Hurry up! before its gone. Grab the BESTSELLERS now.
Hurry up! before its gone. Grab the BESTSELLERS now.

വൈഗ വസുദേവ്

Drama


3  

വൈഗ വസുദേവ്

Drama


വൈഗ - ഭാഗം രണ്ട്

വൈഗ - ഭാഗം രണ്ട്

5 mins 228 5 mins 228

ആ അമ്മ വൈഗയുടെ മുഖത്തേക്ക് നോക്കി. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

"എങ്ങനെ പറയും? വേണ്ട ഒന്നും പറയേണ്ട." 


ആ അമ്മ ഒന്നും പറഞ്ഞില്ല. എന്നാൽ മുഖഭാവത്തിൽ നിന്നും ആ അമ്മ വല്ലാത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് വൈഗയ്ക്ക് മനസിലായി.


"അമ്മേ... എവിടാണ് അമ്മയ്ക്ക് പോകേണ്ടത്? അവിടെ ഞാൻ കൊണ്ടുപോകാം. വീടെവിടാണ്...?"

"വീടില്ല മോളെ... ഉണ്ടായിരുന്ന വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു."

"എന്തിന്...? അമ്മയ്ക്ക് മക്കൾ ഇല്ലേ...?"

"ഉണ്ട് ..."


"എന്തേലും പിണക്കമുണ്ടേൽ അത് പറഞ്ഞു തീർക്കണം, വീട്ടിൽ നിന്നും ഇറങ്ങുകയല്ല വേണ്ടത്."

"ഇഷ്ടമുണ്ടായിട്ടല്ല. പൊക്കോളാൻ പറഞ്ഞാൽ എന്തു ചെയ്യും ...? ഇറങ്ങിയല്ലേ പറ്റൂ...?" ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. പോന്നു. ആർക്കും ഭാരമാവാതെ ഏതെങ്കിലും വൃദ്ധസദനത്തിൽ പോകാമെന്നു കരുതി. ബസ്റ്റാൻഡിൽ ചോദിച്ചപ്പോൾ ഇവിടുന്ന് കുറച്ചകലെ തണൽ എന്ന ഒരു അഗതി മന്ദിരം ഉണ്ടെന്നു പറഞ്ഞു... അങ്ങോട്ടു പോകുന്ന വഴിയ്ക്കാണ് മോളെ കണ്ടത്. നാളെ എന്നെ അവിടെ എത്തിക്കാമോ...?"


കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല. സുഷമ താടിക്ക് കയ്യും കൊടുത്തിരുന്നു.

"അമ്മേ ഒന്നുകൂടി ആലോചിച്ചിട്ട് മതി. അമ്മയ്ക്ക് സമ്മതമാണേൽ ഇവിടെ ഞങ്ങളുടെ കൂടെ നിൽക്കാം."

"വേണ്ട മോളെ... നിൻ്റെ മനസ് വലുതാണ്. നന്മയുള്ള നിനക്ക് ഞാൻ കാരണം ഒരു ദോഷവും വരാൻ പാടില്ല. നാളെ എന്നെ തണലിൽ എത്തിക്കണം, അതേ വേണ്ടൂ..."


"ശരി അമ്മേ... ഞാൻ കൊണ്ടാക്കാം. പക്ഷേ എനിക്ക് അമ്മ ആരെന്നറിയണം. നാടും വീടും എവിടാന്നറിയണം. അമ്മയുടെ മക്കൾ അമ്മയെ കൂട്ടിക്കൊണ്ടു പോയാലും എനിക്ക് വന്നു കാണണം. എവിടായാലും ഞാൻ വരും, ഈ അമ്മയെ അന്വേഷിച്ച്. അമ്മയ്ക്ക്... അമ്മയ്ക്ക് സമ്മതമെങ്കിൽ ഈ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വരും ."


"അന്വേഷിച്ച് വന്നില്ലേലും ഇത്രയും പറഞ്ഞല്ലോ...? അതു തന്നെ ഈ അമ്മയ്ക്ക് ധാരാളം..." ആ അമ്മയുടെ മനസും കണ്ണും നിറഞ്ഞു.

"കരയാതെ അമ്മേ... അമ്മ ഇത്ര പാവമാകല്ലേ... ഞാൻ വരാം അമ്മയ്ക്കൊപ്പം. അമ്മയെ ഇറക്കിവിട്ട ആ വീട്ടിൽ ഞാൻ കൊണ്ടാക്കാം."


"വേണ്ട മോളെ... ഇനി അങ്ങോട്ടില്ല. ആട്ടിയിറക്കിയ പോലെയാ... അതും സ്വന്തം മോൻ. വെറും കയ്യോടെ വിട്ടില്ല. വണ്ടിക്കൂലിക്ക് കാശും തന്നു. അതു തന്നെ ധാരാളം."

"അത്രമാത്രം എന്താണ് സംഭവിച്ചത്...?" വൈഗ ചോദിച്ചു .

ആ അമ്മ പറയുന്നത് കേൾക്കാൻ സുഷമയും അവർക്കടുത്തെത്തി.


"അതൊക്കെ പറഞ്ഞാൽ ഒരുപാട്പറയാൻ ഉണ്ട്... എന്തിനാ മോളെ വെറുതെ ഞാൻ പറയുന്നതൊക്കെ കേട്ട് മനസു വിഷമിപ്പിക്കുന്നത്...?"


"എനിക്കറിയണം...എന്താ അമ്മയുടെ പേര്...? അമ്മയുടെ മനസിലുള്ളതെല്ലാം പറയണം. ആരോടും ഒന്നും പറയാതിരുന്നാലാണ് കുഴപ്പം. അമ്മയുടെ സങ്കടങ്ങൾ പറയാൻ ആരെങ്കിലും വേണ്ടേ... മറ്റൊരാളോടു പറഞ്ഞാൽ കുറെ സങ്കടം കുറയും, " വൈഗ പറഞ്ഞു.


"ഗീതമ്മ എന്നാണ് പേര്. മോളെ ഞാൻ പറയുന്നത് എൻ്റെ അനുഭവവും ജീവിതവുമാണ്. കേൾക്കുന്നവർക്ക് ഒരുകഥയായേ ഉൾക്കൊള്ളാനാവൂ..."

"എനിക്ക് മനസിലാവും ... ഞങ്ങൾക്കും ഉണ്ട് പറഞ്ഞാൽ മനസിലാവുന്ന മനസ്."


"കരിനിലം എന്ന ഗ്രാമ പ്രദേശം. പച്ചപ്പാർന്ന ഭംഗിയാർന്ന സ്ഥലം. കൂടുതലും കൂലിപ്പണിയെടുത്തും കൃഷിചെയ്തും ജീവിക്കുന്നവർ. ചെറിയ കർഷകകുടുംബമായിരുന്നു പുത്തൻവീട്ടുകാർ. അവിടുത്തെ ഭാർഗ്ഗവൻ്റെ ഭാര്യയായി മുപ്പത്തഞ്ച് വർഷം മുന്നെ വന്നു കയറുമ്പോൾ എനിക്കൊപ്പം ഒരുപാട് സ്വപ്നങ്ങളും കൂട്ടുണ്ടായിരുന്നു... ഭർത്താവിൻ്റെ സഹോദരിയുടെ വിവാഹം കിടപ്പാടം പണയപ്പെടുത്തിയാണ് നടത്തിയത്. 


പന്ത്രണ്ടു വർഷത്തെ ദാമ്പത്യം എനിക്കായി തന്നത് രണ്ടു മക്കളേയും ജപ്തിയിലെത്തിയ വീടും പറമ്പുമാണ്. ഭർത്താവു മരിക്കുമ്പോൾ എട്ടും പത്തും വയസ്സേ ഉള്ളൂ ദീപയ്ക്കും രാഹുലിനും. കൂലിപ്പണി ചെയ്ത് അല്ലൽ അറിയിക്കാതെ വളർത്തി. പഠിപ്പിച്ചു. അവനിഷ്ടപ്പെട്ട പെണ്ണിനെയും കെട്ടിച്ചും കൊടുത്തു. മകളെ നേരത്തെ കെട്ടിച്ചു വിട്ടു. നിർഭാഗ്യവതി . മോളുടെ ഭർത്താവിൻ്റെ കാൽ ഒരപകടത്തിൽ മുറിച്ചു മാറ്റേണ്ടി വന്നു. രണ്ടു കുഞ്ഞുമക്കൾ. പാവം തയ്ച്ചു കിട്ടുന്ന വരുമാനത്തിൽ ഭർത്താവിനേയും മക്കളേയും നോക്കി കഴിയുന്നു." ഗീതമ്മ പറഞ്ഞു വന്നത് നിർത്തി.


"അമ്മയുടെ മോൻ ദീപയെ സഹായിക്കില്ലേ...?" വൈഗ ചോദിച്ചു.

"ആദ്യമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ സഹായമൊക്കെ നിർത്തി. അവൻ്റെ ഭാര്യയ്ക്ക് ഇഷ്ടമല്ല."

"ആങ്ങള പെങ്ങളെ സഹായിക്കുന്നതിന് ഭാര്യയുടെ ഇഷ്ടം നോക്കണം...?"

"സമാധാനം ആഗ്രഹിക്കുന്നവർ ഭാര്യയുടെ ഇഷ്ടം നോക്കണം, മോളെ."


"അമ്മ അവിടുന്ന് പോരാനുള്ള കാരണം ഇതാണോ...?"

"അല്ല. ഞാൻ ഇന്നലെ ദീപയുടെ അടുത്തു ചെന്നതാണ്. ഇനി മരിക്കയേ രക്ഷയുള്ളൂ എന്നു പറഞ്ഞ് വിഷമിച്ചിരിക്കുന്ന ദീപയെയാണ് കണ്ടത്. ഭർത്താവിൻ്റെ ചികിത്സക്കായി ആരിൽ നിന്നോ വാങ്ങിയ പണം തിരിച്ചു കൊടുക്കേണ്ട കാലാവധി കഴിഞ്ഞു. പണം തന്നയാൾ വന്ന് ഭീക്ഷണിപ്പെടുത്തി. അമ്മയല്ലേ മോളെ ഞാൻ? മോളുടെ വിഷമം എങ്ങനെ കണ്ടു നിൽക്കും? അവളുടെ കഷ്ടപ്പാട് കണ്ടപ്പോൾ എന്റെ മാല ഊരിക്കൊടുത്തു."


"പണയം വെച്ചോ വിറ്റോ അയാളുടെ പണം കൊടുക്ക്..." ഞാൻ പറഞ്ഞു.

"അയ്യോ അമ്മേ... മായേച്ചി അറിഞ്ഞാൽ..."

"ഒന്നുമുണ്ടാവില്ല... നീ പണം കൊടുക്കാൻ നോക്കൂ..."

"അധികനേരം ഞാനവിടെ നിന്നില്ല വേഗം തന്നെ തിരികെപ്പോന്നു. താൻ അവിടെ നിന്നാൽ ശരിയാവില്ല. മായയ്ക്ക് ഹാലിളകും."


"ദൂരേന്നേ കണ്ടു മായ മുറ്റത്തുണ്ട്. വേഗം നേര്യതിൻ്റെ തുമ്പെടുത്ത് കഴുത്തിൽ ചുറ്റിപുതച്ചു. അവൾ കാണേണ്ട."

"ഇതെന്നാ എന്നെ കണ്ടപ്പോൾ പുതച്ചു വരുന്നത്?"

"ഒന്നുമില്ല മായേ... വെറുതെ പുതച്ചൂന്നേ ഉള്ളൂ..."

 ഭാഗ്യം കൂടുതലൊന്നും ചോദിച്ചില്ല. 


ഭക്ഷണം കഴിക്കൽ ഒന്നിച്ചല്ലാത്തതിനാൽ തൽക്കാലം രക്ഷപെട്ടു. ഇന്നു രാവിലെ അവൾ കണ്ടുപിടിച്ചു. 

"മാല എവിടെ...?" മായ ക്രോസ് വിസ്താരം തുടങ്ങി.

"അത് ഒന്നു പൊട്ടി ...വിളക്കണം."


"ഇങ്ങുതാ ഞാൻ വിളക്കിത്തരാം."

"വേണ്ട ഞാൻ വിളക്കിച്ചോളാം..."

"ഒന്നു കാണിച്ചേ, എങ്ങനാ പൊട്ടിയേന്ന് നോക്കട്ടെ..." മായ കൈനീട്ടി.


"എവിടുന്ന് കാണിക്കാൻ? മാല കയ്യിൽ ഉണ്ടെങ്കിലല്ലേ കൊടുക്കാൻ പറ്റൂ."

അധികനേരം പിടിച്ചു നിൽക്കാൻ ആയില്ല, ഉള്ള സത്യം പറയേണ്ടി വന്നു.


"ഇറങ്ങ് തള്ളേ ഇവിടുന്ന്... ഉള്ളതെല്ലാം മകൾക്കു കൊടുത്തിട്ട് വന്നിരിക്കുന്നു. അവിടെത്തന്നെ നിൽക്കായിരുന്നില്ലേ...? അതെങ്ങനാ നാഴികയ്ക്ക് നാൽപ്പതുവട്ടം തിന്നണെങ്കിൽ ഇവിടല്ലേ പറ്റൂ?"മായ ഉറഞ്ഞുതുള്ളി.

"എൻ്റെ കുഞ്ഞെ ഇങ്ങനൊന്നും പറയാതെ... മക്കളുടെ മുന്നിൽ വച്ച് നീ ഇങ്ങനെ സംസാരിച്ചാൽ നാളെ നിൻ്റെ മക്കളും ഇതാവർത്തിക്കും ..."


"നിങ്ങളെന്നെ ശപിക്ക്യാ...? എനിക്കിതു തന്നെ വേണം. വയസു കാലത്ത് നോക്കുന്നവളെ ശപിക്കണം. നിങ്ങൾക്ക് ഈ വീട്ടിൽ നിന്ന് ഒന്ന് പോയി തന്നുകൂടെ...?"പിന്നെയും എന്തൊക്കയോ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും പോയി.


ബഹളം കേട്ട് രാഹുൽ മുറിയിൽ എത്തിയിരുന്നു.

"എൻ്റെ മോനെ... ഞാൻ എന്തു തെറ്റു ചെയ്തെടാ ...?" ഇതെല്ലാം കേട്ട് മിണ്ടാതെ നിന്ന രാഹുലിനോട് ചോദിച്ചു.

"അമ്മ കുറച്ചുദിവസം ദീപയുടെ അടുത്തു നിൽക്കൂ... ഞാൻ വന്ന് കൂട്ടാം ..."

രാഹുൽ വേഗം അകത്തേയ്ക്ക് നടന്നു.


"പാവം തൻ്റെ അമ്മ. അമ്മയുടെ പക്ഷം പറഞ്ഞാൽ മോനേം കൊന്ന് അവൾ ആത്മഹത്യ ചെയ്യും എന്നാ പറഞ്ഞിരിക്കുന്നത്... തൻ്റെ മോനെ നഷ്ടപ്പെടാതിരിക്കാൻ പലതും കണ്ടില്ലാന്നു നടിക്കുന്നു. തൻ്റെ അവസ്ഥ അമ്മയ്ക്കറിയാം. താൻ നിസ്സഹായനാണ്. എന്തു ചെയ്യാൻ പറ്റും? തൽക്കാലം അമ്മ ദീപയുടെ അടുത്തു നിൽക്കട്ടെ..." രാഹുൽ അങ്ങനെ ആശ്വസിച്ചു.


"അമ്മേ...ഇത് കയ്യിലിരിക്കട്ടെ..." തിരികെ വന്ന് രാഹുൽ കുറച്ചു രൂപ ഗീതമ്മയുടെ കയ്യിൽ വച്ചു കൊടുത്തു. രാഹുലിൻ്റെ കണ്ണു നിറഞ്ഞിരുന്നു. "കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ വരാം കൂട്ടാൻ ..."


രാഹുൽ തൻ്റെ കയ്യിൽ വച്ചു തന്ന നോട്ടിലേയ്ക്കും അവൻ്റെ മുഖത്തേയ്ക്കും ഗീതമ്മ മാറിമാറി നോക്കി. അപ്പോൾ താൻ പോകണമെന്നാണ് രാഹുലിൻ്റെ മനസിലും. ഗീതമ്മയുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ കയ്യിലിരുന്ന നോട്ടിൽ വീണു നനഞ്ഞു.

പറഞ്ഞു പറഞ്ഞ് ഗീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"എന്നാലും ഇങ്ങനൊക്കെ പറയാന്നു വെച്ചാൽ? ആ സാരമില്ല, അമ്മ വിഷമിക്കാതെ." വൈഗ പറഞ്ഞു.

"മോളു പറയ് ഇനിയും ഞാൻ അവിടെ നിൽക്കുന്നതിൽ എന്തർത്ഥമാണുള്ളത്? ഇറങ്ങി. ദാ ഇപ്പോൾ മോളുടെ അടുത്ത്. മോളെന്നെ ആദ്യം കാണുവല്ലേ...? എന്തേ എന്നെ ഉപേക്ഷിച്ച് പോകാതെ കൂടെ കൂട്ടിയത്?"

"എന്താന്നറിയില്ല. എൻ്റെ ആരോ ആണെന്ന പോലെ ... ഒരു പക്ഷെ എൻ്റമ്മയാണെങ്കിൽ എന്നോർത്താവും ..."


 .........   ........     .......    .........


രണ്ടു ദിവസത്തിനു ശേഷം, രാവിലെ പതിനൊന്നു മണി. തണലിനു മുന്നിൽ ഒരു പോലീസ് ജീപ്പും ഒരു കാറും വന്നു നിന്നു. എസ്ഐയും കാറിൽ നിന്നിറങ്ങിയ ചെറുപ്പക്കാരനും ഓഫീസ്റൂമിലെത്തി.


വരവു ചിലവു കണക്കെഴുതുകയായിരുന്നു മാനേജർ ഹബീബ്. എസ് ഐ യെ കണ്ട് എണീറ്റു:

"ഇരിക്കൂ, സാർ... എന്താ സാർ ...കാര്യം?"

"മറ്റൊന്നുമല്ല ഹബീബേ... ഇത് രാഹുൽ. ഇയാളുടെ അമ്മ കഴിഞ്ഞ ദിവസം വീടുവിട്ടു പോയി. എവിടാന്ന് യാതൊരറിവും ഇല്ല. കഴിഞ്ഞ ദിവസം ഇവിടെ ഒരു അമ്മ എത്തിയിട്ടുണ്ടല്ലോ? അതാണോ എന്ന് അറിയാം എന്നു കരുതി. ആ അമ്മയെ വിളിക്കൂ..."എസ് .ഐ ഹബീബിനോട് പറഞ്ഞു.


"റഹീമാ... ആ അമ്മയെ കൂട്ടി വരൂ..."

റഹീമ ഗീതമ്മയെ വിളിക്കാൻ മുറിയിലെത്തി. റഹീമയെ കണ്ട് ഗീതമ്മ പുഞ്ചിരിച്ചു.

"അമ്മ വരൂ, അമ്മയെ കാണാൻ പോലീസിനൊപ്പം ഒരാൾ വന്നിരിക്കുന്നു." റഹീമ പറഞ്ഞു.


തന്നെ അന്വേഷിച്ചു വന്നത് ആരാവും താൻ ഇവിടുണ്ടെന്ന് മക്കൾക്ക് അറിയില്ല. പിന്നാരാവും? പോലീസ് എന്തിനാണ് തന്നെ തിരക്കി വരുന്നത്? ഗീതമ്മ മനസിൽ പറഞ്ഞു. 


അല്പസമയത്തിനകം റഹീമ ഗീതമ്മയെക്കൂട്ടി വന്നു. ഉള്ളിൽ പേടിയുണ്ടെങ്കിലും ഗീതമ്മ ധൈര്യത്തോടെ മുറിയിലേയാക്ക് കടന്നു വന്നു. പോലീസിനൊപ്പം വന്നയാളെ കണ്ട് ഗീതമ്മയുടെ മുഖം ഗൗരവത്തിലായി.

"രാഹുൽ അവൻ എങ്ങനറിഞ്ഞു താൻ ഇവിടുണ്ടെന്ന്. മുഖം കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ട്. തന്നെത്തിരക്കി കുറെ ഓടിക്കാണും ."


"അമ്മയ്ക്ക് ഇതാരാന്ന് അറിയോ...?" എസ്.ഐ ചോദിച്ചു.

"എൻ്റെ മോൻ... രാഹുൽ."

"അമ്മയ്ക്ക് ...എന്താണ് മോനോട് പറയാനുള്ളത്? മോൻ എന്തിനാ വന്നതെന്ന് അമ്മയ്ക്ക് മനസിലായോ...?"


"ഒന്നും പറയാനില്ല, സാറെ..." ഗീതമ്മ പറഞ്ഞു.

"അമ്മേ... വാ നമുക്ക് പോകാം... നമ്മുടെ വീട്ടിലേയ്ക്ക്... ഇനി അമ്മയ്ക്ക് വിഷമമുണ്ടാക്കുന്നതൊന്നും ഉണ്ടാവില്ല."രാഹുൽ ഗീതമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


"വേണ്ട മോനെ നിനക്ക് സമയം ഉണ്ടെങ്കിൽ അമ്മയെ വന്നു കാണാം ... ഞാൻ നിൻ്റെ ഭാര്യയുടെ അമ്മയല്ല. നിന്നെ പെറ്റുവളർത്തിയ നിൻ്റെ അമ്മയാണ്. വയസ്സു കാലത്ത് ആശ്രയമാകേണ്ട മകൻ, ഇറങ്ങിപ്പോകാൻ വണ്ടിക്കൂലിയും തന്ന് വിട്ടിരിക്കുന്നു..."നിറഞ്ഞ കണ്ണുകൾ ആ അമ്മ നേര്യതിൻ്റെ തുമ്പു കൊണ്ട് തുടച്ചു. .


"അമ്മേ എന്നോട് ക്ഷമിക്ക്. അമ്മയോട് ദീപയുടെ അടുത്തു പോകാനല്ലേ ഞാൻ പറഞ്ഞത്? അല്ലാതെ..."

"ഞാൻ വരുന്നില്ല ... ഇനി ഇതാണെൻ്റെ വീട്. എന്നേപ്പോലെ മക്കൾ ഉപേക്ഷിച്ചവർ വേറെയും ഉണ്ട്. മക്കൾ ഇല്ലാത്തവരും ഉണ്ട്. ഇവിടുന്ന് ഒരിടത്തേയ്ക്കുമില്ല. നിനക്ക് പോകാം ..."


ഗീതമ്മ രാഹുലിൻ്റെ കൈ വിടുവിച്ചിട്ട് മാറി നിന്നു. നിർബന്ധിച്ചിട്ട് കാര്യമില്ലെന്ന് മനസിലായ രാഹുൽ ഓഫീസിൽ നിന്നും ഇറങ്ങി കാറിനടുത്തേക്ക് നടന്നു. മാനേജർ ഹബീബ് എസ് ഐ യ്ക്കൊപ്പം ജീപ്പിനടുത്തെത്തി.


വൈഗ തണലിൻ്റെ മുറ്റത്തെത്തിയതും പോലീസ് ജീപ്പും കാറും ഗെയിറ്റ് കടന്ന് ഇറങ്ങി വന്നതും ഒരുമിച്ച്. വൈഗ കാറിലേയ്ക്ക് നോക്കി. ഒരാളെ ഉള്ളൂ. 'ഏതുപാവത്തിനെയാണോ കൊണ്ടാക്കിയത്...?' വൈഗ മനസീൽ പറഞ്ഞു.


വൈഗ കണ്ടു വരാന്തയിൽ തന്നെ നോക്കി നിൽക്കുന്ന ഗീതമ്മയെ. വൈഗ പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു.


"വാ മോളെ, ഞാൻ നിന്നെ നോക്കി നിൽക്കയാരുന്നു."

"ആരാ അമ്മേ പുതിയ അതിഥി...? ഇപ്പോൾ ഒരു കാർ പോകുന്ന കണ്ടല്ലോ...?"


തുടരും...


Rate this content
Log in

More malayalam story from വൈഗ വസുദേവ്

Similar malayalam story from Drama