വളവ്
വളവ്
സൗദി അറേബ്യയിൽ ഒരു സൂപ്പർമാർക്കറ്റിൽ, കാഷ്യർ ആയി ജോലി ചെയ്തിരുന്ന സമയം... വെള്ളിയാഴ്ച അവധിദിവസമൊഴികെ മറ്റെല്ലാ ദിവസവും തൊഴിലാളികളുടെ തിരക്കുള്ളതാണ്. പൊതു-ജോലി സമയമാകുമ്പോഴേക്കും ഒരുപാട് തൊഴിലാളി സഹോദരങ്ങൾ കടകളിലേക്ക് വ്യാപാരിക്കും; ആവശ്യമായ ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾക്കായി.
അങ്ങനെ നല്ല തിരക്കുള്ളൊരു സമയം, ഞാൻ ഡ്യൂട്ടി തുടങ്ങിയതേയുള്ളൂ. ഒരു തൊഴിലാളിയുമായി ഉണ്ടായ ചെറിയൊരു തർക്കത്തിൻ പുറത്ത് കൗണ്ടറിൽ നല്ല തിരക്കുകൂടി. എന്റെ സമനിലയാകെ തകിടം മറിഞ്ഞിരിക്കുന്ന സമയം ഒരു മധ്യവയസ്കൻ പെട്ടെന്ന് പറഞ്ഞു;
“ഇതാ എന്റെ കൈയിലിരിക്കുന്നവയുടെ പണം ഞാനിവിടെ വച്ചിരുന്നത് കിട്ടിയല്ലോ അല്ലെ!?”
പെട്ടെന്നെനിക്ക് നല്ല ദേഷ്യം വന്നു. കാരണം ഒരുപാട് തിരക്കുള്ള സമയം, എടുത്ത സാധങ്ങളുടെ വില തിക്കിത്തിരക്കി ഏവരും എറിഞ്ഞിട്ടിട്ടു പോകുന്ന അവസ്ഥ, ബില്ലടിക്കുവാൻ പോലും സാധിക്കുന്നില്ല! ചിലപ്പോഴെങ്കിലും ഒരുപാടു പേർ ഈ അവസരം മുതലെടുത്ത് പറ്റിക്കാറുണ്ട്. ചെറിയ തുകകൾ അങ്ങ് കണ്ണടച്ചുവിടും, അതുപോലെ ചിലത് തെളിവ് നോക്കി പരിശോധിക്കുവാൻ സമയമില്ലാത്തതിനാൽ ദേഷ്യമടക്കി ഉപേക്ഷിച്ചുവിടും. പലകുറി ഇങ്ങനെ സംഭവിക്കുന്നതിൻ പുറത്തും ജോലി ഒരു ഭാരമായതിനാലും കൂടെ തിരക്കുംമൂലം എനിക്ക് പിടിവിട്ടുപോയി!
“ഞാൻ കണ്ടില്ല, എനിക്കറിയില്ല...”
ഇങ്ങനെ ഞാൻ ദേഷ്യത്തോടെ പറഞ്ഞു, പറ്റിച്ചതാണെങ്കിൽത്തന്നെ പൊയ്ക്കോട്ടെ എന്ന് ചിന്തിച്ചു. ആളുകൾ ബഹളം കൂട്ടി തിക്കിത്തിരക്കുകയാണ്. അയാൾക്ക് എന്റെ മറുപടി ഇഷ്ടമായില്ല. ഞാനയാളെ കള്ളനാക്കുകയാണോ എന്നതരത്തിലായി അയാളുടെ സംസാരം. ആദ്യ മറുപടിയിത്തന്നെ ഞാൻ ഉറച്ചുനിന്നു. ഒന്നിനും ആരും തെളിവല്ലാത്ത ആ സമയം അയാൾ വല്ലാതെ ദേഷ്യപ്പെട്ടു വികാരഭരിതനായി! ഇത്രയുംകൂടി ആയതോടെ ഞാനും വിട്ടുകൊടുത്തില്ല. അവസാനം അയാൾ എന്റെ മാതാവിനും ഞാൻ മറുപടിയായി അയാളുടെ പിതാവിനും വിളിച്ചു- കേട്ടവർ മൂക്കത്തു വിരൽവെച്ചുപോയി! അയാൾ കുറെ ദേഷ്യപ്പെട്ടശേഷം പണം തന്നിട്ട് അവിടെനിന്നും പോയി. ഞാനൊന്നും ശ്രദ്ദിക്കാനേ പോയില്ല!
തിരക്കുകഴിഞ്ഞു ഞാൻ ഒരുവട്ടെമൊന്ന് ആലോചിച്ചു. അയാൾ പണം ആദ്യ തവണ തന്നതായി ഓർമ്മയൊന്നും കിട്ടിയില്ല. അന്ന് വൈകുന്നേരം അയാൾ എത്തി ക്യാമറ പരിശോധിക്കണം എന്ന് അഭ്യർത്ഥിച്ചു. ആ സമയം ഞാൻ ഡ്യൂട്ടിയിൽ ഇല്ലായിരുന്നു. പരിശോധനയിൽ, അയാൾ വാങ്ങിയ സാധങ്ങളുടെ വിലയായ അഞ്ചു റിയാൽ ഞാനെടുത്ത് ക്യാഷ്ബോക്സിൽ ഇടുന്നത് ക്യാമറ വ്യക്തമാക്കി! പരിശോധനാ വിവരം അന്വേഷിക്കാൻ അദ്ദേഹം പക്ഷെ പിന്നീട് വന്നില്ല.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞുപോയി. അദ്ദേഹം സ്ഥിരമായി സാധനങ്ങൾ വാങ്ങുവാൻ എത്തുമായിരുന്നു; ആ സംഭവശേഷം വരാതെയായി. മെല്ലെ മെല്ലെ എന്റെ മനസ്സിന് നേരിയ ഒരു വളവ് സംഭവിച്ചതുപോലെ എനിക്കനുഭവപ്പെട്ടു തുടങ്ങി. തെറ്റ് എന്റെ ഭാഗത്താണ്- സ്ഥിരമായി സംഭവിക്കുന്ന ഒന്നായതിനാൽ അതിൽപ്പെടുത്തി എനിക്കാ സംഭവസമയം മൗനം പാലിക്കാമായിരുന്നു- തിരക്കിൻപുറത്ത് എനിക്കുണ്ടായ അശ്രദ്ധ!
ഒന്നുരണ്ടു മാസങ്ങൾക്കുശേഷം അദ്ദേഹം സാധനങ്ങൾ വാങ്ങുവാൻ വന്നു. ഒന്നും ഉരിയാടാതെ, വളരെ മര്യാദപൂർവ്വം സാധനങ്ങൾ വാങ്ങിപ്പോയി. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു അഭിമാനക്ഷതം നിഴലിച്ചിരുന്നു- ഈ സംഭവങ്ങൾ പിന്നീട് പതിവായപ്പോൾ എന്റെ മനസ്സിന് സംഭവിച്ചെന്ന് കരുതപ്പെടുന്ന ആ വളവ് കൂടുന്നതായി അനുഭവപ്പെട്ടു തുടങ്ങി. അദ്ദേഹത്തോട് മാപ്പ് ചോദിക്കണം; എല്ലാം ഞാൻ കാരണം തുടങ്ങിയതാണ്- എന്റെ മനസ്സ് മന്ത്രിച്ചു.
ഒരുദിവസം അദ്ദേഹം വന്നപ്പോൾ ഞാൻ ക്ഷമ ചോദിച്ചു. ഞാൻ പ്രതീക്ഷിച്ചതുപോലെ, അല്പം മുൻപ് നടന്നു എന്നതുപോലെ ആ പഴയ സംഭവം ഓർത്തെടുത്തു കാട്ടിയശേഷം അദ്ദേഹം പറഞ്ഞു;
“സാരമില്ല. നിങ്ങൾക്ക് ബോധ്യമായല്ലോ ഞാൻ പണം തന്നിരുന്നു എന്ന്! ഇനി ഞാൻ അധികമായിത്തന്ന ആ അഞ്ചു റിയാൽ തിരികെ തന്നേക്കുമോ!?”
ഒന്നുംനോക്കാതെ ഞാൻ അഞ്ചു റിയാൽ തിരികെയെടുത്ത് കൊടുത്തശേഷം ഒരിക്കൽക്കൂടി അദ്ദേഹത്തിന്റെ കൈയ്യിൽതൊട്ട് വന്ദിച്ചു മാപ്പ് പറഞ്ഞു. സന്തോഷത്തോടെ എനിക്ക് ആശംസകൾ നൽകി അദ്ദേഹം പോയതോടെ എന്റെ മനസ്സാകെ നിവർന്നു- എന്റെ മനസ്സിനുണ്ടായ വളവ് ഞാൻ നിവർത്തി.
