STORYMIRROR

Sreedevi P

Drama

5.0  

Sreedevi P

Drama

വേനൽ കല്യാണം

വേനൽ കല്യാണം

2 mins
334

അച്ചുതൻ നായർ പൊരിയുന്ന വെയിലത്ത് വേഗത്തിൽ നടന്നു. കല്യാണ സദ്യ ഒരുക്കലാണ് അയാളുടെ ജോലി. അയാളുടെ കീഴിൽ നാലാളുകളുമുണ്ട്. അവരോട് കല്യാണ സദ്യക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞതൊക്കെ വാങ്ങിക്കൊണ്ടു വരും. അതൊക്കെ നോക്കണം.


നല്ല കറികളും, അച്ചാറുകളും, പായസങ്ങളും, പാകത്തിനു വെന്ത ചോറും മറ്റു സാധനങ്ങളും തയ്യാറാക്കണം. ഇങ്ങനെ ഓരോന്നു വിചാരിച്ച് അയാൾ കല്യാണ വീട്ടിലെത്തി. നാലു പേരും അച്ചുതൻ നായരെ കാത്തു നില്ക്കുകയാണ്. അവർ പറഞ്ഞു, “അച്ചുവേട്ടാ എല്ലാം നോക്കിക്കോളു." അയാൾ എല്ലാം നോക്കി. 


സമയം അഞ്ചു മണി കഴിഞ്ഞു. വെയിൽ മങ്ങാൻ തുടങ്ങിയിരിക്കുന്നു. 

"ഒരു ചായ കുടിച്ച് നമുക്കു തുടങ്ങാം,” അച്ചുതൻ നായർ അവരോട് പറഞ്ഞു. 

"ശരി," അവർ പറഞ്ഞു. 

"രണ്ടു പേർ അപ്പുറത്തെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കൊണ്ടു വരണം. വേനൽക്കാലമായാൽ ഈ വീട്ടിലെ കിണറ്റിൽ വെള്ളമില്ല,” അയാൾ പറഞ്ഞു. 

അവർ പണി തുടങ്ങി. വീട്ടുകാർ ഇടയ്ക്കിടെ വന്നു നോക്കും. 

വീട്ടുടമസ്ഥൻ അച്ചുതൻ നായരോട് ചോദിച്ചു, "എല്ലാം ശരിയല്ലേ?" 

"ശരിയാണ്, നാളെ രാവിലേക്ക് എല്ലാം റെഡി," അച്ചുതൻ നായർ പറഞ്ഞു. വീട്ടുടമസ്ഥൻ സന്തോഷത്തോടെ വേറെ ഓരോരോ കാര്യങ്ങൾ ശരിയാക്കാൻ പോയി.


 വെപ്പുകാർ അവരുടെ ജോലി തുടർന്നു കൊണ്ടിരുന്നു. പുലർച്ച നാലു മണി കഴിഞ്ഞു. 

“ഇപ്പോൾ എല്ലാം കഴിഞ്ഞുവല്ലോ, നമുക്ക് ഒന്നുറങ്ങിയെണീറ്റ് കുളിച്ചു വൃത്തിയായി വരാം,” അച്ചുതൻ നായർ അവരോട് പറഞ്ഞു.


നാദസ്വര മേളത്തോടെ വരനും കൂട്ടരും എത്തി. വധുവിൻറെ വീട്ടുകാർ അവരെ സ്വീകരിച്ച് കല്യാണ പന്തലിൽ ഇരുത്തി. കല്യാണ ചെക്കനെ ആനയിച്ച് പ്രത്യേകം ഒരുക്കിയിരിക്കുന്ന കല്യാണ പന്തലിലെ സ്റ്റേജിലിരുത്തി. കല്യാണ പ്പെണ്ണിനെ അണിയിച്ചൊരുക്കി ചെക്കൻറെ അടുത്ത് കൊണ്ടു വന്നിരുത്തി.


"കല്യാണം തുടങ്ങാനുള്ള സമയമായി," പൂജാരി പറഞ്ഞു. മണവാളൻ മണവാട്ടിയുടെ കഴുത്തിൽ താലി ചാർത്തി. പെട്ടെന്ന് കറന്റ് പോയി. എല്ലാവരും വിയർത്തു കുളിച്ച് വശമായി. കല്യാണ ചടങ്ങ് കഴിഞ്ഞ് വിവാഹിതരെ ഉണ്ണാനിരുത്തി. കറന്റ് വന്നു. അച്ചുതൻ നായരും കൂട്ടരും വിളമ്പി തുടങ്ങി. വിഭവ സമൃദ്ധമായ സദ്യ എല്ലാവരും സന്തോഷത്തോടെ കഴിച്ചു. 


"ഉണ്ണ് ഉണ്ണ് നന്നായിട്ടുണ്ണ്. ഈ കറികളുടെ രുചിയൊന്നും പിന്നെ കിട്ടില്ല. ഈ സമയവും പിന്നെ എപ്പോൾ കിട്ടും?" എന്നൊക്കെ പറഞ്ഞ് പുതു പ്പെണ്ണിനേയും, പുതു ചെക്കനേയും മുറക്കു കളിയാക്കുന്നുണ്ട്. രണ്ടു പേരും ഊണ് കഴിഞ്ഞ് എഴുന്നേറ്റു.

പെട്ടെന്ന് ചുമച്ചു ചുമച്ച് വധു വീഴാൻ പോയി. വരൻ പെട്ടന്ന് താങ്ങിയതു കൊണ്ട് നിലത്തു വീണില്ല. ആളുകൾ ഓടി വന്ന് പെൺ കുട്ടിയെ ഒരു റൂമിൽ കൊണ്ടു പോയി കിടത്തി. വരൻ ഡോക്ടറെ വിളിച്ചു. പെൺ കുട്ടിയുടെ അച്ഛനും, അമ്മയും ഓടി എത്തി.


ഡോക്ടർ വന്നു. പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞു, "കുട്ടിക്ക് കോവിഡ് ആണ്." അതു കേട്ട് കുട്ടിയുടെ അച്ഛൻ പറഞ്ഞു, "കഴിഞ്ഞ ആഴ്ചയിലല്ലേ കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച് ഡോക്ടർ സർട്ടിഫിക്കറ്റ് തന്നത്; പിന്നെ ഇപ്പോൾ...?" അയാൾ അർദ്ധോക്തിയിൽ വിരമിച്ചു. 

ഡോക്ടർ കുട്ടിക്ക് മരുന്ന് കൊടുത്തു. എന്നിട്ടു പറഞ്ഞു, "അന്നില്ലായിരുന്നു. അതിനുശേഷം എത്ര പേർ ഇവിടെ വന്നു പോയി. അങ്ങനെ വന്നതാവാം." കുട്ടിയുടെ അച്ഛനും, അമ്മയും ആർത്തു കരഞ്ഞു.   


കൂട്ടത്തിൽ നിന്ന് ഒരു വയസ്സായ ആളു വന്ന് അവരോട് പറയാൻ തുടങ്ങി, "വേനൽകാലത്ത് കല്യാണം വളരെ ലളിതമായി കഴിക്കണം. വെള്ളമില്ല. വിയർത്തു കുളിച്ച് ഓരോ രോഗം വരും. ഇന്നലെ വെപ്പുകാർ വെള്ളം കൊണ്ടു വന്ന് ക്ഷീണിച്ച് അവിടെ കിടക്കുകയാണ്. അതുമല്ല, ഈ വേനൽക്കാലം വ്യത്യസ്ഥമായ ഒരു വേനൽകാലമാണ്. ആളുകൾ ഇങ്ങനെ ഒന്നിച്ചു കൂടരുത്. കോവിഡ് പരക്കുന്നത് കാണുന്നില്ലേ? ഒരാളിൽ നിന്ന് വേറൊരാളിലേക്കും, കൊറോണയുള്ള ഒരാൾ ഒരു കൂട്ടത്തിലുണ്ടെങ്കിൽ ആ കൂട്ടത്തിലുള്ള എല്ലാ ആളുകളിലേക്കും കൊറോണ രോഗം കടന്നു വരും. കല്യാണത്തിന് ആൺ കുട്ടിയുടേയും, പെൺ കുട്ടിയുടേയും മാതാപിതാക്കളും, സഹോദരങ്ങളും മാത്രം ചിട്ടയോടെ ചേർന്ന് സന്തോഷത്തോടെ വിവാഹം നടത്താം. എല്ലാ ആഘോഷങ്ങളും വളരെ ലളിതമായി നടത്തണം. അങ്ങനെ നമുക്ക് കോവിഡ് പ്രതിരോധം നടപ്പാക്കാം.” എല്ലാവരും അയാൾ പറഞ്ഞതു ശരിയാണെന്ന മട്ടിൽ തല കുലുക്കി സമ്മതിച്ച്, നന്ദിയോടെ ആ വയസ്സായ മനുഷ്യനെ നോക്കി.


Rate this content
Log in

Similar malayalam story from Drama