മഴയിൽ
മഴയിൽ
മഴക്കാലമേഘങ്ങൾ മനത്തു നിറയുമ്പോൾ
മഴയിലെ കുരുതികൾ തെളിയുന്നു മനമതിൽ.
ഒഴുകുന്ന പുഴകളും
നിറയുന്ന പാടവും
മഴയിലായ് ഒന്നായിതീരുന്ന
മാത്രയിൽ
വയലേലകൾ വിതച്ച
സ്വപ്‌നങ്ങളൊക്കെയും
മറയുന്നു കണ്ണീരിൻ ബാഷ്പങ്ങളിൽ.
വഴിയതിന്നോരത്തെ ഒലക്കുടിലുകൾ
ശവകുടിരങ്ങളായ് മാറുന്ന മാത്രയിൽ,
മഴയെ കൊതിച്ച മാനുഷരെല്ലാരും മഴയിലരവയറിനായ് കേഴുന്നു പാരീതിൽ.
കുതിർന്ന മണ്ണും മാനവ ഹൃത്തും
ഒഴുകിയകലുന്നു കാലത്തിൻ ലീലയിൽ.
കറുത്ത മേഘങ്ങൾ കാറ്റിലായ്
അലിയുമ്പോൾ
കിളിർക്കുന്നു ചെടികളും സ്വപ്നങ്ങളും വീണ്ടും.
നിറയുന്ന വയലുകൾ നിനയാതിരിക്കവേ,
ഒഴുകുന്ന അരുവികൾ ശാന്തമായ് ഉറങ്ങവേ,
കണ്ണുനീർ തേടുന്ന മഴത്തുള്ളിയോടൊപ്പം
തുടരുന്നു കാലം അതിന്റെ ലീലകൾ.
