വൈഗയുടെ 30 ദിവസങ്ങൾ - അവസരം
വൈഗയുടെ 30 ദിവസങ്ങൾ - അവസരം
ദിനം 17: 28 ഒക്ടോബർ 2020
"നീ ഈ മെഡിക്കൽ ഷോപ്പിൽ തന്നെ നിൽക്കാനാണോ വൈഗ?" ശാരദ ഗൗരവത്തിൽ ചോദിച്ചു.
"അല്ല."
"പിന്നെന്താ നീ ഇപ്പൊ പത്രം ഒന്നും നോക്കാത്തത്?"
ശരിയാണ് മറ്റുദിവസങ്ങളിൽ പത്രം നോക്കിയില്ലെങ്കിലും ബുധനാഴ്ചത്തെ പത്രത്തിലെ ജോലി അവസരങ്ങൾ അരിച്ചു പെറുക്കിയിരുന്ന ആളാണ്.
"ഓ... വന്നു കഴിഞ്ഞാൽ ക്ഷീണമല്ലേ, അമ്മ?"
"നീ ക്ഷീണം പറഞ്ഞ് അവിടെ തന്നെ നിന്നോ. ഹോസ്പിറ്റലിലേക്ക് എന്തോരം ഒഴിവുകളാ, നിനക്ക് വേണ്ടാഞ്ഞിട്ടാണ്."
"ആ... ഞാൻ നോക്കാം."
"നോക്കിയാൽ നിനക്ക് കൊള്ളാം, ഞാനാ അവസരങ്ങൾ പേജ് എടുത്തു മാറ്റി വച്ചിട്ടുണ്ട്. അല്ലെങ്കിൽ ആരെങ്കിലുമെടുത്തു കീറി കൊണ്ടു പോകും."
"എവിടെയാ?"
"നിന്റെ മുറിയിലെ മേശവലിപ്പിൽ ഉണ്ട്."
"ശരി അമ്മേ."
രാത്രി 9 ആയപ്പോഴേക്കും ഭക്ഷണം കഴിഞ്ഞ് വൈഗ മുറിയിലെത്തി, കുറച്ചു നേരം ഫോൺ നോക്കിയിരുന്നു. ഹെഡ് ഫോണിൽ പാട്ട് കേൾക്കുന്നുണ്ട്, എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ടീപോയിൽ അന്നത്തെ പത്രം കണ്ടപ്പോഴാണ് അവൾക്ക് അമ്മ പറഞ്ഞ കാര്യം ഓർമ്മ വന്നത്.
"പോകാൻ ഇപ്പോൾ തന്നെ ലേറ്റ് ആയി, വന്നിട്ട് നോക്കാം".
വൈകുന്നേരം വന്നപ്പോൾ തന്നെ അമ്മ എടുത്തുവെച്ച അവസരങ്ങൾ പേജ് അരിച്ചു പെറുക്കാൻ തുടങ്ങി.
"അമ്മ പറഞ്ഞത് ശരിയാണല്ലോ, എത്ര വേക്കൻസിയാ?"
അവൾക്ക് ഉത്സാഹമായി, പെട്ടെന്നവളുടെ കണ്ണുടക്കി. സർവൈവ് മെഡിസിറ്റിയിലേക്ക് ഫാർമസിസ്റ്റ് ഒഴിവുണ്ട്. താൻ മറന്നു കൊണ്ടിരിക്കുന്ന ശരത്തിന്റെ മുഖം പകയോടെ വീണ്ടും ഓർത്തു. അടുത്ത നിമിഷം അത് വേണ്ടെന്നു വെച്ചു. എല്ലാം അവസാനിപ്പിച്ചിടത്തു ഇനി ഒരു ആരംഭം വേണ്ട, സൗഹൃദം ആയാലും ശരി വൈരാഗ്യം ആണെങ്കിലും ശരി. ലക്ഷ്മി ആശുപത്രിയിലും ധർമ്മഗിരി ആശുപത്രിയിലേക്കും ഒഴിവുകളുണ്ട്. ഹോസ്പിറ്റൽ എക്സ്പീരിയൻസ് ആണ് ചോദിക്കുന്നത്.
"സാരമില്ല മെഡിക്കൽ ഷോപ്പ് അത്ര മോശം ഒന്നുമല്ലല്ലോ. എന്തായാലും സിവി അയക്കാം, വേണമെങ്കിൽ വിളിക്കട്ടെ."
അവൾ രണ്ടിടത്തേക്കും സിവി അയച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ധർമഗിരിയിൽ നിന്നും ഇന്റർവ്യൂ കോൾ വന്നു.
അവൾ വലിയ സന്തോഷത്തിലായി. ശാരദയുടെ അനുഗ്രഹം വാങ്ങി നേരത്തെ ഇറങ്ങി.
"ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്റ്റ് ഇംപ്രഷൻ എന്നാണല്ലോ, കൃത്യനിഷ്ഠക്കിനി കുറവ് വേണ്ട."
ഇന്റർവ്യൂ സെക്ഷനിൽ വന്നതും അവളുടെ സന്തോഷം പകുതിയും മുങ്ങിപ്പോയി. 12, 15 പേരുണ്ട്. അവളുടെ പ്രതീക്ഷ മുഴുവനും പോയി കഴിഞ്ഞു.
"എന്തായാലും വന്നതല്ലേ, ചുമ്മാ അറ്റൻഡ് ചെയ്യാം."
തൊട്ടടുത്ത് ഒരു സാരി ഒക്കെ ഉടുത്ത് ഒരു ചേച്ചി ഇരിപ്പുണ്ട്, നല്ല എക്സ്പീരിയൻസ് കാണുമെന്ന് തോന്നുന്നു. ഒന്നു പരിചയപ്പെട്ടാലോ അവൾ മനസ്സിൽ ഓർത്തു.
"ഹലോ!"
"ഹായ്!"
"പേരെന്താ?"
"വിസ്മയ."
"ഓ നൈസ്. ഞാൻ വൈഗ, ഫർമസിസ്റ് ഒഴിവിലേക്ക് അല്ലേ?"
"അതേ, കുട്ടിയോ?"
"അതെ, മുമ്പ് വർക്ക് ചെയ്തതാണോ?"
"ആ... എംഫർമസി കഴിഞ്ഞപ്പോൾ തന്നെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കിട്ടി, പ്രഗ്നന്റ് സമയത്ത് റിസൈൻ ചെയ്യേണ്ടി വന്നു."
"ഓ..."
"കുട്ടിയോ?"
"ഞാൻ ഒരു മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയ്യുകയാണ്."
"ആ... വീടെവിടെയാ?"
"നെക്സ്റ്റ് വിസ്മയ."
അവരുടെ പേര് വിളിച്ചതും ഒരു വാക്കുപോലും പറയാതെ അകത്തേക്ക് പോയി. വൈഗ പറയാൻ വന്ന ഓൾ ദി ബെസ്റ്റ് മനസ്സിൽ തന്നെ അടക്കി.
അങ്ങനെയൊരു അരമണിക്കൂർ, മുക്കാൽ മണിക്കൂർ കഴിഞ്ഞു. നാല് പേര് ബാക്കി നിൽക്കെ വൈഗയുടെ പേര് വിളിച്ചു.
അവൾ അകത്തേക്ക് പോയി. ചോദ്യവും, സെൽഫ് ഇൻട്രൊഡക്ഷനും,എക്സ്പീരിയൻസ് ലെവലും എല്ലാം കഴിഞ്ഞു.
"നിങ്ങൾ സെലക്റ്റട് ആണെങ്കിൽ 3 വർക്കിംഗ് ഡേയ്സ്നുള്ളിൽ കോൺടാക്ട് ചെയ്യും. ഓക്കേ പൊയ്ക്കോളൂ."
"താങ്ക്യൂ സർ!"
"ഓക്കേ വെൽക്കം!"
വൈഗ ചിരിച്ചുകൊണ്ട് എഴുന്നേറ്റു വാതിൽ കടന്നതും ചിരിമാഞ്ഞു.
"വെറുതെ ഇന്നത്തെ ദിവസം കളഞ്ഞു, ശമ്പളവും പോയി സമയവും പോയി."
അവൾക്ക് ഉറപ്പുണ്ടായിരുന്നു താൻ സെലക്ട് ആവില്ലെന്ന്.
"ഓ വല്ലാത്ത ക്ഷീണം, ഒരു ചായ കുടിക്കാം."
ഗ്രൗണ്ട് ഫ്ലോറിലുള്ള കഫ്റ്റീരിയയിലേക്ക് വൈഗ ചെന്നു.
"ഒരു ചായ."
അവൾ ഓർഡർ കൊടുത്തു.
"നല്ല തലവേദന, ഈ അമ്മയുടെ നിർബന്ധം കാരണം വന്നതാ... എത്ര ഹോസ്പിറ്റലിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തതാ... ഫ്രഷേഴ്സിനെ വേണ്ട പോലും... സ്റ്റിൽ അതെ അവസ്ഥ... ആ പോട്ടെ."
അവൾ ചായ ഊതി ഊതി കുടിച്ചു, നല്ലൊരുന്മേഷം തോന്നി. എന്തോ ഒരു തോന്നലിൽ അവൾ ഇടതുവശത്തേക്ക് തല ചെരിച്ചു. സുമുഖനായ ഒരു ചെറുപ്പക്കാരൻ അവളെ തന്നെ നോക്കി നിൽപ്പുണ്ട്. ചായ കുടിക്കുകയാണ്. ഫോർമൽ ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്. രോഗിയോ, കൂടെയുള്ളവരോ ആണെന്ന് തോന്നുന്നില്ല. വൈഗ നോട്ടം മാറ്റി, വേഗം ചായ കുടിച്ചു തീർത്തു തിരിഞ്ഞപ്പോഴും അയാൾ നോക്കി നിൽപ്പുണ്ട്.
"ഇയാൾ എന്താ ഇങ്ങനെ നോക്കുന്നത്, ഇയാളുടെ എന്തെങ്കിലും കട്ടോണ്ട് പോയോ?"
വൈഗ പുരികം ചുളിച്ചു. മാസ്കിലൂടെ ദേഷ്യം അറിയുവാൻ ആ ഒരു വഴി മാത്രമേ ഉള്ളൂ. എന്നാൽ മാസ്കിനുള്ളിലൂടെ അവന്റെ ചിരി അവൾക്ക് വ്യക്തമായി. അവൾ തല വെട്ടിച്ചു മുന്നോട്ടു നടന്നു.
"എസ്ക്യൂസ് മി...വൈഗ."
അവൾ അന്തംവിട്ടു, തന്നെ അറിയുന്ന ആൾ ആണോ അവൾ ചോദ്യഭാവത്തിൽ നിന്നു.
"എന്നെ മനസ്സിലായില്ലേ? ഞാൻ വരുൺ, കാർഡിയോളജിസ്റ്റ് സർജൻ."
അപ്പോഴാണ് അന്നത്തെ പെണ്ണുകാണൽ അവൾക്കോർമ്മ വന്നത്.
"ഓ...സോറി. അവൾ പെട്ടെന്ന് വിനീതമായി പെരുമാറി.
"എനിക്ക് മാസ്ക് വച്ചതുകൊണ്ട് മനസ്സിലായില്ല."
"അത് സാരമില്ല. എനിക്കൊരു സംശയം ഉണ്ടായിരുന്നു, ഇപ്പോൾ മാറി."
അവൻ ചിരിച്ചു. അവൾ പതറിയ ചിരി ചിരിച്ചെങ്കിലും മാസ്കിലൂടെ അവന് വ്യക്തമായില്ല.
"ഇവിടെ?"
"ഫാർമസിസ്റ്റ് ഒഴിവിന്റെ ഇന്റർവ്യൂന് വന്നതാ"
"Oh, I see. All the best! അത് കിട്ടട്ടെ."
"ഓ... താങ്ക്യൂ, എന്നാൽ ഞാൻ അങ്ങോട്ട്."
"ശരി."
അവൾ ജീവനും കൊണ്ട് വേഗം നടന്നു.
"ഭാഗ്യം ഒന്നും ചോദിച്ചില്ലല്ലോ!"
അവൾക്ക് പാവം തോന്നി. കഷ്ടം, തന്റെ അമ്മയൊക്കെ കാരണം പാവം ഒരു ചെറുപ്പക്കാരൻ. അതും താൻ റെസ്‌പെക്ട് ച്ചെയ്യുന്ന ഒരു കൂട്ടർ,ഡോക്ടർ... ഇൻസൾട്ട് ചെയ്യേണ്ടി വന്നു. അയാളുടെ നല്ല സ്വഭാവം കൊണ്ടൊന്നും പറഞ്ഞില്ല. വരുൺ അവളുടെ പോക്ക് കണ്ടു ചിരിച്ചു.
മൂന്നു ദിവസം കഴിഞ്ഞിട്ടും കോൾ വരാതായപ്പോൾ അവളാ പ്രതീക്ഷ കൈവിട്ടു. അഞ്ചാംദിവസം മെഡിക്കൽ ഷോപ്പിൽ ആയിരുന്നപ്പോൾ വൈഗക്കൊരു കാൾ വന്നു.
"ഹലോ, വൈഗയല്ലേ?"
"അതെ."
"ധർമഗിരി ഹോസ്പിറ്റൽ എച്ച്ആർ സെക്ഷനിൽ നിന്നാണ്."
"ഓ, യെസ് മാഡം."
"നിങ്ങൾ ഫാർമസിസ്റ്റ് ഒഴിവിലേക്ക് സെലക്ടടാണ്. നാളെ ബാക്കി പ്രോസസ്സിന് വേണ്ടി 10 മണിക്ക് എച്ചാറിലേക്ക് വന്നോളൂ."
"ഓക്കേ. താങ്ക് യു, മാം!"
വൈഗ വല്ലാതെ സർപ്രൈസായി. മരുന്ന് കൊടുത്തു കൊണ്ടിരുന്ന മിനി അവളെ ശ്രദ്ധിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോൾ വൈഗ ഒന്നും പറഞ്ഞില്ല. അവൾ ഉള്ളിൽ തുള്ളിച്ചാടി.
