വിശപ്പിന്റെ ശകാരം
വിശപ്പിന്റെ ശകാരം
പുറത്തു കുട്ടികളുടെ ബഹളം കേട്ടാണ് ആയാൾ ഉണർന്നത്."സമയം എത്രയായി?" ആ ഒറ്റമുറിയിൽ കൂട്ടിനായി ഒരു വയസൻ ക്ലോക്ക് ഉണ്ട്. ഒന്നും കാണാൻ വയ്യ. ആയാൾ പതുക്കെ എണീറ്റ് ജനൽ പാളിയിൽ കൈ അമർത്തി. അത് ഒരു ഞരക്കത്തോടെ തുറന്നു. വയസൻ ക്ലോക്കിന്റെ ഊന്നുവടി 10 കഴിഞ്ഞിരിക്കുന്നു. താഴെ വീണ മാമ്പഴത്തിനുവേണ്ടിയുള്ള ഓട്ടത്തിലാണ് കുട്ടികൾ. ബഹളം അടങ്ങി. അത് ആർക്കോ കിട്ടിയിരിക്കണം..." ഭാഗ്യവാൻ... ഒരു കഷ്ണം ചോദിച്ചാലോ? വേണ്ട.. "ആയാൾ മാവിലേക്ക് നോക്കി.മാവ് ശൂന്യമാണ്. എന്താണ് അടുത്ത പരിപാടി. എന്നത്തേയും പോലെ ജോലിക്ക് വേണ്ടിയുള്ള അലച്ചിൽ.
ഏതോ പൂർവികന്റെ കൃപ കൊണ്ടാണ് ആ ഒറ്റമുറി വീട്ടിൽ കഴിയുന്നത്. ജോലിയും കൂലിയും ഇല്ലാത്ത സ്വന്തമോ ബന്ധമോ ഇല്ലാത്ത തനിക്കു അതുതന്നെ അധികമാണ്. അയാളോർത്തുനോക്കി. തന്റെ ബന്ധങ്ങൾ എവിടെയാണ്.? അറിയില്ല. ജീവിതത്തിൽ എന്നോ ആ ഒറ്റമുറി വീട്ടിൽ തനിച്ചായാതാണയാൾ. കുറെയൊക്കെ പഠിച്ചു. ഒന്നും നേടാനായില്ല. ഇപ്പോ ഇങ്ങനെ ഒരു ഏകാന്തജീവിതം.
ഉമിക്കരി കൊണ്ട് പല്ലുതേച്ചു കുളിച്ചു. വിശപ്പിന്റെ ശകാരം തുടങ്ങിയിരിക്കുന്നു. പടവരമ്പിലൂടെ നടക്കുമ്പോൾ അയാൾ എന്തൊക്കെയോ പിറു പിറുത്തു. "ഇന്നും പല വാതിലുകളും തനിക്കു മുന്നിൽ കൊട്ടിയടക്കപ്പെടും... ഓരോരോ കാരണങ്ങൾ.. വിധി". അങ്ങനെ തന്നെ സംഭവിച്ചു. അയാൾക്കും മടുത്തിരിക്കുന്നു ആ ജീവിതം.
വെയിലിനു ചൂട് കൂടിയിരിക്കുന്നു. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.വീണുപോകുമോ എന്നയാൾ ഭയന്നു.വിശപ്പു അസ്സഹനിയമായിരിക്കുന്നു."രാവിലെ ഒരു കഷ്ണം മാങ്ങ ചോദിക്കാമായിരുന്നു...ഇത്രവേഗം ഇരുട്ടിയോ....ഇല്ല. കണ്ണിൽ മാത്രം ആണ് ഇരുട്ട്.."
നടന്ന് നടന്ന് അയാൾ റയിൽവേ പാളത്തിൽ എത്തി.സ്റ്റേഷനിൽ നല്ല തിരക്കുണ്ട്. ലോകം തിരക്കിലാണ്. എല്ലാവർക്കും തിരക്ക്... അയാൾക് വിശപ്പു മാത്രമാണ്, തിരക്കില്ല.ദൂരെ നിന്ന് ട്രെയിൻ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്. അയാൾ എന്തോ തീരുമാനിച്ചത് പോലെ നടത്തത്തിനു വേഗത കൂട്ടി.അയാൾ കിതച്ചു കൊണ്ട് നിന്ന്.. "ഇനിയും കാത്തു നിക്കാൻ വയ്യ."ട്രെയിൻ ചീറിപ്പാഞ്ഞു വരുന്നുണ്ട്.....വിശപ്പു ശകാരിച്ചുകൊണ്ടേ ഇരിക്കുന്നു. അയാൾ അത് കേട്ടില്ല .. പെട്ടെന്ന് തണുത്ത എന്തോ അയാളെ തൊടുന്നതുപോലെ അയാൾക്ക് തോന്നി ....
അയാൾ നിലത്തു പാളത്തിനപ്പുറം വീണുകിടക്കുകയായിരുന്നു. അപ്പുറത്തു ഭയന്നു വിറച്ച് ഒരു പെൺകുട്ടി അയാളെ നോക്കി നിൽക്കുന്നിണ്ടായിരുന്നു. കീറിപറിഞ്ഞ ഉടുപ്പും പാറിയ തലമുടിയും ഒട്ടിയ വയറുമായി അവൾ അയാളെ തന്നെ നോക്കി നിന്നു.ഒറ്റനോട്ടത്തിൽ അറിയാം, അവളും വിശപ്പിന്റെ ശകാരം മാറ്റാൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നവളാണെന്ന്... അനാഥമായ ആ ബാല്യം അയാളെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി അയാളിൽ വെളിച്ചം പരത്തി. അയാൾ പതുക്കെ എണീറ്റു അവളുടെ മുടിയിൽ തലോടി...ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു...അയാൾ എന്തോ മനസ്സിൽ ഉറപ്പിച്ചു... അതേ അയാളുടെ ഒറ്റമുറി വീട്ടിലേക്ക് ആ ഏകാന്തതക്ക് കൂട്ടായി ഒരാൾ...അവളുടെ കൈ പിടിച്ചു അയാൾ നടന്നു, വിശപ്പിന്റെ ശകാരത്തെ തോൽപിക്കാനുറച്ച്.....
