Hibon Chacko

Drama Crime Thriller

4  

Hibon Chacko

Drama Crime Thriller

അമർ (Part 2)

അമർ (Part 2)

3 mins
338



അല്പമൊന്ന് ആടി, ദൃഢതഭാവിച്ച് നിൽക്കുന്ന അവനോട് ധൃതിയിൽ, എന്നാൽ വീര്യംകുറച്ച് പ്രവീൺ പറഞ്ഞു. ഇരുവരും അകത്തിരിക്കുന്ന അമറിനെ നോക്കിയത് ഒരേനിമിഷമായിരുന്നു. കൂസലില്ലാത്തവിധം ഇരിക്കുന്ന അമറിനെ നോക്കി അവൻ വാഹനത്തിന് വശത്തേക്ക് നീങ്ങി. ഈ നിമിഷംതന്നെ പ്രവീൺ ചാടി തിരികെ വാഹനത്തിൽക്കയറി, അതേനിമിഷംതന്നെ വണ്ടിയെടുക്കാനുള്ള ധൃതിയിൽ പറഞ്ഞു;

“രൂപേഷ്, കുറേ കൊലക്കേസുകൾ ഉണ്ട് തലയിൽ.

നല്ല പിടിപാടാ, തലവേദനയാ സാറേ..”

ഉടനെ പ്രവീണിനുനേരെ തലതിരിച്ച് അമർ പറഞ്ഞു;

“ആഹ്.. വണ്ടിയെടുക്കാം, ഹാൻഡ്‌ബ്രേക്ക് അഴിക്ക്.”

   ധൃതിയിൽ പ്രവീണത് അനുസരിച്ചപ്പോഴേക്കും ഒരുമാതിരിവിധത്തിൽ രൂപേഷ് അമറിനടുത്തേക്ക് എത്തിനിന്നു.

“എന്താണ്... ഒരു വിളച്ചിലിനുള്ള ചുറ്റുപാടുണ്ടല്ലോ...!”

   പാതി ലഹരിയിലെന്നവിധം രൂപേഷ് തലകുനിച്ച് അമറിനോട് ചേർന്നുനിന്ന് ചോദിച്ചു. അവൻ ഇതുകേട്ട് ഇടതുകൈ നെറ്റിക്കുകൊടുത്ത് തലകുനിച്ചിരുന്നു.

“അതേ, ഇന്ന് രാവിലെ ചാർജ് എടുത്തതേയുള്ളൂ.

പരിചയമൊക്കെയായി വരുന്നതേയുള്ളൂന്നേ...”

   രൂപേഷിനെ ഒന്നു തണുപ്പിക്കുംവിധം കോൺസ്റ്റബിൾ പ്രവീൺ ഇങ്ങനെ ധൃതിവിടാതെ പറഞ്ഞു. ഇതുകേട്ട് രൂപേഷ് ഒരുമാതിരി വിധത്തിൽ പഴയപടി നിൽക്കെത്തന്നെ രണ്ടുനിമിഷം, തലയ്ക്കു കൈകൊടുത്ത് കുനിഞ്ഞിരിക്കുന്ന അമറിനെ നോക്കി. പിന്നെ മദ്യത്തിന്റെ മണം സ്വന്തം വായയിൽനിന്നും അവന്റെ മുഖത്തേക്ക് ഉന്നംവെച്ച് പകർന്ന് ഊതി. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായപോലെയായി പ്രവീൺ. അമർ ചലനമില്ലാതെ പഴയപടി തുടരുകയാണ്. ഞൊടിയിടയിലാണ് ‘ഹേയ് പോലീസ്’ എന്നുറക്കെ ആക്രോശിച്ചുകൊണ്ട്, അല്പം മുന്നോട്ടുനീങ്ങിയശേഷം രൂപേഷ് ഇടതുകൈയ്യിൽ കുപ്പിയുമായി വലതുകൈയ്യാൽ ഡോറിന് ഒത്തനടുവിലായി വലിച്ചൊരടി. ശബ്ദത്താൽ പ്രവീൺ ഒന്നുവിറച്ചു. എന്തിനോവേണ്ടിയുള്ള സിഗ്നലെന്നവിധം, കുപ്പി വലിച്ചെറിഞ്ഞശേഷം അല്പം അകലെ നിലകൊണ്ടിരുന്നവരെ പരിഗണിക്കുവാനെന്നവിധം രൂപേഷ് നടന്നുനീങ്ങി.

“സാർ...”

   തക്കം പാർത്തിരുന്നെന്നവിധം ഞൊടിയിടയിൽ പ്രവീൺ, അമറിന്റെ ഇരിപ്പും പരിഗണിച്ച് വിളിച്ചു.

“ഒന്ന്‌ വണ്ടി വിടാമോ, പ്ലീസ്.”

അങ്ങനെ ഇരിക്കെത്തന്നെ അമർ ഉടനടി മറുപടി നൽകി.

“ഹേയ് പോലീസ്,

നീ ഇറങ്ങി വാടാ...,,”

   അടുത്തനിമിഷം വണ്ടിയുടെ അല്പം മുന്നിലായി തിരിഞ്ഞു കയറിനിന്നശേഷം രൂപേഷ് ആക്രോശിച്ചു. അപ്പോഴേക്കും അല്പം അകലെ വ്യവഹരിച്ചിരുന്നവർ എഴുന്നേറ്റു വന്നുതുടങ്ങി, അടയാളം കിട്ടിയെന്നവിധം.

“സാർ... എന്താ,,”

   വിഷണ്ണനായ പ്രവീൺ ഇങ്ങനെ, പെട്ടുപോയെന്നവിധം പൂർത്തിയാക്കാനാവാതെ വിഷമിച്ചു. അമർ ഉടനെ ബൊലേറോയിൽനിന്നിറങ്ങി ഡോർ വലിച്ചടച്ചു. ഇരുകൈകളും വൃത്തിയായി മടക്കി കൈമുട്ടുകൾക്കുമുകളിൽ വെച്ചിരിക്കുന്ന കറുത്ത ഷർട്ടണിഞ്ഞ അവനെ ഭേധിക്കാൻ ലഭ്യമായ മഞ്ഞവെളിച്ചത്തിനാകാതെനിന്നു. അവൻ നടന്ന് രൂപേഷിനടുത്തേക്ക് ചെന്നു, അതേനിമിഷം ആകെ വല്ലാതായിപ്പോയ പ്രവീൺ ചലനമില്ലാതെ ഈ രംഗത്തേക്ക് വാഹനത്തിനുള്ളിലിരുന്ന് മിഴിച്ചുനോക്കി, ഈ നിമിഷംകൊണ്ട് ഗൂഢമായൊരു പുഞ്ചിരിയോടെ ഒരുകൈയ്യാൽ സ്വന്തം മൂക്കിന് വിരലുകളെ ഒന്നുവേഗം വലിച്ചുവിടാൻ സമ്മതിച്ച് തന്റെ പിന്നിൽനിന്നും രൂപേഷ് മൂർച്ചയേറിയ ഒരു കത്തി പുറത്തെടുത്തു. അടുത്തനിമിഷം കാണുന്നത് കത്തി തറഞ്ഞുകയറിയ ശബ്ദത്തോടൊപ്പം അമറിന്റെ മുഖം രൂപേഷിന്റെ വലതുതോളിൽക്കിടന്ന് ആഘാതം പ്രകടമാക്കുംവിധം മിഴിയ്ക്കുന്നതാണ്. സംഭവം കണ്ട് ഞൊടിയിടയിൽത്തന്നെ പ്രവീണിന് വണ്ടിയിൽനിന്നും ചാടിയിറങ്ങേണ്ടിവന്നു. രൂപേഷിനു പിന്നിലേക്ക് വന്നിരുന്നവർ ഒന്നുനിന്നുപോയിരുന്ന ആ നിമിഷം! അമറിന്റെ മുഖം രൗദ്രമായിവന്ന അടുത്തനിമിഷത്തിൽ, താൻ ഞൊടിയിടയിൽ പിടിച്ച്-തിരിച്ച് കുത്തിച്ച കത്തി രൂപേഷിന്റെ വയറിൽനിന്നും വലിച്ചൂരി അമർ തുടരെത്തുടരേ, രൂപേഷിനെ പിന്നിലേക്ക് കൊണ്ടുപോകുംവിധം കുത്തിക്കൊണ്ടിരുന്നു -അധികം വേണ്ടിവന്നില്ല ചലനമറ്റ് രൂപേഷ് പിന്നിലേക്ക് മലർന്നുവീണു. രക്‌തമൊലിക്കുന്ന കത്തിയുമായി മറ്റുള്ള അഞ്ചുപേരെയും അമർ മാറി-മാറി നോക്കി അലറി, മഞ്ഞ വെളിച്ചത്തിന്റെ സഹായത്തോടെ.

   ഈ കാഴ്ച്ച, ഇരുകൈകളാലും മുഖത്തിനിരുവശവും മറച്ച് വിറച്ചുനിന്ന് കണ്ടുകൊണ്ടിരുന്ന പ്രവീണിനടുത്തേക്ക് കത്തിയുമേന്തി അമർ പാഞ്ഞെത്തി. അവനെ തള്ളിമാറ്റി അമർ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നശേഷം കത്തി താനിരുന്നിരുന്ന സീറ്റിനുതാഴേക്കിട്ടു. അപ്പോഴേക്കും എന്തുചെയ്യണമെന്നറിയാതെ രൂപേഷിന്റെ ശരീരത്തിനടുത്തേക്ക് അഞ്ചുപേരും എത്തിയിരുന്നു. അമർ വാഹനം ഇരപ്പിച്ചു. വിറയലോടെ പഴയപടിതന്നെ, സി. ഐ. അമറിനെയൊന്ന് നോക്കാനേ കോൺസ്റ്റബിൾ പ്രവീണിന് സാധിച്ചുള്ളൂ. ഒരിക്കൽക്കൂടി ഇരപ്പിക്കുകയും ഗിയർ ചേഞ്ച്‌ ചെയ്ത് വാഹനം കുതിപ്പിച്ച് മുന്നോട്ടെടുത്ത് അമർ പാഞ്ഞു രൂപേഷിനു മുകളിലൂടെ കയറിയിറങ്ങി പാതി വളച്ച് നിന്നു- അഞ്ചുപേർ അപ്പോഴേക്കും കുതറിമാറി ഓടി രക്ഷപെട്ടുതുടങ്ങിയിരുന്നു.

   ഒന്നുരണ്ടുനിമിഷം കഴിഞ്ഞില്ല, തീർത്തും വിജനമാക്കപ്പെട്ട ആ സ്ഥലത്ത് വിറയലോടെ നിന്നിരുന്ന പ്രവീണിനായി ഉച്ചത്തിൽ ഹോൺ മുഴങ്ങി -അമറിന്റെ വക. ഒന്നുഞെട്ടിനിന്നുപോയശേഷം പ്രവീൺ ഇരുകൈകളും പരസ്പരവിരുദ്ധമായി നെഞ്ചുമറയ്‌ക്കുംവിധം പിടിച്ച് മുഖമാകെ മിഴിപ്പിച്ച് വിറയൽ വിടാതെ ഓടിക്കിതച്ച് ഡ്രൈവിങ് സീറ്റിലിരിക്കുന്ന അമറിനടുത്തേക്ക് ചെന്നു.

“സാ... ർർ...!”

   വിറയാർന്ന് സ്ഥലകാലബോധം നഷ്ടമായവിധം പ്രവീൺ മെല്ലെയിങ്ങനെ വിളിച്ചുപോയി.

“വന്ന് വേഗം വണ്ടിയിൽ കേറ്...

ഇവിടുന്നിപ്പോൾത്തന്നെ പോകണം, കാര്യമുണ്ട്.”

   പ്രവീണിനെ അമ്പരപ്പിക്കുംവിധം -വളരെ ലളിതമായി എന്നാൽ ഒട്ടും ദൃഢത വിടാതെ, സ്റ്റിയറിങ്ങിൽ രക്തം പറ്റിയിരിക്കുന്ന കൈകൾ പിടിച്ചുറപ്പിച്ച് അമർ പറഞ്ഞു. പക്ഷെ പ്രവീണിന് അമ്പരന്നുനിൽക്കാനേ കഴിഞ്ഞുള്ളൂ.

“പ്രവീൺ,,”

   അടുത്തനിമിഷം അമറിങ്ങനെ അലറി. ഒന്നുഞെട്ടിയതിനുപിന്നാലെ ഓടി അവൻ വാഹനത്തിൽ കയറി ഇരുന്നു. ഗിയർ ചേഞ്ച്‌ ചെയ്ത് വാഹനം ഇരപ്പിച്ചശേഷം ഞൊടിയിടയിൽ തിരിച്ച്, രക്തത്തിൽ കുളിച്ചുകിടക്കുന്ന രൂപേഷിനെ രൗദ്രമായൊന്ന് നോക്കിക്കൊണ്ട് അമർ ബൊലേറോ കുതിപ്പിച്ച് ലക്ഷ്യത്തിലേക്ക് പാഞ്ഞു.

   രണ്ടുവളവ് കഴിഞ്ഞതോടെ സാവധാനം വഴിയരികിൽ, അല്പം മുന്നിലൊരു കട കാൺകെ അമർ വാഹനം സൈഡാക്കിനിർത്തി. എൻജിൻ സാവധാനം ഓഫ്‌ ചെയ്തശേഷം ഒരു പ്രത്യേകതരത്തിൽ അമർ, അപ്പുറത്ത് വിറയലും അമ്പരപ്പും ഭയവും മാറാതെ ഇരിക്കുന്ന കോൺസ്റ്റബിൾ പ്രവീണിനെ നോക്കി.

“എടാ, ഞാനിതാദ്യമായിട്ടൊന്നുമല്ല.

നീ പോയി ഒരു ചോറ് വാങ്ങിച്ചോണ്ട് വാ,”

   സാവധാനം തന്റെ തോളിൽ തട്ടി ഇങ്ങനെ അമർ പറയുന്നതിനോട് എങ്ങനെ പ്രതികരിക്കണമെന്നായി പ്രവീണിന്, തന്റെ അവസ്ഥയിൽനിന്നുകൊണ്ട്.

“നീയും വല്ലതും വാങ്ങിച്ചോ.

നമുക്ക് കഴിച്ചിട്ട് വേഗം ഇതിന്റെ ബാക്കി നോക്കേണ്ടേ...”

ഒന്നുനിർത്തിയശേഷം അമർ ഒന്ന്‌ പുഞ്ചിരിച്ച് തുടർന്നു;

“സ്റ്റേഷന്റെ ഏരിയ മുഴുവൻ ചുറ്റി കാണാനുള്ളതല്ലേ,

നീ വേഗം പോയിട്ട് വാ.”

   ഇങ്ങനെ പറഞ്ഞ് അല്പം ബലത്തിൽ പ്രവീണിനെ അമർ പുറത്തേക്കെന്നവിധം തള്ളി. അവൻ അതിന്റെ പിൻബലത്തിലെന്നവിധം അമറിൽ നിന്നും മുഖമെടുക്കാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി, മുന്നോട്ട് നടന്നു. രക്തത്തിന്റെ അകമ്പടിയോടെ ബൊലേറോ ഇരുട്ടിലങ്ങനെ നിശബ്ദമായി കിടന്നു, വിജനമായ ആ സ്ഥലത്ത്. ക്ഷീണിച്ചെന്നവിധം തെളിഞ്ഞുനിന്നിരുന്ന കടയിലേക്ക് പ്രവീൺ കയറിപ്പോയപ്പോഴേക്കും റിയർവ്യൂ മിററിലൂടെ നോക്കി, സീറ്റിൽ വൃത്തിയായൊന്ന് ചാരിയിരുന്നു അമർ.

******

   പിറ്റേന്ന് രാത്രി ഏകദേശം എട്ടുമണി കഴിഞ്ഞിരിക്കുന്ന സമയം. പോലീസ് സ്റ്റേഷനു മുന്നിൽ ഒരു പജീറോ വന്നുനിന്നു. അതിൽനിന്നും മുണ്ട് ധരിച്ച -മാന്യമായ വസ്ത്രധാരണം എന്നുതോന്നിപ്പിക്കുന്നൊരു വേഷധാരി ഇറങ്ങി. വണ്ടിയിൽ ഒരു സ്ത്രീയും അവരുടെ അഞ്ചുവയസ്സ് പ്രായംവരുന്നൊരു ആൺകുട്ടിയും ഉണ്ടായിരുന്നു. അയാൾ നടന്ന് ചെന്ന് സ്റ്റേഷന് അകത്തേക്ക് കയറി. അവിടെ പോലീസുകാർ തങ്ങളുടെ ജോലിയിൽ വ്യാപ്രതരായിരുന്നു. കോൺസ്റ്റബിളുമായി ചേർന്ന് ഒരു കേസിന്റെ ചർച്ചയിലായിരുന്നു സി. ഐ.

(തുടരും......)



Rate this content
Log in

Similar malayalam story from Drama