N N

Drama Tragedy

3  

N N

Drama Tragedy

വൈഗയുടെ 30 ദിവസങ്ങൾ - അഭിനയം

വൈഗയുടെ 30 ദിവസങ്ങൾ - അഭിനയം

2 mins
191


ദിനം 9: 22 ജൂലൈ 2020.


"ഞാനിപ്പോ വരാട്ടോ വൈഗ, ഒന്ന് എടിഎം വരെ പോയിട്ട് വരാം."

ഒരു ഫോൺ വന്നതിനു പിന്നാലെ മിനി വൈഗയോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി പോയി.


"മോളെ, മിനി കുഞ്ഞ് എവിടെ?"

 ഒരു മധ്യവയസ്കൻ വൈഗയോട് തിരക്കി.

"ഇപ്പൊ വരും ചേട്ടാ, പുറത്തേക്ക് പോയതാ"

"ആ... ഞാൻ ഇവിടെ നിൽക്കാം..."

"ആ വെയിറ്റ് ചെയ്തോളു, ഇപ്പോ തന്നെ വരും... ആരാണെന്നു പറഞ്ഞില്ല."

"ഞാൻ മിനിയുടെ അമ്മാവനാ, പേര് സുധാകരൻ."

വൈഗ ചിരിച്ചു.


 അരമണിക്കൂറോളം കഴിഞ്ഞിട്ടും മിനി എത്തിയില്ല. കടയിൽ തിരക്കും കൂടി വന്നു. വൈഗക്ക് തല പെരുത്തു.

"ഇവളിതെവിടെ പോയി കിടക്കുവാ?"

കാത്തു മുഷിഞ്ഞത് പോലെ മിനിയുടെ അമ്മാവൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് സഹതാപം തോന്നി. തിരക്ക് കുറഞ്ഞപ്പോൾ ഒരു കസേര എടുത്തു കൊടുത്തു.

"വേണ്ട കുഞ്ഞേ, ഞാൻ ഇവിടെ നിന്നോളാം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ട "

"ഏയ്, അത് സാരമില്ല."

"കുഴപ്പമില്ല മോളെ, അവൾ എവിടേക്കാ പോയതെന്ന് പറഞ്ഞോ? "

"എടിഎം വരെ പോയിട്ട് വരാമെന്നാണ് പറഞ്ഞത്."

"ആണോ? എന്നാൽ ഞാൻ ഒരു ഊണ് കഴിച്ചിട്ട് വരാം. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല."

"ഓ ശരി, ഞാൻ മിനി വരുമ്പോൾ പറഞ്ഞേക്കാം."

"ആയ്ക്കോട്ടെ."


അയാൾ പോയി 5 മിനിറ്റ് കഴിഞ്ഞപ്പോൾ മിനി തിരികെ വന്നു.

"എന്തായി വൈഗ?"

"എന്താകാൻ, നീ ഏത് ജില്ലയിലുള്ള എടിഎംലേക്കാണ് പോയത്?"

 മിനി പൊട്ടിച്ചിരിച്ചു.

"എനിക്കത്ര ചിരി വരുന്നില്ല മിനി. ഇപ്പൊ വരാമെന്നു പറഞ്ഞ് പോയിട്ട് ഒരു മണിക്കൂർ ആകാറായി. എങ്കിൽ മര്യാദയ്ക്ക് പറഞ്ഞിട്ട് പോയ്ക്കൂടെ?"

"നിന്നോട് കാര്യം വിശദീകരിക്കാൻ നിന്നാൽ ഞാൻ പെട്ടേനെ. ഞാനാ ഹോസ്പിറ്റലിന്റെ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ഒരാൾ വന്നില്ലേ? അങ്ങേര് പോകാൻ വേണ്ടി നിന്നതാ. "

"ആര്, നിന്റെ സുധാകരൻ അമ്മാവനോ?"

"ആ അങ്ങേര് തന്നെ. പുള്ളി 5000 രൂപ മേടിക്കാൻ വന്നതാ. അടുത്ത മാസം തരാം എന്നൊക്കെ പറഞ്ഞു.അമ്മയാണെങ്കിൽ ഒരാവേശത്തിന് തരാമെന്നും സമ്മതിച്ചു. ഇതു പോലെ കഴിഞ്ഞ മാസം 2000 രൂപ ചോദിച്ചിട്ട് ഇന്നുവരെ തന്നിട്ടില്ല. അതിന്റെ കൂടെ വീണ്ടും "

"ലോക്ക്ഡൗൺ അല്ലായിരുന്നോ, അതുകൊണ്ടായിരിക്കും."

"എന്ത് ഡൗൺ ആയാലും എനിക്ക് അച്ചടിയന്ത്രം ഒന്നുമില്ല. വെറും കള്ളനാ, പൈസ മേടിക്കാനേ അറിയുള്ളൂ കൊടുക്കാൻ അറിയത്തില്ല. അയാൾ നിന്ന് മടുക്കുമ്പോൾ പൊയ്ക്കോളുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാ ഞാനവിടെ നിന്ന് മടുത്തത്."


വൈഗ ഒന്നും മിണ്ടിയില്ല.

" അല്ല... ആ അമ്മാവൻ ഊണ് കഴിക്കാൻ പോയതാ... ഇപ്പോ വരും."

"അത് ചുമ്മാ പറഞ്ഞതായിരിക്കും. ഇനി വരാൻ വഴിയില്ല. പറ്റിച്ചതാണെന്നു മനസ്സിലാക്കാനുള്ള വിവേകമില്ലേ? എടിഎം ഇവിടെ അടുത്തുണ്ട്, മുക്കാൽ മണിക്കൂർ ആയിട്ടും കണ്ടില്ലെങ്കിൽ ഒഴിഞ്ഞു മാറിയതാണെന്ന് ചിന്തിക്കാൻ ആർക്കും പറ്റും. ഇനിമേലിൽ ചോദിക്കാൻ നിക്കരുത്."


 വൈഗ ഒന്നും മിണ്ടിയില്ല. ഒരു മനുഷ്യനെ പറഞ്ഞു കളിപ്പിക്കുന്നതിൽ അവൾക്ക് വല്ലായ്മ തോന്നി. പ്രതീക്ഷയോടെ പുറത്ത് കാത്തു നിന്ന ആ മനുഷ്യന്റെ മുഖം അവളോർത്തു,എന്തെങ്കിലും ആവശ്യത്തിന് ആയിരുന്നോ അത്രയും തുക ചോദിച്ചത്. കൊടുക്കാമെന്നേറ്റതു കൊണ്ടു മറ്റു വാതിലുകൾ മുട്ടി കാണില്ല.


 കുറച്ചു മിനിറ്റുകൾക്ക് ശേഷം സുധാകരൻ വീണ്ടുമെത്തി. അവിചാരിതമായ ആ വരവ് മിനി ഒട്ടും പ്രതീക്ഷിച്ചതല്ല. എങ്കിലും അവൾ ഭംഗിയായി അഭിനയിച്ചു.


"ആ, അമ്മാവൻ വന്നിട്ടുണ്ടായിരുന്നുവെന്ന് ഇവൾ പറഞ്ഞു."

"ആ മോളെ..." അയാളുടെ മുഖത്ത് സങ്കടം നിഴലിച്ചു.


വിശേഷങ്ങളൊക്കെ പറഞ്ഞിട്ടും മിനി രൂപയുടെ കാര്യം ഒന്നും സംസാരിച്ചില്ല, അയാൾ അവിടെ ചുറ്റിപ്പറ്റി നിന്നു. ചോദിക്കേണ്ടന്ന് കരുതിയെങ്കിലും അത്യാവശ്യമായത് കൊണ്ട് സുധാകരൻ ചോദിച്ചു.


"മോളെ, പൈസ കൊണ്ടു വന്നോ?"

"അമ്മാവാ, ഞാൻ ബാലൻസ് നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്. ആയിരം രൂപ അടുത്തുള്ളൂ. കീർത്തനക്ക് കോളേജ് ഫീസ് അടച്ച കാര്യം മറന്നു പോയി. അമ്മാവനോട് എങ്ങനെ പറയുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. "

" നിനക്കിത് നേരത്തെ നോക്കി പറയാമായിരുന്നില്ലേ?"

മിനി ദുഃഖ ഭാവം നടിച്ചു.

" എന്നോട് ഒന്നും തോന്നല്ലേ, അമ്മാവാ."

"ആ സാരമില്ല... എങ്കിൽ ഞാൻ പോട്ടെ..."


 പ്രതീക്ഷയുടെയും നിസ്സഹായതയുടെയും ഭാവമാറ്റങ്ങൾ എത്രത്തോളമാണെന്ന് വൈഗ അയാളിലൂടെ മനസ്സിലാക്കി.


"ഓഹ്... ആശ്വാസം." മിനി ആശ്വസിച്ചു.

"നിന്റെ അഭിനയം കൊള്ളാം... പക്ഷേ കുറച്ചു കൂടി അന്തസ്സോടെ തുറന്നു പറഞ്ഞ് അഭിനയിക്കാമായിരുന്നു."


വൈഗ പറയാൻ ആഗ്രഹിച്ചെങ്കിലും മനസ്സിലൊതുക്കി. അല്ലെങ്കിലും ജീവിതത്തിൽ പല സന്ദർഭങ്ങളിലും മനുഷ്യർ അഭിനയിക്കുകയാണല്ലോ. വൈഗ അയാളെ തന്നെ നോക്കി നിന്നു. സുധാകരൻ നടന്ന് വൈഗയുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞു.


"എന്നാലും നിനക്ക് തുറന്നു പറയാമായിരുന്നു... ഈ കള്ളനെ പേടിച്ചു ഹോസ്പിറ്റൽ വാതിൽക്കൽ കുത്തി നിന്ന് മുഷിയണ്ടായിരുന്നു..."

 സുധാകരൻ നടക്കുന്നതിനിടെ പിറുപിറുത്തു കൊണ്ടിരുന്നു.


Rate this content
Log in

Similar malayalam story from Drama