Hibon Chacko

Drama Crime Thriller

3  

Hibon Chacko

Drama Crime Thriller

അന്വേഷകൻ (ഭാഗം---4)

അന്വേഷകൻ (ഭാഗം---4)

8 mins
184


ഏതാനും മിനിട്ടുകൾ കഴിഞ്ഞില്ല, ചിരിയോടെ വേഗം ലീന അവരുടെ അടുക്കലേക്കെത്തി- കൂടെ ബഞ്ചമിനും. അഞ്ജനയെ അമ്പരപ്പിക്കും വിധം, പരിചയപ്പെടലിനോ മറ്റു ഔപചാരികതയ്ക്കോ ഒന്നിനും ശ്രമിക്കാതെ ബഞ്ചമിൻ തനിക്കായുള്ള കവറിൽ ഇരുന്നു- അതേ ഭാവത്തിൽ കൂടെ ലീനയും.

   

ലക്ഷ്യമില്ലാത്ത പ്രതീക്ഷകളും പേറി വന്ന അഞ്‌ജലിയ്ക്കും ലീനയ്ക്കും മറുപടിയായി പക്ഷെ കാത്തിരുന്നത് നിരാശയുടെ പുകപടലങ്ങൾ നിറഞ്ഞ ദൃശ്യങ്ങളായിരുന്നു. ഫുഡ്‌ ഓർഡർ ചെയ്ത സമയത്തും പിന്നീടവ കഴിയ്ക്കുന്ന സമയത്തും ബഞ്ചമിനും അഞ്ജനയും പരസ്പരം ഒരു തവണ മന്ദഹസിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഇത്രയുമായതോടു കൂടി രണ്ടു അനുജത്തിമാരും പതുക്കെ നിശബ്ദത പാലിച്ചു തുടങ്ങി. ആകെമൊത്തത്തിൽ ഒന്നാറിതണുത്തമട്ടിൽ നാലു പേരും ഭക്ഷണം കഴിച്ചു തീർക്കേണ്ടിവന്നു. ശേഷം യന്ത്രങ്ങളെന്ന പോലെ, ബില്ല് പെയ് ചെയ്തു പുറത്തേക്കിറങ്ങി. യാത്ര പറഞ്ഞു പിരിയേണ്ട സമയത്തും ലീനയും അഞ്ജലിയും തമ്മിൽ പിറുപിറുത്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.


“ചേച്ചി എന്താ ഒന്നും മിണ്ടാതെയിരുന്നത്...? ഭയങ്കര ബോറായിപ്പോയി!”

റെസ്റ്റോറന്റിൽ നിന്നും തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിൽ അഞ്ജനയോട് അനുജത്തി ഇങ്ങനെ ചോദിച്ചു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷമാണ് നേരെയിരുന്നു കൊണ്ടു തന്നെ അവൾ മറുപടി പറഞ്ഞത്;

“ഞാനെന്തു മിണ്ടാനാ...! ആ സമയത്ത് എന്താ മിണ്ടാൻ ഉണ്ടായിരുന്നത്!?”

ഒന്നു നിർത്തി, അനുജത്തിയുടെ നേർക്കു നോക്കി അവൾ തുടർന്നു പറഞ്ഞു;

“... എനിക്കുവേണേൽ സംസാരിച്ച് അങ്ങ് കുളമാക്കാമായിരുന്നു... അത് വേണമായിരുന്നോ!”

ഒരിക്കൽക്കൂടി നിർത്തി പഴയപടി ഇരിപ്പുറപ്പിച്ചു കൊണ്ട് അവൾ തുടർന്നു;

“അവരും പ്രത്യേകിച്ചൊന്നും മിണ്ടിയില്ലല്ലോ...”

എന്തോ കൂടി പറയുവാൻ വെമ്പൽകൊണ്ടെന്ന ഭാവത്തിൽ പക്ഷെ ഇത്രയും കൊണ്ട് അഞ്ജന നിർത്തി. മറുപടിയായി തന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയല്ലാതെ മറ്റൊന്നിനും അഞ്ജലി മുതിർന്നില്ല.

   

ബഞ്ചമിനും ലീനയും താറിൽ തിരികെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അവൾ തന്റെ ചേട്ടനെ ഒന്ന്‌ നോക്കി- അലസനാകുവാൻ തയ്യാറെടുക്കുന്ന വിധം ഡ്രൈവ് ചെയ്യുകയാണ് അവൻ. അവൾക്ക് സംസാരിക്കുവാൻ ആ സമയം പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. പെട്ടെന്ന് ഒരു വഴിയോരക്കട കണ്ടതോടെ അവൻ താർ ചവിട്ടി ഒരു വശത്തേക്ക് ഒതുക്കി. ശേഷം ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നും ഇറങ്ങി, പരസ്പരം തൊട്ടുരുമ്മിയെന്നമട്ടിൽ വിപരീത ദിശകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന വാഹനങ്ങളെ മറികടന്ന് എതിർവശത്തായുള്ള ആ വഴിയോരക്കടയിലേക്ക് അവൻ നടന്നു കയറി.

   

അസമയത്തിന്റെ വരവറിയിച്ചു കൊണ്ട് ഏതാണ്ട് വിജനമായിത്തീർന്നിരിക്കുന്നു ഈ പ്രദേശം. ലീന മുന്നിലെ ഗ്ലാസ്സിലൂടെ ആകാശത്തിലേക്ക് നോക്കി. അവിടെ ഒരു സുമുഖനെപ്പോലെ എന്നാൽ പുഞ്ചിരിതൂകുവാൻ മടിച്ചു ചന്ദ്രൻ നിൽക്കുന്നുണ്ടായിരുന്നു. ഒന്ന്‌ നിശ്വസിച്ച ശേഷം അവൾ തന്റെ കണ്ണുകളെ ചേട്ടനെ അന്വേഷിച്ചു വിട്ടു.

‘ചേട്ടന്റെ പ്രധാന ഭക്ഷണങ്ങളിലൊന്നായ ബ്രെഡും പാലും വാങ്ങിക്കുവാനായിരിക്കണം... ഇവിടേക്ക് തിരക്കിട്ടു കൊണ്ടു വന്നതിനാൽ ആ സമയം വാങ്ങിക്കുവാനും പറ്റിയില്ലല്ലോ!’

ഇങ്ങനെ ചിന്തകൾ അവളുടെ മനസ്സിലേക്ക് എത്തിപ്പൊയ്ക്കൊണ്ടിരുന്നു. ഒന്നു കൂടി അവൾ ആ കടയിലേക്ക് നോക്കി, അത്യാവശ്യം വേണ്ടുന്ന സാധങ്ങളൊക്കെ കിട്ടുന്ന കടയാണ്.

‘സമയത്തിന്റെ അതിക്രമവും ഇവിടെ മറ്റു കടകളൊന്നും ഇല്ലാത്തതിന്റെയും മുഖം ഈ കടയിലാകെ കാണുവാനുണ്ട്...

സാമാന്യം നല്ല തിരക്കാണ്. ചേട്ടൻ അവിടെച്ചെന്ന് മടിപിടിച്ചു നിൽക്കാനാണ് സാധ്യത! ഈ ബ്രെഡും പാലും, അതിൽത്തന്നെ ഒരു മടി കിടപ്പുണ്ട്!’

   

ഇങ്ങനെയൊക്കെ വീണ്ടും ചിന്തിച്ചുകൊണ്ടിരുന്നു ലീന. ഇടയിലൊരു നിമിഷം അഞ്ജലിയെ വിളിക്കണമെന്നവൾക്ക് തോന്നി. എന്നാലത്, എല്ലാം കൊണ്ടും വേണ്ട എന്ന തീരുമാനത്തിലേക്കാണ് അവളെ കൊണ്ടു ചെന്നെത്തിച്ചത്! കുറച്ചു സമയം കടന്നു പോയതോടെ അപ്രതീക്ഷിതമായി നല്ലൊരു മഴ എത്തി. ചിന്തകളിലകപ്പെട്ടു പരിസരം മറന്നിരുന്ന ലീന മറ്റൊന്നും നോക്കാതെ വണ്ടിയിൽ ഉണ്ടായിരുന്ന ഒരു കാലൻകുടയുമെടുത്തു ചൂടിക്കൊണ്ട് പുറത്തേക്കിറങ്ങി. റോഡ് വട്ടം കടന്നു തീർന്നില്ല, ഒരു കാർ പാഞ്ഞുവരവേ അവളെ ഇടിച്ചു തെറിപ്പിച്ചിട്ടു. നിയന്ത്രണം വിട്ടമാതിരി കാർ ഇരച്ചു കൊണ്ട് ലക്ഷ്യമില്ലാതെ ചില പ്രകടനങ്ങൾ നടത്തുവാൻ തുനിഞ്ഞ ശേഷം രംഗം മനസ്സിലാക്കിയെന്ന വണ്ണം എങ്ങനെയോ ശ്രമപ്പെട്ട് വേഗത്തിൽ നേരെ പാഞ്ഞു പോയി. ഇതേ സമയം കൊണ്ട് വഴിയാകെ ബ്ലോക്ക്‌ ആയി. എന്തോ അപകടം സംഭവിച്ചു എന്നതല്ലാതെ ആ ആദ്യ നിമിഷങ്ങളിൽ ആർക്കുമൊന്നും മനസ്സിലായിരുന്നില്ല. കാലൻകുട വിരക്തി പ്രകടമാക്കി, രൂപത്തിൽ വന്ന വ്യത്യാസവും പേറി ലക്ഷ്യമില്ലാതെ റോഡിൽ ഒരിടത്തു വീണുരുണ്ട് നടന്നു മെല്ലെ മഴയേറ്റു വാങ്ങിക്കൊണ്ട്.

   

ലീന തെറിച്ചു വീണ സ്ഥലത്തേക്ക് വാഹനങ്ങളിൽ നിന്നും കടയിൽ നിന്നുമൊക്കെ ആളുകൾ ഓടിയെത്തിച്ചെന്ന് ഒരു സ്ത്രീയാണതെന്ന തിരിച്ചറിവ് നേടി. കടയിലെ തിരക്കിനിടയിൽപ്പെട്ടു നിന്നിരുന്ന ബഞ്ചമിൻ നിമിഷങ്ങൾക്കകം കാര്യം ഏതാണ്ട് മനസ്സിലാക്കിയെടുത്ത് ആൾക്കൂട്ടത്തെ തള്ളിമാറ്റി ഓടിയെത്തി തന്റെ അനുജത്തി ശക്തിയായ മഴയിൽ രക്തത്താൽ ആവൃതയായി ചലനമില്ലാതെ കിടക്കുന്നത് കണ്ടു. അടുത്ത നിമിഷം അവളെ കോരിയെടുത്ത് മഴയെ വെല്ലുംവിധം അലറിക്കൊണ്ട് തന്റെ താറിലേക്ക് ബഞ്ചമിൻ പാഞ്ഞു, മറ്റെല്ലാം മറന്നുകൊണ്ട്.


13

   

എന്തിനോ വേണ്ടി നിശബ്ദതയോടെ അർദ്ധരാത്രി വ്യാപിച്ചു നിൽക്കുകയാണ് ‘എയിംസ്’ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനു മുകളിൽ. വേതനമില്ലാത്തൊരു ജോലിയായി കണക്കാക്കാതെ തങ്ങളുടെ കർത്തവ്യങ്ങൾ ലൈറ്റുകൾ നിർവ്വഹിച്ചുവരുന്നു. ഓപ്പറേഷൻ തീയേറ്ററിന് മുന്നിലായി ഒരു ചെയറിൽ ബഞ്ചമിൻ ചലനമറ്റിരിക്കുകയാണ്. ഒരു സ്വാഗതമോ പുഞ്ചിരിയോ തരുവാൻ തീർത്തും മടിച്ചു നിൽക്കുന്ന ഓപ്പറേഷൻ തീയേറ്ററിന് മറുപടിയെന്ന വണ്ണം വിജനമായ ആ ഏരിയയിൽ, തന്റെ ഇരിപ്പിടത്തിൽ പിറകിലേക്ക് തല മലർത്തിയിട്ട് അവൻ.

   

ഒരു നിമിഷം, തീയേറ്ററിയിൽ നിന്നും ഒരു നേഴ്സ് ഇറങ്ങി വന്നു. അവർ ബഞ്ചമിനെ വകവെയ്ക്കാതെ പക്ഷെ വേഗത്തിൽ കടന്നു പോയി, അവരെ പ്രതീക്ഷിക്കാതെ തന്നെ പഴയപടി ചലനമറ്റതു പോലെ ഇരിക്കുകയായിരുന്നു അവൻ. അല്പസമയത്തിനകം അവിടേക്ക് അഞ്ജന മെല്ലെ നടന്നു വന്നു. അവൾ അവനടുത്തായുള്ളൊരു ചെയറിൽ വന്നു മെല്ലെ ഇരുന്നു. യാതൊരു വിധത്തിലുമുള്ള ഭാവഭേദവും കാണിക്കാതെയിരിക്കുന്ന അവനടുത്തായി ഒന്നു രണ്ടു മിനിട്ടുകൾ അവൾ അനക്കം കൂടാതെ ഇരുന്നു കൊടുത്തു.


“റിലേറ്റീവ്സിനെ ആരെയെങ്കിലും അറിയിച്ചിരുന്നോ?”

ഒരുവേള, മെല്ലെ അഞ്ജന ചോദിച്ചു ബഞ്ചമിനോടായി. മറുപടിയായി ‘ഇല്ല’ എന്ന അർത്ഥത്തിൽ അവൻ പതുക്കെ തലയാട്ടിയതേയുള്ളൂ. മറ്റെന്തെങ്കിലും സംസാരിക്കുവാൻ കിട്ടാതെ ബുദ്ധിമുട്ടിലായി അവൾ ഇരുകൈപ്പത്തികളും കൂട്ടിപ്പിടിച്ച് മുന്നോട്ടാഞ്ഞിരുന്നു. ഈ സമയം അവന്റെ പാന്റിന്റെ പോക്കറ്റിൽ കിടക്കുന്ന ഫോണിൽ കോളുകൾ തങ്ങളുടെ സാന്നിധ്യം വൈബ്രഷനിൽ മാത്രമായി ഒതുങ്ങി വരവറിയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

   

പെട്ടെന്നൊരു നിമിഷം അവളുടെ ഫോണിൽ കോൾ എത്തി. അവൾ കോൾ വേഗം അറ്റന്റ് ചെയ്ത ശേഷം എഴുന്നേറ്റ് മെല്ലെ ചുവടുകൾ വെച്ചുതുടങ്ങി.

“ആ എടീ, നീ കിടന്നോ ഇനി... ഞാൻ, ഞാൻ കുറച്ചു ദിവസം ലീവ് എടുത്തു കൊള്ളാം.”

തന്റെ സഹോദരിക്ക് മറുപടിയായി അവൾ ഇങ്ങനെ പറഞ്ഞു തുടങ്ങി.

“ഇനിയിപ്പോൾ ആരെയും ഇങ്ങു പറഞ്ഞുവിടുവൊന്നും വേണ്ട. ഓപ്പറേഷൻ കഴിയാൻ താമസിക്കും, രാവിലെ വല്ലതും മതി 

ആരായാലും... ഇവിടെയങ്ങനെ ആവശ്യമൊന്നും വരില്ല തല്ക്കാലം, ഞാൻ ചോദിച്ചിരുന്നു. ഈ രാത്രി ഇവിടെ വന്നിട്ട് കാര്യമൊന്നുമില്ല അതാ... ഞാനും പുള്ളിക്കാരനും ഇവിടെയുണ്ട്.”

അനുജത്തിയുടെ വാചകങ്ങൾക്ക് മറുപടിയെന്ന വണ്ണം ഇങ്ങനെ പറഞ്ഞ് അവസാന വാചകം ബഞ്ചമിനെ മെല്ലെയൊന്നു നോക്കി അഞ്ജന നിർത്തി.

“ആ പിന്നേയ്, നീ ജോസഫ് ചേട്ടനെ വിളിച്ച് നാളെത്തന്നെ വരാൻ പറയണം... ഇതാണ് കാര്യം എന്ന് പറഞ്ഞാൽ മതി.

കേട്ടോ...”

   

പെട്ടെന്ന് ഓർത്തെടുത്തതെന്ന പോലെ അല്പം ഊർജ്ജമെടുത്ത് അവൾ ഇങ്ങനെ കോളിൽ പറഞ്ഞ ശേഷം അനുജത്തിയുടെ സമ്മതം ഭാവിക്കുന്ന മറുപടി വാങ്ങിച്ചെന്ന വണ്ണം കോൾ അവസാനിപ്പിച്ചു. ഒരിക്കൽക്കൂടി അവനെ ഒന്നു നോക്കിയ ശേഷം അവൾ തിരികെ മെല്ലെ അവനടുത്തായി, ഒരു ചെയർ ഗ്യാപ്പിട്ട് പതിയെ ഇരുന്നു. സമയം കടന്നു പോയ്ക്കൊണ്ടിരിക്കെ ഇടയ്ക്കിടെ ഓരോ നഴ്സുമാരും ചില അറ്റണ്ടർമാരും അവർക്കിരുവർക്കും മുന്നിലൂടെ കടന്നു പോയും വന്നുമിരുന്നു. ബഞ്ചമിൻ യാതൊരു ചലനവുമില്ലാതെ തുടരുകയാണ്. അവന്റെ വസ്ത്രങ്ങൾ ദേഹത്തിന്റെ ചൂടുപറ്റി ഉണങ്ങുവാൻ ശ്രമിച്ചു തുടങ്ങിയിരുന്നു. ചെയറിൽ ഇരിക്കെത്തന്നെ ഏതോ ഒരു നിമിഷത്തിൽ അഞ്ജനയുടെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി.

   

എന്തോ ശബ്ദത്തിൻ പുറത്താണ് അവൾ തന്റെ കണ്ണുകൾ വേഗം തുറന്നു പോയത്! അവനാകട്ടെ പഴയപടി ഇരിക്കുന്നു, എന്നാൽ ഒരു ഡോക്ടറും രണ്ടു നഴ്സുമാരും ഓപ്പറേഷൻ തീയേറ്ററിൽ നിന്നും തിടുക്കം ഭാവിച്ചു നടന്നു വരും വഴിയായിരുന്നു. ലീനയുടെ ഭാഗത്തു നിന്നുമാണെന്ന് തിരിച്ചറിഞ്ഞെന്ന വണ്ണം ഡോക്ടർ തന്റെ ഒ. ടി. ഗൗണിൽത്തന്നെ നിന്ന്, തന്നെക്കണ്ടു ആദ്യം എഴുന്നേറ്റ അഞ്ജനയെയും പിറകെ മെല്ലെ എഴുന്നേറ്റു നിന്ന ബഞ്ചമിനെയും മാറി-മാറി നോക്കി പറഞ്ഞു;


“ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞെന്ന് ഒരുവിധം പറയാം. എന്നുവെച്ചാൽ ആളുടെ ജീവൻ പോകാതെ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

കൃത്യമായി പറയണമെങ്കിൽ ഈ സമയം പോരാ! നല്ല ആക്‌സിഡന്റ് ആയിരുന്നല്ലോ, ബോഡിക്കാകെ ഡാമേജ് ഉണ്ടായിട്ടുണ്ട്. അറിയാമല്ലോ...”

ഇങ്ങനെ നിർത്തി, അല്പം ആശ്വാസം പ്രകടമാക്കും വിധം ഡോക്ടർ തുടർന്നു പറഞ്ഞു;

“പേഷ്യന്റിന്റെ അടുത്ത് ഡോക്ടർസ് ഉണ്ട് ഇപ്പോൾ. മെയിൻ ഒരു സർജ്ജറി കഴിഞ്ഞു. കണ്ടീഷൻ ഏതാണ്ട് ഓക്കെ ആയ പോലെയാണ് തല്ക്കാലം. പിന്നെ, ഞാൻ പറഞ്ഞല്ലോ... എങ്കിൽ ശരി, പ്രാർത്ഥിക്ക്!”

ഇവിടെയുമൊന്ന് നിർത്തി, ബഞ്ചമിന് നേർക്കു മാത്രം നോക്കി ഡോക്ടർ തുടർന്നു;

“നിങ്ങളുടെ ഫ്രണ്ട്‌സ് രാവിലെ ഇങ്ങെത്തും. അവരെല്ലാം ഇപ്പോൾ കുറച്ചു ദിവസമായി ഡേ ആണ്. എല്ലാത്തിനും ഇവിടെ ആൾക്കാരുണ്ട്. ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.”

   

ഇങ്ങനെപറഞ്ഞു അവന്റെ തോളിൽ മെല്ലെ തട്ടിയ ശേഷം അഞ്ജനയെ പുഞ്ചിരിച്ചു കാണിച്ച് ഡോക്ടർ നടന്നകന്നു, പിറകെ കൂടെയുള്ള നഴ്സുമാരും. അവൾ ബഞ്ചമിനെയൊന്ന് നോക്കിപ്പോയി! ഇരുകൈപ്പത്തിയും മൂക്കിനിരുവശവുമായി വെച്ച് അവൻ ഒന്നുമെല്ലെ നിശ്വസിച്ചു. ആലസ്യമാണോ അതോ ആരവമാണോ ആ നിശ്വാസത്തിനൊപ്പമെന്ന് ശങ്കിച്ചു അവൾ നിന്നു പോയി. അവൻ ഒരുനിമിഷം ആദ്യമായെന്ന പോലെ അഞ്ജനയെ നോക്കി. ശേഷം അവൻ നോട്ടം പിൻവലിച്ച് തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. അതാകെ നനഞ്ഞു തന്നെയിരിക്കുകയായിരുന്നു. പ്രാഥമികമായി അവൻ ഫോണാകെ ഒന്ന്‌ കൈകളാൽ തുടച്ചുകൊണ്ടിരുന്നപ്പോഴേക്കും അവൾ പഴപടി ചെയറിലേക്ക് ഇരുന്നിരുന്നു. അവൻ മിസ്സ്ഡ് കോൾ വന്നതെല്ലാമൊന്ന് ചികഞ്ഞു നോക്കി- ഡി.ജി.പി, ഡി. ഐ. ജി. എന്നിവരുടെ പേരുകൾ തലയുയർത്തിത്തന്നെ കിടക്കുന്നതായി അവന് തോന്നി. അപ്പോഴാണ് അവൻ സമയം ശ്രദ്ധിക്കുന്നത്! സമയം മനസ്സിലാക്കിയതിന്റെ പരിണിതമെന്ന വണ്ണം വിശ്രമം ഭാവിക്കുന്നൊരു നിശ്വാസം പ്രകടമാക്കി അവനും താനിരുന്ന ചെയറിലേക്ക് ഇരുന്നു, ഇത്തവണ തന്റെ ഇടതുകരം സ്വന്തം താടിക്കുകൊടുത്തായിരുന്നു ഇരിപ്പെന്നു മാത്രം!


14

   

സായാഹ്നത്തെ തേടിയുള്ള യാത്രയിൽ ഏതാണ്ട് മധ്യഭാഗത്തായി വെയിൽ എത്തി നിൽക്കുകയാണ്. അതിൽ നിറഞ്ഞു ‘എയിംസ്’ ഹോസ്പിറ്റൽ തലയുയർത്തി നിൽക്കുന്നു. വെണ്ടിലേറ്ററിൽ ആയിരുന്ന ലീനയെ റൂമിലേക്ക് മാറ്റുന്നതും കാത്ത്, വാർഡിലേക്കുള്ള വെയ്റ്റിംഗ് യാർഡിൽ ബഞ്ചമിനും ഡി.ഐ.ജി. യും രണ്ടു പോലീസുകാരും അല്പം മാറി അഞ്ജനയും ലീനയുടെ സുഹൃത്തുക്കളും അരുണും നിൽക്കുകയാണ്.

   

അധികം താമസിയാതെ ലീനയുമായി ബഞ്ചമിന്റെ പ്രായം തോന്നിക്കുന്നൊരു ഡോക്ടർ ഉൾപ്പെടുന്നവർ എത്തി. ബഞ്ചമിനെ കണ്ടപാടേ ഡോക്ടർ അവനടുത്തേക്ക് വന്ന ശേഷം പതുക്കെ പറഞ്ഞു;

“എടാ, ലീന മയക്കത്തിലാ. ഇപ്പോൾ ആരും റൂമിലേക്ക് പോകേണ്ട. നമ്മുടെ നഴ്സുമാർ രണ്ടു പേർ ഡ്യൂട്ടിക്ക് കാണും.

പിന്നെ, എല്ലാം ഓക്കെ ആണ് കാര്യങ്ങൾ! പിന്നെ ഈ കണ്ടീഷൻ ഒന്ന്‌ പച്ചപിടിക്കണം, എന്തേലും... ഡിസ്ചാർജ് ചെയ്യാനോ മറ്റോ ഒക്കെ.”

കണ്ണുകളടച്ച് ഉറങ്ങിക്കിടക്കുന്ന ലീനയെ ഒരു നോക്ക് നോക്കിക്കൊണ്ട് ബഞ്ചമിൻ മറുപടിയായി മെല്ലെ തലയാട്ടി. എല്ലാവരും നോക്കിനിൽക്കേ റൂമിലേക്കുള്ള കവാടം കടന്ന് ലീനയുമായി ഡോക്ടറും മറ്റും നീങ്ങി തുടങ്ങി.

“എടാ... ഇടിച്ച വണ്ടി കിട്ടിയത് കൈകാര്യം ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഡ്രങ്കൻ ഡ്രൈവ് ആണ്... ഞാനെന്നാൽ അങ്ങ് ഇറങ്ങിയേക്കുവാ. ഒരു തലവേദന ഉള്ളത് കിടക്കുവാന്ന് അറിയാമല്ലോ നിനക്ക്... എന്താവശ്യം ഉണ്ടേലും വിളിച്ചേക്ക്,

ഞങ്ങൾ സമയം പോലെ എല്ലാവരും ഇറങ്ങിയേക്കാം. ശരി എന്നാൽ...”

   

പോകുവാൻ കാത്തിരിക്കുകയായിരുന്നെന്ന വിധം ധൃതിയിൽ ഇത്രയും ബഞ്ചമിനോട് പറഞ്ഞ ശേഷം, അവനെ അശ്വസിപ്പിക്കും വിധം ഒരു ഭാവം പ്രകടമാക്കി ഡി.ഐ.ജി. തന്റെ രണ്ടു പോലീസുകാരുമായി നടന്നകന്നു. ഈ സമയം അവിടേക്ക് വന്ന അഞ്ജലി തന്റെ ചേച്ചിയോട് രംഗത്തെപ്പറ്റിയെന്ന വണ്ണം അടക്കം പറയുകയായിരുന്നു. ഒരു നിമിഷം ബഞ്ചമിനെ നോക്കി, ലീനയുടെ സുഹൃത്തുക്കളെ കൈകാര്യം ചെയ്യുവാൻ തന്റെ അനുജത്തിയോട് മുഖഭാവത്താൽ ആജ്ഞ നൽകി അഞ്ജന. അഞ്ജലിയുടെ സമ്മതം കിട്ടിയ ഉടൻ അവൾ പതുക്കെ ബഞ്ചമിനടുത്തേക്കായി വന്നു പറഞ്ഞു;


“ദേ, വീടുവരെ പോയിട്ട് വരാം! ഇനിയെങ്കിലും വാ, പറയുന്നത് കേൾക്ക്... അഞ്ചാറു ദിവസമായില്ലേ ഇവിടെ ഇങ്ങനെ!

ഇന്നലെ ഉച്ചകഴിഞ്ഞതിൽ പിന്നെ എന്തങ്കിലും കഴിച്ചോ!? ഇതേ ഇരിപ്പും നിൽപ്പും മാത്രം...”

ഒന്നു നിർത്തി അവൾ തുടർന്നു;

“ഞാൻ വീട്ടിലേക്ക് പോകുവാ, എന്റെ കൂടെ വാ. ഇവിടെയിനി ആരും നിൽക്കേണ്ട ആവശ്യമില്ലല്ലോ! പിന്നെ ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞേ ഈ പിള്ളേരൊക്കെ പോകൂ. അതു കൊണ്ട്, അങ്കിളോ ആന്റിമാരോ ഒക്കെ വന്നാലും കുഴപ്പമൊന്നുമില്ല.”

എന്തു പറയണം എന്നാലോചിച്ച് അവൻ ഒന്ന്‌ നിശ്വസിച്ചപ്പോഴേക്കും അവൾ തുടർന്നു പറഞ്ഞു;

“ഇനി എന്ത്‌ ആലോചിക്കുവാ...? വാ എന്റെകൂടെ.”

   മനസ്സില്ലാമനസ്സോടെയെന്ന പോലെ അവൻ സമ്മതഭാവം നടിച്ചപ്പോഴേക്കും അവൾ അഞ്ജലിയോടായി പറഞ്ഞു;

“എടീ, കാര്യങ്ങൾ എന്തേലും ഉണ്ടേൽ വിളിച്ചേക്കണം. ഞങ്ങൾ വീടുവരെയൊന്ന് പോയി വരാം”


മറ്റുള്ളവർക്കൊപ്പം നിന്നു കൊണ്ട് അഞ്ജലി തലയാട്ടി. ശേഷം, ബഞ്ചമിനെ അനുഗമിപ്പിക്കും വിധം അഞ്ജന പുറത്തേക്കായി നടന്നു. പാർക്കിങ് ഏരിയയിൽ നിന്നും അവളുടെ കാറിൽ കയറി വീട്ടിലെത്തുന്നതു വരെയും ഇരുവരും നിശബ്ദത പാലിച്ചു. ജോസഫ് ചേട്ടനും ഭാര്യയും ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു വീട്ടിൽ. അവളും അവനും ഫ്രെഷായി വന്ന് ഭക്ഷണം കഴിച്ചു. അതിനു ശേഷം അവൾ പറഞ്ഞു;

“നല്ല ഉറക്കക്ഷീണം ഉണ്ട് മുഖത്ത്, നന്നായിട്ടൊന്ന് ഉറങ്ങ്. റൂം കാണിച്ചു തരാം!”

രണ്ടാംനിലയിലെ ഒരു റൂം അവന് കാണിച്ചു കൊടുത്ത ശേഷം അവൾ പറഞ്ഞു;

“ആ ഫോൺ ഇങ്ങ് തന്നേക്ക്... അറിയാവുന്ന ആരെങ്കിലും വിളിച്ചാൽ ഞാൻ അറ്റന്റ് ചെയ്തു സംസാരിച്ചു കൊള്ളാം!”

   

അവന്റെ കൈയ്യിൽനിന്നും ഫോണും വാങ്ങി അവൾ താഴേക്കു പോയി. ക്ഷീണം വല്ലാതെ പിടികൂടിയതറിഞ്ഞു അവൻ റൂമിന്റെ ഡോർ അടച്ച ശേഷം പതുക്കെ വന്ന് ബെഡ്ഡിൽ ഇരുന്നു, പിന്നെ കിടന്നു. ക്ഷീണത്തിന്റെ ആധിക്യം കണ്ണുകളെ തോൽപ്പിക്കാറാകാറായിരുന്നെങ്കിലും, അവന്റെ മനസ്സ് പക്ഷെ ഒരുപാട് കാര്യങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കുന്നതു പോലെയായിരുന്നു. വളരെ സാവധാനം അവൻ ഗാഡമായ ഉറക്കത്തിലേക്ക് വഴുതിവീണു.

   

ബഞ്ചമിൻ കണ്ണുകൾ തുറന്നപ്പോഴേക്കും രാത്രി ആയിരുന്നു. അവൻ പതുക്കെ എഴുന്നേറ്റു മുഖം കഴുകി താഴേക്ക് ചെന്നു. അവിടെ ഡിന്നറിനുള്ള ഒരുക്കത്തിലായിരുന്നു ഹോസ്പിറ്റലിൽ നിന്നും വന്ന അഞ്ജലിയോടൊപ്പം മറ്റു മൂവരും. എല്ലാവരും ചേർന്നുള്ള ഡിന്നറിനു ശേഷം ലീനയുടെ വിശേഷങ്ങൾ മനസ്സിലാക്കി അവൻ മറ്റൊന്നും മിണ്ടാതെ തനിക്കുള്ള റൂമിലേക്ക് നടന്നുകയറിപ്പോയി. ഡോർ ചാരിയ ശേഷം ബെഡ്ഡിൽ തന്റെ ഇരുകണ്ണുകളും മുകളിലേക്ക് തുറന്നു പിടിച്ച് വട്ടം മലർന്നു കിടന്നു. വീട്ടിലെ കാര്യങ്ങൾ എല്ലാം ഒന്നൊതുക്കിയെന്ന വണ്ണം അഞ്ജന മെല്ലെ മുകളിലെ റൂമിലേക്ക് കയറി വന്നു.


“അതേയ്, എന്താ എപ്പോഴും ഇങ്ങനെ അങ്ങേ ലോകത്ത്!”

ഇങ്ങനെ തുടങ്ങി ഒന്ന്‌ നിർത്തിയ ശേഷം അവൾ തുടർന്നു, റൂമിൽ അവനടുത്തേക്ക് പതുക്കെ നടന്നടുത്തു കൊണ്ട്;

“ടെൻഷൻ അടിക്കേണ്ട! ലീനക്ക് എല്ലാവരും ഉണ്ടല്ലോ ഇപ്പോൾ... എന്റെ അഭിപ്രായത്തിൽ ഇനി ഒരു കുറവേ ഉള്ളൂ,”

ഇത്രയും പറഞ്ഞ് പെട്ടെന്നു തന്നെ അവൾ നിർത്തി. ബാക്കി മനസ്സിലായെന്നമട്ടിൽ തന്റെ മിഴികൾ അവൻ പതുക്കെ അടച്ചുകിടന്നു. ഇത് മനസ്സിലാക്കിയെന്നവണ്ണം അഞ്ജന അവിടെയുള്ള ഒരു ചെയറിൽ മെല്ലെ ഇരുന്നു. കുറച്ചുസമയത്തെ ആലോചനയ്ക്കുശേഷം അവൾ തുടങ്ങി;

“നിങ്ങൾ ആങ്ങളയും പെങ്ങളും ആരും ഹെൽപ്പിനില്ലാതെ ജീവിച്ചു കാണിക്കുന്നത് ഓർത്തിട്ട് ഞാനും അവളുമൊക്കെ

അത്ഭുതപ്പെട്ടിട്ടുണ്ട്! ഇതിൽ ബഞ്ചമിൻ എന്ന ചേട്ടന്റെ പങ്ക് എടുത്ത് പറയാതെ വയ്യ. മറ്റൊരിടത്തും നിങ്ങളെപ്പോലെ രണ്ടു പേരെ കാണുവാൻ സാധിക്കില്ല. പക്ഷെ, പക്ഷെ... ഇതിപ്പോൾ എല്ലാവർക്കും നല്ല നിരാശയുണ്ട് ബഞ്ചമിന്റെ കാര്യത്തിൽ.

ഹോസ്പിറ്റലിലായിരുന്ന ദിവസങ്ങളിൽ എനിക്കത് നന്നായി മനസ്സിലായി. ചിലരൊക്കെ ബഞ്ചമിനെ കുറ്റപ്പെടുത്തുക വരെ ചെയ്തു! എന്താ...!? നിങ്ങൾ കൂടെയുള്ളപ്പോൾ അവൾക്ക് തീർത്തും സുരക്ഷിതത്വം വേണമെന്ന് അത്യധികം ആഗ്രഹം

ഉള്ളതു കൊണ്ടാണത്!”


ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു പറഞ്ഞു;

“ബഞ്ചമിനെപ്പോലെ ഒരാൾ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് പുതിയൊരാളായ ഞാനും! വളരെ ചുരുക്കം ദിനരാത്രങ്ങൾക്കൊണ്ട് എനിക്കങ്ങനെ തോന്നിയെങ്കിൽ, നിങ്ങളെ നീണ്ട പരിചയമുള്ളവരുടെ മനസ്സിൽ എന്തായിരിക്കുമെന്നത് ഞാൻ പറയേണ്ടല്ലോ!”

ഇത്രയും എത്തിയതോടെ ബഞ്ചമിൻ കണ്ണുകളടച്ചു കിടക്കെത്തന്നെ ശബ്ദിച്ചു;

“ഞാനിപ്പോൾ ഒരു പരാജിതൻ ആണ്, എല്ലാം കൊണ്ടും.ലീനക്ക് അപ്പനും അമ്മയും എല്ലാം ഞാൻ ആണ്. അവളുടെ എല്ലാ ഉത്തരവാദിത്വവും എനിക്കു തന്നെയാണ്... അവിടെയും ഞാൻ തോറ്റുകൊണ്ടിരിക്കുന്നു...!”

അവൻ നിരാശപ്രകടമാക്കി ഇത്രയും കൊണ്ട് നിർത്തിയതും അഞ്ജന കയറി പറഞ്ഞു;

“ഇനിയൊരിക്കൽക്കൂടി തോൽക്കാൻ പറ്റില്ല ബഞ്ചമിൻ. നിങ്ങളെത്തന്നെ സ്വയം നിങ്ങൾ ചിന്തിക്കുന്നതിൽ പറയുവാൻ

എനിക്കവകാശമില്ല, പക്ഷെ ലീനയും അതു പോലെ ഒരുപാട് കാര്യങ്ങളും ഏതൊരു മനുഷ്യനെയും എന്ന പോലെ നിങ്ങളെയും ബാധിക്കുന്ന കാര്യമാണ്.

ഒന്നുനിർത്തി അവൾ തുടർന്നു;

“ലീനയുടെ പ്രായം നോക്ക്... ഒരു ചേട്ടൻ... ഒരു ഗാർഡിയൻ എന്നുള്ള നിലയിൽ സ്വന്തം ചേട്ടനിൽ നിന്നും അവൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്!”

അവൻ കയറി പറഞ്ഞു;

“എനിക്കെല്ലാം അറിയാം...”

മറുപടിയെന്നവണ്ണം അവൾ തുടർന്നു പറഞ്ഞു;

“... പക്ഷെ ഒന്നും അറിയുന്നില്ല! കൂടുതലൊന്നും ഞാൻ പറയുന്നില്ല ബഞ്ചമിൻ, അറ്റ് ലീസ്റ്റ് അവളുടെ കൂടെയൊന്ന് നിന്നു കൊടുക്കാം നിങ്ങൾക്ക്! അതെങ്കിലും ചെയ്യണം.”

മെല്ലെ തന്റെ കണ്ണുകൾ തുറന്നു പിടിച്ചു മറുപടിയായി അവൻ തലയാട്ടി. ശേഷം പറഞ്ഞു;

“എത്രത്തോളം പക്ഷെ എനിക്കത് സാധിക്കുമെന്ന് അറിയില്ല...”

മറുപടിയായി അവളുടൻ പറഞ്ഞു;

“സാധിക്കുന്നിടത്തോളം... അപ്പോഴേക്കും എല്ലാം ശരിയാകും, ശരിയായി വരും! ഇങ്ങനെ ഇത് നിങ്ങൾ എത്രകാലം പോകും!?”


ഒന്നുനിർത്തി അവൾ തുടർന്നു;

“ബഞ്ചമിൻ, നിങ്ങളുടെ സഹോദരി എന്നനിലയിൽ ഇങ്ങനെ അറിയപ്പെടേണ്ട... ഇങ്ങനെ സുരക്ഷിത ആയിരിക്കേണ്ട

ഒരു പെൺകുട്ടിയല്ല അവൾ. അവൾ ഒരു പെണ്ണും, പേരന്റ്സിന്റെ കുറവറിഞ്ഞു വളരുന്നവളും ആണെന്നത് മറക്കരുത്!

എല്ലാം കൂടി ദൈവം ഒരാൾക്ക് കൊടുക്കില്ല... പക്ഷെ എല്ലാം ദൈവം നൽകും! അവൾക്ക് തല്ക്കാലം എല്ലാം അവളുടെ

മൂത്തസഹോദരനാണ്.”

ഒരിക്കൽക്കൂടി നിർത്തി അവൾ തുടർന്നു പറഞ്ഞു;

“മറ്റു കാര്യങ്ങളിലേക്കോ ഒരു വാദത്തിനോ ഒന്നും ഞാനില്ല, ഞാനതിന് ആളുമല്ല.നിങ്ങളെപ്പോലെ ഒരാളോട് ഇതൊക്കെ പറയേണ്ട ആവശ്യവും ഇല്ല. ഒരു പക്ഷെ, ബഞ്ചമിന് സ്വയം അറിയാവുന്നതും നിങ്ങൾ മിക്കപ്പോഴും ചിന്തിക്കുന്ന

കാര്യങ്ങളിലിതൊക്കെയും ഉണ്ടാവാം!”


അവന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഒരുപാട് നഷ്ടബോധം ആ സമയം അവന്റെ മുഖത്ത് നിഴലിച്ചു വന്നു നിന്നു. ഏതാനും മിനിട്ടുകൾ മുന്നോട്ടാ റൂം നിശബ്ദമായി തുടർന്നു.

“ബഞ്ചമിൻ മാർക്കോസിന്റെ ജീവനുമായി അത് സ്വന്തമാക്കിയ ഒരാൾ കടന്നു കളഞ്ഞു. ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം യാത്രയായ അയാളിൽ നിന്നും ബഞ്ചമിൻ ഇനി എന്ത്‌ പ്രതീക്ഷിക്കണം!”

ആരോടെന്നില്ലാതെ, നിശബ്ദതയ്ക്ക് തടയിട്ട് ബഞ്ചമിൻ ഇങ്ങനെ പറഞ്ഞു. ചെയറിൽ നിന്നും ലക്ഷ്യമില്ലാതെ ഇതിനോടകം എഴുന്നേറ്റിരുന്ന അഞ്ജന മെല്ലെ ബെഡ്ഡിൽ ഒരു വശത്തായി ഇരുന്ന ശേഷം പറഞ്ഞു പോയി;

“തിരിച്ചുവരാനാവാത്തവിധം ഒന്നും യാത്രയാകുന്നില്ല; അത് ഇവിടെത്തന്നെയുണ്ട്.”

ഒന്നു നിർത്തി, മെല്ലെ അവൾ തുടർന്നു;

“നമ്മളെ പ്രതീക്ഷയോടെ നോക്കുന്ന ഓരോ കണ്ണുകളിലും നിന്ന് അത് തിരിച്ചറിയണം!”

   

ബഞ്ചമിനെ മറന്ന് അവന്റെ മനസ്സ് ചില ആഴങ്ങൾ തേടി നടന്നുതുടങ്ങിയിരുന്നു അപ്പോഴേക്കും.

“എന്റെ ആഗ്രഹങ്ങൾ വളരെ നിസ്സാരമായി തള്ളപ്പെട്ടപ്പോഴൊക്കെയാണ് ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചത്. എന്തിനു വേണ്ടിയാണ് ഞാൻ പഠിച്ചത് എന്ന്, ഇനിയും ഞാൻ കണ്ടെത്തേണ്ടിയിരിക്കുന്നു...”

എന്തിനോ വേണ്ടിയുള്ള തുടക്കം എന്നവിധം അഞ്ജന ഇങ്ങനെ പറഞ്ഞു നിർത്തി. തന്റെ ‘യജമാനനെ’ നിലനിർത്തുവാൻ കുതിച്ചുകൊണ്ടിരുന്ന, ബഞ്ചമിന്റെ മനസ്സ് ഒരു വഴികാട്ടിയെപ്പോലെ അവനെ പിന്നോട്ടുനയിച്ചു.


[തുടരും...]


Rate this content
Log in

Similar malayalam story from Drama