ഊഴം
ഊഴം
#ഊഴം
തണൽ വൃദ്ധസദനത്തിന്റെ വാതിൽക്കൽ ദിവസവും ഒരു വെളുത്ത ഡിസയർ കാർ വന്നു പോയിരുന്നു.ആ കാറിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി അവിടുത്തെ അന്തേവാസിയായ ഒരു വൃദ്ധയുടെ അരികിൽ പോയി ഇരിക്കും. ആ അമ്മയ്ക്ക് ഏകദേശം അറുപത് വയസോളം വരും. ഇരുപത് മിനിറ്റോളം ഇരുവരും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നത് കാണാം പിന്നെ അവൻ എഴുന്നേറ്റുപോകും. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
പതിവുപോലെ അന്നും ആ ചെറുപ്പക്കാരൻ വന്നു. വന്നപ്പോൾ മുതൽ ഇരുന്ന് അമ്മയുടെ കാലിൽ വീണ്ടും വീണ്ടും പിടിച്ച് ക്ഷമാപണം നടത്തുകയാണ് അയാൾ.
വാച്ച്മാൻ ദൂരെയിരുന്ന് ആ ചെറുപ്പക്കാരന്റെ പ്രവർത്തി നോക്കിക്കൊണ്ടിരുന്നു. വാച്ച് മാന് ആ ചെറുപ്പക്കാരനോട് സഹതാപം തോന്നി.
വാച്ച്മാൻ രാജു തിണ്ണയിൽ ഇരുന്ന് അവരെ ശ്രദ്ധിച്ചിരിക്കുകയായിരുന്ന ഗോപാലേട്ടന്റെ അടുത്തെത്തി.
ഗോപാലേട്ടാ.. കണ്ടില്ലെ ഇന്നും ആ ചെക്കൻ വന്ന് ആ അമ്മയുടെ കാലു പിടിക്കുന്നത്. എത്ര ദിവസം ആയി ഈ പതിവ് തുടങ്ങീട്ട്.
"സാധാരണ അമ്മയാണ് മക്കളോട് ക്ഷമിക്കുന്നത്.ഇവിടെ നേരെ മറിച്ചും. രാജു തന്റെ മനസിൽ തോന്നിയത് പറഞ്ഞു -
രാജൂ നീ കാണുന്നതാവില്ല ശരി.അവർ തമ്മിൽ എന്തെങ്കിലും ക്ഷമിക്കാൻ പറ്റാത്തതോ പരിഹരിക്കാൻ പറ്റാത്തതോ ആയ കാര്യങ്ങൾ കാണും. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടാകുന്നതുകൊണ്ടല്ലെ വൃദ്ധസദനത്തിൽ അന്തേവാസികളുടെ എണ്ണം കൂടുന്നത്.
ഗോപാലേട്ടൻ തത്വജ്ഞാനിയെപ്പോലെ പറഞ്ഞു.
ഉം... ഗോപാലേട്ടൻ പറഞ്ഞത് ഇഷ്ടപ്പെടാതെ മൂളി. തിരികെ ഗേറ്റിങ്കൽ പോയി നിന്നു.
അൽപ്പനിമിഷം കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ തലതാഴ്ത്തി വന്ന് കാറിൽ കയറി പോയതും രാജു ആ അമ്മയുടെ അടുത്തെത്തി.
ശാരദേച്ചിയുടെ സുഖവിവരങ്ങൾ ആരായുന്നതിനിടയിൽ രാജു ചോദിച്ചു -
"ശാരദേച്ചീ, ദിവസവും ചേച്ചീടെ അടുക്കൽ വരുന്ന വരുന്ന പയ്യൻ ചേച്ചീടെ മകനല്ലേ?"
ശാരദ അൽപ്പം മടിച്ചു .പിന്നെ തലയാട്ടി ഒന്നും മിണ്ടാതെ ഇരുന്നു.
ചേച്ചീ.. നിങ്ങളുടെ മകൻ വളരെ നല്ലവനാണ്, അവൻ എത്ര ദിവസമായി ഈ വരവു തുടങ്ങീട്ട്.നിങ്ങളുടെ കാലുപിടിച്ചു യാചിക്കുന്നു,
ചേച്ചിക്കറിയോ സാധാരണ മാതാപിതാക്കളെ ഇവിടെ കൊണ്ടാക്കാൻ മാത്രമാണ് മക്കൾ വരുന്നത് .എന്നാൽ നിങ്ങളുടെ മോൻ അതിനു വിപരീതവും .സ്വന്തം തെറ്റ് മനസിലാക്കി മോൻ തിരികെ വന്നതല്ലെ. അവൻ നിങ്ങളെ ഇവിടെ നിന്ന് തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടാവും അല്ലെ..?
ശാരദ വീണ്ടും അതെ എന്ന് തലയാട്ടി.
അപ്പോഴേയ്ക്കും ഗോപാലേട്ടനൊപ്പം
അവിടുള്ള മറ്റു ചില പ്രായമായ പുരുഷന്മാരും സ്ത്രീകളും വന്ന് ഇരുവർക്കും ചുറ്റും നിന്നു.
"ഭൂമിയെപ്പോലെ ഒരു സ്ത്രീക്ക് ക്ഷമയുണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ നിങ്ങളെ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല."
ഗോപാലേട്ടൻ സ്വയം അനുഭവപരിചയം തെളിയിച്ച് പറഞ്ഞു-
ശാരദ എല്ലാവരുടെയും വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നെങ്കിലും ആരോടും മറുപടി പറഞ്ഞില്ല.മുഖത്ത് സമ്മിശ്ര ഭാവം നിഴലിച്ചു.
"ഇപ്പോൾ ലോകം മാറിയിരിക്കുന്നു ഗോപാലേട്ടാ, സഹിഷ്ണുത ഒന്നും ആർക്കുമിപ്പോൾ ഇല്ലാതായിരിക്കുന്നു, ഇപ്പോൾ സ്ത്രീ-പുരുഷ വ്യത്യാസമില്ല. എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ചിലർ മാതാപിതാക്കളിൽ നിന്നും ചിലർ മക്കളിൽ നിന്നും!"
അദ്ധ്യാപികയായിരുന്ന രാധ പറഞ്ഞു.
അവസാന വാചകം കേട്ട് ശാരദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്നിട്ടും അവർ ഒന്നും പറഞ്ഞില്ല.
******* ******* ******* ****
പിറ്റേന്ന് വീണ്ടും കാർ വൃദ്ധസദനത്തിന്റെ വാതിൽക്കൽ വന്നു നിർത്തി. ആ ചെറുപ്പക്കാരൻ മാത്രമിയിരുന്നില്ല കാറിൽനിന്നും ഇറങ്ങിയത്. ഒരു ചെറിയ കുട്ടിയെ എടുത്തുകൊണ്ട് സുന്ദരിയായ ഒരു ചെറുപ്പക്കാരിയും ഇറങ്ങി.
അവർ രണ്ടുപേരും ഒരുമിച്ച് ശാരദയുടെ മുന്നിലെത്തി. പതിവുപോലെ മകൻ ശാരദയുടെ മുന്നിൽ നിന്നു എന്തൊക്കെയോ പറയാൻ തുടങ്ങി. അപ്പോൾ ആ ചെറുപ്പക്കാരി തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ശാരദയുടെ മടിയിൽകിടത്തി.
ശാരദ ആ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.
അവർ രണ്ടുപേരും ശാരദയുടെ കാലിൽ പിടിച്ച് അപേക്ഷിച്ചു - "അമ്മേ, ഞങ്ങൾ രണ്ടുപേരോടും അമ്മ ക്ഷമിച്ച് നമ്മുടെ വീട്ടിലേക്ക് വരൂ, ഞാൻ അമ്മയുടെ ഈ കൊച്ചുമകനെ തൊട്ടു സത്യം ചെയ്യുന്നു. ഇനിമേലിൽ ഞങ്ങളിൽ നിന്നും ഒരു തെറ്റും ഉണ്ടാവില്ല.
അവിടെ നടന്നതെല്ലാം ശ്രദ്ധിച്ചു നിന്ന രാജു അവർക്കടുത്തെത്തി. എന്നിട്ട് ആ ചെറുപ്പക്കാരനോട് പറഞ്ഞു
നിങ്ങളുടെ അമ്മയ്ക്ക് പോരാൻ മനസ്സില്ലെങ്കിൽ, എന്തിനാണ് ബലമായി കൂട്ടിക്കൊണ്ടുപോകുന്നത്. ദൈവം നിങ്ങളെപ്പോലെയുള്ള കുട്ടികളെ എല്ലാവർക്കും നൽകട്ടെ.
ഈ സമയം ശാരദയുടെ ക്ഷമ നശിച്ചു, അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. കണ്ണുനീർ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു -
" എന്റെ ഭർത്താവ് ഈ ലോകത്തോട് വിടപറഞ്ഞയുടനെ, നല്ലവരെന്ന് നിങ്ങൾ പറഞ്ഞ എന്റെ ഈ മകൻ എന്റെ സമ്പാദ്യമെല്ലാം ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് എന്നിൽനിന്നും വാങ്ങച്ചെടുത്തു. ഞാനും എന്റെ ഭർത്താവും കഷ്ടപ്പെട്ടു പണിത വീടും എനിക്ക് നഷ്ടപ്പെട്ടു. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം വിശന്ന്കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. രാവും പകലും ഓരോന്നും പറഞ്ഞ് ഇക്കൂട്ടർ എന്നെ ചോരക്കണ്ണീരൊഴുക്കിച്ചു. അവസാനം എന്നോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു, നിങ്ങൾ എല്ലാവരും പറയൂ ഞാൻ അവിടേക്ക് പോകണോയെന്ന്.. ഇന്നും ഇവർ മാപ്പ് പറയാൻ അല്ല വന്നത്. സത്യത്തിൽ അവർക്ക് ഒരു വേലക്കാരിയെ വേണം. കുട്ടിയെ പരിപാലിക്കാൻ, ഒരു ആയയെ വേണം അതുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ ഇവർ ഈ നാടകം കാണിക്കുന്നത്. ഇനിയൊരു യാത്രയില്ല. ഞാൻ നിങ്ങളെ വളർത്തി.അതെന്റെ കടമ .ഇനി നിങ്ങളുടെ ഊഴം
കുഞ്ഞിനെ തിരികെ കൊടുത്തുകൊണ്ട് പറഞ്ഞു. എന്നിട്ട് തിരിഞ്ഞുനോക്കാതെ നടന്നു തന്റെ മുറി ലക്ഷ്യമാക്കി.
