Hibon Chacko

Drama Crime Thriller

4.1  

Hibon Chacko

Drama Crime Thriller

അമർ (Part 3)

അമർ (Part 3)

3 mins
306


പിറ്റേന്ന് രാത്രി ഏകദേശം എട്ടുമണി കഴിഞ്ഞിരിക്കുന്ന സമയം. പോലീസ് സ്റ്റേഷനു മുന്നിൽ ഒരു പജീറോ വന്നുനിന്നു. അതിൽനിന്നും മുണ്ട് ധരിച്ച -മാന്യമായ വസ്ത്രധാരണം എന്നു തോന്നിപ്പിക്കുന്നൊരു വേഷധാരി ഇറങ്ങി. വണ്ടിയിൽ ഒരു സ്ത്രീയും അവരുടെ അഞ്ചുവയസ്സ് പ്രായം വരുന്നൊരു ആൺകുട്ടിയും ഉണ്ടായിരുന്നു. അയാൾ നടന്ന് ചെന്ന് സ്റ്റേഷന് അകത്തേക്ക് കയറി. അവിടെ പോലീസുകാർ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരുന്നു. കോൺസ്റ്റബിളുമായി ചേർന്ന് ഒരു കേസിന്റെ ചർച്ചയിലായിരുന്നു സി. ഐ.

“ഏയ്‌...”

   വളരെ ഘനംകുറച്ച്, എന്നാൽ ദൃഢതയോടെ ഇങ്ങനെ - ഇരുകൈകളും സി. ഐ. യുടെ ടേബിളിൽ കുത്തി അല്പം കുനിഞ്ഞു നിന്നശേഷം സ്റ്റേഷനിലേക്ക് കയറി വന്നയാൾ ഉച്ചരിച്ചു. കോൺസ്റ്റബിളിനൊപ്പം സി. ഐ. വ്യാപൃതമായിരുന്ന ജോലിയിൽ നിന്നും തലയെടുത്ത് നോക്കി.

“ഒരാളെ... വണ്ടികേറ്റി കൊന്നിട്ട്...

ഇവിടെ കേസും അന്വേഷണവും ഒന്നുമില്ലേ!?”

   ഒന്നുരണ്ടുനിമിഷം ചലനമില്ലാതെ സി. ഐ.യെത്തന്നെ നോക്കി, പഴയപടി നിൽക്കെത്തന്നെ അയാൾ അതേ മോഡുലേഷനിൽ ചോദിച്ചു.

   മറുപടിയെന്നവിധം, ചുണ്ടുകൾകൊണ്ടുമാത്രമൊരു മന്ദഹാസത്തിനു തുടക്കംകുറിച്ച് അമർ പറഞ്ഞു;

“അന്വേഷണമൊക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ട്.

അതെവിടെച്ചെന്ന് നിൽക്കുമെന്നും അറിയാം.”

ഇതിനൊപ്പം കോൺസ്റ്റബിൾ പ്രവീണിന്റെ കണ്ണുകൾ ഇരുവശങ്ങളിലേക്കും വേണ്ടവിധം പാഞ്ഞുകൊണ്ടിരുന്നു. അടുത്തനിമിഷം തന്നെ വന്നയാളുടെ മറുപടി എത്തി;

“കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പെരുമാറിയാൽ... ബുദ്ധിമുട്ടായിരിക്കും!”

   ഇടതുകൈ ടേബിളിൽ മടക്കിവെച്ച് അതിന്മേൽ തലയൂന്നി അല്പം ചെരിഞ്ഞിരുന്നുകൊണ്ട് അമർ പറഞ്ഞു;

“കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നല്ലേ...

എല്ലാവർക്കും അത് ചെയ്തൂടെ!”

   മറ്റു പോലീസുകാരും സ്റ്റേഷനിൽ ഉണ്ടായിരുന്ന ചില പ്രതികളുമൊന്നും ഈ രംഗമങ്ങനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

“സ്ഥലം മാറിപോയി...”

കണ്ണുകൾമാത്രം അല്പം ഉയർത്തി, പഴയപടി വന്നയാൾ പറഞ്ഞു.

“ഇതുകൊണ്ടൊക്കെത്തന്നെയാ...”

   പഴയപടി ഇരിക്കെത്തന്നെ കണ്ണുകൾ മാത്രം താഴ്ത്തി വലതുകൈയ്യാൽ ടേബിളിൽ ഉപയോഗിച്ചു കൊണ്ടിരുന്ന പേനയെ അനക്കിക്കൊണ്ട് അമർ മറുപടിയായി പറഞ്ഞു. അല്പനിമിഷം മുന്നോട്ട് ഇരുവരും അങ്ങനെതന്നെ തുടർന്നു, പ്രവീണിനെ സാക്ഷിയാക്കി. ശേഷം ഒന്നുനിശ്വസിച്ചിട്ട് അനക്കംകൂടാതെ വന്നതുപോലെ അയാൾ സ്റ്റേഷനിൽനിന്നും ഇറങ്ങിനടന്നു, ചെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു -ഭാര്യയുടെ അധികാരത്തോടെയെന്നവിധം അതിലിരുന്ന സ്ത്രീയുടെ നോട്ടത്തോടൊപ്പം.

“സർ സംഗതി കുഴയുന്നമട്ടാ...

ഇത് റോയ്സ്, ഇവിടുത്തെയൊരു ബിസിനസ് മാഗ്നറ്റ് ആണ്.”

   അയാൾ പോയ വഴിയിലേക്ക് നോക്കിക്കൊണ്ട്, അമറിനോട് കോൺസ്റ്റബിൾ പറഞ്ഞു. പുച്ഛത്തോടെ ഒരമ്പരപ്പ് മുഖംകൊണ്ട് പ്രകടമാക്കിയതേയുള്ളൂ മറുപടിയായി അമർ.

“കാശുള്ളതു കൊണ്ടും മറ്റും എല്ലാവരുമായി നല്ല ബന്ധമാ...

അടുത്തറിയാവുന്നവർ പറയുന്നതുവെച്ച്

ബിസിനസ്... ലാഭം... നിലയ്ക്കുള്ള ജീവിതം.”

അല്പം കുനിഞ്ഞ് വളരെ കാര്യമായി പ്രവീൺ ഇങ്ങനെ അമറിനോട് പറഞ്ഞു.

   ഒരു മറുപടിയ്ക്കർഹമായ കാര്യങ്ങളല്ല സംഭവിക്കുന്നത് എന്നമട്ടിൽ ഒരു പ്രത്യേകഭാവം പഴയപടി ഇരിക്കെത്തന്നെ പ്രവീണിനെ നോക്കി അമർ പ്രകടമാക്കി.

“എന്നാപറ്റി... ആള് പ്രശ്നമാണോ?”

   മടിയിൽ ചേർത്തുപിടിച്ചിരിക്കുന്ന ആൺകുട്ടിയെ അവന്റെ ലോകത്തുതന്നെ നിലനിർത്തിക്കൊണ്ട്, ചലനമില്ലാതെ മുന്നോട്ട് ഡ്രൈവ് ചെയ്യുന്ന റോയ്‌സിനെ നോക്കി അവൾ ചോദിച്ചു.

“ക്രൈം റേറ്റിന്റെ പേരിൽ തലവേദനയായപ്പോൾ ഒന്നു മുഖം രക്ഷിക്കാൻ ഇങ്ങോട്ടൊരുത്തന്നെ തട്ടിയിട്ടുണ്ട്...”

   പഴയപടി തുടരേ തന്നേ രണ്ടുനിമിഷത്തെ നിശബ്ദതയ്ക്കുശേഷം അവൻ പറഞ്ഞു. അവൾ തന്റെ ഭർത്താവിൽനിന്നും തലയെടുത്തില്ല;

“റോയ്, നിനക്കിത് ആദ്യമായിട്ടൊന്നുമല്ലല്ലോ...”

മറുപടിയ്ക്കായവൾ പഴയപടിതന്നെ കാത്തു.

“രൂപേഷേ... അവൻ നമുക്ക് പ്രയോജനമുള്ള സർക്കിളിലേതാ...

ഇവൻ ഇന്നലെയവനെ തട്ടി...”

   ഇങ്ങനെപറഞ്ഞു -പഴയപടിതന്നെ -രണ്ടുമൂന്നുനിമിഷത്തെ ഇടവേളയിട്ട് റോയ്സ് തുടർന്നുപറഞ്ഞു;

“ഇവനെയ്... സാഹചര്യം അങ്ങ് മുതലെടുക്കുവാ...

ഉദ്ദേശ്യം അത്ര നേരെയുള്ളതല്ല!”

   ഇത്തവണ മറുപടിയ്ക്കു മുൻപ് അവളൊന്ന് നേരെയിരുന്നു. ശേഷം കുട്ടിയെ പഴയപടിതന്നെ പരിഗണന തുടർന്ന് ചോദിച്ചു;

“എന്നിട്ട്... എന്തായി...”

   അല്പം പിന്നോട്ടേക്ക് തല ചെറുതായി വെട്ടിച്ചതുൾപ്പെടുത്തിയ ഈ ചോദ്യത്തിന് മറുപടിയായി മുന്നോട്ട് തരക്കേടില്ലാതെ നേരേകിടക്കുന്ന റോഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുതന്നെ റോയ്സ് മറുപടി നൽകി;

“രൂപേഷിന്റെ പേര് പുറത്തുവന്നാൽ എല്ലാവർക്കും ഒരുപോലെ തലവേദനയാകും... നമ്മളുതന്നെ ചെന്ന് എല്ലാം ക്ലിയറുചെയ്യേണ്ടിവന്നു.”

   മുന്നിലുള്ളൊരു വണ്ടിയെ ഓവർടേക്ക് ചെയ്യുന്ന താമസം അവൻ തുടർന്നുപറഞ്ഞു;

“ഞാൻ വീട്ടിൽ വരുന്നവരെ ഇതിന്റെ പിറകെയായിരുന്നു. ഒന്നുമില്ല... എന്നാലും... നിന്റെ ചോദ്യംകൂടിയായപ്പോൾ ഞാൻ പറഞ്ഞെന്നേയുള്ളൂ.”

   ഇത്രയുംകേട്ടതോടെ ഒന്നു സടകുടഞ്ഞെന്നവിധം തന്റെ മകനെ ഒന്നുകൂടി ഇരുകൈകളാലും ചേർത്ത് നേരെയിരുന്നശേഷം അവൾ പറഞ്ഞു;

“നമ്മള് ലേറ്റായോ...

ഇന്ന് കുറച്ചധികം സാധനങ്ങള് വാങ്ങിക്കാനുണ്ടായിരുന്നു.”

   പെട്ടെന്നുതന്നെ അവളെയൊന്ന് നോക്കി എന്തോ പറയുവാൻ റോയ്സ് തുനിഞ്ഞതും അവരുടെ മോൻ ഇടയ്ക്കുകയറി;

“എനിക്കും കുറച്ചു സാധനങ്ങള് വാങ്ങിക്കാനുണ്ട് പപ്പാ.”

   കൂസലില്ലാതെ ദൃഢമായുള്ള അവന്റെയീ, പഴയപടി നിലകൊണ്ടുതന്നെയുള്ള മറുപടി കേട്ടശേഷം ചെറിയൊരു മന്ദഹാസത്തോടെ റോഡിലേക്കൊന്നുനോക്കി ഡ്രൈവ് ഉറപ്പുവരുത്തിയശേഷം റോയ്സ് അവളെ നോക്കി വേഗത്തിൽ പറഞ്ഞു;

“വല്ലതും വാങ്ങിക്കാനും കൂടിയല്ലേ... ഇതിനൊക്കെയല്ലേ അവിടെ രണ്ടുപേരെ വെച്ചിരിക്കുന്നത്!”

പഴയപടിയിരിക്കെത്തന്നെ ഉടനടിവന്നു അവളുടെ മറുപടി;

“എന്റെ കാര്യം ചിലപ്പോൾ ഞാൻതന്നെ ചെയ്യേണ്ടിവരും. ചിലപ്പോൾ അങ്ങനെ ചെയ്താലേ ശരിയാവത്തുള്ളൂ.”

   മറുപടിരഹിതനായി ഡ്രൈവ് തുടർന്ന റോയ്സ് ഉടനടി മകനെ പരിഗണിച്ചെന്നവിധം പറഞ്ഞു;

“റോ‌റൂട്ടാ നീ ടെൻഷനടിക്കാതെ കെട്ടോ. നമ്മള് ദേ എത്തി.”

   ഉടനടിതന്നെ, നേരെ നോക്കി ഡ്രൈവ് ചെയ്തുള്ള തന്റെ പപ്പയുടെ ഈ ലാളിത്യംകലർന്ന വാചകങ്ങൾ ശ്രദ്ദിച്ചെന്നവിധം തന്റെ മമ്മിയെ ഒന്നുനോക്കിയശേഷം ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു;

“മമ്മീനേം കൂടി കൊഞ്ചിക്കണം.

ഇല്ലെങ്കിൽ മമ്മിക്ക് വിഷമമാകും.”

   പുഞ്ചിരിവിടാതെ റോയ്സിൽ നിന്നും മുഖമെടുത്ത് ഒരിക്കൽക്കൂടി തന്റെ മമ്മിയെ നോക്കി റോറിൻ ഇങ്ങനെ നിർത്തി. അവൾ വാത്സല്യം കലർന്ന ദേഷ്യത്തിൽ അവനെയൊന്ന് നോക്കി. അപ്പോഴേക്കും ഒന്നുചിരിച്ചുകൊണ്ട്, തന്റെ ഭാര്യയെ ഒന്നുനോക്കി റോയ്സ് പൊതുവായെന്നവിധം പറഞ്ഞു;

“റീനമോളെ കൊഞ്ചിക്കുന്ന കാലമൊക്കെ കഴിഞ്ഞില്ലേടാ കുട്ടാ.”

അടക്കിപ്പിടിച്ചൊരു ചിരിയോടെ അവൾ ഉടനടി പറഞ്ഞു, നേരെയിരുന്ന്;

“ഊമ്... വണ്ടി വിട്...”

റോഡിലെ തിരക്കും മറ്റും അറിയാത്തവിധം അവർ മുന്നോട്ട് നീങ്ങി.

******

   രാത്രിയുടെ ആധിക്യം കൊണ്ടെന്നപോലെ ഉദ്ദേശം വിജനമായിക്കൊണ്ടിരിക്കുന്ന കവലയിൽ ഒരു ബസ് വന്നുനിന്നു. അധികം ആളുകളില്ലാത്ത ആ ബസിൽനിന്നും ജോലി കഴിഞ്ഞെന്നവിധം ഒരു യുവതി ഇറങ്ങി, ബസ് ഡബിൾ ബെല്ലിനപ്പുറം മുന്നോട്ട് ചലിച്ചുപോയി. അവൾ തോളിലെ ബാഗ് ഒന്നുനേരെയാക്കി വിജനമായതും അകത്തേക്കുള്ളതുമായൊരു വഴിയിലൂടെ അല്പം വേഗംകൂട്ടി മുന്നോട്ട് നടന്നു. വെളിച്ചം പാതിയും പൂർണ്ണമായും മങ്ങിനിലകൊള്ളുന്ന വഴിവിളക്കുകൾ കുറച്ചങ്ങനെ കടന്നത്തോടെ അവളുടെ ബാഗിൽനിന്നും മൊബൈൽഫോൺ ശബ്ദിച്ചു.

(തുടരും......)



Rate this content
Log in

Similar malayalam story from Drama