Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അന്വേഷകൻ (ഭാഗം---1)

അന്വേഷകൻ (ഭാഗം---1)

8 mins
251


1

   

രാത്രിയുടെ ഏകാന്തതയെ പാടെ അവഗണിച്ച് കറുത്തിരുണ്ട കാർമേഘങ്ങളെ മറച്ചുപിടിച്ചുകൊണ്ടു കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മൺതരികളെയൊന്നാകെ കുതിർത്തി മഴവെള്ളം കുതിച്ചുയർന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. പാതിനനഞ്ഞ ശരീരത്തെ കുട ചൂടിച്ചുകൊണ്ട് കൈയ്യിലെ ടോർച്ചിന്റെ സഹായത്തോടെ ഇരുപതിനാലുകാരി എമിലി ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് തന്റെ ലക്ഷ്യസ്ഥാനത്തേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. റോഡിൽ ഉണ്ടായിരുന്ന വഴിവിളക്കുകളുടെ പിന്തുണ ഇപ്പോൾ അവളായിരിക്കുന്ന വലിയ റബ്ബർ തോട്ടം നീക്കിക്കളഞ്ഞിരിക്കുന്നു.

   

പൊടുന്നനെയൊരു ഇടിവാൾ മിന്നി, പിറകെയായി വലിയ ഇടിമുഴക്കവും എത്തി. ഒരു നിമിഷം രാത്രി മാറി പകൽ അവൾക്ക് സമ്മാനിച്ചു- അവൾ ഭയന്നുവിറച്ചുപോയ സമയം! ചെറിയ തട്ടുകളായാണ് പടർന്നുകിടക്കുന്ന ഈ വലിയ തോട്ടത്തിന്റെ ശരീരഭാഷ പോകുന്നത്. മഴയുടെ ആധിക്യവും സാമാന്യം ശക്തമായി വീശുന്ന കാറ്റിന്റെ സാന്നിധ്യവും അവളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടിരിക്കുകയാണ്. തന്റെ കാലുകൾ പുതഞ്ഞു പോകുന്നതുപോലെ അവൾക്ക് തോന്നുകയാണ്.


 വളരെ ബദ്ധപ്പെട്ട് തട്ടുകളായുള്ള പ്രദേശം മുറിച്ചുകടന്ന് എമിലി നിരപ്പായൊരു പ്രദേശത്തേക്ക് കാലെടുത്തുവെച്ചു. ഇടിയും മിന്നലുകളും കൃത്യമായ ഇടവേളകളിൽ അവൾക്ക് പഴയപടി ‘പകൽ’ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ നടത്തം അല്പംകൂടി വേഗത്തിലാക്കുവാൻ അവൾ ശ്രമം തുടങ്ങി. എന്നാൽ, ഓരോ റബ്ബർ മരങ്ങളിൽ ഇടിച്ചു നിൽക്കുന്നതിലേക്കല്ലാതെ മറ്റൊന്നിലേക്കും ആ ശ്രമം അവളെ എത്തിച്ചില്ല. അവൾ തന്റെ പരാജയം തിരിച്ചറിഞ്ഞു. തന്റെ തലയൊഴികെ മറ്റെല്ലാം മഴ കുതിർത്തിക്കളഞ്ഞിരിക്കുന്നുവെന്നത് അവൾ തിരിച്ചറിഞ്ഞിരുന്നില്ല. ഒട്ടും പിന്തിരിയാൻ കൂട്ടാക്കാതെ ലക്ഷ്യം മറന്ന് കാറ്റിന്റെ ദിശയ്ക്കൊത്ത് തകർത്തു പെയ്യുകയാണ് മഴ. കൂടെയായി ഭയാനകമായാവിധം ഗർജ്ജിക്കുന്ന ഇടിമിന്നലുകൾ.


അവൾ നടന്ന്, പഴക്കംചെന്ന വലിയൊരു പാലസിന്റെ അടുക്കലേക്കെത്താറായി. ഇരുട്ടിലമർന്ന പാലസിന്റെ രണ്ടാമത്തെ നിലയിലെ നീണ്ട വരാന്തയിൽ അവളെ പ്രതീക്ഷിച്ചെന്നപോലെ ഇടിയും മഴയും ശ്രദ്ധിക്കാതെ ദൃഷ്ടി പൂർണ്ണമായും തന്റെ പ്രതീക്ഷയിൽ അർപ്പിച്ചതുപോലെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ടോർച്ചുവെളിച്ചം നന്നായി അടുത്തെത്തിയെന്നായപ്പോൾ അയാൾ തന്റെ പിറകിലായുള്ള റൂമിലേക്ക് മെല്ലെ കയറി വാതിൽ അടച്ചു.

   

തന്റെ മുന്നിലെ പാലസിന്റെ രണ്ടാംനിലയിലെ അടഞ്ഞുകിടക്കുന്നൊരു മുറിയിൽനിന്നും വെളിച്ചം പ്രത്യക്ഷമായത് അവൾ കണ്ടു. കുതിർന്ന ദേഹമാകെ ഒന്നൊതുക്കിയശേഷം നിരത്തിലെ മഴവെള്ളത്തിൽ ഒന്നൂന്നി ചവിട്ടി അവൾ നടന്നു. ഇത്തരമൊരു പാലസിനെക്കുറിച്ച് പറഞ്ഞറിവുള്ള ഭാവത്തിൽ മുന്നിൽക്കണ്ട വീതിയേറിയ പടവുകൾ അവൾ വേഗം കയറിതുടങ്ങി. കൈയ്യിലെ കുട ചുരുക്കി, ടോർച്ച് അണച്ചുകൊണ്ട് അവൾ വെളിച്ചം കാണുന്ന മുറിയുടെ മുന്നിലേക്ക് ചെന്നുനിന്നു.

   

ധൃതിയോടും ആകാംക്ഷയോടും കൂടെ അവൾ വാതിലിൽ തട്ടി. താമസംകൂടാതെ, മുറിയിലെ വെളിച്ചത്തെ സ്വാതന്ത്രമാക്കി വാതിൽ മെല്ലെ തുറക്കപ്പെട്ടു. മുന്നിൽക്കണ്ട ആളെ ചെറുതായൊന്നു പുഞ്ചിരിച്ചുകാണിച്ച അവൾക്ക് അയാൾ ആംഗ്യഭാഷയിൽ സ്വാഗതം ആശംസിച്ചു. എമിലി അകത്തേക്ക് കയറിയതും വാതിൽ അടയ്ക്കപ്പെട്ടു. കുറച്ചു നിമിഷങ്ങൾ മഴയിൽ കുതിർന്നെന്നപോലെ ഒലിച്ചുപോയി. കറുത്ത മേഘങ്ങളാകെ ആകാശത്തെ മൂടിയിരിക്കുന്ന, ഇടിയും മിന്നലുകളും മത്സരിച്ചെത്തുന്ന, തകർത്തലച്ചുപെയ്യുന്ന വലിയ മഴയുടെ ആ സമയം മുറിയിലെ വെളിച്ചം അണഞ്ഞു- പാലസ് അന്ധകാരത്തിന്റെ അങ്ങേ ആഴിയിലേക്ക് വഴുതിവീണു. പതിയെ, രക്തത്തിന്റെ പ്രതീതി അവിടമാകെ കലർന്നുതുടങ്ങി. അധികം താമസിയാതെ എമിലിയുടെ ഒരു അവസാന നിലവിളി ആ പാലസും പ്രദേശവുമാകെ അലയടിച്ചു കീഴടങ്ങി നടന്നു.


2

   

പ്രഭാതം അതിന്റെ പൂർണ്ണതയിലേക്ക് കടക്കുവാൻ വെമ്പൽ കൊള്ളുന്ന സമയം. പുറമെനിന്നും വളരെ ശാന്തത തോന്നിപ്പിക്കുന്നൊരു വില്ല. ബാത്‌റൂമിന്റെ വാതിൽ ധൃതിയിൽ തുറന്ന്, കുളിച്ചുമാറിയ യൂണിഫോമിൽ -തലമുടി നനഞ്ഞ തോർത്തിനാൽ പൊതിഞ്ഞുകെട്ടി -കൈയ്യിൽ മാറിയ പഴയ വസ്ത്രങ്ങളുമായി ലീന ഇറങ്ങി. തന്റെ റൂമിലെ ക്ലോക്കിലേക്ക് നോക്കിയ അവൾ അമ്പരന്നുപോയി. ‘ഹോഹ്’- എന്നുരുവിട്ട് തന്റെ പഴയ വസ്ത്രങ്ങൾ റൂം തുറന്നിറങ്ങി വാഷിങ് മെഷീനിൽ വെറുതെ കൊണ്ടുചെന്നിട്ടശേഷം ചെന്നതിലും വേഗത്തിൽ തിരികെ തന്റെ റൂമിൽ അവൾ തിരികെയെത്തി.

   

ഏതാണ്ട് റെഡിയാക്കിയെന്നമട്ടിൽ ബെഡ്‌ഡിൽ വച്ചിരിക്കുകയായിരുന്ന പാതി തുറന്ന തന്റെ ബാഗിൽ, അല്പം മാറിയുള്ളൊരു ടേബിളിൽ അയൺ ചെയ്തുവെച്ചിരുന്ന പുതിയ ഒരു ജോഡി വസ്ത്രങ്ങൾ എടുത്ത്, അല്പം സൂഷ്മതയോടെ എന്നാൽ ധൃതി ഒഴിവാക്കാതെ ലീന കയറ്റിവെച്ചശേഷം ബാഗിന്റെ സിപ് പൂട്ടി. ശേഷം, വലിയൊരു നിശ്വാസം അവൾ ആരോടെന്നില്ലാതെ നിവർന്നു നിന്ന് പ്രകടമാക്കി.

   

റൂമിൽ നിന്നും വീണ്ടും ഇറങ്ങി അവൾ വേഗം ഹാളിലേക്ക് ചെന്നു. അവിടെയൊരു സോഫയിൽ കമിഴ്ന്നുകിടന്ന് ഉറങ്ങുകയായിരുന്ന തന്റെ ചേട്ടൻ ബഞ്ചമിന്റെ കിടപ്പ് കണ്ടതോടെ സുപരിചിതമായൊരു വിഷണ്ണഭാവത്തിൽ ഒന്ന് ശ്വാസം വലിച്ചുവിട്ട് വേഗമവൾ കിച്ചണിലേക്ക് നടന്നു. പാത്രങ്ങളെയും മറ്റു അടുക്കളയിലെ ‘കുടികിടപ്പുകാരെയും’ തമ്മിലടിപ്പിച്ച് അലോസരം തരപ്പെടുത്തി തന്റെ ധൃതിയെ പ്രഘോഷിച്ചുകൊണ്ട് അവൾ, തയ്യാറാക്കിവെച്ചിരുന്ന ഉപ്പുമാവും പഴവുമെടുത്ത് അവിടെത്തന്നെ നിന്ന് ഭക്ഷിച്ചുതീർത്തു. അവസാനം, വെള്ളം കുടിക്കുവാനുള്ള ക്ഷമകാണിക്കാതെ അവൾ തന്റെ ചേട്ടന്റെ അരികിലേക്ക് വേഗം എത്തി.

   

പുതച്ചുമൂടി കമിഴ്ന്നു കിടക്കുന്നത് കണക്കിലെടുത്താൽ ബഞ്ചമിൻ കാഴ്ചക്കാർക്ക് വളരെ അലോസരം സമ്മാനിക്കും -പക്ഷെ ഇങ്ങനെ കിടക്കുമ്പോൾത്തന്നെ വിസ്‌തരിക്കുവാൻ കഴിയാത്തവിധമുള്ളൊരു അച്ചടക്കം ഒരു മുപ്പതുകാരനായ അവനിൽ നിന്നും പ്രകടമായിരുന്നു. ഒരുനിമിഷം അനിയത്തി ചേട്ടൻ കിടന്നിരുന്ന സോഫയുടെ അടുത്തുണ്ടായിരുന്നൊരു ചെയറിൽ വേഗത്തിലിരുന്ന് അവനെത്തന്നെ നോക്കി. പിന്നെ ചുണ്ടുകൾ ഇറുമ്മിക്കൊണ്ട് തന്റെ കൈയ്യിലെ വാച്ചിലേക്ക് നോക്കി. അടുത്തുണ്ടായിരുന്ന ചെറിയ ടേബിളിലെ ടൈംപീസ് പതിവുപോലെ എടുത്ത് ധൃതിയിൽ അതിന്റെ സൂചികളെ ചലിപ്പിച്ച് ഒരു തീരുമാനത്തിലെത്തിച്ചശേഷം, അവറ്റകൾ തന്റെ ആജ്ഞ അനുസരിക്കുവാൻ പോകുന്നത് ലീന പ്രതീക്ഷയോടെ- ധൃതിവിടാതെ കാത്തിരുന്നു. തൊട്ടടുത്തനിമിഷം അവളുടെ ആജ്ഞ നിറവേറ്റുംവിധം ആ ടൈംപീസ് ശബ്‌ദിക്കുവാൻ ആരംഭിച്ചു. ഹാളിലാകെ ആ ശബ്ദം അലോസരം സൃഷ്ടിച്ചുതുടങ്ങിയനിമിഷം അവൾ അതെടുത്ത് ബഞ്ചമിന്റെ ചെവിക്കുനേരെ വെച്ചു.

   

‘ഓഹ്...’-വല്ലാത്തൊരു പ്രതികരണത്തോടെ അവൻ ഞെട്ടിയുണർന്നു. കണ്ണുകൾ മിഴിച്ച് വായയിലൂടെ ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് അവൻ ഞൊടിയിടയിൽ ലീനയുടെ മുഖത്തേക്ക് നോക്കി എഴുന്നേറ്റിരുന്നുപോയി. ഉടനടി അവൾ അലാറം ഓഫ് ചെയ്ത് ടൈംപീസ് പഴയ സ്ഥാനത്ത്, ചെറിയ ടേബിളിലേക്ക് വെച്ചു.

“ഹോഹ്ഹ്...”

കണ്ണുകളടച്ചിറുക്കി മുഖമാകെ ചുളുക്കിച്ചുകൊണ്ട് അവനിങ്ങനെ ശബ്ദമുണ്ടാക്കി ശരീരമാകെയൊന്ന് നിവർത്തി. വീണ്ടും തളർച്ച അവൻ ഭാവിച്ചതോടെ അവൾ ധൃതിയിൽ അവനു മുൻപിൽ നിന്നുകൊണ്ട് പറഞ്ഞു;

“ദേ ചേട്ടാ, ഇനി കിടന്ന് ഉറങ്ങിയേക്കരുത്! പിന്നെ എണീക്കുമ്പോൾ ഇന്നത്തെ അത്താഴവും കഴിച്ചു ഞാൻ കിടന്നിട്ടുണ്ടാകും.”

ഒന്നുനിർത്തി, കിച്ചണിരിക്കുന്ന ഭാഗത്തേക്ക്‌ കൈ നീട്ടി അവൾ തുടർന്നു;

“ഉപ്പുമാവ് ഞാനുണ്ടാക്കി വെച്ചിട്ടുണ്ട്. വേഗം റെഡിയായി അത് കഴിച്ചിട്ട് കോളേജിൽ കണ്ടേക്കണം! കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇവിടെ കിടന്നുറങ്ങിയാൽ ദേ..,, ഹാ...,, ബാക്കി ഞാൻ പറയാം...!”

   

അവനൊന്നു നിവർന്നു നിശ്വസിച്ചു. തന്റെ റൂമിലേക്കു ബാഗ് എടുക്കുവാനായി നടന്നുകൊണ്ട് അവൾ അല്പം ശബ്ദത്തിൽ പറഞ്ഞു;

“ആദ്യ സെക്ഷനിൽത്തന്നെ എന്റെ പ്രോഗ്രാം കാണും. എത്രപേർ തിങ്ങിയിരിക്കുന്ന ഹോളായാലും എന്റെ ചേട്ടനെ കണ്ടുപിടിക്കാൻ എനിക്ക് നിമിഷനേരം മതി. അവിടെ, എന്റെ പ്രോഗ്രാമിന്റെ സമയം കണ്ടില്ലെങ്കിൽ...”

ഇതിനിടയിൽ ബാഗുമെടുത്ത് അവൾ തിരികെ ഹാളിലേക്ക് വന്നിരുന്നു. അവനെനോക്കി ഒരുനിമിഷം നിന്നശേഷം ധൃതിയിൽത്തന്നെ അവൾ തുടർന്നുപറഞ്ഞു;

“... ഈ അനിയത്തിയുടെ സ്വഭാവം വൈകുന്നേരം ബഞ്ചമിൻ മർക്കോസ് കാണും!”

അടുത്തനിമിഷം ഒരു കള്ളച്ചിരിയോടെ അവന്റെ അടുത്തുവന്ന് തോളിലൊരു തട്ട് തട്ടിയശേഷം അവൾ പതിയെ പറഞ്ഞു;

“ശരിയാക്കും ഞാൻ. ഒരു ‘ഓൾ ദ ബെസ്റ്റ്’ പറഞ്ഞേ...”

ഒന്നുനിർത്തി എന്തോ വേഗം ആലോചിച്ചെടുത്തെന്നപോലെ അവൾ പറഞ്ഞു;

“അല്ലേൽ വേണ്ട. അത് കോളേജിൽ വരുമ്പോൾ മതി. എന്നോട്, സ്നേഹം ഉണ്ടോന്നുള്ളത് ഇന്നറിയാം!”

   

പ്രതികരണം ലവലേശമില്ലാതെ, വിഷാദം ഭാവിച്ച് ബഞ്ചമിൻ ഉറക്കത്തിന്റെ ആലസ്യവും ക്ഷീണവും പ്രകടമാക്കി സോഫയിൽത്തന്നെ ഇരുന്നു. നടന്നു മെയിൻ ഡോറിനരികിൽ എത്തിയശേഷം ലീന തിരിഞ്ഞു നിന്ന് പറഞ്ഞു;

“അപ്പനും അമ്മയുമില്ലാത്ത ഒരു പാവം കുട്ടിയാ ഞാൻ... സ്വയം നിയന്ത്രണം നഷ്ടമായ എന്റെ ചേട്ടനെ ചിലനേരത്ത് 

ശക്കാരിക്കുന്നത് ഈ അനിയത്തിക്കുട്ടിയോട് മുകളിൽ സ്വർഗ്ഗത്തിലിരുന്ന് പപ്പയും മമ്മിയും ക്ഷമിച്ചുകൊള്ളും!

അവര്, ഇവിടുത്തെ പുകിലുകളെല്ലാം കാണുന്നതാണല്ലോ. ഈ പാവം, ഇവിടുത്തെ വെൽ-ഡിസിപ്ലീണ്ട് ആയ ‘മാർ ഇവാനിയാസ്’ കോളേജിൽ പി. ജി. ക്ക് ചേർന്നതിൽ പങ്ക് നമുക്ക് ചേട്ടനും അനിയത്തിക്കും ഫിഫ്റ്റി-ഫിഫ്റ്റി ആണേ...”

നിർത്തി, ധൃതിമാറി സാവകാശം അവൾ തുടർന്നു;

“അതുകൊണ്ട്..., കോളേജിന്റെ നിയമം തെറ്റിച്ചു എനിക്ക് ഒരിക്കൽക്കൂടി നാണക്കേട് ഉണ്ടാക്കാതെ, ഒരു ഐ. പി. എസ്. കാരന്റെ പെങ്ങളുടെ വില കളയാതെ സമയത്തങ്ങു വന്നേക്കണം.”

 പഴയപടിതന്നെ അവളെ നോക്കിയിരിക്കുകയായിരുന്ന ബഞ്ചമിൻ മുഖത്ത് കുറച്ചു ആലസ്യം പ്രകടമാക്കി പറഞ്ഞു;

“മതിയെടീ.”

ശേഷം, പൊയ്ക്കോളുവാൻ അവൻ ആംഗ്യം കാണിച്ചു. ചുണ്ടുകൾ മടക്കിപ്പിടിച്ച് ഒരു കള്ളനോട്ടം പ്രകടമാക്കിക്കാണിച്ച ശേഷം അവൾ, പോർച്ചിൽ കറുത്ത ‘താറി’നടുത്ത് നിന്നും തന്റെ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്ത് വഴിയിലേക്ക് ഓടിച്ചിറങ്ങിപ്പോയി.


3

   

മാർ ഇവാനിയാസിൽ കോളേജ് -ഡേ നടന്നുകൊണ്ടിരിക്കുന്നു. സ്റ്റേജ് വേഷത്തിലും അല്ലാതെയും ചെറിയ കൂട്ടങ്ങളായും മറ്റും വിദ്യാർത്ഥികൾ ധൃതിയിലോരോന്ന് പിറുപിറുത്ത് ഗ്രൗണ്ടിൽ അങ്ങിങ്ങായി നിലകൊള്ളുന്നു. അലങ്കാരങ്ങളോടൊപ്പം ഗ്രൗണ്ടിന് മാറ്റുകൂട്ടുംവണ്ണം പലതരം വാഹനങ്ങൾ ആകെ നിറഞ്ഞു-നിരന്നു കിടക്കുന്നു. കോളേജിനകത്തുനിന്നും പുറത്തേക്ക് സ്റ്റേജിൽ നിന്നെന്നവണ്ണം പ്രോഗ്രാമുകളുടെ ശബ്ദം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.

   

നീണ്ടുപരന്ന് സമാന്യം നല്ല വലുപ്പത്തിൽ കിടക്കുന്ന കോളേജിന്റെ ഒരു കോണിലായി വീതിയേറിയ പടവുകൾ മെയിൻ റോഡിലേക്ക് നിരത്തിയിട്ടിരിക്കുന്നതുപോലെ കിടക്കുന്നുണ്ട്. പടവുകൾ പതിയെ കയറിവരികയായിരുന്ന ബെഞ്ചമിൻ ഗ്രൗണ്ടിലേക്ക് കാലെടുത്തുവെക്കും മുൻപായി ഒരുനിമിഷമൊന്ന് നിന്നു. തന്റെ ഇടതുകാലിൽ അയഞ്ഞുപോയ ഷൂ-ലേസ് മുറുക്കി കെട്ടുവനായി അവൻ കൈയ്യിലിരുന്ന കീ പോക്കറ്റിൽ ഇട്ടു. ഒരു ചെറിയ മടിയോടെ ലേസ് മുറുക്കി ഭദ്രപ്പെടുത്തിയശേഷം അധികം തിരക്കൊഴിഞ്ഞുകിടക്കുന്ന, കോളേജിന്റെ ഒരു കോർണർ ലക്ഷ്യമാക്കി മാർ ഇവാനിയാസിന്റെ വലിയ ആ ഗ്രൗണ്ടിലൂടെ അവൻ നടന്നു.

   

ഉച്ചവെയിൽ മെല്ലെ എത്തിനോക്കുവാൻ തുടങ്ങിയ സമയം! ബഞ്ചമിൻ നേരെ നടന്നുചെന്നിടത്ത്, കോളേജിന്റെ കോർണറിൽത്തന്നെ ഒരു പോലീസ്-ബൊലേറോ നിറുത്തിയിട്ടിരുന്നു. നാല് പോലീസുകാർ കോളേജിനോട് ചേർന്ന് അവരുടെ ആ വാഹനത്തിനടുത്തുതന്നെ വർത്തമാനം പറഞ്ഞു നിൽക്കുകയായിരുന്നു. ബഞ്ചമിൻ പതിവുകണക്കെയെന്നപോലെ തന്റെ മിഴികളെ വിഷാദത്തിലാഴ്ത്തി അവരുടെ അടുക്കലൂടെ കോളേജിന്റെ വരാന്തയിലേക്ക് കയറുവാൻ പടവുകൾ ചവിട്ടിയ സമയം നാലുപേരിലെ ഒരു പോലീസുകാരൻ ‘സർ’ എന്നുപറഞ്ഞു പാതി സല്യൂട്ടിനു ശ്രമിച്ചു. അത് ശ്രദ്ധിക്കാതെ അവൻ ആ പടവുകൾ കയറി വിശാലമായ കോളേജ് വരാന്തയിലൂടെ നടന്നു.


“ഹേ..., ഇതാരാ?! നീയെന്താ സല്യൂട്ട് ചെയ്യാനൊക്കെ നോക്കിയത്!”

അത്ഭുതം കലർന്നൊരു ആകാംക്ഷാഭാവത്തിൽ, പാതി സല്യൂട്ടിനു ശ്രമിച്ച പോലീസുകാരനെ നോക്കിപ്പോയ മറ്റു മൂന്നുപേരിൽ ഒരാൾ ഇങ്ങനെ ചോദിച്ചു. വരാന്തയിലൂടെ ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന ബഞ്ചമിനെ ഒരുതവണ നോക്കിയശേഷം അയാൾ മറുപടി നൽകി:

“നിങ്ങൾക്ക് അറിയില്ല, പുതിയതല്ലേ ഇവിടെ നിങ്ങൾ! ബഞ്ചമിൻ മർക്കോസ് ഐ. പി. എസ്. ഇവിടുത്തെ..., ഇവിടുത്തെ എസ്. പി. ആയിരുന്നു! മൂന്നുനാലുവർഷമായി ആള് ലോങ്ങ്‌-ലീവിലാ..!”

ഇതുകേട്ട് ഒരു പോലീസുകാരൻ മറുപടിയെന്നവണ്ണം തന്റെ കൺപുരികങ്ങളെ മുൻനിറുത്തി ‘കേമം’ എന്നഭാവം മുഖത്ത് പ്രകടമാക്കി. ആദ്യം സംശയമെറിഞ്ഞ ആൾ ഇതുകേട്ട് ബഞ്ചമിനെ ഒന്ന് നോക്കിയശേഷം പറഞ്ഞു:

“ഓഹ്... കണ്ടാൽ നമ്മുടെ ആൾക്കാരുടെ ഒരു ഗെറ്റപ്പ് ഒക്കെയുണ്ട്! പിന്നെ, ഇങ്ങനെ ഇതുവഴി വരുന്നതൊക്കെ കണ്ടപ്പോൾ..

ഊമ്, ആള്... വലിയ പ്രായം ഒന്നുമില്ലല്ലോ! അങ്ങനെ വെറുതെ കിട്ടുന്ന ഒന്നല്ലല്ലോ ഐ. പി. എസ്. ചെറുപ്പത്തിൽത്തന്നെ അടിച്ചെടുത്തതുംപോരാ...”

ഇത്രയും പറഞ്ഞപ്പോഴേക്കും അയാളൊന്ന് മന്ദഹസിച്ചുപോയി- അതിൽനിന്നുമൊരു ചിരിശബ്ദം, അതിന്റെ പകുതിയുടെ പകുതിയായി പുറത്താവുകയും ചെയ്തു. അയാൾ തുടർന്നു:

“... സർവീസീന്ന് ലീവും എടുത്തെന്നോ... സാധാരണ ഈ റാങ്കിനൊക്കെ പോകുന്നവന്മാർ പ്രഫഷനോട്‌ വലിയ പാഷൻ ഉള്ളവരാണ്. റാങ്കു കിട്ടി ഇറങ്ങിയാലോ,ടോട്ടൽ ഡിപ്പാർട്മെന്റു തന്നെ തലകുത്തി നിറുത്തിക്കളയും എന്നകണക്കെ ഓരോന്ന് കാണിക്കേണ്ടതാ...!” ഒന്നുനിർത്തിയശേഷം അയാൾ തുടർന്നു പറഞ്ഞു, “ഹിതൊരു റയർ പീസ് തന്നെ!”

   

ഇവരിലെ ഒരാൾ ഇത് കേൾക്കത്തന്നെ ബഞ്ചമിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരുനിമിഷത്തെ വിശ്രമശേഷം, പറഞ്ഞുനിറുത്തിയ പോലീസുകാരൻ തുടർന്നു ചോദിച്ചു:

“ഇയാൾക്കിത് എന്നാ പറ്റിയതാ? വല്ല ഖദർ പാർട്ടീസിനിട്ടുവല്ലതും പോയി ചൊറിഞ്ഞോ, അതോ... വല്ലവന്മാരും വല്ല പണിയും കൊടുത്തോ!”

കാരണം കൂടാതെയുള്ളൊരു സംശയക്കൂമ്പാരം തീർത്തു നിർത്തിയ പോലീസുകാരന്റെ ഈ വാചകങ്ങൾക്ക് പാതി സല്യൂട്ടിനു ശ്രമിച്ച ആള് മറുപടി നൽകി:

“പുള്ളി ഉണ്ടായിരുന്ന സമയം ഭയങ്കര എഫിഷ്യന്റ് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.നമ്മുടെ കൂട്ടത്തിലെ മണ്ടന്മാരെപോലെ ഒന്നുമല്ല, നല്ല തലയുള്ള കൂട്ടത്തിൽപ്പെടുന്നതാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊക്കെ കേട്ടറിവാണേ, ഞാനിവിടെ സ്ഥലം മാറി വരുമ്പോൾ ഇയാളുടെ ‘കോലം’ ഇങ്ങനൊക്കെത്തന്നെയാ... നമ്മുടെ ബിജോയ്‌ സാറിന്റെ കൂടെ സ്റ്റേഷനിൽ,

ഒന്നുരണ്ടുത്തവണ ഞാൻ കണ്ടിട്ടുണ്ട്. അത്രമാത്രം!”

ഒരാൾ ‘ഊമ്’ എന്നഭാവത്തിൽ തലയാട്ടി.

   

നീണ്ടൊഴിഞ്ഞുകിടന്ന വരാന്തയിലൂടെ നടന്ന ബഞ്ചമിൻ ഇടത്തേക്ക് ഒരു വഴികണ്ടു തിരിഞ്ഞു. അവിടെ ആ ഭാഗത്തുനിന്നും പ്രോഗ്രാമിന്റെ ശബ്ദം കൂടുതലായി കേൾക്കാമെന്നുണ്ടായിരുന്നു. തിയേറ്റർ പോലെ, ഓഡിറ്ററിയത്തിന്റെ കവാടത്തിൽ ഒരു വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും സ്വാഗതം ആശംസിക്കുവാനായി നിലകൊണ്ടിരുന്നു. സമയം അല്പം തെറ്റിവന്ന അതിഥിക്ക് ക്ഷീണം കലർന്നൊരു സ്വാഗതം സമ്മാനിച്ച് ഇരുവരും ചേർന്ന് കവാടം തുറന്നുകൊടുത്തു.

   

ബഞ്ചമിൻ അകത്തേക്ക് കയറുന്നസമയം ഒരു പ്രോഗ്രാം തീർന്നതിന്റെ ഫലമായി കർട്ടൻ താഴുകയായിരുന്നു. നിർദ്ദേശിക്കപ്പെട്ടിരുന്ന വിദ്യാർത്ഥികൾ ചിരിയോടെ അവനെ ഒരൊഴിഞ്ഞ സീറ്റിലേക്ക് നയിച്ചു. പതിയെ അവൻ തന്റെ സീറ്റിൽ ഇരുന്നു.


ഉടനെ എന്തോ ഓർത്തെടുത്തെന്നപോലെ ഒരു പോലീസുകാരൻ പറഞ്ഞു;

“ബിജോയ്‌ സാറിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്, കുറെ നേരമായല്ലോ... അവരവിടെ നിന്നും ഇറങ്ങിയോന്നോ മറ്റോ ഒന്ന് വിളിച്ചുചോദിച്ചേ, കുറ്റിയടിച്ചു നമ്മളിവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരമിത് ഒരുപാടായില്ലേ...!”

അയാളിത് പറഞ്ഞവസാനിപ്പിച്ചില്ല, മറ്റൊരാൾ ഇടയ്ക്കുകയറി;

“അതൊരു പ്രേതാലയംപോലെ കിടക്കുന്നൊരു പാലസ് അല്ലെ... ഒരുത്തിയെ അവിടെ തട്ടിയിട്ടിട്ട് മാസം രണ്ടു കഴിയുന്നു.

ഇപ്പോഴും സാറിനവിടെ മതിയായില്ല തിരച്ചിൽ! ഇവിടെ വന്നേ എന്തായാലും അവസാനിക്കാൻ വഴിയുള്ളൂ! ഇവിടെ പഠിച്ചോണ്ടിരുന്ന ഒരുത്തിയല്ലേ... ആഹ്..., നന്നായി തപ്പിയേച്ചും വരട്ടെന്നേ. അവിടെക്കിടന്നു പണി എടുക്കുന്നതിലും നല്ലതല്ലേ ഒരുവിധത്തിൽ ഇവിടെയുള്ള ഈ നിൽപ്പ്! അല്ലേ!?”

ഉത്തരം പ്രതീക്ഷിക്കാത്തൊരു ചോദ്യഭാവത്തിൽ ഈ വാചകങ്ങൾ അവസാനിച്ചപ്പോഴേക്കും ഒരാൾ സാവധാനത്തിൽ പറഞ്ഞു;

“മരിച്ചവളുടെ ഒരു കാമുകൻ ഒരുത്തനുണ്ട്. അവനെ സാറിന് നല്ല സംശയം ഉണ്ടുതാനും! ചോദ്യംചെയ്യൽ സമയത്ത് അവൻ മൊത്തത്തിൽ ഒരു പിശക് ആയിരുന്നു. ഇന്നോ നാളെയോ എന്നുകരുതി സാറവനെ വെച്ചേക്കുവാ! ഹവനെയൊന്ന് പൂട്ടിക്കിട്ടിയാൽ തല്ക്കാലം ഈ തലവേദന അങ്ങ് ഒഴിയും.”

പറഞ്ഞുനിർത്തിയില്ല, മറ്റൊരാൾ ഇടയ്ക്കുകയറി;

“ഓ... എന്നാ തലവേദനയാടാവേ, ഈ തൊപ്പി ഊരി എന്നന്നേക്കുമായി നമ്മൾ വീട്ടിലിരിക്കുന്ന സമയത്തേ നമ്മുടെ തലവേദന മാറാനാണേൽ മാറൂ! ഇവളല്ലേൽ വേറൊരുത്തി, അവനല്ലേൽ വേറൊരുത്തൻ! ഇങ്ങനെ എന്നും എപ്പോഴും കാണുമല്ലോ, പിന്നെ എന്ത്‌ ആശ്വാസം!?”

ഉടനെ ഒരു നെടുവീർപ്പ് പ്രകടമാക്കി അവസാനം പറഞ്ഞുനിർത്തിയ ആള് പറഞ്ഞു;

“ആാാഹ്... ഞാനൊന്ന് പറഞ്ഞുപോയെന്നേയുള്ളൂ. എന്നും തലവേദനയാ... എന്നാചെയ്യാനാ, പോലീസായിപ്പോയില്ലേ.

പിന്നെ, ഇങ്ങനെ പറയുമ്പോൾ ഒരു ആശ്വാസം കിട്ടും.”

ഇത്രയും പറഞ്ഞുതീർക്കേ അയാൾ തന്റെ തലയിലെ തൊപ്പി കാരണമില്ലാതെ ഒന്ന് നേരെയാക്കിയശേഷം തങ്ങളുടെ ലക്ഷ്യത്തിലേക്ക് കാത്തുനിന്നു.

   

വളരെ നവീകൃതമായ ഓഡിറ്റോറിയം, ചേർന്നയൊരു സ്റ്റേജും. ഏവരും അടുത്ത പ്രോഗ്രാം അന്നൗൺസ്‌മെന്റ് കാത്തിരിക്കുകയാണ്. ഭൂരിഭാഗം ആളുകളും ഈ ചെറിയ ഇടവേളയെ തങ്ങളുടെ നാക്കുകൊണ്ട് മാറ്റുകൂട്ടിക്കൊണ്ടിരിക്കുന്നു. അടുത്തനിമിഷം സ്റ്റേജിലെ കർട്ടൻ മെല്ലെ ഉയർന്നു. നൃത്തത്തിനായി പോസ് ചെയ്ത് മുൻനിരയിൽ സ്റ്റേജിൽ നിന്നിരുന്ന ലീന ആദ്യനോട്ടത്തിലേ തന്റെ ചേട്ടനെ കണ്ടുപിടിച്ചു. അവളുടെ ചുണ്ടുകളിൽ പുഞ്ചിരി ഒഴുകിയെത്തിയനിമിഷം അന്നൗൺസ്‌മെന്റ് തുടങ്ങി അവസാനിച്ചു. സ്റ്റേജിൽ നൃത്തം ആരംഭിച്ചു. തീർത്തും ചലനമറ്റവനെപ്പോലെ ബഞ്ചമിൻ, സാവധാനത്തിലുള്ള ആ നൃത്തം ഒരുവിധം കണ്ടുത്തീർത്തു.


4

   

ഉച്ചതിരിഞ്ഞസമയം. കോളേജാകെ ഉച്ചവെയിലിന്റെ കാഠിന്യത്തിൽ ചൂടുപിടിച്ചു തളർന്നുതുടങ്ങിയ അവസ്ഥ. മൂന്നുനാല് പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും ഓഡിറ്റോറിയത്തോട് വിടപറഞ്ഞ ബഞ്ചമിൻ കോളേജിലെ പ്രഥമ പടവുകൾ ഇറങ്ങുവാൻ തുടങ്ങുകയായിരുന്നു. അല്പം അകലെനിന്ന് ലീനയോടൊപ്പം സംസാരിക്കുകയായിരുന്ന അവളുടെ കൂട്ടുകാരി ഒരുനിമിഷത്തേക്ക് താൻ ശ്രദ്ധിച്ച കാഴ്ച ലീനയുടെ ശ്രദ്ധയിൽപ്പെടുത്തി. അവളെയുംകൂട്ടി ലീന വേഗം തന്റെ ചേട്ടന്റെ പിറകെ ഓടിയെത്തി.


“എന്റെ പോന്നൂസേ, അവിടെ, പേനയും ബുക്കുംകൊണ്ട് ഒരാൾ ഇരിപ്പുണ്ട്. ഒന്നവിടെവരെവന്ന് എന്തേലും കുത്തിക്കുറിച്ചിട്ട് പൊയ്ക്കോ. കാരണം, ചേട്ടൻ വന്നെന്ന് എനിക്കറിയാം. ഇത് ചെയ്തില്ലേൽ പ്രിൻസിപ്പൽ ചിലപ്പോൾ 

ഡയറക്ട് ക്ലാസ്സിൽവന്ന് എന്നെ ‘അനുമോദിക്കും’. പ്ലീസ്,...”

   

അവന്റെ കൈയ്യിൽ ചാടിക്കയറി പിടുത്തമിട്ടുകൊണ്ട് ലീന ധൃതിയിൽ ഇങ്ങനെ പറഞ്ഞു. മറുപടിയെന്നവണ്ണം, പാതി മേക്കപ്പിൽ നിൽക്കുന്ന തന്റെ സഹോദരിയെ അവനൊന്നു നോക്കി നിന്നുപോയി. അപ്പോഴേക്കും തന്റെ മുഖത്ത് ഒരു പ്രത്യേകതരം ചിണുങ്ങിയഭാവം പ്രകടമാക്കുവാൻ അവൾ മറന്നില്ല. ‘ശരി’ എന്നർത്ഥംവരുന്നതും അലസതകലർന്നതുമായ മുഖഭാവത്തോടെ അവൻ തിരിഞ്ഞു. വഴികാട്ടികളെപ്പോലെ ലീനയും കൂട്ടുകാരിയും അവനെയുംകൊണ്ട് നടന്നു. പരസ്പരം സംസാരിച്ചുകൊണ്ട് വിദ്യാർത്ഥികൾ മേക്കപ്പിലും അല്ലാതെയും അങ്ങിങ്ങ് ചെറുകൂട്ടങ്ങളായി നിന്നിരുന്നു.

   

ഒരു കോർണർ പിന്നിട്ടു തിരിഞ്ഞപ്പോഴേക്കും ഐ.ജി.യും ഡി.ജി.പി.യും കുറച്ചു പോലീസുകാർക്കൊപ്പം ഇവർക്കെതിരെ വന്നു. മുന്നിൽപ്പെട്ടിരിക്കുന്ന ബഞ്ചമിനെ കണ്ടതോടെ അവർ ഇരുവരും സ്തംഭിച്ചു നിന്നുപോയി.

“എന്താ മോളെ, ആളെ പ്രോഗ്രാമിന് കൊണ്ടുവരാൻ ബുദ്ധിമുട്ടിയോ!”

 ഇത്രയുംപറഞ്ഞു ഐ.ജി. ലീനയുടെ മുഖത്തേക്കുനോക്കി ബലമായി മന്ദഹസിച്ചു. മറുപടിയായി അവൾ തന്റെ ചേട്ടനെ ഒന്നുനോക്കിയശേഷം അടക്കിപ്പിടിച്ച പുഞ്ചിരി ഐ.ജി. ക്ക് സമ്മാനിച്ചു.

“ആ എടാ, നിന്നെ കണ്ടത് നല്ല സമയത്താ!”

അലസത പ്രകടമാക്കി തങ്ങളെ നോക്കി നിൽക്കുന്ന ബഞ്ചമിന്റെ മുഖത്തു നോക്കി ഗൗരവം ഭാവിച്ചു ഇങ്ങനെ ഡി. ജി. പി. പറഞ്ഞതും ഐ. ജി. ഇടയ്ക്കുകയറി;

“ബിജോയ്‌ ഇവിടെ പ്രിൻസിപ്പൽ റൂമിൽ ഉണ്ട്. കുറച്ചു എൻക്യുവറി നടത്താനുള്ള പ്ലാനിലാ. നീ അറിഞ്ഞുകാണുമല്ലോ, മുൻമന്ത്രി സോമശേഖരന്റെ മകൾ ഇവിടൊരു പാലസിൽ കൊല്ലപ്പെട്ടു. ഞങ്ങൾക്കെല്ലാം ഇപ്പോൾ നല്ല പണിയാ കിട്ടിയിട്ടിക്കുന്നത്. താഴെയും മുകളിലും ഒരുപോലെ പ്രഷർ ആണ്...”

 ഐ.ജി. അല്പം ധൃതിയുടെ അകമ്പടിയോടെ ഇങ്ങനെ പറഞ്ഞുനിർത്തി എന്നായപ്പോൾ ഡി.ജി.പി. മെല്ലെ ഒരു സ്നേഹഭാവത്തിൽ ബഞ്ചമിന്റെ ഒരു തോളിൽ ചെറുതായി തട്ടിയശേഷം പറഞ്ഞു;

“എടാ, നിന്റെ ഈ തിരക്ക് കഴിഞ്ഞ് ബിജോയ്‌ യെ ഒന്ന് കാണണം. പ്രിൻസിപ്പൽ റൂമിൽ കാണും അയാൾ... ഞങ്ങളാകെ മടുത്തിരിക്കുവാ, നിലംതൊടാൻ പറ്റിയിട്ടില്ല! ഒന്നു കൂട്ടു ചെന്നിരുന്നാൽ മാത്രം മതി, ഞങ്ങൾക്കതിപ്പോൾ വലിയൊരു ആശ്വാസമായിരിക്കും. കേൾക്കണം...”

   

സ്നേഹവും അപേക്ഷഭാവവും കലർത്തി ഡി. ജി. പി. തന്റെ വാചകങ്ങൾ അവസാനിപ്പിച്ചു. അപ്പോഴേക്കും അതേ ഭാവം ഉൾക്കൊണ്ട് ഐ. ജി. തുടർന്നു;

“ഏതായാലും ഇവിടെവരെ വന്നതല്ലേടാ, പെട്ടെന്നു തന്നെ പോകാം നിനക്ക്. ഞങ്ങളാ പാലസ് വരെയൊന്ന് പോയിട്ട് വരാം.

അവിടെ മന്ത്രിയൊക്കെ വീണ്ടും എത്തിയിട്ടുണ്ട്.”

ഉടനടി ധൃതിഭവിച്ചു ഡി.ജി.പി. പറഞ്ഞു ഐ. ജി. യോട്;

“വാ.. വേഗം പോയിവരാം.”

മറ്റെന്തെങ്കിലും സംഭവിക്കുംമുൻപേ ഇരുവരും കൂടെയുള്ള പോലീസുകാരെ നയിച്ചുകൊണ്ട് നടന്നുനീങ്ങി.

“കുറച്ചുകഴിഞ്ഞാൽ ഞാൻ വീട്ടിലേക്കു പോകും കെട്ടോ ചേട്ടാ...”

 ഇത്രയുംപറഞ്ഞു ലീന ചെറുതായൊന്നു പുഞ്ചിരിച്ചുകാണിച്ചു തന്റെ ചേട്ടൻ ബഞ്ചമിനെ. അവൻ അവളെയൊന്നുനോക്കി മുഖംകടുപ്പിച്ചു. ഉടനെ, മുഖഭാവം മാറ്റി ധൃതിഭാവിച്ചു അവൾ പറഞ്ഞു;

“ഉയ്യോ! ഒപ്പീനിയൻ എഴുതി സൈൻ ചെയ്യണം!!!”

 ഇതിനോടൊപ്പം അവൾ അവന്റെ കൈയുംപിടിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് നടന്നു. കൂടെ, ചെറുചിരിയോടെ കൂട്ടുകാരിയും.

   

അല്പദൂരം മുന്നോട്ട് നടന്നില്ല, എതിരെ വന്ന കുറച്ചു വിദ്യാർത്ഥികളിൽ ഒരുവൻ ചിരിച്ചുകൊണ്ട് ലീനയോട് പറഞ്ഞു;

“ഞങ്ങളുടനെ പോകും കെട്ടോ. സമയം ഉണ്ടേൽ പുറത്തേക്ക് വന്നേക്ക്..”

 ബഞ്ചമിനെയുംകൊണ്ട് ഒരുനിമിഷം നിന്നശേഷം മറുപടിയായി ധൃതി ഭാവിച്ചു ലീന പറഞ്ഞു;

“സമയം ഉണ്ടേൽ വന്നേക്കാം. നിങ്ങൾ പൊയ്ക്കോ..”

ശേഷം, മറ്റെന്തെങ്കിലും സംഭവിക്കാൻ സമ്മതിക്കാതെയെന്നവണ്ണം അവൾ നടത്തം തുടർന്നു. കൂട്ടുകാരിയുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നിമറഞ്ഞു.


5

   

രാത്രിയുടെ വാതിൽ ലക്ഷ്യമാക്കി സായാഹ്നം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നൊരു സമയം. സാമാന്യം തിരക്കേറിയ റോഡിലൂടെ ലീനയും കൂട്ടുകാരിയും ഒരുമിച്ചു സ്കൂട്ടറിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്, കോളേജ് വിട്ടശേഷം.  


തുടരും...


Rate this content
Log in

Similar malayalam story from Drama