N N

Drama Tragedy

3  

N N

Drama Tragedy

വൈഗയുടെ 30 ദിവസങ്ങൾ - "ദയ"

വൈഗയുടെ 30 ദിവസങ്ങൾ - "ദയ"

2 mins
172


ദിവസം 2: ഏപ്രിൽ 11 2020.


വൈഗ ജോലികഴിഞ്ഞ് സ്കൂട്ടർ എടുക്കാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്, പഞ്ചറായിരിക്കുന്നു.


"ശ്ശോ, എന്ത് കഷ്ടമാ! എങ്ങനെ പോകും? ആരെ വിളിക്കും? അച്ഛന്റെ ബൈക്ക് ഉണ്ടായിട്ട് കാര്യമില്ല, ഗൗരിക്ക് ഓടിക്കാൻ അറിയില്ല. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു. "


 വൈഗയുടെ അച്ഛൻ സോമൻ സതേൺ റെയിൽവേ സേലം ഡിവിഷനിൽ ലോക്കോപൈലറ്റ് ആണ്. വർഷത്തിലൊരിക്കൽ ലീവിന് വരുന്നതാണ്. ഈ മാർച്ചിലായിരുന്നു വരേണ്ടിയിരുന്നത്. പെട്ടെന്ന് ലോക്ക് ഡൗൺ വന്നതുമൂലം കോട്ടേഴ്സിൽ തന്നെ നിൽക്കേണ്ടി വന്നു. സമയം 5.45 കഴിഞ്ഞു, വൈഗ അമ്മയെ വിളിച്ചു.


"നിങ്ങൾക്ക് ഈ കോൾ ചെയ്യുവാൻ മതിയായ ബാലൻസില്ല, താങ്കളുടെ എയർടെൽ ഓഫറിന്റെ കാലാവധി അവസാനിച്ചിരിക്കുന്നു. "

വൈഗക്ക് ദേഷ്യം കയറി, ഓഫർ തീർന്ന കാര്യം അവൾ മറന്നു പോയിരുന്നു.

"എന്തുപറ്റി വൈഗ?"

ഷോപ്പ് അടച്ച് ഇറങ്ങി വരികയായിരുന്ന സഹപ്രവർത്തക മിനി വൈഗ പോകാത്തത് കണ്ടു ചോദിച്ചു.


"സ്കൂട്ടർ പഞ്ചറായെടി."

"അയ്യോ, ഇനി എന്ത് ചെയ്യും?"

"ഫോണിൽ ബാലൻസും തീർന്നു, നിന്റെ ഫോൺ ഒന്ന് തരോ?"

"ഓ, ഇതാ."


വൈഗ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു .

"ഹലോ!"

"അമ്മേ... ഞാനാ വൈഗ, എന്റെ സ്കൂട്ടർ പഞ്ചറായി".

"അയ്യോ, ഇനിയിപ്പോ എന്താ ചെയ്യാ, ഇതാരുടെ നമ്പറാടി?"

"മിനിയുടെ നമ്പറാ അമ്മേ, എന്റെ ബാലൻസ് തീർന്നു പോയി."


"നീയൊരു കാര്യം ചെയ്യ് അവിടെത്തന്നെ നിൽക്ക്. ഞാൻ രാഘവൻ ചേട്ടന്റെ ഓട്ടോ വിളിച്ചു വിടാം. "

"ശരി അമ്മേ, എനിക്കിനി വിളിക്കാൻ പറ്റത്തില്ല കേട്ടോ? മിനി പോകുവാ."

"ശരി."

വൈഗ ഫോൺ കട്ട്‌ ചെയ്ത് മിനിക്ക് നൽകി.


"താങ്ക് യു മിനി!"

"നിൽക്കണോടി?"

"വേണ്ട മിനി, നീ പൊയ്ക്കോ. നിനക്ക് നടക്കാനുള്ളതല്ലേ? 6 മണി ആകാറായി, അമ്മ ഇപ്പോ ഓട്ടോ വിടും."

"എങ്കിൽ ശരി വൈഗ, മറ്റന്നാൾ കാണാം."


വൈഗ ഓട്ടോയും കാത്തു നിന്നു. 6.25 കഴിഞ്ഞപ്പോൾ രാഘവൻ ചേട്ടൻ എത്തി.

"കാത്തു മുഷിഞ്ഞോ, മോളെ?"

"ഓ, ഇല്ല ചേട്ടാ."

വൈഗ ഓട്ടോയിൽ കയറി.


"ജോലിയൊക്കെ എങ്ങനെ പോകുന്നു, കുഞ്ഞേ?"

"നന്നായി പോകുന്നു രാഘവേട്ട, ലോക്ക് ഡൌൺ ആണെങ്കിലും എനിക്ക് വിശ്രമമില്ലല്ലോ."

രാഘവൻ ചിരിച്ചു.

"ഓട്ടം വല്ലതുമുണ്ടോ ചേട്ടാ?"

"ഓ വളരെ കുറവാ. വല്ലവരും ഇടയ്ക്ക് വിളിക്കും, പോകും. റേഷനരി ഉള്ളതു കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു."

"ഉം..." വൈഗ മൂളി.


ദേവികുളം ജംഗ്ഷൻ കഴിഞ്ഞപ്പോൾ ഒരു വയസ്സായ സ്ത്രീ കൈ കാണിച്ചു. രാഘവൻ ഓട്ടോ നിർത്തി. നടന്ന് അവശയായ ഒരു സ്ത്രീ, 60 വയസ്സ് പ്രായം വരും.

"ആളുണ്ടല്ലോ ചേച്ചി," രാഘവൻ ക്ഷമാപണം നടത്തി.

"രണ്ടാമത്തെ ജംഗ്ഷനിലാണ് കുഞ്ഞേ എന്റെ വീട്. ഒന്ന് അവിടെ ഇറക്കി വിട്ടേക്കാമോ?"

രാഘവൻ വൈഗയെ നോക്കി. അവർ വല്ലാതെ ചുമക്കുന്നുണ്ട്. വൈഗക്ക് പേടിയായി.

"ചേട്ടാ വണ്ടിയെടുക്ക്."

രാഘവൻ വൈഗയെ വല്ലായ്മയോടെ നോക്കി.


"കുഞ്ഞേ ഇവരെക്കൂടി കയറ്റിയാലോ?"

"ചേട്ടന്റെ ഓട്ടോ വിളിച്ചത് ഞാനല്ലേ? എനിക്ക് സമ്മതമല്ല, വേഗമൊന്ന് വണ്ടി എടുക്കുന്നുണ്ടോ?"

"മോളെ നടക്കാൻ മേലാഞ്ഞിട്ടാ, നെഞ്ചിനു നല്ല വേദനയാ."

അവർ ചുമക്കുകയും വിക്കുകയും ചെയ്തു.

"ചേച്ചി, ഇവിടെത്തന്നെ നിന്നോ. നടക്കണ്ട, പുറകിലോട്ടോ വരുന്നുണ്ട്."

 അവർ ദയനീയമായി അവളെ നോക്കി.


"ചേട്ടൻ വണ്ടിയെടുക്കുന്നുണ്ടോ?"

രാഘവൻ മനസ്സില്ലാമനസ്സോടെ വണ്ടിയെടുത്തു.

"എത്രയായി ചേട്ടാ?"

"130 രൂപ."

"അപ്പൊ ശരി, ചേട്ടാ."

അയാൾ മറുപടി പറയാതെ വണ്ടിയെടുത്തു.

"ഓ അവരെ കയറ്റാത്തതിന്റെ ദേഷ്യമായിരിക്കും, അവർക്ക് കൊറോണ തന്നെയാ, എന്തെങ്കിലുമാകട്ടെ."

അവൾ അകത്തേക്ക് കയറി.


ഞായറാഴ്ച രാവിലെ തന്നെ പത്രം വായന വൈഗക്ക് നിർബന്ധമാണ്. പെട്ടന്നാ വാർത്ത അവളുടെ കണ്ണിലുടക്കി.


" ഹൃദ്രോഗിയായ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു".


പാവം ചേച്ചി, അവൾ ആത്മഗതത്തോടെ വാർത്ത വായിച്ചു. അവളുടെ കൈ വിറച്ചു, തല ചുറ്റുന്നത് പോലെ. ദേവികുളം ജംഗ്ഷനിൽ ഏഴ് മണിക്കായിരുന്നു സംഭവം.


Rate this content
Log in

Similar malayalam story from Drama