റി നിർത്തി ആകെ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. അല്പം അകലെയായി, വിജനമായ ആ സെമിത്തെരിയിൽ ബഞ്ചമിന്റെ ഓരോ നിമിഷവും അളന്നു കൊണ്ടെന്ന കണക്കെ നിൽക്കുകയാണ് അഞ്ജന.


ഒന്ന്‌ മൂക്കുവലിച്ച് ദുഃഖം അല്പം മനസ്സിൽ നിന്നും അകറ്റി നിർത്തി, ഒരിക്കൽക്കൂടി കല്ലറയിങ്കൽ ഭവ്യതയോടെ കൈകൂപ്പിയ ശേഷം ബഞ്ചമിൻ, അഞ്ജനയെ കണ്ട് അവിടേക്ക് മെല്ലെ നടന്നെത്തി. അവന്റെ കവിൾത്തടങ്ങളെ തഴുകി ചെറിയ കാറ്റ് വന്നു പോയിത്തുടങ്ങിയിരുന്നു - ധാരയായി ഒഴുകിയിറങ്ങിയ കണ്ണുനീർച്ചാലുകളെ ഉണക്കിക്കളയും വിധം!


അവൻ അടുത്തെത്തിയപ്പോഴേക്കും, അവന്റെ മുഖത്തേക്കൊന്ന് നോക്കിയ ശേഷം, മൂന്നു-നാലു നിമിഷങ്ങൾക്കകം അവൾ പറഞ്ഞു;

“പപ്പയും മമ്മിയും എന്തു മറുപടി പറഞ്ഞു...?”

അവൻ ഭാവമൊന്നും കൂടാതെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു. അല്പനിമിഷത്തിനകം അവൾ തുടർന്നു പറഞ്ഞു;

“ഒന്നുമില്ല...! ലീനയെ ഇനിയൊരിക്കലും വിഷമം അറിയിക്കരുത്, ഒരു ചേട്ടനെന്ന നിലയിൽ -മൂത്ത മകനെന്ന നിലയിൽ. അവൾക്ക് അപ്പനും അമ്മയുമായി ഈ ലോകത്തിൽ ഒരാളെയുള്ളൂ ഈ ഭൂമിയിൽ... അത് ബഞ്ചമിൻ ആണ്.”

ഒന്ന്‌ നിർത്തിയ ശേഷം അവൾ പറഞ്ഞു;

“വാ, പോകാം.”


ബഞ്ചമിന് വഴിയൊരുക്കും വിധം അവൾ മെല്ലെ സെമിത്തേരിയിൽ നിന്നും പുറത്തേക്ക് നടന്നു തുടങ്ങി. അവളുടെ ഒപ്പംപിടിച്ച് അവനും കൂടെ നടന്നു.


“എന്റെ വേദനകളും സങ്കടങ്ങളും എന്നെ വിഴുങ്ങിയപ്പോൾ അതിൽ നിന്നും ഞാൻ രക്ഷപ്പെടുന്നത് മറ്റൊരാൾക്ക് വേദനകളും സങ്കടങ്ങളും സമ്മാനിച്ചു കൊണ്ടാണെന്നത് എന്നെ സങ്കടപ്പെടുത്തുന്നു!”

തലയല്പം താഴ്ത്തി നടന്നു കൊണ്ട് ബഞ്ചമിൻ അവളോടായി പതുക്കെ പറഞ്ഞു.


ഒരു നിമിഷം നിന്ന ശേഷം അവൾ മന്ദഹസിച്ചു, അവനെ നോക്കി. ശേഷം നടന്നു കൊണ്ട് പറഞ്ഞു;

“ഇനി ഒരു കുരവ കേട്ട് ആരും വിഷമിക്കാൻ നിൽക്കേണ്ട! ലീന സുഖമാവുകാൻ പ്രാർത്ഥിച്ചിരിക്കാം. അവള് വെളിയിൽ വന്നാൽപ്പിന്നെ കുറച്ചു സമയം അവർക്കായി മാറ്റിവെക്കണം! അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങുന്നത് നല്ലതാ.”

ഒരിക്കൽക്കൂടി നിർത്തി അവൾ തുടർന്നു;

“അടുത്ത ദിവസം മുതൽ ഞാൻ ഉണ്ടാവില്ല ബഞ്ചമിൻ... ലീവ് ഇപ്പോഴിത് എത്രയായി! സന്തോഷത്തോടെ ലീനയോടൊപ്പം ആദ്യമൊന്ന് നിൽക്ക്!

ബാക്കി എല്ലാം പിറകെ ഒറ്റയ്ക്ക് വന്നു കൊള്ളും. പപ്പയും മമ്മിയും ആക്‌സിഡന്റിൽ മരിച്ചതിനു ശേഷം എങ്ങനെ ബഞ്ചമിൻ അവളെ നോക്കിയിത്രയും എത്തിച്ചോ, അതിലും ഇരട്ടി അവൾക്കിനിയും നൽകണം. അവിടെ നിന്നും എല്ലാം ഭംഗിയായി തുടങ്ങും.”


അവളിത്രയും പറഞ്ഞു നിർത്തിയതിന് മറുപടിയായി അവനൊന്നും പറഞ്ഞില്ല. എന്തൊക്കെയോ സ്വന്തം മനസ്സിൽ കരുതി വെച്ച പോലെ സാവധാനം അവൻ നടന്നു. അഞ്ജനയുടെ കാറിൽ സഞ്ചരിക്കുമ്പോൾ അവനാകെ ചിന്തകളിൽ മുഴുകിയിരുന്നു.

“നമുക്ക് ഹോസ്പിറ്റലിൽ കയറിയിട്ട് വീട്ടിലേക്ക് പോയാൽ പോരെ!?”

ഡ്രൈവിങ്ങിനിടയിൽ, മൗനം മുറിച്ച് അവൾ ചോദിച്ചു.

‘മതി’ എന്ന അർത്ഥത്തിൽ, ചിന്തകളിലാണ്ടു തന്നെ അവൻ മറുപടിയായി തലയാട്ടി. ശേഷം, അവളൊന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ എത്തി കാറിൽ നിന്നും ഇറങ്ങി നടക്കുന്ന വഴി തന്റെ ആലസ്യം മറച്ചു പിടിക്കാത്ത വിധം അവൾ പറഞ്ഞു;


“നമുക്കൊരോ ചായ കുടിച്ചാലോ... ഒന്നുഷാറാകുമല്ലോ!? വഴിയിൽ ഇറങ്ങി കുടിക്കാമെന്ന് കരുതിയതാ, പക്ഷെ ഇവിടെ ക്യാന്റീനിൽ നിന്നുമാകുമ്പോൾ എല്ലാം കൊണ്ടും നല്ലതാ... വാ...”

ഒരു നിർബന്ധത്തിന്റെ ഭാഷയിൽ വാചകം അവസാനിപ്പിച്ച് അവൾ ക്യാന്റീൻ ലക്ഷ്യമാക്കി നടന്നു തുടങ്ങി. പ്രത്യേകിച്ചൊന്നും പറയാതെ അവനും അനുഗമനം തുടർന്നു.

“എനിക്ക് അത്യാവശ്യം വിശക്കുന്നുണ്ട് ബഞ്ചമിൻ... നാളെ മുതൽ കോടതിയിൽ പോയി തുടങ്ങിയാൽ പിന്നെ ഇതൊന്നും നടക്കില്ല, അറിയാമല്ലോ! എന്തെങ്കിലും സ്നാക്സ് ഓർഡർ ചെയ്യട്ടെ...?”

രണ്ടു ചായ ടേബിളിൽ എത്തിയ ശേഷം അവൾ ബഞ്ചമിനോട് ഇങ്ങനെ ചോദിച്ചു.

“ചായ മതി തല്ക്കാലം. അഞ്ജന വാങ്ങിച്ചോ...”

ചായ ഒരു സിപ് രുചിച്ചു തുടങ്ങി, അവൻ മറുപടിയായി പറഞ്ഞു.

“എന്നാലിനി എന്തിനാ ഫോർമാലിറ്റി...?”

ഇങ്ങനെ പറഞ്ഞു കൊണ്ട്, അവൾ വെയ്റ്ററെ ക്ഷണിച്ചു വരുത്തി സ്നാക്സ് ഓർഡർ ചെയ്തു. ബഞ്ചമിൻ മെല്ലെ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ചായയ്ക്കൊപ്പം സ്നാക്സും കഴിച്ചു വിശപ്പ് ശമിപ്പിച്ച ആശ്വാസത്തിലിരുന്നു.


കാന്റീനിൽ നിന്നും ലീനയുടെ റൂമിലേക്ക് പോകുന്ന വഴി, കോളേജിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന കുറച്ചംഗങ്ങൾ- ലീനയെ സന്ദർശ്ശിച്ച ശേഷം തിരിച്ചിറങ്ങി വരികയായിരുന്നു. അവരോടൊപ്പം അഞ്ജലി ഉണ്ടായിരുന്നതിനാൽ ബഞ്ചമിനും അഞ്ജനയ്ക്കും ഓരോ ആളുകളെയും അത്യാവശ്യം വ്യക്തമായി പരിചയപ്പെടുവാൻ സാധിച്ചു. ശേഷം, അഞ്ജലിയോടൊപ്പം അവരെ വിട്ട് അവർ ഇരുവരും നടന്നു.


“എനിക്കാ പോലീസുകാരൻ ബഞ്ചമിനെ ഇഷ്ടമായി കേട്ടോ...”

നടന്നു കൊണ്ടിരിക്കെ, കുറച്ചു മിനിട്ടുകൾ മൂകതയ്ക്ക് കൈമാറിയ ശേഷം പ്രത്യേകം കാരണങ്ങളൊന്നും ഭാവിക്കാതെ അവളിങ്ങനെ അവനോടായി പറഞ്ഞു.


വളരെ നേർത്ത പുച്ഛം കലർന്നൊരു ചിരി ഒരു നിമിഷത്തേക്ക് മാത്രമായി അവന്റെ മുഖത്തേക്കെത്തി. അടുത്ത നിമിഷം തന്നെ അത് മാഞ്ഞു പോയി. ഉത്തരം ലഭിക്കാത്തത്തിൽ അവൾക്ക് സന്തോഷം തോന്നി, അവനിൽ നിന്നും. നടക്കുന്നതിനിടയിൽ, അപ്പോഴാണ് തനിക്കും ബഞ്ചമിനും ഇടയിൽ അല്പം അകലം ഉള്ളതായി അവൾ ശ്രദ്ധിക്കുന്നത്. ഒട്ടും താമസിച്ചില്ല, അടുത്ത നിമിഷം അഞ്ജന പരമാവധി ബഞ്ചമിനോട് ചേർന്നു നടന്നു.


21


രാത്രിയുടെ കരിനിഴൽ ആകെ പാറിപ്പറന്ന് തുടങ്ങിയിരുന്നു. അതിൽ മുങ്ങിയെന്നവണ്ണം ബഞ്ചമിന്റെ വില്ല നിൽക്കുകയാണ്. അകത്ത് ഹാളിൽ വലിയൊരു ഡെയിനിങ് ടേബിൾ, അവിടെ അരുണും ലീനയും പരസ്പരം ചിരിയും മറ്റും ഉൾപ്പെടുത്തി സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കുകയാണ്. തന്റെ ഫോണിൽ ശ്രദ്ധ കൊടുത്ത് ഇരിക്കുന്ന ബഞ്ചമിനടുത്തായി അഞ്ജന ഇരിക്കുകയാണ്. അപ്പോഴേക്കും വീടിന്റെ ഏതോ ഒരു കോണിൽ നിന്നെന്ന പോലെ അഞ്ജലി ധൃതി തോന്നിപ്പിക്കും വിധം അവിടേക്ക് എത്തി.


“ഞാൻ വിളിച്ചു അവളെ, ജീനയെ... അവൾക്ക് വയ്യായിരുന്നെന്ന്, ഞാൻ വഴക്ക് കുറേ പറഞ്ഞപ്പോൾ സോറി പറഞ്ഞു.”

അരുണിനെയും ലീനയെയും മാറി-മാറി നോക്കി അഞ്ജലി ഇങ്ങനെ പറഞ്ഞു.


ലീനയെ ഒരുതവണ നോക്കിയപാടെ അരുൺ പറഞ്ഞു, മറുപടിയെന്ന വണ്ണം; “അവളുടെ വയ്യായ്ക എന്താണെന്ന് എല്ലാവർക്കും അറിയാം!

ആ പൊട്ടിക്ക് എന്നാൽ അവനെയും കൂട്ടി ഇങ്ങ് വന്നാൽ

മതിയായിരുന്നല്ലോ...!”

ഒന്നു നിർത്തി, ഒരിക്കൽക്കൂടി ലീനയെ ഒന്നു നോക്കി അവൻ തുടർന്നു;

“ഇന്നിവിടെ നമ്മുടെ ക്ലാസ്സുകാർക്കായി പാർട്ടി വെച്ചിട്ട് എത്ര പേരാ ഹാപ്പിയായി വന്നു പോയത് എന്ന് കണ്ടില്ലേ! ആ വിവരദോഷിപ്പെണ്ണ് അവിടിരിക്കട്ടെ, ക്ലാസ്സിൽ ചെന്നിട്ടു ശരിയാക്കാം അവളെ ഇതിന്!”

ചെറിയൊരു ചിരിയോടെ ലീന, പൂർണ്ണമായൊരു അയവ് ശരീരത്തിനാകെ വരാത്തതിൻ പുറത്ത്- അതും പ്രകടമാക്കി ഭക്ഷണം കഴിപ്പ് തുടർന്നു, പിറകെ വാർത്തമാനങ്ങൾ തുടർന്ന് അരുണും.


ചെറിയൊരു തിടുക്കത്തോടെ അഞ്ജലി പെട്ടെന്ന് ചോദിച്ചു;

“ചേട്ടനും ചേച്ചിയും കഴിച്ചതാണോ?”

ചോദ്യം കേട്ട് ബഞ്ചമിൻ ഉത്തരത്തിനെന്ന പോലെ തല ഉയർത്തിയതും ‘കഴിച്ചു’ എന്ന അർത്ഥത്തിൽ അഞ്ജന അവളെ തലയാട്ടി കാണിക്കുന്നത് കണ്ടു. അഞ്ജലി തന്റെ ഫോണിൽ ശ്രദ്ധ കൊടുത്ത് വന്നവഴി പോയി. അവൻ വീണ്ടും ഫോണിൽ തുടരുന്നതു കണ്ട അഞ്ജന പതിയെ ചോദിച്ചു;


“ഇപ്പോൾ ഏതുനേരവും ഈ ഫോണിലാണല്ലോ ഇരിപ്പ്! ലീനയെ ഇവിടെ കൊണ്ടു വന്നിട്ടിപ്പോൾ മാസം മൂന്ന് കഴിഞ്ഞു... അവളെ ഇവിടെ കൊണ്ടു വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ പെങ്ങളോടുള്ള കടമകൾ ഏതാണ്ട് തീർത്താൽ പിന്നെ ഫോണിലാണ് ബഞ്ചമിൻ... ഒരാവശ്യവും ഇല്ലെങ്കിലും ഫോൺ വെറുതെ പോക്കറ്റിൽ എടുത്തിട്ടോണ്ട് നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.”


ഒന്നു നിർത്തി, ലീനയെയും അരുണിനെയും ഒരു നിമിഷത്തേക്ക് വേഗമൊന്ന് നോക്കിയ ശേഷം അവൾ തുടർന്നു;

“ദേ, പിള്ളേരെ നോക്കിക്കേ... എത്ര സ്മാർട്ടാ രണ്ടാളും, ലീനയാണേൽ പെട്ടെന്ന് റിക്കവറായി വരികയും ചെയ്തു. ഇപ്പോൾ എല്ലാവരും ഹാപ്പി!

എന്റെ പൊന്നുമോൻ ഇനിയും ഉഴപ്പാൻ നിന്നാൽ ഞാൻ കൊല്ലും!

പറഞ്ഞേക്കാം...”


മറുപടിയായി ബഞ്ചമിൻ തലയുയർത്തി അവളെ നോക്കിയശേഷം പറഞ്ഞു;

“എടീ അവര് അവരുടെ ലോകത്താണ്, നീ കണ്ടില്ലേ... ഇതിനിടയിലേക്ക് ഞാനെന്തിനാ ഇടിച്ചു കേറുന്നത്!? ഞാനിവിടെത്തന്നെ ഉണ്ടല്ലോ... പിന്നെന്താ!? നിനക്ക് ബോർ അടി ആണേൽ അത് പറയ് അഞ്ജനേ നേരെ...”


കാത്തിരുന്നെന്ന പോലെ അഞ്ജന അവന്റെ മുഖത്തു നോക്കിത്തന്നെ പറഞ്ഞു;

“സത്യം! മനസ്സിലായല്ലോ...? എനിക്ക് ബോറടിക്കുന്നുണ്ട്, ഇന്നിവിടെ എത്ര പിള്ളേരാ, ഇവരുടെ ഫ്രണ്ട്‌സ് വന്നിട്ട് പോയത്! നമ്മള് മാത്രമിങ്ങനെ...”

ബഞ്ചമിൻ മറുപടിയായി അവളുടെ മുഖത്തു നോക്കി നല്ലൊരു പുഞ്ചിരി പാസ്സാക്കി.

“നിർബന്ധിച്ച് എനിക്കൊന്നും വേണ്ട, തനിയെ തോന്നിയിങ്ങു തന്നാൽ മതി!”

ഒരു പരിഭവഭാവം നടിച്ച് അവൾ പതിയെ അവനോടിങ്ങനെ പറഞ്ഞു.

ബഞ്ചമിൻ വീണ്ടും തന്റെ ഫോണിലേക്ക് വഴുതി വീണിരുന്നു. ഒരു നിമിഷം അവനെ നോക്കി ദേഷ്യഭാവം നടിച്ച് മുഖത്ത് കുസൃതി വരുത്തിയ ശേഷം പെട്ടെന്ന് സ്വന്തം ഫോണുമെടുത്ത് അവളും അതിലേക്കിരുന്നു.


ഭക്ഷണ ശേഷം മെല്ലെ, കൈകഴുകി വന്ന് അരുൺ ബഞ്ചമിനോടായി പറഞ്ഞു;

“ചേട്ടായി, ഞാൻ എന്നാലങ്ങു ഇറങ്ങിയേക്കുവാ... ഇപ്പോൾത്തന്നെ ലേറ്റ് ആയി...”

ചെറിയൊരു പുഞ്ചിരിയോടെ ഇത്രയും പറഞ്ഞശേഷം എന്തോകൂടി തീർക്കുവാനുണ്ട് എന്ന ഭാവത്തിൽ ബഞ്ചമിന് മുന്നിലായി അവൻ നിന്നു. ഫോൺ ടേബിളിൽ വെച്ചു കൊണ്ട് ചിരിഭാവിച്ച് എഴുന്നേറ്റു നിന്ന ശേഷം അരുണിന് ഷേക്ക്‌-ഹാൻഡ് നൽകിക്കൊണ്ട്- അപ്പോഴേക്കും അവിടേക്ക് കൈകഴുകി വന്ന ലീനയോടായി ബഞ്ചമിൻ പറഞ്ഞു;

“നീ അരുണിനെ ഇപ്പോഴാണോ എനിക്ക് പരിചയപ്പെടുത്തുന്നത്!?”


ബഞ്ചമിനെയൊന്ന് തമാശഭാവേനെ കണ്ണുരുട്ടി കാണിച്ച ശേഷം ലീന പറഞ്ഞു;

“എന്റെ ചേട്ടായീ... ചില പരിചയങ്ങൾ ഇങ്ങനെയാ,”

പെട്ടെന്നൊന്ന് നിർത്തി അവൾ തുടർന്നു, ഒരു പ്രത്യേക തരത്തിൽ;

“... ആവശ്യമില്ലാതെ വല്ലാണ്ടങ്ങു ലേറ്റ് ആകും! ഹാ,... എന്തുചെയ്യാം...!”

ഫോണിൽ ലയിച്ചിരിക്കെത്തന്നെ ഇതു കേട്ട് അഞ്ജന ഒന്ന്‌ പുഞ്ചിരിച്ചു. 


“ഇവളുടെ ചേട്ടനായിപ്പോയില്ലേ... എനിക്കറിയാം അരുണിനെ!”

സഭ്യതകലർന്നൊരു മന്ദഹാസത്തിൽ ചാലിച്ച്, ഷേക്ക്‌-ഹാൻഡിന് തന്റെ മറ്റേ കരംകൂടി കൊടുത്ത് ഉറപ്പാക്കി, ബഞ്ചമിൻ അരുണിനോടായി ഇങ്ങനെ പറഞ്ഞു.

‘ശരി’ എന്ന ഭാവത്തോടെ അരുൺ പോകുവാൻ തിരിഞ്ഞതും ലീന പറഞ്ഞു;

“അരുണേ, പോയി വരാം എന്ന് പറ ചേട്ടനോട്...”

തമാശ കലർന്ന ഈ വാചകങ്ങൾക്ക് മറുപടിയായി ‘നീ പോടീ ഒന്ന്‌’ എന്ന് ചിരിയോടെ പറഞ്ഞശേഷം അരുൺ പുറത്തേക്ക് ഇറങ്ങി തന്റെ കാറിൽ കയറി സാവധാനം മറഞ്ഞു.


“പാർട്ടിയുടെ മധുരം കളയേണ്ട, ഇന്ന് രണ്ടാളും ഇവിടെ കൂട്. ഞങ്ങൾ എത്ര ദിവസം അവിടെ നിന്നിട്ടുള്ളതാ... കേട്ടോ!?”

തന്റെ ചേട്ടനെ ഒന്നിടയ്ക്ക് നോക്കിക്കൊണ്ട് അഞ്ജനയോടായി ലീന ഇങ്ങനെ തന്റെ ആരോഗ്യസ്ഥിതിയെ മാനിച്ചു കൊണ്ട് പറഞ്ഞു.

“ഊമ്! നോക്കട്ടെ... പരിഗണിക്കാം.”

ഫോണിൽത്തന്നെ ലയിച്ചിരിക്കെ അവളിങ്ങനെ മറുപടി നൽകി.


ലീന മെല്ലെ നടന്ന് അഞ്ജലിയുടെ അടുത്തേക്കെന്നവിധം പോയി. ബഞ്ചമിനാകട്ടെ, ഫോണിൽ ലയിച്ച് ഒരു പ്രത്യേക രീതിയിലും ഭാവത്തിലും ഇരിക്കുന്ന അഞ്ജനയെ നോക്കി കുറച്ചു സമയം ഇരുന്നു പോയി. അവളുടെ ശ്രദ്ധ ഇല്ലെന്നായപ്പോൾ ടേബിളിൽ വച്ചിരുന്ന തന്റെ ഫോണുമെടുത്ത് -അവളെ നോക്കിത്തന്നെ അവൻ തന്റെ റൂം ലക്ഷ്യമാക്കി പതിയെ നടന്നു.


22


മഴ നന്നായൊന്ന് പെയ്തുതോർന്നു കിടക്കുന്ന പുലർകാലത്തെ തിരിച്ചറിയാതെ ലീനയ്ക്കുള്ള ലഞ്ച്ബോക്സ്‌ നിറയ്ക്കുന്ന തിരക്കിലായിരുന്നു ബഞ്ചമിൻ. കോളേജിൽ പോകുവാനായി കുളികഴിഞ്ഞു എത്തിയ ലീനയ്ക്ക് പതിവു പോലെ നിറച്ചു ഭദ്രമാക്കിയ ലഞ്ച്ബോക്സ് അവൻ സമ്മാനിച്ചു. ചെറിയൊരു കള്ളച്ചിരിയോടെ അത് വാങ്ങിച്ചു കൊണ്ട് തമാശരൂപേനെ ഒരു പാതി സല്യൂട്ട് അവളവന് സമ്മാനിച്ചു.


“വേഗം കോളേജിൽ പോകുവാൻ നോക്ക്...”

പെങ്ങളുടെ തമാശയെ സ്വീകരിച്ചെന്നവണ്ണം ചെറിയൊരു മന്ദഹാസം കലർത്തി അവനവളുടെ തോളിൽ അർത്ഥമായൊന്ന് തട്ടിക്കൊണ്ടിങ്ങനെ പറഞ്ഞു.

“ചേട്ടനിനി സർവ്വീസിലേക്ക് തിരിച്ചു കേറാനൊന്നും നിൽക്കേണ്ട കേട്ടോ!

ഞാൻ പൊയ്ക്കഴിഞ്ഞു മതി അത്തരം കാര്യങ്ങളെക്കുറിച്ചുള്ള ആലോചന പോലും!”


കിച്ചണിൽ നിന്നും ലഞ്ച്ബോക്സുമായി തിരികെ സ്വന്തം റൂമിലേക്ക് നടക്കുന്ന വഴി, ബഞ്ചമിന് കേൾക്കുവാൻ തക്കവണ്ണം ശബ്ദമുയർത്തി ഇങ്ങനെ പറഞ്ഞ്, അവസാനവാചകത്തോടൊപ്പം ഒന്നവനെ തിരിഞ്ഞു നോക്കി പറഞ്ഞവസാനിപ്പിച്ചു അവൾ. മറുപടിയായി, അവളെ ശ്രദ്ധിക്കാതെ ചെറിയൊരു ചിരി പാസാക്കി കിച്ചണിലെ ഒരു ടർക്കിയിൽ കൈകൾ തുടച്ച ശേഷം ലക്ഷ്യമില്ലാതെ വീടിന്റെ മുൻഭാഗത്തേക്ക് അവൻ മെല്ലെ നടന്നു.


അപ്പോഴേക്കും ഹാളിൽ നിന്നും അവന്റെ ഫോൺ റിങ്ങ് ചെയ്തു. തെല്ലു വേഗത്തിൽ അവൻ തന്റെ ഫോൺ കൈയ്യിലെടുത്ത് നോക്കി -ഡി. ജി. പി. അവൻ കോൾ അറ്റന്റ് ചെയ്തു.


“ഹലോ... എടാ, ഒരു കൊലപാതകം നടന്നിട്ടുണ്ട്, നീ ടി. വി. യിൽ ന്യൂസ്‌ വല്ലതും കണ്ടിരുന്നോ...? ഈ സമയം കൊണ്ട് എന്തായാലും ന്യൂസ്‌ ആകാൻ വഴിയുണ്ട്!”


പതിഞ്ഞ സ്വരത്തിലുള്ള ഡി.ജി.പി. യുടെ ഈ വാചകങ്ങൾ അവനെ ഒരുനിമിഷം സ്ഥബ്ധനാക്കി. ഒന്നു നിർത്തി, മറ്റെന്തോ ജോലിയിൽ ഏർപ്പെട്ടു കൊണ്ടെന്ന പോലെ അയാൾ തുടർന്നു;

“കുറച്ചു മുൻപാ ഞാനിവിടെ സ്ഥലത്ത് എത്തിയത്! സിറ്റുവേഷൻ ഏതാണ്ടൊക്കെ പഠിച്ചു വരുന്നതേയുള്ളൂ... ഇപ്പോഴാ നിന്നെ വിളിക്കാൻ എനിക്കൊരു... എനിക്കൊരവസരം കിട്ടിയത്! ഞാൻ പത്തുമിനിറ്റ് മുൻപേ നിന്റെ വാട്സ്ആപ്പിൽ സ്ഥലം അയച്ചിട്ടുണ്ട് -റൂട്ട്. നീയിവിടെ വരെ വേഗമൊന്ന് വരണം. കൃത്യമായി ഒന്നുമിപ്പോൾ ഫോണിലൂടെ, ഇവിടെ നിന്ന് പറയുവാൻ പറ്റുന്നില്ല. വേഗം വാ, ഞാൻ വെക്കുവാ.”


മറുപടിയ്ക്ക് കാത്തു നിൽക്കാതെ ഡി. ജി. പി. കോൾ കട്ട്‌ ചെയ്തു. അവൻ കീഴ്പ്പല്ലുകളാൽ മേൽച്ചുണ്ട് അകത്തേക്ക് വളച്ച് കടിച്ചു നിന്ന ശേഷം ഫോൺ തന്റെ അടുത്തയുള്ള സോഫയിലേക്ക് എറിഞ്ഞിട്ടു. ശേഷം അവിടെ നിൽക്കെത്തന്നെ തലതിരിച്ച് തന്റെ പെങ്ങൾ കേൾക്കുവാനെന്നവണ്ണം അല്പം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു;


“എടീ നീ ഇറങ്ങല്ലേ... ഞാൻ കൂടിയുണ്ട്...”

അവൾ ഈ വാചകം കേട്ടെന്നുറപ്പായ നിമിഷം, മറുപടി ശ്രദ്ധിക്കാതെ അവൻ ബാത്‌റൂമിലേക്ക് കുളിക്കുവാനായി ഓടി.


അവൻ കുളികഴിഞ്ഞു ഡ്രസ്സ്‌ ചെയ്ത് ഹാളിലേക്ക് എത്തിയപ്പോൾ കാത്തിരിപ്പിന്റെ ആലസ്യം പേറിയ മുഖവുമായി സ്വന്തം ഫോണിൽ അഭയം കണ്ടെത്തി, കോളേജിൽ പോകുവാൻ റെഡിയായി ഇരിക്കുകയായിരുന്നു ലീന. അവൻ വേഗത്തിൽ, ‘വരു’ എന്നാഗ്യം കാണിച്ചു കൊണ്ട് അവളെ നോക്കിയ ശേഷം പോർച്ചിലേക്ക് ഇറങ്ങിച്ചെന്ന് വൃത്തിയായി വാഷ് ചെയ്തിട്ടിരുന്ന തന്റെ മഹീന്ദ്ര താറിലേക്ക് കയറി, പിന്നാലെ ലീനയും.


വീട് വേഗത്തിൽ പൂട്ടി കൈയ്യിൽ കരുതിയിരുന്ന താക്കോൽ അവൾ, വേഗത്തിൽ ഗേറ്റ് കടന്നിറങ്ങി റോഡിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന താറിൽ ഇരിക്കെ ബഞ്ചമിന്റെ ശ്രദ്ധയിൽപ്പെടുത്തി ഡാഷ്-ബോർഡിൽ നിക്ഷേപിച്ചു. അവനാകട്ടെ, ഡി. ജി. പി. വാട്സ്ആപ്പിൽ അയച്ച സ്ഥലത്തേക്കുള്ള റൂട്ട്, സ്റ്റാൻഡിൽ ഭദ്രമാക്കിയ സ്വന്തം ഫോണിൽ ശ്രദ്ധിക്കുന്നതോടൊപ്പം വാഹനം ചലിപ്പിക്കുകയായിരുന്നു.


“എടീ, നിന്നെ ഞാൻ കോളേജിൽ ആക്കാം! എനിക്കതു വഴി ഒരിടത്ത് വേഗം ചെല്ലാനുണ്ട്... ഇത്തിരി ഒഫീഷ്യൽ കാര്യമാ...”

പ്രാഥമിക തിരക്ക് ഒന്നൊഴിഞ്ഞനേരം ഡ്രൈവ് ചെയ്യവേ ബഞ്ചമിൻ ഇങ്ങനെ പറഞ്ഞു. ആദ്യ വാചകം ശ്രദ്ധയോടെ കേട്ടു തുടങ്ങി അവസാന വാചകത്തിൽ എത്തി നിൽക്കേ ഒരു ലാഘവത്വം പ്രകടമാക്കി ‘ശരി’ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.


കോളേജിലേക്ക് കയറുന്ന വഴിയിലായി ലീനയെ ഇറക്കിയ ശേഷം അവൻ ലൊക്കേഷൻ ലക്ഷ്യമാക്കി പുറപ്പെട്ടു. ഒരു വിജനമായ പ്രദേശത്തു, എന്നാലിപ്പോൾ ആളുകളാലും മാധ്യമപ്പടകളാലും പോലീസുമൊക്കെയുമായി ചുറ്റപ്പെട്ടു കിടക്കുന്നൊരു സാമാന്യം വലുപ്പം ചെന്ന വീട്ടിലേക്കുള്ള വഴിയിൽ അവൻ എത്തിച്ചേർന്നു. അവിടെ നിന്നും നടക്കാമെന്നുവെച്ചു വണ്ടി അവനവിടെ ഒരിടത്ത് ഒതുക്കിയിട്ടു. ശേഷം, ഡി. ജി. പി. യെ ഫോണിൽ വിളിച്ചു കൊണ്ടു തിരക്കിനിടയിലേക്ക് അവൻ നടന്നു കയറി.


ആളുകളുടെയും പോലീസുകാരുടെയും മറ്റും വലയങ്ങൾ ഭേദിച്ച് ബഞ്ചമിൻ ആ വലിയ വീടിനു മുന്നിലെത്തിയപ്പോഴേക്കും, കൈയ്യിൽ എന്തിനോ തയ്യാറെടുത്തു നിൽക്കുന്ന ഫോണുമായി അവനു നേർക്ക് ഡി. ഐ. ജി. എത്തി.

“അവിടെ ഏതാണ്ട് കാര്യങ്ങളൊക്കെ കഴിഞ്ഞിരിക്കുവാ... നീ വേഗം ചെന്ന് ഒന്ന്‌ കണ്ടിട്ടുവാ... വേഗം!”

വേഗത്തിൽ, തീർത്തും ശബ്ദം താഴ്ത്തി അവന്റെയടുത്തെത്തി ഡി. ഐ. ജി. ഇങ്ങനെ പറഞ്ഞു. ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം അവൻ തന്റെയൊപ്പം വരുവാൻ അയാളോട് ആവശ്യപ്പെട്ടു.


“ഇവിടെ കാര്യങ്ങൾ ഏതാണ്ടൊരു തീരുമാനം ആയാൽ വിവരങ്ങൾ വെളിപ്പെടുത്താം എന്നു പറഞ്ഞു പിടിച്ചു നിർത്തിയിരിക്കുകയാ

മാധ്യമങ്ങളെ! എല്ലാം കൂടി ഇടിച്ചങ്ങു നിൽക്കുവാ...!”

ക്രൈം സീനിലേക്ക് ബഞ്ചമിനൊപ്പം പ്രവേശിക്കുന്നതിനിടെ അയാൾ ഇങ്ങനെ പറഞ്ഞു.


പഴക്കം ചെന്ന ആ വീടിന്റെ ഹാളിലായി കത്തിക്കരിഞ്ഞു കിടക്കുകയാണ് ഒരു ശരീരം! ഫോറൻസിക്കുകാരും കുറച്ചു പോലീസുകാരും ഒപ്പം ബിജോയിയും തകൃതിയായി താന്താങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിച്ചുപോരുകയാണ്. ബഞ്ചമിൻ ഇത്രയും ശ്രദ്ധിച്ചപ്പോഴേക്കും ബിജോയ്‌ അടുത്തെത്തി ഡി. ഐ. ജി. യെ മാനിച്ച് അവനോടായി, കരിഞ്ഞു കിടക്കുന്ന ശവശരീരത്തെ നോക്കി പറഞ്ഞു;

“ഇതൊരു യുവതി... പെൺകുട്ടി ആണെന്നാ പ്രാഥമിക നിഗമനം. ആൾതാമസം ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടാ ഇത്... ചുറ്റുവട്ടത്തെങ്ങും വീടോ അങ്ങനെയൊന്നും ഇല്ല, വിജനമാ.”


ഇത്രയും പറഞ്ഞയാൾ നിർത്തിയപ്പോഴേക്കും എന്തോ ആവശ്യത്തിനായി കുറച്ചു പോലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരിൽ ഒരാളും ചേർന്ന്, അയാളെ വിളിച്ചു- ബോഡിയുടെ മറ്റൊരു ഭാഗത്തേക്ക്‌. ബഞ്ചമിൻ ചുറ്റുപാടും വേഗത്തിലൊന്ന് കണ്ണോടിച്ചു. ശേഷം ബോഡിയിലേക്ക് നോക്കി കുറച്ചു നിമിഷം അക്ഷമനായി നിന്നു.


“ഞാനെന്നാൽ പോയേക്കുവാ... ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല!”

അവൻ ഒരു നിമിഷം ഡി. ഐ. ജി. യോട് പറഞ്ഞു. ഒരു നിമിഷം നിശബ്ദനായ ശേഷം അയാൾ പറഞ്ഞു;

“ഒന്നൊഴിഞ്ഞില്ല... ഇത് ശരിയായൊരു പോക്കല്ല, കാര്യങ്ങൾ അറിഞ്ഞിട്ട്

ഞാൻ വിളിച്ചേക്കാം നിന്നെ.”

മറുപടിയായി, അർത്ഥമില്ലാതെ ഒന്ന്‌ തലയാട്ടിയ ശേഷം അവൻ അവിടെ നിന്നും വേഗത്തിലിറങ്ങി, വന്നതു പോലെ ഏവരെയും ഭേദിച്ച് തന്റെ താറിൽ കയറി വേഗത്തിൽ ഓടിച്ചു പോയി.


[തുടരും...]


Rate this content
Log in

More malayalam story from Hibon Chacko

Similar malayalam story from Drama